തര്‍ജ്ജനി

ഡോ. കെ. എം. ഭരതന്‍

മലയാളവിഭാഗം,
എം.ജി.ഗവ. ആര്‍ട്സ് കോളേജ്,
ന്യൂ മാഹി. 673 311

Visit Home Page ...

ലേഖനം

മാതൃഭാഷയും ചില വ്യാകുലതകളും

"കൌടില്യന്റെ അര്‍ത്ഥശാസ്ത്രം ആദ്യമായി മൊഴിമാറ്റം ചെയ്യപ്പെട്ടത്‌ മലയാളത്തിലേക്കാണ്‌. ബൌദ്ധികവും ആത്മീയവുമായ സംവാദങ്ങളിലൂടെ ഇന്ത്യയാകെ കീഴടക്കിയ ശങ്കരാചാര്യര്‍ക്ക്‌ ജന്മം നല്‍കിയതും കേരളമാണ്‌. കാളിദാസനും പ്രിയപ്പെട്ട നാടാണ്‌ കേരളം. രഘു തന്റെ പര്യവേക്ഷണങ്ങള്‍ക്കിടയില്‍ കേരളത്തിലൂടെ കടന്നുപോകുന്നത്‌ കാളിദാസന്‍ വിവരിക്കുന്നുണ്ട്‌. കേരളം എന്നും എല്ലാ വിശ്വാസങ്ങള്‍ക്കും വളരാനുള്ള വളക്കൂറുള്ള മണ്ണാണ്‌. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറന്‍ മുനമ്പില്‍ ബുദ്ധ, ജൈന, ഹിന്ദു, കൃസ്ത്യന്‍, ജൂത, ഇസ്ലാം മതവിശ്വാസികള്‍ രമ്യതയോടും സഹിഷ്ണുതയോടും കഴിയുന്നു. പല കാര്യങ്ങളിലും കേരളം ഒന്നാമതാണ്‌. ആദ്യത്തെ ജ്ഞാനപീഠം പുരസ്കാരവും സിനിമയ്ക്കുള്ള ആദ്യസ്വര്‍ണകമലവും കേരളത്തിനാണ്‌ ലഭിച്ചത്‌. നൂറു ശതമാനം സാക്ഷരതയുമായി കേരളം ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും മുന്നില്‍ നില്ക്കുന്നു. ഒരു ഭാഷയുടെയും അതിന്റെ സംസ്കാരത്തിന്റെയും മേന്മകള്‍ വിലയിരുത്തുമ്പോള്‍ ഈ ഘടകങ്ങളെല്ലാം പരിഗണിക്കണം." (എം.എ.ബേബി: "ഇന്ത്യന്‍ ഭാഷകളും ക്ലാസിക്കല്‍ പദവിയും"; ദേശാഭിമാനി വാരിക 2008 ഡിസംബര്‍ 27). ഭാഷ പൂത്തും വികാരം തളിര്‍ത്തും നില്ക്കുന്ന അവസ്ഥ കേവലമൊരു ചങ്ങമ്പുഴസ്വപ്നം മാത്രമല്ല; നമ്മുടെ ഭരണാധികാരികള്‍ കൂടി സൂക്ഷിക്കുന്ന സ്വപ്നമാണെന്ന്‌ ഈ വിവരണം തെളിയിക്കുന്നു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്സിസ്റ്റ്‌) യുടെ പാര്‍ട്ടി പരിപാടിയില്‍ 6.3 IV, 6.3 XX എന്നീ ഖണ്ഡികകളില്‍ മാതൃഭാഷയോട്‌ സ്വീകരിക്കേണ്ട സമീപനത്തെപ്പറ്റി വിവരിക്കുന്നുണ്ട്‌. അതില്‍ ഒരിടത്ത്‌ ഇങ്ങനെ പറയുന്നു: "വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഏറ്റവും ഉന്നതനിലവാരം വരെ തങ്ങളുടെ മാതൃഭാഷയിലൂടെ ബോധനം നേടാന്‍ ജനങ്ങള്‍ക്കുള്ള അവകാശം ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഒദ്യോഗികസ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ഉറുപ്പുവരുത്തും....".

ഇത്തരമൊരു പരിപാടിയും രേഖയും നയം പുതുക്കലുമെല്ലാം കോണ്‍ഗ്രസ്സില്‍ ഇന്ന്‌ പതിവുണ്ടോ എന്നറിയില്ല. എങ്കിലും അവരും പൊതുവെ മാതൃഭാഷയ്ക്കനുകൂലമാണെന്നു തന്നെ വേണം കരുതാന്‍. ഈ രണ്ടു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും മാതൃഭാഷാപ്രണയികളായ രാഷ്ട്രതന്ത്രജ്ഞരും ഭരണാധികാരികളും ഉണ്ടായിരുന്നിട്ടും നമ്മുടെ പൊതുമണ്ഡലത്തില്‍ മാതൃഭാഷയുടെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്‌.

കേരളത്തിലെ ഭരണഭാഷ മലയാളമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ 1969-ലാണ്‌ നിലവില്‍ വന്നത്‌. സര്‍ക്കാര്‍പദ്ധതികളുടെ പേരുകള്‍ മലയാളത്തിലായിരിക്കണമെന്നും നിയമമുണ്ട്‌. എന്നിട്ടും സര്‍ക്കാര്‍പദ്ധതികളുടെ പേരുകള്‍ ഇപ്പോഴും പൂര്‍ണമായി മലയാളത്തിലായിട്ടില്ല. ഏറ്റവും ജനകീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാവേലിസ്റ്റോറുകളിലും കെ.എസ്‌.ആര്‍.ടി.സി ബസ്സുകളിലും ബില്ലുകള്‍ നല്കുന്നത്‌ ഇംഗ്ലീഷിലാണ്‌. അല്പം ഭാഷാസ്നേഹവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഇതെല്ലാം നിഷ്പ്രയാസം മാതൃഭാഷയില്‍ നല്കാന്‍ സാധിക്കുമെന്ന്‌ നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മെഡിക്കല്‍ - എഞ്ചിനിയറിങ്ങ്‌ കോഴ്സുകള്‍ക്കുപോലും അവിടെ മാതൃഭാഷാപഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ സര്‍ക്കാരിന്റെ മലയാളം മീഡിയം സ്കൂളുകളില്‍ പോലും ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍ ആരംഭിക്കുകയാണ്‌ ചെയ്യുന്നത്‌.

വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നമ്മുടെ പൊതുമണ്ഡലത്തില്‍ മലയാളഭാഷയെയും അതിന്റെ സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ, മുന്നണികളോ ഭരണാധികാരികളോ പ്രത്യക്ഷത്തില്‍ എതിരല്ല. എന്നിട്ടും എന്തുകൊണ്ട്‌ നിരന്തരം മലയാളം അവഗണിക്കപ്പെടുന്നു? മുതലാളിത്തവികാസവും ആഗോളീകരണവും വിദ്യാഭ്യാസക്കച്ചവടവും കമ്പോളവും ഒന്നുചേര്‍ന്നു മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രവും അതിന്റെ അധീശത്വവും പ്രസക്തമാകുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. നിരന്തരമായ സമരത്തിലൂടെ ഈ പ്രത്യയശാസ്ത്രത്തെയും അതിന്റെ അധീശത്വത്തെയും ചെറുക്കാനാകുമ്പോള്‍ മാത്രമേ പൊതുമണ്ഡലത്തില്‍ മലയാളഭാഷയുടെ വീണ്ടെടുപ്പ്‌ സാദ്ധ്യമാവുകയുള്ളൂ. അത്തരമൊരു നിരന്തരസമരത്തിന്റെ അഭാവത്തില്‍ മാതൃഭാഷ ഏറ്റുവാങ്ങിയ മറ്റൊരു അവഗണനയെക്കുറിച്ചുകൂടി സൂചിപ്പിക്കുകയാണ്‌.

പണ്ട്‌ കുട്ടികളെ ക്ലാസ്സില്‍നിന്ന്‌ പുറത്താക്കിയിരുന്നതുപോലെ ഇപ്പോള്‍ ഭാഷകളെ പുറത്താക്കുന്നതും പതിവായിരിക്കുന്നു. ചില ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ മലയാളം സംസാരിച്ചുപോയാല്‍ അമ്പതുരൂപാ മുതല്‍ മുകളിലോട്ട്‌ പിഴ ഈടാക്കുന്നുണ്ട്‌. അതിനെക്കുറിച്ചല്ല ഇവിടെ സൂചിപ്പിച്ചത്‌. ഉത്തരകേരളത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പുതിയതായി 178 പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്‌. ഇതില്‍ ഒമ്പത്‌ സ്കൂളുകള്‍ തങ്ങളുടെ പ്ലസ് ടു ക്ലാസുകളില്‍ നിന്ന്‌ മലയാളത്തെ പുറത്താക്കിയിരിക്കുന്നു. 178 സ്കൂളുകളിലും പുറത്താക്കപ്പെടാനുള്ള സാദ്ധ്യത നിലനില്ക്കുകയും ചെയ്യുന്നു. മാതൃഭാഷയാണെങ്കിലും മലയാളത്തെ ക്ലാസ്സിലേക്ക്‌ തിരിച്ചെടുക്കണമെന്നു പറയാന്‍ അങ്ങനെ കാര്യമായ രക്ഷിതാക്കളൊന്നും ഇല്ല. ക്ലാസ്സിക്കല്‍ ഭാഷാപദവിക്കായുള്ള അന്വേഷണങ്ങളുടെ തിരക്കിലാണിപ്പോള്‍ പലരും. അതോടൊപ്പം ജ്ഞാനപീഠപുരസ്കാര ലബ്ധിയുടെ ആഹ്ലാദത്തിലുമാണ്‌ നമ്മള്‍ മലയാളികള്‍. അതിനിടയില്‍ ആരെങ്കിലും ചെന്നുപറഞ്ഞാല്‍ ക്ലാസ്സിലേക്ക്‌ തിരിച്ചെടു
ക്കാവുന്ന വിധത്തില്‍ ലളിതമല്ല മാതൃഭാഷ നേരിടുന്ന വെല്ലുവിളികള്‍.

നേരത്തെ പ്ലസ് ടു നിലവില്‍ വന്ന സ്കൂളുകളില്‍ രണ്ടാംഭാഷയായി മൂന്നും നാലും ഭാഷകള്‍ അനുവദിച്ചിരുന്നു. ഒരേ സ്കൂളില്‍ തന്നെ മലയാളം, ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ ഒരേ സമയം പഠിപ്പിക്കുന്നുണ്ട്‌. ചില മാനേജ്മെന്റ്‌ സ്കൂളുകള്‍ ഇതിനെ മറയാക്കി ഭാഷാദ്ധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കുന്നതായി അഭപ്രായമുണ്ട്‌. അതിനാല്‍ പുതിയ പ്ലസ്‌ ടു കോഴ്സുകളില്‍ രണ്ടാം ഭാഷയായി ഏതെങ്കിലും രണ്ട്‌ ഭാഷകള്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായാണ്‌ ഈ മാറ്റം കൊണ്ടുവന്നതെന്നും അറിയുന്നു. സ്വകാര്യമാനേജ്മെന്റുകള്‍ പുതിയ പ്ലസ്‌ ടു കോഴ്സിന്‌ സമര്‍പ്പിക്കുന്ന അപേക്ഷ അത്തരത്തില്‍ വ്യവസ്ഥീകരിച്ചുകൊണ്ടാണ്‌ ഈ മാറ്റം സാധിച്ചിട്ടുള്ളത്‌. ചില മാനേജ്മെന്റുകള്‍ നാല്‌ ഭാഷകള്‍വരെ അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും മുന്‍ഗണനാക്രമത്തില്‍ ആദ്യത്തെ രണ്ടെണ്ണം അനുവദിക്കുകയാണ്‌ ചെയ്തത്‌.

പാലക്കാട്‌ - 3, മലപ്പുറം - 1, കോഴിക്കോട്‌ - 1, കാസര്‍കോഡ്‌ -4 എന്നിങ്ങനെയാണ്‌ മലയാളം ഒഴിവാക്കപ്പെട്ട വിദ്യാലയങ്ങളുടെ എണ്ണം. ഇത്‌ ഒരു പ്രശ്നമായി നമ്മുടെ പൊതുമണ്ഡലത്തില്‍ ഇനിയും വിഷയീഭവിച്ചിട്ടില്ല. എന്നാല്‍ ചെലവുചുരുക്കലിന്റെ ഭാഗമായി കേരളത്തിലെ പ്ലസ് ടു തലം മുതല്‍ മാതൃഭാഷാപഠനം ഒഴിവാക്കപ്പെടാനുള്ള സാദ്ധ്യതയുടെ ആദ്യപടിയായി ഇതിനെ തിരിച്ചറിയുമ്പോഴാണ്‌ പ്രശ്നത്തിന്റെ ഗൌരവം വെളിപ്പെടുന്നത്‌.

വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുന്ന പണം ലാഭനഷ്ടക്കണക്കുകളുടെ മാനദണ്ഡത്തില്‍ വിലയിരുത്താവുന്നതാണോ? ഇനി അഥവാ അങ്ങനെയാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും തൊഴില്‍ ലഭ്യതയുമാണോ ലാഭം അളക്കാനുള്ള മാനദണ്ഡം? ഭാഷാസാഹിത്യപഠനങ്ങള്‍ക്ക്‌ യാതൊരു തൊഴില്‍ ലഭ്യതയുമില്ലേ? മനോഭാവങ്ങളുടേയും വ്യക്തിത്വത്തിന്റേയും രൂപീകരണം, വൈകാരികവിദ്യാഭ്യാസം, സാമൂഹ്യവും സാംസ്കാരികവുമായ ശാക്തീകരണം എന്നിവയ്ക്കൊന്നും വിദ്യാഭ്യാസത്തില്‍ യാതൊരു പങ്കുമില്ലേ? ലാഭ-നഷ്ട വിവേചനത്തില്‍ ഇതൊന്നും പരിഗണനീയമല്ലേ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്‌.

ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി ഭാഷാദ്ധ്യാപകതസ്തികകള്‍ പരിമിതപ്പെടുത്തുക എന്നത്‌ ഒരു നയമാണോ? നയമാണെങ്കില്‍ മൂന്നും നാലും ഭാഷാദ്ധ്യാപകതസ്തികകള്‍ നിലവിലുള്ള ഹയര്‍ സെക്കന്ററികളില്‍ നാളെ അത്‌ വ്യാപിപ്പിക്കേണ്ടി വരില്ലേ? നിലവിലുള്ള തസ്തികകളില്‍ നിന്ന്‌ അദ്ധ്യാപകര്‍ വിരമിക്കുമ്പോള്‍ അവിടേയും രണ്ട്‌ തസ്തികകളിലേക്കത്‌ പരിമിതപ്പെടുത്തില്ലേ? അങ്ങനെ വരുമ്പോള്‍ മാതൃഭാഷയായ മലയാളം രണ്ടാംഭാഷയായി സ്വീകരിക്കപ്പെടാനും തള്ളപ്പെടാനുമുള്ള സാദ്ധ്യതകള്‍ എത്രത്തോളമാണ്‌?

വ്യക്തികേന്ദ്രിതമായും പ്രയോജനവാദനിഷ്ഠമായും കാര്യങ്ങളെ നോക്കിക്കാണുന്ന പ്രവണത ഇന്ന്‌ ഏറെ പ്രബലമാണ്‌. വിദ്യാഭ്യാസം = മത്സരം = മാര്‍ക്ക്‌ = തൊഴില്‍ എന്ന സൂത്രവാക്യം ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഏറ്റവും കുറച്ചുമാത്രം പഠിക്കുകയും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കുകയും ചെയ്യുന്ന ഭാഷയാണ്‌ ഈ അവസ്ഥയില്‍ സ്വീകരിക്കപ്പെടുക. ഇന്ന്‌ കേരളത്തില്‍ പ്ലസ്‌ ടു തലത്തില്‍ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാവുന്ന പതിനൊന്ന്‌ ഭാഷകള്‍ മലയാളം, ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം, തമിഴ്‌, കന്നട, ഫ്രഞ്ച്‌, സുറിയാനി, റഷ്യന്‍, ജര്‍മ്മന്‍ എന്നിവയാണ്‌. ഇതില്‍ മലയാളവും ഹിന്ദിയും ഒഴിച്ചുള്ളവ പൊതുവായി പത്താംതരം വരെ പഠിപ്പിക്കുന്നില്ല. പലരും പ്ലസ് ടു കോഴ്സില്‍ ആദ്യമായാണ്‌ ഇത്‌ പഠിക്കുന്നത്‌. അതുകൊണ്ടുതന്നെ പത്താം ക്ലാസ്സിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കല്ല ഇത്തരം ഭാഷകളുടെ പഠനവും മൂല്യനിര്‍ണ്ണയവും നടക്കുന്നത്‌. ഈ ഭാഷകള്‍ മാതൃഭാഷയായി സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നാംതരത്തിലും നാലാംതരത്തിലും ആര്‍ജ്ജിക്കുന്നത്ര ഭാഷാശേഷിപോലും കേരളത്തിലെ പ്ലസ് ടുവില്‍ ഈ ഭാഷ പഠിക്കുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നില്ല. അതിനനുസരിച്ചുള്ള പാഠ്യപദ്ധതിയേ ഇതിനുണ്ടാവുകയുള്ളൂ. കൂടുതല്‍ മാര്‍ക്ക്‌ നേടാന്‍ ഇതാണ്‌ സൌകര്യമെന്ന്‌ കരുതുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന്‌
നിരവധിയാണ്‌.

പ്ലസ് ടു തലത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി അയാളുടെ മാനസികാവസ്ഥയ്ക്കും പ്ലസ് ടു നിലവാരത്തിനും അനുസരിച്ച്‌ പഠിക്കുന്ന ഏകഭാഷ മാതൃഭാഷയാണ്‌. രണ്ടാം ഭാഷയ്ക്കുവേണ്ടി ഇന്ന്‌ നിലവിലിരിക്കുന്ന പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി ഇത്‌ മനസ്സിലാക്കാന്‍. ഭാഷ, സാഹിത്യം, സംസ്കാരം, സിനിമ, പാരമ്പര്യം, ടൂറിസം, രംഗകല, മാദ്ധ്യമപ്രവര്‍ത്തനം തുടങ്ങിയവയെ ഗൌരവത്തില്‍ സമീപിക്കാനും അതിന്റെ വര്‍ത്തമാന-അവസ്ഥകളേയും പുതിയ പ്രവണതകളേയും അറിയാനുമുള്ള അവസരം പ്ലസ്‌ ടു മലയാളം പാഠ്യപദ്ധതിയിലുണ്ട്‌. ഒരു വിദ്യാര്‍ത്ഥിയുടെ രാഷ്ട്രീയ-സാമൂഹ്യ രൂപീകരണവും ബോധരൂപീകരണവും നടക്കുന്ന പ്രക്രിയ കൂടി ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. എന്നാല്‍ മറ്റ്‌ ഭാഷകളുടെ കാര്യത്തില്‍ യാന്ത്രികമായ ഭാഷാപഠനം മാത്രമാണ്‌ മിക്കവാറും നടക്കുന്നത്‌.

ഭാഷയെ വെറും ആശയവിനിമയത്തിനുള്ള ഉപാധി മാത്രമായി ചുരുക്കിക്കാണുകയും അതുകൊണ്ട്‌ എഴുതാനും വായിക്കാനുമുള്ള പഠനമാണ്‌ ഭാഷാപഠനം എന്ന്‌ തീരുമാനിക്കുകയും ചെയ്യുമ്പോഴാണ്‌ മാതൃഭാഷയായ മലയാളം എന്തിനാണ്‌ പ്ലസ് ടു തലത്തില്‍ പഠിക്കേണ്ടത്‌ എന്ന ചോദ്യം ഉണ്ടാകുന്നത്‌. ഈ ചോദ്യത്തിന്റെ മറവിലാണ്‌ അറിയാത്ത ഏതെങ്കിലുമൊരു പുതിയ ഭാഷ പഠിച്ചെടുക്കുന്നതാണ്‌ നല്ലത്‌ എന്നും അതിനാല്‍ മാതൃഭാഷയല്ല മറ്റേതെങ്കിലും ഒരു ഭാഷയാണ്‌ പ്ലസ് ടുവിന്‌ പഠിക്കേണ്ടത്‌ എന്നുമുള്ള ഉത്തരങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്‌. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെപ്പറ്റി ഗാന്ധിജി ഉള്‍പ്പെടെയുള്ള രാഷ്ട്രശില്പികളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാഭ്യാസവിചക്ഷണരും വെച്ചു പുലര്‍ത്തിയ സങ്കല്പങ്ങളെയാണ്‌ നാം ഇവിടെ കൈയൊഴിച്ചുകളയുന്നത്‌. ഭാഷയും സാഹിത്യവും സാമൂഹ്യമുന്നേറ്റത്തിന്റെ മുന്നുപാധികളില്‍ ഒന്നായി മാറിയ നവോത്ഥാനകാലത്തിന്റെ അനുഭവമണ്ഡലത്തെയാണ്‌ നാം നിരാകരിക്കുന്നത്‌. കേരളമെന്ന ദേശത്തേയും ദേശരാഷ്ട്രത്തേയും മലയാളിയെന്ന സ്വത്വത്തേയും നിര്‍മ്മിച്ചിരിക്കുന്നത്‌ മാതൃഭാഷയാണെന്ന്‌ കാണാം. പനമ്പള്ളിയേയും, ഇ.എം.എസിനെയും പോലുള്ള മുന്‍മുഖ്യമന്ത്രിമാര്‍ സ്വാനുഭവങ്ങളെ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കിയിട്ടുണ്ട്‌. മാതൃഭാഷയെ സംബന്ധിച്ചുള്ള ഒരു നയം പാര്‍ട്ടി പരിപാടിയിലുള്‍പ്പെടുത്തുന്നതിലൂടെ സി.പി.എം. പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഈ സത്യവാങ്മൂലത്തിനു കൈയൊപ്പ്‌ ചാര്‍ത്തിയിട്ടുമുണ്ട്‌. എന്നിട്ടും പ്രയോജനവാദം അത്രമേല്‍ ശക്തമായിരിക്കുന്നതുകൊണ്ടാണ്‌ പ്ലസ്‌ ടു മലയാളത്തിന്റെ കാര്യം വരുമ്പോള്‍ വഞ്ചി പിന്നെയും തിരുനക്കരയ്ക്കുതന്നെ പോകുന്നത്‌.

പ്ലസ്ടു തലത്തില്‍ പഠിക്കുന്ന രണ്ടാംഭാഷയ്ക്കനുസരിച്ചാണ്‌ ഒരു വിദ്യാര്‍ത്ഥി പലപ്പോഴും ബിരുദപഠനത്തിലും രണ്ടാംഭാഷ തെരഞ്ഞെടുക്കുന്നത്‌. ബിരുദ-ബിരുദാനന്തരതലങ്ങളില്‍ മുഖ്യവിഷയമായി ഭാഷയും സാഹിത്യവും തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതും ഈ രണ്ടാം ഭാഷയുടെ അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെ ശാസ്ത്രവിഷയങ്ങളും മറ്റും പഠിക്കുകയും രണ്ടാംഭാഷയുടെ ബലത്തില്‍ ബിരുദാനന്തരതലത്തില്‍ മലയാളഭാഷയും സാഹിത്യവും ഐച്ഛികവിഷയമായി പഠിക്കുകയും ചെയ്ത നിരവധി പേര്‍ ഇന്ന്‌ പത്രപ്രവര്‍ത്തനം, അദ്ധ്യപനം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പ്രശസ്തമായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്‌. പ്ലസ് ടുതലത്തില്‍ മാതൃഭാഷാ പഠനം നിഷേധിക്കപ്പെടുന്നതിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും തുടര്‍പഠനസാദ്ധ്യതയും അതുവഴിയുള്ള തൊഴില്‍ലഭ്യതകളും കൂടിയാണ്‌ പരിമിതപ്പെടുത്തുന്നത്‌. അതോടൊപ്പം സാമൂഹ്യരൂപീകരണസാദ്ധ്യതകളുള്ള തൊഴില്‍/വ്യവഹാര മണ്ഡലങ്ങളിലേക്ക്‌ ഇടപെടല്‍ശേഷിയുള്ള വ്യക്തികളുടെ കടന്നുവരവിനെ പരിമിതപ്പെടുത്തുന്നുവെന്ന ദുരന്തവും കൂടി സംഭവിക്കുന്നുണ്ട്‌.

ഒരു ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണം എന്ന്‌ തീരുമാനിക്കുന്നത്‌ സര്‍ക്കാരും സമൂഹവും വിദ്യാര്‍ത്ഥികളും ആയിരിക്കണം. അതൊരിക്കലും, ഒരു സ്കൂള്‍ മാനേജ്മെന്റ്‌ തീരുമാനിക്കുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. മാനേജര്‍മാര്‍ പഠനവിഷയം നിശ്ചയിക്കുമ്പോള്‍ സമൂഹത്തിന്റെ വിശാലതാല്പര്യങ്ങളെക്കാളേറെ മാനേജ്മെന്റിന്റെ നിക്ഷിപ്തതാല്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയുണ്ടാവുക. തന്നെയുമല്ല; ഡോ. സുകുമാര്‍ അഴീക്കോട്‌ അഭിപ്രായപ്പെട്ടതുപോലെ റഷ്യന്‍, ജര്‍മ്മന്‍, സുറിയാനി തുടങ്ങിയ ഭാഷകള്‍ക്കൊപ്പം എന്നെക്കൂടി സ്വീകരിച്ചാലും എന്ന്‌ സ്കൂള്‍ മാനേജര്‍ മുതല്‍ മന്ത്രിവരെ യാചിച്ചുനില്ക്കേണ്ടുന്ന ഗതികേട്‌ അഭിമാനബോധമുള്ള ഒരു സമൂഹത്തില്‍ മാതൃഭാഷയ്ക്കുണ്ടാകാന്‍ പാടില്ലാത്തതാണ്‌.

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2010-12-07 00:00.

ചില സംശയങ്ങളുണ്ട്.
1. ഭാഷയെ വെറും ആശയവിനിമയത്തിനുള്ള ഉപാധി മാത്രമായി ചുരുക്കിക്കാണുകയും അതുകൊണ്ട്‌ എഴുതാനും വായിക്കാനുമുള്ള പഠനമാണ്‌ ഭാഷാപഠനം എന്ന്‌ തീരുമാനിക്കുകയും ചെയ്യുമ്പോഴാണ്‌ മാതൃഭാഷയായ മലയാളം എന്തിനാണ്‌ പ്ലസ് ടു തലത്തില്‍ പഠിക്കേണ്ടത്‌ എന്ന ചോദ്യം ഉണ്ടാകുന്നത്‌.

എഴുത്തും വായനയുമല്ല പഠിക്കേണ്ടതെങ്കില്‍പ്പിന്നെ എന്തിനാണ് മലയാളം പഠിക്കുന്നത്? പറയാനും കേള്‍ക്കാനുമുള്ള മലയാളം പ്ലസ് ടു എത്തുന്നതിനുമുമ്പേ ഒരു മലയാളി പഠിച്ചിരിക്കില്ലേ, അതുകൊണ്ടല്ലേ അതിനെ മാതൃഭാഷ എന്നു വിളിക്കുന്നത്.

2.ഒരു വിദ്യാര്‍ത്ഥിയുടെ രാഷ്ട്രീയ-സാമൂഹ്യ രൂപീകരണവും ബോധരൂപീകരണവും നടക്കുന്ന പ്രക്രിയ കൂടി ഇതില്‍(മാതൃഭാഷാപഠനത്തില്‍) ഉള്ളടങ്ങിയിരിക്കുന്നു. എന്നാല്‍ മറ്റ്‌ ഭാഷകളുടെ കാര്യത്തില്‍ യാന്ത്രികമായ ഭാഷാപഠനം മാത്രമാണ്‌ മിക്കവാറും നടക്കുന്നത്‌.

മലയാളം പഠിച്ച് രാഷ്ട്രീയ-സാമൂഹ്യരൂപീകരണം വിജയകരമായി പൂര്‍ത്തിയാക്കിയവരല്ലേ ഇതെല്ലാം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നവര്‍. എന്നിട്ടും കുട്ടികള്‍ മറ്റുഭാഷകളാണ് സ്വീകരിക്കുന്നതെങ്കില്‍ മലയാളവും യാന്ത്രികപഠനത്തെ ആശ്രയിക്കുകല്ലേ വേണ്ടത്.

3.പ്ലസ് ടുതലത്തില്‍ മാതൃഭാഷാ പഠനം നിഷേധിക്കപ്പെടുന്നതിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും തുടര്‍പഠനസാദ്ധ്യതയും അതുവഴിയുള്ള തൊഴില്‍ലഭ്യതകളും കൂടിയാണ്‌ പരിമിതപ്പെടുത്തുന്നത്‌.
ഏതെങ്കിലും മൂന്നുനാലു സ്ക്കൂളില്‍ മലയാളമില്ലാതാകുന്നത് മാതൃഭാഷാപഠനത്തെ നിഷേധിക്കലാവുമോ? മലയാളം വേണ്ടവര്‍ക്ക് മറ്റുള്ളിടത്ത് പഠിക്കാനുള്ള അവസരമില്ലേ?

4.ഒരു ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണം എന്ന്‌ തീരുമാനിക്കുന്നത്‌ സര്‍ക്കാരും സമൂഹവും വിദ്യാര്‍ത്ഥികളും ആയിരിക്കണം. അതൊരിക്കലും, ഒരു സ്കൂള്‍ മാനേജ്മെന്റ്‌ തീരുമാനിക്കുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല.

സര്‍ക്കാരും സമൂഹവും വിദ്യാര്‍ത്ഥികളും തീരുമാനിച്ചതിനു വിരുദ്ധമായി മാനേജര്‍മാര്‍ക്ക്
ഏകപക്ഷീയമായി പഠനവിഷയം തീരുമാനിക്കാനാകുന്ന സാഹചര്യമാണോ ഇന്ന്
കേരളത്തിലുള്ളത്. എങ്കില്‍ അതിനുത്തരവാദി എന്തായാലും മാനേജര്‍മാരല്ലതന്നെ.

കുട്ടികളുടെയോ രക്ഷിതാക്കളുടെയോ ഇഷ്ടത്തിനു വിരുദ്ധമായി ഏതെങ്കിലും കുട്ടിയെ നിര്‍ബ്ബന്ധിച്ച് മലയാളേതരമായ രണ്ടാംഭാഷ പഠിപ്പിക്കുന്നു എന്ന് ആരോപിക്കാനാവുമോ?മലയാളത്തോട് കുട്ടികള്‍ക്കു താല്പര്യമില്ല എന്നതല്ലേ സത്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഭരണഘടനയില്‍ മാതൃഭാഷയുടെ പ്രോത്സാഹനം വേണമെന്ന്
എഴുതിവെച്ചത് മഹത്തായ കാര്യമാണെങ്കില്‍, മാതൃഭാഷാപ്രോത്സാഹനത്തിന് എല്ലാവരും
പ്ലസ് ടു തലത്തില്‍ മലയാളം രണ്ടാം ഭാഷയായി തിരഞ്ഞെടുക്കുകയാണ് പോംവഴിയെങ്കില്‍,
പാര്‍ട്ടി അതിനൊരു ഉത്തരവിറക്കിയാല്‍ത്തന്നെ കാര്യങ്ങള്‍ ശരിയാവും. ഇപ്പോള്‍ പാര്‍ട്ടി
മെംബര്‍ഷിപ്പുള്ള എത്ര സഖാക്കള്‍ തങ്ങളുടെ കുട്ടികളുടെ രണ്ടാംഭാഷയായി മലയാളം
തെരഞ്ഞെടുത്തിട്ടുണ്ട് എന്നതിന്റെ ഒരു കണക്കെടുപ്പ് നടത്തിയാല്‍ ചിത്രം വ്യക്തമാകും.

5. മലയാളം മാഷന്മാര്‍ക്ക് പണി കിട്ടില്ല എന്നല്ലാതെ ഇതത്രവലിയ പ്രശ്നമാണോ? മാതൃഭൂമിയില്‍ പ്രേമചന്ദ്രന്‍ എഴുതിയതു പോലുള്ള ഭാഷാപഠനമാണ് നടക്കുന്നതെങ്കില്‍ ഇത് പണ്ടേ നിരോധിക്കേണ്ടതായിരുന്നില്ലേ.

6. കേരളത്തിലെ മലയാളം ചില മലയാളം മാഷന്മാരുടെയും ചില സാഹിത്യകാരന്മാരുടെയും മാത്രം പരിഗണനാവിഷയമാണ്. എന്നുവെച്ചാല്‍ അതുകൊണ്ട് അന്നം നേടുന്നവരുടെ പ്രശ്നം.
ഈ മാഷന്മാര്‍ എത്ര അര്‍ത്ഥശാസ്ത്രം തര്‍ജ്ജമ ചെയ്തിട്ടുണ്ട്? എത്ര സാഹിത്യകാരന്മാര്‍ കാളിദാസനായിട്ടുണ്ട്? വെറും വയറ്റിപ്പിഴപ്പിന്റെ പ്രശ്നമായ ഒന്നിനെ ഇങ്ങനെ പെരുപ്പിച്ച് കാട്ടണമോ. ജനാധിപത്യപ്രകാരം കേരളത്തില്‍ ആര്‍ക്കും വേണ്ടാത്തതാണ് മലയാളമെങ്കില്‍ അത് പിന്നെയും നിര്‍ബ്ബന്ധിച്ച് പഠിപ്പിക്കണമോ?

7. സ്ക്കൂളിലും കോളേജിലും മലയാളപഠനത്തെ തകര്‍ക്കുന്ന നിലപാടുകള്‍ നടപ്പാക്കിയപ്പോള്‍ അവയെല്ലാം ശിരസാവഹിച്ച മലയാളം മാഷന്മാര്‍ക്ക് മലയാളസംരക്ഷണത്തെക്കുറിച്ച് വാചകമടിക്കാന്‍ എന്തവകാശമാണുള്ളത്. മലയാളത്തെക്കാള്‍ അവര്‍ക്ക് വിലപ്പെട്ടത് കക്ഷിരാഷ്ട്രീയത്തിന്റെ ദാസനായി നിന്നാല്‍ കിട്ടുന്ന സ്ഥാനമാനങ്ങളും നേട്ടങ്ങളുമാണെങ്കില്‍ അവരതും വിഴുങ്ങി മിണ്ടാതിരിക്കട്ടെ. വെറുതെ സാമൂഹ്യപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യാതിരിക്കുകയെങ്കിലും വേണ്ടേ.