തര്‍ജ്ജനി

റാണി പോള്‍

Visit Home Page ...

ലേഖനം

യുഗപുരുഷന്‍ അഥവാ മാന്ത്രികനായ മാന്‍ഡ്രേക്ക്‌

സിനിമ ചരിത്രമാണോ? അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞപോലെ, സിനിമയെക്കുറിച്ച്‌ വിവരമില്ലാത്തവര്‍ പറയും അല്ലെന്ന്‌. സിനിമ പക്ഷേ, സൌന്ദര്യമല്ലെന്ന്‌ ഈ വിവരദോഷികള്‍ പോലും പറയുമെന്നു തോന്നുന്നില്ല. എന്നാല്‍ ചരിത്രത്തെയും കലകളെയും സംബന്ധിച്ച വര്‍ത്തമാനകാലത്തെ പുതിയ കണ്ടെത്തലുകളും പുത്തന്‍പുതുമയുടെ അറിവുകളും സിനിമയെ സൌന്ദര്യാനുഭവമായും സൌന്ദര്യത്തെ ചരിത്രാനുഭവമായും - സൂക്ഷ്മാര്‍ഥത്തില്‍ സംസ്കാരപാഠങ്ങളില്‍ അസന്നിഹിതഹേതുവും അനതിക്രമ്യചക്രവാളവുമായി വര്‍ത്തിക്കുന്ന ചരിത്രംതന്നെയായി - മനസ്സിലാക്കിവരുന്നു. അതായത്‌ സാംസ്കാരത്തില്‍ വര്‍ഗ്ഗസംഘര്‍ഷങ്ങളുടെ ദമിതയാഥാര്‍ഥ്യങ്ങളായി, മൂലധനരൂപത്തില്‍ നിലനില്ക്കുന്നതും വ്യാഖ്യാനങ്ങളിലൂടെ പാഠരൂപങ്ങളായി മാത്രം വെളിപ്പെടുന്നതുമായ രാഷ്ട്രീയഅബോധമാണ്‌ ചരിത്രം. സൌന്ദര്യമെന്നത്‌ ഈ രാഷ്ട്രീയഅബോധത്തിന്റെ വിളിപ്പേരാണ്‌. ചരിത്രത്തിന്റെ സക്രിയമായ ഈ സൂക്ഷ്മാധികാരകാന്തവലയം സംസ്കാരരൂപങ്ങളെയും സംസ്കാരരൂപങ്ങള്‍ ചരിത്രത്തെയും സവിശേഷപാഠങ്ങളായി നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പരം നിര്‍ണ്ണയിക്കുന്ന ഉഭയദിശാപ്രവര്‍ത്തനമെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. മുതലാളിത്ത ആധുനികതയുടെ ഏറ്റവും വിഭ്രാമകവും വിലോഭനീയവുമായ സാങ്കേതികകലാരൂപമെന്ന നിലയില്‍ സിനിമ, അതുകൊണ്ട്‌ ചരിത്രത്തെ വ്യാഖ്യാനിച്ചും നിര്‍മ്മിച്ചും പുനര്‍നിര്‍മ്മിച്ചുംകൊണ്ട്‌ സ്വയം ചരിത്രമായും സാംസ്കാരികാധീശത്വമായും തര്‍ജ്ജമ ചെയ്യപ്പെടുന്നു. തര്‍ജ്ജമകള്‍തന്നെയും അവതാരങ്ങളാ(U’ber laben)-ണെന്ന്‌ വാള്‍ട്ടര്‍ ബഞ്ചമിന്‍. സിനിമ സ്വയം ചരിത്രവും ചരിത്രം സിനിമയുമാണെന്ന്‌ ചുരുക്കം.

യുഗപുരുഷന്‍ ചരിത്രവും ചരിത്രത്തെ നിര്‍മ്മിക്കുന്ന സംസ്കാരപാഠവുമാകുന്ന വഴിയാണിത്‌. ഒരു സിനിമയും കേവലം സിനിമയല്ല; ചരിത്രവും ചരിത്രത്തെ നിര്‍മ്മിക്കുന്ന വ്യവഹാരവുമാണ്‌. അങ്ങനെ സൌന്ദര്യപാഠവുമാണ്‌. അതുകൊണ്ട്‌ എല്ലാ പകര്‍പ്പവകാശക്കാരുടെയും അസംബന്ധഭരിതഉഗ്രശാസനങ്ങള്‍ക്കുമപ്പുറം ഏതൊരു സംസ്കാരികരൂപത്തെയും പോലെ, യുഗപുരുഷന്‍ ചരിത്രത്തെ നിര്‍മ്മിക്കുകയും ചരിത്രത്താല്‍/സംസ്കാരത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നുവെന്നു പറയാം. അതായത്‌ വര്‍ത്തമാനചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സവിശേഷപാഠങ്ങളെ സാധൂകരിക്കുന്നതും ഈ പാഠങ്ങളാല്‍ സാധൂകരിക്കപ്പെടുന്നതുമായ രാഷ്ട്രീയപ്രയോഗമാണ്‌ യുഗപുരുഷന്‍ എന്നര്‍ത്ഥം. നാം എന്തു ചെയ്യുന്നുവെന്നു മാത്രമല്ല ചരിത്രത്തില്‍ നമ്മുടെ ചെയ്തികള്‍ എന്തു ചെയ്യുന്നു എന്നതും സംസ്കാരവിമര്‍ശത്തില്‍ പ്രസക്തമാണ്‌. സാംസ്കാരികജാഗ്രതയുടെ അനിവാര്യഘടകമാണത്‌.

അവസാനവിശകലനത്തില്‍ മനുഷ്യരുടെ സ്വപ്നങ്ങളും അനുഭവങ്ങളും പ്രതീക്ഷകളും ഇച്ഛാഭംഗങ്ങളുമെല്ലാമടങ്ങുന്നതാണ്‌ ചരിത്രം. നേര്‍രേഖായുക്തിയിലൂടെ മാത്രമല്ല ചരിത്രം പലപ്പോഴും സഞ്ചരിക്കുന്നതും. അതുകൊണ്ട്‌ മനുഷ്യരുടെ അനുഭൂതികള്‍, അവ എത്രതന്നെ ഭ്രമാത്മകമായിരിരുന്നാലും ചരിത്രപരവും ചരിത്രാത്മകവുമാണ്‌. ഈയര്‍ഥത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയുള്ള കേരളകീഴാളജനതയുടെ വിമോചനപ്രതീക്ഷകളുടെ പൊതുനാമമാണ്‌ ശ്രീനാരായണഗുരു. നാരായണഗുരു ഒരു കേവലവ്യക്തിയല്ല; ഒരു ചരിത്രമുഹൂര്‍ത്തമാണ്‌. ചരിത്രം പക്ഷെ, ശൂന്യതയില്‍ നിന്നുറവെടുക്കുന്നതല്ല. ഇടവേളകളില്ലാത്ത മനുഷ്യേച്ഛയുടെ പ്രയോഗമാണത്‌. അതായത്‌ വൈകുണ്ഠസ്വാമി(1801-1851)യിലൂടെയും തൈക്കാട്ട്‌ അയ്യാവ്‌ ഗുരുക്കളി(1819-1909) ലൂടെയുമെല്ലാം അനുക്ഷണം വികസിച്ചുവന്ന ചരിത്രത്തിന്റെ തുടര്‍മുഹൂര്‍ത്തങ്ങളാണ്‌ നാരായണഗുരു(1855-1928))വും അയ്യങ്കാളി(1863-1941)യുമെന്നു ചുരുക്കം. യുഗപുരുഷന്‍ പക്ഷെ, കണ്‍കെട്ടുകള്‍ കൊണ്ട്‌ ചരിത്രത്തിന്റെ ഈ യാഥാര്‍ത്ഥ്യത്തെ പരിഹസിക്കുന്നു. മാന്ത്രികസിദ്ധികളുടെ ആലഭാരങ്ങള്‍ പൊതിഞ്ഞ്‌ യുഗപുരുഷനെ മാന്ത്രികനായ മാന്‍ഡ്രേക്കാക്കി മാറ്റുന്നു. ചരിത്രപുരുഷനെ ജാതിവാദത്തിന്റെ അഭിഷിക്തരക്ഷകനാക്കുന്നു.

ആധുനികകേരളത്തെ രൂപപ്പെടുത്തിയ അദ്ധ്യാത്മജീനിയസിന്റെ ചരിത്രനാമമാണ്‌ ശ്രീനാരായണഗുരു. കൊളോണിയല്‍ ആധുനികതയുടെ നിര്‍മ്മിതിയായ ഈ അദ്ധ്യാത്മചൈതന്യത്തിന്റെ ദൃശ്യജീവചരിത്രമാണ്‌ യുഗപുരുഷന്‍. ജാതി,മതഭ്രാന്തുകളുടെ ആലയമായിരുന്ന കേരളത്തില്‍ ഗുരു നിര്‍വഹിച്ച വിപ്ലവാത്മകഇടപെടലുകളും അതിന്റെ വിപരീതത്തുടര്‍ച്ചകളുളവാക്കിയ ഇച്ഛാഭംഗവും ഗുരുവിലെ മനുഷ്യനിലുളവാക്കിയ ആത്മസംഘര്‍ഷങ്ങളും ആത്മസംഗരങ്ങളുമാണ്‌ യുഗപുരുഷന്റെ രാഷ്ട്രീയഅബോധം. ഇതുതന്നെയാണതിന്റെ കലാത്മകതയും. താന്‍ നടന്നുതെളിച്ച വഴികളില്‍ പഴയകാടിന്റെ പുതിയതുടര്‍ച്ചകള്‍ പടര്‍ന്നേറുന്നതുകണ്ട്‌ വ്യാസനെപ്പോലെ ഊര്‍ധ്വബാഹുവായി, കണ്ണീരടക്കി, ആത്മാവിലുലഞ്ഞ്‌, പിന്നെ ആത്മബലത്തില്‍ ഉണര്‍ന്ന്‌ ഇരുളിലേക്ക്‌ നടന്ന്‌ മറയുന്നു ആ ചരിത്രം. താന്‍ വിതച്ച മനുഷ്യത്വത്തിന്റെ വിത്തുകള്‍ മുള്ളുകളില്‍ വീണ്‌ ഞെരിഞ്ഞൊടുങ്ങുന്നതുകണ്ട്‌ ഉലയുന്ന ആ ചരിത്രം മനുഷ്യനാണ്‌; മനുഷ്യന്റെ പരിമിതികളുമാണ്‌. യുഗപുരുഷന്റെ കഥാസാരം ഇതാണ്‌.

ഇരട്ടത്തട്ടിപ്പിന്റെ രൂപകം

എന്നാല്‍ ഇങ്ങനെ ഇരുളിലേക്ക്‌ ഒതുങ്ങിമറയാന്‍ മടിക്കുന്ന വൈരുദ്ധ്യങ്ങളുടെ വലിയൊരു ഭൂതം അഥവാ പ്രശ്നലോകം ആ ഇരുളില്‍ നിന്ന്‌ ഉയിര്‍കൊള്ളുന്നുണ്ട്‌. എന്താണ്‌ ഈ ഭൂതം അല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച ആത്മസംഘര്‍ഷങ്ങളുടെയും ആത്മസംഗരങ്ങളുടെയും ദമിതപാഠം? അത്‌ ഏതുതരം വ്യവഹാരങ്ങളെയാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌? സ്വന്തം അര്‍ത്ഥം വിപരീതമായിത്തീരുന്നതുകണ്ട്‌ കണ്ണീരൊഴുക്കുന്ന മനുഷ്യനെ സിനിമയുടെ ബോധം സൂക്ഷിക്കുന്നുണ്ടെങ്കിലും അബോധം പലപ്പോഴും, ആ ബോധത്തെ അടിതകര്‍ക്കുംവിധം ബലിഷ്ഠമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ്‌ വാസ്തവം. അതായത്‌ കൊളോണിയല്‍ ആധുനികതയുടെ ചരിത്രനിര്‍മിതിയായ ഗുരുവിനെ അതിന്റെ എല്ലാ സൂക്ഷ്മതകളില്‍ നിന്നും അടര്‍ത്തിമാറ്റി അവതാരപുരുഷനായി സങ്കല്പിക്കുന്നു, സിനിമ. അധര്‍മത്തിന്റെ വേരറുക്കാന്‍ യുഗംതോറും അവതരിക്കുന്ന ദിവ്യപുരുഷനായി മോര്‍ഫ്ചെയ്ത്‌ ഗുരുവിനെ മതംമാറ്റുകയാണ്‌, ശീര്‍ഷകം തന്നെ ഇരട്ടത്തട്ടിപ്പിനുള്ള ഉപാധിയാക്കുന്ന യുഗപുരുഷന്‍. അങ്ങനെ മനുഷ്യന്റെ ഇച്ഛാശക്തിക്ക്‌ അയിത്തം കല്പിക്കുന്ന യുഗപുരുഷന്‍ മനുഷ്യനെതിരായ കുറ്റകൃത്യമായി മാറുന്നു. അത്ഭുതമാന്ത്രികസിദ്ധികളുടെ വിസ്മയവിക്ഷേപങ്ങളാല്‍ ജരാനരകളില്ലാത്ത സ്വര്‍ഗങ്ങളുടെ മാസ്മരലോകം പണിതുയര്‍ത്തുന്ന മാന്ത്രികനാണ്‌ ഇവിടെ ഗുരു.

മരിച്ചവരെ ജീവിപ്പിച്ച്‌, കുഷ്ഠരോഗിയെ സുഖപ്പെടുത്തി, വന്യമൃഗങ്ങളെ വശീകരിച്ച്‌, കണ്ണീരുകൊണ്ട്‌ മഴപെയ്യിച്ച്‌, അത്ഭുതങ്ങളുടെ രാജകുമാരനും അവതാരപുരുഷനുമായി രക്ഷകനെ സങ്കല്പിക്കുന്ന (സെമിറ്റിക്‌ ‍മതഘടനയിലേക്ക്‌ ഗുരുവിനെ വെട്ടിയൊട്ടിക്കുക വഴി സംഘടിതമതങ്ങളോട്‌ മത്സരിക്കാന്‍ വേണ്ട സാംസ്കാരികമൂലധനം സ്വരുക്കൂട്ടാനുള്ള മതജാതിധര്‍മ്മത്തിന്റെ അക്രാമകവ്യവഹാരങ്ങളുല്പാദിപ്പിക്കുന്നു, അങ്ങനെ യുഗപുരുഷന്‍.

ഗുരു എന്ന ചരിത്രമുഹൂര്‍ത്തം

ഗുരു, ശങ്കരാചാര്യരുടെ പാരമ്പര്യത്തില്‍പ്പെടുന്ന ദാര്‍ശനികനോ ആചാര്യനോ അല്ല. ജാതിമേധാവിത്തം സാമൂഹികയാഥാര്‍ത്ഥ്യമായി നിലനിന്ന ഫ്യൂഡല്‍ ചരിത്രസന്ദര്‍ഭത്തിന്റെ നിര്‍മ്മിതിയും അതിന്റെ തന്നെ സൈദ്ധാന്തികസംരക്ഷകനുമാണ്‌ ശങ്കരാചാര്യര്‍. കോളനീകരണത്തിന്റെ പ്രപാതത്തില്‍ ജാതിവ്യവസ്ഥയ്ക്ക്‌ മാരകപ്രഹരങ്ങളേറ്റുതുടങ്ങിയ സന്ദര്‍ഭമാണ്‌ ഗുരുവിന്റേത്‌. ഗുരു ജനിച്ച്‌ രണ്ടു വര്‍ഷം തികയുമ്പോഴേക്ക്‌ ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്ര്യസമരം (1857) നടന്നു കഴിഞ്ഞിരുന്നു. തിരുവിതാംകൂറിന്റെ തെക്കുഭാഗത്തുള്ള തിരുച്ചെന്തൂരിലെ സാമിത്തോപ്പില്‍, വൈകുണ്ഠസ്വാമികളുടെ സമാധിയില്‍ കണ്ണാടി പ്രതിഷ്ഠിച്ചിരുന്നു(1851). അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തിലെ ആദ്യസാമൂഹികപരിഷ്കരണപ്രസ്ഥാനം-സമത്വസമാജം (1828)- ആരംഭിച്ചിരുന്നു. വൈകുണ്ഠരുടെ ശിഷ്യന്‍ തൈക്കാട്ട്‌ അയ്യാവുഗുരുക്കളോടൊപ്പം പിന്നീട്‌ വര്‍ഷങ്ങള്‍ക്കുശേഷം നാരായണഗുരു സാമിത്തോപ്പ്‌ സന്ദര്‍ശിക്കുന്നുമുണ്ട്‌(1891). ഗുരു ജനിക്കുന്നതിന്‌ പന്ത്രണ്ടുവര്‍ഷം മുമ്പ്‌, കോഴിക്കോട്‌ ജില്ലാജഡ്ജിയായിരുന്ന ഇ.ബിഠോമസിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌,1843 ല്‍ മലബാറില്‍ അടിമവ്യവസ്ഥ പൂര്‍ണ്ണമായിനിരോധിച്ചുകൊണ്ട്‌ ബ്രിട്ടീഷ്സര്‍ക്കാര്‍ നിയമം പാസാക്കിക്കഴിഞ്ഞിരുന്നു. ഗുരു ജനിച്ച്‌ നാലുവര്‍ഷം കഴിയുമ്പോള്‍,,1859 ജൂലായില്‍ തന്നെ, ചാന്നാര്‍സ്ത്രീകള്‍ക്ക്‌ ജാക്കറ്റും മേല്‍മുണ്ടും ധരിക്കാന്‍ അനുവദിക്കുന്ന ഉത്തരവ്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. മിഷനറിമാര്‍ തുടങ്ങിവച്ച വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ തുല്യതയെക്കുറിച്ചുള്ള ആധുനികലോകബോധം പ്രചരിപ്പിച്ചു. 1834 ല്‍ തിരുവനന്തപുരത്ത്‌ ഗവണ്മെന്റ്‌ ഇംഗ്ലീഷ്‌ സ്കൂളും 1866 ല്‍ മഹാരാജാസ്‌ കോളജും സ്ഥാപിച്ചു. 1869 ലെ മദ്രാസ്‌ ഹൈക്കോടതി വിധി നായര്‍സമുദായത്തിലെ സംബന്ധം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇങ്ങനെ കോളനീകരണം കേരളത്തിന്റെ ചരിത്രസംസ്കാരമണ്ഡലങ്ങളില്‍ അക്രാമകമായി ഇടപെട്ട്‌ ഫ്യൂഡല്‍സമൂഹഘടനയെ ടോര്‍പിഡോ ചെയ്യുന്ന ചരിത്രമുഹൂര്‍ത്തമാണ്‌ നാണുവിനെ നാരായണഗുരുവാക്കിയത്‌. ഗുരു കോളനീകരണത്തിന്റെ ഉല്പന്നമാണെന്നു സാരം.

ചരിത്രമെന്നാല്‍ ഭൂതം മാത്രമല്ല വര്‍ത്തമാനം കൂടിയാണ്‌. നാരായണഗുരു അങ്ങനെ വൈകുണ്ഠരും അയ്യാവും ചട്ടമ്പിസ്വാമിയും പല്പുവും ആശാനുമെന്നപോലെ അയ്യങ്കാളിയും അയ്യപ്പനും കൂടിയാണ്‌. പക്ഷെ സിനിമ ഇതൊന്നും അറിഞ്ഞ മട്ടില്ല. കേരളീയനവോത്ഥാനമെന്നാല്‍ നാരായണഗുരുവില്‍ തുടങ്ങിയൊടുങ്ങന്ന ഈഴവപ്പെരുമയാണെന്നും ഗുരു തന്നെയും ഭൂതവര്‍ത്തമാനചരിത്രം സ്പര്‍ശിക്കാത്ത സ്വയംഭൂവും ദിവ്യപുരുഷനുമാണെന്നും അത്‌ പലമട്ട്‌ വ്യാജങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ നാട്യങ്ങള്‍ മറച്ചുവയ്ക്കുവാന്‍ ആത്മസംഘര്‍ഷങ്ങളുടെ ചെറിയ വിതാനം ഗുരുവിനു ചാര്‍ത്തിയും നല്കുന്നു.

യുഗനിര്‍മ്മാതാക്കളായ ചരിത്രപുരുഷന്മാരെയും പുരാവൃത്തങ്ങളെപ്പോലും മനുഷ്യാനുസാരിയായി സങ്കല്പിക്കുന്ന പാരമ്പര്യം ലോകസിനിമയിലും ഇന്ത്യന്‍സിനിമയിലും സാഹിത്യത്തിലും അനേകമുണ്ട്‌. മലയാളസിനിമയില്‍ത്തന്നെയും ഊര്‍ജ്ജിതമായ വഴി തെളിഞ്ഞുനില്ക്കുന്നു. അരവിന്ദന്റെ കാഞ്ചനസീത ഓര്‍മ്മിക്കുക. ചൊറിപിടിച്ച രാമന്‍! എന്താരശ്ലീലം! എന്നാണ്‌ പഴയ തലമുറയിലെ ഒരു പണ്ഡിതഅധ്യാപകന്‍ ഈ സിനിമയെ പരിഹസിച്ചത്‌. മലയാളസാഹിത്യത്തില്‍ കുഞ്ചന്‍നമ്പ്യാരുടെ ഇതിഹാസകഥാപാത്രങ്ങള്‍ തന്നെ ബലിഷ്ഠ ഉദാഹരണം. വര്‍ത്തമാനസന്ദര്‍ഭത്തില്‍ എം.ടിയുടെ രണ്ടാമൂഴം, നിര്‍മാല്യം, സക്കറിയായുടെ ആര്‍ക്കറിയാം, കണ്ണാടികാണ്മോളവും, എന്തുണ്ടു വിശേഷം പിലാത്തോസേ, സിയോണ്‍സഞ്ചാരി തുടങ്ങിയ രചനകള്‍ ഉദാഹരിക്കാം. ദൈവം എന്ന വിഭ്രാന്തി (Richard Dawkins-The God Delusion‍) ഇന്ന്‌ ലോകകമ്പോളത്തില്‍ മധുരനാരങ്ങപോലെ വിറ്റുപോകുന്ന ബസ്റ്റ്സെല്ലറായിരിക്കുന്നു. ദിവ്യാത്ഭുതങ്ങള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി വഴിമാറുന്ന ഭൌതികബോദ്ധ്യങ്ങളുടെ കാഴ്ചയാണ്‌ ഇവയുടെ ജീനിയസ്‌.
ഈ സിനിമകളും സാഹിത്യവുമെല്ലാം ചരിത്രത്തെ വിമര്‍ശനാത്മകമായി പുതുക്കിയെഴുതുന്നു. ഇതാണ്‌ അവയുടെ മൌലികത. യുഗപുരുഷനും ഇതു ചെയ്യുന്നുണ്ട്‌. ലക്ഷ്യവും ഊന്നലും വിഭിന്നമാണെന്നുമാത്രം. മനുഷ്യവിരുദ്ധമായിക്കഴിഞ്ഞ മതത്തിനെതിരായ വിമര്‍ശമാണ്‌ മേല്പറഞ്ഞ സിനിമകളും സാഹിത്യവും നിര്‍വ്വഹിച്ചതെങ്കില്‍ അതേ മതത്തിന്റെ പക്ഷത്തുനിന്നുകൊണ്ട്‌ മനുഷ്യനെതിരായ വിമര്‍ശനമാണ്‌ യുഗപുരുഷന്‍ നടത്തുന്നത്‌. അതായത്‌ അവതാരങ്ങളെ മുന്‍നിര്‍ത്തി മനുഷ്യേച്ഛയുടെ നിര്‍മ്മാണസിദ്ധിക്കെതിരാണ്‌ ഈ യുദ്ധം.

മറ്റൊരു മിശിഹ

മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളുടെ ഈ സന്ദര്‍ഭത്തിലാണ്‌ മറ്റൊരു മിശിഹായുടെ ജനനം. മേല്‍സൂചിപ്പിച്ച വര്‍ത്തമാനങ്ങളെ അവഗണിച്ചുകൊണ്ട്‌ ആദ്ധ്യാത്മികമോ ഭൌതികമോ ആയ പൂര്‍വഭാരങ്ങളില്ലാത്ത യുഗപുരുഷനെ നിര്‍മിച്ചെടുക്കുകയാണ്‌ സിനിമ. മൂന്ന്‌ അടരുകളിലൂടെയാണിതു സംഭവിക്കുന്നത്‌.

ഒന്ന്‌: ഗുരുവിന്റെ ഗുരുത്വനിര്‍മിതിയുടെ വൈചാരികഭൂമികയെക്കുറിച്ച്‌ നിശ്ശബ്ദത കൈക്കൊള്ളുക.നാണുവിനെ നാണുഗുരുവും നാരായണഗുരുവുമാക്കിയത്‌ കേവലധ്യാനമോ അദ്വൈതമോ അല്ല. തങ്ങള്‍ക്ക്‌ സന്യാസം തന്ന ഗുരുക്കന്മാരാണ്‌ ബ്രിട്ടീഷുകാരാണെന്നും അതിന്‌ അവരോട്‌ നന്ദിയുള്ളവരായിരിക്കണമെന്നുമുള്ള ഗുരുവിന്റെ വാക്കുകള്‍ എം.എസ്‌.എസ്‌. പാണ്ഡ്യന്‍ ഉദ്ധരിക്കുന്നത്‌ ഓര്‍മിക്കുക. അതായത്‌ ഗുരുവിന്റെ ആദ്യപശ്ചാത്തലം കോളനീകരണം ഉഴുതിട്ട രാഷ്ട്രീയകേരളമാണ്‌. വൈകുണ്ഠസ്വാമിയും തൈക്കാട്ട്‌ അയ്യാവു ഗുരുക്കളും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമെല്ലാം ചേര്‍ന്ന സാംസ്കാരികകേരളം നാരായണഗുരുവിനെ പലമട്ട്‌ പാകപ്പെടുത്തിയ രാഷ്ട്രീയയുക്തികളാണ്‌. ജ്ഞാനപ്രയോഗങ്ങളുടെ ഈ വിസ്തൃതസംസ്കാരമേഖലയെ സിനിമ ഭയജനകമാംവിധം വെട്ടിമാറ്റിയിരിക്കുന്നു. എല്ലാ തെരഞ്ഞടുപ്പുകളിലും ചില ഉപേക്ഷിക്കലുകളുമുണ്ടല്ലോ. ഈ ഉപേക്ഷ ഒരു രാഷ്ട്രീയപ്രയോഗം തന്നെയാണ്‌, ഗുരുവിനെ അനാദിസംഭവദിവ്യനായ ജാതിപുരുഷനാക്കുന്ന ജാത്യാധികാരപ്രയോഗം.

രണ്ട്‌: ഡോ.പല്പു, കുമാരനാശാന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, അയ്യപ്പന്‍, അയ്യങ്കാളി തുടങ്ങി ഗുരുവിനോടൊപ്പവും സമാന്തരവും നിന്നു പ്രവര്‍ത്തിച്ചവരെ നിശ്ചേഷ്ടരാക്കുക. അടിയും ഇടിയുമായി കെ.സി.കുട്ടന്‍ മാത്രമുണ്ട്‌ പ്രകാശത്തില്‍! ഗുരുവിനെ അക്ഷരാര്‍ഥത്തില്‍ അനുസരിക്കാത്ത ഇയാള്‍ക്ക്‌ ചില സമകാലികപ്രയോഗമതികളുമായി നടനും നാടനുമെന്ന നിലയിലും വിദൂരഛായകളും ആലോചിക്കാം. വൈക്കം സത്യഗ്രഹപന്തലില്‍ കുട്ടന്‍ നടത്തുന്ന പ്രസംഗവും തുടര്‍ന്നുള്ള പ്രയോഗവും ഓര്‍മ്മിക്കുക. അത്‌ നടന്റെ പദവിയുടെ വിപണിമൂല്യം കട്ടെടുക്കലാണെന്ന്‌ ധരിച്ച്‌ ഒച്ചയുണ്ടാക്കുന്നതുകൊണ്ട്‌ എന്താണ്‌ ഫലം? കയ്യൂക്കുകൊണ്ട്‌ സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സൂചനയ്ക്കപ്പുറം മറ്റു സൂചിതങ്ങള്‍ക്കും അവിയെ ഇടമുണ്ട്‌. മാടമ്പിയുടെ ലക്ഷ്യമാണോ കുട്ടന്റെ പ്രവൃത്തികളുടെ ഫലം? കീഴ്ജാതിക്കാരന്റെ കരബലപ്രയോഗത്തിന്‌ മാത്രമെന്താണിത്ര അയിത്തം? കീഴ്ജാതിക്കാരന്‍ മാത്രം എന്തിനിത്ര അഹിംസാവാദിയും പ്രയോക്താവുമാകണമെന്ന മുഴക്കമുള്ള ഒരു അവര്‍ണചോദ്യം കുട്ടന്‍ പ്രവൃത്തികളിലൂടെ ഉയര്‍ത്തുന്നുണ്ട്‌. ശ്രീനാരായണന്റെ മറുപുറമായും ഒരു വിവേകിക്ക്‌ കുട്ടനെ കാണാമല്ലോ. അയ്യങ്കാളിയെയും അയ്യപ്പനെയും മാടമ്പികളായി കണ്ടവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

അക്രമത്തോട്‌ അനാദരവില്ലാത്ത കെ.സി.കുട്ടന്‍ ഒരേസമയം അയ്യങ്കാളിയെ നിര്‍വീര്യവും വീര്യവുമാക്കുന്ന ചരിത്രയുക്തിയാണെന്നും പറയാം. അയ്യങ്കാളിയുടേത്‌ പുതുവഴിയല്ല എന്നും അക്രമത്തില്‍ കുട്ടനെ തടയാത്ത ഗുരുവിന്റെ മറുപാതി തുടര്‍ച്ചയാണ്‌ എന്നും സൂചിപ്പിക്കുമ്പോള്‍ അത്‌ നിര്‍വീര്യമാക്കലിന്റെയും അയ്യങ്കാളി മാതൃകയാക്കാവുന്ന വഴിയാണെന്നു കുട്ടന്‍ തെളിയിക്കുമ്പോള്‍ വീര്യപ്പെടുത്തലിന്റെയും യുക്തിയാവുന്നു. അതുകൊണ്ട്‌ കുട്ടന്‍ ഏതെങ്കിലും നടന്റേയോ നാടന്റേയോ പ്രശ്നമാണെന്നു വരുന്നില്ല.
എന്നാല്‍ കുട്ടന്‌ സിനിമയുടെ അബോധം നല്‍കുന്ന സ്ഥാനം പോലും അയ്യങ്കാളിക്ക്‌ ലഭിക്കുന്നില്ല. അയ്യങ്കാളിയെ സിനിമ നമുക്ക്‌ ആദ്യം കാണിച്ചുതരുന്നത്‌ കോരന്‍ പുലയനെ മാടമ്പിമാരുടെ വാള്‍ത്തലയില്‍നിന്ന്‌ രക്ഷിക്കുന്ന സാഹസസംഘട്ടനമദ്ധ്യത്തില്‍ വച്ചാണ്‌. പോരാളിയാണ്‌ അയ്യങ്കാളി. പോരാളി മാത്രം! മാന്ത്രികനായ മാന്‍ഡ്രേക്കിന്റെ വലങ്കയ്യും കിങ്കരനുമായ കറുത്ത കരുത്തന്‍ ലോതറെപ്പോലെ ഗുരുവിന്റെ ആശയങ്ങളാല്‍ ആത്മപുളകിതനായിത്തീര്‍ന്ന ആജാനുബാഹുവായ അനുയായി മാത്രമാണ്‌ അവിടെ അയ്യങ്കാളി. അയ്യങ്കാളിയെ, സിനിമ പിന്നീട്‌ നമ്മെ കാണിക്കുന്നത്‌ പുലയരെ വിളിച്ചുകൂട്ടി, ഗുരു പറഞ്ഞപോലെ സംഘംചേരണമെന്ന്‌ അവരോട്‌ പ്രസംഗിക്കുന്ന സന്ദര്‍ഭത്തിലാണ്‌. തിരുവിതാകൂറിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായി സവര്‍ണ,ഭരണവര്‍ഗങ്ങളെ അടിമുടിവിറപ്പിച്ച പണിമുടക്കിന്റെയും വില്ലുവണ്ടിസമരത്തിന്റെയും ധൈഷണികപ്രയോയോക്താവിനെയാണ്‌ ഇങ്ങനെ കായബലംകൊണ്ട്‌ കരുത്തുകാണിക്കുന്ന ലോതറാക്കി സിനിമ പ്രതിനിധീകരിക്കുന്നത്‌. ബുദ്ധി മാന്‍ഡ്രേക്കിനും ശരീരബലം ലോതറിനും എന്നതാണ്‌ അവിടുത്തെ നീതി. ഇതൊരുതരം പ്രതിരോധം തന്നെയാണ്‌. ചരിത്രത്തിലെ അപ്രധാനമായ സ്ഥാനങ്ങളില്‍ നോട്ടമുറപ്പിച്ചുകൊണ്ട്‌ പ്രാധാന്യങ്ങളെ ഇരുളാഴ്ത്തി, അപ്രസക്തമാക്കി ചരിത്രത്തില്‍ നിന്നു മായ്ചുകളയുന്ന രാഷ്ട്രീയപ്രയോഗം. കേരളീയനവോത്ഥാനത്തിന്റെ ഏകനായകനായി ഗുരു വെള്ളിത്തിരയില്‍ വീര്‍ത്തുനില്‍ക്കുന്ന വഴികളില്‍ ഒന്നാണിത്‌. ഇതൊരു പുതിയ ചരിത്രനിര്‍മാണത്തിന്റെ രീതിപദ്ധതിയാണെന്നു പറയാം. (സെമിറ്റിക്‌) മതങ്ങളില്‍ ഇങ്ങനെയൊരു വഴി കാണാം. അതെപ്പോഴും മനുഷ്യസ്പര്‍ശത്തില്‍ അഴുക്കാവുന്നതും അതുകൊണ്ടുതന്നെ മനുഷ്യലോകത്തുനിന്ന്‌ അകന്നുനില്‍ക്കുന്നതും ആദിമധ്യാന്തവിഹീനനുമായ ഒരു ദിവ്യപുരുഷനെ നിര്‍മിച്ചെടുക്കുന്നു. അത്തരമൊരു (പുരുഷ)പുരാവൃത്തനിര്‍മാണയുക്തിയുടെ സംക്രമണം യുഗപുരുഷനില്‍ നടക്കുന്നുണ്ട്‌.

മൂന്ന്‌: ഗുരുവിനെ സിനിമ ദിവ്യസംഭവങ്ങള്‍കൊണ്ട്‌ മൂടുന്നത്‌ ഈ രീതിപദ്ധതിയുടെ തുടര്‍ച്ചയാണ്‌. വിജനതയുടെ മധ്യെ ധ്യാനസ്ഥനാകുന്ന നാണുവിനെ അവതരിപ്പിച്ചുകൊണ്ടാണ്‌ സിനിമയുടെ തുടക്കം. പഴയ ധ്യാനികളില്‍നിന്നു ഭിന്നമായി അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതും യാഥാസ്ഥിതികസന്യാസത്തിന്റെ വഴി തകര്‍ത്തുകളയുന്നതും കന്നുകള്‍ പോലും അവയോടുപമിച്ചാല്‍ കയര്‍ക്കുന്ന, ജാതീയമായി കീഴൊതുക്കപ്പെട്ട മനുഷ്യരുടെ ജീവനുവേണ്ടിയുള്ള അലറിക്കരച്ചിലാണ്‌. ഈ രോദനം പഴയമട്ടുള്ള മോക്ഷകാംക്ഷയില്‍നിന്ന്‌ നാരായണനെ പിന്തിരിപ്പിച്ചുവെന്നും സിനിമ പറയുന്നുണ്ട്‌. അവിടെനിന്നിറങ്ങിയ ശ്രീനാരായണന്‍ പിന്നീട്‌ ഭുതമില്ലാത്ത ഗുരുവാണ്‌. പഞ്ചേന്ത്രിയങ്ങളടക്കിയ യതിയെ ലോകക്ഷേമോത്സുകനാക്കിയ നളിനിയെന്ന ആത്മസ്ഥൈര്യവതിയായ പെണ്ണിനെ ആശാന്‍ പിന്നീട്‌ ഭാവനചെയ്തതും ഇവിടെ ഓര്‍മിക്കണം. മറിച്ച്‌ ജനനിബിഡമായ ലോകത്താണ്‌ ഗുരുവിന്റെ സഞ്ചാരങ്ങള്‍ മുഴുവന്‍. അകം മാത്രമല്ല ജനനിബിഡമായ ഈ പുറംകൂടിയാണ്‌ നാരായണനെ ഗുരുവാക്കിയതെന്നു സാരം.ഈ ഭൂതവര്‍ത്തമാനങ്ങളെയാണ്‌ സിനിമ മായ്ച്ചുകളയുന്നത്‌. കരസ്പര്‍ശത്താല്‍ വള്ളം ചലിപ്പിച്ചു ചാകരകൊയ്യിച്ചും കോരനെ മരണനിദ്രയില്‍നിന്നുയിര്‍പ്പിച്ചും രോഗശാന്തി വരുത്തിയും പുലിയെ മയക്കിയും യേശുവും തച്ചോളി ഒതേനനനുമെല്ലാം ഒരുമിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും ഗുരുവില്‍ പകര്‍ന്നാടുന്നു. മിശിഹായും മന്ത്രവാദിയുമായി ആടപുലിയാട്ടം നടത്തുന്നു സിനിമയിലെ ഗുരു. ഇങ്ങനെ ഭൂതത്തെ മായ്ച്ചെഴുതി, വര്‍ത്തമാനത്ത നിഗൂഢമാക്കി, ഈ ഗുരു ചരിത്രത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ പുരാവൃത്തങ്ങളുടെ മാസ്മരവിഭ്രമലോകത്തേക്ക്‌ ഒഴുകിനീങ്ങുന്നു. ഗുരുവിന്റെ ഭൂതവര്‍ത്തമാനങ്ങളെ അലൌകികതയുടെ അടയാളങ്ങള്‍കൊണ്ട്‌ മോര്‍ഫ്‌ ചെയ്യുമ്പോള്‍ വാസ്തവത്തില്‍ മനുഷ്യന്റെ ഇച്ഛാശക്തിയിലും കര്‍മശേഷിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ്‌ സിനിമ. ചരിത്രത്തിന്റെ തന്നെ ചിഹ്നങ്ങള്‍കൊണ്ട്‌ ചരിത്രത്തെ കെട്ടുകഥയാക്കി ചരിത്രചാലനത്തിനുപിന്നിലെ മനുഷ്യബന്ധങ്ങളെയും മനുഷ്യശക്തിയെയും പരിഹസിച്ച്‌ തരംതാഴ്ത്തുന്നു എന്നു പറയാം. ഇത്‌ അതിമാനുഷര്‍ മാത്രമുള്ള ഫാഷിസത്തിന്റെ മായാബസാറല്ലാതെ മറ്റെന്താണ്‌?

വൈകുണ്ഠരും അയ്യാവും ചട്ടമ്പിസ്വാമിയും പല്പുവും ആശാനും അയ്യങ്കാളിയും അയ്യപ്പനും കോളനീകരണവും മലയാളി,ഈഴവമെമ്മോറിയലുകളുമുള്‍പ്പെടുന്ന വൈവിധ്യ,വൈരുധ്യാത്മകങ്ങളായ ഉപാദാനങ്ങളില്‍ നിന്ന്‌ ഓരോ ചരിത്രഘട്ടവും അവയ്ക്കാവശ്യമായ ചരിത്രവ്യക്തിത്വങ്ങളെ നിര്‍മിച്ചെടുക്കുകയാണ്‌. എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്റ്റും ഇടതു,കീഴാളപ്രസ്ഥാനങ്ങളും വര്‍ത്തമാനസന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്നതും അവശ്യമായതുമായ ഗുരുപരമ്പരകളെത്തന്നെ നിര്‍മിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട്‌ ഗുരു ഒന്നല്ല. അനേകതയാണ്‌. ഗുരു ഒരേസമയം നവോത്ഥാനത്തിന്റെ കാരണവും നവോത്ഥാനത്തിന്റെ നിര്‍മിതിയുമാണ്‌. ഇതില്‍നിന്ന്‌ ഒരു ദിവ്യപുരുഷനെയാണ്‌ എസ്‌.എന്‍.ഡി.പിയുള്‍പ്പെടുന്ന ജാതിസംഘത്തിനാവശ്യം. ഈയാവശ്യം വ്യാവഹാരികമായി നിര്‍മിച്ച്‌ സൌന്ദര്യാത്മകമായി സാധൂകരിക്കുന്ന പ്രത്യയശാസ്ത്രധര്‍മമാണ്‌ യുഗപുരുഷന്‍ നിര്‍വഹിക്കുന്നത്‌.

ജാതിശരീരം, ദിവ്യശരീരം

നാം കേവലം ശരീരങ്ങളല്ലല്ലോ എന്ന്‌ സിനിമയില്‍ ഒരു സന്ദര്‍ഭത്തില്‍ ഗുരു പറയുന്നുണ്ട്‌. തീണ്ടായ്മയെക്കുറിച്ചുള്ള ഒരു സംവാദത്തിന്റെ സന്ദര്‍ഭത്തിലാണ്‌ ഈ പ്രസ്താവം.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ
ലവനിയിലാദിമമാമൊരാത്മരൂപം
അവനവനാത്മസുഖത്തിന്നാചരിക്കുന്നവ
യപരന്നുസുഖത്തിനായ്‌ വരേണം
ഇതിന്റെ പൂര്‍വാര്‍ധം ശരീരത്തിന്റെയും തന്മയുടെ തന്നെയും ആധ്യാത്മികതയിലൂന്നുമ്പോള്‍ ഉത്തരാര്‍ധം ഇവയുടെ സാമൂഹികതയിലും ചരിത്രാത്മകതയിലുമൂന്നുന്നു. മനുഷ്യന്‍ കേവലസത്തകളല്ലെന്നും സാമൂഹികബന്ധങ്ങളുടെ സന്ദര്‍ഭത്തില്‍ നിര്‍ണയിക്കപ്പെടുന്ന കര്‍ത്തൃപദവികളുടെ സമഗ്രതയാണെന്നും മാര്‍ക്സിയന്‍ നിരീക്ഷണം ഓര്‍മിക്കുക. ഓരോരുത്തരും അവനവന്‌ എന്നതുപോലെ മറ്റുള്ളവര്‍ക്കുംവേണ്ടി ജീവിക്കുമ്പോഴാണ്‌ മനുഷ്യനും സമൂഹവും രൂപപ്പെടുന്നത്‌. അല്ലാത്തവേളയില്‍ അതു വെറും പറ്റം മാത്രം. ഈ സാമൂഹികതയാണ്‌ മനുഷ്യരെ യുഗപുരുഷന്മാരാക്കുന്നത്‌. അതായത്‌ യുഗപുരുഷന്‍ സാമൂഹികവും ചരിത്രാത്മകവുമായി ഉരുവപ്പെടുന്ന കര്‍ത്തൃപദവിയാണ്‌. അങ്ങനെ, വ്യക്തികള്‍ എന്നതുപോലെതന്നെ നാരായണഗുരു എന്നതും കേവലശരീരമോ പേരോ അല്ല എന്നുവരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ചരിത്രബന്ധങ്ങള്‍ രൂപപ്പെടുത്തിയ കീഴാളജനതയുടെ സ്വാതന്ത്ര്യേച്ഛയാണ്‌ ഗുരു. അതായത്‌ മനുഷ്യേച്ഛയുടെ നിര്‍മാണസിദ്ധിക്ക്‌ ചരിത്രത്തിലെ വിളിപ്പേരാണ്‌ യുഗപുരുഷന്‍ എന്നും പറയാം.

മേല്‍സൂചിപ്പിച്ച ശരീരബന്ധങ്ങളുടെ പരിണാമമൂഹൂര്‍ത്തമായും യുഗപുരുഷപദവി വിശേഷിപ്പിക്കാം. ജാതിശരീരങ്ങള്‍ വ്യക്തിശരീരങ്ങളായി മാറുന്ന ചരിത്രത്തിന്റെ സംക്രമണസന്ദര്‍ഭമാണ്‌ ശ്രീനാരായണനെ ഗുരുവും യുഗപുരുഷനുമാക്കുന്നത്‌. അത്‌ ചരിത്രപരമായി, നാടുവാഴിഘടനയില്‍നിന്ന്‌ മുതലാളിത്തആധുനികതയിലേക്കുള്ള പരിണാമമുഹൂര്‍ത്തവമാണ്‌. കേരളീയസന്ദര്‍ഭത്തില്‍ അത്‌ കൊളോണിയല്‍ ആധുനികതയുടെ ചരിത്രമാണ്‌. അതായത്‌ കോളനീകരണവും വൈകുണ്ഠരും അയ്യാവുമെല്ലാമുള്‍പ്പെടുന്ന പാരമ്പര്യവും പല്‍പ്പുവും അയ്യങ്കാളിയും ആശാനുമെല്ലാമുള്‍പ്പെടുന്ന വര്‍ത്തമാനവും ഒരുമിച്ചുരുകി ഗുരുവായി മാരുകയാണ്‌. അതുകൊണ്ട്‌ ചരിത്രത്തില്‍ നായകരില്ല മനുഷ്യരേയുള്ളു. ഇവരുടെ ഇച്ഛകള്‍ അണമുറിയാതെ ഒഴുകിയൊരുമിക്കുമ്പോള്‍ ആ മുഹൂര്‍ത്തത്തിന്‌ ഒരു മനുഷ്യച്ഛായ കൈവരുന്നു. അങ്ങനെ ചരിത്രം വ്യക്തികളിലൂടെ സഞ്ചരിക്കുകയും വെളിപ്പെടുകയും ചെയ്യുന്നു എന്നു പറയാം.
ചരിത്രത്തിലെ ഈ നിയാമകങ്ങളെയെല്ലാം മൃതപശ്ചാത്തലം മാത്രമാക്കി വെട്ടിയൊതുക്കി, ആത്മസംഘര്‍ഷഭരിതമനുഷ്യനെന്ന നാട്യത്തില്‍, പ്രതിഭാശാലിയും പ്രഭാവലയിതനുമായ ദിവ്യപുരുഷനെ നിര്‍മിച്ചെടുക്കുവാനുള്ള വ്യവഹാരക്രമീകരണമാണ്‌ യുഗപുരുഷന്റെ ഒരു മുഖം. ദുരവസ്ഥയും നളിനിയും ചണ്ഡാലഭിക്ഷുകിയുമെല്ലാം ഈ നിലമൊരുക്കലിന്‌ സാംസ്കാരികോപാദാനങ്ങളായി സിനിമയില്‍ തൂത്തുകൂട്ടിയിട്ടുണ്ട്‌. ചരിത്രമോ ചരിത്രത്തിന്റെ ഡോക്യുമെന്റേഷനോ അല്ല സിനിമയെന്ന ഉല്‍പാദകന്റെ അടിക്കുറിപ്പ്‌ അഥവാ പരസ്യവാക്യം ഈ സൌന്ദര്യവല്‍ക്കരണശ്രമം മറച്ചുപിടിക്കാനുള്ള മൂടുപടമെന്നുതന്നെ കരുതേണ്ടിവരുന്നു. മാന്ത്രികതയും അലൌകികസിദ്ധികളുമുള്ള പ്രതിഭാസമായി ഗുരു ഭാവനചെയ്യപ്പെടുന്നതങ്ങനെയാണ്‌. ചിത്രകഥകളിലും മതഗ്രന്ഥങ്ങളിലും അവതരിക്കുന്ന നടക്കുംഭൂതത്തിന്റെ ഛായാവൃത്തികള്‍ ഗുരുവിന്റെ യുഗപരുഷത്തനിര്‍മിതിക്കുള്ള വ്യവഹാരങ്ങളായി സിനിമയില്‍ നിരക്കുന്നത്‌ ഈ പ്രകരണത്തിലാണ്‌. അങ്ങനെ മറ്റൊരു മിശിഹാചരിത്രം കൂടി എഴുതപ്പെടുന്നു.
ഇതിന്‌ മതാത്മകവും രാഷ്ട്രീയവുമായ കാരണങ്ങള്‍ നിരവധിയുണ്ട്‌. ഇത്തരം ശ്രമങ്ങള്‍, എന്തുതന്നെയായാലും മനുഷ്യനെ അവിശ്വസിക്കുന്ന ലോകബോധത്തിന്റെ അടിത്തറയുറപ്പിക്കുന്ന ആവിഷ്കാരങ്ങളാണവ. ഗുരുവെന്ന മനുഷ്യനെ അവിശ്വസിക്കുകയും അദ്ദേഹത്തിന്റെ മാന്ത്രികസിദ്ധികളില്‍ വ്യാമുഗ്ധമാവുകയും ചെയ്യുമ്പോള്‍ മനുഷ്യനിലുള്ള അവിശ്വാസത്തെ സൌന്ദര്യവല്‍ക്കരിക്കുകയാണ്‌ യുഗപുരുഷന്‍. മൌലികമായി മനുഷ്യനില്‍ അവിശ്വാസം പ്രചരിപ്പിച്ചുകൊണ്ടാണ്‌ എല്ലാ മതങ്ങളും-ഫാഷിസംതന്നെയും- ചരിത്രത്തെ ചിലപ്പോഴെങ്കിലും കീഴടക്കിയിട്ടുള്ളത്‌. വാസ്തവത്തില്‍ ശ്രീനാരായണന്‍ എന്നത്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരപാദത്തിലെ മുഴുവന്‍ സ്വാതന്ത്ര്യവ്യവഹാരങ്ങളുടെയും പേരാണല്ലോ.

ഈഴവശിവന്‍

എസ്‌.എന്‍.ഡി.പി എന്ന ജാതിസംഘടന ഇന്ന്‌ ആഭ്യന്തരയുദ്ധത്തിന്റെ അഗ്നിപര്‍വതമുഖത്താണ്‌ അന്തിയുറങ്ങുന്നത്‌. ഈ യുദ്ധം ജയിക്കുവാന്‍ ജാതീയതയെ സാധൂകരിക്കുന്ന മിശിഹാ അവതരിച്ചേ ഒക്കു. മലബാറിലെ തീയ്യനെപ്പോലെ ജാതീയതയുടെ ആദിരൂപമായ ഈഴവശിവന്‍ ഈ പ്രത്യയശാസ്ത്രലക്ഷ്യം നിര്‍വഹിക്കുന്നു. എന്നാല്‍ ഗുരുവിനെക്കുറിച്ചുള്ള രേഖാങ്കിതയാഥാര്‍ഥ്യങ്ങളെ വെറുതെ എഴുതിത്തള്ളാനുമാവില്ല. അപ്പോള്‍ ഇതു പരിഹരിക്കാന്‍ ആത്മസംഘര്‍ഷത്തിന്റെ ഒരു മുഖം കൂടി ഗുരുവിനു ചാര്‍ത്തേണ്ടിവരുന്നു. അങ്ങനെയാണ്‌ ഈഴവനായ യുഗപുരുഷന്‍ ആത്മസംഘര്‍ഷങ്ങളില്‍ ഉരുകുന്ന ചിത്രം സിനിമയുടെ മുഖചിത്രമായി വരുന്നത്‌. ക്രിസ്തു, നബി, ബുദ്ധന്‍ എന്നിങ്ങനെ യുഗപുരുഷന്മാരെല്ലാം പൊതുവായി പങ്കിടുന്ന അനുഭവമായി ഈ ആത്മസംഗരത്തെ സാധാരണീകരിക്കുകയുമാവാം.
അരുവിപ്പുറത്ത്‌ ഗുരു പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെയായിരുന്നുവെന്ന്‌ സിനിമ കണ്ടെത്തുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. തീയ്യന്‍ എന്ന ഈഴവപുരാവൃത്തത്തെ ഓര്‍മിക്കുക. മലബാറിലെ തീയ്യജനതയുടെ ആദിപ്രരൂപമായി ദിവ്യന്‍ എന്ന ശിവചൈതന്യം കടന്നുവരുന്നു. കീഴായ്മയുടെ നൃശംസതകളില്‍ നിന്നു സ്വയം രക്ഷ നേടുവാന്‍ തീയ്യജനത ശിവസംഭവനില്‍ തങ്ങളുടെ ആദിപ്രരൂപം കണ്ടെത്തുന്നു. അങ്ങനെ ജാതീയകീഴായ്മയെ ഭാവനാത്മകമായി പ്രതിരോധിക്കുകയും തന്മയുടെ വിശുദ്ധി സ്ഥാപിച്ചെടുക്കുകയുമാണ്‌ ഈ പുരാവൃത്തനിര്‍മിതിയിലൂടെ. ഇതിന്റെ ആധുനിക തുടര്‍ച്ചയാണ്‌ ഈ പുതിയ ഈഴവയുഗപുരുഷന്‍. സിനിമയില്‍ നിന്നു കാണുക.

അരുവിപ്പുറംപ്രതിഷ്ഠ കേട്ടറിഞ്ഞ്‌ ക്ഷുഭിതരായെത്തിയ നമ്പൂതിരിമാര്‍ ഗുരുവിനെ ചോദ്യം ചെയ്യുന്നു. ശിവപ്രതിഷ്ഠ നടത്തുവാന്‍ ഈഴവന്‌ ആരധികാരം നല്‍കിയെന്ന്‌ അവര്‍ രുഷ്ടരാവുന്നു. ഗുരുവിന്റെ ക്ലാസിക്‌ മറുപടി ഈ സന്ദര്‍ഭത്തിലാണ്‌. അദ്ദേഹം പറയുന്നു: ഞാന്‍ ഈഴവശിവനെയാണ്‌ പ്രതിഷ്ഠിച്ചതെന്ന്‌ കരുതിക്കോളൂ. അല്ലെങ്കിലും വിശ്വം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ശക്തിയുടെ മേല്‍ ആര്‍ക്ക്‌ അവകാശം? ആര്‍ക്ക്‌ അധികാരം? ഈ മറുപടിയില്‍ സ്തംഭിച്ചുപോയ നമ്പൂതിരിമാര്‍ ഗുരുവിനെ വണങ്ങി നിശ്ശബ്ദരായി മടങ്ങുന്നു. പില്‍ക്കാലത്ത്‌ മനുഷ്യനാക്കാന്‍ ശ്രമിച്ച്‌ വി.ടി.ഭട്ടതിരിപ്പാട്‌ തോറ്റൊടുങ്ങിയ ആ ഭൂദേവന്മാരെ ഇങ്ങനെ അസ്തപ്രജ്ഞരും വിനയവാന്മാരുമാക്കുവാന്‍ പോന്ന എന്തു മാജിക്കാണ്‌ ആ വാക്കുകളിലുണര്‍ന്നത്‌? അല്ലെങ്കില്‍ത്തന്നെ ഇത്തരം അര്‍ഥസാധ്യതകള്‍ അപരിചിതമായിരുന്നതുകൊണ്ടാണോ അയിത്തവും ജാതിമേധാവിത്തവും ഇത്രനാള്‍ പുലര്‍ന്നുപോന്നത്‌? അല്ല എന്നുതന്നെയാണുത്തരം. അപ്പോള്‍ സാമാന്യബുദ്ധിക്കു നിരക്കാത്തവിധമുള്ള ഗുരുവിലെ അലൌകികതയാണ്‌ അവരെ ദാസന്മാരാക്കി അടക്കുന്നത്‌. മറിച്ചു കരുതാനുള്ള സാധ്യതകള്‍ സിനിമയില്‍ മഷിയിട്ടുനോക്കിയാലും എള്ളോളമില്ല കണ്ടുപിടിക്കാന്‍. അതായത്‌ ഗുരുവില്‍ ദിവ്യത്വമുറപ്പിച്ച്‌ ഈഴവയുഗപുരുഷനാക്കാന്‍ കണ്ടെത്തിയ മറ്റൊരു ദൃശ്യസന്ദര്‍ഭം മാത്രമായി അരുവിപ്പുറം പ്രതിഷ്ഠയെന്ന ചരിത്രവിസ്ഫോടനത്തെ സിനിമ മലിനപ്പെടുന്നു.ചരിത്രത്തിനുമേലുള്ള കുറ്റകൃത്യമാണിത്‌.

ഇനി മറ്റൊരു വഴിയും ആലോചിക്കാം. മുമ്പോട്ട്‌ കാലം കടന്നുപോയീടാതെ മുമ്പേ സ്മൃതികളാല്‍ കോട്ടകെട്ടി വമ്പാര്‍ന്നനാചാരമണ്ഡലഛത്രരായ്‌ നമ്പൂരാര്‍ വാണ ഭ്രാന്തന്‍കോട്ടകളെ സൂക്ഷ്മതരമായ ഭൌതികബോധ്യങ്ങളും മുനകൂര്‍ത്ത ആധുനികയുക്തിയുംകൊണ്ട്‌ അടിപിളര്‍ത്തിയ മനുഷ്യശക്തിയാണ്‌ നാരായണഗുരു. ഗുരുവിന്റെ ഈ അഗ്നിതിളയ്ക്കുന്ന വ്യക്തിതീക്ഷ്ണതയ്ക്ക്‌ ചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത സന്ദര്‍ഭങ്ങള്‍ ഉദാഹരിക്കാം.

ചെങ്ങന്നൂരില്‍ ഗുരു വിശ്രമിക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഒരു ഭീമാകായന്‍ കോമരം ഉറഞ്ഞുതുള്ളി ഗുരുവിന്റെ അടുത്തെത്തി. ധാരാളം മനുഷ്യര്‍ ചുറ്റും കൂടി. അപ്പോള്‍ കോമരം ഗുരുവിനോട്‌ ചോദിച്ചു: ഞാന്‍ ആരാണെന്നറിയുമോ? ഗുരു: കണ്ടിട്ട്‌ ഒരു തടിമാടനാണെന്നു തോന്നുന്നു. കോമരം: എന്ത്‌? പരിഹസിക്കുന്നോ? പരീക്ഷ വല്ലതും കാണണോ? ഗുരു (മന്ദഹാസത്തോടെ): ആ വായില്‍ പല്ലൊന്നു കണ്ടാല്‍ കൊള്ളാം. കോമരവും അടുത്തു നിന്നവരും ചിരിച്ചുപോയി.

അത്രമേല്‍ ലൌകികനും സൂക്ഷ്മവേധിയുമായിരുന്ന നാരായണഗുരു ഈഴവശിവനെയാണ്‌ പ്രതിഷ്ഠിച്ചതെന്ന പ്രസ്താവം ഗുരുവിന്റെ കേവലം സിനിക്കായ പ്രസ്താവങ്ങളില്‍ ഒന്നാണെന്ന്‌ എം.കെ. സാനു ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എന്താണ്‌ വാസ്തവം? ഇതിന്റെ സാധ്യതയെന്താണ്‌? ചരിത്രത്തിലും സിനിമയിലും ഇതിന്‌ വ്യത്യസ്ത ധര്‍മമാണുള്ളത്‌. ഇത്‌ ഗുരുവിന്റെ ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രസ്താവമല്ല. മറ്റു സന്ദര്‍ഭങ്ങളുമായി ചേര്‍ത്തുവച്ചുകൊണ്ടു മാത്രമേ ഇതിന്റെ അര്‍ഥം വിശദീകരിക്കാനാവൂ, വിശിഷ്യ സിനിമയില്‍. അര്‍ഥം,യാഥാര്‍ഥ്യം,സത്യം തുടങ്ങിയവ പ്രകരണനിഷ്ഠമാണ്‌. ബന്ധങ്ങളുടെ സന്ദര്‍ഭത്തില്‍ മാത്രമേ ഇവ നിര്‍വചിക്കാനാവൂ.

സിനിമ ഗുരുവിനെ അലൌകികസിദ്ധികളുടെ അത്ഭുതമൂര്‍ത്തിയാക്കാന്‍ കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌ ഈ സന്ദര്‍ഭത്തോട്‌ ഇണക്കിവായിക്കാം. മരിച്ചവന്‌ പുനര്‍ജന്മം നല്‍കുക, കൈ താങ്ങി വള്ളം കടലിലിറക്കുക, കുഷ്ടരോഗിയെ സുഖപ്പെടുത്തുക, പുലിയില്‍ നിന്ന്‌ ആളെ രക്ഷിക്കുക (ജീവശാസ്ത്രത്തിന്റെ വ്യാജയുക്തി ഇതിനായി നിരത്തുന്നുമുണ്ട്‌), കണ്ണീരുകൊണ്ട്‌ മഴപെയ്യിക്കുക എന്നിങ്ങനെ നീളുന്നു അത്‌. ദിവ്യാത്ഭുതങ്ങളുടെ ഈ പ്രകരണത്തോട്‌ വര്‍ത്തമാന ഈഴവരാഷ്ട്രീയം കൂടി ചേര്‍ത്തുവയ്ക്കുക. ഈഴവമഹാറാലി, പലിശരാജ തുടങ്ങിയ മിമിക്സ്പരേഡുകളാല്‍ കേരളം ഉത്സവത്തിമിര്‍പ്പിലാറാടുന്ന ദൃശ്യവും കൂട്ടിവായിക്കുമ്പോള്‍ യുഗപുരുഷന്റെ ഈ വാക്കുകള്‍ക്ക്‌ അര്‍ഥം വെളിവായിവരുന്നു. അത്‌ കണിശമായും, നവോത്ഥാനചരിത്രം നിരന്തരം പ്രതിരോധിച്ചുകൊണ്ടിരുന്ന ഈഴവശിവനെന്ന പുരാവൃത്തത്തിന്റെ നിര്‍മിതിയും സാധൂകരണവും തന്നെ. അങ്ങനെ ഈഴവശിവനെന്ന യുഗപുരുഷന്‍ ഉദിച്ചുവരുന്നു. കേരളീയ നവോത്ഥാനത്തിന്റെ ഏകമൂലമായ ഈഴവയുഗപുരുഷന്‍!

സൂത്രനും ഷേരുവും

മലയാളത്തില്‍ ബാലരമയിലൂടെ പ്രസിദ്ധരായ കഥാപാത്രങ്ങളാണ്‌ സൂത്രനും ഷേരുവും. ഇരുവരും ഉറ്റ ചങ്ങാതിമാര്‍. സൂത്രന്‍ ബുദ്ധിമാനായ കുറുക്കനും ഷേരു ബുദ്ധിയില്‍കുറവുള്ള കടുവയുമാണ്‌. ഇരുവരുടെയും പേടിസ്വപ്നമാണ്‌ കടിയന്‍ എന്നു പേരുള്ള സിംഹം. കടിയന്‍ ഒരിക്കല്‍ തന്റെ കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ സൂത്രനെ ചുമതലയേല്‍പിച്ചു. മാനത്ത്‌ കാടുണ്ടോ എന്ന വികൃതിയായ സിംഹക്കുട്ടിയുടെ ചോദ്യത്തിന്‌, ഒരുകാലത്ത്‌ മാനത്ത്‌ കാടുണ്ടായിരുന്നുവെന്നും കാട്ടുതീയില്‍ അതു നശിച്ചുപോയി എന്നും അതിന്റെ പുകയാണ്‌ ഇക്കാണുന്ന മേഘമെന്നും സൂത്രന്‍ മറുപടി നല്‍കി. ഇത്‌ കേട്ട്‌ ഷേരു അത്ഭുതപരതന്ത്രനായി, ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ സൂത്രാ. സൂത്രനിതൊക്കെ എങ്ങനെ അറിയുന്നു? എന്ന്‌ സൂത്രനുമുമ്പില്‍ വിസ്മയവിനീതനായി കുമ്പിടുന്നു.

ഈ സന്ദര്‍ഭം ഓര്‍മപ്പെടുത്തുന്നു സിനിമയില്‍ ഗുരുവിനു മുമ്പില്‍ മൌനികളും ആനമ്രശീര്‍ഷരുമായി നില്‍ക്കുന്ന പല്‍പ്പു, ആശാന്‍, അയ്യങ്കാളി,അയ്യപ്പന്‍ പ്രഭൃതികള്‍. ബാംഗ്ലൂരില്‍ വച്ച്‌ വിവേകാനന്ദനെ കണ്ടു എന്ന പല്‍പ്പുവിന്റെ പ്രസ്താവത്തെ പൂര്‍ണമാവും മുമ്പു തന്നെ, നമ്മുടെ പേരില്‍ സംഘം തുടങ്ങുവാനും ഉപദേശിച്ചു അല്ലെ? എന്ന്‌ മുറിച്ചിടുന്നു. പല്‍പ്പുവിന്റെ മുഖം മങ്ങുന്നത്‌ അപ്പോള്‍ ഒരു സമീപദൃശ്യമാണ്‌. പല്‍പ്പു പ്രഭൃതികളും ഗുരുവും തമ്മിലുള്ള ലോകബോധത്തിലെ മാത്രമല്ല ലക്ഷ്യങ്ങളിലെയും വൈരുധ്യം അങ്ങനെ വെളിപ്പെടുന്നു. ഇവര്‍ തമ്മിലുള്ള അഗണ്യമായ അലയകലവും ഈ മുഹൂര്‍ത്തം മറയ്ക്കാനാവാത്തവിധം തുറന്നിടുകയാണ്‌. ഗുരുവും ഇവരും തമ്മില്‍ താരതമ്യമില്ല. ഇവരത്രയും അനുസരണയുള്ള നല്ല കുട്ടികള്‍ മാത്രം. അതായത്‌ നവോത്ഥാനസന്ദര്‍ഭത്തില്‍ ഇവരുടേത്‌ ഒരു സൂത്രന്‍ ഷേരുബന്ധം മാത്രം.

മതവല്‍ക്കരണത്തിന്റെ പ്രവാചകയുക്തി

വര്‍ത്തമാന ഇന്ത്യയും കേരളം തന്നെയും നേരിടുന്ന സാംക്രമികമഹാരോഗങ്ങളില്‍ പ്രഥമവും പ്രധാനവുമാണ്‌ മതവല്‍ക്കരണം ജാതിവല്‍ക്കരണം എന്നീ സൌന്ദര്യവല്‍ക്കൃതരൂപങ്ങളില്‍ പ്രചരിച്ചുവരുന്നത്‌. സെമിറ്റിക്മതഘടനയും അതുവഴി കൈയടക്കിയ അക്രാമകമായ അമിതാധികാരത്തിന്റെയും സുഖാനുഭവങ്ങളുടെയും ഭൂഖണ്ഡവിസ്തൃതികളാണ്‌ സൂക്ഷ്മാര്‍ഥത്തില്‍ ഇവയുടെ അഭിലാഷമാതൃക. സുഘടിതമായ ആ മാതൃകയിലേക്ക്‌ ഇന്ത്യന്‍ജനതയെ കണ്ടെത്തി മെരുക്കി കീഴൊതുക്കുകയാണ്‌ ഇവയുടെ ലക്ഷ്യം. അക്രമത്തിന്റെ വഴിയല്ല, സൌന്ദര്യാത്മകതയുടെ മുഗ്ദ്ധമാര്‍ഗങ്ങളാണ്‌ ഈ മതവാദങ്ങളുടെ മുഖമുദ്ര. മാന്ത്രികസിദ്ധികള്‍ക്കിരിപ്പിടവും അലൌകികചേതനയുമായ, മനുഷ്യമുഖമുള്ള ദിവ്യപുരുഷന്മാര്‍ സെമിറ്റിക്മതങ്ങളുടെ വ്യാപാരമുദ്രയാണ്‌. സംഘടിതക്രിസ്തുമതത്തിലെ യേശുവിനെ ഇത്തരത്തില്‍ വിശിഷ്ടപുരുഷനെന്നു വിളിക്കാം. പുരുഷന്‍ എന്ന്‌ ഉറപ്പിച്ചുതന്നെ പറയണം. കാരണം അദ്ദേഹത്തിന്റെ ലോകത്ത്‌, അത്‌ ഐഹികമല്ലാതിരുന്നിട്ടുകൂടി, സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരെന്നു പറഞ്ഞ്‌ കഴുതകളായ കുറെ ആണുങ്ങളെ കൊണ്ടുനടന്ന സമയത്ത്‌, ആ ലോകത്തേയ്ക്ക്‌ പെണ്ണുങ്ങളെ പ്രവേശിപ്പിച്ചിരുന്നുവെങ്കില്‍ അവന്‌ ഇപ്പോള്‍ സംഭവിച്ചത്‌ ഇത്രവേഗം സംഭവിക്കില്ലായിരുന്നുവെന്ന്‌ (എന്തുണ്ടു വിശേഷം പിലാത്തോസേ) ദിവ്യപുരുഷന്മാരുടെ വാഗ്ദത്തലോകങ്ങള്‍, ജാതിയില്‍ താഴ്ത്തപ്പെട്ടവര്‍ക്കെന്നപോലെ പെണ്ണിനുമെതിരായിരുന്നുവെന്ന്‌ വര്‍ത്തമാനസന്ദര്‍ഭത്തില്‍ നഗ്നമാക്കപ്പെടുന്നത്‌ അത്രയൊന്നും രഹസ്യമായല്ല.

സെമിറ്റിക്മതങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും ചോദ്യംചെയ്യപ്പെടാത്ത അധികാരവുമെല്ലാം ആണ്‍കോയ്മയുടെ ഇത്തരം ഇടങ്ങളിലാണ്‌ പണിതുയര്‍ത്തി പരിപാലിക്കപ്പെടുന്നത്‌. ലോകത്തെയപ്പാടെ നിമിഷാര്‍ധംകൊണ്ട്‌ ഭസ്മീകരിക്കാന്‍പോന്ന അഗ്നികേന്ദ്രമാണ്‌ ഇത്തരം മതങ്ങള്‍. പഴയ ആര്യവംശവാദികളെപ്പോലെ ഒരു നിമിഷം ഇതിന്‌ മദമിളകുന്ന കാര്യം ഒന്നോര്‍മിച്ചുനോക്കുക, പിന്നെ സര്‍വം ഭസ്മാന്തം! അഥവാ !
ഇത്തരമൊരു സ്വപ്നലോകം നമ്മുടെ മത,ജാതിവാദികളില്‍ ത്രസിച്ചുനില്‍ക്കുന്നുണ്ട്‌. ഇന്ത്യയില്‍ സംഘകുടുംബം ഇതിനു മാതൃകയാണ്‌. കേരളത്തില്‍ എല്ലാ ജാതികളും കൂട്ടംചേര്‍ന്ന്‌ ജാതീയതയുടെ സ്വപ്നഭൂതസുവര്‍ണകാലം പണിതുയര്‍ത്തുതുടങ്ങിയിരിക്കുന്നു. ഇവയുടെയെല്ലാം മാതൃക സെമിറ്റിക്മതാധികാരമാണ്‌. ഈ സന്ദര്‍ഭത്തിലാണ്‌ ഈഴവയുഗപുരുഷന്‍ രാഷ്ട്രീയമായി നിര്‍വചിക്കപ്പെടുന്നത്‌. സെമിറ്റിക്മതഘടനയുടെ മാതൃകയില്‍ കര്‍ക്കശനിയമസംഹിതകളുള്ള മതഘടനയിലേക്ക്‌ ഈഴവസമുദായത്തെയും മാര്‍ഗംകൂട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ന്‌ കേരളത്തില്‍ വ്യാപകമാണ്‌. ജനനം, വിവാഹം, മരണം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ വികാരമര്‍മങ്ങളിലാണ്‌ ഇവ കൈവയ്ക്കുന്നത്‌. ഈ സന്ദര്‍ഭങ്ങളിലെല്ലാം കര്‍ക്കശമായ ജാതിച്ചിട്ടകള്‍ ബലാല്‍ക്കാരേണ ഏര്‍പ്പെടുത്തി മനസ്സുകളെയും മനുഷ്യബന്ധങ്ങളെയും പ്രാകൃതമാക്കുന്നു. ഈ നിയമങ്ങളനുസരിക്കാന്‍ മടിക്കുന്നവരെ ജാതിവിലക്കുകളും ഊരുവിലക്കുകളും കൊണ്ട്‌ കീഴൊതുക്കുവാനുള്ള ശ്രമങ്ങള്‍ എല്ലാ മറകളും നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ജാതിശരീരത്തില്‍നിന്ന്‌ വ്യക്തിശരീരത്തിലേക്ക്‌ നവോത്ഥാനം വിമോചിപ്പിച്ച മനുഷ്യനെ ജാതിശരീരത്തിലേക്ക്‌ മുറിച്ചടക്കുകയാണ്‌ ഇതിന്റെ ഫലം. ഇടതുപക്ഷക്കാര്‍ പോലും ഇതില്‍നിന്ന്‌ രക്ഷപെടുന്നില്ല. കേരളത്തിലങ്ങിങ്ങോളം മേല്‍കീഴ്ജാതികളെല്ലാം ഞായറാഴ്ചകളില്‍ തിരക്കിലാണ്‌. ഇപ്പറഞ്ഞമട്ട്‌ ജാതിവികസനത്തിന്‌ കുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടാനും വിലക്കേര്‍പ്പെടുത്തി ഭരിക്കാനുമുള്ള തിരക്ക്‌.

സെമിറ്റിക്മതങ്ങളിലേപ്പോലെ മനുഷ്യച്ചൂരില്ലാത്ത ദിവ്യപുരുഷന്മാരുടെ മൂലധനസാന്നിധ്യം ഇതിനാവശ്യമുണ്ട്‌. കേരളീയസന്ദര്‍ഭത്തില്‍ ഈ ജാതിവല്‍ക്കരണത്തിന്റെ സാധൂകരണയുക്തിയാണ്‌ ഈഴവയുഗപുരുഷന്‍. സിനിമ ചരിത്രത്തെനിര്‍മിക്കുന്ന സൌന്ദര്യയുക്തിയായിത്തീരുന്ന വഴികളിലൊന്നാണിത്‌. ചുരുക്കത്തില്‍ ആഭ്യന്തരകലാപത്തിന്റെ നെടുമോഹനിദ്രയില്‍ മദംപൊട്ടിനില്‍ക്കുന്ന ജാതിവേതാളങ്ങളുടെ കഴുത്തില്‍ കേരളത്തിലെ ജാതിപുരുഷന്‍ ജപിച്ചുകെട്ടിയ അത്ഭുതധനാകര്‍ഷണഭൈരവീയന്ത്രമാണ്‌ യുഗപുരുഷന്‍ എന്നു സംക്ഷേപിക്കാം.

Subscribe Tharjani |