തര്‍ജ്ജനി

Srilankan Pol Sambol

പൊള്‍ എന്നു പറഞ്ഞാല്‍ സിംഹള ഭാഷയില്‍ തേങ്ങയെന്നര്‍ത്ഥം. ശ്രീലങ്കയിലെ ചമ്മന്തി/ചട്നി പോലെത്തെ ഏറ്റവും പ്രിയങ്കരമായ വിഭവം. സാധാരണ ഗതിയില്‍ ഇതുണ്ടാക്കുന്നത് ശ്രീലങ്കയില്‍ സുലഭമായി ലഭിക്കുന്ന മാലദ്വീപ് ഫിഷ് (മാലദ്വീപില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉണക്ക ചൂര കൊണ്ടാണ്. അത് കിട്ടാനില്ലെങ്കില്‍ ഉണക്ക ചെമ്മീന്‍ കൊണ്ടും ഈ വിഭവം ഉണ്ടാക്കാം. ചോറിന്റെകൂടെ കഴിക്കാന്‍ അത്യുത്തമം.

ചേരുവകള്‍

| തേങ്ങ | ഒരെണ്ണം |
| സാവാള | ഒരെണ്ണം (ചെറുതായി കൊത്തി അരിഞ്ഞത്) |
| ചുവന്ന ഉണക്ക മുളക് ചതച്ച് പൊടിച്ചത് | 1 ടേബിള്‍സ്പൂണ്‍‌ |
| നാരങ്ങ | ഒന്ന് |
| ഉപ്പ് | ആവശ്യത്തിന് |
| കുരുമുളക് പൊടി | 1/2 ടീസ്പൂണ്‍‌ |
| മാലദ്വീപ് ഫിഷ് (അല്ലെങ്കില്‍ ഉണക്ക കൊഞ്ച്) | 200 ഗ്രാം |
| വെളുത്തുള്ളി | ഒരു അല്ലി (കൊത്തി അരിയുക) |

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുകിയത് ഒരു പാത്രത്തിലേക്കിടുക. അതിലേക്ക് കൊത്തി അരിഞ്ഞ ഉള്ളി, മുളക് പൊടി,വെളുത്തുള്ളി, കുരുമുളക് പൊടി, മാലദ്വീപ് ഫിഷ് (അല്ലെങ്കില്‍ ഉണക്ക കൊഞ്ച്), ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി ഇളക്കുക. അത് കല്ലില്‍ വച്ച് അരച്ചെടുക്കുക. (മിക്സിയിലിട്ട് അരച്ച തേങ്ങാ സമ്മന്തിയുടെ പരുവത്തിന് അടിച്ചെടുത്താലും മതി). എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് മുളക് പൊടി കൂടുതല്‍ ഇടാം.

ഇതിനൊരു വേരിയേഷന്‍ : വെളുത്തുള്ളി, മാലദ്വീപ് ഫിഷ് (അല്ലെങ്കില്‍ ഉണക്ക കൊഞ്ച്), കുരുമുളക് എന്നീ ചേരുവകള്‍ ഇല്ലാതെയും ഇത് ഉണ്ടാക്കാം.

Kanchana Nimal Premasiri