തര്‍ജ്ജനി

മുഖമൊഴി

ദൈവം, വിശ്വാസികള്‍, പിന്നെ സര്‍ക്കാരും

ശബരിമലതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ദുരന്തം ഈ കുറിപ്പെഴുതുന്ന സമയമാവുമ്പോഴേക്കും പലതരം മാദ്ധ്യമസ്കൂപ്പുകളിലും മുങ്ങി മാഞ്ഞുപോയിരിക്കുന്നു. എന്നാലും ആ ദുരന്തം ഇനിയും പലപ്പോഴും നമ്മുടെ ഓര്‍മ്മകളില്‍ തെളിയാതിരിക്കില്ല. ദുരന്തവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കോടതിവ്യവഹാരങ്ങള്‍ ഇനിയും തീര്‍പ്പാക്കപ്പെട്ടിട്ടില്ല. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പലതും അമ്പരപ്പുളവാക്കുന്ന പലതരം ഉത്തരങ്ങള്‍ കാരണം ശ്രദ്ധേയമായി. മകരജ്യോതി മനുഷ്യസൃഷ്ടമാണോ എന്ന ചോദ്യം അക്കൂട്ടത്തില്‍ പ്രധാനമാണ്. മനുഷ്യസൃഷ്ടമാണ് എന്ന് ഉത്തരം നല്കിയത് തന്ത്രിപരമ്പരയില്‍ നിന്നുമാണ്. ആകാശത്തില്‍ തെളിയുന്ന ഒരു നക്ഷത്രവും ആദിവാസികള്‍ പണ്ട് കത്തിച്ച വിളക്കും അങ്ങനെ പലതും വാര്‍ത്തകളില്‍ തെളിഞ്ഞു വന്നു. ശബരിമലയുമായി ബന്ധപ്പെട്ട പൌരാണികമായ ആചാരങ്ങളിലോ വിശ്വാസങ്ങളിലോ ഇടമില്ലാത്ത മകരജ്യോതി എന്ന കാപട്യം ഭക്തരെ കബളിപ്പിക്കുവാനായി ഇക്കാലമത്രയും ഉപയോഗിച്ചുവെന്ന നാണംകെട്ട സത്യം ഇപ്പോള്‍ വെളിവായിരിക്കുന്നു.

എഴുപതുകളിലാണ് മകരജ്യോതി എന്ന അത്ഭുതത്തെപ്പറ്റി പ്രചരണം ആരംഭിച്ചത്. അക്കാലത്ത് ഇത്രയധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ പോയിരുന്നില്ല. യാത്രാസൌകര്യം പരിമിതം. കാനനപാത ക്ലേശകരം, അങ്ങനെ കാരണങ്ങള്‍ പലതായിരുന്നു. തങ്കയങ്കി ഘോഷയാത്രസമയത്ത് പറക്കുന്ന കൃഷ്ണപ്പരുന്ത്, ആകാശത്തില്‍ തെളിയുന്ന നക്ഷത്രം എന്നിങ്ങനെ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പലതരം കാര്യങ്ങള്‍ പറയുന്നതിന്റെ കൂട്ടത്തിലാണ് മകരജ്യോതി എന്ന വിസ്മയം കടന്നുവന്നത്. ശബരിമലതീര്‍ത്ഥാടനത്തിന്റെ റണ്ണിംഗ് കമന്ററി നല്കിയിരുന്ന ആകാശവാണി, ഈ അത്ഭുതത്തെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ വഹിച്ച പങ്ക് മറക്കാവുന്നതല്ല. എന്നാല്‍ അക്കാലത്ത് യുക്തിവാദികള്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അവര്‍ എഴുപതുകളുടെ അവസാനത്തില്‍ സാഹസികമായ യാത്രനടത്തി മകരജ്യോതി തട്ടിപ്പാണെന്ന് കണ്ടെത്തി. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി, കെ.എസ്.ഇ.ബിയിലെ ഒരു ജീവനക്കാരന്‍ കത്തിക്കുന്നതാണെന്ന് അവര്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ട് മലയാളികളെ അറിയിച്ചു. വിശാസങ്ങളെല്ലാം നിരുപാധികമാണെന്നതിനാല്‍ ശബരിമലവിശ്വാസികള്‍ അത് വിശ്വസിച്ചില്ല. ഭക്തിക്കെതിരെ യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പലതരം വാദങ്ങളിലൊന്നായി അവര്‍ അതിനെ അവഗണിച്ചു. അപ്പോഴും എല്ലാ വര്‍ഷവും കെ.എസ്.ഇ.ബിയിലെ ജീവനക്കാരന്‍ അത് കത്തിക്കുകയും ആകാശവാണി അത് കണ്ട് ഭക്തിപാരവശ്യത്തില്‍ ശരണമയ്യപ്പാ എന്ന് വിളിക്കുകയും ചെയ്തുപോരികയായിരുന്നു.

മതേതരജനാധിപത്യ റിപ്പബ്ലിക്കായ ഭാരതത്തിലെ കാര്യം തന്നെയാണ് പറയുന്നത്. ഇവിടെ മതകാര്യങ്ങള്‍ക്കായി സര്‍ക്കാരിന്റേതായി ചില ബോര്‍ഡുകളുണ്ട്, ഇസ്ലാം മതത്തിന് വഖഫ് ബോര്‍ഡ്, ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് എന്നിങ്ങനെ. ശബരിമലയിലെ അമ്പലം ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിക്കുള്ളില്‍ വരുന്നതാണ്. സന്നിധാനത്തിലെ കഴുതകള്‍ എന്ന സരസകാവ്യത്തിന്റെ കര്‍ത്താവായ സുധാകരമന്ത്രി ശബരിമലയില്‍ പോയത് ദേവസ്വം മന്ത്രി എന്ന നിലയില്‍ തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നല്ലോ. സന്നിധാനത്തിലെ കഴുതകളെക്കണ്ട് കാവ്യപ്രചോദനമുണ്ടായ ആ മന്ത്രിവര്യന് മകരജ്യോതി ഒരു പ്രചോദനവുമുണ്ടാക്കിയില്ല. കടുത്ത സെക്കുലര്‍ വിശ്വാസിയായ അദ്ദേഹം യുക്തിവാദികളെ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല എന്നത് മനസ്സിലാക്കാം. പക്ഷെ, യുക്തിവാദികള്‍ പറയുന്നതില്‍ വാസ്തവം വല്ലതുമുണ്ടോ എന്ന് പരിശോധിക്കാതിരുന്നതെന്ത് എന്ന് മനസ്സിലാക്കാന്‍ വിഷമമാണ്.

എണ്‍പതുകളാവുന്നതോടെ കേരളത്തിന് പുറത്തുനിന്നും അയ്യപ്പഭക്തന്മാരുടെ വമ്പിച്ച പ്രവാഹം ആരംഭിച്ചു. തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്നറിയാത്ത ആ പരദേശിഭക്തന്മാരെ ആകാവുന്ന വിധത്തിലെല്ലാം ചൂഷണം ചെയ്ത് ഭക്തിടൂറിസം വളര്‍ത്തുന്ന പ്രക്രിയയിലായിരുന്നു ദേവസ്വം ബോര്‍ഡ്. ഒന്നുകൂടെ വിശദമായിപ്പറഞ്ഞാല്‍ ജനകീയജനാധിപത്യമതേതര സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡ് ഭക്തരെ കബളിപ്പിക്കുന്ന പരിപാടി അനവരതം തുടരുകയും കബളിപ്പിച്ച് പണം നേടുകയുമായിരുന്നു. മതമോ, ദൈവമോ, വിശ്വാസമോ അല്ല, പണമാണ് അവിടെ മുഖ്യപരിഗണനയായിരുന്നത്. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് പറഞ്ഞാല്‍ പോലും ഭക്തിപാരവശ്യത്തില്‍ നിരുപാധികം അതിനെ സ്വീകരിക്കുമായിരുന്ന ഭക്തരെ നുണപ്രചരണത്തിലൂടെ വഞ്ചിക്കുന്നത് മതവിശ്വാസത്തിന്റെ സംജ്ഞാവലി അവലംബിച്ച് പറഞ്ഞാല്‍ കൊടിയപാപം തന്നെയാണ്.

വിശ്വാസത്തിന്റ കാര്യത്തില്‍ മതേതരജനാധിപത്യസര്‍ക്കാരുകളും രാജഭരണവും കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നുവെന്ന ആലോചന ഇവിടെ പ്രസക്തമാണ്. അവര്‍ണ്ണരായ ഭക്തര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിധമായിരുന്ന കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിനു് മുറവിളിയുയര്‍ന്നപ്പോള്‍ അതിനോട്, സമരങ്ങള്‍ കാരണമാണെങ്കിലും, അനുകൂലമനോഭാവം രാജഭരണം കൈക്കൊണ്ടു. കേരളത്തിലെ മഹാക്ഷേത്രങ്ങളെല്ലാം എല്ലാ വിഭാഗം ഹൈന്ദവഭക്തര്‍ക്കും ആരാധനയ്ക്ക് തുറന്നുകൊടുത്ത വിപ്ലവാത്മകമായ തീരുമാനം രാജാക്കന്മാര്‍ സ്വീകരിച്ചു. എന്നാല്‍, ജനാധിപത്യ കേരളത്തിലെ ഭരണാധികാരികള്‍ ഇപ്പോഴും മനുഷ്യസൃഷ്ടമായ മകരജ്യോതിയെക്കുറിച്ചുള്ള സത്യം പറയാതെ ഭക്തരെ കബളിപ്പിക്കുന്നു. ഇക്കാലത്താണ് ക്ഷേത്രപ്രവേശനത്തിനായി സമരം നടന്നതെങ്കില്‍, നമ്മുക്ക് നിസ്സംശയം പറയാം, സമരക്കാര്‍ തോറ്റ് പിന്മാറുക തന്നെ വേണ്ടിവരും. പുരോഹിതവിഭാഗത്തിന്റെ താല്പര്യങ്ങളാണ് മതകാര്യങ്ങളിലെ നിര്‍ണ്ണായകഘടകം എന്ന നിലയില്‍ വിവേചനരഹിതമായി കീഴടങ്ങിയ സര്‍ക്കാരിനെയാണ് നമ്മള്‍ കാണുന്നത്. വിപ്ലവം അധരവ്യായാമമാക്കിയ ഭരണാധികാരികളുടെ ദുരമൂത്ത പ്രവര്‍ത്തനങ്ങളുടെ രക്തസാക്ഷികളാണ് പുല്‍മേട് ദുരന്തത്തില്‍ മരിച്ചവര്‍.

സര്‍ക്കാരുകള്‍ മാറുമ്പോള്‍ ദേവസ്വത്തിന് വേണ്ടി പാര്‍ട്ടിക്കാര്‍ മുന്നണിയില്‍ പിടിവലി നടത്തുന്നത് പത്രവാര്‍ത്തയായി നാം വായിച്ചിട്ടുള്ളതാണ്. ഭക്തരുടെ ക്ഷേമമല്ല, ദേവസ്വത്തിന്റെ കയ്യിലെ പണമാണ് ഈ കോലാഹലത്തിന് കാരണം. ഭക്തരെ കബളിപ്പിച്ച് പണം പിടുങ്ങുകയും അത് കട്ടുമുടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ദേവസ്വം മന്ത്രിയായിരുന്ന വിപ്ലവകാരിയായിരുന്നു സന്നിധാനത്തിലെ കഴുതകള്‍ എന്ന കവിതയുടെ കര്‍ത്താവ്. കഴുതകള്‍ എന്ന ബഹുവചനം ആലോചനാരമണീയമായിരിക്കുന്നു. കഴുതയ്ക്കുപോലും അപമാനം തോന്നുന്ന നെറികേടുകള്‍ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നിറുത്തലാക്കേണ്ടതാണ്.

Subscribe Tharjani |
Submitted by KRISHNAKUMAR (not verified) on Mon, 2011-02-21 15:47.

പ്രിയപ്പെട്ട മിസ്റ്റര്‍ യുക്തിവാദി,
മകരജ്യോതി മനുഷ്യനിര്‍മ്മിതം ആണോ അല്ലയോ എന്ന് ഗവേഷണം നടത്തി നടത്തി ഇവിടുത്തെ യുക്തിവാദികള്‍ അവസാനം ഒരു വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു, അത് കെ.എസ്.ഇ.ബി ജീവനക്കാരന്‍ കത്തിക്കുന്നതാണത്രെ!!! പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്നത് മനുഷ്യര്‍ കത്തിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ ഗവേഷണബുദ്ധിയോ യുക്തിവാദമോ ആവശ്യമില്ല. കോമണ്‍സെന്‍സ് ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ, മകരജ്യോതി കത്തിച്ചു കാണിച്ച് വിശ്വാസികളെക്കൂട്ടേണ്ട ഗതികേട് നാളിതുവരെ ശബരിമല അയ്യപ്പന് ഉണ്ടായിട്ടില്ല. ഇനി അടുത്ത വര്‍ഷം മുതല്‍ മകരജ്യോതി അവിടെ കണ്ടില്ലെങ്കിലും വര്‍ഷംതോറും ഭക്തര്‍ കൂടിവരികയേ ഉള്ളൂ. മകരജ്യോതിയുടെ പുറകിലെ രഹസ്യം കണ്ടുപിടിക്കാന്‍ ചാടിയിറങ്ങിയ "യുക്തി"വാദികള്‍ ദയവായി, കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നും രക്തം വന്നതും സൂര്യനെ നോക്കുമ്പോള്‍ കര്‍ത്താവിനെ കണ്ടതും മരിച്ചുപോയ ജീസസ് ക്രൈസ്റ്റ് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതും ഗവേഷണം നടത്തി സത്യം തെളിയിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം.

Submitted by shine (not verified) on Wed, 2011-02-23 15:20.

മകരവിളക്ക് സത്യമാണോ എന്നത് വിശ്വാസത്തിന്റെ പ്രശ്നം മാത്രം. പക്ഷെ ഭക്തിയുടെ പണം പിടുങ്ങുന്ന ഗവണ്മെന്റ് അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാത്തതാണ് പ്രശ്നം.

Submitted by Subrahmanya Sharma (not verified) on Wed, 2011-02-23 19:09.

Sir,
Please pay more attention to the spiritual side of devotion which provides material for its existence . Makarajyothi kaththikkuka is a trivial practice. As one reader asserted bhaktargal will besiege Sabarimala even in the next season. A good part of devotees are from my native state ie Andhra Pradesh , where religion has been a money spinner since ages.
Fleecing is quite a moderate art in temples of Kerala. ഇവിടെ മതകാര്യങ്ങള്‍ക്കായി സര്‍ക്കാരിന്റേതായി ചില ബോര്‍ഡുകളുണ്ട്.. This is not a valid point. Look around the world. British politicians kowtow before mullahs in that country. European countries employ imams to preach medieval ethics at tax payers expense.
In Koln ,Germany , for instance, the top bureaucrats of municipality celebrated founding a grand mosque in November 2010 , land being given gratis by the body while money was donated by Middle East donors. Mosques dotting European urban-scape are a matter of concern for helpless citizens. Have you not heard of Indian temples and gurudwaras in USA and Britain ?
Indian government is no more and no less secular than these republics.
ഭക്തിക്കെതിരെ യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പലതരം വാദങ്ങളി... Bhaktargal are more earthy and mystic at the same time. They are not romantic or quixotic like yukthivaadhigal. That is the problem with dry atheism.
R.V.S.Sharma

Submitted by Reshmi (not verified) on Wed, 2011-03-02 14:08.

ഭക്തി ഇക്കാലത്ത് ഒരു ബിസിനസ്സ് ആയി മാറുന്നു. മകരജ്യോതി ഒരു മനുഷ്യസൃഷ്ടിയാണെങ്കില്‍ അത് ഒഴിവാക്കേണ്ടതു തന്നെയാണ്. ഒരു പ്രത്യേകസമയത്ത് ആളുകള്‍ ഈ അമ്പലത്തില്‍ തടിച്ചുകൂടുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിക്കാരന്റെ കണ്‍കെട്ട് പ്രകടനം ഒഴിവാക്കണം.

Submitted by george (not verified) on Mon, 2011-04-11 23:09.

1) മനുഷ്യനിര്‍മ്മിതമായതെല്ലാം നിറുത്തലാക്കണമെന്നാണോ? ഇതെന്തു കഥ? 2)ബിസിനസ്സ് പാപമാണോ സര്‍? അങ്ങനെയെങ്കില്‍ പീടികകളെല്ലാം പൂട്ടണമല്ലോ?

വാസ്തവത്തില്‍ അയ്യപ്പന്മാരുടെ എണ്ണം കൂടിയതിന് ആനുപാതികമായി കൂടുതല്‍ വിളക്കുകള്‍ കത്തിക്കുകയോ കൂടുതല്‍ ദിവസം വിളക്കു കത്തിക്കുകയോ ചെയ്യുകയല്ലേ വേണ്ടത്?

യുക്തിവാദികളേ നിങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലേ? സര്‍ക്കാര്‍ യുക്തിവാദികളെ സേവിക്കുവാനും അവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുവാനും മാത്രമുള്ളതാണെന്ന വിശ്വാസത്തേക്കാള്‍ ബോറായിട്ടെന്തു് വിശ്വാസമാണ് നമ്മുടെ നാടാടിലുള്ളത്? ഈ രാജ്യം യുക്തിവാദികള്‍ക്ക് പതിച്ചുകൊടുത്തതാണെന്ന് ഏത് ഭരണഘടനയിലാണ് എഴുതിവെച്ചിട്ടുള്ളത്?

ഇവിടെ ഞങ്ങള്‍ വിശ്വാസികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ വിശ്വസിക്കുന്നത് നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ വിശ്വസിക്കുന്നത് ഞങ്ങള്‍ വിശ്വസിക്കണമെന്ന ഫാസിസ്റ്റ് ചിന്തയെ ഞങ്ങള്‍ ആദരിക്കുകയില്ല, ഒരു നാളും.

ഒരു യുക്തിവാദി മാതൃഭൂമിയിലെഴുതിയ നെടുങ്കന്‍ ലേഖനത്തില്‍ പറഞ്ഞ ഒരു യുക്തി കേള്‍ക്കൂ. തങ്ക അങ്കിക്കുമേല്‍ പരുന്ത് പറക്കുന്നത് ചുവപ്പുനിറം കണ്ടിട്ടാണത്രെ. ഈ പേട്ട് യുക്തി വായിച്ച് ഒരു വായനക്കാരന്‍ അന്ത യുക്തിക്കാരന്‍ ചേട്ടനോട് ചോദിച്ചു- അങ്ങനെയെങ്കില്‍ സി.പി.എം ജാഥയ്ക്കു മേലെക്കൂടി പരുന്തുജാഥയും കാണണമല്ലോ. യുക്തിവാദി ഭവാന്‍ ഒന്നും മിണ്ടിക്കണ്ടില്ല.

Submitted by george (not verified) on Mon, 2011-04-11 23:17.

കഷ്ടം, നിങ്ങളെപ്പോലെ ബുദ്ധിയുള്ളവരും ജനാധിപത്യബോധമുള്ളവരും പേട്ട് യുക്തിവാദയന്ത്രത്തില്‍ പെട്ടുപോകുന്നല്ലോ. മനുഷ്യന്‍ സര്‍ക്കാര്‍വക വിളക്കു് കത്തിക്കുന്നതുകൊണ്ട് എന്താ കുഴപ്പമെന്ന് നിങ്ങള്‍ ആലോചിച്ചാല്‍ നല്ല തെളിഞ്ഞ യുക്തിയില്‍ ഒരു കുഴപ്പവും അതിലില്ലെന്ന് താങ്കള്‍ക്ക് മനസ്സിലാകും എന്നാണെന്റെ അന്ധമായ വിശ്വാസം. ആളുകള്‍ യുക്തിക്കാരെക്കൊണ്ട് പൊറുതിതിമുട്ടി വിശ്വാസികളും ഭക്തന്മാരും ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വേണ്ടത്ര വിളക്കുകള്‍ കത്തിച്ച് തിരക്കും തിക്കും ഒഴിവാക്കാന്‍ ഗവേണ്‍മെന്റും ദേവസ്വവും തയ്യാറാകാത്തതുകൊണ്ടുണ്ടായ ദുരന്തത്തെ കുയുക്തികൊണ്ട് നേരിടുന്നതിലെന്തു കാര്യം സഹോദരാ?

ജയ് അയ്യപ്പന്‍!

Submitted by Sapna Anu B.George (not verified) on Tue, 2011-04-12 10:41.

ഇന്നു രാവിലെ എന്റെ മെയിലില്‍ വന്ന ഒരു ലേഖനത്തിന്റെ തുടക്കം................

“Without GOD our week would be Sinday, Mournday, Tearsday, Wasteday Thirstday, Fightday & Shatterday. Remember seven days without God makes one WEAK“.

വര്‍ഷങ്ങളായി, കാലാകാലങ്ങളായി ദൈവമേ .....എന്നു വിളിക്കും,ആവശ്യത്തിനും അനാവശ്യത്തിനും!!! എന്നാല്‍ ചോദ്യം ചെയ്യണം ദൈവത്തെ!! മകരജ്യോതി ആരുണ്ടാക്കി?? താഴത്തങ്ങാടി പള്ളിയിലെ കുരിശു വളരുന്നുണ്ടൊ, ജുമാ മശ്ജിദില്‍ ജാതിമത ഭേദമന്യേ എന്തിനു നേര്‍ച്ചക്കാശ് എറിയുന്നു??? ഈ വീറും വാശിയും ആരോഗ്യവും ഇന്നത്തെ നാണവും മാനവും അഭിമാനവും കെട്ട സര്‍ക്കാരിനോടു ചോദിക്കാന്‍ ഉപയോഗിച്ചെങ്കില്‍, 2 രൂപക്ക് അരി കിട്ടും എന്ന പാവപ്പെട്ടവന്റെ പ്രതീക്ഷക്കെങ്കിലും ഒരു തീര്‍ച്ച വന്നേനെ!!!

Submitted by ccjgeorge (not verified) on Tue, 2011-04-26 00:13.

നിങ്ങള്‍ വിശ്വാസത്തെ യുക്തികൊണ്ട് ഭരിക്കാന്‍ മോഹിക്കുന്നു. മാനുഷികമൂല്യങ്ങളെ ഫിസിക്സ് കൊണ്ടും കെമിസ്ട്രികൊണ്ടും വിലയിരുത്തുന്നതുപോലെയുള്ള തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത്. ഉദ്ധൃതവാക്യം പോലുള്ള ലളിതഭാനവകളെ നിങ്ങള്‍ക്ക് രസിക്കാന്‍ കഴിയാത്തത് നിങ്ങളുടെ ശാസ്ത്രമൂല്യവാദിയുടെ അപര്യാപ്തതകൊണ്ടല്ലേ എന്ന് ചിന്തിക്കുക.

ആരുണ്ടാക്കിയെന്ന ചോദ്യത്തില്‍ കാര്യമില്ല. ആരുണ്ടാക്കിയാലെന്ത്? മകരജ്യോതി നക്ഷത്രമാണ്. മകരവിളക്ക് കെ എസ് ഇ ബി സഹായത്തോടെ തെളിക്കുന്നതും. അത് ആദിവാസികള്‍ ആഴി കൂട്ടിയിരുന്ന ആചാരത്തിന്റെ പരിഷ്കൃത പതിപ്പാണ്. അതിലെന്താണ് കുഴപ്പം? കുരിശു വളരുന്നത് വിശ്വാസമാണ്. അവിടെ എംപിറിക്കലായ തെളിവുകളും കണക്കുകളും വിശ്വാസത്തില്‍ അപ്രസക്തം. മസ്ജിദില്‍ പണമിടുന്നതും വിശ്വാസകാര്യം. ഭക്തികാര്യം. ഇങ്ങനെ യുക്തിയില്ലാത്ത കുറച്ച് കാര്യങ്ങലും വേണ്ടേ ജീവിതത്തില്‍ / നാട്ടില്‍ ? എല്ലാവരും ഫുള്‍ടൈം യുക്തിവാദവുമായി മസിലുപിടിച്ച് ജീവിച്ചാലോ?

Submitted by ccjgeorge (not verified) on Tue, 2011-04-26 00:27.

ഇതിന് പേര് വര്‍ഗ്ഗീയം. വിശ്വാസമല്ല. വിശ്വാസത്തിന്റെ പേരില്‍ ഇമ്മാതിരി വര്‍ഗ്ഗീയ മനസ്സുകള്‍ രംഗത്തിറങ്ങുമ്പോള്‍ മന്ദയുക്തിവാദം പങ്കുവെച്ചാലോ എന്ന് തോന്നിപ്പോകും. അങ്ങനെയാണ് നമ്മുടെ നാട്ടില്‍ പരിഷത്തുകാരും സെക്കുലര്‍ മതവിരോധികളും ഉണ്ടാകാന്‍ ഇടവരുന്നത്. ഇമ്മാതിരിയാളുകളില്‍ നിന്ന് വിശ്വാസത്തിന്റെ വക്കാലത്ത് തിരിച്ചുവാങ്ങണമേ ഭഗവാനേ....

Submitted by ccjgeorge (not verified) on Tue, 2011-04-26 00:31.

എത്ര ശരിയായ ചിന്ത?