തര്‍ജ്ജനി

ഡോ. സി. ജെ. ജോര്‍ജ്ജ്‌

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

വായനയുടെ പൂക്കാലം

ഒരു ചെറിയ കഥയാണു് ഇവിടെ പറയാന്‍ ശ്രമിക്കുന്നതു്. സാമൂഹിക / സാംസ്കാരികസിദ്ധാന്തങ്ങളിലൂടെ സാഹിത്യപഠനവിഭാഗത്തിന്റെ കൂടാരത്തിലേക്കു കടന്നുവന്ന സാമൂഹികശാസ്ത്രത്തിന്റെ ഒട്ടകം കൂടാരത്തെ രൂപാന്തരപ്പെടുത്തിയ കഥ.

നമ്മുടെ ഭാഷാസാഹിത്യസമീപനങ്ങളില്‍ ശ്രദ്ധേയമായ ഒരു മാറ്റമായിരുന്നു 1990കളില്‍ സംഭവിച്ചതു്. വിമര്‍ശനത്തെ പിന്തള്ളിക്കൊണ്ടു് വായന കടന്നുവന്നു. മാത്രമല്ല, വായന എന്ന പദം സാങ്കേതികാര്‍ത്ഥം ആര്‍ജ്ജിച്ച് വിശിഷ്ടപദവി കൈവരിക്കുക കൂടിയായിരുന്നു. ആസ്വാദനപരമായ പഴയ അര്‍ത്ഥത്തിനു പകരം വിശകലനാത്മകമായ പുതിയ അര്‍ത്ഥം അതിനു കൈവന്നു. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ സംഗതികള്‍ സ്രഷ്ടാവിന്റെ താല്പര്യപ്രകാരമായല്ലാതെ സൃഷ്ടിയില്‍ എന്‍കോഡ് ചെയ്യപ്പെടുന്നുണ്ടെന്നും നാളിതുവരെ അവഗണിച്ചിരുന്ന ഈ സംഗതികളെ മുഖ്യപരിഗണനാവിഷയമായെടുത്തു് പരിശോധിക്കുകയും `തുറന്നുകാട്ടുകയും' ചെയ്യുക എന്ന കര്‍മ്മമാണു് പുതിയ വായനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നതു്. യൂറോപ്പിലെ സര്‍വ്വകലാശാലകളിലും വിമര്‍ശകവൃന്ദങ്ങളിലും 1960 കളില്‍ ഉണ്ടായ സംവാദങ്ങളിലൂടെ വളര്‍ന്നുവന്ന പുതുവീക്ഷണങ്ങളുടെ പ്രേരണകള്‍ നമ്മുടെ അക്കാദമികലോകം സ്വാംശീകരിച്ചതിന്റെ അനന്തരഫലമെന്നോണം രൂപപ്പെട്ടുവന്ന പുതുവായനാപ്രണയം നമ്മുടെ സാഹിത്യകലാവിചാരങ്ങളെ ശക്തമായിത്തന്നെ ഉത്തേജിപ്പിക്കുകയുണ്ടായി. അങ്ങനെയാണു്. നമ്മുടെ സാഹിത്യചിന്തയിലെ ആധുനികോത്തരകാലം ഉണ്ടായിവന്നതു്.

ആധുനികോത്തരത എന്ന പ്രയോഗം ആദ്യമായി നടത്തിയതു് അയ്യപ്പപ്പണിക്കരാണത്രേ. എന്നാല്‍, സച്ചിദാനന്ദനും ബി രാജീവനും വി. സി. ശ്രീജനും ആര്‍ വിശ്വനാഥനും മറ്റും എഴുതിയ ലേഖനങ്ങളിലൂടെയാണു് പുതിയ വായനയുടെ സൈദ്ധാന്തികതലങ്ങളിലേക്കു് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സിമിയോളജിക്കല്‍ ഘടനാവാദം, സിമിയോട്ടിക്‌സ്, അപനിര്‍മ്മാണം, ഫ്രോയ്ഡിനു ശേഷം മനോവിജ്ഞാനീയമണ്ഡലത്തിലുണ്ടായ ചുവടുവെയ്പുകള്‍, അല്‍ത്തൂസര്‍ തൊട്ടുള്ള മാര്‍ക്‌സിയന്‍ പാരമ്പര്യമുള്ള പുതുചിന്തകരുടെ വിചാരരീതികള്‍ തുടങ്ങിയവയിലേക്കു് പഠിതാക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവരുടെ ലേഖനങ്ങള്‍ക്കു കഴിഞ്ഞു. ആധുനികാനന്തരചിന്തയുടെ മേഖലയിലേക്കുള്ള പ്രവേശവും കൂടിയാണു് ഇവിടെ സംഭവിച്ചതു്. ആധുനികതയുടെ യുക്തിയില്‍ വ്യക്തത കൈവരിക്കാതെ പോയ സാംസ്കാരിക/ രാഷ്ട്രീയ/അധികാരപ്രശ്‌നങ്ങളെ കണ്ടറിയുന്നതു് എന്ന അര്‍ത്ഥത്തില്‍ ആധുനികാനന്തരം എന്നു വിശേഷിപ്പിക്കാന്‍ മടിക്കേണ്ടതില്ലാത്ത ചില പദ്ധതികളും ഇതേ കാലയളവില്‍ പ്രചരിച്ചു. സ്ത്രീവാദപരമായ വായന, പ്രത്യയശാസ്ത്രപരമായ വായന, കീഴാളപക്ഷവായന, കൊളോണിയലിസ പോസ്റ്റ് കൊളോണിയലിസവായനകള്‍, പരിസ്ഥിതിവാദപരമായ വായന എന്നിവ കരുത്താര്‍ജ്ജിച്ചുവന്നു. എം എന്‍ വിജയന്റെ മാമ്പഴപഠനം പോലുള്ള മനോവിജ്ഞാനീയപരമായ വിശകലനങ്ങളും മാര്‍ക്‌സിയന്‍ വിപ്ലവചിന്തയുടെ ഭാഗമായ വര്‍ഗ്ഗസമരസിദ്ധാന്തവും അടിത്തറ മേല്പുരസിദ്ധാന്തവും മറ്റും പരിചയിച്ചിട്ടുള്ള മലയാളസാഹിത്യവിദ്യാര്‍ത്ഥികള്‍ ഈ സിദ്ധാന്തങ്ങളെയും വിശകലനരീതികളെയും ആവുന്നതും ആവേശത്തോടെ പിന്തുടരാനും സാഹിത്യത്തെ ഒരു സാംസ്കാരികോല്പന്നമായി മനസ്സിലാക്കാാനും മുതിര്‍ന്നു. `പുതിയ ചിന്ത പുതിയ വായന' എന്നതു് ആവേശകരമായ ഒരു മുദ്രാവാക്യമായി മാറി.

സാഹിത്യം ഒരു സാംസ്കാരികോല്പന്നമാണെന്ന തിസിസാണ് ഈ ഘട്ടത്തില്‍ അടിവരയിട്ട് അവതരിപ്പിക്കപ്പെട്ടതു്. സാഹിത്യകൃതികളെ കലാകൃതികളെന്ന നിലയ്ക്കപ്പുറത്തു് രാഷ്ട്രീയസാംസ്കാരികരേഖകള്‍ എന്ന നിലയില്‍ക്കൂടി മനസ്സിലാക്കുന്ന ഒരു മുന്നേറ്റമായി ഇതിനെ കാണാം. സാഹിത്യസമീപനത്തിലുണ്ടായ ഈ മാറ്റം വ്യക്തമാകുവാന്‍ ഇക്കാലയളവിലുണ്ടായ ഗവേഷണപഠനങ്ങളിലൂടെ ഒരു ഓട്ടപ്രദിക്ഷണം മതിയാകുന്നതാണു്. പൊതുവില്‍ സാഹിത്യകൃതികളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ അന്തര്‍ഗതങ്ങളെ വെളിവാക്കുവാനുള്ള ശ്രമങ്ങളാണു് ഈ കാലഘട്ടത്തിലെ മലയാളസാഹിത്യപഠനങ്ങളില്‍ സംഭവിച്ചതെന്നു പറയാം. ഈ രംഗത്തു ശ്രദ്ധ ചെലുത്തുന്ന ഏതൊരാള്‍ക്കും എളുപ്പം സ്പഷ്ടമാകുന്ന കാര്യമാണിതു്. ഭാഷാസാഹിത്യപഠനവിഭാഗങ്ങള്‍ സ്വയം സംസ്കാരപഠനവിഭാഗങ്ങളാണെന്നു് അവകാശപ്പെടുന്നതിനു കാരണമാകുന്ന തരത്തില്‍ ഈ പ്രേരണ പ്രഭാവം ചെലുത്തുകയുണ്ടായി. ശൈലീപഠനത്തിലും ബിംബപഠനത്തിലും മറ്റും മുഴുകിയ പഴയ ഗവേഷണപഠനങ്ങളുടെ സ്ഥാനത്തു് സ്ത്രീസ്വത്വനിര്‍മ്മിതിയെക്കുറിച്ചുള്ള പഠനവും കൊളോണിയലിസപഠനവുമെല്ലാമായി. അധികാരവും പ്രതിരോധവുമായി മിക്കവാറും ചര്‍ച്ചാവിഷയം. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്കും ഇ എം എസിന്റെ സംഭാവനകളിലേക്കും നോട്ടമയച്ചിരുന്നവരുടെ പിന്മുറക്കാര്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും അധികാരവിനിമയരീതികളെക്കുറിച്ചുള്ള വിശകലനവും മറ്റും നടത്താനാരംഭിച്ചു. കഥയും നോവലും കവിതയുമെല്ലാം സാംസ്കാരികസൃഷ്ടികളെന്ന നിലയില്‍ വിശകലനം ചെയ്യപ്പെട്ടു.

ഗ്രന്ഥകാരന്റെ മരണം സമുചിതമായി കൊണ്ടാടപ്പെട്ട ഈ കാലത്തെ വളര്‍ച്ചയില്‍ പഴയ കൃതികള്‍ പലതും പുനര്‍വായിക്കപ്പെട്ടു. രാഷ്ട്രീയസാംസ്കാരികവിമര്‍ശനമാണു് സാഹിത്യപഠനത്തില്‍ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അതാണു് നിര്‍വ്വഹിക്കേണ്ടതെന്നും അതോടൊപ്പം പഠിപ്പിക്കപ്പെട്ടു. സാഹിത്യത്തിനു സവിശേഷമായ പദവി കല്പിക്കുന്നതില്‍ കാര്യമില്ലെന്നും മറ്റു ഭാഷാവ്യവഹാരങ്ങള്‍ക്കൊപ്പമോ, അതിനുമപ്പുറത്തേക്കുപോയാല്‍ മറ്റു ചിഹ്നവ്യവഹാരങ്ങള്‍ക്കൊപ്പമോ ആയി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന ആശയവും ഇതോടൊന്നിച്ചു വികസിച്ചുവന്നു. സാഹിത്യത്തിന്റെയും സാഹിത്യരചയിതാവിന്റെയും പരിവേഷനിര്‍മ്മാര്‍ജ്ജനം, അഥവാ അപഗൂഢവല്ക്കരണം, അഥവാ അപപീഠവല്ക്കരണം എന്നൊക്കെ വിവരിക്കപ്പെട്ടതാണു് ഈ നീക്കം. സാഹിത്യം മാത്രം പഠനവിഷയമായിരുന്ന ഭാഷാവകുപ്പുകളില്‍ സാംസ്കാരികവ്യവഹാരങ്ങളെല്ലാം പഠനവിഷയങ്ങളായി കടന്നുവരാനും തുടങ്ങി. ഭാഷാപഠനത്തിനായി രൂപം കൊണ്ട പഠനവകുപ്പുകള്‍ ഫലത്തില്‍ സാംസ്കാരികപഠനവിഭാഗങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ സാഹിത്യത്തിന്റെ പരിവേഷനിര്‍മ്മാര്‍ജ്ജനവും ഉപഗൂഢവല്ക്കരണവും ഉപപീഠവല്ക്കരണവും പൂര്‍ത്തിയായി.`സാംസ്കാരിക'വകുപ്പിന്റെ ഉപപീഠത്തിലായി സാഹിത്യത്തിന്റെ പ്രതിഷ്ഠ.

ഭാഷാപഠനമെന്നാല്‍ സംസ്കാരപഠനംതന്നെയാണെന്ന വിശ്വാസം മുമ്പുതന്നെ പ്രബലമായിരുന്നു. സംസ്കാരപഠനം എന്ന പേരില്‍ കേരളചരിത്രവും ചരിത്രവും കലാസാംസ്കാരികപ്രകാശനങ്ങളും വിവരണാത്മകമായി പഠനവിധേയമാക്കുന്ന രീതിക്കു പഴക്കവുമുണ്ടു്. ഫോക്‌ലോര്‍ പഠനവും അതിനോടു് ചേരുന്നു. സാഹിത്യത്തിന്റെ സവിശേഷതകളായി കണ്ടെടുക്കുന്നതെല്ലാം വിശാലമായൊരു അര്‍ത്ഥത്തില്‍ സാംസ്കാരികസവിശേഷതകളാണെന്നതും മറക്കേണ്ട. സര്‍ഗ്ഗാത്മകസാഹിത്യമുള്‍പ്പെടെയുള്ള ഭാഷാവസ്തുക്കളെ അവ ചരിത്രരേഖകളാണെന്ന വസ്തുത പരിഗണിച്ചുകൊണ്ട് നമ്മുടെ ചരിത്രത്തിലേക്കും സാംസ്കാരികമായ ഏര്‍പ്പാടുകളിലേക്കും വെളിച്ചം വീശുവാനുള്ള ശ്രമങ്ങളും മുമ്പേതന്നെയുണ്ട്. സാഹിത്യത്തിന്റെയും പൊതുവില്‍ കലകളുടെയും സാമൂഹ്യമായ അടിവേരുകള്‍ ചികയുന്നതും രാഷ്ട്രീയപക്ഷപാതങ്ങളെക്കുറിച്ചു വേപഥു കൊള്ളുന്നതുമായ വിമര്‍ശനത്തിനും പുരോഗമനസാഹിത്യപ്രസ്ഥാനകാലത്തോളമെങ്കിലും പഴക്കമുണ്ടു്. എന്നാല്‍ ഇതൊന്നും സാംസ്കാരികസമീപനം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പരിവര്‍ത്തനം സാഹിത്യഭാഷാസമീപനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന വസ്തുതയെ നിരാകരിക്കുന്നതല്ല. ഭാഷയും ഭാഷാപരമായ പ്രകാശനങ്ങളുമൊന്നാകെ വിശകലനാത്മകരീതിശാസ്തരത്താല്‍ സാംസ്കാരികവിഷയമായി രൂപാന്തരപ്പെടുന്ന പ്രക്രിയയ്ക്കു മുന്‍കൈ ഉണ്ടായിവന്നതിനെക്കുറിച്ചാണു് ഇവിടെ പരാമര്‍ശിക്കുന്നതു്. കവിതയും കഥയും നോവലും നാടകവുമെല്ലാം ഉള്ളില്‍പ്പേറുന്ന സാമൂഹികമായ അധികാരവിതരണവും വിനിമയവുമായി ബന്ധപ്പെടുന്നതെങ്ങനെ എന്നു പരിശോധിക്കുന്നു എന്ന അര്‍ത്ഥത്തില്‍ രാഷ്ട്രീയത്തെ മുഖ്യമായി പരിഗണിക്കുന്നതും വെളിപ്പെടുത്തുന്നതുമായി പഠനങ്ങള്‍ മാറിത്തീര്‍ന്നു.

പോപ്പുലര്‍ കള്‍ച്ചറായാലും മറ്റേതെങ്കിലും വ്യവഹാരങ്ങളായാലും സാഹിത്യമായാലും അതെല്ലാം നാം മനസ്സിലാക്കുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്ന പ്രാഥമികസൂചനകള്‍ക്കും ഭംഗികള്‍ക്കും അപ്പുറത്തു് അവയെ (മനസ്സിലാക്കലിനെയും ആസ്വാദനത്തെയും) സാദ്ധ്യമാക്കിക്കൊണ്ടു് നിലകൊള്ളുന്ന സാംസ്കാരികമായ ധാരണകളിലേക്കു വെളിച്ചം പ്രസരിപ്പിക്കാന്‍ അസാമാന്യമായ വിരുതു കാണിച്ചവരുണ്ട്. വി.സി.ശ്രീജന്റെ കുറത്തിവായനയെയും, ഇന്ദുലേഖാപഠനങ്ങളുടെ ഒരു സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ച വായനകളെയും ഇവിടെ ഓര്‍ത്തുപോവുന്നു.

സിദ്ധാന്തം വെളിച്ചമാകുന്നതും കൃതികള്‍ സാംസ്കാരികപാഠങ്ങളുടെ സമാഹാരമായി ഇഴ തിരിയുന്നതും വിസ്മയത്തോടെ നാം കണ്ടു. അറിയലിനെയും ആസ്വാദനത്തെയും ആഴപ്പെടുത്തുന്ന ഒരു തലം ഈ വിശകലനങ്ങള്‍ക്കുണ്ടായിരുന്നു. അന്യഥാ വിപ്ലവകരമെന്നു വിലയിരുത്തപ്പെട്ട ഒരു നിര്‍മ്മിതിയുടെ ആന്തരപാഠങ്ങള്‍ ഈ അവകാശവാദത്തെ നിര്‍വ്വീര്യമാക്കുന്നതാണെന്നു `കുറത്തി'കാവ്യത്തിന്റെ പാരായണത്തിലൂടെ ശ്രീജന്‍ കാണിച്ചുതന്നു. ഇതു് നമ്മുടെ മുന്നില്‍ പുതിയ വായനയുടെ രാഷ്ട്രീയം വ്യക്തമാക്കിയ ആദ്യമാതൃകകളിലൊന്നാണു്. വിപ്ലവപരമായ ആസ്വാദനത്തിന്റെ ഉപരിപ്ലവതയെത്തന്നെ തുറന്നുകാണിക്കുന്ന തരത്തില്‍ വലിയ മൂല്യമുണ്ടു് ആ വിശകലനത്തിനു്. ഇന്ദുലേഖാപഠനങ്ങളില്‍ ഈ വഴിക്കുള്ള സഫലമായ കുറേ ആലോചനകള്‍ ഉണ്ടു്. ഇവിടെയെല്ലാം സാഹിത്യകൃതികളുടെ വിശകലനം സാംസ്കാരികമായ മനസ്സിലാക്കലും ആധുനികമനസ്സിന്റെ ആത്മവിമര്‍ശനങ്ങളുമായിത്തീരുന്ന കാഴ്ചയായിരുന്നു മുന്നിട്ടുനിന്നിരുന്നതു്. കൃതികളുടെ സൗന്ദര്യപരമായ, അനുഭവപരമായ, അനുഭൂതിപരമായ തലങ്ങളെ ആഴപ്പെടുത്തുകയും സൂക്ഷ്മവല്ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയായിരുന്നു അവ. ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഒഫ് ക്രൈസ്റ്റിന്റെ ആമുഖത്തിന്റെ അവസാനഭാഗത്തുള്ള ഒരു വാക്യമാണു് ഇവിടെ ഓര്‍മ്മ വരുന്നതു് : ഈ കൃതി വായിക്കുന്നവര്‍ മുമ്പത്തേക്കാള്‍ ആഴത്തോടെ യേശുവിനെ സേ്‌നഹിക്കുമെന്നു് എനിക്കുറപ്പുണ്ടു് എന്നു് ഗ്രന്ഥകര്‍ത്താവായ കസന്ത് സാക്കിസ് എഴുതി

വിമര്‍ശനത്തിന്റെ മേഖലയില്‍ സംഭവിച്ച സര്‍ഗ്ഗാത്മകമായ ഒരു വ്യതിയാനം സാഹിത്യഗവേഷണരംഗത്തു പുതിയ ചലനങ്ങളുണ്ടാക്കി. ഒരു പൂത്തുലയല്‍ തന്നെ സംഭവിച്ചു. ഈ ഘട്ടത്തില്‍, ഭാഷാസാഹിത്യപഠനമെന്നാല്‍ സാംസ്കാരികരാഷ്ട്രീയസൂചനകളെ പിന്തുടരുന്നതായേ ഒക്കൂ എന്ന നിലയിലായി. സംസ്കാരത്തെ വിമര്‍ശനവിധേയമാക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നു എന്നതുകൊണ്ടുതന്നെ സ്തുതിയും പ്രകീര്‍ത്തനവും അര്‍ഹിക്കുന്നതാണു് ഈ പരിണാമം. എന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ സാഹിത്യവിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തികച്ചും ശുഭസൂചകമാമെന്നു കരുതാമോ? വിപല്‍ക്കരമെന്നു പറയേണ്ടിവരുന്ന ചില സൂചനകളും അനന്തരഫലങ്ങളും ഇവിടെ പതുങ്ങിക്കിടക്കുന്നില്ലേ? ഇതാണു് ഇവിടുത്തെ ചിന്താവിഷയം. സാഹിത്യസമീപനത്തിനു തുണയായെത്തിയ സാമൂഹികരാഷ്ട്രീയസിദ്ധാന്തങ്ങളുടെ അനുശീലനം മേല്‍ക്കെ നേടുന്നതോടെ സാഹിത്യത്തിന്റെ സാഹിതീയതയെത്തന്നെ അവഗണിക്കുന്നതിലേക്കു നയിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമായും സര്‍വ്വകലാശാലാ തലത്തില്‍ നടന്നുവരുന്ന ഗവേഷണപഠനങ്ങളിലാണു് ഈ പ്രവണത ശക്തമായിക്കാണുന്നതു്. സിദ്ധാന്തങ്ങളുടെ അടിക്കുറിപ്പുകളായി സാഹിത്യപഠനങ്ങള്‍ മാറിത്തീരുന്ന അവസ്ഥ പോലും ഉണ്ടാകുന്നു. സാഹിത്യത്തിന്റെ അനുഭൂതിപരമായ മൗലികതയെ, സൗന്ദര്യസൃഷ്ടി എന്ന നിലയിലുള്ള അസ്തിത്വത്തെ അഭിസംബോധന ചെയ്യാതെ പോകുന്നതായി മിക്കവാറും വായനകള്‍. സാഹിത്യപഠനം സാഹിത്യപഠനമല്ലാതായി, കലാസമീപനമല്ലാതായി മാറുകയല്ലേ ഇവിടെ സംഭവിക്കുന്നതു് എന്നു സംശയിക്കേണ്ടിവരുന്നു.

അനുഭൂതികള്‍ സാംസ്കാരികവും രാഷ്ട്രീയവുമായ ഇഴകള്‍ ചേര്‍ന്നു സാധ്യമാക്കുന്ന നിര്‍മ്മിതിയാണു് എന്നു സിദ്ധാന്തിക്കുന്നതിന്റെ തുടര്‍ച്ചയില്‍ പോയറ്റിക്‌സ് അല്ലെങ്കില്‍ ഏയ്‌സെ്തറ്റിക്‌സ് പുറത്താവുന്നു. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നുണ്ടാകുന്നതാണു് വെള്ളം എന്ന ശരിയായ അറിവിന്റെ പിന്‍ബലത്തില്‍ ജലത്തിന്റെ ഗുണകണങ്ങള്‍ വിസ്മരിക്കുവാന്‍ ശ്രമിച്ചാലുണ്ടാകുന്നതുപോലൊരു വീഴ്ച ഇവിടെയുണ്ടു്. അതാകട്ടെ, സാഹിത്യത്തിന്റെ കലാപരമായ അനുഭവതലത്തെ നിരാകരിക്കുന്നതിനിടയാക്കുന്നു. ഗുരുതരമായ ഒന്നാണു് ഈ വീഴ്ചയെന്നും അതു് കലയ്ക്കും സാഹിത്യത്തിനും എന്നല്ല സംസ്കാരത്തിനും തന്നെ എതിരായ അര്‍ത്ഥതലങ്ങളുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ടു്.

സാഹിത്യത്തിനു പതിത്വം കല്പിക്കുന്ന ഒരു ഭാഷാവീക്ഷണം നമ്മുടെ കലാശാലകളിലെ ഭാഷാപഠനത്തില്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതൊക്കെ ഈ പുതിയ സാംസ്കാരികനിര്‍മ്മിതിവാദം ഉണ്ടാക്കിയെടുക്കുന്ന അനുകൂലാന്തരീക്ഷത്തിലാണു്. സാഹിതീയതയെ, കലാനുഭൂതിയെ, കലാസൗന്ദര്യത്തെ അവയുടെ തനിമയില്‍ മനസ്സിലാക്കുന്നതിനു പകരം അവയുടെ നിര്‍മ്മാണഘടകങ്ങളുടെ തലത്തില്‍ മനസ്സിലാക്കുന്നു. ഇതു് പാടില്ലാത്തതല്ല. സൗന്ദര്യത്തിന്റെ നിര്‍മ്മിതിപരതയെ മനസ്സിലാക്കേണ്ടതുതന്നെ. ജലത്തിന്റെ രാസഘടന അറിയുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ രാസഘടന അറിയുവാന്‍ അതാവശ്യമാണു്. എന്നാല്‍ ആ അറിവു് ഉല്പന്നത്തിന്റെ സവിശേഷതകളെ നിഷേധിക്കുന്നതാവരുതല്ലോ. അതാണു് ഇവിടെ സംഭവിക്കുന്നതു്. സാഹിത്യത്തിന്റെ സവിശേഷമായ അസ്തിത്വം നിഷേധിക്കുവാനുള്ള ഒരു നീക്കമായി അതു് അറിഞ്ഞോ അറിയാതെയോ മാറിത്തീരുന്നു. സാഹിത്യത്തെ സാമൂഹികശാസ്ത്രത്തിന്റെയോ രാഷ്ട്രീയവിജ്ഞാനത്തിന്റയോ ഉപവിഭാഗമായി മനസ്സിലാക്കുന്ന ഒരു നിലയിലേക്കാണു് കാര്യങ്ങള്‍ നീങ്ങുന്നതു്. സാഹിത്യസംബന്ധിയായ ചെറിയ സംവാദങ്ങള്‍ പോലും പോലിറ്റിക്‌സാണു് കൈകാര്യം ചെയ്യുന്നതു്. ഇതില്‍ ഒരു അധിനിവേശം അന്തര്‍ഭവിച്ചിട്ടുണ്ട്. സാമൂഹികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ പിന്തുടരുകവഴി സാഹിത്യപഠനത്തിന്റെ സ്വാച്ഛന്ദ്യത്തെയും കലാനുഭവത്തിന്റെ സവിശേഷതയെയും മറക്കുകയാണു്. പുതിയ വായനാസിദ്ധാന്തങ്ങള്‍ കാലഹരണപ്പെടുത്തി എന്നു കരുതിപ്പോരുന്ന ആവിഷ്കാരസിദ്ധാന്തങ്ങളും രൂപപരമായ സമീപനങ്ങളുമെല്ലാം പരിമിതികളുണ്ടായാല്‍ക്കൂടിയും ഈ മൗലിക സവിശേഷതയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നുവെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ടു്. സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുടെ അധിനിവേശത്തിനു് ഇരയാകുന്ന സാഹിത്യപഠിതാക്കള്‍ സാമൂഹികശാസ്ത്രവിദ്യാര്‍ത്ഥിയായി മാറുന്ന ഒരു പ്രക്രിയ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യയശാസ്ത്രത്തിനു കീഴെ്പടുന്നതുപോലൊരു പ്രക്രിയയില്‍ സാഹിത്യപഠിതാവു് സാമൂഹികശാസ്ത്രവിദ്യാര്‍ത്ഥിയാകുന്നു.

ഭാഷാസാഹിത്യപഠനകേന്ദ്രങ്ങള്‍ അവയുടെ നിലനില്പുതന്നെ അപ്രസക്തമാക്കുന്ന തരത്തില്‍ പരിണമിക്കുന്നു എന്നതിനാലാണു് ഇതു വളരെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നു വരുന്നതു്. ഭാഷാസാഹിത്യപഠനം മൗലികമായ ഊന്നലുകളില്‍നിന്നു വ്യതിചലിച്ചു് സാമൂഹികശാസ്ത്രപഠനത്തിന്റെ രീതിശാസ്ത്രം കൈക്കൊള്ളുന്നതോടെ ഒരു ജ്ഞാനമേഖല എന്ന നിലയിലുള്ള പ്രസക്തിയാണു് നഷ്ടമാക്കുന്നതു്. സാഹിത്യപഠനത്തെ ചേട്ടന്റെ നിഴലില്‍ നിര്‍ത്തുന്നതാണു് ഈ രൂപാന്തരണം. സാഹിത്യത്തിന്റെ സാഹിതീയതയെ മുഖ്യമായെടുത്തിരുന്ന; അതെത്രത്തോളം ശുദ്ധകലാവാദമായിരുന്നാലും അലങ്കാരപദ്ധതികളുടെ അനുശീലനമായാലും ശരി; അക്കാദമിഷന്മാരെപ്പോലും സോഷ്യല്‍ സയന്‍സിന്റെ രീതിശ്ശാസ്ത്രം/പ്രത്യയശാസ്ത്രം സ്വാധീനിക്കുകയാണു്. സംസ്കാരപഠനമായേ ഇനിമേല്‍ സാഹിത്യപഠനത്തിനു നിലനില്ക്കാനാവൂ എന്ന വാദം അവര്‍ പോലും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.

മലയാളപഠനവിഭാഗത്തെ മലയാളകേരളപഠനവിഭാഗമെന്നു പുനര്‍നാമകരണം ചെയ്യുന്നതിലും സാംസ്കാരികപാഠാവലികളാണു് ഭാഷാപഠനത്തിന്റെ ഉപാധിയായി സ്വീകരിക്കേണ്ടതെന്നുള്ള സമീപകാലവിദഗേ്ദാപദേശങ്ങളിലും സാഹിത്യപഠനത്തിന്റെ ഈ സ്വത്വനഷ്ടത്തിന്റെ തുടര്‍ച്ചയുണ്ടു്. അയിത്താചരണപരമായി തനിമ സൂക്ഷിക്കേണ്ടതാണു് സാഹിത്യപഠനം അല്ലെങ്കില്‍ കലാപഠനം എന്നൊന്നുമല്ല ഇവിടെ സൂചിപ്പിക്കുന്നതു്. സാമൂഹികരാഷ്ട്രീയസമീപനങ്ങള്‍ക്കും സംസ്കാരപഠനത്തിനും അവയ്ക്കു വെളിച്ചമേകുന്ന സിദ്ധാന്തങ്ങള്‍ക്കുമുള്ള പ്രാധാന്യവും പ്രസക്തിയും ആദരിക്കപ്പെടേണ്ടതുതന്നെ. അതില്‍ യാതൊരു സന്ദേഹവും കൂടാതെയാണു് സാഹിത്യപഠനം സൗന്ദര്യപരമായ, ആസ്വാദനസംബന്ധിയായ തലങ്ങളെ തലങ്ങളെ മുന്‍നിര്‍ത്തുന്ന ഒരു സമീപനം സൂക്ഷിക്കേണ്ടതുണ്ട് എന്നു വാദിക്കുന്നതു്. സാഹിത്യപഠനം സാമൂഹികമായിത്തന്നെ പ്രസക്തമാണെന്നുള്ള വിചാരമാണു് ഇവിടെ പങ്കു വെയ്ക്കുന്നതു്. കലയുടെ, വിശേഷിച്ചു് സാഹിത്യത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതു് സാമൂഹികമായിത്തന്നെ അപകടകരമാണു്. ചിന്തയുടെ ചാലകശക്തിയായിത്തീരുന്ന അനുഭവവൈവിദ്ധ്യം, സാംസ്കാരികശക്തി, മനുഷ്യരില്‍ ശക്തിപ്പെട്ടുവരുന്നതിനു്, അങ്ങനെ അസാധാരണക്കാരുണ്ടായിവരുന്നതിനു്, കലയുടെ, വിശേഷിച്ച് സാഹിത്യത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണു്. സാധാരണക്കാരില്‍നിന്നു് ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കാമെന്നും അസാധാരണക്കാരില്‍നിന്നു് അതിനു കഴിയില്ലെന്നും അറിയാവുന്ന പിച്ചരാഷ്ട്രീയം കലയുടെ രാഷ്ട്രീയമൂല്യത്തെ എക്കാലവും ഭയന്നിട്ടേയുള്ളൂ. എന്നാല്‍ കലാലയത്തിനു രൂപം കൊടുത്ത മനുഷ്യര്‍ അതിനെ ഉന്നതസ്ഥാനത്തു പ്രതിഷ്ഠിച്ചുംവന്നു.

അക്കാദമികപഠനത്തിന്റെ ചരിത്രത്തിലേക്കും വിശേഷിച്ചു് ഭാഷാപഠനത്തിന്റെ ചരിത്രത്തിലേക്കും കണ്ണോടിച്ചാല്‍ കലയ്ക്കു നല്കിയിരുന്ന പ്രാധാന്യം സ്പഷ്ടമാകുന്നതാണു്. കലാപരമായ ഒരു തലത്തിലാണു് ജ്ഞാനവിഷയങ്ങളെ വളരെ പണ്ടുതൊട്ടേ സ്വീകരിച്ചിരുന്നതു് . ശാസ്ത്രവും സാമൂഹികപഠനവും എല്ലാം കലയായി എടുക്കുന്ന ഒരു വീക്ഷണത്തിന്റെ ലാഞ്ഛനയുണ്ടു് ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന പ്രയോഗത്തില്‍പ്പോലും. മാനവികജ്ഞാനവിഷയങ്ങളുടെ കുലപതിയായി കലയെ കണ്ടതിന്റെ അടയാളമാണിതു്. അറുപത്തിനാലു കലകള്‍ എന്ന പ്രയോഗവും ഈ സന്ദര്‍ഭത്തില്‍ അനുമരണീയമാണു്. ധര്‍മ്മത്തില്‍ എല്ലാ ജ്ഞാനവിഷയങ്ങളും കലയുടെ ലക്ഷ്യവുമായി ഇണങ്ങിനില്ക്കുന്നുവെന്നാവാം വിവക്ഷിച്ചിരുന്നതു്. ഭാഷാപഠനത്തിന്റെ കാര്യമെടുത്താല്‍ അതിനു മുഖ്യ ആശ്രയമായി സ്വീകരിച്ചിരുന്നതു് സാഹിത്യമായിരുന്നു എന്നു കാണാം. ഭാഷാപഠനവഴിയില്‍ സാമാന്യം ഭേദപ്പെട്ട നിലയിലെത്തിയതിനെ സൂചിപ്പിച്ചുകൊണ്ട് കാവ്യങ്ങള്‍ വായിച്ചു എന്നായിരുന്നു പറയുക. കാവ്യപഠനത്തിന്റെ ഭാഗമാണു് വ്യാകരണവും അലങ്കാരശാസ്ത്രവും ഛന്ദശ്ശാസ്ത്രവമെല്ലാം. ലീലാതിലകം തന്നെ ന്‍തിനു തെളിവാണു്. മണിപ്രവാളമെന്ന സാഹിത്യശാഖയെക്കുറിച്ചാണു് ലീലാതിലകകാരന്റെ ആലോചന. മണിപ്രവാളസാഹിത്യം കേരളരുടെ ഭാഷയും കൂടി ഉപയോഗിച്ചുകൊണ്ടു് രചിക്കപ്പെടുന്നതിനാല്‍ അതിന്റെ സ്വഭാവം വ്യക്തമാക്കി എന്നു മാത്രം. (സംസ്കൃതത്തിന്റെ ഭാഷാനിയമങ്ങള്‍ മുമ്പേ അറിയപ്പെട്ടിട്ടുള്ളതിനാല്‍ അവിടെ വിശദീകരിക്കുന്നില്ല. സംസ്കൃതമറിയാവുന്നവരെയാണു് ആചാര്യന്‍ സംബോധന ചെയ്യുന്നതു്. ) പാണിനീയം പോലുള്ള സംസ്കൃതവ്യാകരണഗ്രന്ഥങ്ങളും ഉണ്ടായിവന്നതു് പ്രാചീനസാഹിത്യമായ വേദങ്ങളെ പഠിച്ചതിലൂടെയാണു്. സാഹിത്യപഠനത്തിന്റെ ഒരു ബൈപ്രോഡക്റ്റാണു് വരമൊഴിയെ ആശ്രയിക്കുന്ന വ്യാകരണമെന്നര്‍ത്ഥം. വരമൊഴിയെ തള്ളിപ്പറയുകയും വരമൊഴിയെ തള്ളിപ്പറയുകയും വാമൊഴിയെ (ആത്മാര്‍ത്ഥതയില്ലാതെ) മഹത്വപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇത്തരം വസ്തുതകള്‍ മറക്കുന്നു. ഇവിടെ സാഹിത്യത്തെ മൂല്യവത്തായി കാണുന്ന, സൗന്ദര്യത്തെ മുഖ്യമായെടുക്കുന്ന ഒരു വീക്ഷണത്തിനെതിരായി നിലയുറപ്പിക്കുകകൂടിയാണു് ചെയ്യുന്നതു്. വരമൊഴിക്കെതിരായി നടത്തുന്ന യുദ്ധങ്ങള്‍ സാഹിത്യത്തിനും കലയ്ക്കുമെതിരായ യുദ്ധങ്ങളാണു്.

ആസ്വാദനത്തിനും മാനകഭാഷാപയോഗത്തിനും സാമാന്യമായി പ്രാധാന്യമുള്ള സാഹിത്യമായിരുന്നു ഭാഷാപഠനത്തിന്റെ കാതല്‍. ആസ്വാദനപ്രധാനമായ വായനയായിരുന്നു അതു്. സാഹിത്യസിദ്ധാന്തീകരണങ്ങളും വ്യാഖ്യാനങ്ങളുമല്ലാതെ വിശകലനസ്വഭാവമുള്ള വിമര്‍ശനം ആധുനികമായ ഒരേര്‍പ്പാടാണെന്ന കാര്യവും ഓര്‍ക്കാവുന്നതാണു്. സംസ്കൃതത്തില്‍ വിമര്‍ശനമേ ഉണ്ടായിരുന്നില്ലല്ലോ. സൗന്ദര്യാസ്വാദനപരമായ വായനയിലൂടെ ആത്മസംസ്കരണം നടത്തുന്നതിനെക്കുറിച്ചായിരുന്നു ചിന്തകരുടെ പരിഗണന. ഭാവനയുടെ സാമൂഹ്യപ്രയോജനത്തെ ആ നിലയിലാണു് മനസ്സിലാക്കിപ്പോന്നതു്. ആധുനികകാലത്തു് ചിലരെങ്കിലും അതു കൃതിയുടെ പ്രത്യക്ഷസന്ദേശത്തിലാണുള്ളതെന്നു ധരിച്ചു. ആധുനികോത്തരകാലത്തു് അതു് മറഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്രപരമായ പാഠങ്ങളിലാണെന്നു കരുതപ്പെട്ടു. കലയുടെ മൗലികമായ സൗന്ദര്യപരതയെ ഘട്ടം ഘട്ടമായി അവഗണിക്കുന്ന ഒരു ചരിത്രം കൂടി വിമര്‍ശനചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ടെന്നു കാണാം. സര്‍ഗ്ഗാത്മകതയെ കുറച്ചുകാണുകയും വിമര്‍ശനത്തെ ഉന്നതിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന തകിടം മറിച്ചിലുണ്ടായി. എഴുത്തുകാരന്റെ മരണമെന്ന കാവ്യാത്മകപ്രയോഗം പോലും ഇവിടെ കവിയുടെ പരിവേഷത്തകര്‍ച്ചയുടെ വിളംബരമാകുന്നില്ല. വായനക്കാരന്റെ സ്വാതന്ത്ര്യത്തെയോ കൃതിയുടെ പാഠപരതയെയോ അതു സൂചിപ്പിക്കുന്നുമില്ല. സാമൂഹികരാഷ്ട്രീയവിമര്‍ശകന്റെ സ്ഥാനാരോഹണത്തെയാണു് അതു നമ്മുടെ സാഹചര്യത്തിലെങ്കിലും സൂചിപ്പിക്കുന്നതു്. കവി വിമര്‍ശകനായും സാംസ്കാരികവിമര്‍ശകനായും രൂപാന്തരപ്പെട്ടുകൊണ്ടു് ഈ സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ യത്‌നിക്കുന്നു. കവിതയെഴുതുന്നവന്‍ കവിയാകുന്നില്ല. കഥയെഴുതുന്നവന്‍ കഥാകാരനുമാകില്ല. സാംസ്കാരികവിമര്‍ശകത്വത്തിന്റ പിന്‍ബലത്തോടെ മാത്രമേ അതിനു കഴിയൂ എന്നതാണു് അവസ്ഥ. കവിക്കും ആസ്വാദകനും കൈമുതലായിരിക്കേണ്ട ഉദ്ഗ്രഥനാത്മകമായ ഭാവനയ്ക്കു പകരം `വിമര്‍ശന'ബുദ്ധിക്കു പ്രാമാണ്യമുള്ള അവസ്ഥയെയാണിതു് കാംക്ഷിക്കുന്നതു്.

അദ്ധ്യാപകകര്‍തൃത്വവും പുനര്‍നിര്‍വ്വചിക്കപ്പെടുകയാണു്. അയാളും സാമൂഹിക`രാഷ്ട്രീയ'വിമര്‍ശകനാണു്. അവരുടെ മുന്‍കൈയില്‍ വിദ്യാഭ്യാസരംഗത്തും ആസൂത്രണങ്ങള്‍ നടക്കുന്നു. പുതിയ സിലബസും പഠനരീതികളും പ്രഖ്യാപിച്ചുകൊണ്ടു് സാഹിത്യത്തെ പുറംതള്ളുവാനുള്ള നീക്കം വിജയകരമായി നടപ്പാക്കുന്നു. ഇംഗ്ലീഷ് സാഹിത്യം പഠിച്ചിട്ടു് എന്തു പ്രയോജനം എന്നു ചോദിച്ചുകൊണ്ടു് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലേക്കു നീങ്ങുന്നു. സിലബസ്സില്‍ ഉള്‍പ്പെടുത്തുന്ന സാഹിത്യം മിക്കവാറും സാമൂഹികപാഠങ്ങളാണു്. ഭാഷാപഠനത്തെ സാമാന്യവിനിമയങ്ങളുടെ സ്കില്ലുകളില്‍ കേന്ദ്രീകരിപ്പിക്കുകയാണു് ചെയ്യുന്നതു്. സാഹിത്യകൃതികളെ സാമൂഹികരാഷ്ട്രീയ രേഖകളായി അവതരിപ്പിക്കുകയും ചെയ്യുന്നു. കടമ്മനിട്ടയുടെ ശാന്തവായിക്കുന്നതു് ജലദൗര്‍ബല്യത്തെക്കുറിച്ചു് അറിവുണ്ടാക്കാനാണു്. വുഡ്‌സ് ആര്‍ ലവ്‌ളി ഡീപ് ആന്റ് ഡാര്‍ക്ക് വായിക്കുന്നതു് പരിസ്ഥിതിയെക്കുറിച്ചു് അറിവുകിട്ടാനാണു്. സര്‍ഗ്ഗാത്മകസാഹിത്യത്തെ പാഠപുസ്തകങ്ങളില്‍ സ്വീകരിച്ചാലും സമീപനം കൊണ്ടു് അഇതിനെ സാമൂഹികപാഠമായി പരിവര്‍ത്തിപ്പിക്കുമെന്നാണു് ഇതു കാണിക്കുന്നതു്. ഇതിലൊന്നും ഗൂഢാലോചനയുണ്ടെന്നു പറയുക വയ്യ. ആലോചനക്കുറവുണ്ടെന്ന വിചാരമാണു് ഇവിടെ പ്രകാശിപ്പിക്കുന്നതു്.

മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ക്ലാസ്സിക്കുകളായിരുന്നു അവതരിച്ചിരുന്നതു്. മഹാസംവാദങ്ങള്‍ എന്നു മാത്രം വിശേഷിപ്പിക്കാന്‍ തോന്നിക്കുന്ന കൃതികള്‍. ആകാശത്തിനു കീഴില്‍ മനുഷ്യന്റെ അകവും പുറവും ഭൂതവും വര്‍ത്തമാനവും ഭാവിയും തമ്മിലെല്ലാം നടക്കുന്ന വടംവലികളും ഞെരുക്കങ്ങളും ക്ഷോഭങ്ങളുമെല്ലാം കാട്ടിക്കൊടുത്തനുഭവിപ്പിക്കുന്ന മഹാകൃതികള്‍. ക്ലാസ്സില്‍ പ്രവേശിപ്പിക്കേണ്ടതു് ക്ലാസ്സിക്കു് എന്നൊരു നിരുക്തം പോലുമാവാമെന്നതാണു് അവിടുത്തെ നില. സമകാലത്തുപോലും ജനിക്കാവുന്ന അത്തരം ക്ലാസ്സിക്കുകളുടെ അനുഭവലോകങ്ങള്‍ വിലക്കപ്പെട്ട പറുദീസയായി നമ്മുടെ പള്ളിക്കൂടങ്ങളും കലാലയങ്ങളും മാറുകയാണു്. സൗന്ദര്യത്തിന്റെ ലോകം റിപ്പബ്ലിക്കിനു പുറത്താവുന്നു. പുരോഗമനസാഹിത്യത്തില്‍ സാഹിത്യത്തിനുമേലുള്ള ഈ അധിനിവേശത്തിന്റെ തുടക്കമുണ്ടായിരുന്നു. സാഹിത്യത്തില്‍ രാഷ്ട്രീയമുണ്ട്, സാഹിത്യചര്‍ച്ചയില്‍ രാഷ്ട്രീയം അന്തര്‍ഭവിക്കുന്നുണ്ട്, സാഹിത്യവിമര്‍ശനത്തതില്‍ രാഷ്ട്രീയമുണ്ട് എന്നെല്ലാമുള്ള ശരികളെ പിന്‍പറ്റി സാഹിത്യം രാഷ്ട്രീയത്തിന്റെ ഉപപ്രതിഭാസമാണെന്ന ബോധത്തെ പ്രതിഷ്ഠാപനം ചെയ്യുകയായിരുന്നു അതിന്റെ സൈദ്ധാന്തികര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തതു്.

കലയുടെ മൗലികഭാവങ്ങളെ, അതിന്റെ അനുഭൂതിപരമായ സവിശേഷതയെ അഭിമുഖീകരിക്കുവാന്‍ സാഹിത്യവിദ്യാര്‍ത്ഥിക്കു കഴിയേണ്ടതുണ്ടു്. സാഹിത്യപഠനത്തിലും അത്തരമൊരു ഊന്നല്‍ ആവശ്യമുണ്ടു് വെള്ളം കടക്കാത്ത അറയായി സാഹിത്യകലാവിഷയങ്ങളെ കാണണമെന്നല്ല ഇവിടെ വാദിക്കുന്നതു്. സാമൂഹികശാസ്ത്രപഠനങ്ങള്‍ക്കുള്ള പ്രസക്തിയെ കുറച്ചുകാണുന്നേയില്ല. എന്നാല്‍ സാഹിത്യവിദ്യാര്‍ത്ഥിയുടെ മുന്നില്‍ വെല്ലുവിളിയായിരിക്കേണ്ടതു് അനുഭവപരമായ തലത്തെ മുഖ്യമായെടുക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാകാനേ തരമുള്ളൂ എന്നാണു് സൂചിപ്പിക്കുന്നതു്. ആസ്വാദനപരമായ വായനയാണു് അയാളുടെ പ്രാഥമികമായ ദൗത്യം. കലാസംവേദനത്വത്തെ അടിയറവെയ്ക്കാതിരുന്നാല്‍, സ്വതന്ത്രമാക്കിവെച്ചാല്‍ മാത്രം തെളിഞ്ഞുവരുന്ന ഏഴാമിന്ദ്രിയമാണതിനു സഹായിക്കുക. വിശകലനമൊക്കെ കലാസ്വാദകനെ സംബന്ധിച്ചിടത്തോളം, കലാനിരൂപകനെ സംബന്ധിച്ചിടത്തോളം അധികയോഗ്യതയായിരിക്കേണ്ടതാണ്. മറിച്ചു് സംസ്കാരപഠിതാവായിത്തീരുന്നതിലാണു് അയാളുടെ മുഖ്യമായ ഊന്നലെന്നുവരുമ്പോള്‍ അയാള്‍ തന്റെ ഡിസിപ്ലിനെ സാമന്തപദവിയിലേക്കു് എത്തിക്കുകയാണു് ചെയ്യുന്നതു്. അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ആസൂത്രകന്മാര്‍ ചെയ്യുന്ന സാഹിത്യവിരുദ്ധയത്‌നങ്ങള്‍ തെറ്റല്ലെന്നു പറയേണ്ടിവരും. `നീയെരിച്ചതിന്‍ ശേഷമാണല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടത്തെ' എന്ന വാക്കുകളാണു് ഇവിടെ ഓര്‍ക്കേണ്ടതു്.

സൗന്ദര്യത്തിന്റെ സര്‍ഗ്ഗാത്മകമായ രാഷ്ട്രീയമൂല്യം അനുഭവിച്ചറിയാതെ പോകുന്ന ഒരു കാലത്തേക്കു് നീങ്ങുകയാണെന്ന ഭയമാണു് വായനയുടെ ഈ പൂക്കാലത്തു് ഉണ്ടായിവരുന്നതു്. മുളം കാടുകള്‍ പൂക്കുന്നതു് കുണ്ടയും കെട്ടു നശിക്കുന്നതിനു മുന്നോടിയായാണെന്ന നാടന്‍ അറിവു് അച്ചട്ടാവുമോ?

Subscribe Tharjani |
Submitted by ravikumar (not verified) on Wed, 2011-02-16 15:57.

നീയെരിച്ചതിന്‍ ശേഷമാണള്ല്ലോ
തീയെരിച്ചതീ സാധുവിന്‍ മാടം