തര്‍ജ്ജനി

പ്രസി. കെ

പുളിക്കല്‍ വീട്,
തെക്കേപ്പൊറ്റ പോസ്റ്റ്,
പുതുക്കോട്,
പാലക്കാട്. പിന്‍: 678687

Visit Home Page ...

കഥ

പെയ്തൊഴിയാതെ

കലഹിക്കുന്ന വെള്ളാരങ്കല്ലുകളെപ്പോലെ മഴത്തുള്ളികള്‍ മത്സരിച്ചു് മണ്ണിലേക്കടര്‍ന്നു വീണു. പതിയെ ആ തുള്ളികള്‍ പച്ച മണ്ണോടിഴുകിച്ചേര്‍ന്നു.

തുരുമ്പിച്ച ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ മഴയെ അവള്‍ നോക്കി നിന്നു. ഓരോ മഴത്തുള്ളികളും മരണമാണെന്നവള്‍ക്കു് തോന്നി. ഭൗതികശരീരത്തില്‍ നിന്നും ആത്മാവിനേയുംകൊണ്ടു് മറ്റേതോ ഉദരത്തിലേക്കു് വലിച്ചിഴച്ചു കൊണ്ടുപോകുന്ന മരണം. ഈ മഴയ്ക്കും സൗന്ദര്യമില്ല.

കുട്ടിക്കാലത്തു് ഓടിക്കളിക്കുമ്പോള്‍ ഇടവഴിയിലെ വള്ളിപ്പടര്‍പ്പിനിടയിലേക്കു് തെറിച്ചുവീണ കൊലുസിന്റെ മുത്തുമണികള്‍പോലെ, ഈ മഴത്തുള്ളികള്‍ അവളെ നോക്കിച്ചിരിച്ചിരുന്നു. നനവാര്‍ന്ന മണ്ണില്‍ കുഞ്ഞുകാല്പാദങ്ങള്‍ പതിപ്പിച്ചു് പതിയെ നടന്നു് മാവിന്‍ചോട്ടിലെ തളര്‍ന്നുവീണ നീലം മാമ്പഴമെടുത്തു് മണക്കുമ്പോള്‍ മാമ്പഴത്തിലെ മഴത്തുള്ളികള്‍ അവളുടെ മൂക്കിന്‍തുമ്പില്‍ ഉരസുമായിരുന്നു. ആ മാമ്പഴത്തിനു് മറ്റാര്‍ക്കും അറിയാത്ത മഴയുടെ ഗന്ധമുണ്ടായിരുന്നു.

``മഴ നനയല്ലേ മോളേ .... പനി വരും ട്ടോ, വന്നേ''. അമ്മയെുടെ സേ്‌നഹത്തോടെയുള്ള ശാസന കേള്‍ക്കുമ്പോള്‍ അപ്പോഴും വീഴാതെ ആടിയുലയുന്ന മാമ്പഴങ്ങളെ പരിഭവത്തോടെ നോക്കിക്കൊണ്ടു് പൂമുഖത്തേക്കു് ഓടിക്കയറും, ചന്നം പിന്നം മഴവെള്ളത്തേയും തെറിപ്പിച്ചുകൊണ്ടു്. ദാഹം തീര്‍ക്കാന്‍ കാത്തിരിക്കുന്ന ധരണിയുടെ നെറുകയില്‍ ചുംബിച്ചുകൊണ്ടു് മഞ്ഞുതുള്ളികള്‍പോലെ പെയ്തുതിരുന്ന ഈ മഴത്തുള്ളികള്‍ ഏറ്റവും വലിയ മനോഹരമെന്നു് അവള്‍ക്കു് തോന്നി. ബാല്യത്തിന്റെ ആ നനനുത്തചാറ്റുകള്‍ അവളറിയാതെ കൗമാരത്തിന്റെ മേഘപാളികള്‍ക്കിടയിലേക്കു് അവളെ കൊണ്ടുപോയി.

വര്‍ഷങ്ങള്‍ക്കു് മുമ്പു്, ആ കൊടും മഴയത്തു് അച്ഛനും അമ്മയും തോണിമറിഞ്ഞു് മരിക്കുമ്പോള്‍, ഇറയത്തിരുന്നു് ബലിക്കാക്കകള്‍ ഭ്രാന്തമായി കരയുമ്പോഴും കര്‍ക്കിടകത്തിലെ മഴയായിരുന്നു കണ്ണുനീരും മഴത്തുള്ളികളും തണുത്തുറഞ്ഞ ആ പച്ച മണ്ണുമാന്തി, വിറങ്ങലിച്ച ശവശരീരങ്ങള്‍ കുഴിച്ചുമൂടുമ്പോള്‍ മരണവീട്ടിലെ ചന്ദനത്തിരികളുടെ ഗന്ധത്തോടെ ആ മഴ തുടര്‍ന്നുപെയ്തു.

പിന്നീടോരോ കര്‍ക്കിടകവാവിലും മുത്തശ്ശിയോടൊപ്പം നനഞ്ഞൊട്ടിയ വസ്ത്രവുമായി അവള്‍ ബലിക്കാക്കകളെ വിളിച്ചു. എന്നും ബലിച്ചോറിനായി തുറിച്ച കണ്ണുകളുമായി അവ പറന്നിറങ്ങുമ്പോള്‍ അസാധാരണമായ ഒരു മഴ അവിടെ പെയ്തിറങ്ങുമായിരുന്നു. അങ്ങിനെയുള്ള ഏതോ ഒരു കാലംതെറ്റി എത്തിയ മഴ മുത്തശ്ശിയുടെ ആത്മാവിനേയും പറിച്ചുകൊണ്ടു് അകലത്തേക്കോടിമറഞ്ഞു. അവളെ അനാഥത്വത്തിന്റെ കയങ്ങളിലേക്കു് മുക്കിത്താഴ്ത്തിക്കൊണ്ടു്....

സഹായിക്കാനുള്ള മനസ്സുമായി അകലെയുള്ള ബന്ധു വരുന്ന വഴിക്കും വഴികാട്ടിയായി മഴ പെയ്തിരുന്നു. ഒരുപിടി നിറമുള്ള ജീവിതപ്രതീക്ഷകളുമായി അവള്‍ ആ പടിയിറങ്ങുമ്പോഴും അവളുടെ വസ്ത്രത്തെയും ഒട്ടിപ്പിടിച്ചു് വിട്ടുമാറാതെ, ഏറെനേരം ആ മഴത്തുള്ളികള്‍ അവളോടൊപ്പം സഖിയായി.

നടന്നുനീങ്ങുമ്പോള്‍, ഇടവഴിയിലെ വള്ളിപ്പടര്‍പ്പുക്കിടയില്‍ നഷ്ടപ്പെട്ട കൊലുസിന്റെ മണികള്‍ പോലെ, ദു:ഖഗാനത്തിന്റെ മറന്ന ഏതോ വരികള്‍പോലെ ആ മഴത്തുള്ളികള്‍ അവളെ നോക്കിനിന്നു.

വര്‍ഷങ്ങള്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വികലമായ കുളമ്പടികളോടെ മാറിക്കൊണ്ടിരുന്നു. മഴയോ? കര്‍ക്കിടകത്തിനു് പെയ്തുവോ? അവയ്ക്കു് മാമ്പഴത്തിന്റെ, ചന്ദനത്തിരികളുടെ ഗന്ധമുണ്ടായിരുന്നോ? അറിയില്ല. തുറിച്ച ചോരക്കണ്ണുകളും ആര്‍ത്തിപൂണ്ട കൊക്കുകളുമായി ബലിക്കാക്കകളും വന്നില്ല. എന്നോ പെയ്ത മഴയുടെ സൗന്ദര്യവും മറന്നു. മങ്ങിയ മഴത്തുള്ളികള്‍ അര്‍ബുദം പിടിച്ച മനസ്സിന്റെ വാതിലുകള്‍ക്കിടയില്‍ ഭീതിയുടെ നയനങ്ങളോടെ ഒളിച്ചു നിന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു് ഈ മഴപെയ്യുമ്പോള്‍ അളിഞ്ഞ മാംസത്തിന്റെ ഗന്ധമാണു് അനുഭവപ്പെടുന്നതു്. ഓര്‍മ്മകളുടെ ഇരുണ്ട അകത്തളങ്ങളില്‍ നരിച്ചീറുകള്‍ ശബ്ദത്തോടെ ചിറകിട്ടടിച്ചു.

വാതിലില്‍ ഏറെനേരമോയോ ആരെങ്കിലും തട്ടുന്നതു് അറിയാതെ ഒളുകിയ കരിഞ്ഞ കണ്ണുനീരിന്റെ ബാക്കിയ സ്പര്‍ശം തുടച്ചുകൊണ്ടു് ശക്തമായി കിതയ്ക്കുന്ന പൊളിഞ്ഞുതുടങ്ങിയ ആ വാതിലുകള്‍ അവള്‍ തള്ളിത്തുറന്നു.

``എന്താടീ ഇത്ര നേരം തുറക്കാന്‍ ...... ഇതാ വാങ്ങു്...'' ഒരു നീണ്ട മുല്ലപ്പൂമാല അവക്കു് നേരെ ആ സ്ത്രീ നീട്ടി.
``വേഗം റെഡിയാക്, പുതിയ ഒരുത്തനാണു്, വൈകരുതു്''. ചായംതേച്ച ചുണ്ടുകളില്‍ നിന്നും തേട്ടിവരുന്ന വാക്കുകള്‍ കമ്പിളിപ്പുഴുക്കള്‍പോലെ അവളിലൂടെ ഇഴഞ്ഞു നീങ്ങി.

``വൈകില്ല'' അവളുടെ മരവിച്ച വിരലുകള്‍ ആ മുല്ലപ്പൂമാലയെ സ്പര്‍ശിച്ചു.

തന്റെ കയ്യിലെ മുല്ലപ്പൂവില്‍ നിന്നും അഴുകിക്കൊണ്ടിരിക്കുന്ന സ്ത്രീത്വത്തിന്റെ ഗന്ധം വമിക്കുന്നതായി അവള്‍ക്കു് തോന്നി. അവള്‍ക്കു് ഛര്‍ദ്ദിക്കുവാന്‍ വന്നു. ചിരി മാഞ്ഞ അധരങ്ങളും കുപ്പിവളപ്പൊട്ടുകളുമായി മുഷിഞ്ഞു നാറുന്ന ഈ ചുമരുകള്‍ക്കിടയിലേക്കു് നിസ്സഹായതയോടെ, നിറകണ്ണുകളുമായി കയറുമ്പോള്‍ കൈയില്‍ മഴത്തുള്ളികള്‍ പറ്റിപ്പിടിച്ച ഒരു മുല്ലമാല മാത്രമായിരുന്നു. സ്മരണകള്‍ വീണ്ടും ശ്മശാനത്തിന്റെ ഗന്ധത്തോടെ സിരകളിലേക്കു് പടര്‍ന്നുകയറി.

ആരെയൊക്കെയോ തൃപ്തിപ്പെടുത്താനായി വക്രിച്ചചുണ്ടുകളോടെ ചരിക്കുമ്പോള്‍ ആളിപ്പടരുന്ന ചിതയിലെ മാംസപിണ്ഡമായി അവള്‍ മാറി. പൊട്ടുന്ന ധമനികളിലെ കട്ടപിടിച്ച ചോരയുടെ ചുവപ്പിലേക്കു് തന്നെ സ്വയം കുഴിച്ചുമൂടി. സ്ത്രീത്വം ഊറ്റിക്കുടിക്കാന്‍ ദാഹിച്ചവനു് അശുദ്ധജലമായി സ്വയം ഉരുകി. മരിച്ചു മണ്ണടിഞ്ഞ ആത്മാഭിമാനത്തിന്റെ മാംസത്തിനിടയിലൂടെ അഴുകാന്‍ മടിച്ച എല്ലിന്‍കഷ്ണങ്ങള്‍ അവളുടെ നെഞ്ചിലേക്കാഴ്ന്നിറങ്ങി. കുഷ്ഠംപിടിച്ച മനസ്സിന്റെ പഴുപ്പില്‍ വേദനയുടെ പുഴുക്കള്‍ എന്നും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.

തന്റെ ശരീരം വില്ക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനായി ആരൊക്കെയോ നിലവിളി കൂട്ടിയപ്പോഴും ബലിമൃഗത്തിന്റെ പിടയുന്ന ശ്വാസത്തോടെ തന്റെ രക്ഷയ്ക്കായി അവള്‍ പരതി. പക്ഷേ, പൊട്ടിയൊലിക്കുന്ന സ്ത്രീത്വത്തിന്റെ വ്രണം വീണ്ടും വീണ്ടും കുത്തിപ്പൊട്ടിക്കപ്പെട്ടു. അതില്‍ നിന്നും ഒളിച്ചുവന്ന ചലം പോലും നിര്‍വൃതിയോടെ അവര്‍ നക്കിത്തുടച്ചു.

ഭ്രൂണഹത്യ എന്ന ദയാവധത്തില്‍ നിന്നും വഴുതിവീണ ജീവനുകളെ തെരുവുനായ്ക്കള്‍ക്കു് വലിച്ചെറിയുന്നതുകണ്ടു് തൊണ്ടയില്‍ കുരുങ്ങിയ രോദനം പൊള്ളുന്ന കണ്ണുനീരായി ഒഴുക്കിയ അമ്മമാരെയും ആരും കണ്ടില്ല. ചില ദിവസങ്ങളില്‍ ക്യാമറക്കണ്ണുകള്‍ ശരീരത്തിനുമീതെ ലാവയായി ഒഴുകി. അതു് കണ്ടുരസിച്ച ആയിരങ്ങളും അറിഞ്ഞില്ല. ആ വേദന. പെറ്റമ്മയുടെ, സഹോദരിയുടെ മുഖം അവരാരും അവളില്‍ കണ്ടില്ല. കണ്ണുനീരിന്റെ പര്‍വ്വതം പൊട്ടിച്ചിതറുമ്പോഴെല്ലാം മാമ്പഴഗന്ധമില്ലാത്ത, ചന്ദനത്തിരിമണമില്ലാത്ത ഏതോ മഴ എന്നും അതിനുമുകളില്‍ പെയ്തു. ഒരിക്കലും അതില്‍ നനയാന്‍ ആഗ്രഹിക്കാതിരുന്നിട്ടും, അവള്‍ ആ ചോരത്തുള്ളികളില്‍ നനഞ്ഞു. അറക്കുന്ന അട്ടകളെപ്പോലെ നിശ്ശബ്ദമായി ആ തുള്ളികള്‍ എന്നുമവളില്‍ ഒട്ടി നിന്നു.

ശപിക്കപ്പെട്ട ഈ നരകത്തില്‍ നിന്നും ഒരു അഭയസ്ഥാനത്തിനായി അവള്‍ പരതി. ഭൂമിയെക്കാള്‍ ഭാരമേറിയ അമ്മയുടെ ഗര്‍ഭപാത്രം മാടിവിളിക്കുന്നതായി അവള്‍ക്കു് തോന്നി. വര്‍ഷങ്ങള്‍ക്കുമുമ്പു് ഏതോ മഴയില്‍ പറിച്ചെടുക്കപ്പെട്ട അമ്മയുടെ ആത്മാവുറങ്ങുന്ന കടലുതേടി അവള്‍ പുറത്തിറങ്ങി.

അവിടെ നെഞ്ചോടടുക്കിപ്പിടിച്ചു് താന്‍ സൂക്ഷിച്ചിരുന്ന മഴ ആത്മജീവന്‍ നഷ്ടപ്പെട്ടു് തുള്ളികളായി മണ്ണിലേക്കു് പിടഞ്ഞുവീഴുമ്പോള്‍ പൊട്ടിക്കരയുന്ന ആകാശത്തിന്റെ നൊമ്പരം ഇടിമുഴക്കമായി പ്രതിധ്വനിച്ചു. ആ മഴയില്‍ അലിഞ്ഞുചേരാന്‍, അതിലെ ഒരു കുഞ്ഞുതുള്ളിയാവാന്‍ ...... അമ്മയുറങ്ങുന്ന കടലില്‍ ലയിച്ചു ചേരാന്‍ .... ആ ഗര്‍ഭപാത്രത്തിന്റെ ചൂടില്‍ ചുരുണ്ടുകൂടാന്‍ കൊതിച്ചു്, ഒരിക്കലും പെയെ്താഴിയാത്ത ഓര്‍മ്മകളുമായി ശക്തമായി പെയ്യുന്ന മഴയിലൂടെ ..... അവള്‍ നടന്നു.

Subscribe Tharjani |
Submitted by vignesh (not verified) on Sun, 2010-12-05 19:58.

adipoli katha nannayitunde

Submitted by അനൂപ്. പി.കെ (not verified) on Sun, 2010-12-05 21:35.

ജീവിതത്തിന്റെ ഇരുണ്ടതും പ്രത്യാശാനിര്‍ഭരവുമായ ചിത്രങ്ങളുടെ അന്യാദൃശമായ ആവിഷ്കാരം. എഴുത്തിലെ ഈ നവാഗതയ്ക്ക് സ്വാഗതം. ഇനിയും ഉയരങ്ങള്‍ കീഴടക്കാനാവട്ടെ എന്ന് ആശംസിക്കട്ടെ.

Submitted by Anonymous (not verified) on Mon, 2010-12-06 18:17.

ഇങ്ങനെ വാഴ്ത്താന്‍ മാത്രം കേമമായ കഥയല്ലല്ല ഇത്.
മോശമില്ല.
പക്ഷപാതം വെച്ച് അഭിപ്രായം പറയരുത്.

Submitted by Hanish (not verified) on Mon, 2012-08-20 19:51.

heart touching story