തര്‍ജ്ജനി

അമിത്ത്. കെ

കാട്ടില്‍കുനിയില്‍,
മടപ്പള്ളി കോളേജ്. പി.ഒ.
വടകര. 673 102

Visit Home Page ...

കഥ

ഓര്‍മ്മകളുടെ നാടുകടത്തല്‍

ഒന്നു്

അച്ഛന്റെ കല്ലറയ്ക്കും ഈ കെട്ടിടത്തിനും മുമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിശ്ചലനാകുന്നു. ഓര്‍മ്മിക്കുക എന്നതു് ഒരു രാഷ്ട്രീയപ്രവര്‍ത്തനമോ വിപ്ലവപ്രവര്‍ത്തനമോ ആണെന്ന ബോദ്ധ്യമുള്ളതുകൊണ്ടാവാം അവ രണ്ടും എന്നെ യാതൊന്നും ഓര്‍മ്മപ്പെടുത്തുന്നില്ല. എട്ടുവരിപ്പാതയ്ക്കു് വഴിമാറാന്‍ കാത്തുനില്ക്കുന്ന കഴുക്കോല്‍ ദ്രവിച്ച, ഉറപ്പില്ലാത്ത ഈ കെട്ടിടത്തിന്റെ പിന്നിലെ ഇടവഴിയിലൂടെ മഹേഷിന്റെ കടയിലേക്കു് ഒരു ഇടുങ്ങിയ കുറുക്കുവഴിയുണ്ടു്. അവന്‍ ഭാഗ്യവാനാണു്, കട ഹൈവേയ്ക്കടുത്താവാന്‍ പോവുകയല്ലേ. ഇടയെ്ക്കപ്പഴോ മുള്ളുകൊണ്ടു് ചോരപൊടിഞ്ഞെങ്കിലും എളുപ്പം ഇങ്ങെത്തിയല്ലോ, അതുമതി. അധികം വൈകാതെ കട എന്നെ ഏല്പിച്ചിട്ട് അവന്‍ ചായകുടിക്കാന്‍ പോയി.

"അകലം കുറവേ ഉള്ളുവെങ്കിലും ഇതു് തീര്‍ത്തും മറ്റൊരു ലോകം തന്നെ. ഞാനറിയാത്ത, എന്നെയറിയാത്ത, അപരിചിതമായ ലോകം. ചെലവേറെയുള്ള നിത്യവും ഗംഭീരകലഷനുള്ള പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് അവന്‍ എനിക്കു് തന്നു.

1. Spoken English (എല്ലാ പബ്ലിഷേഴ്‌സിന്റേയും)
2. A Complete Guide to English for Interaction 3. Question Answers in Constructive Curriculam Paradigm
4. Functional Grammar and Writing
5. A Text Book of Two Way Communication Techniques
6. ഒരാഴ്ചകൊണ്ടു് എങ്ങനെ ഹിന്ദി പഠിക്കാം?

ഇവയോരോന്നും എന്റെ കാതുകളില്‍ ഈയം ഉരുക്കിയൊഴിച്ചുകൊണ്ടു് ഇവിടുത്തെ ഷെല്‍ഫിലിരുന്നു് വെറുതേ യാന്ത്രികമായി സംസാരിക്കുന്നുണ്ടു്. ഫസ്റ്റ് പേഴ്‌സനും റെയില്‍വേസ്റ്റഷനിലും ക്ലാസ്സ്‌റൂമിലും പാര്‍ക്കിലും ആത്മബന്ധമില്ലാതെ അലയുന്നു. ഇവയെ്ക്കല്ലാം പുറമെ ത്രിവേണിയും, BBIയും Classmates ഉം പോലെ അക്ഷരങ്ങളില്ലാത്ത ഒന്നും സംവദിക്കാനില്ലാത്ത തിയറികളും പ്രൂഫും മാത്രം എഴുതാന്‍ വിധിക്കപ്പെട്ട ചെറുതും വലുതുമായ ഒരു നൂറ് നോട്ടുപുസ്തകങ്ങളും.

രണ്ടു്

അയാള്‍ ഒരാഴ്ച മുമ്പാണു് പുസ്തകങ്ങള്‍ വിറ്റതു്. അച്ഛന്‍ മരിച്ചതിന്റെ അടുത്ത ആഴ്ച വിറ്റ ഏതോ ഒരു പുസ്തകത്തിനുള്ളില്‍ തന്റെ മരപ്പെട്ടിയുടെ താക്കോല്‍ ഒളിപ്പിച്ചുവെച്ചു് അതിനെ അയാള്‍ നാടുകടത്തി. ആ പെട്ടിക്കുള്ളില്‍ എഴുത്തച്ഛന്‍കൃതികളും തന്റെ ഡയറിയും. ഡയറിയിലെ ചില ദിവസങ്ങളില്‍ അയാള്‍ ഇങ്ങനെ എഴുതിയിരുന്നു.

20. 9. 2010

ഈയിടെ നാട്ടിലെ ഒരു സാമൂഹികപ്രവര്‍ത്തകനായ നാണുമാസ്റ്റര്‍ അറുപതുകളിലെ വിജ്ഞാനദീപമായിരുന്നു എന്നൊക്കെ കടയെ പുകഴ്ത്തിയത് കേട്ടിരുന്നു. അച്ഛനും പറഞ്ഞിരുന്നു, ഇതൊരു കട മാത്രമല്ല, ഈ നാടിന്റെ ഭാഷയും സംസ്കാരവുമാണ് എന്ന്. മാറി വരുന്ന പുതിയ റോഡരികില്‍ ഞാനൊരു കട കണ്ടുവെച്ചിട്ടുണ്ട്. കൃത്യമായ ഒരു പറിച്ചുനടല്‍ ഏതായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. പേര് മാറ്റേണ്ട. പക്ഷെ ഒന്ന് നവീകരിക്കാം. വെളിച്ചം ബു സ്റ്റാള്‍ ആന്റ് സ്റ്റേഷനറി എന്നാക്കാം. പക്ഷെ അച്ഛനോട് ഇതെങ്ങനൈ അവതരിപ്പിക്കും? പട്ടിണിയാണെങ്കിലും വെളിച്ചം വിറ്റു് ഇരുട്ടിലിരിക്കുമോ?

14. 9. 2010

കണാരേട്ടന്റെ ഹോട്ടലിലിരുന്ന് ദിവാകരേട്ടന്‍ പറയുന്നത് മുമ്പ് ഞാന്‍ കേട്ടിരുന്നു.

`` നിന്റെ ഈ കടയിലെ പഴംപൊരിയുടേയും ചോറിനോടൊപ്പമുള്ള കറിയുടെ വറവിന്റേയും പൊരിച്ചമീനിന്റേയും ഉപ്പേരിയുടേയും പപ്പടത്തിന്റേയും മണംപോലെ പ്രിയപ്പെട്ടവയായിരുന്നു മുമ്പ് മുരളിയുടെ വെളിച്ചത്തിലെ ഓരോ പുസ്തകങ്ങളിലേയും വൈവിദ്ധ്യങ്ങള്‍'.'

പക്ഷെ, ആ ഗന്ധങ്ങളെ, ഈ നാടിന്റെ ഭാഷയെ, സംസ്കാരത്തെത്തന്നെ ഞാന്‍ വില്ക്കാന്‍ പോവുകയാണ്.

മൂന്ന്

വെളിച്ചം ബു സ്റ്റാള്‍ ആന്റ് സ്റ്റേഷനറിയുടെ ഉദ്ഘാടനദിവസം 101 ഇംഗ്ലീഷ് പ്രസംഗങ്ങള്‍ എന്ന പുസ്തകം ഷെല്‍ഫില്‍ നിന്നും ഇറങ്ങിവന്ന് ഒരു ഉദ്ഘാടനപ്രസംഗം നടത്തി. ഒരാഴ്ചകൊണ്ട് ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ആശംസ അര്‍പ്പിച്ചപ്പോള്‍, കസ്റ്റമേഴ്‌സിനെ ഉപചാരവാക്യങ്ങളിലും നന്ദിപ്രകടനങ്ങളിലും മയക്കിയപ്പോള്‍, അന്നത്തെ ചെലവ് ഗംഭീരമായി.

Subscribe Tharjani |