തര്‍ജ്ജനി

പ്രശാന്ത്മിത്രന്‍

അശ്വതി
ടി.സി 28/1932
കിഴക്കേമഠം
ഫോര്‍ട്ട്.പി.ഒ.
തിരുവനന്തപുരം 23.
ഇ മെയ്ല്‍: pmithran@gmail.com

Visit Home Page ...

നിരീക്ഷണം

നാടുമറക്കുന്നവര്‍. ... മൂടില്ലാത്താളികള്‍

ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടുകട നടത്തുന്ന മലയാളിയുടെ കഥ അതിശയോക്തിയാണെങ്കിലും ഇന്ന്‌ ലോകത്തിന്റെ ഏതു കോണിലും കേരളീയനുണ്ടെന്നത്‌ സത്യമാണ്‌. ചിലേടങ്ങളില്‍ അവന്‍ മലയാളി അല്ലാതാകുമെങ്കിലും കേരളീയനല്ലാതാകുന്നില്ല. ഇത്തരം കൂടിയേറ്റം ഒരു പില്‌കാല പ്രവണത മാത്രമായിരുന്നോ? അറിയില്ല. എങ്കിലും പ്രാചീനകാലത്ത്‌ കേരളീയര്‍ വ്യാപകമായതോതില്‍ നാടുവിട്ടുപോയിരുന്നു എന്നുള്ളതിന്‌ കാര്യമായ തെളിവുകളും രേഖകളും ഉണ്ടെന്നു തോന്നുന്നില്ല.

അന്ന്‌ സമ്പല്‍ സമൃദ്ധമായ ഒരു തറവാട്ടിലെ മഹാമനസ്‌കനായ കാരണവരെപ്പോലെ കേരളം ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വിളിച്ചുവരുത്തി, സല്‌കരിച്ചു, സമാദരിച്ചു. കണ്‍മുന്നില്‍ കാണായ സമൃദ്ധിക്കപ്പുറത്തുള്ള സൗഭാഗ്യങ്ങള്‍ നേടാന്‍ അന്നുള്ള കേരളീയന്‍ ഒരുമ്പെട്ടില്ല. തൃപ്‌തിയായിരുന്ന അന്നവന്റെ സവിശേഷത ഏതു ദരിദ്രാവസ്ഥയിലായാലും വിശന്നു വരുന്ന ഒരുവന്‌ അല്‌പം ഭഷണം നല്‍കുന്നത്‌ പുണ്യമായി കരുതിയിരുന്നവര്‍. അങ്ങനെ ഭക്ഷണം നല്‌കുന്നത്‌ പുറംതിണ്ണയില്‍ വച്ചിട്ടായാല്‍പ്പോലും വിശപ്പിന്റെ മറുമരുന്നായിരുന്നു. തീരുന്നില്ല മലയാളിയുടെ പരോപകാര പ്രവണത. വേനല്‍ക്കാലത്ത്‌ സംഭാരവും കണ്ണിമാങ്ങയും നല്‌കുന്നതും നമ്മുടെ പുണ്യസങ്കല്‌പത്തിന്റെ ഭാഗമായിരുന്നു. ആളുയരമുള്ള പാണ്ടിക്കലങ്ങളില്‍ മോരു കലക്കി അതുപോലുള്ള കലങ്ങളില്‍ ഉപ്പുമാങ്ങയും നിറച്ച്‌ തറവാട്ടിലെ ചെറുവാല്യക്കാര്‍, അല്ലെങ്കില്‍ പണിക്കാര്‍, വഴിക്കണ്ണുമായിരിക്കും. വെയിലേറ്റ്‌ വാടി വരുന്ന അന്യനും അപരിചിതനുമായ ഒരു വഴിയാത്രക്കാരന്‌ അവിടെനിന്ന്‌ വേണ്ടുവോളം സംഭാരം കുടിക്കാം. അതിനു ചേരുവയായി അല്‌പം കണ്ണിമാങ്ങ ചവയ്‌ക്കാം.
ഈ പുരാപുണ്യങ്ങള്‍ എങ്ങോ പോയ്‌ മറഞ്ഞു. ഇതൊക്കെയും അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന നന്മയുടെ പ്രതിഫലനങ്ങളായിരുന്നു. അവിടെ ലാഭചിന്തയില്ല. ലോഭവിചാരമില്ല. ഉണ്ടായിരുന്നത്‌ ഒരല്‌പം സഹജീവി സ്‌നേഹം മാത്രം.

പുണ്യശാലിനീ, നീ പകര്‍ന്നീടുമീ-
തണ്ണീര്‍ തന്നുടെ ഓരോരോതുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം

എന്ന ചണ്‌ഡാലഭിക്ഷുകി യിലെ വരികള്‍ ഇവിടെയോര്‍ക്കാം. പക്ഷേ, ഇങ്ങനെ ഒരു സദ്‌കര്‍മ്മംവഴി അന്തരാത്മാവില്‍ വീഴുന്ന സുകൃതഹാരങ്ങള്‍ ഇന്നാരു ശ്രദ്ധിക്കുന്നു.

പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാവുകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌കുമേല്‍

ഇങ്ങനെ മേല്‌ക്കുമേല്‍ കരേറുകയാണ്‌ ഇന്നു നമ്മള്‍. അതൊരു മരീചികയല്ലേ സഹോദരാ? വെള്ളമുണ്ടെന്നു തോന്നിക്കുന്ന വെള്ളമില്ലാത്ത അവസ്ഥ ? ശാന്തികിട്ടും എന്നു കരുതി അശാന്തിയില്‍ ചെന്നു ചേരുന്ന അവസ്ഥ? ഇത്തരം ലോഭ ചിന്തയുടെ ഇംപോര്‍ട്ടന്‍സാണ്‌ നമ്മുടെ നവീന തുറമുഖങ്ങളിലെ ഇറക്കുമതികളില്‍ തെളിയുന്നത്‌. കുരുമുളക്‌ അഥവാ നല്ലമുളക്‌ കയറ്റി അയച്ചിട്ട്‌ കൊല്ലമുളക്‌ ഇറക്കുന്നതുപോലെ, ശുദ്ധമായ വെളിച്ചെണ്ണ കയറ്റി അയച്ചിട്ട്‌ പാംഓയില്‍ ഇറക്കുന്നതുപോലെ എന്തെന്ത്‌്‌ ഇറക്കുമതികളാണ്‌.

ഫോറിന്‍ എന്നു കേള്‍ക്കുമ്പോള്‍ കവാത്തു മറക്കുന്ന നമ്മുടെ ഇന്നത്തെ അവസ്ഥ നാണക്കേടാണ്‌. പഴയ കാലത്ത്‌ ഇവിടെ തുറമുഖങ്ങളില്‍ വന്നിറങ്ങിയതില്‍ കൊള്ളാവുന്നതൊക്കെ നമ്മള്‍ നമ്മുടേതാക്കി വിതച്ചു, കൊയ്‌തു. കശുവണ്ടിയും കാപ്പിയും കപ്പയും കപ്ലങ്ങായുമൊക്കെ അങ്ങനെ വന്നതാണ.്‌ ഇന്നുനമ്മള്‍ വേണ്ടാത്തതൊക്കെയാണ്‌ കൊയ്യുന്നത്‌. വേണ്ടുന്നതൊട്ടു വിതയ്‌ക്കുന്നുമില്ല.
കഞ്ഞികുടിക്കുന്നതിനുപകരം കോണ്‍ഫേ്‌ളക്‌സ്‌ കഴിക്കുന്നതാണ്‌ പുരോഗമനം എന്നു പറഞ്ഞാല്‍ മറുപടിയായി, ജലദോഷപ്പനി വരുന്നതിനെക്കാള്‍ ക്യാന്‍സര്‍ വരുന്നതാണ്‌ പുരോഗതി എന്നു പറയേണ്ടി വരും. മാറ്റങ്ങള്‍ നല്ലതാണ്‌. പക്ഷേ അവ മാറ്റങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ മാറ്റിവെയ്‌ക്കേണ്ടിത്തന്നെ വരുന്നു. അങ്ങനെ മാറ്റിവെയ്‌ക്കാനുള്ള വിവേചന ബുദ്ധിയില്ലാതെ വന്നാല്‍ നമ്മള്‍ മൂടില്ലാത്താളിപോലെ, ഇത്തിള്‍ക്കണ്ണിപോലെ കൊമ്പില്‍ നിന്ന്‌ മൂട്ടിലേയ്‌ക്കു വളരുന്നവരാകും. ആ വളര്‍ച്ചയുടെ ഏതെങ്കിലും പതനത്തില്‍ നമ്മള്‍ മൂടുകണ്ടെത്തുമെന്നും പറയാനാവില്ല. നാടു മറന്നാലും മൂടുമറക്കരുത്‌ എന്നു പറയുന്നതിന്റെ പൊരുള്‍ നമ്മളോര്‍ക്കണം. ആ പൊരുള്‍ സ്വീകരിച്ചു കൊണ്ടാണ്‌ മലയാളി സ്വന്തം നാടിനെ അന്യനാടുകളില്‍ ആലോഖനം ചെയ്യുന്നത്‌. ആ സ്വത്വബോധത്തെ നമുക്കഭിനന്ദിക്കാം. ഒപ്പം അത്‌ നമുക്കേവര്‍ക്കും മാതൃകയാവട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്യാം.

Subscribe Tharjani |