തര്‍ജ്ജനി

മുഖമൊഴി

എന്‍ഡോസള്‍ഫാനും വിഷബാധിതരും

കഴിഞ്ഞ ലക്കത്തിന്റെ മുഖക്കുറിപ്പു് എഴുതുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗത്തെക്കുറിച്ചുള്ള വിവാദം കേരളത്തില്‍ കത്തിപ്പടര്‍ന്നു തുടങ്ങിയിരുന്നു. കേന്ദ്രത്തിലെ കേരളീയനായ കൃഷിസഹമന്ത്രി പ്രൊഫ. കെ. വി. തോമസ് ഈ വിഷയത്തെക്കുറിച്ചു് നടത്തിയ അഭിപ്രായപ്രകടനമായിരുന്നു വിവാദത്തിനു് പുതുജീവന്‍ നല്കിയതു്. പ്രസ്തുത അഭിപ്രായപ്രകടനമാകട്ടെ, കീടനാശിനിപ്രയോഗത്തെക്കുറിച്ചും നിരോധിക്കേണ്ട കീടനാശിനികളെക്കുറിച്ചുമുള്ള ആഗോള-ആലോചനാവേദിയില്‍ ലോകരാഷ്ട്രങ്ങളാകെ നിരോധിക്കണമെന്നു് അഭിപ്രായപ്പെട്ട എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ഇന്ത്യയുടെ പ്രതിനിധി നടത്തിയ പരിശ്രമത്തെ പിന്തുണച്ചുകൊണ്ടുള്ളതുമായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടിത്തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതിന്റെ ഫലമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ കേരളത്തില്‍ വ്യാപകമായി ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടതാണു്. ജന്മനാ ശാരീരികവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികള്‍, വൈകല്യമില്ലാതെ ജനിച്ചവര്‍ക്ക് കീടനാശിനിയിലൂടെ ഉണ്ടായ വിഷബാധയെത്തുടര്‍ന്നു് സംഭവിച്ച വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും മരണവുമെല്ലാം ഇതിനകം മാദ്ധ്യമങ്ങളിലൂടെ കേരളത്തിലെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നുകഴിഞ്ഞതാണു്. കേരളത്തിലെ രാഷ്ട്രീയ-ബഹുജനപ്രസ്ഥാനങ്ങളെല്ലാം ഈ വിഷയത്തില്‍ ബോധവത്കരിക്കപ്പെട്ടതാണു്. അവരാരും തന്നെ കാസര്‍ഗോഡ് ജില്ലയിലെ പ്രശ്നങ്ങള്‍ ഭാവനാസൃഷ്ടമാണെന്നോ തല്പരകക്ഷികളുടെ കുപ്രചരണമാണെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. അതിനാല്‍ പ്രശ്നമെന്തെന്നും അതിന്റെ കാരണമെന്തെന്നും വ്യക്തമായി അറിയാവുന്നവരാണു് നമ്മുടെ രാഷ്ട്രീയനേതൃത്വം എന്നുവേണം മനസ്സിലാക്കാന്‍. പ്രശ്നപരിഹാരത്തിനായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ഇക്കാലമത്രയുമായി സാധിച്ചില്ലെങ്കിലും, എന്‍ഡോസള്‍ഫാന്‍ മാരകഫലമുളവാക്കുന്ന കീടനാശിനിയാണെന്നും അത് ഇതിനകം തന്നെ കേരളത്തില്‍ വ്യാപകമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ നേതൃത്വവും അംഗീകരിച്ച വസ്തുതകളാണു്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും ജയിച്ചു് പാര്‍ലമെന്റില്‍ അംഗമാവുകയും തുടര്‍ന്നു് കൃഷിമന്ത്രാലയത്തില്‍ സഹമന്ത്രിയാവുകയും ചെയ്ത പ്രൊഫ. കെ. വി. തോമസ് എന്‍ഡോസള്‍ഫാന്‍ ദൂഷ്യഫലമുണ്ടാക്കുന്ന കീടനാശിനിയാണെന്നതിനു് ശാസ്ത്രീയമായ തെളിവുകളില്ല എന്നു പറയുമ്പോള്‍ അതില്‍ അസ്വാഭാവികതയുണ്ടു്. അത്തരം പ്രസ്താവത്തിന്റെ പിന്നിലെ താല്പര്യമെന്തെന്നും പൊതുജനം അന്വേഷിക്കും.

കേന്ദ്രമന്ത്രിയായ പ്രൊഫ. കെ. വി. തോമസിനു് മാത്രമല്ല മന്ത്രിയായതിനെത്തുടര്‍ന്നു് എന്‍ഡോസള്‍ഫാനെക്കുറിച്ചു് ഇത്തരം വിഭ്രമങ്ങള്‍ ഉണ്ടായിട്ടുള്ളതു്. കേരളത്തില്‍ കൃഷിവകുപ്പുമന്ത്രിയായ മുല്ലക്കര രത്നാകരനും എന്‍ഡോസള്‍ഫാനെക്കുറിച്ചു് ഒട്ടും വ്യത്യാസമില്ലാത്ത വിഭ്രമം തന്നെയാണുണ്ടായതു്. നിയമസഭയില്‍ ഈ പ്രശ്നം വന്നപ്പോള്‍ സഭാതലത്തിലാണു് സത്യപ്രതിജ്ഞയുടെ ഉത്തരവാദിത്തത്തോടെ നമ്മുടെ കൃഷിവകുപ്പുമന്ത്രി എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നതിനു് ശാസ്ത്രീയമായ തെളിവുകളില്ല എന്നു് പ്രസ്താവിച്ചതു്. ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഉന്നയിച്ച പ്രശ്നം ഭരണപക്ഷത്തെത്തുമ്പോള്‍ തകിടം മറിയുന്നതു് നീതീകരിക്കാനാവില്ലെന്നതിനാല്‍ മുഖ്യമന്ത്രി ഈ അഭിപ്രായപ്രകടനത്തില്‍ ഇടപെട്ടു. അതോടെ കേരളത്തിലെ കൃഷിമന്ത്രിക്കു് പ്രസ്താവന തിരുത്തി ജനത്തോട് ക്ഷമാപണം ചെയ്യേണ്ടതായി വന്നു. കെ. വി. തോമസാകട്ടെ, തന്റെ പാര്‍ട്ടിയിലെ പ്രമുഖനേതാക്കളില്‍ ചിലരും അണികളും തന്റെ പ്രസ്താവത്തെ എതിര്‍ത്തിട്ടും ഇതുവരെ മാനസാന്തരം സംഭവിക്കാതെ ഉറച്ചുനില്ക്കുകയാണു്.

എന്‍ഡോസള്‍ഫാന്റെ രണ്ടുതരം ദൂഷ്യഫലങ്ങളാണു് ഇത്രയും പറഞ്ഞതിലൂടെ എടുത്തുകാണിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത്, ആദ്യം പറഞ്ഞ കാസര്‍ഗോഡും, കീടനാശിനി തളിച്ച മറ്റു സ്ഥലങ്ങളിലും ഉണ്ടായ ദൂഷ്യഫലം. അതിനെക്കാളേറെ നമ്മെ അമ്പരപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതും രണ്ടാമത്തെ ഫലമാണു്: നമ്മുടെ രാഷ്ട്രീയനേതാക്കളും പൊതുപ്രവര്‍ത്തകരും അധികാരമില്ലാത്തപ്പോള്‍ പറയുന്നതും ചെയ്യുന്നതും അധികാരം കിട്ടുമ്പോള്‍ മറക്കുന്നതും, നേരത്തെ പറഞ്ഞതിനു് വിപരീതമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നത്. മുമ്പ് പറഞ്ഞതിനു എതിരായി കീടനാശിനിക്കുവേണ്ടി വാദിക്കുന്നവരായി ഇവര്‍ മാറുന്നതു് എന്തുകൊണ്ടാണു്? കീടനാശിനി നിര്‍മ്മാതാക്കളുടെ സ്വരത്തില്‍ ഇവര്‍ സംസാരിക്കുന്നതിന്റെ പിന്നില്‍ സംഭവിക്കുന്നതു് എന്താണു്? ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതു് പറയുന്നവരായി ഈ രാഷ്ട്രീയനേതാക്കള്‍ മാറുന്നതു് എന്തുകൊണ്ടാണു്? തങ്ങളുടെ വിശ്വാസം ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ക്കു കഴിയുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടതു്? തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കീഴ്ജീവനക്കാരെപ്പോലെ യജമാനവചനം ഏറ്റുപാടുന്നവരായി, ഹിസ് മാസ്റ്റേഴ്‌സ് വോയിസായി, ഇവര്‍ മാറുന്നതു് ഇവരുടെ സഹജമായ കഴിവുകേടുകൊണ്ടാണോ? ഈ മന്ത്രിമാരുടെ കുഴപ്പമല്ലെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ കുഴപ്പമാണോ? അങ്ങനെയൊന്നുമല്ലെങ്കില്‍ ഈ പുത്തന്‍ വക്കാലത്തിനു്, സ്വരം മാറ്റത്തിനു്, മറ്റെന്തെങ്കിലും പ്രതിഫലം കിട്ടുന്നുണ്ടോ? സ്വന്തം പാര്‍ട്ടിയേയും അതിലെ അണികളെയും പൊതുജനത്തെ സാമാന്യമായും മറുപുറത്തുനിറുത്തി സംസാരിക്കുന്നവിധത്തില്‍ ഇവരെ പ്രലോഭനത്തില്‍ അകപ്പെടുത്തുന്നതെന്താവാം?

കെ. വി. തോമസിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണു്. ഈ പ്രശ്നം നേരത്തെ തന്നെ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ടി. ആസഫലി നീതിപീഠത്തിനുമുന്നില്‍ എത്തിച്ചതാണു്. കോണ്‍ഗ്രസ്സ് എന്ന് പേരില്‍ത്തന്നെയുള്ള സംഘടനയായിരുന്നിട്ടും അവര്‍ പാര്‍ട്ടിവിധേയത്വമില്ലാതെ പരസ്യമായി രംഗത്തിറങ്ങി. കോണ്‍ഗ്രസ്സ് നേതാവായ വി. എം. സുധീരന്‍ പ്രതിഷേധത്തോടൊപ്പം നിലയുറപ്പിച്ചു് സമരരംഗത്താണു്. കെ. വി തോമസിന്റെ എതിര്‍പാര്‍ട്ടിക്കാരായവരാകട്ടെ എല്ലാവിധ സന്നാഹങ്ങളോടും രംഗത്തിറങ്ങിയിരിക്കുന്നു. കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, സാംസ്കാരികനായകര്‍ എന്നിവരെയെല്ലാം നിരനിരയായി അവര്‍ പ്രശ്നബാധിതരെ കാണാനായി കൊണ്ടുപോവുകയാണു്. ഇങ്ങനെ ആരെങ്കിലും വിളിക്കാതെ പോവാനോ അഭിപ്രായം പറയാനോ ശീലിച്ചിട്ടില്ലാത്ത ഈ വിഭാഗം സമൂഹമന:സാക്ഷിയെ പ്രതിനിധാനം ചെയ്യുന്നവരാണു് എന്നു നടിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്തവരാണു്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ബഹുജനശ്രദ്ധയില്‍ എത്തിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ എം. എ. റഹ് മാന്‍, കഥാകൃത്തും നോവലിസ്റ്റുമായ അദ്ധ്യാപകന്‍ അംബികാസുതന്‍ മാങ്ങാട്, വാര്‍ത്താഫോട്ടോഗ്രാഫറായ മധുരാജ് എന്നിവരെ ഇവിടെ ഓര്‍ക്കാതെ വയ്യ. അവരോളം വിശ്വാസ്യതയോ സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ലാത്ത രാഷ്ട്രീയക്കാരുടെ അനുജ്ഞ സ്വീകരിച്ചു് പ്രതിഷേധിക്കുവാന്‍ പോവുന്ന സാംസ്കാരികകേരളമാണു് എന്‍ഡോസള്‍ഫാന്‍ ദൂഷ്യഫലം പ്രകടമാക്കുന്ന മൂന്നാമത്തെ വിഭാഗം. നോവലിസ്റ്റും കേരളസാഹിത്യ അക്കാദമിയുടെ മുന്‍പ്രസിഡന്‍റുമായ എം. മുകുന്ദന്‍ ഇത്രയും കാലമായി ഈ പ്രശ്നത്തില്‍ പ്രതികരിക്കാതെ പോയത് കുറ്റകരമായ വീഴ്ചയാണെന്നു് പ്രതിഷേധത്തിനായി കാസര്‍ഗോഡ് പോയപ്പോള്‍ പറഞ്ഞു. സത്യം! അതിപ്പോഴെങ്കിലും പറയാനായല്ലോ. രാഷ്ട്രീയയജമാനന്മാരുടെ ഇംഗിതംനോക്കി പെരുമാറാന്‍ ശീലിച്ച കാര്യസാദ്ധ്യസാംസ്കാരികകേരളം വിഷബാധയേറ്റ ഒരു വിഭാഗം തന്നെ.

ത്രിതലപഞ്ചായത്തു് തെരഞ്ഞെടുപ്പിലെ പരാജയം വേണ്ടിവന്നു യുവജനസംഘടനകള്‍ക്കുപോലും ജനകീയപ്രശ്നത്തില്‍ നേരത്തെ എടുക്കേണ്ടിയിരുന്ന നിലപാട് കൈക്കൊള്ളുവാന്‍. മാത്രമല്ല എതിര്‍പക്ഷത്തെ ഒരു മന്ത്രി എന്‍ഡോസള്‍ഫാനെ അനുകൂലിച്ചു് സംസാരിക്കേണ്ടിവരികയും ചെയ്തു! സ്വന്തം മുന്നണിയിലെ മന്ത്രി നേരത്തെ എന്‍ഡോസള്‍ഫാന്റെ വക്താവായപ്പോള്‍ പ്രതിഷേധിച്ചില്ല എന്നത് ഇപ്പോള്‍ പ്രതിഷേധിക്കുന്നതിന് തടസ്സമല്ല. ഇനിയും യജമാനപ്രീതിക്കും കാര്യലാഭത്തിനും കാത്തിരിക്കുന്നവര്‍ ഉണരാന്‍ ബാക്കിയുണ്ടു്. ഇനിമേലില്‍ ജൈവകീടനാശിനിയേ ഉപയോഗിക്കുകയുള്ളൂ എന്നു് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഇടതുപക്ഷ തൊഴിലാളിസംഘടനയുടെ നേതാവ് പ്രസ്താവിച്ചു. തൊഴിലാളികള്‍ പലതരം രാഷ്ട്രീയത്തൊഴുത്തുകളിലാണല്ലോ. ഇടതുപക്ഷത്തോടു് മറുപക്ഷം ഇക്കാര്യത്തില്‍ യോജിക്കുന്നുവോ എന്നു് ഇനിയും വ്യക്തമാക്കിയിട്ടില്ല. ത്രിതലതെരഞ്ഞടുപ്പിനു പിന്നലെ നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പു് വരാനിരിക്കുന്നു. അതു കഴിഞ്ഞും ഈ നിലപാടുകളുമായി പ്രതിഷേധത്തിന്റെ പുത്തന്‍നിര നിലനില്ക്കുമോ എന്നു കണാനിരിക്കുന്നതേയുള്ളൂ. സ്വന്തം പ്രതിജ്ഞാബദ്ധത ജനങ്ങളോടോ ലാഭക്കൊതി കാരണം നെറികെട്ട കച്ചവടം നടത്തുവനോടോ എന്നു് ഉറപ്പിച്ചുപറയാനാകാത്ത രാഷ്ട്രീയയജമാനന്മാരുടെ അനുയായികളെപ്പോലെ വിഷമയമമായ മറ്റെന്താണുള്ളത്? ദുരിതബാധിതരെ കാണാനെത്തി കലാമേളനടത്തി പിരിഞ്ഞുപോയവരുടെ വിവേകം സഹതാപജനകം തന്നെ.

Subscribe Tharjani |
Submitted by Anonymous (not verified) on Fri, 2010-12-17 08:51.

കെ. വി. തോമസിന്റെ വര്‍ത്തമാനമാണ് സഖാക്കളെ ഉണര്‍ത്തിയത്. അതോടൊപ്പം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിയും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ നാണക്കേട് ഒഴിവാക്കണമെന്ന ആഗ്രഹവും. അതോടെ പുരോഗമനകലക്കാരും അനുയായി സാംസ്കാരികക്കാരും ഡിഫിക്കാരും ഉഷാര്‍. മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ ഉണരാത്തവരെ ഉണര്‍ത്താന്‍ കെ. വി. തോമസ് നിമിത്തമായല്ലോ. നല്ലത്. ഇപ്പോള്‍ നിത്യവും പലതരം പ്രഖ്യാപനങ്ങള്‍ പത്രത്തില്‍ കാണുന്നു. ദുരിതബാധിതര്‍ക്ക് ഇങ്ങനെയെങ്കിലും ഗുണമെത്തിക്കാനായി കെ. വി. തോമസിന്റെ എന്‍ഡോസള്‍ഫാന്‍ കുഴലൂത്തുകൊണ്ട്.