തര്‍ജ്ജനി

ശിവശങ്കരന്‍

സുധാലയം ,
പെരിന്തല്‍മണ്ണ
ഇ മെയില്‍: sivansudhalayam@gmail.com

Visit Home Page ...

കഥ

സ്ഥിതം

നമ്മുടെ വിചാരങ്ങള്‍ക്കപ്പുറത്തു കാര്യങ്ങളുണ്ടാവുമ്പോള്‍ അത് അതിശയങ്ങളായി കണക്കാക്കേണ്ടിവരും, ചിലപ്പോള്‍. ജീവപ്രക്രിയകളില്‍ വെച്ച് കര്‍മ്മം ഇഴപിരിക്കുമ്പോ ചില കണക്കെടുക്കലുകള്‍ നിര്‍ബന്ധമാകുന്നു. കുട്ടീ, നീ പറഞ്ഞതും പറയാത്തതുമെല്ലാം ഞാന്‍ അറിഞ്ഞുവെച്ചതായിരുന്നു, പണ്ടേ. ഒരര്‍ത്ഥത്തില്‍ നീയും ഞാനും ഒന്നെന്ന കാഴ്ചപ്പാടാവും ഹേതു. ഒരമ്മയ്ക്ക് പിറന്നവരല്ലെങ്കിലും ജീവിതയാത്ര ഒന്നിച്ചായ‌തുതന്നെ സന്തോഷദായകം.നിന്റെ ജനിതകവിശേഷങ്ങള്‍ പോലും എന്റെതാണല്ലോ. ഒരു
യാത്രയുടെ ഇടക്കെപ്പോഴോ നടത്തിയ ഒരു കണ്ടെത്തലിലൂടെയാണല്ലോ നിന്റെ ജീവിതഗതി മാറ്റിമറിക്കപ്പെട്ടത്‌. എന്തിനായിരുന്നു അത്തരത്തിലൊരു കുതിപ്പെന്നു ചോദിക്കുന്നില്ല, ഞാന്‍.

ഒരുകാര്യം ഉറപ്പുണ്ടെനിക്ക്. ഏതു താളംതെറ്റിയ കാലാവസ്ഥയും പുണ്യംപൂക്കാന്‍ പാകത്തില്‍ സ്വരൂപിച്ചെടുക്കാന്‍ നിന്നോടൊപ്പം ദേവസാന്നിധ്യത്തിന്റെ നിറനിലാവെട്ടമുണ്ട് .അക്കാരണം കൊണ്ടുതന്നെ പങ്കിലമായ പങ്കുപറ്റലുകളിലൊക്കെ, നീ സ്വപ്നംകണ്ടതും കൈമോശംവന്നതും ഒരിക്കലും പൂരകങ്ങളാവാന്‍ കൊതിക്കാത്ത ശുദ്ധ വിസ്താരങ്ങള്‍ തന്നെയായിരുന്നല്ലോ.

ഒരര്‍ഥത്തില്‍ നീ തൊടുത്ത ഒരു വലിയ സങ്കല്പമായിരുന്നു ഞാന്‍. സ്വന്തം ന്യായങ്ങളെ ഭദ്രാസനത്തിലിരുത്തി ചില്ലുകാഴ്ചയ്ക്ക് പാകമാക്കാന്‍ അറിയാതെ അകപ്പെട്ടുപോയ ജീവിതക്കുരുക്കിനെ ശുദ്ധീകരിച്ചെടുക്കുക എന്ന ദുഷ്കരമായ ദൌത്യം നിന്നിലേല്‍പ്പിക്കപ്പെട്ടു, അതോടെ. നിനക്ക് ഭാഗ്യം സൂക്ഷിക്കാന്‍ യോഗമില്ല.

വന്നുചേര്‍ന്ന ഭാഗ്യങ്ങളെ, ഇല്ലാശീലങ്ങളുടെ ദുര്‍മുഖം കാട്ടി നീ പെരുപ്പിച്ചെടുത്തു. വീടും നാടും ചുറ്റുപാടും മറന്നു മറു നാടിന്റെ കഥ പറഞ്ഞു നടന്നു, നീ. വിശ്വം കീഴടക്കുന്ന മഹാമേരുവാണ് നിന്നോടൊപ്പമെന്ന നിറവചനം നിത്യമന്ത്രമാക്കി. കാലവിചാരങ്ങള്‍ക്കുമപ്പുറത്ത് നചികേതസ്സിനെപ്പോലെ, ഒരു നക്ഷത്രത്തിളക്കമാവാന്‍, നിന്റെ കൂട്ടാളിക്ക് തേരോടിച്ചവള്‍ നീ തന്നെ. ദേശാടനത്തിലും ദേശാവാസത്തിലും നീയെന്ന തണലില്‍ വികസിച്ച ചരിത്രമേ നീ കണ്ടെത്തിയ ആരൂപത്തിനുള്ളൂ എന്നകാര്യം ആര്‍ക്കുമറിയാത്തതല്ല. ഏതൊക്കെ ശൃംഗങ്ങളിലൂടെ വ്യാപരിച്ചാലും മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ഒരു ശീലബോധം ആ ആളുടെ ശാപമായിരുന്നത് ജീവിതത്തില്‍ വന്നുഭവിച്ച ആപേക്ഷികദുരന്തമാണ്.

ഒരു സ്ത്രീയെന്ന നിലയില്‍ നീ വരച്ചുതന്ന ഫ്രെയിമുകളുടെ വലിപ്പംപോലും എനിക്ക് തോന്നാതെപോവുന്നതിനു കാരണം മറ്റൊന്നല്ല. ഞാന്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. മാറ്റത്തിന് വഴങ്ങാന്‍ പോലും കഴിയാത്ത ഒരു നാണവുമില്ലാത്ത ശ്വാനജന്മംപോലെയങ്ങനെയങ്ങനെ.

വിവരംകൊണ്ടും വിദ്യകൊണ്ടും ഉയര്‍ച്ചയിലെത്തുമ്പോള്‍ ഏതു ബുദ്ധിവര്‍ണ്ണനയ്ക്കുമങ്ങേപ്പുറത്ത്, ശുദ്ധമല്ലാത്ത വിശേഷങ്ങള്‍, സ്വഭാവമഹിമയായി വിളിച്ചോതുന്ന ഒരാള്‍ക്ക്‌ എന്ത് വലിപ്പംവെച്ചാലും, വളര്‍ച്ചയുടെ വിജയം നുകരാനാവാതെ പോകും എന്നതും സാധാരണമായ ഒരറിവാണല്ലോ.

പിന്നെന്തേ, നിന്റെ ജന്മത്തിന്റെ ഊടുവഴികളില്‍ മുള്ള് വിതറാത്തത് എന്ന ചോദ്യത്തിന് ,സ്വന്തം ധര്‍മ്മം കൊണ്ട് വിരിയിച്ചെടുത്ത തെളിമ ഈശ്വരപ്രീതമായതാണ്, എന്നാണുത്തരം. അരുതാത്തതൊക്കെയും ശരിയാണെന്ന് പഠിപ്പിച്ചത് നിന്റെ നായകന്റെ മിടുക്കായി നീ കണ്ടു. വഴിയറിയാത്തവന്റെ വാശിയായിരുന്നു അത്.

ഒരു കാര്യമെങ്കിലും ശേഷംകാലം ഓര്‍ത്തുവെക്കണം.

എന്തൊക്കെയായാലും സൂര്യന്‍ സൂര്യനാണ്. ചന്ദ്രന് ചന്ദ്രനാവാനേ കഴിയൂ.

കുട്ടീ, സന്ധ്യക്ക്‌ തണുപ്പെന്ന വികാരമേ പാടൂ എന്നില്ലല്ലോ.

Subscribe Tharjani |