തര്‍ജ്ജനി

ഡോ. ഉമര്‍ തറമേല്‍

റീഡര്‍,
മലയാളവിഭാഗം,
കാലിക്കറ്റ് സര്‍വ്വകലാശാല.

Visit Home Page ...

വായന

മാര്‍ക്കേസിന്റെ ജീവിതം മലയാളത്തില്‍

കണ്‍ട്രി എന്ന്‌ ചില ആളുകളെ വിളിച്ച്‌ കളിയാക്കാറുണ്ട്‌. നാട്ടിന്‍പുറത്തത്‌ നാടന്‍, ലോകജ്ഞാനമില്ലാത്തവന്‍ എന്നൊക്കെയാണ്‌ ഈ പ്രയോഗത്തിന്റെ പ്രകരാണാര്‍ത്ഥം. ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസിനെ 'കണ്‍ട്രി' എന്ന്‌ വിളിച്ചാലോ? ഗാബോ എന്ന തന്റെ വിളിപ്പേര്‌ കൊളമ്പിയയെമാത്രമല്ല കരീബിയന്‍ ദേശത്തെ ആകെപ്പാടെ ഓര്‍മ്മിപ്പിക്കുന്ന പേരാണ്‌. മനുഷ്യന്‍ ഒരു ദേശമായി പരിണമിക്കുന്നു എന്നര്‍ത്ഥം. ജീവിച്ചിരിക്കെ തന്നെ ഇതിഹാസമായി മാറിയ എഴുത്തുകാരനാണ്‌ മാര്‍ക്കേസ്‌. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക്‌ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം കിട്ടിയതോടെ മാര്‍ക്കേസിന്റെ എഴുത്ത്‌ മാത്രമല്ല, അതിന്റെ എഴുത്തുകാരന്‍പോലും ആഗോളജനതയുടേതായിമാറി. ലോകചരിത്രത്തില്‍ അപൂര്‍വ്വം പേര്‍ക്ക്‌ മാത്രം സിദ്ധിച്ച ഒരു സ്ഥാനമാണിത്‌. മാര്‍ക്കേസിന്റെ മെമ്മൊഴേയ്സ്‌ (Memoirs‍) എന്ന ആത്മകഥയും തന്നെ ചുറ്റിപ്പറ്റിയുണ്ടായ ജീവചരിത്രങ്ങളും സാമന്യമായി ഓടിച്ചുപരിശോധിക്കുന്ന ഒരാള്‍ക്ക്‌ തോന്നുന്ന ഒരു കാര്യമുണ്ട്‌. വ്യതിരിക്തവും ചടുലവും സാമ്പ്രദായികജീവിതരീതികളെ തിരസ്കരിക്കുകയും ചെയ്യുന്ന ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനമാണ്‌ അവയിലൊക്കെയുള്ളത്‌.

മലയാളത്തിലേക്ക്‌, മാര്‍ക്കേസിന്റെ കൃതികളില്‍ പ്രധാനപ്പെട്ട പലതും പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. നൊബേല്‍ സമ്മാനിതനായതിന്‌ ശേഷം പരിഭാഷകളുടെ കുതിപ്പ്‌ പ്രകാശവേഗത്തിലാവുകയും ചെയ്തു. ഈ പരിഭാഷകള്‍ വായിച്ചാണ്‌ ലാറ്റിനമേരിക്കന്‍സാഹിത്യം സ്വന്തം സാഹിത്യമെന്നപോലെ മലയാളികള്‍ മനസ്സിലേറ്റി നടന്നത്‌. മാര്‍ക്കേസിന്റെ ഒരു ജീവചരിത്രം മലയാളത്തിലും ഉണ്ടായിരിക്കുന്നു- കെട്ടിലും മട്ടിലും മാര്‍ക്കേസിന്റെ ജീവിതചരിത്രത്തെ ആഖ്യാനിക്കുന്ന മട്ടിലുള്ള- ആര്‍.വി.എം. ദിവാകരന്‍ രചിച്ച 'പ്രിയപ്പെ' ഗാബോ'.

ജീവചരിത്രവും ആത്മകഥയും വേര്‍പിരിയുന്ന ചില അതിര്‍വരമ്പുകളുണ്ട്‌. ഉത്തരാധുനികലോകത്തിന്റെ വാര്‍ത്താചലനങ്ങള്‍ മുഴുക്കെ ഒരു പ്രതിഭാസമായി ജീവിതത്തിലേക്ക്‌ ആനയിച്ച മാര്‍ക്കേസിനെപോലെയുള്ള വ്യക്തികളുടെ ആത്മകഥയും ജീവചരിത്രവും എപ്രകാരം ഇഴപിരിഞ്ഞ്‌ നില്ക്കുമെന്ന്‌ കാണുക എളുപ്പമല്ല. ജീവചരിത്രകാരന്‍ പ്രയോജനപ്പെടുത്തുന്ന ദത്തങ്ങ (Data)ളുടെ സ്വഭാവം ജിവചരിത്രനിര്‍മ്മിതിയെ സ്വാധീനിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. അധുനാധുനമായ ഇലക്ട്രോണിക്‌ ദത്തങ്ങളെ ഉപയോഗിച്ചുകൊണ്ട്‌ എഴുതുന്ന ജീവചരിത്രകൃതിയും സാമ്പ്രദായികരീതിയിലുള്ളവയെ അതിജീവിച്ചികൊണ്ട്‌ എഴുതുന്ന ജീവചരിത്രകൃതിയും അതിന്റെ നിര്‍മ്മിതിയില്‍ അന്തരമുണ്ടാവും. പത്രപ്രവര്‍ത്തകന്‍, സഞ്ചാരി, മിത്തുകളുടെ സൂക്ഷിപ്പുകാരന്‍, ചലച്ചിത്രകാരന്‍, ലാറ്റിനമേരിക്കയിലെ മാത്രമല്ല ആഗോളരാഷ്ട്രീയസംഭവങ്ങളില്‍ സര്‍ഗ്ഗാത്മകമായി ഇടപെടുന്ന ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലൊക്കെ മാര്‍ക്കേസിനുള്ള സ്ഥാനം അനന്യമാണ്‌. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ മാര്‍ക്കേസിന്റെ ജീവചരിത്രകാരന്‍ അത്യാധുനികമായ ദത്തങ്ങളെ രചനക്ക്‌ സ്വീകരിക്കേണ്ടതായി വരും. ഇക്കാര്യത്തില്‍ ആര്‍. വി.എം. ദിവാകരന്റെ 'കൃതഹസ്തത' 'പ്രിയപ്പെട്ട ഗാബോ' എന്ന പുസ്തകത്തെ വേറിട്ടതാക്കിയിട്ടു‍ണ്ട്‌. തന്റെ എഴുത്തില്‍ ഭാവനയുടെ അംശങ്ങളൊന്നു‍മില്ലെന്നും സത്യം മാത്രമേയുള്ളുവെന്നും ആണയിടുന്ന ഗാര്‍സിയ മാര്‍ക്കേസിന്റെ മുമ്പില്‍ ഒരു വായനക്കാരന്റെ നിലയെന്താണ്‌?

മലയാളി സ്വപ്നത്തില്‍ സൂക്ഷിക്കുന്ന വിചിത്രമായ ജീവിതം മാര്‍ക്കേസ്‌ എഴുത്തിലൂടെ പ്രകാശിപ്പിക്കുമ്പോള്‍ നാം അതിനെ മാജിക്കല്‍ റിയലിസം എന്ന്‌ പേരിട്ടുവിളിക്കുന്നു‍. എന്നാ‍ല്‍ മാര്‍ക്കേസിന്റെ ആത്മകഥയും ജീവചരിത്രവും സാമാന്യമായി പരിചയപ്പെടുന്ന വായനക്കാരനെ സംബന്ധിച്ചിടത്തോളം ആ പ്രയോഗത്തിന്‌ വലിയ അര്‍ത്ഥമൊന്നു‍മില്ലെന്ന്‌ ബോദ്ധ്യപ്പെടും. ഒരു പക്ഷേ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലുടെനീളം വേറിട്ടുനില്ക്കുന്ന ഈ ജീവിതപ്രതിഭാസമാണ്‌ ലോകമാകമാനം അദ്ദേഹം സ്വീകരിക്കപ്പെടുന്നതിന്റെ കാരണം. മാര്‍ക്കേസിന്റെ പത്രപ്രവര്‍ത്തനയാത്രകള്‍ തന്റെ എഴുത്തിലെ മാസ്മരികാംശത്തെ (Mesmerism) ഈടുറ്റതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടു‍ണ്ട്‌.

യാത്ര എഴുത്തിന്റെ ദിശാസൂചകമായി തിരിച്ചറിഞ്ഞുകൊണ്ട്‌ മാര്‍ക്കേസിന്റെ ജീവിതത്തെ പുന:സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം 'പ്രിയപ്പെട്ട ഗാബോ' എന്ന കൃതിയെ വിശേഷപ്പെട്ടതാക്കുന്നു‍. റിച്വലും രാഷ്ട്രീയവും കലയും ഒരു മഹജ്ജീവിതത്തെ സൃഷ്ടിക്കുന്ന പ്രക്രിയ മാര്‍ക്കേസിന്റെ ജീവിതത്തില്‍ വായിച്ചെടുക്കാം. ഇവയെ വെവ്വേറെ കള്ളികളിലാക്കി മാര്‍ക്കേസിനെപോലുള്ള എഴുത്തുകാരനെ പ്രകാശിപ്പിക്കാനാവില്ല എന്ന അറിവ്‌ ദിവാകരനുണ്ട്‌. മാര്‍ക്കേസിന്റെ കൃതികളിലെപോലെ ഒരു ഡിറ്റക്ടീവിനെ ഉപയോഗിച്ച്‌ കൊണ്ടാണ്‌ പാഠപുസ്തകമായ (Deductive‍) ആശയങ്ങളെ മാര്‍ക്കേസ്‌ തകര്‍ക്കുന്നത്‌. ഇത്തരം എഴുത്തുമാതൃകയെ അടുക്കിവെക്കാനുള്ള എളിയ ശ്രമമാണ്‌ ഈ കൃതി.

മാര്‍ക്കേസിന്റെ കുട്ടി‍ക്കാലം, കേണല്‍ നിക്കോളാസ്‌ എന്ന (പപ്പാലീലോ) മുത്തച്ഛനുമായുള്ള സൌഹാര്‍ദ്ദത്തിലൂടെ ബോധപരമായി രൂപപ്പെടുത്തുന്ന മിത്തുകളുടെയും സാഹസികമായ ആശയങ്ങളുടെയും പൊരുളിനെ വായിച്ചെടുത്തുകൊണ്ടാണ്‌ ഈ ജിവചരിത്രത്തിന്‌ തുടക്കം. അതിന്റെ കളിതുല്യമായ ഒരു മിത്തോളജി (Play Mythology) മാര്‍ക്കേസിന്റെ എഴുത്തില്‍ ആകമാനമുണ്ട്‌. അതേസമയം വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ അനുദിനം ലോകത്തിന്‌ മുന്നി‍ല്‍ തുറന്നുകാട്ടപ്പെടുന്ന ഒരു മാര്‍ക്കേസുണ്ട്‌. ഈ രണ്ട്‌ ലോകങ്ങളും മാര്‍ക്കേസിന്റെ ജീവിതത്തില്‍ പൊരുത്തപ്പെട്ട്‌ നില്ക്കുന്നതായിട്ടാ‍ണ്‌ അനുഭവം. മിക്ക ജീവചരിത്രങ്ങളും കഥാപുരുഷനെ ആദര്‍ശവത്കരിക്കാന്‍ (Idealise) ശ്രമിക്കാറുണ്ട്‌. എന്നാ‍ല്‍ മാര്‍ക്കേസിനെപ്പോലുള്ള ഒരാളെ അത്തരമൊരു ആശയവത്കരണത്തിന്‌ പാകപ്പെടുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവ്‌ ഈ ഗ്രന്ഥം നമുക്ക്‌ നല്കുന്നു. ഗാബോയുടെ രാത്രി സഞ്ചാരങ്ങളും സ്വൈരിണികളുമായിട്ടു‍ള്ള ബന്ധങ്ങളും എല്ലാം തന്റെ രാഷ്ട്രീയവിശ്വാസത്തോടൊപ്പം നിലകൊള്ളുതാണെന്ന തിരിച്ചറിവ്‌ ഒരു കാരണവശാലും മാര്‍ക്കേസിന്റെ ജീവിതത്തെ കാല്പനികവല്ക്കരിക്കാന്‍ പ്രയോജനപ്പെടില്ല. സര്‍വ്വകലാശാലാജീവിതം മാര്‍ക്കേസിന്‌ സമ്മാനിച്ചത്‌ നിയമബിരുദമായിരുന്നി‍ല്ല, സാഹിത്യതല്പരതയും പത്രപ്രവര്‍ത്തനപരിചയവും രാഷ്ട്രീയബന്ധങ്ങളുമായിരുന്നു‍. (പു. 49) എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌.

ജീവിതത്തില്‍ വേറിട്ട ഒരു പത്രപ്രവര്‍ത്തനാവുകയും ലാറ്റിനമേരിക്കയിലും മറ്റു ലോകത്തുമുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളെ വെട്ടി‍പ്പിടിക്കുന്ന ഒരു മഹാവ്യക്തിയാവുകയും ചെയ്ത മാര്‍ക്കേസിനെയാണ്‌ ഈ കൃതി അഭിസംബോധന ചെയ്യുത്‌. പത്രമെഴുത്ത്‌ എന്ന നാലാം അദ്ധ്യായം ആയതുകൊണ്ടുതന്നെ ഈ ജിവചരിത്രഗ്രന്ഥത്തിന്റെ ഡി.എന്‍.എയാണ്‌. മാര്‍ക്കേസിനെപോലുള്ള ഒരാള്‍ക്ക്‌ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നിന്ന് ഒരിക്കലും മാറിനില്ക്കാനാവില്ല. അത്രമാത്രം പ്രക്ഷുബ്ധമായ ഏകാധിപത്യമുറകളും ജനവിരുദ്ധഭരണകൂടങ്ങളും വാഴ്ച പ്രഖ്യാപിച്ച പ്രദേശമാണ്‌ തന്റെ നാട്‌. മാര്‍ക്കേസ്‌ സാക്ഷ്യംവഹിക്കുന്ന പല രാഷ്ട്രീയസംഭവങ്ങളെയും സമാനമായ ഇന്ത്യന്‍രാഷ്ട്രീയസന്ദര്‍ഭങ്ങളോട്‌ താരതമ്യം ചെയ്തുകാണിക്കുന്നതിലൂടെ വായനക്കാര്‍ക്ക്‌ നവീനമായ രാഷ്ട്രീയാവബോധം നല്കാനുള്ള ശ്രമം ഗ്രന്ഥത്തിലുണ്ട്‌. ഉദാഹരണത്തിന്‌ കൊളംബിയായില്‍ വിപ്ലവകാരിയായിരു ഗെയ്‌ത്തന്റെ വധത്തിന്‌ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ലോറിയോ ഗോമാസ്‌ എന്ന വലതുപക്ഷയാഥാസ്ഥിതികനെ വാഴിക്കുന്ന രാഷ്ട്രീയപശ്ചാത്തലത്തെ അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ കേരളജനത ഇന്ദിരയെ അധികാരത്തിലേറ്റിയതിന്‌ സമമായി ദിവാകരന്‍ നിരീക്ഷിക്കുന്നു. മാര്‍ക്കേസിന്റെ മിക്ക കൃതികള്‍ക്ക്‌ പിന്നി‍ലും കൊളമ്പിയന്‍ / ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തിന്റെ കാലൊച്ചകള്‍ മുദ്രചാര്‍ത്തിയിട്ടു‍ണ്ടെന്ന ധാരണ മാര്‍ക്കേസിന്റെ മിത്തോളജിയില്‍ അഭിരമിക്കുന്ന പല വായനക്കാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരമൊരു അറിവ്‌ ഈ ജിവചരിത്രഗ്രന്ഥം സദാവഹിക്കുന്നു. ബൊഗോട്ട കത്തുകയും മാര്‍ക്കേസ്‌ അവിടുന്ന്‌ രക്ഷപ്പെടുകയും ചെയ്ത രാഷ്ട്രീയസാഹചര്യങ്ങള്‍, '‘In Evil our’, ‘Montreal Widow’, 'കേണലിന്‌ ആരും എഴുതുന്നി‍ല്ല' തുടങ്ങിയ കൃതികളുടെ നിര്‍മ്മിതിയില്‍ സജീവ സാന്നി‍ദ്ധ്യമായിട്ടു‍ണ്ട്‌. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മായാജാലങ്ങള്‍ മാര്‍ക്കേസിന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതില്‍ അതീവ പങ്ക്‌ വഹിച്ചിട്ടു‍ണ്ടെന്നും തന്റെ യാത്രകളിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും അതില്‍ എപ്രകാരം സര്‍ഗാത്മകത ഉടലെടുക്കുന്നവെന്നും ഈ കൃതിയില്‍ വായിച്ചെടുക്കാം. രണ്ടരവര്‍ഷം നീണ്ടുനിന്ന കിഴക്കന്‍യൂറോപ്യന്‍രാജ്യങ്ങളിലേക്കുള്ള യാത്രകള്‍, സോവിയറ്റ്‌ യൂണിയനിലേക്കുള്ള യാത്ര എന്നി‍വ ഉദാഹരണം. മാര്‍ക്കേസിന്റെ കണ്ണുകളിലുടക്കിയ സ്റ്റാലിന്റെ കിടപ്പ്‌ വിചിത്രവീര്യത്തോടെ Autumn of Patriarch എന്ന തന്റെ കൃതിയിലേക്ക്‌ മാര്‍ക്കേസ്‌ പരിഭാഷപ്പെടുത്തുകയുണ്ടായി.

എഴുത്തും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയവും തമ്മിലുള്ള വേഴ്ച ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ പ്രചോദനമാണല്ലോ. മാര്‍ക്കേസിന്റെ കാര്യത്തില്‍, 1973ല്‍ നടന്ന ചിലിയിലെ അലന്‍ഡെയുടെ വധവും തുടര്‍ന്ന് അഗസ്തോ പിനാഷെ എന്ന സ്വേച്ഛാധിപതിയുടെ ദീര്‍ഘകാലം നീണ്ടുനിന്ന ഭരണകൂടവും അത്യാസുരമായ രാഷ്ട്രീയകഥള്‍ സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു‍. അക്കാലത്തെ മാര്‍ക്കേസിന്റെ പത്രപ്രവര്‍ത്തനത്തെ ജീവചരിത്രകാരന്‍ ഒരു മെറ്റഫര്‍ പോലെ അടയാളപ്പെടുത്തുത്‌ ഇങ്ങനെ - ത്രസിപ്പിക്കുന്ന ഭാഷയില്‍ നിരത്തുന്ന കണക്കുകള്‍ മാജിക്‌ റിയലിസത്തെ നിഷ്പ്രഭമാക്കുന്നത്‌ കാണാം. ഫിഡല്‍ കാസ്ട്രോയുമായിട്ടു‍ള്ള മാര്‍ക്കേസിന്റെ ആത്മബന്ധം അസ്തൂറിയാസ്‌, നെരൂദ, മിഗുല്‍ ലിറ്റിന്‍ തുടങ്ങിയവരുമായുള്ള അപൂര്‍വ്വബന്ധങ്ങള്‍, മാര്‍ക്കേസിന്റെ സവിശേഷമായ ജീവിത സന്ദര്‍ഭങ്ങള്‍ എന്നി‍വ ഈ കൃതിയില്‍ ആലേഖനം ചെയ്തിട്ടു‍ണ്ട്‌. മാര്‍ക്കേസിന്റെ സിനിമാജീവിതം പ്രതിപാദിക്കുന്ന സവിസ്തമമായ ഒരു അദ്ധ്യായം ഈ ജീവചരിത്രത്തിലുണ്ട്‌. തന്റെ ആദ്യ കൃതിതൊട്ട്‌ വിഷാദവേശ്യകള്‍ വരെയുള്ള കൃതികളെക്കുറിച്ചുള്ള രസകരമായ പ്രകരണങ്ങള്‍ വായനക്കാരന്‌ ഒരു നോവലെന്നപോലെ ജീവചരിത്രഗ്രന്ഥത്തില്‍ നിന്നും കിട്ടുന്നു‍. ആഖ്യാനത്തിലുള്ള നാടകീയത അതിന്‌ പുതുമയേകുന്നു‍. ആത്മകഥപരമായ അംശങ്ങളെ പൊലിപ്പിച്ചെടുക്കുന്നതില്‍ വാര്‍ത്താനിര്‍മ്മിതിയുടെ ആഖ്യാനം തെല്ലൊന്നു‍മല്ല സഹായിച്ചിട്ടു‍ള്ളത്‌. ഇന്റര്‍നെറ്റ്‌ ഡാറ്റകളെ യാഥോചിതം ആവിഷ്ക്കാരയോഗ്യമാക്കുന്നതുകൊണ്ടുകൂടെയാണ്‌ ഈ മികവ്‌ എന്ന്‌ വേണം കരുതാന്‍. മാര്‍ക്കേസിനെപോലുള്ള ഒരാളുടെ ജീവിതത്തെ വിരാമചിഹ്നം കൊണ്ടോ അര്‍ദ്ധവിരാമചിഹ്നം കൊണ്ടോ പിടിച്ചുനിര്‍ത്താനാവില്ല എന്ന ഉത്തരവാദിത്തബോധം ഈ കൃതി പ്രകടിപ്പിക്കുന്നു. എന്നാ‍ല്‍ ഇലക്ട്രോണിക്‌ ദത്തങ്ങളെ അമിതമായി ആശ്രയിക്കുന്നത്‌ പലയിടത്തും ആവര്‍ത്തനത്തിന്‌ കാരണമാവുന്നു‍ണ്ട്‌. വായിച്ചത്‌ മറക്കാതിരിക്കാന്‍ ഇതുപകരിക്കുമെന്ന്‌ കരുതി ചിരിക്കുകയും ചെയ്യാം.

മാര്‍ക്കേസിനെക്കുറിച്ച്‌ മലയാളത്തിലുണ്ടായ കൃതികളും മാര്‍ക്കേസിന്റെ പരിഭാഷകളും അപഗ്രഥനവിധേയമാക്കുന്നു,‍ ഈ കൃതി. മാര്‍ക്കേസിനെക്കുറിച്ചുള്ള ഏത്‌ പുതിയ ധാരണകളെയും അപഗ്രഥന വിധേയമാക്കുന്നു‍.

ശാസ്ത്രീയമായി ഈ ജീവചരിത്രഗ്രന്ഥത്തെ വിധാനിക്കുന്നതില്‍ ഗ്രന്ഥകാരന്‍ ഏറെ ശ്രദ്ധിച്ചിട്ടു‍ണ്ട്‌. എം.ടി.യുടെ അവതാരിക, സക്കറിയയുടെ നാന്ദി എന്നി‍വ ഒരു മുതല്‍കൂട്ടാ‍ണ്‌. മാര്‍ക്കോസിന്റെ ജീവിതരേഖ, സുപ്രധാന ഉക്തികള്‍, കുടുംബചരിത്രം, സ്പാനീഷിലും ഇംഗ്ലീഷിലും മാര്‍ക്കേസിനെക്കുറിച്ചുണ്ടായിട്ടു‍ള്ള കൃതികളുടെ ലിസ്റ്റ്‌, പുസ്തകത്തിന്‌ ആധാരമാക്കിയ ആകര സാമഗ്രികളുടെ രേഖപ്പെടുത്തല്‍ എന്നി‍വയെല്ലാം മാര്‍ക്കേസിനെക്കുറിച്ച്‌ കൂടുതലറിയാന്‍ താല്പര്യമുള്ളവര്‍ക്ക്‌ ഏറെ ഗുണകരമായി മാറുമെന്ന്‌ ഉറപ്പിച്ചുപറയാം.

Subscribe Tharjani |