തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

ഏകാകിയുടെ ശബ്ദം

ഒരു മുതുകാട് മാജിക്ക്

ഇന്ത്യയുടെ വടക്കു് ഇന്ദ്രപ്രസ്ഥത്തില്‍ 2ജി സ്പെക്ട്രത്തിന്റെ അഴിമതി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടിക്കുമ്പോള്‍, കിഴക്ക് പശ്ചിമബംഗാളില്‍ ഒരു ഭരണമാറ്റത്തിനായി ജനങ്ങളും രാഷ്ട്രീയകൂട്ടുകെട്ടുകളും ഒത്തുചേരുമ്പോള്‍, അതിര്‍ത്തികളിലും പുറത്തും മാവോ സംഘടനകള്‍ യുദ്ധം നടത്തുമ്പോള്‍, ഇങ്ങ് തെക്ക് കര്‍ണ്ണാടകത്തില്‍ ഇരിക്കുന്ന കസേരയുടെ നാലുകാലുകളും ഭരണാധികാരി ധൃതരാഷ്ട്രരെപ്പോലെ മുറുകെ ചേര്‍ത്ത് പിടിക്കുമ്പോള്‍, കൂട്ടത്തില്‍ തമിഴകത്ത് അഴിമതിയിലൂടെ നേടിയ സമ്പത്തും ഉത്സവങ്ങളും പ്രായത്തെ വകവെക്കാതെ കലൈഞ്ജരും കുടുംബവും ആഘോഷിക്കുമ്പോള്‍ ........

നിസ്സഹായരായി വാര്‍ത്തകള്‍ മാത്രം വായിച്ചുഅ സന്ദേഹംകൊള്ളുന്ന പാവം ജനങ്ങള്‍ മാത്രം ഒരു വശത്ത് ഒന്നും ചെയ്യാനാകാതെ മിഴിച്ചുനില്ക്കുന്നു. ഇതിനിടയില്‍ ഒരാശ്വാസംപോലെ ..... ബീഹാറിലെ തെരഞ്ഞെടുപ്പുകള്‍ കണക്കുകള്‍ തീര്‍ത്തു.

ബീഹാറികള്‍ മന്ദബുദ്ധികളാണെന്ന, നാം മലയാളികളുടെ ബോധത്തിന് പകല്‍വെളിച്ചത്തില്‍ത്തന്നെ അടിയേറ്റു. അടുക്കളയില്‍ നിന്നും, കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും അഭിമാനം കാക്കാനായി ഭരണത്തിലേക്ക് ആരുടെയൊക്കെയോ നിര്‍ബ്ബന്ധത്തിന് വഴങ്ങി, ഉദിച്ചുവന്ന റാബറിദേവിക്ക് (ലാലു പ്രസാദിന്റെ മിനുക്കുവേഷം) തെരഞ്ഞടുപ്പില്‍ മത്സരിച്ച രണ്ടു നിയോജകമണ്ഡലത്തിലും തിരിഞ്ഞുനോക്കാനാകാത്തവിധം പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ബീഹാറിലെ തള്ളിമാറ്റപ്പെട്ട നിസ്സഹായരായ മനുഷ്യര്‍ക്ക് ബുദ്ധിയില്‍ പ്രകാശംവീണിരിക്കുന്നു. ഇതുമാത്രം തല്ക്കാലം ആശ്വാസം .......

ഇതിനിടയിലാണുഅ കേരളത്തിന്റെ തെക്കേയറ്റത്തുനിന്നും ഇന്ത്യ മുഴുവന്‍ മായാജാലപ്രകടനത്തിനായി ഗോപിനാഥ് മുതുകാട് തന്റെ അക്കാദമിയിലെ ഇരുപത്തഞ്ചോളം സഹയാത്രികരോടൊപ്പം യാത്രതുടങ്ങിയത്. സത്യംപോലും മായയായി കാണാന്‍ മാത്രം പഠിച്ചുകൊണ്ടിരിക്കുന്ന തിരക്കുപിടിച്ച ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് തന്റെ ജാലകങ്ങള്‍ തുറന്ന്, നിര്‍ത്താത്ത പുഞ്ചിരിയോടെ മുതുകാട് ഇറങ്ങിയെത്തുന്നത്. ഇദ്ദേഹം ആന്ധ്രയിലെത്തുന്നതിന്റെ തലേന്ന് (അന്ന് നവംബര്‍ 25) ഇവിടെ ഭരണം നിശ്ചലമായിത്തീര്‍ന്നിരുന്നു.

രാഷ്ട്രീയവകതിരിവുകള്‍ തിരിച്ചറിയാനാകാത്തവിധം കൂടുതല്‍ നിഗൂഢതയിലെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട അച്ഛന്റെ അനന്തരാവകാശി താന്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച്, ജനാധിപത്യമര്യാദയോടെ ഭരണസാരഥ്യം ഏറ്റെടുത്ത മാന്യനും പക്വമതിയുമായ വൃദ്ധനായ അധികാരിയെ രാഷ്ട്രീയസമവാക്യങ്ങള്‍ തിരിച്ചറിയാനാകാത്ത ചെറുപ്പക്കാരനായ മകന്‍ കസേരയില്‍ നിന്നും താഴെയിറക്കിയിരുന്നു.

നവംബര്‍ 26.

ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ നടുക്കുകയും ലജ്ജിപ്പിക്കുകയും ചെയ്ത മുംബെ ആക്രമണത്തിന്റെ വര്‍ഷാചരണം. പലയിടത്തും തണുത്ത പ്രതികരണങ്ങള്‍ മാത്രം. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ പത്രങ്ങളിലും ടിവിയിലും മാത്രം വാര്‍ത്തകള്‍ തേടി, വീട്ടിലും ഓഫീസിലുമിരുന്ന് അനുശോചനം നേര്‍ന്നു.മുതുകാട് മാത്രം കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ആലോചിപ്പിക്കാനായി തന്റെ ജാലകത്തില്‍ നിന്നും പുറത്തിറങ്ങി. ഹൈദരബാദിലെ പ്രസ്സ്ക്ലബ്ബിന്റെ മുറ്റത്തെ വലിയ പുളിമരച്ചുവട്ടില്‍ തന്റെ സഹയാത്രികരോടൊത്ത് വ്യത്യസ്തരീതിയില്‍ മുംബെ ആക്രമണത്തിന്റെ ഭീകരതയുടെ മുറിവുകള്‍ ഓര്‍മ്മിപ്പിച്ചു. ഇതേസമയം പ്രസ്സ്ക്ലബ്ബിനപ്പുറത്തെ വിശാലമായ മൈതാനത്തിലെ ഗസ്റ്റ്ഹൌസിനുള്ളില്‍ പുതിയ മുഖ്യമന്ത്രിയെ നേരില്‍ കാണാനും ഒളിഞ്ഞുകാണാനും, തരപ്പെട്ടാല്‍ ഹസ്തദാനവും ആയുരാരോഗ്യം നേരാനും ജനപ്രതിനിധികളും പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും മത്സരിക്കുന്ന തിരക്കിലായിരുന്നു. അവിടെ ഇടംകിട്ടാതെപോയ ചുരുക്കം ചില പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും മറ്റു ഗത്യന്തരമില്ലാതെ ഈ മായാജാലവട്ടത്തിനുള്ളിലെത്തി.തന്റെ ചുറ്റുംകൂടിനിന്ന ഈ ചെറിയ ആള്‍ക്കൂട്ടത്തെ ആഹ്ലാദിപ്പിക്കുന്നതിനുപകരം മുതുകാട് അമ്പരപ്പിക്കുകയും നടുക്കുകയുമാണ് ചെയ്തത്.

പ്രദര്‍ശനം കഴിഞ്ഞ് സാധനസാമഗ്രികള്‍ തിരികെ അടുക്കിവെച്ച് യാത്രതിരിക്കാനൊരുങ്ങുമ്പോഴും ആ ചെറിയ ആള്‍ക്കൂട്ടം ഇളകാതെ അതേ സ്ഥലത്തുതന്നെ തരിച്ചുനില്ക്കുന്നതും കണ്ടു.

പ്രിയപ്പെട്ട സുഹൃത്തേ, മായ മാത്രമല്ല തന്റെ ജാലകത്തിലൂടെ പുറത്തെത്തുന്നതെന്നും നിറഞ്ഞുകവിയുന്ന ഹാളുകളോ അമ്പരപ്പിക്കുന്ന വെളിച്ചവിതാനങ്ങളോ ശബ്ദങ്ങളോ ഇത്തരം സന്ദേശങ്ങള്‍ പ്രകടിപ്പിക്കാനായി തനിക്ക് ആവശ്യമില്ലെന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തിയതിന് ...... സ്തുതി. ഒരു ചെറിയ ആള്‍ക്കൂട്ടവും പുളിമരച്ചുവടും ധാരാളം ............... പുളിമരത്തിന്റെ കാതലിനെപ്പറ്റി ചെറിയ ക്ലാസ്സില്‍ പഠിച്ചത് വെറുതേ ഓര്‍ത്തുപോയി.

Subscribe Tharjani |
Submitted by BHASI PILLAI (not verified) on Thu, 2010-12-09 13:36.

REALLY NICE & THRILLING PROGRAMME ON 27.11.10(ORUMA SAMSKARIKAVEDI, SAFILGUDA)PEOPLE SHOULD KNOW WHAT IS THE POWER OF MAGIC.CONGRATS.. FOR PUBLISHING THIS MATTER

Submitted by Venu Edakkazhiyur (not verified) on Fri, 2010-12-10 11:37.

ഏകാകിയുടെ ധീരമായ ശബ്ദം!

Submitted by Anonymous (not verified) on Sat, 2011-01-01 13:45.

it is nice one and these words are closer to the heart of every Indian poor.Thanks FOR ALL.