തര്‍ജ്ജനി

മുഖമൊഴി

അഴിമതിയുടെ വസന്തകാലം

തര്‍ജ്ജനിയുടെ എല്ലാ വായനക്കാര്‍ക്കും മംഗളകരമായ നവവത്സരം ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

കഴിഞ്ഞ വര്‍ഷം വിടപറയുന്നതു്, പൊതുജീവിതത്തിലെ അഴിമതിയുടെ പുതിയ നിരവധി കഥകള്‍ അരങ്ങുതകര്‍ക്കുമ്പോഴാണു്. 2 ജി സെ്പട്രം അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തലസ്ഥാനനഗരത്തില്‍ നിന്നും പുറത്തുവരുമ്പോള്‍ കേരളത്തില്‍ പി. എസ്. സി നിയമനത്തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. നിയമവിധേയമായി നടക്കേണ്ടവയെല്ലാം കൗശലക്കാരുടെ ഇടപെടലിലൂടെ നീതിനിഷേധത്തിന്റെ പുതുരൂപങ്ങളായിക്കൊണ്ടിരിക്കുന്നുവെന്ന അറിവ് ഉത്കണ്ഠാജനകമാണു്. ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ സാദ്ധ്യതകള്‍ തങ്ങളുടെ സ്വകാര്യലാഭത്തിനുള്ള വഴിയായി കണക്കാക്കുന്ന കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരും അവരുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന വന്‍സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണു് ദില്ലിയില്‍ നിന്നും പുറത്തു വന്നതു്. കോടിക്കണക്കിനു് രൂപയുടെ നഷ്ടം പൊതുഖജനാവിനു് വരുത്തിത്തീര്‍ത്ത ഈ ഇടപാടില്‍ കോര്‍പ്പറേറ്റുകളുടെ സഹായികളായി പ്രവര്‍ത്തിച്ചവര്‍ നിയമവിധേയമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നുവെന്നു് ഉറപ്പാക്കാന്‍ ബാദ്ധ്യസ്ഥരായവരാണു്. അധികാരത്തിന്റെ ഇടനാഴികളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടു് രംഗത്തുണ്ടു്. അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നു് വ്യക്തമാക്കുന്ന സൂചനകളാണിതെല്ലാം. മാദ്ധ്യമപ്രവര്‍ത്തകര്‍പോലും അധികാരദല്ലാളുകളായി പ്രവര്‍ത്തിക്കുന്നതിന്റേയും, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കനുസൃതമായേ അധികാരസ്ഥാനങ്ങള്‍പോലും നിശ്ചയിക്കപ്പെടുന്നുള്ളുവെന്നതും ചോര്‍ത്തിയെടുത്ത ടെലിഫോണ്‍സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ഇതിനെക്കുറിച്ചു് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു് പ്രതിപക്ഷം പാര്‍ലമെന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ തുടങ്ങിയിട്ടു് നാളുകളേറെയായി. എന്താണു് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്നതിനു് പ്രതിബന്ധം എന്ന ചോദ്യം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുംവിധം ഭരണപക്ഷം വാശിപിടിക്കുകയുമാണു്. മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന കഥകളും രാഷ്ട്രീയപ്രതിയോഗികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും സംശയത്തിന്റെ നിഴലില്‍ നിന്നും ആരെയും പുറത്തുനിറുത്തുന്നില്ല. സീസറിന്റെ ഭാര്യ സംശയത്തിനു് അതീതയാകണം, അതിനാല്‍ അന്വേഷണം നടത്തുന്ന പബ്ലി അക്കൗണ്ട്‌സ് കമ്മിറ്റിക്കു് മുമ്പാകെ, കീഴ്‌വഴക്കമില്ലെങ്കിലും താന്‍ ഹാജരാകും എന്നു് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോഴും സംശയങ്ങള്‍ അവശേഷിക്കുക തന്നെ ചെയ്യുന്നു.

അധികാരത്തിന്റെ ഉന്നതസോപാനത്തിലെ അഴിമതിക്കഥയാണു് ദില്ലിയില്‍ നിന്നും പുറത്തുവരുന്നതു്. കോമണ്‍വെല്‍ത്ത് കായികമത്സരവുമായി ബന്ധപ്പെട്ടു് നടത്തിയ ദുര്‍വ്യയവും അതിലെ അഴിമതിയും പുറത്തുവന്നതിനു് തൊട്ടുപിന്നാലെയാണു് കോടിക്കണക്കിനു് രൂപയുടെ സെ്പട്രം അഴിമതിവാര്‍ത്തകള്‍ പുറത്തുവരുന്നതു്. പൊതുഖജനാവിലെ പണം ചിലവഴിക്കുന്നതിനു് വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും ഉണ്ടു്. എന്നാല്‍ ഇവയെ മറികടക്കാനും എല്ലാം തകിടം മറിക്കാനും സ്വകാര്യലാഭം ഉണ്ടാക്കുവാനുമുള്ള ഒരു വന്‍സംവിധാനം നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ നിയമവ്യവസ്ഥകളേയും മറികടക്കുവാന്‍ രാഷ്ട്രീയമേധാവികളെയാണു് ഈ സംവിധാനം എക്കാലത്തും കൂട്ടുപിടിച്ചിരുന്നതു്. കരാറുകള്‍ നല്കുമ്പോള്‍, വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തു് തല്പരകക്ഷികള്‍ക്കു് നല്കല്‍, കരാര്‍വ്യവസ്ഥകള്‍ക്കു് ലംഘിച്ച് വല്ലപാടും ജോലി ചെയ്തുതീര്‍ത്തവര്‍ക്കു് തൃപ്തികരമായി പണിപൂര്‍ത്തിയാക്കി എന്നു് സാക്ഷ്യപ്പെടുത്തി പണം നല്കല്‍, കരാര്‍ ഉറപ്പിച്ച തുക കാലക്രമത്തില്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കല്‍ എന്നിങ്ങനെ പൊതുഖജനാവിലെ പണം ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം പലതരത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നു. ഓരോ ക്രമവിരുദ്ധതയും കോടിക്കണക്കിനു് രൂപയുടെ അഴിമതിയുടെ ഇടപാടുകളാണു്.

കെട്ടിയുയര്‍ത്തിയ പാലങ്ങളും കെട്ടിടങ്ങളും കാലമെത്തുന്നതിനു് മുമ്പ് തകര്‍ന്നു വീഴുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു് യാത്ര ദുരിതമായ സാഹചര്യത്തില്‍ കേരളത്തിലെ പൊതുമരാമത്ത് മന്ത്രി റോഡുകളിലെ കുഴികളുടെ കള്ളക്കണക്ക് പറയുകയായിരുന്നു. അതില്‍ എത്രയെണ്ണം നികത്തിയെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ചുമതലയേറ്റ മറ്റൊരു മന്ത്രി ഈ പ്രശ്‌നം അപരിഹാര്യമാണെന്നവിധത്തില്‍ സംസാരിക്കുകയും ചെയ്തു. റോഡുകള്‍ പണിയുന്നതു് ഒരു മഴക്കാലം വരെയുള്ള സമയത്തേക്കാണോ എന്ന ചോദ്യം ചോദിക്കാതെ പോകുന്നു. മഴക്കാലത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യ റോഡ് നിര്‍മ്മാണത്തില്‍ ഇത്രയും കാലമായി വികസിപ്പിക്കപ്പെട്ടിട്ടില്ലേ എന്നതും ചോദിക്കപ്പെടേണ്ട ചോദ്യമാണു്. റോഡ് നിര്‍മ്മാണത്തില്‍ കരാറിലെ കണക്കനുസരിച്ചാണോ ചേരുവകള്‍ തയ്യറാക്കിയതെന്നും പണി പൂര്‍ത്തിയാക്കിയതെന്നും പരിശോധിക്കാന്‍ സംവിധാനം ഇനിയും ഉണ്ടായിട്ടില്ല എന്നാണോ? എങ്കില്‍ ഈ റോഡ് നിര്‍മ്മാണം അഴിമതിയിലേക്കുള്ള സൂപ്പര്‍ഹൈവേയാണു്. പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഓരോ സന്ദര്‍ഭത്തിലും ജനങ്ങള്‍ ഈ അഴിമതിയുടെ ഇരയാവുകയല്ലാതെ വേറെ വഴിയില്ലെന്ന അബോധം സ്വാംശീകരിക്കുന്നു.

വയനാട്ടില്‍ പി.എസ്. സിയുടെ വ്യാജരേഖയുണ്ടാക്കി ജോലിനേടിയവരെക്കുറിച്ചുള്ള വാര്‍ത്ത അഴിമതിയുടേയും കുറ്റകൃത്യങ്ങളുടേയും പുതിയ രൂപമാണു് പുറത്തുകൊണ്ടുവന്നതു്. ഒരു ഓഫീസിലെ ജീവനക്കാരന്‍ വിചാരിച്ചാല്‍ ക്രമക്കേട് നടത്താവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു് നമ്മുടെ പി. എസ്. സി നിയമനസംവിധാനം എന്നാണു് നാം ഇപ്പോള്‍ അറിയുന്നതു്. നിയമനത്തിനു് പരിഗണിക്കാന്‍ ആവശ്യമായ യോഗ്യതയുള്ള അപേക്ഷകരെ എഴുത്തുപരീക്ഷയിലും അഭിമുഖപരീക്ഷയിലും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഒരു പട്ടികയില്‍ നിന്നും അതിലെ ക്രമം അനുസരിച്ചു് നടത്തുന്ന നിയമനത്തില്‍ ഈ കടമ്പകളൊന്നുമില്ലാതെ കൗശലക്കാര്‍ക്കു് കടന്നുകയറാനും എന്നാണെങ്കില്‍ അതു് ഈ സംവിധാനത്തിന്റെ കുഴപ്പം തന്നെയാണു്. സംവിധാനത്തിന്റെ വിള്ളലുകള്‍ മുതലെടുത്തു് വ്യാജരേഖ നിര്‍മ്മിക്കുന്നവര്‍ കുറ്റവാളികള്‍ തന്നെ. ലക്ഷക്കണക്കിനു് രൂപ കൈക്കൂലി നല്കി ഈ കുറ്റകൃത്യത്തിന്റെ ഗുണഭോക്താക്കളാവുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതോടൊപ്പം ഇത്തരം ക്രമക്കേടുകള്‍ നടക്കാത്തവിധം കുറ്റമറ്റരീതിയില്‍ നിയമനപ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സംവിധാനം ഉണ്ടാവുകയും വേണം.

വയനാട് സംഭവത്തില്‍ പ്രതിയായ ഓഫീസ് ജീവനക്കാരന്‍ ഭരണകക്ഷിയുടെ സര്‍വ്വീസ് സംഘടനാനേതാവാണു്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ ജോലിയില്‍ ചേരുന്ന സമയത്തുതന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകളായ സര്‍വ്വീസ് സംഘടനകള്‍ അംഗങ്ങളായി ചേര്‍ക്കും. തങ്ങളുടെ സംഘബലം വര്‍ദ്ധിപ്പിക്കുവാനുള്ള ഈ പരിപാടിയില്‍ സംഘടനയില്‍ അംഗത്വമെടുക്കുന്നയാളുടെ രാഷ്ട്രീയബോധമോ നിലപാടോ പരിഗണനാവിഷയമല്ല. അധികാരത്തിലേറാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമത്തിനു് പിന്തുണനല്കുന്ന ഒരു വിധേയസംഘത്തെ ഉണ്ടാക്കിയെടുക്കുന്ന ഈ പ്രവര്‍ത്തനത്തിനു് ഒരു മറുവശം ഉണ്ടു്. തങ്ങളുടെ സംഘടനയില്‍ അംഗമായ വ്യക്തിയെ സംരക്ഷിക്കുക എന്നതാണു് പാര്‍ട്ടികളുടേയും സര്‍വ്വീസ് സംഘടനകളുടേയും ഉത്തരവാദിത്തം. ക്രമവിരുദ്ധമായും നിരുത്തരവാദപരമായും നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു് പാര്‍ട്ടികളും സര്‍വ്വീസ് സംഘടനകളും നല്കുന്ന പിന്തുണയും സംരക്ഷണമാണു് സിവില്‍സര്‍വ്വീസിനെ അഴിമതിയുടെ ഈറ്റില്ലമാക്കി മാറ്റുന്നതു്. കേരളത്തിലെ ഒരു മന്ത്രി തന്നെ സര്‍ക്കാര്‍വകുപ്പുകളില്‍ ചിലത് അപ്പാടെ അഴിമതിയാണെന്നു് നിര്‍ല്ലജ്ജം സാക്ഷ്യപ്പെടുത്തുകയുണ്ടായി. അഴിമതി ഇല്ലായ്മ ചെയ്യാന്‍ ബാദ്ധ്യസ്ഥരായവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍, നാം അഴിമതിയുടെ ഇരയായി കഴിയാന്‍ വിധിക്കപ്പെട്ടവരാണു് എന്ന ബോധം ഉറപ്പിക്കാനേ സഹായിക്കൂ.

Subscribe Tharjani |