തര്‍ജ്ജനി

പുസ്തകം

എഴുത്തുകാരുടെ കപ്പല്‍യാത്രയും മറ്റും

എഴുത്തും എഴുത്തുകാരനും ആവര്‍ത്തിച്ച് ആഖ്യാനത്തിന്റെ വിഷയമാവുന്നുവെന്നത് സുരേഷ് കുമാറിന്റെ കഥകളുടെ മുഖമുദ്രയാണ്. വിപണിവത്കൃതവും വികാരശൂന്യവുമായി മാറുന്ന ലോകത്തെക്കുറിച്ചുള്ള ആകുലതകളാണു് കഥകളെല്ലാം കാഴ്ചവെക്കുന്നതു്. ഇത്തരം സാഹചര്യത്തിലെ സ്വന്തം കര്‍മ്മത്തെക്കുറിച്ചുള്ള ആത്മപരിശോധനകള്‍ എന്ന നിലയില്‍ സുരേഷ് കുമാറിന്റെ കഥകള്‍ വിമര്‍നാത്മകമായ ആത്മഭാഷണങ്ങളാകുന്നു. ദാര്ദ്ര്യം എന്ന നീണ്ടകഥയില്‍ എന്‍. പ്രഭാകരന്റെ നോവല്‍ ഇടപെടുമ്പോള്‍ എന്നാണു് ഈ സമാഹാരത്തിലെ ഒരു കഥയുടെ ശീര്‍ഷകം. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെയും, അതോടൊപ്പം സമകാലസാഹിത്യത്തെയും പ്രശ്നവല്കരിക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാം രൂപപരമായ വ്യത്യസ്തത പുലര്‍ത്തുന്നു.

പന്ത്രണ്ട് കഥകളുടെ സമാഹാരം.

എഴുത്തുകാരുടെ കപ്പല്‍യാത്ര
വി. സുരേഷ് കുമാര്‍
88 പേജുകള്‍
വില : 60 രൂപ
പ്രസാധനം : കൈരളി ബുക്സ്, കണ്ണൂര്‍.

ദൈനംദിനജീവിതത്തില്‍ വേരുകള്‍ ആഴ്ത്തുന്നവയാണു് അനീഷിന്റെ കവിതകളെന്നും മറ്റ് പലരുടെയും രചനകള്‍പോലെ അതിസങ്കീര്‍ണ്ണത അനീഷിന്റെ കവിതയ്ക്കില്ലെന്നും സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു. പ്രകൃതിയുമായി ജൈവബന്ധം പുലര്‍ത്തുന്നവയാണു് ഈ രചനകള്‍.

മരിച്ചവരും പ്രേതങ്ങളും ഒടിയനും കടമ്പയും മീനുകളും അജ്ഞേയമായ മറ്റു പല സംഗതികളും ആവേശിച്ചിരിക്കുന്ന ഒന്ന് എന്ന നിലയില്‍ പ്രകൃതിയെ ദാര്‍ശനികഗരിമയോടെയും അത്ഭുതവൈവശ്യങ്ങളോടെയും നോക്കിക്കാണുന്ന കവിയെന്ന് അനീഷിനെ അവതാരികാകാരനായ കെ. ആര്‍. ടോണി പരിചയപ്പെടുത്തുന്നു.

അമ്പത്തിയാറ് കവിതകള്‍. ഡോ. എം. കൃഷ്ണന്‍നമ്പൂതിരിയുടെ പഠനം.

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
പി. എ. അനീഷ്
80 പേജുകള്‍
വില : 55 രൂപ
സൈകതം ബുക്സ്, കോതമംഗലം. 686 691

പാരമ്പര്യത്തില്‍ നിന്നും നിലനില്ക്കുന്ന കാവ്യശീലങ്ങളില്‍ നിന്നും വിടുതല്‍ നേടി അപരിചിതമായ സൗന്ദര്യഭൂമികകളിലേക്ക് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവയാണു് ടി. ഏ. ശശിയുടെ കവിതകള്‍. നിസ്സംഗമായ പ്രബുദ്ധതയും ഉള്‍വിഞ്ഞു നില്ക്കുന്ന മൗനവും ഈ കവിതകളുടെ സവിശേഷതകളാണെന്നു് അവതാരികയില്‍ പി. എ. നസീമുദ്ദീന്‍ നിരീക്ഷിക്കുന്നു.
സമകാലികജീവിതത്തിന്റെ രുഗ്ണമായ അവസ്ഥയാണു് ഈ കവിതകളുടെ അന്തര്‍ധാര.

ബ്ലോഗ് എഴുത്തുകാരനായ കവിയുടെ ആദ്യസമാഹാരം.

നാല്പത്തിയെട്ട് കവിതകള്‍.
ചിരിച്ചോടും മത്സ്യങ്ങളേ
ടി. എ. ശശി
64 പേജുകള്‍
വില : 45 രൂപ
സൈകതം ബുക്സ്, കോതമംഗലം. 686 691

Subscribe Tharjani |