തര്‍ജ്ജനി

സുരേഷ് ഐക്കര

54,ഒന്നാം നില,
റവന്യൂ ടവര്‍,
തിരുവല്ല-689101
ഫോണ്‍: :9447595329
ബ്ലോഗ്:www.suresh-aykara.blogspot.com

Visit Home Page ...

കഥ

നിയതം സ്നേഹയോഗ്യ നീ

കൈതോലയില്‍ ഒറ്റക്കൈകൊണ്ട് കെട്ടിട്ടാല്‍ ജേക്കബ് സാറിന്റെ കയ്യ് അടിക്കാന്‍ പൊങ്ങുകില്ലെന്ന മന്ത്രവാദം ആദ്യമായി എനിക്കു പറഞ്ഞുതന്നത് പതിനേഴിലെ എലിസബത്താണ്. വടക്കേ പള്ളിക്കൂടത്തിലേക്കു പോകുന്ന വഴി വെമ്മേലിക്കാരുടെ വളവു തിരിയുന്നിടത്ത് വേലിക്കല്‍ കൈതക്കാടിന്റെ സമൃദ്ധിയുണ്ട്. അവിടെത്തിയപ്പോഴാണ് എലിസബത്ത് എന്നോടതു പറഞ്ഞത്.

വളരെ വിദഗ്ദ്ധമായി ഒരു മുള്ളുമുറിവുപോലുമുണ്ടാകാതെ അനായാസമായി അവള്‍ അതു ചെയ്തു കാണിച്ചു. എന്റെ പുസ്തകസഞ്ചി അവളെ ഏല്പിച്ച് ഞാനും ശ്രമം തുടങ്ങി. ഇടയ്ക്ക് അറിയാതെ മറ്റേകയ്യ് സഹായത്തിനായി പൊങ്ങിയപ്പോള്‍ അവള്‍ നീട്ടി മൂളി.
“ഒറ്റക്കൈകൊണ്ട്.....അല്ലെങ്കി ഫലമില്ല.”

കേട്ടെഴുത്തില്‍ സ്പെല്ലിംഗ് തെറ്റിയാല്‍ ജേക്കബ് സാറിന്റെ കാഞ്ഞിരവടി ഉള്ളംകയ്യില്‍ പതിക്കുമെന്നുറപ്പാണ്. പിന്നീടങ്ങോട്ട്, കൈതയില്‍ കെട്ടിടാന്‍ മറന്ന ദിവസങ്ങളില്‍ മാത്രമാണ് കാഞ്ഞിരക്കയ്പ് കൈവെള്ളയറിഞ്ഞത്.

നാലുവയസ്സിന്റെ വ്യത്യാസമേയുള്ളുവെങ്കിലും കുഞ്ഞനിയനെയെന്നപോലെ അവള്‍ എന്നെ ശ്രദ്ധിച്ചു. അമ്മയുടെ പ്രത്യേക നിര്‍ദ്ദേശവുമുണ്ടായിരുന്നു.

ഞാന്‍ ഉണരുന്നതിനു മുമ്പായി എലിസബത്ത് വടക്കേപ്പുറത്തെത്തി പാത്രങ്ങള്‍ കഴുകാന്‍ തുടങ്ങും. അവള്‍ മുറ്റമടിക്കുമ്പോഴായിരിക്കും മിക്കവാറും ഞാന്‍ എഴുന്നേറ്റു വരുന്നത്. തിടുക്കത്തില്‍ ജോലികള്‍ തീര്‍ത്ത് അമ്മ കൊടുക്കുന്ന പഴങ്കഞ്ഞി കല്ലുപുരയില്‍ കയറിയിരുന്ന് കഴിക്കും. ബാക്കിയുള്ളത് ചരുവത്തിലാക്കി വീട്ടിലേക്കു് കൊണ്ടുപോകും. രണ്ടനിയത്തിമാരും നട്ടെല്ലു തളര്‍ന്നുപോയ സാറപ്പെമ്പിളയും ഈ കഞ്ഞിവെള്ളവും പ്രതീക്ഷിച്ച് ചാണകം മെഴുകിയ തറയില്‍ ഓലപ്പഴുതിലൂടെ പുറത്തെ ചതുരക്കാഴ്ചകള്‍ നോക്കിയിരിക്കുന്നുണ്ടെന്ന് അവള്‍ക്കറിയാം.

കണ്ണുനീരിന്റെ ഉപ്പുനുണഞ്ഞ ചിരിയാണ് സദാ അവളുടെ മുഖത്ത്. പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ അമ്മയാണ് പണം കൊടുക്കുന്നത്. ഒഴിവുസമയങ്ങളില്‍ പ്ലാമ്മൂട്ടിലെ എണ്ണമില്ലില്‍ പോയി കൊപ്ര അരിഞ്ഞുകൊടുക്കും. വടക്കേകടവില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ച് മാത്തുമാപ്ലക്ക് വിറ്റതിന്റെ ബാക്കി കൂട്ടാന്‍ വെക്കാനെടുക്കും.

അവളുടെയും എന്റെയും പ്രധാന വിനോദം സിനിമാനോട്ടീസുകള്‍ ശേഖരിക്കുകയയിരുന്നു. പരസ്പരം ഒത്തുനോക്കി ഒരാള്‍ക്കില്ലാത്തത് മറ്റെയാള്‍ കൈമാറും. ആദ്യമായി ഒരു സിനിമാവണ്ടി ഞങ്ങളുടെ നാട്ടില്‍ വന്നത് സേതുബന്ധനത്തിന്റെ പരസ്യവുമായാണ്. നസീറിനെയും ജയഭാരതിയെയും കാളവണ്ടിയുടെ മൂടിയുടെ ഇരുവശവും ഉയര്‍ത്തിനിര്‍ത്തി കൃഷ്ണപ്പണിക്കരാശാന്റെ രണ്ടു ശിഷ്യന്മാര്‍ ചെണ്ടമേളം തകര്‍ക്കുന്നതു കേട്ടാണ് ഇടവഴിയിലേക്ക് ഞങ്ങള്‍ ഓടിയത്. വെള്ളക്കാളകളെ പൂട്ടിയ വണ്ടിയില്‍ ചാട്ടയും കയ്യില്‍വെച്ച് മീശക്കാരന്‍ ജോര്‍ജ്ജച്ചായന്‍ ഉറക്കംതൂങ്ങി കുലുങ്ങുന്നുണ്ടായിരുന്നു. പിന്നാലെ ഓടുന്ന കുട്ടികള്‍ക്കിടയിലേക്ക് കാളവണ്ടിയുടെ പിന്‍വാതിലില്‍ക്കൂടി നോട്ടീസുകള്‍ പറന്നുകളിച്ചു. അങ്ങനെയാണ് ഞങ്ങള്‍ക്ക് ആദ്യമായി ഒരു സിനിമാനോട്ടീസു് കിട്ടുന്നത്. കഥാസാരം ആവേശപൂര്‍വ്വം വായിച്ച് വെള്ളിത്തിരയില്‍ ബാക്കിയാവുന്ന ശേഷം ഭാഗങ്ങള്‍ ഞങ്ങള്‍ സങ്കല്പിക്കുകയും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുകയും ചെയ്യുമായിരുന്നു. സമ്മാനം, രാജഹംസം, ബാബുമോന്‍, രാഗം, മിനിമോള്‍, ചോറ്റാനിക്കര അമ്മ, വേളാങ്കണ്ണി മാതാവ്, ഇത്തിക്കര പക്കി, തുലാഭാരം ... അങ്ങനെയങ്ങനെ ഞങ്ങളുടെ ശേഖരം വര്‍ദ്ധിച്ചുവന്നു.

സി.വി.എം.പൊളിക്കുന്നതിനുമുമ്പ് അച്ഛന്‍ എന്നെ ഒരിക്കല്‍ മാറ്റിനി കാണിക്കാന്‍ കൊണ്ടുപോയി. എത്ര കാത്തിരുന്നിട്ടും കറന്റ്‌ വരാതിരുന്നതുകൊണ്ട് ടിക്കറ്റു വിതരണത്തിനുള്ള ബെല്‍ മുഴങ്ങിയില്ല. വേനലില്‍ ഒരു മഴ എന്ന സിനിമയാണെന്നു തോന്നുന്നു. അതിന്റെ കഥ എലിസബത്തിനോടെങ്ങനെ പറയും എന്ന വേവലാതി എന്നെ വല്ലാതെ കുഴക്കി. അവളോടു വീമ്പിളക്കി പുറപ്പെട്ടതാണ്. അന്ന് എന്നേക്കാള്‍ നിരാശ അവള്‍ക്കായിരുന്നു.

ഞാന്‍ കാണുന്ന സിനിമയുടെ കഥ അന്നുതന്നെ വൈകുന്നേരം വാഴത്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വരുന്ന എലിസബത്തിനോടു പറയും. നേരില്‍ കാണുന്നതുപോലെ ആ മുഖത്ത് ഭാവങ്ങള്‍ വിടരും. അവളെ സംബന്ധിച്ചിടത്തോളം അതൊരു ശബ്ദരേഖ തന്നെയായിരുന്നു. ഞാന്‍ കഥ പറയുമ്പോള്‍ അവള്‍ക്കതില്‍ അഭിനയിക്കാന്‍ വല്ലാതെ കൊതി തോന്നുന്നു എന്നു പറഞ്ഞു. എന്നിട്ട് ശാരദയുടെ അഭിനയം അനുകരിച്ചു കാണിക്കും. അവളുടെ ഇഷ്ടനടി ശാരദയായിരുന്നു.

ആനിവേഴ്സറിക്ക് എലിസബത്ത് പങ്കെടുത്ത ഒരു സംഗീതനാടകമുണ്ടായിരുന്നു. മൈക്കിലൂടെ മാര്‍ക്കോ സാര്‍ അടുത്തത് എലിസബത്ത് ജോസഫ് ആന്റ്‌ പാര്‍ട്ടിയുടെ സംഗീതനാടകമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ മുന്‍വരിയിലേക്കു് കയറി അക്ഷമയോടെ കര്‍ട്ടനുയരുന്നതും കാത്തിരുന്നു.

വേദിയിലെ എലിസബത്ത് മാലാഖപോലെ വിളങ്ങി. റോസ് നിറത്തിലുള്ള പൊടിയിട്ട മുഖത്ത് അന്നുവരെ കണ്ടിട്ടില്ലാത്ത ഒരാകര്‍ഷകഭാവം. അരങ്ങിലെ സംഘങ്ങള്‍ക്കിടയില്‍ പുതുമണവാട്ടി കണക്കെ അവള്‍ ജ്വലിച്ചുനിന്നു, താരങ്ങളുടെ താരമായി.

അപ്പോള്‍ മുതലാണ് എനിക്കവളോടുള്ള മനോഭാവത്തിന് മാറ്റം വന്നത്.

മൂത്രപ്പുരയുടെ ചുവരുകളില്‍ ചെങ്കല്ലിന്റെ കാഷായനിറത്തില്‍ വാര്‍ന്നുവീണ ചിത്രങ്ങളിലും അക്ഷരങ്ങളിലും കമ്പം തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്. എല്ലാം വിശദീകരിച്ചു തരാന്‍ അലക്സാണ്ടറും ഷാജി. പി. ഏബ്രഹാമും സദാ സന്നദ്ധരായിരുന്നു. ഉടന്‍ മദ്ധ്യത്തിലെ നിധി കണ്ടുപിടിച്ച് പത്തുവയസുകാരന്റെ ത്രസിപ്പന്‍ ദിനാന്തങ്ങളില്‍ എലിസബത്ത് നായികയായി.

വൈകുന്നേരങ്ങളില്‍ വെള്ളം നനയ്ക്കാന്‍ വരുന്ന എലിസബത്തിനെ സന്ധ്യ മയങ്ങിയിട്ടും വാഴത്തോപ്പില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് നിസ്സാരകാര്യമല്ലെന്ന് ഷാജി. പി. ഏബ്രഹാം പറഞ്ഞു. അവന്‍ അനുഭവസ്ഥനെപ്പോലെ വീണ്ടും വീണ്ടും പലതും പറഞ്ഞു തന്നു. അതൊക്കെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രം മനസ്സില്‍ തോന്നിപ്പിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാമെന്നായിരുന്നു എലിസബത്തിന്റെ പ്രതികരണം.

പത്താംക്ലാസ്സു് കഴിഞ്ഞ് എലിസബത്ത് ടൈപ്പു പഠിക്കാന്‍ പോയി. അപ്പോഴും ദിനചര്യകള്‍ക്ക് മാറ്റമില്ലായിരുന്നു. മാറ്റം വന്നത് ശരീരത്തിനു മാത്രം. ചില ദിവസങ്ങളില്‍ സാരിയുടുത്തു പോകുന്ന എലിസബത്തിനെ കണ്ണെടുക്കാതെ നോക്കിനിന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്നേക്കാള്‍ എത്രയോ മുതിര്‍ന്ന വ്യക്തിയായിരിക്കുന്നു അവള്‍ എന്നു് തോന്നി.

വലിയ പള്ളിയിലെ പെരുനാളിന് റാസ കാണാന്‍ അച്ഛനോടൊപ്പം പാലത്തിന്റെ ഇറക്കത്തില്‍ പോയിനിന്നു. മെഴുകുതിരികളുമേന്തി മംഗളമായ്ത്തീരണമീറാസ എന്ന പ്രാര്‍ത്ഥനയോടെ പാലമിറങ്ങി വരിവരിയായി നടന്നു വരുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഞാന്‍ എലിസബത്തിനെ കണ്ടു. ചുവപ്പു പാവാടയും ചന്ദനനിറമുള്ള ജാക്കറ്റും ധരിച്ച് തലവഴി സ്കാര്‍ഫുമിട്ടു നീങ്ങുന്ന എലിസബത്ത് മാലാഖമാരുടെ മാലാഖയാണെന്നു തോന്നി. അണയാതെ പിടിച്ച മെഴുകുതിരിയുടെ ദീപനാളം അവളുടെ മുഖത്ത് പ്രതിഫലിക്കുന്നതു നോക്കിനിന്ന അതേ നിമിഷം അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ജീവിതത്തിന്റെ അങ്ങേയറ്റം വരെ ഹൃദയത്തില്‍ സൂക്ഷിക്കാനാവുന്ന ഒരു സ്മൃതിമുദ്ര. സിരകളില്‍ വേലിയേറ്റമുണ്ടാക്കാന്‍ കഴിയുന്ന ചിരി. അപ്പോള്‍ അവള്‍ ചന്തങ്ങളുടെ മഹാറാണിയായി.

ചന്തമുക്കിലെ പണിക്കരുചേട്ടന്റെ മാടക്കടത്തിണ്ണയിലിരുന്ന് ബീഡി തെറുക്കുന്ന ജോസഫിന് എലിസബത്തിനോടു പ്രേമമാണെന്നു പറഞ്ഞത് അലക്സാണ്ടറാണ്. സ്കൂളിലേക്കു് പോകുമ്പോഴും വരുമ്പോഴും അയാളെ മാടക്കടയിലും പരിസരത്തും ദുശ്ശകുനമായി കാണാം. നീളന്‍മുടി പിറകോട്ടൊതുക്കി, സമൃദ്ധമായ താടിരോമങ്ങള്‍ വിരലുകള്‍കൊണ്ടുകോതി, കറുത്തു തടിച്ച ബീഡിച്ചുണ്ടുകള്‍ക്കിടയിലൂടെ വെളുത്ത പുക മുകളിലേക്കൂതി വിട്ട് പലപ്പോഴും അലസനോട്ടത്തിലിരിക്കുന്ന ജോസഫ് എന്റെയുള്ളിള്‍ കടുത്ത അസ്വസ്ഥതയായി വളര്‍ന്നു. അയാളുടെ മുഖത്ത് ഒരിക്കലും പ്രസന്നതയോ ശാന്തിയോ കണ്ടില്ല. എപ്പോഴും അമര്‍ഷവും അതൃപ്തിയും രോഷവും - അതായിരുന്നു അയാളുടെ മുഖമുദ്ര. പണിക്കരുചേട്ടന്റെ മാടക്കടയ്ക്കു് സമീപമെത്തുമ്പോള്‍ എന്റെ മനസ്സ് വല്ലാത്ത ഒരസ്വസ്ഥതയില്‍ ഇളകിമറിയും. കാലിളകിയാടുന്ന തടിബഞ്ചില്‍ മടിയില്‍ ബീഡിയിലകള്‍ നിറഞ്ഞ മുറവും ഇലയില്‍ ചതുരം വെട്ടി നീങ്ങുന്ന വേഗവിരലുകളുമായിരിക്കുന്ന ജോസഫ് ഒരിക്കലും എന്നെ ശ്രദ്ധിച്ചതേയില്ല.

അയാള്‍ നാടകമെഴുതുമെന്നു ഞാനറിഞ്ഞത് ചന്തപ്പീടിക മൈതാനത്ത് കളിക്കാന്‍ പോകുന്ന നാടകത്തിന്റെ നോട്ടീസു കിട്ടിയപ്പോഴാണ്. ബഹിഷ്‌കൃതന്‍ എന്ന ആ നാടകം കാണാന്‍ ഞാനും പോയി. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പോരാട്ടവും രാഷ്ട്രീയക്കാരുടെ വികലമായ ഇടപെടലുകളും അഴിമതിയുടെ കൂത്തരങ്ങായ ഭരണകൂടവുമൊക്കെയായിരുന്നു അതിലെ വിഷയം. പക്ഷെ എന്നെ വിസ്മയിപ്പിച്ചത് അതൊന്നുമായിരുന്നില്ല. ശക്തമായ മുദ്രാവാക്യവും കരുത്തുറ്റ സംഭാഷണങ്ങളുമായി സഖാവ് ലളിത എന്ന വനിതാനേതാവിനെ അവതരിപ്പിച്ചത് എലിസബത്താണെന്നു് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്തോ ഉള്ളില്‍ ദഹിക്കാതെ കിടക്കുന്നു. ജോസഫ് അവതരിപ്പിച്ച് ഫിര്‍ദവുസ് എന്ന വിപ്ലവകാരിയെ സഖാവ് ലളിത വിവാഹം ചെയ്തത് എനിക്കൊട്ടും രുചിച്ചില്ല. നാടകം മുഴുവനാകും‌മുമ്പേ ഞാന്‍ ഇറങ്ങിപ്പോയി.

ബഹിഷ്കൃതന്‍ എന്ന നാടകത്തിനുശേഷം ഞാന്‍ എലിസബത്തിനെ കാണുന്നത് മനപ്പൂര്‍വ്വം ഒഴിവാക്കി. അവളും ഏതാണ്ടങ്ങനെതന്നെയായിരുന്നു. യാദൃശ്ചികമായി ഒരിക്കല്‍ ഇടവഴിയില്‍വെച്ചു നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ മുഖവരയൊന്നുമില്ലാതെ അവള്‍ ചോദിച്ചു:
“അന്ന് നാടകത്തിനെടക്കെണീറ്റു പോയതെന്താ?”

അവള്‍ അതു ശ്രദ്ധിച്ചെന്ന് അപ്പോഴാണു ഞാനറിയുന്നത്. ജാള്യതയോടെ ഞാന്‍ നിന്നു.
“വല്യ നടിയാകാനൊന്നുമല്ല. പക്ഷെ നമുക്കു ചില ഉത്തരവദിത്തങ്ങളുണ്ട്. ഒരു സുരക്ഷിതത്വവുമില്ലാത്ത എത്രയോപേരാണ് നമുക്കു ചുറ്റുമുള്ളത്. ചില സത്യങ്ങള്‍ ലോകത്തെ അറിയിക്കുവാനാണ് നാടകവും പാട്ടുമൊക്കെ. എന്താ അങ്ങനൊന്നും ചിന്തിക്കാത്തത്?”

എന്റെ മനസ്സു വായിച്ചെടുത്ത അനുഭവസമ്പത്തുള്ള മുതിര്‍ന്ന ഒരാളുടെ മട്ടും മാതിരിയും കണ്ട് സ്വയം ലജ്ജ തോന്നി.
-എന്റെ മുറ്റമടിച്ച് എച്ചില്‍പാത്രങ്ങള്‍ കഴുകി ജീവിച്ച എലിസബത്ത്!!
“എന്തിഷ്ടമെന്നു പറയാനറിയാത്തൊരിഷ്ടമൊള്ളതുകൊണ്ടാ ഞാനിതൊക്കെ പറേന്നത്. നാടകത്തില്‍ കഥാപാത്രത്തിനല്ല, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം. ജോസഫിനെ കണ്ടു പഠിക്കണം. ഞങ്ങടെയൊക്കെ ദൈവമാണയാള്‍. അതു മറക്കരുത്.”

മീന്‍കുട്ടയുമായി മാത്തുമാപ്ല സൈക്കിളില്‍ കടന്നുപോയി. അടുത്ത വളവില്‍ അയാളുടെ കൂവല്‍ കേട്ടു.
“ആ കൂവലിലുമുണ്ട് ഒരു പ്രതികരണം. നിസ്സഹായതയുടെ പ്രതിധ്വനി. ചുറ്റും നടക്കുന്നതെന്തെന്ന് നമ്മള്‍ തിരിച്ചറിയണം. പ്രതികരിക്കണം.”

ഞാന്‍ അവളുടെ മുമ്പില്‍ ഒന്നുമല്ലാതാവുന്ന നിമിഷങ്ങള്‍.
“സമയമുള്ളപ്പോ വന്നാല്‍ ഞാന്‍ കൊറച്ചു പുസ്തകങ്ങള്‍ തരാം. വായിക്കണം. പിന്നെ സ്വയം ചിന്തിച്ചുനോക്ക്.”

ഇടവഴിയിലൂടെ അവള്‍ നടന്നകന്നു.
സ്കൂള്‍ആനിവേഴ്സറിയുടെ സം‌ഗീതനാടകത്തിലും റാസയുടെ പൊന്‍വെളിച്ചത്തിലും കണ്ട എലിസബത്തല്ല ഇപ്പോഴത്തെ എലിസബത്തെന്നത് കടുത്ത തിരിച്ചറിവായിരുന്നു.

അങ്ങനെ ഞാന്‍ സിവിക്ചന്ദ്രനെയും ചെഗുവേരയെയും വായിച്ചു. കോമ്രേഡിന്റെ വരിക്കാരനായി. അകമേ ഒരു മലക്കം മറിച്ചില്‍ നടന്നെങ്കിലും എനിക്ക് എലിസബത്തിനെപ്പോലെയാകാന്‍ കഴിഞ്ഞില്ല.

എലിസബത്ത് സജീവമായി പ്രവര്‍ത്തനം തുടര്‍ന്നു. അവള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അവസാനത്തെ ദരിദ്രനും ആഹാരം കിട്ടിയിട്ടുമതി തനിക്ക് എന്നതായിരുന്നു അവളുടെ നിലപാട്.

പോലീസ് എലിസബത്തിനെ അറസ്റ്റുചെയ്തു എന്ന വാര്‍ത്ത അറിഞ്ഞ് ഞാന്‍ ശരിക്കും കിടുങ്ങി. ശരീരത്തിലും മനസ്സിലും ഭയത്തിന്റെ തേരട്ടകള്‍ ഇഴഞ്ഞുനടന്നു. ഒരു സ്റ്റഡിക്ലാസില്‍ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അറസ്റ്റ്. ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി ......

അതിനുശേഷം ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിദ്യാര്‍ത്ഥിസമരത്തിന്റെ ചൂടറിഞ്ഞത്. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി എല്ലാ ക്ലാസ്സുകളിലും കയറിയിറങ്ങി, കുട്ടികളെ ഇളക്കി. മകനെ നഷ്ടമായ അച്ഛന് സര്‍വ്വപിന്തുണയുമായി ഞങ്ങള്‍ പോലീസിനെതിരെ അലറി വിളിച്ചു. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. ചില്ലുകള്‍ തകര്‍ത്തു. കുപ്പിച്ചില്ലിന്റെ പളുങ്കുമണികള്‍ ചിതറിയ റോഡിലൂടെ മുഷ്ടി ചുരുട്ടി വായുവിലേക്കുയര്‍ത്തി ഞങ്ങള്‍ ഒരേ ശബ്ദത്തില്‍ പ്രഖ്യാപിച്ചു:
-രാജന്‍ ഞങ്ങടെ സോദരനെങ്കില്‍
ഓരോതുള്ളി ചോരയ്ക്കും
പകരം ഞങ്ങള്‍ ചോദിക്കും.

മുദ്രാവാക്യങ്ങള്‍ ആരംഭശൂരത്വം മാത്രമായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ പോലെ അവ പിറവിയിലേ മണ്ണടിയുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം എലിസബത്തിനെ പിന്നെ ഞാന്‍ കാണുന്നത് അഭ്രപാളികളിലാണ്. നായികയായി ആദ്യരംഗപ്രവേശം ചെയ്ത സിനിമ വന്‍വിജയമായതോടെ ഫീല്‍ഡിലെ ഏറ്റം തിരക്കുള്ള നടിയായി വളരെ പെട്ടെന്ന് അവള്‍ മാറി. സിനിമയില്‍ ഹേമ എന്ന പേരാണ് അവള്‍ സ്വീകരിച്ചത്. താരലോകത്ത് ഹേമയുടെ ആധിപത്യത്തിന്റെ നാളുകള്‍ തന്നെയായിരുന്നു. നടി ഹേമയെ കാണാനും ഓട്ടോഗ്രാഫ് വാങ്ങനും വരുന്ന ആരാധകരെ പോലീസിനു നിയന്ത്രിക്കേണ്ടി വന്നു. അവളുടെ രൂപലാവണ്യങ്ങള്‍ സ്തുതിക്കാന്‍ നാവുകളേറെയുണ്ടായി. മാദകചിത്രങ്ങള്‍ സിനിമാവാരികകളില്‍ നിറഞ്ഞു.
ഹേമയുടെ മുഖവും വിദേശിപ്പെണ്ണുങ്ങളുടെ ഉടലും ചേര്‍ത്ത് ഐ.ടി.വിദഗ്ദ്ധര്‍ രൂപകല്പന ചെയ്ത അവളുടെ നഗ്നതയും കാമകേളികളും ഇന്റര്‍നെറ്റിലെ ഫേക്ക് ചിത്രങ്ങളില്‍ പെരുകി. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഹേമയുടെ ഫേക്കിനാണത്രെ. അവള്‍ അവളുടെ ഓരോ അവയവത്തിനും വിലയിട്ടു. കനംതൂങ്ങുന്ന കുറ്റബോധത്തോടെയാണെങ്കിലും ആ ചിത്രങ്ങള്‍ ഞാനും എന്റെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തു. അരുതാത്തതാണെന്ന ഉള്ളിലെ താക്കീതിനെ ഖേദപൂര്‍വ്വം അവഗണിച്ചു.

അപ്പോള്‍ മാത്രമാണ് ഞാന്‍ ജോസഫിനെക്കുറിച്ചോര്‍ത്തത്. അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം അയാളെ ആരും കണ്ടിട്ടില്ല. അങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നതായി പോലും ആരും ഓര്‍ക്കുന്നില്ലല്ലോ! യാതൊരടയാളവും ബാക്കിവെക്കാതെ അപ്രത്യക്ഷനായ ജോസഫിനെ ഒരാളും അന്വേഷിച്ചില്ല. അറിയുമെങ്കില്‍ത്തന്നെ അത് ഹേമ എന്ന എലിസബത്തിനു മാത്രമായിരിക്കുമെന്ന് എനിക്കു തോന്നി.

ഇപ്പോള്‍ എന്റെ കയ്യില്‍ ഹേമയുടെ അഭിമുഖം വന്ന ആഴ്ചപ്പതിപ്പ്. പരമ്പരാഗത താര അഭിമുഖങ്ങളില്‍നിന്നും വേറിട്ടതും സമഗ്രവുമായ അതിന്റെ ശീര്‍ഷകം ‘വിപ്ലവപുത്രിയുടെ നക്ഷത്രത്തിളക്കം അഥവാ ഗ്യാസ് ചേമ്പറില്‍നിന്നും താരലോകത്തേക്ക്‘ എന്നായിരുന്നു. ഏതു വായനക്കാരന്റെയും ശ്രദ്ധയെ പിടിച്ചെടുക്കുന്ന ക്യാപ്‌ഷനും ചിത്രങ്ങളും ഉള്‍പ്പെടുത്തി അതിമനോഹരമായി സംവിധാനം ചെയ്ത, പത്രാധിപരുടെ കയ്യൊപ്പു പതിഞ്ഞ എട്ടുപേജുകള്‍. ഹേമക്കും എലിസബത്തിനുമിടക്കുള്ള പൂരിപ്പിക്കാത്ത വിടവു നികത്താന്‍ ഈ അഭിമുഖത്തിനു കഴിയുമെന്ന പ്രതീക്ഷയോടെ ഞാന്‍ വായന തുടങ്ങി:

?ജയിലനുഭവം?
-ഏതോ ഒരു പോലീസ്റ്റേഷന്‍. വനിതാപോലീസൊന്നുമില്ല. അവിടുത്തെ ഇരുണ്ട ദുര്‍ഗന്ധമുള്ള വൃത്തികെട്ട ഒരുമുറിയിലിട്ടു പൂട്ടി. എന്തു തെറ്റിനാണിത് എന്നെനിക്കറിയില്ല. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നാടകത്തില്‍ അഭിനയിച്ചു. ഒരു
സ്റ്റഡിക്ലാസിലിരുന്നു. ഇതാണോ എന്റെ കുറ്റങ്ങള്‍? അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

?ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് മറക്കാന്‍ കഴിയുമോ?
-ശരിയാണ്. ഒരിക്കലും മറക്കാന്‍ കഴിയാത്ത 32 ദിവസങ്ങള്‍. അവരെന്നെ പല ക്യാമ്പുകളിലേക്കും കണ്ണുമൂടിക്കെട്ടി കൊണ്ടുപോയി. എനിക്കറിയാത്ത ആരുടെയൊക്കെയോ ഫോട്ടോ കാണിച്ച് അവരെവിടെയെന്നു ചോദിച്ചാണ് മര്‍ദ്ദനം. ഭീകരമര്‍ദ്ദനം തന്നെ. വെറുംതറയില്‍ കിടത്തി മുതുകിലും മുട്ടിനു മുകളിലും കനത്ത ബൂട്സിട്ടു കയറിനിന്ന് താണ്ഡവമാടുന്ന ഓഫീസര്‍ മറ്റുപോലീസുകാരോട് കാല്‍വെള്ളയില്‍ ലാത്തി പ്രയോഗിക്കാന്‍ പറയും. വേദനകൊണ്ടു പിടഞ്ഞുപിടഞ്ഞ് ബോധം കെടുന്നതുവരെ ഇതു തുടരും. ആഹാരമില്ല. വെള്ളമില്ല. മര്‍ദ്ദനമുറിവുകള്‍ പഴുത്തു വ്രണമായാലും മരുന്നില്ല. വേറെയുമുണ്ട് അവര്‍ക്ക് ഒരുപാട് വിനോദങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ അവരെന്നെ ഉഴുതു മറിച്ചു. നിയമവും കോടതിയുമെല്ലാം അവര്‍ തന്നെ. ആ നാളുകള്‍ എന്തിന്റെ ഫലമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു രക്തരക്ഷസ് രാജ്യം ഭരിച്ചതിന്റെ ഫലം. ഹിറ്റ്ലര്‍ എത്രയോ ഭേദമായിരുന്നു!

?ഹിറ്റ്ലര്‍?
-യേസ്. അയാള്‍ സ്ത്രീകളോട് ഇത്രയും ക്രൂരത കാണിച്ചിട്ടില്ല.

?പുറത്തു വന്നതിനുശേഷം?
-ഞാന്‍ അകത്തുപോയപ്പോഴത്തെ കാലാവസ്ഥയായിരുന്നില്ല പുറത്തുവന്നപ്പോള്‍. വളരെ അടുപ്പമുണ്ടായിരുന്നവര്‍പോലും അങ്ങേയറ്റം അകലം പാലിച്ചു. എല്ലാവരും ഒഴിഞ്ഞുമാറി. എന്നെപ്പോലെതന്നെ മര്‍ദ്ദനമനുഭവിച്ച പുരുഷന്മാര്‍ക്ക് നാടെങ്ങും പൂമാല ചാര്‍ത്തി സ്വീകരണം കൊടുക്കുമ്പോള്‍ പെണ്ണാണെന്ന ഒറ്റക്കാരണംകൊണ്ട് എല്ലാവരും എന്നെ അകറ്റി നിര്‍ത്തി, നികൃഷ്ടജീവിയെപ്പോലെ.

?വീട്ടിലെ സാഹചര്യമെന്തായിരുന്നു?
-ഞാന്‍ അകത്തായിരുന്ന സമയത്തുതന്നെ അമ്മ മരിച്ചു. അതുപോലും എന്നെ അറിയിച്ചില്ല. പുറത്തുവന്നപ്പോള്‍ വീടോ വീട്ടുകാരോ ഇല്ല. അനിയത്തിമാര്‍ വീടുവിറ്റ് മറ്റെവിടേക്കോ പോയി.

?ഈ അരക്ഷിതാവസ്ഥ എങ്ങനെ തരണം ചെയ്തു?
-അപ്പോഴും നാടകത്തിലഭിനയിച്ചതോ സ്റ്റഡിക്ലാസില്‍ പോയതോ തെറ്റായിരുന്നുവെന്ന് തോന്നിയിട്ടില്ല. ജോസഫ് എന്ന സഖാവാണ് എന്നെ ഇത്തരം ആക്റ്റിവിറ്റീസിലേക്കു കൊണ്ടുവന്നത്. പോലീസ് അറസ്റ്റ് ചെയ്ത ആ സഖാവിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. മനുഷ്യന്‍ മനുഷ്യനെ പച്ചയായി കൊല്ലാതെ കൊല്ലുന്നത് ഞാന്‍ അനുഭവിച്ചതാണല്ലോ.എങ്ങനെയോ എന്റെ ജീവന്‍ നഷ്ടപ്പെട്ടില്ലെന്നു മാത്രം....ആരില്‍നിന്നും ഒരു സഹായവും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയില്‍ ഞാന്‍ എന്നെന്നേക്കുമായി നാടുവിട്ടു. ജീവനൊടുക്കാന്‍ മനസില്ലായിരുന്നു. മനസ്സുനിറയെ ജീവിക്കാനുള്ള വെമ്പല്‍. എനിക്കുംകൂടി അവകാശപ്പെട്ടതല്ലേ ഈ ഭൂമി. അതിലൊരിടം ഞാനും ആഗ്രഹിച്ചു, ഏതു കോലം കെട്ടിയിട്ടാണെങ്കിലും. അതൊക്കെ മറ്റൊരു കഥ. മറ്റൊരു ജീവിതം.

?കഴിഞ്ഞുപോയ ആ കാലം അതിവിദൂരമായിരുന്നുവെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍?
-സദാ എന്റെ ഒപ്പം സഞ്ചരിക്കുന്ന ഒരു കരിംഭൂതമാണത്. എം.പി.നാരായണപിള്ളയുടെ ഒരു കഥയുണ്ട്, കടിഞ്ഞൂല്‍. ഏറ്റം ചുരുങ്ങിയ വാക്കുകളില്‍ ഭീകരതയുടെ മഹാപര്‍വ്വതം തന്നെ ചിത്രീകരിച്ചിട്ടുള്ള ആ കഥയേക്കാള്‍ കൂടുതലായി അക്കാലത്തെക്കുറിച്ച് ആര്‍ക്കും പറയാനുണ്ടാവില്ല. ഞാനനുഭവിച്ചതും മറ്റൊന്നല്ലല്ലോ.

?ഇന്നത്തെ വളര്‍ച്ചയില്‍ എന്തു തോന്നുന്നു?
-ഏതളവുകോലുകൊണ്ടാണ് വളര്‍ച്ചയെ ഗണിക്കുന്നത്? ആപേക്ഷികമാണത്. ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ശരിയായിരിക്കാം.എന്നാല്‍ ആന്തരികമായി ഇല്ല, ഞാനിപ്പോഴും അരക്ഷിതാവസ്ഥയിലാണ്.

?വിശദീകരിക്കാമോ?
-സോറി.

?സംതൃപ്തി തോന്നിയ വേഷങ്ങള്‍?
-സിനിമയിലെ ഒരു വേഷവും പൂര്‍ണ്ണതൃപ്തി തന്നിട്ടില്ല. ആദ്യമായി അഭിനയിച്ച സഖാവ് ജോസഫിന്റെ ബഹിഷ്കൃതന്‍ എന്ന നാടകത്തിലെ കഥാപാത്രം മാത്രമാണ് ആ സംതൃപ്തി തന്നത്. അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തൃപ്തി തരുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എനിക്കു ഭയമാണ്. .ഐ മീന്‍ .. സൈക്കോളജിക്കലി.. പിന്നെ... ഞാന്‍ ജീവിക്കുന്നതും ഒരു കഥാപാത്രമായിട്ടാണല്ലോ. എങ്കിലും പ്രതികാരത്തിന്റെ അല്ലെങ്കില്‍ പ്രതികരണത്തിന്റെ സമ്പൂര്‍ണ്ണതൃപ്തി അനുഭവിച്ച ഒരു നിമിഷം ഉണ്ടായിട്ടുണ്ട്.

?പറയാമോ?
-പോലീസ് ക്യാമ്പില്‍ എന്നെ നശിപ്പിച്ചാനന്ദിച്ചിരുന്ന ആ ഓഫീസര്‍ ഞാന്‍ നടിയായി പേരെടുത്തശേഷം ഒരിക്കല്‍ എന്റടുക്കല്‍ വന്നു. എന്റെ കാല്‍ക്കീഴില്‍ ഒരടിമയെപ്പോലെ യാചിച്ചുകൊണ്ട്. ഒരു സിനിമാനടിയോടൊത്തുള്ള രാവനുഭവത്തിനുവേണ്ടി ഞാന്‍ പറയുന്നതെന്തും ചെയ്യാന്‍ തയ്യാറായി അയാള്‍ കെഞ്ചി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരവസരം കൈവന്നത് ഞാന്‍ ശരിക്കും ഉപയോഗിച്ചു. ഇനി ഒരിക്കലും അയാള്‍ക്കൊരു പെണ്ണിനെ സമീപിക്കാന്‍ കഴിയില്ലെന്നുറപ്പ്. അലറി വിളിച്ചുകൊണ്ടിറങ്ങിയോടിയ അയാളുടെ രോദനം കേട്ടപ്പോള്‍ പോലീസ് ക്യാമ്പിലെ ഓരോ സെല്ലുകളില്‍ നിന്നുമുയര്‍ന്ന മനുഷ്യരുടെ നിലവിളിയാണ് ഞാന്‍ കേട്ടത്. മൂന്നാമതൊരാള്‍ ഇപ്പോഴറിയുന്ന ഈ രഹസ്യമാണ് കുറച്ചെങ്കിലും എന്നെ തൃപ്തിപെടുത്തുന്നത്.

?ജയിലില്‍നിന്നിറങ്ങി. പിന്നീട് പേരെടുത്ത നടിയായി. ഇതിനിടയില്‍ ഒരു ഗ്യാപ്പുണ്ടല്ലോ?
-അന്നൊന്നും ഞാനെങ്ങനെ ജീവിക്കുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. എന്റെ കൂടപ്പിറപ്പുകള്‍ പോലും. ഇനി ആരും അതറിയേണ്ടതില്ല.

?വഴിവിട്ട ജീവിതമാണെന്നു ഗോസിപ്പുണ്ടല്ലോ?
-ഗോസിപ്പാണെന്നാരു പറഞ്ഞു? എന്റെ വഴി നിശ്ചയിക്കുന്നത് ഞാന്‍ തന്നെയാണ്. മറ്റുള്ളവര്‍ എന്നെക്കുറിച്ചെന്തു പറയുന്നു എന്നു ശ്രദ്ധിക്കാറില്ല.

?എലിസബത്തില്‍നിന്നും ഹേമയിലേക്കുള്ള ദൂരം വളരെ വലുതാണ്?
-ഒന്നുമില്ല. എലിസബത്തിനെ ചുമന്നു നടക്കുന്ന ഹേമ. അത്രമാത്രം.

?വിവാഹം?
-ഒരിക്കലുമില്ല. തികച്ചും പ്രകൃതിവിരുദ്ധമായ ഒരേര്‍പ്പാടാണത്. എന്നാല്‍ ശാരീരികമായും മാനസികമായും നന്നായി അറിഞ്ഞിട്ടുള്ളവര്‍ക്ക് താല്പര്യമെങ്കില്‍ ഒന്നിച്ചു ജീവിക്കുന്നതില്‍ തെറ്റില്ല.

?അപ്പോള്‍ വിവാഹത്തിനുമുമ്പ് സെക്സ് ആകാമെന്നാണോ?
-തീര്‍ച്ചയായും. വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ അതിനുമുമ്പ് കുറഞ്ഞപക്ഷം സെക്സെങ്കിലും എന്തെന്ന് അറിഞ്ഞിരിക്കണം.

?സിനിമാരംഗത്തേക്കു കടന്നുവരുന്ന പുതുമുഖങ്ങള്‍ക്കായി എന്തെങ്കിലും ഉപദേശം?
-സിനിമാരംഗത്തെന്നല്ല ഒരു രംഗത്തുമുള്ള ആരോടും എനിക്കൊന്നും പറയാനില്ല. ഉപദേശം കൊടുക്കുന്നതും സ്വീകരിക്കുന്നതും ഞാന്‍ വെറുക്കുന്നു.

?കാരണം?
-ഉപദേശിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ ഉയരത്തിലായിരിക്കണം. സ്വയം ഞാന്‍ നിങ്ങളേക്കാള്‍ ഉയരത്തിലാണെന്ന അഹന്തയില്‍ കഴിയുന്നവരാണ് ഉപദേശികള്‍.

?ദൈവവിശ്വാസമുണ്ടോ?
-എല്ലാം കാണുകയും അറിയുകയും നടത്തുകയും ചെയ്യുന്നു എന്നു പറഞ്ഞു ധരിപ്പിക്കപ്പെട്ട ദൈവം തന്നെയല്ലേ എന്റെ കഴിഞ്ഞകാല പീഡനങ്ങള്‍ക്കും, എന്റെ മാത്രമല്ല ആയിരക്കണക്കിനാള്‍ക്കാരുടെയും, ഉത്തരവാദി. അങ്ങനെയൊരു പുള്ളിയാണ് എല്ലാത്തിനും കാരണക്കാരനെങ്കില്‍ ആ ദൈവത്തെ ചവുട്ടിയരക്കണം. ദൈവം എന്നത് ഒരു സങ്കല്പം മാത്രമാണ്. യാഥാര്‍ത്ഥ്യമല്ല. വേദാന്തികള്‍ പറയുന്നതും അതല്ലേ - നീ തന്നെയാണ് ദൈവം.

?വേദാന്തത്തില്‍ താല്പര്യമുണ്ടോ?
-അത്രക്കൊന്നുമില്ല. രണ്ടു തരത്തില്‍ നമുക്കു ചിന്തിക്കാം .ഞാന്‍ ശരീരമാണ്, എനിക്ക് ജീവനുണ്ട്, ഞാന്‍ മരിക്കും. അടുത്തത് - ഞാന്‍ ജീവന്‍ ആണ്, എനിക്കു ശരീരമുണ്ട്, ഞാന്‍ ശരീരം ഉപേക്ഷിക്കും. ആരാണ് ഞാന്‍ എന്ന ചോദ്യത്തിന് ഈ രണ്ടുത്തരങ്ങള്‍ക്കേ സദ്ധ്യതയുള്ളു. ക്രിസ്തു പറഞ്ഞത് ഞാന്‍ ജീവന്‍ ആണെന്നാണ്. ജീവന് മരണമില്ലല്ലോ.

തുടര്‍ന്ന് സിനിമയുടെ ഇന്നത്തെ പ്രതിസന്ധി, ഹോബികള്‍, വായന, പുസ്തകങ്ങള്‍ എന്നിങ്ങനെ സമഗ്രമായ ആ അഭിമുഖം നീണ്ടു. അത് പൂര്‍ണ്ണമായും വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് എലിസബത്തിനെ കാണണമെന്നു തോന്നി. അവളുടെ മുമ്പില്‍ മുഖമുയര്‍ത്തി നില്ക്കാനാവില്ലെന്നറിഞ്ഞിട്ടും കാണണമെന്ന ത്വര ഉള്ളിള്‍ തീവ്രമായപ്പോള്‍ അതിനുള്ള ഒരവസരം സ്വാഭാവികമായി വന്നുചേര്‍ന്നു.

ഔദ്യോഗികാവശ്യത്തിനാണ് എറണാകുളത്തെത്തിയതെങ്കിലും ബി.ടി.എച്ചില്‍ എലിസബത്തുണ്ടെന്ന അറിവാണ് എനിക്ക് ഉത്സാഹം പകര്‍ന്നത്. വഴിയോരങ്ങളിള്‍ പോസ്റ്ററുകളുടെ രൂപത്തില്‍ ഹേമ നിറഞ്ഞുനിന്നു. എല്ലാ ചിത്രങ്ങളിലും ഊറിവരുന്ന ചിരിയുമായി അവള്‍ എന്നെ നോക്കിത്തന്നെയാണ് നിലകൊണ്ടത്. ജോലികള്‍ പെട്ടെന്നു തീര്‍ത്ത് മൂന്നുമണിയോടെ ഞാന്‍ ബി.ടി.എച്ചില്‍ എത്തി. അവള്‍ ലൊക്കേഷനിലാണെന്നും ആറുമണി കഴിഞ്ഞേ വരികയുള്ളൂവെന്നും റിസപ്ഷനില്‍ നിന്നറിഞ്ഞു. എന്റെ ഒരു വിസിറ്റിം‌ഗ് കാര്‍ഡ് അവള്‍ക്കു കൊടുക്കാനേല്പിച്ച് ഞാന്‍ സൌത്തിലെ പമ്പാടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു.

ഒരു ചായ കുടിച്ച് വടക്കന്‍ പുകയിലകൂട്ടി മുറുക്കി വെറുതെ വളഞ്ഞമ്പലം വന്ന് വലത്തോട്ടു തിരിഞ്ഞ് എം.ജി.റോഡിലേക്കു നടക്കുമ്പോള്‍ ഫുട്പാത്തിലെ പോസ്റ്ററുകളില്‍ പരിഹാസവും പുച്ഛവും തിരയടിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ടു.

മുറിയില്‍ മടങ്ങിവന്ന് നന്നായി കുളിച്ചശേഷം ഒരു സിഗററ്റിനു തീകൊളുത്തുമ്പോള്‍ മൊബൈല്‍ ഹരിവരാസനം പാടാന്‍ തുടങ്ങി.
“സര്‍. ഇത് ബി.ടി.എച്ചില്‍ നിന്നാണ്.”
“പറഞ്ഞോളൂ”
“ഇപ്പോ വന്നാല്‍ ഹേമമാമിനെ കാണാമെന്നു പറഞ്ഞു.”
“താങ്ക്യൂ. ഞാനുടനെത്താം.”

സമയം ഏഴര. മഴ മൂകമായി ചുവടുകള്‍ വെക്കുന്നു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ കറുത്ത റോഡിന് മിനുപ്പു കൂടുതല്‍ തോന്നി.

റിസപ്ഷനില്‍ പറഞ്ഞതനുസരിച്ച് റൂം നമ്പര്‍ 13ന്റെ മുമ്പിലെത്തിയപ്പോള്‍ അന്നോളമറിഞ്ഞിട്ടില്ലാത്ത ഒരു സംഭ്രമത്തിന്റെ കാളിന്ദി ഇളകി മറിഞ്ഞു. ബെല്ലടിച്ച് നിമിഷങ്ങള്‍ക്കകം കതകു തുറക്കപ്പെട്ടു. വെള്ളിത്തിരയിലെ ചക്രവര്‍ത്തിനി ഒരു സാധാരണ സന്ദര്‍ശകനെയെന്നവണ്ണം എന്നെ അകത്തേക്കു ക്ഷണിച്ചു.

“ഇരിക്കാം”. അവര്‍ പറഞ്ഞു.

ആഢംബരങ്ങളുടെയും അലങ്കാരങ്ങളുടെയും പെരുമ തിളങ്ങി നില്ക്കുന്ന കമനീയമായ മുറി. ചേര്‍ത്തിട്ടിരിക്കുന്ന ഇരട്ടക്കട്ടിലില്‍ ഒരു ആഭരണപ്പെട്ടിയും വസ്ത്രങ്ങള്‍ നിറഞ്ഞ പെട്ടിയുമിരിക്കുന്നു.

അവളുടെ മുഖത്ത് ഒരു പരിചിതഭാവവും കണ്ടില്ല.
“എന്നെ മനസിലായോ?”
അവൾ ചെറുതായി മന്ദഹസിച്ചു.
“അവിടത്തെ പഴങ്കഞ്ഞിയിൽ നിന്നു തുടങ്ങിയവളല്ലേ ഞാൻ.പഴേ മിറ്റമടിക്കാരി അതൊന്നും മറക്കാൻ പാടില്ലല്ലോ.”
പരിഹാസമോ പുച്ഛമോ?
ഒരു തുടക്കം കിട്ടാതെ ആലോചനയിലിരിക്കുമ്പോൾ അവളുടെ ശബ്ദം എന്നെ തൊട്ടു.
“ഇപ്പോ വരാൻ പ്രത്യേകിച്ചെന്തെങ്കിലും?”
“ഒന്നുമില്ല.ഇന്റർവ്യൂ വായിച്ചു.അപ്പോളൊന്നു കാണണമെന്നു തോന്നി.”
വീണ്ടും പരിഹാസത്തിന്റെ പുരികമുന ഉയർത്തിയുള്ള ആ ചിരിയെ അവഗണിച്ച് ഞാൻ പറഞ്ഞു:
“പലപ്പളും കാണണമെന്നു തോന്നിയിരുന്നു.പക്ഷെ എവിടെ.. എങ്ങനെ.. ഒന്നും അറിയില്ലാരുന്നല്ലോ...”
“അന്വേഷിക്കുന്നവർ കണ്ടെത്തുകതന്നെ ചെയ്യും.”
ഞാൻ മുഖം കുനിച്ചു.
മൂകതയുടെ പദവിന്യാസം മാത്രം മുറിയിൽ നിറഞ്ഞു.അക്ഷമ പടർന്നിറങ്ങുന്ന അവളുടെ ഭാവം കണ്ട് ഞാൻ കടുത്ത നിരാശയോടെ എഴുന്നേറ്റു.
അപ്പോൾ പെട്ടെന്ന് അവൾ പറഞ്ഞു:
“എന്നെ കാണാൻ മുറിയിൽ വരുന്നവർക്ക് ഒരുദ്ദേശമേയുള്ളു....ഒരിക്കൽ ആഗ്രഹിച്ചതല്ലേ..വേണമെങ്കിൽ ആവാം.ഞാൻ റെഡി.ആദ്യമായി ഞാനൊരാൾക്ക് അങ്ങോട്ടു നൽകുന്ന ഓഫർ.”
ഒരുനിമിഷം ഓർമയിൽ പണ്ടത്തെ വാഴത്തോപ്പും സന്ധ്യകളും തെളിഞ്ഞു.മനസിൽ നല്ല കാര്യങ്ങൾ തോന്നിപ്പിക്കാൻ കർത്താവിനോടു പ്രാർത്ഥിക്കാമെന്നു പറഞ്ഞ അന്നത്തെ എലിസബത്തിനെ ഞാൻ കണ്ടു.വലിയ പള്ളിയിലെ റാസയിൽ തിളങ്ങിയ ചന്തങ്ങളുടെ റാണി!

മനസ്സ് നിയന്ത്രണത്തിന്റെ അഴികൾ ഭേദിക്കാൻ വെമ്പുന്നു.ചാരം മൂടിയ കനലുകൾ ചൂടുപിടിക്കാൻ തുടങ്ങിയപ്പോൾ ആഗ്രഹത്തോടെ ഞാനവളെ നോക്കി.
ആ നിമിഷത്തിനായി കാത്തിരുന്നതുപോലെ സ്വാഭാവികമെന്ന മട്ടിൽ മുന കൂർപ്പിച്ചനോട്ടം കൊണ്ട് അവൾ എറ്റി.
“പക്ഷെ എന്റെ റേറ്റ് എഴുപത്തയ്യായിരമാണിപ്പോൾ,ഒരു രാത്രിക്ക്.അതിൽ യാതൊരിളവും പ്രതീക്ഷിക്കണ്ട.”
കത്തിത്തുടങ്ങിയ വിറകുകൊള്ളിയിലേക്ക് ഒരുകുടം വെള്ളം കമഴ്ന്നതുപോലെ ഞാൻ വല്ലാതെ വിറുങ്ങലിച്ചു.ആസകലം പൊതിയുന്ന തണുപ്പിന്റെ കരങ്ങളെ കാര്യമാക്കാതെ ഞാൻ വാതിൽക്കലേക്കു നടന്നു.
പെട്ടെന്ന് എന്നെ തടഞ്ഞ് ചൂണ്ടുവിരലുയർത്തി അവൾ ചീറി.
“ഓരോ ക്യാമ്പുകളിൽ അവരെന്നെ മാറിമാറി നിരന്തരം പിച്ചിച്ചീന്തിയപ്പോൾ ..ഒരു തവണ...”അവൾ അറിയാതെ തേങ്ങിപ്പോയി.”ഒരു തവണയെങ്കിലും ഒന്നന്വേഷിക്കാൻ തോന്നിയില്ലല്ലോ..വേണ്ട.പുറത്തു വന്നതറിഞ്ഞപ്പളും ഒഴിഞ്ഞുമാറിയിട്ടല്ലേയൊള്ളു.”
സ്വയം നിയന്ത്രിച്ച് അവൾ കണ്ണുകൾ തുടച്ചു.
“ആണെന്നു പറഞ്ഞു നടന്നാപ്പോരാ..നട്ടെല്ലു വേണം.”
കുറ്റങ്ങളൊക്കെ ഏറ്റുപറയണമെന്നുണ്ട്.നാവനങ്ങുന്നില്ല.
“ഇത്രയുംകൂടി അറിയണം.പണ്ടു ഞാൻ പറഞ്ഞപോലെ ഏതോ ഒരിഷ്ടം ഇപ്പഴുമുള്ളതുകൊണ്ടുതന്നെയാ ഞാനിതിനു സമ്മതിക്കാത്തത്.വേണമെങ്കിൽ ഒരു പ്രതികാരസുഖമായി മഹാരോഗങ്ങൾ എനിക്കങ്ങോട്ടു പകരാം,വെറും നിമിഷങ്ങൾ കൊണ്ട്.”
ഇനി ഒന്നും പറയരുതെന്ന് ഞാൻ കണ്ണുകൾകൊണ്ട് അപേക്ഷിച്ചു.
അടിഞ്ഞുകൂടുന്ന നിശ്ശബ്ദത മുറിയിൽ പെരുകുന്നു.
എലിസബത്ത് സമനില വീണ്ടെടുത്തു.
“സമാധാനമായി പോകൂ.എന്നെക്കുറിച്ച് ഓർക്കരുത്.”
“ചികിത്സ?”ഞാൻ ആകാംക്ഷയോടെ തിരക്കി.
“ഓ”അലക്ഷ്യമായി അവൾ മുഖം വെട്ടിച്ചു.”എന്നെങ്കിലും എങ്ങനെയെങ്കിലും ഒടുങ്ങണമല്ലോ എല്ലാർക്കും.സാരമില്ല.എന്റെ വിസ പ്രതീക്ഷിച്ചതിലും നേരത്തേ വരുന്നൂന്നു മാത്രമേ ഞാൻ വിചാരിക്കുന്നുള്ളു.”
അകത്ത് ഒരു പെരുങ്കടൽ പ്രക്ഷുബ്ധമാകുന്നു.ആളോളമുയരത്തിൽ പൊങ്ങിയ തിരകൾ ശാന്തമായപ്പോൾ ഞാൻ അവളുടെ പാദത്തിൽ മുഖം ചേർത്തു.കണ്ണീർകൊണ്ട് ആ പാദങ്ങൾ കഴുകി.ഹൃദയം മാപ്പിരന്നു.
അവൾ എന്നെ പിടിച്ചെഴുന്നേല്പിച്ച് ചുമലിൽ മൃദുവായി തട്ടി.പ്രതിബോധത്തിന്റെ സ്പർശം.ഞങ്ങൾക്കുമാത്രമറിയുന്ന ഒരുപാടൊരുപാട് വിനിമയങ്ങൾ കൈമാറുന്ന ഒരൊറ്റസ്പർശം.
എന്നെ വാതിൽക്കലേക്ക് നയിച്ച് ശാന്തമായി പുറത്തേക്കിറക്കിവിട്ട് അവൾ കതകടച്ചു.നിയന്ത്രണംവിട്ടുയർന്ന ഒരു തേങ്ങൽ അകത്തുകേട്ടെന്നത് എന്റെ തോന്നലായിരിക്കട്ടെ.

ശക്തി പ്രാപിച്ച മഴയിലേക്ക് ഞാനിറങ്ങി.ഇരുട്ടും വെളിച്ചവും ഒളിച്ചുകളിക്കുന്ന രാപ്പാതയിലൂടെ,പെരുമഴയിൽ നീന്തി നീന്തി..അങ്ങനെ...

Subscribe Tharjani |