തര്‍ജ്ജനി

ശ്രീകല. കെ. വി

ശിവം,
കന്നിമേല്‍.A.
കിളികൊല്ലൂര്‍
കൊല്ലം.
പിന്‍: 691 004
ബ്ലോഗ്: http://www.marampeyyunnu.blogspot.com

Visit Home Page ...

കവിത

ചിലനേരങ്ങളുടെ ചാഞ്ഞവാക്കുകള്‍

ഇപ്പോള്‍ നിങ്ങള്‍ ആകാശത്ത്
എനിക്കും പൂര്‍ണ്ണചന്ദ്രനുമിടയില്‍
നില്ക്കുന്ന
ഒരു മാങ്കൊമ്പിന്റെ ചന്തമുള്ള നിഴലാണ്.

പ്രണയം

എന്റെ കൈക്കുമ്പിളില്‍
കോരിയ തെളിനീരില്‍
വീണ പൂര്‍ണ്ണചന്ദ്രനെ
എങ്ങിനെ സൂക്ഷിക്കും
എന്ന സമസ്യയാണ്
എന്റെ പ്രണയം.

മരം

മരമായ് നിന്നുറച്ചുപോയതൊക്കെ
‘ചലിച്ചിട്ട് ഇനിയെന്ത്
എന്ന‘തോന്നലുകളാവാം.

ചിത്രം..

മണ്ണില്‍ നിന്നും
നാമ്പു നീട്ടി
വന്നതൊരു ഒറ്റപൂവ് മാത്രം
ഇലകളില്ലാതെ ശാഖകളില്ലാതെ
ഒറ്റപച്ചത്തണ്ടില്‍
പൊന്തിയ ഒരു പൂവു മാത്രം .
ദൈവം ശൈശവത്തില്‍
വരച്ച ചെടിയാകാം അത്.

ചുമ

എന്റെ ഉള്ളിലിരുന്ന്
അച്ഛനൊന്നു ചുമച്ചിപ്പോള്‍
വെള്ളം വേണോ..?
ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു.
അച്ഛനെന്നേ മരിച്ചു പോയിരുന്നു.

അതേ ..
പക്ഷേ ഞാനിപ്പോള്‍ ചുമച്ചതു
എന്റെ അച്ഛന്റെ ചുമയാണ്.

പ്രകൃതം

ഒരു പരുത്തി പൂ ആകാശത്തില്‍
വിടര്‍ന്നുനിന്നിട്ട്
പതിയെ പതിയെ പറക്കുന്നതിന്റെ
സുഖം നീ തടയരുതേ..
അതങ്ങനെയാണ്...
അതിനെ പഠിപ്പിക്കേണ്ടതില്ല
പറന്നു പോകട്ടേ
തറയില്‍ വിത്തുപേക്ഷിച്ചു
ചളി മണിലലിയട്ടെ
അതെ .,അപ്പോഴാണ്
പ്രകൃതി തന്റെ സൂര്യകിരണം
ഒന്നടര്‍ത്തിയെടുത്തു രാത്രികളില്‍
നിലാവില്‍ എഴുതുന്നത് :
ഒരിക്കല്‍ ഒരു പരുത്തിപ്പൂവ്
വെണ്മയായി ആകാശത്തില്‍
പറന്നു പറന്ന്.....എന്നിങ്ങനെ..

കല്‍വിളക്ക്

ഓരോന്നായി കൊളുത്തിക്കഴിഞ്ഞു
എല്ലാ ദീപങ്ങളും,
ഓരോന്നായി ജ്വലിക്കുന്നു
എല്ലാ ദീപങ്ങളും,
കൊളുത്തപ്പെട്ടുകഴിഞ്ഞാല്‍
പിന്നെ നിന്നു ജ്വലിക്കുക
ശാന്തമായി..
കാറ്റില്ല മഴയില്ല
ആരോ എണ്ണയൊഴിക്കുന്നുണ്ട്
സര്‍വാഗ്രങ്ങളും വെളിച്ചമായി
ജ്വലനം മൌനമാണ്.
നിശ്ചലമാണ്.
ആകാശത്തില്‍ നിന്നും
നിശബ്ദത ഉള്ളിലേക്കു വീണുകൊണ്ടിരിക്കും
എല്ല തിരികളിലും ബോധം കൊളുത്തപ്പെടും
നീണ്ട് നിന്ന എതോ സംവേദനം
ഉയര്‍ന്നു പോയി ആകാശം തൊട്ടനങ്ങാതെ നില്‍ക്കും

കടമ

മടുക്കാതെ ചുറ്റുന്നു
ഭൂമി ഇന്നും
അണുവിട തെറ്റിയാലെത്ര ജീവനെന്ന് ;

ഭൂമിയോളം വരില്ലേതു ബന്ധനവും
കൃത്യമാം പ്രണയപ്രദക്ഷിണത്തില്‍
വീണുപോകുന്നില്ല
സൂര്യനിലേയ്ക്ക്.

ധര്‍മ്മമാണാ യാത്ര !
സത്യമാണീ പകല്‍ന്തികള്‍
കടമയാണീ ലോക നടനം
സ്നേഹബന്ധമീ ആകര്‍ഷണവലയങ്ങള്‍
വേദവക്യങ്ങളീ അളന്നുവച്ചോരകലങ്ങള്‍
അതിന്‍പുറത്ത്..,
അവിടിരുന്നാണീ അതിവേഗമറിയാതെ
നീയും ഞാനും
ഈ ശ്വാസകോശത്തെ ചുറ്റിപിടിച്ച
മാംസമായ് ചലിക്കുന്നത്.

Subscribe Tharjani |
Submitted by grkaviyoor (not verified) on Wed, 2011-03-09 09:10.

വളരെ നേര്‍ത്ത രേഖ പോലെ വന്നു ഉള്ളിന്റെ ഉള്ളില്‍ വലിയ ചിത്രം കോറി ഇടുന്ന ചെറുകവിതകള്‍ മനോഹരമായിരിക്കുന്നു. ഇനിയും എഴുത്ത് തുടരട്ടെ.
ആശംസകള്‍
സസ്നേഹം
ജീ ആര്‍ കവിയൂര്‍
grkaviyoor2gmail.com