തര്‍ജ്ജനി

എസ്.വി.രാമനുണ്ണി, സുജനിക

വെബ്ബ് പേജ് : http://sujanika.in/

Visit Home Page ...

ലേഖനം

മാറുന്നകോലായകള്‍, മാറാത്ത ‘കൂട്ട’ങ്ങള്‍

കാരണവന്മാരും മുത്തശ്ശിമാരും കോലായിലിരുന്നു മണിക്കൂറുകളോളം വെറ്റിലമുറുക്കിയും സംഭാരം കുടിച്ചും കൂട്ടംകൂടിയിരുന്നത് (കൂട്ടം കൂടുക= വര്‍ത്തമാനം പറയുക) പഴയകാലം. ഇപ്പോള്‍ കുട്ടികളൊക്കെ – പുതിയ തലമുറയൊക്കെ തിരക്കിലാണ്. ‘കൂട്ടംകൂടാന്‍’ അവര്‍ക്കെവിടെ നേരം എന്നു പരിഭവിക്കുന്നു.

കാലത്തിനൊത്ത് മാറുന്നകോലത്തെക്കുറിച്ച് കോലായ വര്‍ത്തമാനമുണ്ടെങ്കിലും കോലായയുടെ കോലം മാറിയ കഥ അവര്‍ അറിയുന്നില്ല. അനുമിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആ മാറ്റത്തിനൊത്ത് നവഭാവുകത്വത്തോടെ അധിവസിക്കാനാവുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ജീവിതത്തിന്റെ സര്‍ഗ്ഗാത്മകതയാണത് . ഇതറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ കോലായ വര്‍ത്തമാനങ്ങള്‍ നിലച്ചിട്ടില്ലെന്നും കോലായ നമ്മുടെ വീട്ടില്‍ നിന്നും ഇറങ്ങി വികസിക്കുകയാണെന്നും ലോകം മുഴുവന്‍ കോലായയായി മാറുകയാണെന്നും മനസ്സിലാവും.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സുഹൃത്ത് സുധാകരന്ന് നൂറുകണക്കിന്ന് ടെലിഫോണ്‍ നമ്പറുകള്‍ മന:പ്പാഠമായിരുന്നു. നാട്ടിന്‍പുറങ്ങളിലൊക്കെ ടെലിഫോണുകള്‍ വന്നകാലം. സുധാകരന്റെ ഈ ഓര്‍മ്മശക്തിയില്‍ ഞങ്ങള്‍ക്കൊക്കെ വലിയ അത്ഭുതമായിരുന്നു. ടെലിഫോണ്‍ നമ്പറുകള്‍ മന:പ്പാഠമാക്കിയിരുന്നവര്‍ വേറെയും ഉണ്ടാവും. ഞങ്ങള്‍ക്കൊക്കെ മേശപ്പുറത്ത് ടെലിഫോണ്‍ ഡയറക്റ്ററികള്‍ നിര്‍ബന്ധം. ഇന്നിതിന്റെയൊന്നും ആവശ്യമില്ല. മൊബൈലുകളുടെ കാലം. ആയിരക്കണക്കിന്ന്
നമ്പറുകള്‍ കൈവെള്ളയില്‍ ഒതുങ്ങി. ഒന്നോ രണ്ടോ ബട്ടണ്‍ അമര്‍ത്തിയാല്‍ വിളിപോകുന്ന കാലം. ഇന്നിതൊന്നും ഓര്‍ത്തുവെക്കേണ്ടതില്ല. മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ ഐ.ഡി കള്‍, സൈറ്റ് അഡ്രസ്സുകള്‍, യൂസര്‍നെയിമുകള്‍, പാസ് വേര്‍ള്‍ എന്നിങ്ങനെ ഓര്‍ക്കാന്‍ നിരവധിയുണ്ട്. ഇതോടൊപ്പം എ.ടി.എം. പാസ് വേര്‍ഡുകള്‍ തുടങ്ങിയവ വേറേയും. ഇതെല്ലാം നമ്മുടെ മൊബൈല്‍ ഫോണിലോ പി.സി.യിലോ സുരക്ഷിതമായി സൂക്ഷിക്കാം. എപ്പോള്‍ വേണമെങ്കിലും നോക്കി ഉപയോഗിക്കാം. ആധുനികലോകത്ത് വികസിക്കുന്ന വിവരസാങ്കേതികവിദ്യയുടെ സാദ്ധ്യതയാണിത്. ഇതില്‍ അഭിരമിക്കാന്‍ കഴിയുക (അതു വളരെ പ്രധാനം തന്നെ) എന്നതിനേക്കാള്‍ ഇതു തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും നാം ചെയ്യേണ്ടതുണ്ട്.

പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരില്‍ എന്റെ സഹപ്രവര്‍ത്തക ഒരു കണക്ക് ടീച്ചറുണ്ട്. ഗുണകോഷ്ഠത്തിലാണവരുടെ കണ്ണ് ഇപ്പോഴും. കുട്ടികള്‍ ഗുണകോഷ്ഠം പഠിക്കാത്തതാണ് ഇപ്പൊഴും പരീക്ഷാത്തോല്‍വിക്ക് കാരണമെന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. കാല്‍ക്കുലേറ്ററില്‍ അവര്‍ക്ക് വിശ്വാസമൊ പ്രതീക്ഷയോ ഇല്ല. കുട്ടികള്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതോടെ അവരുടെ ഗണിതബുദ്ധി തകരുകയും കണക്കിനോട് തന്നെ ശത്രുത ഭാവിക്കുകയും ചെയ്യുന്നു എന്നാണവരുടെ നിരീക്ഷണം. ചതുഷ്ക്രിയകള്‍ മുഴുവന്‍ തന്നെ സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. കഴിയണം. കാല്‍ക്കുലേറ്ററുകള്‍ കണക്കിന്റെ നാശം ഉറപ്പാക്കുകയാണ്!

പ്രാഥമികമായ ചില സംഗതികള്‍- അത്യാവശ്യം ഫോണ്‍ നമ്പറും ചതുഷ്ക്രിയകളും ഒക്കെത്തന്നെ മന:പ്പാഠമാക്കുന്നതില്‍ അശാസ്ത്രീയതയൊന്നുമില്ല. എന്നാല്‍ ആധുനികജീവിതത്തില്‍ വിവരസൂക്ഷിപ്പുകളുടെ ആത്യാവശ്യവും ആധിക്യവും അധികസാദ്ധ്യതകളിലേക്ക് നമ്മെ നയിക്കുന്നുണ്ട്.കാല്‍ക്കുലേറ്റര്‍ മനുഷ്യമസ്തിഷ്കം നിര്‍മ്മിച്ചെടുത്ത ഒരു സാങ്കേതമെന്നു ടീച്ചര്‍ മറക്കുന്നു. ഒന്നും ഒന്നും രണ്ട്; ഒന്നും രണ്ടും മൂന്ന്…എന്നിങ്ങനെ പാടിപ്പഠിക്കുന്നത് ഭാഷകൊണ്ടുണ്ടാക്കിയ ഒരു സാങ്കേതികോപകരണം മാത്രം. ഇതൊരു പാട്ടുമാത്രമാണ്. ഈ പാട്ടില്‍ കണക്കിന്റെ ഒരു ജീവഘടകവും ഇല്ല. ഓര്‍മ്മിക്കാന്‍ ഒരെളുപ്പവഴി. ഇതിനേക്കാള്‍ മികച്ചൊരു എളുപ്പവഴിമാത്രമാകുന്നു കാല്‍ക്കുലേറ്റര്‍. തലച്ചോറില്‍ വളരെ പ്രയത്നം ചെയ്തു സൂക്ഷിച്ചുവെച്ച ഒരു പാട്ട് ഉപയോഗിക്കണോ കൈവെള്ളയിലോ പോക്കറ്റിലോ സൂക്ഷിച്ചുവെക്കുന്ന ഒരു കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കണമോ എന്നതാണിവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്. മാത്രമല്ല മാറുന്ന ലോകത്തെക്കുറിച്ചും സാങ്കേതികസാദ്ധ്യതകളെകുറിച്ചും ബോദ്ധ്യമുണ്ടാകുന്നതിലൂടെ നാം നമ്മുടെ കോലായകളില്‍ നിന്നുതന്നെ ലോകത്തുള്ള നിരവധികോലായകളിലേക്ക് ചലിക്കുകയാണ്. എല്ലാ കോലായകളും ചേര്‍ന്ന വലിയൊരു കോലായ സ്വയം നിര്‍മ്മിച്ചെടുക്കുകയാണ്.

രൂപം മാറുന്ന കോലായകള്‍ -
പുല്പായയയില്‍ നിന്ന് ലാപ് ടോപ്പിലേക്ക്

ദീഘചതുരാകൃതിയില്‍ വീടിന്റെ മുന്‍ഭാഗത്തുതന്നെ തീര്‍ത്തെടുക്കുന്ന ഒരു വാസ്തുവാകുന്നു കോലായ. കുടുംബശേഷിക്കനുസരിച്ച് ഇതു ചാണകം മെഴുകിയതോ കാവിയിട്ടതോ എയര്‍കണ്ടീഷന്‍ ചെയ്തതോ ഒക്കെയാവാം. കോലായിലെ ഇരിപ്പുകാരുടെ സ്ഥിതിക്കനുസരിച്ച് ചുക്കുവെള്ളമോ ചായയോ പലഹാരങ്ങളോ വിലകൂടിയ മദ്യമോ കൂട്ടിനുണ്ടാകും. കോലായില്‍ കൂടുന്ന സമയക്രമം ഉച്ചക്കോ (സ്ത്രീകള്‍ പൊതുവേ
ഉച്ചക്കാണല്ലോ കൂട്ടം കൂടാന്‍ ഒത്തുചേരുക) മൂവന്തിക്കോ ആവാം. ഇരിക്കാന്‍ പുല്പയയോ കസേരയോ വിലകൂടിയ സെറ്റികളോ ആവാം. സ്ഥിരം അംഗങ്ങളും അവര്‍ക്കൊക്കെ സ്ഥിരം ഇരിപ്പിട (സ്ഥാനം) ങ്ങളുമുണ്ടായിരുന്നു. കോലായില്‍ നടക്കുന്ന കൂട്ടങ്ങളില്‍ (കൂട്ടം= സംഭാഷണം) ഏറ്റവും പ്രധാനപ്പെട്ട ഇനം നാട്ടുവര്‍ത്തമാനങ്ങളാണല്ലോ. ലോകവിവരം സംഗ്രഹിക്കുന്നതിവിടെയാണു്.

സംഗ്രഹം മാത്രമല്ല വാര്‍ത്താവിശകലനവും തീരുമാനങ്ങളും ഇതിന്റെ പലഘട്ടങ്ങളിലായി നടക്കും. കൌതുകവാര്‍ത്തകള്‍ കേള്‍ക്കുന്നതും രൂപം കൊള്ളുന്നതും കോലായകളില്‍ നിന്നാണ്. ലോകസ്ഥിതി വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നത് കോലായകളിലാണ്. നാളെ എന്ത് എന്ന നിശ്ചയങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. അവരവരുടെ വീട്ടുകാര്യങ്ങള്‍, ജനന മരണ വിവാഹാദികാര്യങ്ങള്‍ ഒക്കെ ചര്‍ച്ചചെയ്യപ്പെടുന്നതും നിര്‍വഹണം വരെയുള്ള സംഗതികള്‍ തീരുമാനിക്കുന്നതും കോലായകളില്‍ നിന്നാണ്. നടത്തിപ്പില്‍ മുന്‍നില്ക്കുന്നതും കോലായ കൂട്ടായ്മതന്നെ.

സുഖദു:ഖങ്ങള്‍ പങ്കുവെക്കപ്പെടുന്നത് ഈ കോലായകളിലാണല്ലോ.പങ്കുവെക്കുന്നതിലൂടെ സുഖം പതിന്മടങ്ങ് പെരുകുകയും ദു:ഖം കുറ്റിയറ്റുപോവുകയും ചെയ്യുന്നു. സാന്ത്വനത്തിന്റെ അലകള്‍ ഉറവയെടുക്കുന്ന ഇടങ്ങളായിരുന്നു .ഇല്ലയ്മകളും വല്ലായ്മകളും ചര്‍ച്ചചെയ്തു പരിഹാരക്രിയകള്‍ നിര്‍വഹിക്കപ്പെടുമായിരുന്നു. ഈ പൌരാണികകൂട്ടയ്മകള്‍ ആധുനികകാലത്തെ ജീവിതപ്രാരാബ്ധങ്ങളിലും തിരക്കിലും പെട്ട് തീര്‍ച്ചയായും നാമാവശേഷമായിരിക്കുന്നു എന്നാണ് വിലാപത്തിന്റെ ഒരു വശം.മാറിയ ജീവിതരീതികളുടെ പൊലിമയറിയാതെയാണീ വിലാപമെന്നതാണിതിലെ ചര്‍ച്ചാവിഷയം. വീട്ടുകോലായില്‍ നിന്നും വീട്ടുമുറ്റത്തു നിന്നും ഇറങ്ങിപ്പോന്ന ആധുനികലോകത്തെ കോലായകളില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്റെര്‍നെറ്റിലെ ട്വിറ്റര്‍
(twitter; www.twitter.com) ആണ്. ഓരോ സെക്കന്റിലും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്ന് , അനേകം കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന്ന് റ്റ്വീറ്റുകള്‍ ഉണ്ടാവുന്നു. കിളികൊഞ്ചലുകളാണല്ലോ ട്വീറ്റുകള്‍. റ്റ്വിറ്ററില്‍ നാം അംഗത്വമെടുക്കുകയും സുഹൃത്തുക്കളെ കൂട്ടുകയും ചെയ്യുന്നതിലൂടെ ഈ കൊഞ്ചലുകള്‍ നമ്മുടേതുകൂടിയാവുകയാണ്. Online ഇല്‍ ആണെങ്കില്‍ തത്സമയം നമുക്കവരുമായി റ്റ്വീറ്റാം. 140 അക്ഷരങ്ങളിലൊതുങ്ങുന്ന കൊച്ചുവാക്യങ്ങളാണിവ. പൂര്‍ണ്ണവാക്കുകളോ വാക്യങ്ങളോ ഇല്ല. ഓരോ പദങ്ങള്‍ക്കുമുന്നിലും ചേര്‍ക്കുന്ന # ചിഹ്നം ആ പദങ്ങള്‍ ചേരുന്ന മുഴുവന്‍ റ്റ്വീറ്റുകളും നമുക്ക് വായിക്കാന്‍ നല്കും. #CWC എന്നു ചേര്‍ക്കുന്ന റ്റ്വീറ്റുകള്‍ കോമണ്‍വെല്‍ത്ത് ഗയിംസുമായി ബന്ധപ്പെട്ട നിരവധി റ്റ്വീറ്റുകളിലേക്ക് നമ്മെ നയിക്കുന്നു. സുഹൃത്ത് എന്ന വ്യപദേശം നമ്മുടെ ചുറ്റുവട്ടത്തിലുള്ള ആത്മസുഹൃത്ത് എന്നു മാത്രമാവുകയില്ല. ലോകം മുഴുവന്‍ വ്യാപിക്കുന്ന സൌഹൃദങ്ങള്‍ ഉണ്ടാവുകയാണ്. ബി.ആര്‍.പി.ഭാസ്കറും എന്‍.റാമും
മൃണാളിനി സാരാഭായിയും പണ്ട് ഒന്നിച്ചു പഠിച്ച നളിനിയും തൊട്ടവീട്ടിലെ സദാശിവനും നാസറും നമ്മുടെ റ്റ്വിറ്റര്‍കോലായില്‍ ഒന്നിക്കുകയാണ്. സൌഹൃദങ്ങളും ആവലതികളും പ്രശ്നങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും റ്റ്വീറ്റായി ആഡ് ചെയ്യപ്പെടുകയാണ്.

ദശലക്ഷക്കണക്കിന്ന് റ്റ്വീറ്റുകളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. നമ്മുടെ താല്പര്യമനുസരിച്ച് കൂട്ടുകാരെ കണ്ടെത്താം. 10-20 കൂട്ടുകാര്‍ മുതല്‍ 10 ലക്ഷം കൂട്ടുകാര്‍ വരെയുള്ളവര്‍ റ്റ്വിറ്ററിലുണ്ട്. ദിവസവും 100ലധികം റ്റ്വീറ്റുകള്‍ ചെയ്യുന്നവരും ഇവിടെയുണ്ട്. നമ്മുടെ സ്വന്തം നിരീക്ഷണങ്ങള്‍ തൊട്ട് നാം വായിക്കുന്ന-കാണുന്ന-കേള്‍ക്കുന്ന നെറ്റിനങ്ങള്‍ നമുക്ക് റ്റ്വീറ്റ്ചെയ്യാം. നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ ഒട്ടും കാലതാമസമില്ലാതെ റ്റ്വീറ്റ് ചെയ്യുന്നതോടെ ആയത് നിരവധിപേര്‍ക്ക് ലഭ്യമാവുകയാണ്. അതിന്നനുസരിച്ചുള്ള പ്രതികരണങ്ങള്‍ - പ്രവര്‍ത്തനങ്ങള്‍
ഉണ്ടാവുകയാണ്. ഇലക്ഷന്‍ തുടങ്ങിയ സാമൂഹ്യ സന്ദര്‍ഭങ്ങളില്‍ റ്റ്വീറ്റുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. റ്റ്വിറ്ററിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് സമൂഹത്തിലെ എല്ലാ രംഗത്തുള്ളവരും- രാഷ്ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, എഴുത്തുകാര്‍- എല്ലാം ഇപ്പോള്‍ റ്റ്വിറ്ററില്‍ അംഗങ്ങളാണ്.ഇതിന്നനുസരിച്ച് റ്റ്വിറ്റര്‍ പോലും പുതുമോടികളോടെ അവതരിക്കുകയാണ്.

റ്റ്വിറ്റര്‍ പോലെതന്നെ പ്രസിദ്ധമായ മറ്റൊരു കോലായയാണ് ഫൈസ്ബുക്ക് (Facebook: www.facebook.com) ഓണ്‍ലയിനിലാവുമ്പോള്‍ ഇരുന്നു സംസാരിക്കാവുന്ന ഇരിടമാണിതും. വാക്കുകള്‍ മാത്രമല്ല, ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവയും കൈമാറാം. ഇതിലും നിരവധി സുഹൃത്തുക്കളുമായി നാം നേരിട്ട് സംസാരിക്കുകയാണ്. സംഭാഷണങ്ങളൊക്കെത്തന്നെ നമുക്ക് താല്പര്യമുള്ള വിഷയങ്ങളിലാകാം. സമാനചിന്താഗതിക്കാരുമായി ആശയവിനിമയം ചെയ്യാം.നമ്മുടെ അറിവും പരിചയവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല പങ്കുവെക്കാന്‍കൂടി ഇവിടെ നടക്കുന്നു. ദീര്‍ഘങ്ങളായ
ചര്‍ച്ചാവേദികള്‍ ഫേസ്ബുക്കില്‍ സാദ്ധ്യമാണ്. കാലികപ്രസക്തിയുള്ള വിഷയങ്ങളില്‍ ഗംഭീരമായ- രചനാപരമായ ചര്‍ച്ചകള്‍ നടക്കും. മാത്രമല്ല; സ്വാതന്ത്രത്തിന്റേയും ജനാധിപത്യബോധത്തിന്റേയും ഉജ്ജ്വലമായ രംഗങ്ങള്‍ ഈ ചര്‍ച്ചകളില്‍ കാണാനാകും. ഈ കോലായകളില്‍ പ്രശ്നപരിഹാരവേദികള്‍ പോലും സജീവമാണ്.

ഇന്ത്യയിലും ബ്രസീലിലും ഉള്ള ബഹുഭൂരിപക്ഷവും നിരന്നിരിക്കുന്ന വലിയോരു കോലായയാണല്ലോ ഓര്‍ക്കൂട്ട് (Orkut: www.orkut.com ) . പ്രായഭേദമെന്യേ, സ്ത്രീപുരുഷ വേര്‍തിരിവില്ലാതെ ആബാലവൃദ്ധം ചടഞ്ഞിരുന്നു ചാറ്റുന്ന വലിയൊരിടം തന്നെയാണിത്. ഇവിടെയും അവനവന്നിഷ്ടമുള്ള ചര്‍ച്ചാവേദികള്‍ സുലഭം. സ്വയം ഒരു വേദി തുറക്കുകയുമാവാം. മലയാളി സാന്നിദ്ധ്യം കൊണ്ട് നിറയുകയാണിവിടെ. സ്വദേശികളും പ്രവാസികളും. ഇതുപോലുള്ള ഇടങ്ങളിലെ തിരക്കുമൂലം പലസ്ഥാപനങ്ങളും ഓര്‍ക്കൂട്ട് പോലുള്ള പൊതുവേദികള്‍ നിരോധിക്കുകയാണ്. അതു സൂചിപ്പിക്കുന്നത് കോലായകള്‍ ഒരിക്കലും ഒഴിയുന്നില്ല എന്നല്ലേ?

നിമ്പസ്സ്, സ്കെയ്പ്പ്, ഗൂഗുള്‍ ടാക്ക്, ഗുഗൂള്‍ ബസ്സ്, യാഹൂ ചാറ്റ് - ചാറ്റ്മുറികള് ‍…. തുടങ്ങി കോലായകള്‍ ലോകം മുഴുവന്‍ പരന്നു കിടക്കുകയാണ്. നമ്മുടെ അഭിരുചിക്കിണങ്ങിയ സുഹൃത്തുക്കളെ യഥേഷ്ടം ലഭിക്കുന്നു എന്നു മാത്രമല്ല; നമ്മുടെ പഴയ സുഹൃത്തുക്കള്‍ ജീവിതത്തിരക്കുകള്‍ മൂലം എന്നോ ഒഴിഞ്ഞുപോയവരൊക്കെ ഇപ്പോള്‍ ഇക്കോലായകളില്‍ സജീവമാണ്. 25-30 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞുപോയവര്‍ ഇപ്പോള്‍ കണ്ടുമുട്ടുന്നത് റ്റ്വിറ്ററിലും, ഫേസ്ബുക്കിലും ഒക്കെയാണ്. ഐ.ടി. യുടെ സാദ്ധ്യതകൊണ്ടു മാത്രമാണിത് സംഭവിച്ചത്. മാത്രമല്ല സാമൂഹ്യബന്ധങ്ങള്‍ നിര്‍മ്മിക്കുന്ന ഈ സൈറ്റുകള്‍ സജീവമായതിനാലും തന്നെയാണെന്ന് എടുത്തു പറയണം.

പഴയ കോലായകള്‍ മിക്കവാറും മുതിര്‍ന്നവര്‍ക്കായിരുന്നു. ചെറുപ്പക്കാര്‍ക്ക് കോലായ വെളിയിലായിരുന്നു. സന്ധ്യനേരത്ത് അമ്പലത്തിലെ ആലിന്‍ചുവട്ടിലും കുളക്കടവിലും പാടവരമ്പുകളിലും ചെറിയമൈതാനമൂലകളിലുമായിരുന്നു. പള്ളിമുറ്റത്തും പൊതുനിരത്തിന്നരികില്‍ കലുങ്കുകളിലും പാലങ്ങളിലെ കൈവരികളിലും ഇവര്‍ ഇരുന്നു കൂട്ടം കൂടി. അന്ന് (സാമൂഹ്യമായ അവസ്ഥകളും പരിഗണിച്ചാല്‍) മതേതരത്വവും ജനാധിപത്യക്രമവും ഒന്നും ഇന്നത്തേതുപോലില്ല എന്നും കാണാം. ഇന്നീ കോലായകള്‍ ലാപ്പ്ടോപ്പുകള്‍ക്കും പി.സി.കള്‍ക്കും മുന്നിലായിരിക്കുന്നു. വളരെ ചെറിയസ്ഥലം. ഒരു ചെറിയ മുറിയില്‍ ഒരു മൂലയില്‍ മണിക്കൂറുകളോളം ആളുകള്‍ ഒതുങ്ങിയിരിക്കുന്നു. കാര്യമാത്രപ്രസക്തമായ (അപൂര്‍വം അല്ലാതെയും) ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുന്നു. സാമൂഹ്യബന്ധങ്ങള്‍- സൌഹൃദങ്ങള്‍ വിഷയത്തിലൂന്നിയ ചര്‍ച്ചകള്‍ രാജ്യാതിര്‍ത്തികള്‍ കടന്നുപോകുന്നു. എല്ലാവരും കൂടി ഒറ്റക്കോലായില്‍ നിരന്നിരിക്കുന്നു.

ഈ സംവിധാനങ്ങളിലൊക്കെത്തന്നെ (ഏതു സംവിധാനത്തിലുമുള്ളതുപോലെ) വളരെ ചെറിയ ദോഷങ്ങള്‍ ഇല്ലെന്നല്ല. ദോഷങ്ങളുടെ കണക്കെടുപ്പല്ല ഇവിടെ നാം ചെയ്യേണ്ടത്. അതു തടയാനുള്ള സംവിധാനങ്ങളും ഒരോ സമൂഹവും വികസിപ്പിക്കുന്നുണ്ട്. അതിനിയും ശക്തിപ്പെടുകയും ചെയ്യും. ഫലപ്രദമായി ഉപയോഗിക്കുന്ന വലിയൊരു സമൂഹം നമുക്കുചുറ്റും ഉണ്ട്. അതിന്റെ ശക്തി നാം തെരഞ്ഞെടുപ്പുപോലുള്ള സന്ദര്‍ഭങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നു. സാമൂഹ്യമായ പൊതുബോധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഈ നിശ്ശബ്ദവിപ്ലവത്തിന്ന് വലിയ പങ്കുണ്ട് എന്നു മറക്കാന്‍ വയ്യ. സമൂഹം വളരെ സുതാര്യമാകുകയാണീ കോലായകളിലൂടെ എന്നതാണ് അഭിലഷണീയമായ വസ്തുത. ബ്ലോഗുകളും സിറ്റിസന്‍ജേര്‍ണലിസവും പത്രങ്ങളും നെറ്റില്‍ മാത്രം നിലകൊള്ളുന്ന വിവരദായകസംരംഭങ്ങളും ഒക്കെ ചേര്‍ന്ന് മനുഷ്യനെ രാജ്യാതിര്‍ത്തികളില്‍ നിന്നും വളര്‍ത്തി ലോകമാനവനാക്കുകയാണ്. ‘യത്ര വിശ്വം ഭവത്യേകനീഡം’ എന്നൊക്കെ ഉള്ള ആര്‍ഷസൂക്തങ്ങള്‍ അക്ഷരംപ്രതി നിര്‍വഹിക്കപ്പെടുകയാണ്. മനുഷ്യസമൂഹത്തിന്റെ അതിര്‍ത്തികള്‍ അനുദിനം വികസിക്കുകയാണ്.

Subscribe Tharjani |