തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

പാട്ടിന്റെ നാഷനല്‍ ഹൈവേ

കാവ്യഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ അസ്തിത്വം ഉറപ്പിച്ചെടുക്കാനുള്ള ആദ്യശ്രമമായി ലീലാതിലകത്തെ വിലയിരുത്താം. മലയാളത്തിന്റെ കാവ്യഭാഷ പ്രൗഢിയും പ്രാമാണികതയും നേടുന്നത് എഴുത്തച്ഛന്റെ കൃതികളോടെയാണ്. ലീലാതിലകത്തിനുശേഷം എഴുത്തച്ഛന്‍കൃതികളിലെത്തുംവരെ മലയാളഭാഷയ്ക്ക്, പ്രത്യേകിച്ച് കാവ്യഭാഷയ്ക്ക് സംഭവിച്ച പരിണാമങ്ങളും അതില്‍ കണ്ണശ്ശക്കൃതികളുടെ പങ്കുമാണ് ഇവിടെ പരിശോധിക്കുന്നത്. എന്നാല്‍ ഈ കാലയളവിലെ സാഹിത്യപാരമ്പര്യങ്ങളെ പരസ്പരബന്ധിതമായി മനസ്സിലാക്കി സ്ഥാനപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ ചില വിഷമതകളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. മലയാളത്തിലെ ആദ്യകാലകാവ്യസമ്പ്രദായങ്ങളില്‍ പ്രമുഖം പാട്ടും മണിപ്രവാളവുമാണല്ലോ. മണിപ്രവാളത്തിനു ലക്ഷണം ചമയ്ക്കുന്ന കൂട്ടത്തില്‍ ലീലാതിലകകാരന്‍ പാട്ടിനെക്കുറിച്ച് ആനുഷംഗികമായി പരാമര്‍ശിക്കുന്നുണ്ട്. വാമൊഴിയിലും വരമൊഴിയിലുമായി വേറെയും പാട്ടുകെട്ടുമുറകള്‍ ഉണ്ടായാരുന്നിരിക്കണം. ``ചില പണ്ഡിതന്മാര്‍ രാമചരിതം കമ്പരാമായണംപോലെയുള്ള ഒരു ചെന്തമിഴ്ക്കൃതിയാണെന്നും മറ്റു ചിലര്‍ അതു കണിയാങ്കുളത്തുപോര്, രാമകഥാപ്പാട്ട് മുതലായവപോലെ ഇടക്കാലത്തു തെക്കന്‍തിരുവിതാംകൂറിലുണ്ടായ ഒരു മിശ്രഭാഷാകൃതിയാണെന്നും അഭിപ്രായപ്പെടുന്നു... രാമചരിതം അതുണ്ടായ കാലത്തു മലയാളം പാട്ടിന് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലും ഇതരകൃതികള്‍ (കന്നടിയാന്‍ പോരു മുതല്‍ ദിവാന്‍ വെറ്റി വരെയുള്ള തെക്കന്‍ പാട്ടുകള്‍) അതാത് കാലത്തു തെക്കന്‍തിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന നാടോടിത്തമിഴിലും രചിച്ചിട്ടുള്ളതുതന്നെയാണ്'' എന്നു സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ നിരീക്ഷിക്കുന്നു. മറ്റു പാട്ടുരീതികളുമുണ്ടായിരുന്നു എന്നാണ് ഊഹിക്കാവുന്നത്. എന്നാല്‍ അവയെക്കുറിച്ചൊന്നും വ്യക്തതയില്ലാത്ത സ്ഥിതിക്ക് ആ വഴിക്കുള്ള അന്വേഷണത്തിന് ഏറെയൊന്നും പുരോഗമിക്കാന്‍ കഴിയില്ല. ഈ അപാര്യപ്തതയാണ്, കണ്ണശ്ശന്മാര്‍ക്കു ശേഷവും എഴുത്തച്ഛനു മുമ്പുമായി ഉണ്ടായിട്ടുള്ള ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടും ഭാരതവും ഭാഷാപരമായും പ്രതിപാദനപരമായും ഏതു ധാരയില്‍പ്പെടുന്നുവെന്ന് സാഹിത്യചരിത്രകാരന്മാര്‍ക്കു തിട്ടപ്പെടുത്താനാകാതെപോകുന്നതിന്റെ പശ്ചാത്തലം. ഈ പരിമിതികള്‍ പരിഹരിക്കുക ഈ പ്രബന്ധത്തിന്റെ ലക്ഷ്യമല്ല. പാട്ടിനും മണിപ്രവാളത്തിനും മറ്റു രചനാപാരമ്പര്യങ്ങള്‍ക്കുമിടയില്‍ കണ്ണശ്ശകൃതിളെ കണ്ണശ്ശന്മാര്‍ സ്വയം സ്ഥാനപ്പെടുത്തിയിരിക്കുന്നതെങ്ങനെയെന്ന് ആലോചിക്കുകയാണ് പ്രധാനമായും ഇവിടെ ചെയ്യുന്നത്. കണ്ണശ്ശന്‍കൃതികളുടെ പഠനം നിര്‍വ്വഹിച്ച പണ്ഡിതന്മാരുടെ നിരീക്ഷണങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ടാണ് ഈ ആലോചന പുരോഗമിക്കുന്നത്്.

പാട്ടിനെ മണിപ്രവാളമാക്കി പരിണമിപ്പിച്ചതിന്റെ സ്ഥാനമഹിമയാണ് കണ്ണശ്ശന്മാരെ വിലയിരുത്തിയവര്‍ മിക്കവരും കല്പിച്ചുകൊടുത്തിട്ടുള്ളത്. ``തമിഴക്ഷരമാലയില്‍ കുരുങ്ങിക്കിടന്ന പാട്ടുഭാഷ കാലോചിതമായ സ്വാതന്ത്ര്യം കാട്ടുകയും ആര്യ എഴുത്തു സ്വീകരിക്കുകയും ചെയ്തു എന്നതാണ് കണ്ണശ്ശന്മാരിലേയ്ക്ക് എത്തുമ്പോഴുള്ള പരിണാമം'' എന്ന് കണ്ണശ്ശരാമായണം യുദ്ധകാണ്ഡത്തിന്റെ അവതാരികയില്‍ ഡോ. എന്‍. മുകുന്ദന്‍ അഭിപ്രായപ്പെടുന്നു.

അക്ഷരമാലയ്ക്കപ്പുറത്ത് ചില ഭാഷാസേവനങ്ങള്‍ കൂടി കണ്ണശ്ശന്മാര്‍ ചെയ്തതായി എന്‍. കൃഷ്ണപിള്ള ചൂണ്ടിക്കാണിക്കുന്നുണ്ട്. ``വട്ടെഴുത്തിനിടയ്ക്ക് ആര്യ എഴുത്തുപയോഗിച്ച് അതിഖരവും മൃദുവും ഘോഷവും ഊഷ്മാവും എഴുതി.... `അംബുജപത്രമനോഹരനേത്രാവന്യോന്യം തുല്യൗ നരവീരൗ' എന്നു സംസ്കൃതപ്രത്യയസമ്മിളിതമായും എഴുതാന്‍ അവര്‍ മടിച്ചില്ല. സംസ്കൃതസന്ധികാര്യങ്ങള്‍, പദഘടനാനിയമങ്ങള്‍, ചില സംസ്കൃതക്രിയാരൂപങ്ങള്‍ എന്നിവയും ഈ കവികള്‍ പ്രയോഗിക്കുന്നുണ്ട്.... സംസ്കൃതാക്ഷരങ്ങള്‍ പാട്ടില്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഭാഷയില്‍ വ്യഞ്ജനങ്ങള്‍ പതിനെട്ട് എന്നു പറഞ്ഞത് തമിഴരുടെ (നാട്ടുകാരുടെ) രീതിയനുസരിച്ചാണെന്നും, ത്രൈവര്‍ണ്ണികര്‍ സംസ്കൃതാക്ഷരമുപയോഗിക്കുമെന്നും ലീലാതിലകത്തില്‍ പറഞ്ഞശേഷം പിന്നത്തെ പത്തമ്പതുകൊല്ലക്കാലത്താണ് ഈ പരിണാമങ്ങള്‍ സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പാട്ടിന് ഒരു പുതിയ കാവ്യഭാഷ സൃഷ്ടിക്കുകയായിരുന്നു ഈ കവികള്‍. ഈ കാവ്യഭാഷയ്ക്കുണ്ടാകുന്ന അടുത്ത പരിവര്‍ത്തനമാണ് എഴുത്തച്ഛന്‍പാട്ടുകളില്‍ കാണുക. മണിപ്രവാളത്തിനും പാട്ടിനും തമ്മില്‍ വൃത്തത്തിലല്ലാതെ പത്തുപതിനഞ്ചു ശതമാനം വ്യത്യാസമേ കഷ്ടിച്ചുള്ളൂ എന്ന അവസ്ഥയാണ് ഈ കവികളുടെ കൃതികളിലുള്ളത്'' എന്ന് കൈരളിയുടെ കഥയില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.

``അവയിലെ ഭാഷ രാമചരിതം തൊട്ടുള്ള പാട്ടുകളിലെ ഭാഷ അല്ല. നേരെ മറിച്ച് അവയിലെ ഭാഷാരീതി മണിപ്രവാളംതന്നെ എന്നു പറയാം. സംസ്കൃതരൂപങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നുമാത്രം. അല്പം ചില വ്യത്യാസങ്ങള്‍ ഉള്ളതു വിഗണിച്ചാല്‍ നിരണംകൃതികളിലെ ഭാഷ ആധുനികഭാഷതന്നെ. മണിപ്രവാളഭാഷയിലെപ്പോലെതന്നെ തത്സമരൂപത്തിലുള്ള പദങ്ങള്‍ നിറയെ ചേര്‍ന്നതാണ് അവയിലെ ഭാഷാരീതി'' എന്നു ശൂരനാട്ടു കുഞ്ഞന്‍പിള്ള നിരീക്ഷിക്കുന്നു.

നിരണംകവികളുടെ ഭാഷ സാമാന്യരുടെ ഭാഷണശൈലിയില്‍നിന്നു വ്യത്യസ്തവും പ്രാചീന ചമ്പുക്കളിലെ `ഗദ്യ'ത്തിലാവിഷ്കൃതവുമായിരുന്ന ഭാഷാമിശ്രമാണെന്ന് ഡോ.എം.ലീലാവതി. ഇങ്ങനെ നോക്കിയാല്‍ നിരണംകവികള്‍ പാട്ടിനെ മണിപ്രവാളമാക്കി എന്ന വിശേഷമാണ് അതിനെക്കുറിച്ചു പഠിച്ചവരേതാണ്ടും നല്കിയതെന്നു പറയാം. ഇതാകട്ടെ രാമചരിതഭാഷയില്‍നിന്നു നിന്നുള്ള ധീരമായ ഒരു കുതിച്ചുചാട്ടമാണെന്നും അവരെല്ലാം കരുതുന്നു.

തത്ഭവങ്ങളില്‍നിന്ന് തത്സമങ്ങളിലേക്കുള്ള വളര്‍ച്ച ഭാഷയുടെ ലിപിവികാസത്തിന്റെ കാര്യമാണ്. തമിഴില്‍ത്തന്നെ ഈ രീതിയുണ്ട്. കവിതയ്ക്കിടയില്‍ പദങ്ങളെ ഉപയോഗിക്കുന്നതിനെ തൊല്‍ക്കാപ്പിയത്തില്‍ നാലായി തരം തിരിക്കുന്നു. സംസ്കൃതത്തില്‍നിന്നോ പ്രാകൃതത്തില്‍നിന്നോ തത്ഭവമായോ തത്സമമായോ എടുത്തിട്ടുള്ള വാക്കുകളാണ് നാലമത്തെ വിഭാഗമായ വടചൊല്‍. മണി, രാമ വനിത തുടങ്ങിയവ അക്ഷരമാറ്റം കൂടാതെതന്നെ തമിഴില്‍ എഴുതാവുന്നതിനാല്‍ ഇവ തത്സമങ്ങളായ വടചൊല്ലുകളാണ്. മൃഗശീര്‍ഷം, ആര്‍ദ്ര, പുനര്‍വസു തുടങ്ങിയവയെ തത്ഭവപ്രക്രിയ ചെയ്തുണ്ടാക്കിയ മകയിരം, ആതിര, പുണര്‍തം തുടങ്ങിയവ തത്ഭവങ്ങളായ വടചൊല്ലുകളും. ദ്രമിഡസംഘാതാക്ഷരനിബന്ധമായ മകയിരം, ആതിര, പുണര്‍തം തുടങ്ങിയവയെ തത്സമങ്ങളായി മൃഗശീര്‍ഷം, ആര്‍ദ്ര, പുനര്‍വസു എന്നുതന്നെ പ്രയോഗിക്കാന്‍ പാട്ടിനെ സജ്ജമാക്കി എന്നതാണ് കണ്ണശ്ശന്മാരുടെ സേവനം എന്നാണ് ഇതില്‍നിന്നു വന്നുകൂടുന്നത്. ഒരു ഭാഷാസമൂഹത്തിന്റെ ക്രമികമായ വികാസംകൊണ്ടല്ലാതെ രണ്ടോമൂന്നോ കവികള്‍ക്ക് സാദ്ധ്യമാകുന്ന കാര്യമല്ല ലിപിവികസനം. എന്നാല്‍ പാട്ടിലെ ദ്രാവിഡാക്ഷരനിയമം കണ്ണശ്ശന്മാര്‍ അട്ടിമറിച്ചു എന്ന വാദത്തിന് നില്പുണ്ട്. പക്ഷെ രാമചരിതം കണ്ണശ്ശക്കൃതികള്‍ എന്നിങ്ങനെ നൂറ്റാണ്ടുകളുടെ അകലമുള്ള രണ്ടു കാലഘട്ടത്തിലെ കൃതികള്‍ വെച്ച് അത്തരം അഭിപ്രായം പറയുന്നതില്‍ വലിയ യുക്തിയൊന്നുമില്ല. ഈ കാലഘട്ടത്തിനിടയില്‍ ഉണ്ടായ പാട്ടുകൃതികള്‍ ലഭിച്ചിട്ടില്ല എന്നതിനാല്‍ പാട്ടിലെ ലിപിവികാസം ക്രമികമായ ഒന്നല്ല എന്നു വരുന്നില്ല.

മലയാളമെഴുത്തിന്റെ പരിണാമത്തെക്കുറിച്ച് ഡോ.എന്‍. സാം പറയുന്നു: ``ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ ശതകങ്ങളില്‍ ദ്രാവിഡവര്‍ണമാലയിലെ (തമിഴിലെ) 30 അക്ഷരങ്ങളിലൊതുങ്ങുന്ന(12 സ്വരം, 18 വ്യഞ്ജനം) വര്‍ണവ്യവവസ്ഥ സ്വീകരിച്ചിരുന്നു. എന്നാല്‍ സംസ്കൃതപദങ്ങളോ വൈദേശികപദങ്ങളോ എഴുതേണ്ടിവന്നപ്പോള്‍ ആദ്യകാലത്ത്, പ്രത്യേകിച്ച് രാമചരിതം പോലുള്ള സാഹിത്യകൃതികളില്‍ അവയെ 30 ദ്രാവിഡാക്ഷരമാലയിലൊതുക്കാന്‍ ശ്രമിച്ചിരുന്നു. ശാസനങ്ങളിലാകട്ടെ ഗ്രന്ഥാക്ഷരങ്ങളില്‍ അതിഖരമൃദുഘോഷങ്ങളും ഊഷ്മാക്കളും ഉപയോഗിച്ചെഴുതുകയും ചെയ്തു. അപ്പോള്‍ വട്ടെഴുത്തുലിപികളുടെ ഇടയ്ക്കു ഗ്രന്ഥാക്ഷരങ്ങളും കൂടി കലര്‍ന്നു വന്നു. സ്വസ്തിശ്രീ, രാജശേഖരദേവര്‍, പരിഗ്രഹം തുടങ്ങി അംഗുലീപരിമിതമായ വാക്കുകള്‍ മാത്രമേ ആദ്യകാലത്ത് അങ്ങനെ എഴുതിക്കാണുന്നുള്ളൂ. .... അതേ സമയം പന്ത്രണ്ടാം ശതകത്തിലെ തിരുവമ്പാടി ശാസനത്തില്‍ ആദ്യത്തെ ആറുവരി പൂര്‍ണ്ണമായി ഗ്രന്ഥാക്ഷരമുപയോഗിച്ച് സംസ്കൃതത്തില്‍ എഴുതിയിരിക്കുന്നു. പതിനാലാംശതകത്തിലെ തിരുവിടൈക്കാട്ടു ക്ഷേത്രരേഖയിലെ ലിപിവ്യവസ്ഥ പൂര്‍ണ്ണമായി ഗ്രന്ഥാക്ഷരത്തിലാണ്. പതിനഞ്ചാംശതകത്തിലെ കുറിച്ചി ശാസ്താക്ഷേത്രശാസനത്തിലെത്തുമ്പോള്‍ സംസ്കൃതപദങ്ങള്‍ മാത്രമല്ല മലയാളപദങ്ങളും പൂര്‍ണമായി ഗ്രന്ഥാക്ഷരത്തിലെഴുതുന്ന പ്രവണത കാണാം.''

രാമചരിതത്തെ അപേക്ഷിച്ച് കണ്ണശ്ശക്കൃതികളില്‍ സംസ്കൃതതത്സമങ്ങള്‍ വളരെക്കൂടുന്നു എന്ന വസ്തുത ഭാഷാപരിണാമത്തിന്റെ കാര്യത്തില്‍ പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോദ്ധ്യപ്പെടും. ഇതിന്റെ ഉപജ്ഞാതാക്കള്‍ കണ്ണശ്ശന്മാരാണെന്നു കരുതുന്നതും യുക്തിസഹമല്ല. അത്തരം ഒരു കാവ്യരീതി നടപ്പിലാക്കുന്നതിനു പശ്ചാത്തലമായി ഭാഷയുടെ എഴുത്തു വ്യവസ്ഥ സംസ്കൃതപദങ്ങളേതും തത്സമങ്ങളായി എഴുതുവാന്‍ പാകത്തില്‍ പരിണമിച്ചുറയ്‌ക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യം മലയാളസമൂഹത്തില്‍ രൂപപ്പെട്ടുകഴിഞ്ഞാണ് കണ്ണശ്ശന്മാരുടെ രംഗപ്രവേശം എന്നുവേണം കരുതാന്‍. പിന്നെ എന്താണ് പാട്ടിനെ മണിപ്രവാളമാക്കി മാറ്റുന്ന തരത്തില്‍ കണ്ണശ്ശന്മാരുടെ സേവനം?

രാമചരിതകാലത്തെ പാട്ടിനെ മണിപ്രവാളമാക്കി ഉറപ്പിച്ചു എന്നു വാദിക്കാം. തത്സമങ്ങളല്ല മറിച്ച് വിഭക്ത്യന്തസംസ്കൃതപദങ്ങളുടെ സാന്നിദ്ധ്യമാണ് മണിപ്രവാളത്തിന്റെ ലക്ഷണം. ഈ മാനദണ്ഡം വെച്ചു നോക്കിയാല്‍ രാമചരിതത്തെത്തന്നെ ഉത്തമമണിപ്രവാളം എന്നു വിശേഷിപ്പിച്ചാല്‍ സാങ്കേതികമായി തെറ്റാവുകയില്ല. അതിനുള്ള തെളിവുകള്‍ ഉള്ളൂര്‍തന്നെ നിരത്തുന്നുണ്ട്. രാമചരിതത്തില്‍ ``അന്തരാ, അവിരതം, അനവരതം, വിയതി (ആകാശത്തില്‍), വാചി (വാക്കില്‍), വാചാ (വാക്കുകൊണ്ട്), അനന്തരം, നിയതം, ആമരണാന്തം, വാരണാനനന്‍, ചരേണ (ചരണത്തില്‍), കേകീനാം (കേകികളുടെ), കാനനേ (കാട്ടില്‍) തുടങ്ങിയ സംസ്കൃതപദങ്ങളും ഇല്ലെന്നില്ല. ഈ തെളിവുകളെല്ലാം വെച്ചു നോക്കുമ്പോള്‍ രാമചരിതം ഒരു ചെന്തമിഴ്ക്കാവ്യമാണെന്നു അഭിജ്ഞന്മാര്‍ പറയുന്നതല്ല. ഇതില്‍നിന്നു യഥാകാലം, യഥാക്രമം സഞ്ജാതമാകുന്ന വികാസമാണ് നിരണംകൃതികളില്‍ നാം നിരീക്ഷിക്കുന്നത്.'' എന്‍. കൃഷ്ണപിള്ളയുടെ നിരീക്ഷണം ഇങ്ങനെയാണ് ``തത്ഭവവും തത്സമവുമായി ഈ കൃതി(രാമചരിതം)യില്‍ പ്രയോഗിച്ചിട്ടുള്ള സംസ്കൃതപദങ്ങളുടെ സമൃദ്ധി ഒറ്റനോട്ടം കൊണ്ടു കാണാനാവാത്തവിധത്തില്‍ പാട്ടിന്റെ അക്ഷരനിയമദീക്ഷ ഒരു മറവും സൃഷ്ടിച്ചിരിക്കുന്നു. സൂക്ഷ്മവീക്ഷണത്തില്‍ മറനീങ്ങിത്തെളിയുന്ന ആ സംസ്കൃതപദസൗലഭ്യത്തിനു പുറമേ ഭാഷാപരമായ പല സവിശേഷതകളും ഈ ഗ്രന്ഥത്തിലുണ്ട്. കൂടുതല്‍ പ്രധാനപ്പെട്ടവ മാത്രം എടുത്തുപറയുന്നപക്ഷം, സംസ്കൃതരീതിയിലുള്ള ഭാഷാപ്രയോഗങ്ങള്‍, സംസ്കൃതസന്ധികള്‍പോലുള്ള ഭാഷാസന്ധികള്‍, വിശേഷണവിശേഷ്യപ്പൊരുത്തം, `തിരുമേനിയായ നമഃ', ചമ്പുവേ നമഃ' തുടങ്ങിയ സംസ്കൃതീകൃതഭാഷാപ്രയോഗങ്ങള്‍ എന്നിവയാണവ''.

വിഭക്ത്യന്തസംസ്കൃതപദങ്ങള്‍ രാമചരിതത്തിലുണ്ടെന്നും അവ തത്സമങ്ങളായി ദ്രാവിഡാക്ഷരങ്ങളില്‍ത്തന്നെ എഴുതാവുന്നതാകയാല്‍ ശബ്ദപരമായി ഭാഷയോട് അങ്ങേയറ്റം നിരക്കുന്നതാണ് എന്നും അതിനാല്‍ ഉത്തമമണിപ്രവാളത്തിലാണ് രാമചരിതത്തെ പെടുത്തേണ്ടത് എന്നുമാണല്ലോ ഇതില്‍നിന്ന് ഊഹിക്കേണ്ടത്. അപ്പോള്‍പ്പിന്നെ കണ്ണശ്ശന്മാര്‍ക്ക് കല്പിച്ചുകൊടുക്കുന്ന ഈ പാട്ടുമണിപ്രവാളയോഗം ഒരു ആദരപ്രകടനം മാത്രമായി ഗണിക്കേണ്ടിവരും. സംസ്കൃതത്സമങ്ങളുടെ സാന്നിദ്ധ്യം പ്രത്യക്ഷാനുഭവമായി മാറുന്നതാണ് ഈ ആദരപ്രകടനത്തിനു നിദാനമെന്നു വിശദീകരിക്കാമെന്നു മാത്രം. അപ്പോള്‍ പാട്ടിന്റെയും മണിപ്രവാളത്തിന്റെയും നിയമങ്ങളെ അനാദരിക്കുന്ന ഒരു കലര്‍പ്പുഭാഷയാണ് അതിനുള്ളതെന്നു പറയാം. അതൊരു മിശ്രമാണെന്നു കണ്ട് ഇകഴ്ത്താവുന്ന നില വരുന്നുവെന്നാണ് പറഞ്ഞുവരുന്നത്.

തന്റെ കവിതയെ ഭാഷാമിശ്രമെന്ന് ഇകഴ്ത്തരുത് എന്ന് രാമപ്പണിക്കര്‍ പ്രസ്താവിക്കുന്നു. ഭാഷാമിശ്രമെന്ന വിശേഷണം ഒരു ഇകഴ്ത്തലായിത്തന്നെ പില്‍ക്കാലത്തും പലരും ഉപയോഗിച്ചിട്ടുണ്ട്. ``ചില പണ്ഡിതന്മാര്‍ രാമചരിതം കമ്പരാമായണംപോലെയുള്ള ഒരു ചെന്തമിഴ്ക്കൃതിയാണെന്നും മറ്റു ചിലര്‍ അതു കണിയാങ്കുളത്തുപോര്, രാമകഥാപ്പാട്ട് മുതലായവപോലെ ഇടക്കാലത്തു തെക്കന്‍തിരുവിതാംകൂറിലുണ്ടായ ഒരു മിശ്രഭാഷാകൃതിയാണെന്നും അഭിപ്രായപ്പെടുന്നു... രാമചരിതം അതുണ്ടായ കാലത്തു മലയാളം പാട്ടിന് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലും ഇതരകൃതികള്‍ (കന്നടിയാന്‍ പോരു മുതല്‍ ദിവാന്‍ വെറ്റി വരെയുള്ള തെക്കന്‍ പാട്ടുകള്‍) അതാത് കാലത്തു തെക്കന്‍തിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന നാടോടിത്തമിഴിലും രചിച്ചിട്ടുള്ളതുതന്നെയാണ്'' എന്ന് ഉള്ളൂര്‍ നിരീക്ഷിക്കുന്നുണ്ട്. രാമചരിതം ചെന്തമിഴ്ക്കൃതിയാണെന്നും രാമകഥാപ്പാട്ട് തുടങ്ങിയവ മിശ്രഭാഷയാണെന്നും ഉള്ള പരാമര്‍ശം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ മലയാളമല്ലെന്ന് അതില്‍നിന്ന് വന്നുകൂടുന്നുണ്ട്. ഊഴിയില്‍ ചെറിയവര്‍ക്കറിയുവാനായി എഴുതിയ രാമചരിതവും നാട്ടുകാര്‍ക്ക് പാടാന്‍ തയ്യാറാക്കിയ രാമകഥാപ്പാട്ടും പോലുള്ള കൃതികള്‍ മലയാളമല്ലെന്നു വരുന്നതിന്റെ അടിസ്ഥാനമെന്താണ്? മണിപ്രവാളചര്‍ച്ചയില്‍ ഭാഷയെയും ഭാഷാമിശ്രത്തെയും പരിഗണിക്കുന്നുണ്ട് ലീലാതിലകകാരന്‍. ചുരുക്കത്തില്‍ മലയാളത്തെക്കുറിച്ച്, ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മലയാളത്തിലെ കാവ്യഭാഷയെന്ന വിശേഷവ്യവഹാരത്തെക്കുറിച്ച് ചില അവ്യക്തതകളും സന്ദേഹങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തെയാണ് അത് ചൂണ്ടിത്തരുന്നത്.

നമുക്കറിയാവുന്നതില്‍ ആദ്യത്തെ ഭാഷാപ്രേമിയായ ലീലതിലകകാരന്‍ മലയാളത്തിന്റെ അസ്തിത്വം ഉറപ്പിച്ചെടുക്കാന്‍ പരിശ്രമിച്ചിരിക്കുന്നതിനെ ശ്ലാഘിക്കുമ്പോഴും ലീലാതിലകം എഴുതിയിരിക്കുന്നത് മലയാളത്തിലല്ല, സംസ്കൃതത്തിലാണ് എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. (പിന്നീട്, പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ മലയാളവ്യാകരണകൃതികളും മറ്റു ഭാഷകളിലാണുണ്ടായിട്ടുള്ളത്.) ഉത്തമം മുതല്‍ അധമം വരെ രസവത്തും അല്ലാത്തതുമായ അനവധി മണിപ്രവാളകൃതികളുണ്ടായിട്ടും ഒരു തത്വഗ്രന്ഥമെഴുതാന്‍മാത്രം മലയാളം പാകപ്പെട്ടിരുന്നില്ല എന്നും അതിനു സംസ്കൃതംതന്നെ ശരണം എന്നുമുള്ള സൂചനകൂടി ഇതിലടങ്ങിയിട്ടുണ്ട്. വ്യാഖ്യാനഭാഷ എന്ന നിലയില്‍ അന്നേ പ്രചാരം നേടിക്കഴിഞ്ഞ മണിപ്രവാളസമ്പ്രദായത്തെയും ആചാര്യന്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ മണിപ്രവാളമെന്ന സാഹിത്യപ്രസ്ഥാനത്തിനുള്ള പ്രാമാണ്യവും പ്രാബല്യവും ലീലാതിലകം വിളിച്ചുപറയുന്നുണ്ടെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നു തോന്നുന്നു. അതിന്റെ വിലോഭനീയത കാവ്യഭാഷയെ നവീകരിക്കുന്നതിനു പാട്ടുപാരമ്പര്യത്തിന്റെ പിന്‍മുറക്കാരെ നിര്‍ബന്ധിതമാക്കിയെന്നു കരുതാം. കണ്ണശ്ശകവികള്‍ പാട്ടിന്റെ പ്രാദേശികവഴിയില്‍നിന്ന് ദേശീയമായ ഇതിഹാസപാതയിലേക്കു വഴിമാറുന്നത് ഈ പ്രേരണയെ ഏറ്റെടുത്തുകൊണ്ടാണെന്നു തോന്നുന്നു. കാവ്യവ്യാകരണാദികളില്‍ സമ്പന്നമായ, തമിഴ് പാരമ്പര്യം വെടിഞ്ഞ് കുറേക്കൂടി വിശാലമായ മണ്ഡലങ്ങളില്‍ വിഹരിക്കുന്ന സംസ്കൃതത്തെ സ്വായത്തമാക്കുന്ന വഴിയാണ് അങ്ങനെ ഉളവായിവന്നത്. എന്നാല്‍ മണിപ്രവാളത്തിന്റെ പാരമ്പര്യബന്ധമില്ലാത്ത രീതി അവര്‍ക്കു സ്വീകാര്യമായതുമില്ല.

ഘടനാപരമായി വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരു ഭാഷയിലെ വിഭക്ത്യന്തപദങ്ങള്‍ ഉപയോഗിക്കുന്ന രീതി കാവ്യത്തിലായാല്‍പ്പോലും ഭാഷാവികാസത്തിന് ഉതകുകയില്ലെന്ന് ലീലാതിലകകാരനെപ്പോലെ സ്വഭാഷാഭിമാനിയായ ഒരു പണ്ഡിതന് അറിയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ചെന്നൂലില്‍ കോര്‍ത്ത പത്മരാഗവും പവിഴവും പോലെ മലയാളത്തിനോടു നിരക്കുന്ന വിഭക്ത്യന്തസംസ്കൃതപദങ്ങളാണ് ഉത്തമമണിപ്രവാളത്തില്‍ പ്രയോഗിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാട്, പാണ്ഡ്യഭാഷാസാരൂപ്യം തുടങ്ങിയവാദം, കൂന്തല്‍വാദം, `ചന്ദനം' എന്ന പദം വിഭക്ത്യന്തസംസ്കൃതമോ കര്‍മ്മപ്രത്യയം വേണ്ടാത്ത മലയാളമോ എന്ന ചര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു.

`ഭാഷാസംസ്കൃതയോഗ'മെന്ന സൂത്രത്തിലെ `ഭാഷ' മലയാളമാണ് എന്നു സ്ഥാപിക്കുകയാണ് ആചാര്യന്‍ ചെയ്യുന്നത്. ദ്രാവിഡഭാഷകളെന്ന നിലയില്‍ പ്രതിഷ്ഠ നേടിക്കഴിഞ്ഞ തമിഴുതെലുഗുകര്‍ണ്ണാടകങ്ങളില്‍നിന്ന് വേറിട്ട അസ്തിത്വം മലയാളത്തിനുണ്ട് എന്നാണല്ലോ ആദ്യശില്പത്തില്‍ ആചാര്യന്‍ സമര്‍ത്ഥിക്കുന്നത്. ദ്രാവിഡഭാഷകളായ തമിഴും മലയാളവും തമ്മില്‍ സാരൂപ്യങ്ങള്‍ പലതും കണ്ടേക്കാമെങ്കിലും അവ വ്യത്യസ്തഭാഷകള്‍തന്നെയാണ്. കൂന്തല്‍ എന്നപദം മാത്രം പരിഗണിച്ച് അതിനെ പാണ്ഡ്യഭാഷയെന്നോ മലയാളമെന്നോ വിലയിരുത്തുന്നതില്‍ കാര്യമില്ല. ഇവിടെ ആചാര്യന്റെ ഭാഷാസങ്കല്പം വ്യക്തമാണ്. അപ്പം തുപ്പം പതവിയ പഴം എന്നിങ്ങനെ വ്യത്യസ്തഭാഷാപദങ്ങളെ ചേര്‍ത്തുവെക്കുക മാത്രം ചെയ്താല്‍ അത് ഭാഷാമിശ്രം പോലുമാവുകയില്ല. പദം ഭാഷയുടെ നിയാമകഘടകമല്ല. ഭാഷാസമ്പര്‍ക്കംവഴി സമൂഹത്തില്‍ വ്യത്യസ്തഭാഷകളിലെ പദങ്ങള്‍ പ്രചരിക്കാം. അവയെ ഇതരഭാഷാസാരൂപ്യമായി മാത്രം കണക്കാക്കിയാല്‍ മതി.

പ്രത്യയങ്ങളാണ് ഭാഷയെ സംബന്ധിച്ച് നിര്‍ണ്ണായകമായത്. നമ്പ്യാന്‍തമിഴ് മണിപ്രവാളമാകാത്തതും ആലത്തൂര്‍മണിപ്രവാളം മണിപ്രവാളമാകുന്നതും പ്രത്യയങ്ങളെ ആശ്രയിച്ചാണ്. സംസ്കൃതപദങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് മണിപ്രവാളം ഉണ്ടാകുന്നില്ല. സംസ്കൃതപ്രത്യയങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സംസ്കൃതീകൃതമായ മലയാളമോ വിഭക്ത്യന്തസംസ്കൃതമോ ആണ് വേണ്ടത്. മലയാളപദത്തിലോ സംസ്കൃതപദത്തിലോ സംസ്കൃതപ്രത്യയങ്ങള്‍ ഉപയോഗിക്കുന്നതാണ് മണിപ്രവാളത്തിന്റെ ലക്ഷണം. അഥവാ മലയാളപ്രത്യയങ്ങള്‍ ഉപയോഗിക്കുന്ന പദങ്ങളെല്ലാം മലയാളംതന്നെ. ഒന്നുകൂടി വികസിപ്പിച്ചാല്‍ നിഘണ്ടുവല്ല വാക്യഘടനയാണ് ഭാഷയെ നിര്‍ണ്ണയിക്കുന്നത് എന്നത്രെ ആചാര്യന്റെ കാഴ്ചപ്പാട്.

ഭാഷാമിശ്രം, മണിപ്രവാളം എന്നീ സംജ്ഞകള്‍ പരിശോധിക്കേണ്ടത് ഈ വെളിച്ചത്തിലാണ്. നമ്പ്യാന്‍തമിഴില്‍ മലയാളവും സംസ്കൃതവും കലരുന്നുണ്ടെങ്കിലും മലയാളവിഭക്തിയാണുള്ളത്. അതിനാല്‍ അത് മണിപ്രവാളമല്ല. മലയാളവും വിഭക്ത്യന്തസംസ്കൃതവും ചേര്‍ന്നാല്‍ത്തന്നെ എല്ലാ പ്രയോഗവും മണിപ്രവാളമാകില്ല. മുഹൂര്‍ത്തവിധിയിലെ
``ഭാഷാമിശ്രംപൊഴുതുകഥയാമ്യദ്യനാള്‍പക്കമാത്രം
വല്ലും ലോകേഹിതമിതി തതഃ ക്ഷന്തുമര്‍ഹന്തി സന്തഃ''
എന്ന ഭാഗം ഉദാഹരണം. അതായത് നാള്‍ പക്കം എന്നിവയെ വിവരിക്കുന്ന മുഹൂര്‍ത്തവിധി ഭാഷയും വിഭക്ത്യന്തസംസ്കൃതവും ചേര്‍ന്നതാണെങ്കിലും യോഗമില്ലാത്തിനാല്‍ ഭാഷാമിശ്രമാണ്. യോഗം ഇല്ലാത്ത അഥവാ രസവത്തല്ലാത്തവയെ ഭാഷാമിശ്രമെന്നാണ് വിളിക്കുന്നത്. ചുരുക്കത്തില്‍ സഹൃദയാഹ്ലാദകരമായരീതിയിലുള്ള ഭാഷാമിശ്രമാണ് മണിപ്രവാളം. ആലത്തൂര്‍ മണിപ്രവാളത്തിന്റെ കാര്യത്തില്‍ ദോഷാഭാവവും ഗുണസാന്നിദ്ധ്യവും ഉള്ളതിനാല്‍ രസന്യൂനമായ അധമമണിപ്രവാളമായി കരുതാം എന്ന് ലബ്ധപ്രതിഷ്ഠമായ മണിപ്രവാളസംജ്ഞയെ ആചാര്യന്‍ നിരാകരിക്കുന്നില്ല. ഭാഷാമിശ്രം വിചാരപ്രധാനവും മണിപ്രവാളം വികാരപ്രധാനവും എന്നു രണ്ടായി പിരിയുന്നു.

സ്വന്തമായ വര്‍ണ്ണവ്യവസ്ഥയും ഉച്ചാരണരീതിയും പ്രത്യയങ്ങളും വാക്യരചനാരീതിയുമെല്ലാമുള്ള, സ്വതന്ത്രവ്യക്തിത്വം നേടിയ ഭാഷയാണ് മലയാളെമങ്കിലും അതിലെ സാഹിത്യപുഷ്ടിക്ക് മിശ്രഭാഷാരീതികള്‍ പുലര്‍ത്തിപ്പോരുന്നുണ്ട്. അതില്‍ ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ളവയാണ് ഉത്തമമണിപ്രവാളം എന്നത്രെ ആചാര്യന്റെ സിദ്ധാന്തം. മലയാളം വ്യക്തിത്വം ഉറപ്പിച്ച സ്ഥിതിക്ക് തമിഴിന്റെ രീതികള്‍ പിന്തുടരുന്ന പാട്ടിനെയും ഭാഷാമിശ്രമെന്ന് വിളിക്കാം. ഫലത്തില്‍ മലയാളസാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ലീലാതിലകത്തില്‍ പരാമൃഷ്ടമാകുന്നത് രണ്ട് മിശ്രഭാഷാസമ്പ്രദായങ്ങളാണെന്നു വരുന്നു. ഇതില്‍ പാട്ടിന്റെ പ്രതിപാദ്യത്തെക്കുറിച്ച് ഉറപ്പിച്ച് ഒന്നും പറയാന്‍ കഴിയില്ലെങ്കിലും രാമചരിതത്തെയും തിരുനിഴല്‍മാലയെയും മുന്‍നിര്‍ത്തി അതിന് ഗൗരവഭക്തിയുടെ ഒരു ധാരയുണ്ടെന്നു വാദിക്കാം. മണിപ്രവാളത്തിനാകട്ടെ ശൃംഗാരശ്ലോകങ്ങളെന്ന മുദ്ര പതിഞ്ഞിട്ടുമുണ്ട്. ചുരുക്കത്തില്‍ മിശ്രഭാഷാരീതികളെങ്കിലും പാട്ടും മണിപ്രവാളവും രചനാരീതികള്‍കൊണ്ടും പ്രതിപാദ്യസ്വഭാവംകൊണ്ടും വിരുദ്ധചേരികളിലാണ് സ്ഥാനം പിടിക്കുന്നത്.

എങ്കില്‍പ്പിന്നെ രാമപ്പണിക്കരുടെ `ഭാഷാമിശ്രമെതിന്റികഴാതെ' എന്ന പ്രയോഗത്തിന്റെ പൊരുളെന്തായിരിക്കും? ``ഈ കൃതികളുടെ മാമൂല്‍പ്പിടുത്തം വിടുര്‍ത്തല്‍ അഥവാ സംസ്കൃതസമാവേശത്തിനു കീഴടങ്ങല്‍, ത്രൈവര്‍ണ്ണികഭാഷയില്‍ അന്നും അഭിരമിക്കാന്‍ സന്നദ്ധമല്ലാതിരുന്ന സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുകയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, ആ വഴിക്കേ സാഹിത്യത്തിനു വളര്‍ച്ചയിനിയുള്ളൂ എന്നു കണ്ട് പാട്ടില്‍ പുതിയ ചാലുകീറിയവരാണ് ഈ കവികള്‍. `ഭാഷാമിശ്രമിതെന്റികഴ'രുതെന്നു രാമകവി വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നതിന്റെ പൊരുളിതാണ്'' എന്നത്രെ എന്‍. കൃഷ്ണപിള്ളയുടെ നിഗമനമം. ഇതുപ്രകാരം രാമപ്പണിക്കര്‍ നടത്തുന്നത് ഒരു ഏറ്റുപറച്ചിലോ മുന്‍കൂര്‍ ജാമ്യമെടുക്കലോ ആണെന്നു വരും. അതാകട്ടെ താന്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവായി മനസ്സിലാക്കണം. ബ്രാഹ്മണരെ വന്ദിക്കുന്നിടത്തുപോലും ഒരാചാരം അനുഷ്ഠിക്കുകയല്ലാതെ തന്റെ ആത്മവിശ്വാസം കണ്ണശ്ശന്‍ അടിയറവെക്കുന്നില്ല എന്നോര്‍ക്കണം. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രചാരം നേടിത്തുടങ്ങിയ അക്ഷരമാലയുടെ കാര്യത്തില്‍ കണ്ണശ്ശന്റെ പ്രഖ്യാപനത്തെ ഒരു ഏറ്റുപറച്ചിലായോ മുന്‍കൂര്‍ ജാമ്യമെടുക്കലായോ കാണാവുന്നതല്ല.

ഒറ്റനോട്ടത്തില്‍ കൃഷ്ണപിള്ളയുടേതിനു സമാനമെന്നു തോന്നുന്ന നിലപാടാണ് ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്വീകരിച്ചിരിക്കുന്നത്. ``സംസ്കൃതരൂപങ്ങള്‍ ഉപേക്ഷിച്ചാല്‍ പിന്നെ കിട്ടുന്ന മണിപ്രവാളസ്വരൂപമാണു ഭാഷയ്ക്കു പറ്റിയതെന്നു കണ്ടുപിടിച്ചതാണ് അവരുടെ ഏറ്റവും വന്‍പിച്ച നേട്ടം. ആ കാലത്തോളം മണിപ്രവാളത്തിലല്ലാതെ ഭാഷാസംസ്കൃതപദങ്ങളുടെ സ്വതന്ത്രസമ്മേളനം മറ്റുതരം സാഹിത്യകൃതികളില്‍ - പാട്ടില്‍- അംഗീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സ്വന്തം ഭാഷാശൈലിയെപ്പറ്റി ശിവരാത്രി മാഹാത്മ്യത്തില്‍ `ഭാഷാമിശ്രമിതെന്റികഴാതെ' എന്നു രാമപ്പണിക്കര്‍ പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഭാഷാമിശ്രമാണ് പിന്നീട് ഇന്നോളമുള്ള ഭാഷ എന്നു പുറകോട്ടുനോക്കിയാല്‍ നമുക്ക് അത്ഭുതം തോന്നും'' (ഭാഷാഭഗവദ്ഗീതയുടെ അവതാരിക). ഇവിടെ പാട്ട് എന്ന സാഹിത്യരൂപത്തില്‍ തത്സമപദങ്ങള്‍ ഉപയോഗിക്കുന്നരീതിയാണ് നിരണംകവികള്‍ നടപ്പിലാക്കിയതെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതോടൊപ്പം സൂക്ഷ്മമായി അത് മണിപ്രവാളത്തില്‍നിന്നുള്ള വിടുതലാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. സംസ്കൃതവിഭക്ത്യന്തരൂപങ്ങളെ ആവുന്നത്ര ഉപേക്ഷിക്കുക എന്ന നയമാണ് അവരുടെ ആദര്‍ശം. ആ പ്രവണതയാണ് മലയാളത്തിന്റെ പില്ക്കാലത്തെ സാഹിത്യഭാഷയുടെ ഗതി നിര്‍ണ്ണയിച്ചത്. ആ അര്‍ത്ഥത്തിലാണ് അവര്‍ വഴികാട്ടികളായത്. വിഭക്ത്യന്തസംസ്കൃതപദങ്ങള്‍ ഉപേക്ഷിക്കുന്നതിനാല്‍ ഇതിനെ ഭാഷാമിശ്രമെന്നു ധരിക്കുന്നവരുണ്ടാകാം. എന്നാല്‍ പാട്ടില്‍ ദ്രാവിഡാക്ഷരമാലയ്ക്കു പുറത്തുള്ള സംസ്കൃതശബ്ദങ്ങളെ തത്സമമായി ഉപയോഗിക്കുന്നത് പരിമിതിയല്ല, ശക്തിതന്നെയാണ്. ഇവിടെ `ഭാഷാമിശ്രമിതെന്റികഴാതെ' എന്ന പ്രയോഗം ഒരു ഏറ്റുപറച്ചിലോ മുന്‍കൂര്‍ ജാമ്യമെടുക്കലോ അല്ല. മറിച്ച്, വരാനിരിക്കുന്ന സാഹിത്യഭാഷ ഇതായിരിക്കുമെന്ന ആത്മവിശ്വാസമാണതില്‍ സ്ഫുരിക്കുന്നത്.

ഭാഷാമിശ്രമെന്നത് ഒരു ഭാഷയുടെ വാക്യഘടനാരീതിയ്ക്ക് തീരെയിണങ്ങാത്ത വിദേശഭാഷാരീതി കൂട്ടിക്കലര്‍ത്തുന്ന കൃത്രിമരീതിയാണ്. ആ പഴി തന്റെ പാട്ടുരീതിക്കല്ല മണിപ്രവാളപ്രസ്ഥാനത്തിനാണു ചേരുക എന്നുകൂടിയല്ലേ രാമകവി പറയുന്നത്? തന്റെ പാട്ടുകൃതികളില്‍ കാണുന്ന തത്സമപദങ്ങളെ സംസ്കൃതമെന്നു വിചാരിക്കരുതെന്നുംകൂടി അതിനു വിവക്ഷയില്ലേ? പ്രത്യയകാര്യത്തില്‍ മലയാളം സ്വന്തമായ അസ്തിത്വം നേടിയിരിക്കുന്നു. എന്നാല്‍ കാവ്യഭാഷയെ സംബന്ധിച്ച് പദാവലിയുടെ കാര്യത്തില്‍ മലയാളത്തിന്റെ വികാസം സംസ്കൃതപദങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ, രാമചരിതകാലത്തേ കണ്ടുവരുന്ന രീതിയില്‍ ആയിരിക്കണം. മലയാളമെഴുത്ത് സംസ്കൃതശബ്ദങ്ങളെ സ്വീകരിക്കാന്‍തക്കവണ്ണം വികസിച്ചുകഴിഞ്ഞിരിക്കയാല്‍ ദ്രമിഡസംഘാതത്തില്‍ പരിമിതപ്പെട്ടിരിക്കേണ്ട കാര്യം ഇനി മേല്‍ പാട്ടുപ്രസ്ഥാനത്തിനില്ല. കടമെടുത്ത പദങ്ങള്‍ വിദേശപദങ്ങളല്ല മലയാളപ്രത്യയങ്ങള്‍ ചേരുന്നതോടെ അതെല്ലാം സ്വാഭാഷയുടെ സ്വത്തായിത്തീര്‍ന്നിരിക്കുന്നു എന്ന പ്രഖ്യാപനംകൂടിയാണ് ആ ദീര്‍ഘദര്‍ശി നടത്തിയത്. ``തങ്ങളുടെ ഭാഷ `ഭാഷാമിശ്രം' ആണെന്നും, അതിനെപ്പറ്റി അപ്രീതിതോന്നരുതെന്നും മറ്റും പറഞ്ഞുകൊണ്ടാണ് അവര്‍ കൃതികളെ അവതരിപ്പിച്ചിട്ടുള്ളത്. എങ്കിലും, നിഷ്കൃഷ്ടമായ ലക്ഷ്യങ്ങളോടെയാണ് അവര്‍ സാഹിത്യരചന ചെയ്തത് എന്നു പരിശോധനയില്‍ സ്പഷ്ടമായി കാണാം. സംസ്കൃതത്തിന്റെ `ശ്വാസം മുട്ടിക്കുന്ന' പിടിയില്‍നിന്നും ഭാഷയെ സ്വതന്ത്രമാക്കണമെന്ന് അവര്‍ നിശ്ചയമായും കരുതിയിരുന്നു. അതേസമയം സംസ്കൃതം വഴി കിട്ടാവുന്ന കഴിവുകളെ ഒരു തരത്തിലും അകറ്റിനിര്‍ത്തിക്കൂടാ എന്നും അവര്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. സംസ്കൃതഭാഷയില്‍നിന്നും സാഹിത്യത്തില്‍നിന്നും കൈക്കൊള്ളാവുന്ന സകല സമ്പത്തും - ശബ്ദരൂപത്തിലുള്ളവയും അര്‍ത്ഥരൂപത്തിലുള്ളവയും എല്ലാം - മലയാളഭാഷയുടെ വളര്‍ച്ചയ്ക്കു വേണ്ടി എടുക്കണമെന്നുതന്നെ അവര്‍ കരുതി. ഈ കൃതികളില്‍ സംസ്കൃതപ്രത്യയങ്ങളെ പാടേ ഉപേക്ഷിച്ചിരിക്കയാണെന്നുതന്നെ പറയാം'' എന്നു ശൂരനാട്ടു കുഞ്ഞന്‍പിള്ള. അദ്ദേഹം ഈ പ്രസ്ഥാനനായകനെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു.

എന്തുകൊണ്ടു പാട്ടുപ്രസ്ഥാനംതന്നെ തങ്ങളുടെ ആവിഷ്ക്കക്കാരത്തിനായി ഇവര്‍ തെരഞ്ഞെടുത്തു എന്ന ചോദ്യവും പ്രസക്തമാണ്. ചെന്തമിഴ്ക്കൃതിയെന്നു തെറ്റിദ്ധരിക്കാനിടയുള്ള രാമചരിതത്തിന്റെ രീതിയാണോ അത്രയ്ക്ക് ഭാഷാഭിമാനിയും ധീരനുമായ ഒരു കവി സ്വീകരിക്കുക? തത്സമരീതിയിലാണ് ഇനിയുള്ള കാവ്യഭാഷാവികാസമെന്നു തിരിച്ചറിയുന്ന ഒരു കവി തന്റെ സമൂഹത്തില്‍ നിലനില്ക്കുന്ന മണിപ്രവാളത്തിന്റെ സുപരിചിതസരണിയല്ലേ സ്വാഭാവികമായും സ്വീകരിക്കുക? അന്നത്തെ മണിപ്രവാളത്തിന്റെ രീതി ഗൗരവമായ കാവ്യാനുഭവങ്ങളുടെ ആവിഷ്ക്കക്കാരത്തിന് ആശ്രയിക്കാന്‍ പറ്റിയതായി അവര്‍ക്കു തോന്നിക്കണില്ല. തത്വചിന്താപരവും ദാര്‍ശനികവുമായ ഗൗരവഭക്തിയാണ് നിരണംകവികളുടെ പ്രമേയം. സംസ്കൃതത്തിലെ പ്രകൃഷ്ടങ്ങളായ ഗീതയും ഭാഗവതവും രാമായണവും ഭാരതവും മറ്റുമാണ് അവരുടെ പ്രമേയം. വിഷ്ണുഭക്തിക്കു പ്രാമുഖ്യമുള്ള പ്രമേയങ്ങളാണ് ശിവരാത്രമാഹാത്മ്യം ഒഴിച്ചാല്‍ അവര്‍ കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ കാവ്യാരംഭത്തില്‍ അവര്‍ വന്ദിക്കുന്നത് ശിവനെയാണ്. വൈഷ്ണവപ്രധാനമായ ഒരു സമൂഹത്തിന്റെ സൗന്ദര്യശാസ്ത്രമാണ് മണിപ്രവാളത്തിന്റെ മേഖല എന്നു സാമാന്യമായി പറയാമെന്നു തോന്നുന്നു. രാമചരിതം മുതലുള്ള കവിതകളുടെ ദ്രാവിഡാഭിമുഖ്യം അതിന്റെ ഭാഷാസ്വരൂപത്തില്‍ മാത്രമല്ല സൗന്ദര്യശാസ്ത്രത്തിലും കാണാം. കൃഷ്ണന്റെ രാസലീലയുടെ ലാസ്യഭംഗിയല്ല നടരാജനൃത്തത്തിന്റെ താണ്ഡവഗരിമയാണ് അവരുടെ ആദര്‍ശം. ദീര്‍ഘതരംഗിണിയോടു സാമ്യമുള്ള വൃത്തസ്വീകരണത്തില്‍ ഈ താളത്തോടുള്ള കണ്ണശ്ശക്കൃതികളുടെ ആഭിമുഖ്യം കാണാം. ഇഷ്ടദേവതാസ്തുതിയില്‍ എഴുത്തച്ഛന്‍വരെ ഈ ശൈവപാരമ്പര്യത്തോട് ഒട്ടിനില്ക്കുന്നുണ്ട്. പ്രമേയമായി കൃഷ്ണഭക്തി കൈക്കൊള്ളുമ്പോഴും ഭാഷാരീതിയില്‍ തമിഴിനെയും സംസ്കൃത്തെയും കൈവെടിയുമ്പോഴും ചെറുശ്ശേരിയുടെ കാവ്യപ്രവാഹം മണിപ്രവാളത്തെയാണ് പിന്തുടരുന്നതെന്നും കാണാം. പില്ക്കാലത്ത് വെണ്മണിയുടെ പച്ചമലയാളത്തില്‍ തളിര്‍ക്കുന്നതും ഈ വൈഷ്ണവപാരമ്പര്യമാവാം.

ശൈവവും വൈഷ്ണവവുമായ രണ്ടു ധാരകള്‍ ഇന്ത്യയില്‍ ശക്തമായി കാണാം. സഹപ്രവര്‍ത്തകരെ വഞ്ചിച്ച് അമൃത് കൈവശമാക്കുന്ന മോഹിനയാണു വിഷ്ണു. സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി കാളകൂടം സ്വയം വിഴുങ്ങുകയാണു ശിവന്‍. പാലാഴിയിലെ അനന്തശയനമാണു വിഷ്ണവിനു പ്രിയം. കൈലാസത്തിലെ അനന്തനടനമാണു ശിവനിഷ്ടം. ഭസ്മാസുരവരംപോലുള്ള ശുദ്ധഗതിയാണു ശിവന്. മോഹിനീവേഷത്തില്‍ അതിനുള്ള പരിഹാരംകാണുന്ന പ്രായോഗികബുദ്ധിയാണു വിഷ്ണു. യുദ്ധക്കളത്തില്‍ നിരുന്മേഷവാനായ അര്‍ജ്ജുനന് ഉപദേശവും വിശ്വരൂപവും കാണിച്ച് ആത്മവിശ്വസമുണ്ടാക്കുകയാണു വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്‍. അര്‍ജ്ജുനന്റെയും ശങ്കരാചാര്യരുടെയും അഹന്ത തീര്‍ക്കാന്‍ കിരാതവേഷം ധരിക്കുകയാണു ശിവന്‍. സതീര്‍ത്ഥ്യനായകുചേലന്റെ അവില്‍പ്പൊതിമോഷണത്തെ മനസ്സില്‍നിന്നു മായ്ക്കാതെ കഷ്ടപ്പെടുത്തുകയാണു കൃഷ്ണന്‍. ശിഷ്യനായ പരശുരാമന്‍ ഗണപതിയുടെ കൊമ്പൊടിച്ചപ്പോഴും വിദ്വേഷം തോന്നാതിരിക്കുന്നവനാണു ശിവന്‍.

കാമരൂപനാണു കണ്ണനെങ്കില്‍ കാമദഹനനാണു മുക്കണ്ണന്‍. ഒരേ സമയം ഗോപികമാര്‍ക്കു മുഴുവന്‍ കാമുകനാണു കൃഷ്ണനെങ്കില്‍ പാര്‍വ്വതിയുടെ പ്രേമത്തെപ്പോലും കഠിനമായി പരീക്ഷിച്ചറിഞ്ഞശേഷം പാതിമെയ്യാക്കുന്നവനാണു ശിവന്‍. യമുനാതീരത്തെ വസന്തവിലാസത്തിലാണു കൃഷ്ണന്‍ ആടിപ്പാടുന്നതെങ്കില്‍ ചുടലക്കളത്തിലാണു ശിവനൃത്തം. ലയമാധുര്യമുള്ള ഓടക്കുഴലാണു കൃഷ്ണന്റേതെങ്കില്‍ താളപ്രധാനമായ ഡമരുവാണു ശിവന്റെ സംഗീതം. മാനുഷികമായ അബദ്ധങ്ങള്‍ പിണയുക ശിവനു സ്വാഭാവികമാണ്. അര്‍ജ്ജുനന്റെ ഏതബദ്ധത്തിനും കുയുക്തികള്‍ കണ്ടെത്തുന്ന തന്ത്രശാലിയാണു കൃഷ്ണന്‍. ശിവന്റെ കഥാലോകവും വിഷ്ണുവിന്റെ കഥലോകവും ഒരേ വിശ്വസധാരയല്ല പിന്തുടരുന്നത്.

ഇത്തരം ഒരു പശ്ചാത്തലത്തെ സങ്കല്പിച്ചാല്‍ അതിസാഹസികമായ ഒരു ട്രപ്പീസാട്ടംതന്നെയാണു് നിരണംകവികള്‍ നടത്തിയതെന്നു പറയാം. ത്രൈവര്‍ണ്ണകേതരരായ ജനസാമാന്യത്തിന്റെ സൗന്ദര്യശാസ്ത്രാഭിരുചികള്‍ക്ക് ഇണങ്ങുന്നവിധത്തില്‍ സംസ്കൃതസാഹിത്യത്തിലെ മഹത്തായ കൃതികളെ എടുത്തു പെരുമാറുക. അതിനവര്‍ക്ക് ആത്മബന്ധമുള്ള പാട്ടുരീതികള്‍ ഉപയോഗിക്കുക. അങ്ങനെ പാട്ടിനെ രാമായണമഹാഭാരതങ്ങളോളം വിശാലമാക്കുക. മലയാളം ഉപഭൂഖണ്ഡത്തോളം വളരുക. അതോടൊപ്പം മണിപ്രവാളപ്രസ്ഥാനത്തിനു നേരെ സ്വയംവിലയിരുത്താനുള്ള കണ്ണാടി പിടിക്കുക. ശൂരനാട്ടിന്റെ വാക്യങ്ങളില്‍ ഈ വിവക്ഷകളെല്ലാം അടങ്ങിയിട്ടുണ്ടെന്നാണു ഞാന്‍ കരുതുന്നത്. ``സംസ്കൃതത്തിന്റെ `ശ്വാസം മുട്ടിക്കുന്ന' പിടിയില്‍നിന്നും ഭാഷയെ സ്വതന്ത്രമാക്കണമെന്ന് അവര്‍ നിശ്ചയമായും കരുതിയിരുന്നു. അതേസമയം സംസ്കൃതം വഴി കിട്ടാവുന്ന കഴിവുകളെ ഒരു തരത്തിലും അകറ്റിനിര്‍ത്തിക്കൂടാ എന്നും അവര്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. സംസ്കൃതഭാഷയില്‍നിന്നും സാഹിത്യത്തില്‍നിന്നും കൈക്കൊള്ളാവുന്ന സകല സമ്പത്തും - ശബ്ദരൂപത്തിലുള്ളവയും അര്‍ത്ഥരൂപത്തിലുള്ളവയും എല്ലാം - മലയാളഭാഷയുടെ വളര്‍ച്ചയ്ക്കു വേണ്ടി എടുക്കണമെന്നുതന്നെ അവര്‍ കരുതി.'' ഭാഷയുടെ എഴുത്തുരൂപം വ്യവസ്ഥപ്പെടുന്ന ചരിത്രസന്ധിയില്‍ അവയെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് ദ്രാവിഡപാരമ്പര്യത്തിന്റെ ആവിഷ്ക്കാരസമ്പ്രദായങ്ങളനുസരിച്ച് സംസ്കൃതസാഹിത്യത്തിലെ മഹല്‍രത്‌നങ്ങളെ അവയുടെ ഗൗരവം ചോര്‍ന്നുപോകാതെ കേരളത്തിലെ സാമാന്യജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുക എന്ന അതിസങ്കീര്‍ണ്ണായ സംഗതികളാണ് കണ്ണശ്ശന്മാര്‍ സാഭിമാനം നടപ്പിലാക്കിയത്. മാധവപ്പണിക്കരുടെ ഭഗവദ്ഗീതയില്‍ ഇങ്ങനെ പറയുന്നു:

``മലരയനൊടുനേര്‍ വേദവ്യാസന്‍ മറ്റും സംസ്കൃതപദ്യങ്ങളിനാല്‍
നലനല ഞാനാര്‍ത്ഥങ്ങളുരത്തതു ഞാനും ഭാഷാകവിയിലുരപ്പേന്‍
വിലയറിവാനരുതാകിയ രത്‌നം വേറൊരുപൊന്നിന്‍ചെപ്പതിലിട്ടാല്‍
അലവലയാകിയതുകിലില്‍പ്പൊതികിലുമതിനുടെ മഹിമ വിരോധം വരുമോ''

സംസ്കൃതത്തിന്റെ പൊന്‍ചെപ്പിനോടൊപ്പമൊന്നും വരില്ലെങ്കിലും വ്യാസോക്തികളുടെ മഹിമ ചോരാതെ അതാവിഷ്ക്കരിക്കാന്‍ അലവലയായ തുകിലാണെങ്കിലും തന്റെ ഭാഷാകവിത പോരും എന്ന വിനയാന്വിതമായ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ് അതില്‍ തെളിയുന്നത്. നിരണംകവിതകളെ ഭാഷാമിശ്രമെന്ന് ഇകഴ്ത്തിക്കളയാന്‍ ആരും ഒരുമ്പെടേണ്ട എന്ന പ്രഖ്യാപനത്തിന്റെ മുന്നോടിയാണത്. ആവശ്യമുള്ളിടത്തോളം പദങ്ങള്‍ എമ്പാടും കൈക്കൊള്ളാനും അതുവഴി ഭാഷയുടെ സ്വത്തു വര്‍ദ്ധിപ്പിക്കാനും അതേസമയം ഭാഷയുടെ ഘടനാപരമായ തനിമ കൈമോശംവരാതെ സൂക്ഷിക്കാനും നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്ന് കണ്ണശ്ശന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം മലയാളസംരക്ഷണമുദ്രാവാക്യമുയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് അതീവപ്രാധാന്യമുള്ളതാണ്. ഭാഷാപോഷണത്തിനുള്ളവഴി ഭാഷയില്‍ കൃതികളുണ്ടാവുകമാത്രമാണ് എന്നും സര്‍ഗ്ഗാത്മകതയിലൂടെ മാത്രമേ ഭാഷ നേരിടുന്ന ഭീഷണികളെ ചെറുക്കാനാവൂ എന്നുമാണ് ഈ കവികള്‍ നമ്മോട് പറയുന്നത്.

Subscribe Tharjani |