തര്‍ജ്ജനി

Custard Pudding

ചേരുവകള്‍

പഞ്ചസാര 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
തിളച്ച വെള്ളം കാല്‍ കപ്പ്
വെണ്ണ കാല്‍ ടീസ്പൂണ്‍
കോഴിമുട്ട മൂന്ന്
പാല്‍ 2 കപ്പ്
പഞ്ചസാര 5 ഡെസ്സേര്‍ട്ട് സ്പൂണ്‍
ജാതിക്ക പാലില്‍ അരച്ചത് കാല്‍ ടീസ്പൂണ്‍
വാനില എസ്സന്‍സ് 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

ചീനച്ചട്ടി നല്ലതുപോലെ ചൂടാകുമ്പോള്‍ പഞ്ചസാരയിട്ട് തുടരെ ഇളക്കി കരിഞ്ഞുപോകാ‍തെ പാകത്തിന് കറുപ്പുനിറം വരുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് ഇളക്കി കുറുക്കിയ പാനിയാക്കുക. ഒരു പാ‍ത്രത്തില്‍ കാല്‍ ടീസ്പൂണ്‍ വെണ്ണ പുരട്ടി പഞ്ചാരപ്പാനി അതില്‍ ഒഴിക്കുക. (പഞ്ചസാര പാനിയാകുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ നിശ്ശേഷം കളയാന്‍ മുട്ടയുടെ വെള്ള പതച്ചതോ കുറച്ച് പാ‍ലോ ചേര്‍ത്താല്‍ മതി. പാനി കനം കുറഞ്ഞ തുണിയില്‍ അരിച്ചെടുക്കണം)

മുട്ട പതച്ച് അതില്‍ 2 കപ്പ് പാല്‍, 5 ഡെസ്സേര്‍ട്ട് സ്പൂണ്‍ പഞ്ചസാര, ജാതിക്ക പാലില്‍ അരച്ചത്, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കി കസ്റ്റര്‍ഡ് തയാറാക്കി പാനിയുടെ മീതേ സാവധാനം ഒഴിക്കുക. പാനി കസ്റ്റര്‍ഡില്‍ കലരാതെ സൂക്ഷിക്കണം. കരണ്ടി കൊണ്ട് കൂട്ട് ഇളക്കരുത്. ഒരു വലിയ അലുമിനിയം പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ പുഡ്ഡിംഗ് പാത്രം തട്ടം കൊണ്ട് മൂടി ആ തിളച്ച വെള്ളത്തില്‍ ഇറക്കി മീതെ ഭാരം വയ്ക്കണം. വെള്ളം വച്ചിരിക്കുന്ന വലിയ പാത്രവും തട്ടം കൊണ്ട് മൂടി അതിന്റെ മീതെയും ഭാരം വച്ച് ഇടത്തരം തീയില്‍ അര മണിക്കൂര്‍ വേവിക്കുക. തീ കൂടിപ്പോയാല്‍ പുഡ്ഡിംഗ് പിരിഞ്ഞു പോകും.

പുഡ്ഡിംഗ് പാത്രത്തിന്റെ മീതെ വച്ചിരിക്കുന്ന തട്ടം മാറ്റുമ്പോള്‍ അതിലുള്ള വെള്ളം പുഡ്ഡിംഗില്‍ വീഴാ‍തിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.പുഡ്ഡിംഗിനുള്ള കസ്റ്റാര്‍ഡ് പിരിഞ്ഞുപോകുമെന്ന് തോന്നിയാ‍ല്‍ കസ്റ്റാര്‍ഡിന്റെ ചേരുവകള്‍ ഒഴിച്ച പാത്രം തിളച്ച വെള്ളത്തില്‍ ഇറക്കി വച്ച് തുടരെ ഇളക്കി കുറുക്കണം. തുടരെ പതച്ച് കുറുക്കിയാല്‍ നല്ല മയം കിട്ടും.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ