തര്‍ജ്ജനി

സജിത മഠത്തില്‍

എം. സജിത, 629, 8th ബ്ലോക്ക്, ഇ.എം.എസ്.നഗര്‍,പാടൂര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 35

ഇമെയില്‍:sajitha.madathil@gmail.com
ബ്ലോഗ്:മത്സ്യഗന്ധി

Visit Home Page ...

വര്‍ത്തമാനം

'ജാനകി' ഒരു ഓര്‍മ്മപ്പെടുത്തലാണ്‌!


'ജാനകി' ഒരു പന്ത്രണ്ടുവയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഥയാണ്‌. തെരുവിന്റെ അപകടം പതിയിരിക്കുന്ന വളവുതിരിവുകളിലൂടെ ഒറ്റക്ക്‌ സഞ്ചരിക്കേണ്ടിവരുന്നവള്‍. അത്തരത്തിലുള്ള ലക്ഷക്കണക്കിനുവരുന്ന കുട്ടികളുടെ പ്രതിനിധി. ശേഖരന്‍മാമ എന്ന പഴയതലമുറയിലെ ഗാന്ധിയനാണ്‌, കുറച്ചുകാലം തെരുവുജീവിതത്തിനിടയില്‍ അവള്‍ക്ക്‌ അഭയം നല്കിയത്‌. അദ്ദേഹത്തിന്റെ മരണത്തോടെ അവള്‍ വീണ്ടും തെരുവിലേക്ക്‌. മദ്ധ്യവര്‍ഗ്ഗത്തിന്റെ ശാന്തമെന്നു നടിക്കുന്ന ഉപഭോഗജീവിതത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്‌ 'ജാനകി' തെരുവിന്റെ അനാഥത്വത്തിലേക്ക്‌, ആള്‍ക്കൂട്ടത്തിന്റെ അപരിചത്വത്തിലേക്ക്‌ നടന്നുപോകുന്നു. മാറിനിന്ന്‌ നമുക്കവളെ കാണാം, സഹതപിക്കാം, പിന്നെ ഒരിക്കലും അവസാനിക്കാത്ത തൃഷ്ണകളുടെ ലോകത്തേക്ക്‌ മടങ്ങിവരാം. നമ്മുടെ കുട്ടികളെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌ നമുക്ക്‌ ജാനകിയെന്ന അനാഥബാലികയുടെ നിസ്സഹായതയില്‍ പരിതപിക്കാം.
ജാനകിയുടെ അമ്മയായാണ്‌ ഞാന്‍ ഈ സിനിമയില്‍ വേഷമിട്ടത്‌. അവളുടെ ജീവിതത്തില്‍ ഒന്നും കാര്യമായി ചെയ്യാനാവാത്ത ഒരു അമ്മ. തെരുവിന്റെ ജീര്‍ണ്ണതയുടെ പങ്കുപറ്റി ജീവിക്കുന്നവള്‍. പെണ്ണായിക്കൊണ്ടിരിക്കുന്ന തന്റെ മകളുടെ നേരെ നീളുന്ന ഓരോ നോട്ടവും കാണുകയും, അസ്വസ്ഥപ്പെടുകയും, അവളുടെ പരിമിതമായ സാഹചര്യങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന ഒരമ്മ.

ജാനകിയിലേക്ക്‌ എം.ജി. ശശി എന്ന സംവിധായകന്‍ നടന്നുവന്ന വഴികളാണ്‌ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ അന്വേഷിക്കുന്നത്‌.

ചോദ്യം: ശശിയുടെ ജീവിതത്തില്‍ രാഷ്ട്രീയവും, നാടകവും, സിനിമയും ഒക്കെ കടന്നുവന്നു. ഇവയെ പരസ്പരം ബന്ധപ്പെടുത്തുന്നതെങ്ങിനെയാണ്‌?

രാഷ്ട്രീയത്തിനുമുമ്പുള്ള കാലത്ത്‌ എനിക്ക്‌ ഫുട്ബോളറാവാനായിരുന്നു ആഗ്രഹം. ഞാനതുപോലും എന്നിലെ പെര്‍ഫോര്‍മന്‍സുമായിട്ടാണ്‌ ബന്ധപ്പെടുത്തുന്നത്‌. എല്ലാ കലാകാരനും സ്വയം ആവിഷ്കരിക്കുവാനാണ്‌ ശ്രമിക്കാറ്‌. ഉത്തരം കണ്ടെത്തുക മാത്രമല്ല, തങ്ങളുടെ സന്ദേഹങ്ങള്‍കൂടിയാണ്‌ കലാകാരന്‍ ആവിഷ്കരിക്കുന്നത്‌. രാഷ്ട്രീയം എന്റെ ഇടമല്ലെന്ന്‌ ഞാന്‍ പതുക്കെ തിരിച്ചറിഞ്ഞു. എന്നാല്‍ അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നാടകം എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്‌. കലയും രാഷ്ട്രീയവും പരസ്പരം ബന്ധിപ്പിക്കുവാന്‍ എനിക്ക്‌ കിട്ടിയ ആദ്യ അവസരങ്ങള്‍കൂടിയായിരുന്നു അത്‌. ഇന്ന്‌ രാഷ്ട്രീയം കുറെക്കൂടി ഉള്‍ച്ചേര്‍ന്ന രീതിയിലാണ്‌ എന്റെ സിനിമകളില്‍ വരുന്നതെന്നുമാത്രം. ഇതില്‍ വ്യക്തിപരതയും, പൊളിറ്റിക്കല്‍ ക്രിട്ടിസിസവും ഉണ്ട്‌. സമൂഹത്തിന്റെ ഒരു പകുതിയെ തന്നെയാണ്‌ സംവിധായകന്‌ ഈ ജോലിക്കിടയില്‍ ഇടപെടേണ്ടിവരുന്നത്‌. ഇത്രയും മനുഷ്യരെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകണം. നല്ലതും ചീത്തയുമായുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇതിനിടയില്‍ സംഭവിക്കും. ഓരോ ആര്‍ട്ടിസ്റ്റും, ടെക്നീഷ്യനും നടത്തുന്ന സര്‍ഗ്ഗാത്മകസംഭാവനകളെ നെയ്തെടുത്ത്‌ പുതിയതൊന്ന്‌ സംവിധായകന്‍ സൃഷ്ടിക്കുമ്പോള്‍ അത്‌ സാഹിത്യത്തില്‍നിന്ന്‌ ഏറെ ദൂരം സഞ്ചരിച്ചിരിക്കും. ഈ യാത്രയാണ്‌ ഓരോ സിനിമയും എന്നു ഞാന്‍ കരുതുന്നു. ദൈവവിശ്വാസംപോലെ സമൂഹത്തിന്‌ മാറ്റം വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ പതുക്കെ ഇല്ലാതായി. ഇത്‌ കലങ്ങലിന്റെ കാലമാണ്‌. ജീവിക്കാനുള്ള ഇഷ്ടമാണ്‌ എനിക്ക്‌ സിനിമ. ഞാന്‍ യാദൃശ്ചികമായാണ്‌ സിനിമയില്‍ എത്തിച്ചേരുന്നത്‌. ഞാന്‍ വായിച്ച, ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളാണ്‌ എന്റെ സിനിമയിലൂടെ ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്‌.

ചോദ്യം: 'ഒളിച്ചേ കണ്ടേ' എന്ന ഹ്രസ്വസിനിമയിലും ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അല്ലെ?

അത്‌ തീര്‍ത്തും വ്യക്തിപരമായി എന്നെ ഏറെ ബാധിച്ച ഒരു അനുഭവത്തില്‍നിന്ന്‌ ഉണ്ടായതാണ്‌. വളര്‍ന്നുകൊണ്ടിരിക്കുന്ന, തങ്ങളുടെ ഏകപുത്രി നഷ്ടമാകുന്ന മാതാപിതാക്കളുടെ ദു:ഖവും, സാമൂഹ്യസ്ഥാപനങ്ങള്‍ ഇതിനോട്‌ കാണിക്കുന്ന കരുണയില്ലായ്മയുമായിരുന്നു 'ഒളിച്ചേ കണ്ടേ'യുടെ പ്രമേയം. ഇവിടെ ഞാനെന്റെ വ്യക്തിപരമായ അനുഭവത്തെ സാമൂഹ്യാനുഭവത്തോട്‌ ചേര്‍ത്തുവെക്കുകയായിരുന്നു. ബഷീറിന്റെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത 'മഹാത്മ'യിലും ഒരു പെണ്‍കുട്ടിയുടെ സംഘര്‍ഷഭരിതമായ ജീവിതം കാണാനാവും.

ചോദ്യം: ശശി കുട്ടികള്‍ക്കായി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്‌, എന്നാല്‍ 'കനവുമലയിലേക്ക്‌' എന്ന ഡോക്യുമെന്ററിയിലേക്ക്‌ എത്തുന്നത്‌ എങ്ങനെയാണ്‌?

കനവ്‌ എന്ന വിദ്യാലയവും, അവരുടെ വിദ്യാഭ്യാസസങ്കല്പവും എന്നെ ഏറെ സ്വാധീനിച്ചിരുന്നു. നമുക്ക്‌, നമ്മുടെ കുട്ടികള്‍ക്ക്‌ നഷ്ടപ്പെടുന്നതെന്ത്‌ എന്നറിയാനുള്ള, അവയെ ആവിഷ്കരിക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നു 'കനവുമലയിലേക്ക്‌'. ഞാന്‍ ഇതിനായി അവിടെ എത്തിയപ്പോള്‍ ബേബി ഏട്ടന്‍ എന്നോട്‌ ചോദിച്ചു. "മുഖ്യധാരാസമൂഹം ഞങ്ങളെ ഒരിക്കലും സഹായിച്ചിട്ടില്ല, പിന്നെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ എന്തിന്‌ ഉത്തരം പറയണമെന്ന്‌?" ഈ മുഖ്യധാരാസമൂഹത്തിന്‌ എന്തു നഷ്ടപ്പെടുന്നു എന്ന്‌ പറയാനാണ്‌ ഞാനിവിടെ ശ്രമിച്ചത്‌.

ഞാന്‍ ഭാരതപ്പുഴയുടെ തീരത്താണ്‌ താമസിക്കുന്നത്‌. കനവിലെ കുട്ടികള്‍ പരിപാടി അവതരിപ്പിക്കാന്‍ ഒരിക്കല്‍ ഇവിടെ വരികയുണ്ടായി. അവര്‍ ഭാരതപ്പുഴയില്‍ ഒന്നിച്ചു കുളിക്കാനിറങ്ങി. ചിലര്‍ അസ്തമയം നോക്കി നടന്നു. ഞാനെന്റെ കുട്ടികളെ രണ്ടുകയ്യിലും പിടിച്ച്‌ നില്ക്കുകയാണ്‌. കനവിലെ കുട്ടികള്‍ക്ക്‌ ഈ പുഴ അപരിചിതമായി തോന്നിയില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി ആരും ആരെയും വേര്‍തിരിച്ചില്ല. തലയെണ്ണി തലയെണ്ണി ആരും അവരെ വരിവരിയായി നടത്തിച്ചില്ല. അവര്‍ കുളിച്ചുകയറി, പുഴയെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും ഏറെ സംസാരിച്ചു. എന്റെ കുട്ടികള്‍ക്ക്‌ അപരിചിതമാകുന്നത്‌ അവരുടെ പരിസരങ്ങളാണെന്ന തിരിച്ചറിവില്‍നിന്നാണ്‌ 'കനവുമലയിലേക്ക്‌' ഞാനെത്തുന്നത്‌.

ചോദ്യം: 'ജാനകി'ക്ക്‌, ഇതിനുമുമ്പ്‌ ചെയ്ത വര്‍ക്കുകളുടെ തുടര്‍ച്ച കാണുന്നുണ്ടല്ലോ?

അതെ, 'മഹാത്മ', 'ഒളിച്ചേ കണ്ടേ', 'ജാനകി' എന്നിവക്ക്‌ പരസ്പരം ബന്ധമുണ്ട്‌. നമ്മള്‍ നമ്മുടെ കുട്ടികളെ സംരക്ഷണവലയത്തില്‍ നിര്‍ത്തുമ്പോള്‍, നിസ്സഹായരായ കുറെ കുട്ടികള്‍ അവരുടെ ജീവിതം ഒറ്റക്ക്‌ അനാഥമായി ജീവിച്ചുതീര്‍ക്കുന്നു. എന്റെ നാട്ടില്‍ ജാനകിയുടെ പ്രായത്തില്‍ ഒരു നാടോടിപ്പെണ്‍കുട്ടി വന്നു താമസിച്ചിരുന്നു. റോഡുപണിക്കായി വന്ന നാടോടിക്കുടുംബം. പഞ്ചായത്ത്‌ നമ്പറില്ലാത്ത, റേഷന്‍കാര്‍ഡില്ലാത്തവര്‍. അവളുടെ അനുജന്‍ എന്റെ കുട്ടികളുടെകൂടെ കളിക്കാറുണ്ട്‌. ഇടയ്ക്ക്‌ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ക്ഷണിക്കും. അവന്‍ അല്പം മടിയോടെ വന്നിരുന്ന്‌ കഴിക്കും. കനിമൊഴി എന്ന കൊച്ചുപെണ്‍കുട്ടിയുടെ വിവാഹവും ആഘോഷങ്ങളും നടന്നത്‌ റോഡരികില്‍വെച്ചു തന്നെയാണ്‌. രണ്ടുദിവസം കഴിഞ്ഞുകേള്‍ക്കുന്നത്‌ അവള്‍ ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ചാടി എന്നാണ്‌. അവള്‍ മരിച്ചിട്ടുണ്ടായിരുന്നില്ല. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്നു കേട്ടു. ആ കൊച്ചുപെണ്‍കുട്ടിയുടെ ജീവിതം നല്കിയ അസ്വസ്ഥതകളാണ്‌ 'ജാനകി' എന്ന സിനിമയുടെ ബീജം.

ചോദ്യം: ഒരു നടി എന്ന നിലയില്‍കൂടി ഞാന്‍ ജാനകിയുടെ ഭാഗമായിട്ടുണ്ടല്ലോ, എങ്ങിനെയാണ്‌ ഈ സിനിമയെടുക്കല്‍ സൌഹൃദത്തിന്റെ ആഘോഷമാക്കി മാറ്റുന്നത്‌?

സുഹൃത്തുക്കളുമായി നന്നായി കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാന്‍. മിക്കവാറും എന്റെ സിനിമാസംരംഭങ്ങളില്‍ നാട്ടിലെ കുറേപേര്‍ ഭാഗമാകാറുണ്ട്‌. ഒട്ടേറെ കാര്യങ്ങള്‍ സിനിമയുടെ സുഗമമായ നടത്തിപ്പിന്‌ സഹായിച്ചുകൊണ്ട്‌ അവര്‍ കൂടെ നില്ക്കുന്നു. ഞാന്‍ എന്റെ ഷൂട്ടിങ്ങിനെ ഒരു ആഹ്ലാദകരമായ ഇടപെടലായി കാണുന്നു. പല സ്വഭാവങ്ങളുള്ള, മുഖ്യധാരാ സിനിമകള്‍ ഞാന്‍ എടുത്തേക്കാം. പക്ഷെ എന്റെ സിനിമ നിര്‍മ്മിക്കുന്നരീതിയില്‍ മാറ്റം വരുമെന്ന്‌ തോന്നുന്നില്ല.

ചോദ്യം: കുട്ടികളെവെച്ച്‌ സിനിമയെടുക്കാന്‍ പ്രയാസമുണ്ടോ?

എനിക്ക്‌ നേരെ തിരിച്ചാണ്‌ തോന്നാറ്‌. പുതിയ ആളുകളെവെച്ചും, കുട്ടികളെവെച്ചും സിനിമയെടുക്കുന്നത്‌ നല്ല രസമാണ്‌. അവര്‍ ഒന്നും മനസ്സില്‍ നിറച്ചുവരുന്നില്ല. അവരെ അഭിനയിപ്പിച്ചെടുക്കാന്‍ എളുപ്പമാണ്‌. 'ജാനകി'യിലെ പ്രധാന കഥാപാത്രം അഭിനയിച്ച 'കൃഷ്ണ' ഒട്ടും പ്രതീക്ഷിക്കാത്തരീതിയിലുള്ള, ഗംഭീരമായ അഭിനയമായിരുന്നു കാഴ്ചവെച്ചത്‌. അവള്‍ മാനസികപിരിമുറുക്കമുള്ള സന്ദര്‍ഭങ്ങള്‍ അഭിനയിച്ച്‌ തീര്‍ന്ന്‌ ക്യാമറ കട്ട്‌ പറഞ്ഞാലുടന്‍ അതില്‍നിന്നു പുറത്തുകടക്കുന്നത്‌ പൊട്ടിച്ചിരിച്ചുകൊണ്ടാവും. അതായിരുന്നു അവള്‍ കണ്ടെത്തിയ ടെക്‍നിക്.... അതെനിക്ക്‌ നല്ലൊരു പാഠമായിരുന്നു. കുട്ടികളുടെ സംഘത്തെവെച്ച്‌ ഒരു നാടകവും 'ജാനകി' എന്ന സിനിമയില്‍ ഞങ്ങള്‍ ചെയ്യുകയുണ്ടായി. കുട്ടികളുടെ സംഘം ആ നാടകത്തെ രൂപപ്പെടുത്തുന്നതില്‍ ഒട്ടേറെ സംഭാവന ചെയ്യുകയുണ്ടായി.

ചോദ്യം: 'ജാനകി'യില്‍ കഥപറച്ചിലിന്റെ സ്വഭാവത്തെ ഇടക്കിടെ മുറിച്ച്‌ മാറിനിന്ന്‌ കാണുന്ന ഒരു രീതിയാണ്‌ കാണുക. 'അടയാള'ത്തിലും അങ്ങിനെയുണ്ട്‌ അല്ലെ?

നമ്മുടെ ജീവിതമൊന്നും ടശാു‍ഹല ചമൃൃ‍മശേ്ല‍ അല്ലല്ലോ. ഞാന്‍ സിനിമക്കകത്ത്‌ 'ഏലിയനേഷന്‍' കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. വികാരത്തിന്റെ തുടര്‍ച്ചയെ ഇടക്കിടെ മുറിച്ചുകൊണ്ട്‌, സിനിമക്കകത്ത്‌ യഥാതഥമായ സന്ദര്‍ഭങ്ങളില്‍നിന്ന്‌ മാറിനിന്ന്‌ കഥയേയും, കഥാപാത്രങ്ങളേയും നോക്കിക്കാണുന്നു. നന്തനാര്‍ 'അടയാള'ത്തില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെയും, സംവിധായകനും മറ്റുകഥാപാത്രങ്ങളും 'ജാനകി'യുടെ അനാഥത്വത്തെ മാറിനിന്നു കാണുന്ന കോമാളികളാവുന്നതിലൂടെയും ഞാന്‍ ശ്രമിച്ചത്‌ അതായിരുന്നു.

ഈ സംഭാഷണം ഇവിടെ അവസാനിക്കുമ്പോള്‍ എന്റെ മനസ്സ്‌ മകളായ ജാനകിയിലേക്ക്‌ വീണ്ടും തിരിച്ചുനടന്നു.

'ജാനകി'യുടെ തെരുവിലേക്കുള്ള യാത്രയില്‍ അവള്‍ക്ക്‌ തുണയായി കിട്ടുന്നത്‌ ശേഖരന്‍മാമ നല്കിയ മെതിയടികളാണ്‌. ഗാന്ധിസത്തിന്റെ ബാക്കിയിരിപ്പുപോലെ, സഹജീവികളോടു കാണിക്കേണ്ട സ്നേഹത്തെക്കുറിച്ച്‌ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മെതിയടികള്‍ നെഞ്ചിലേറ്റി അവള്‍ നടന്നുനീങ്ങുന്നു. ജാനകി- പുരാണത്തിലെ ജാനകിയല്ല, അവള്‍. മണ്ണിലേക്ക്‌ വീഴുംമുമ്പ്‌ അനാഥമായി ജീവിതം തള്ളിനീക്കേണ്ടിവരുന്ന ഒട്ടനവധി കുട്ടികളുടെ പ്രതിനിധി. അവള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്‌. ഈ നെറികെട്ട ലോകത്തില്‍ അവള്‍ക്ക്‌ തുണയാവാന്‍ ഈ മെതിയടിക്കാവുമോ? ഒട്ടേറെ ആശങ്കകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്‌ 'ജാനകി' നമുക്കുമുമ്പിലൂടെ നടന്നുനീങ്ങുന്നത്‌. കുറേ 'ജാനകി'മാരുടെ ജീവിതം ഇവിടെ ഇങ്ങനെ.... അതെ 'ജാനകി' ഒരു ഓര്‍മ്മപ്പെടുത്തലാണ്‌!

Subscribe Tharjani |