തര്‍ജ്ജനി

മുഖമൊഴി

ശവസംസ്കാരവകുപ്പും ആചാരവെടിയും

അയ്യപ്പന്‍ ഓര്‍മ്മയായി. നാടും വീടുമില്ലാതെ അലഞ്ഞും ഇസ്തിരിയിട്ട അച്ചടക്കമുള്ള ജീവിതങ്ങളെ അലോസരപ്പെടുത്തിയും നടക്കുമ്പോള്‍ കവിതയുടെ ജ്വാല അണയാതെ സൂക്ഷിച്ച അരാജകവാദിയായ ഈ കവി സ്വയം ഒരു കമ്യൂണിസ്റ്റായി വിശേഷിപ്പിക്കുമായിരുന്നു. വിപ്ലവത്തില്‍ വിശ്വസിച്ച കമ്യൂണിസ്റ്റ്. വിശ്വാസപ്രമാണങ്ങളുടെ തകര്‍ച്ചയില്‍ വഴി നഷ്ടപ്പെട്ടുപോയ ഒരു തലമുറയുടെ പ്രതീകമായി അയ്യപ്പന്‍ നമ്മുക്കിടയില്‍ ജീവിച്ചു. അയ്യപ്പന്‍ പറഞ്ഞു:
''സത്യസന്ധരെല്ലാം മരിച്ചുപോയി.
ഉപലബ്ധികള്‍ കാത്ത്
നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നു.
വയലുകളില്‍ കൊയ്യാനുമില്ല.
അല്ലെങ്കില്‍ പതിരുമാത്രം.”
ഉപലബ്ധികള്‍ കാത്തു് വിധേയത്വത്തോടെ നില്‍ക്കുന്നവരില്‍ നിന്നും ദൂരം സൂക്ഷിച്ച ജീവിതമായിരുന്നു അയ്യപ്പന്റേതു്. ഒടുവില്‍ തനിക്കു് ലഭിച്ച ആശാന്‍ പുരസ്കാരം ഏറ്റുവാങ്ങാതെ തിരുവനന്തപുരത്തെ സിനിമാശാലയുടെ മുറ്റത്തു് തിരിച്ചറിയപ്പെടാത്ത ജഡമായി അയ്യപ്പന്‍ അവസാനിച്ചു. ഒക്ടോബര്‍ 21, വ്യാഴാഴ്ചയാണു് അയ്യപ്പന്‍ അന്തരിച്ചതു്. അതോടെ അയ്യപ്പന്‍, താനേറ്റവും വെറുത്തിരുന്ന പ്രവണതകളുടെ കയ്യിലെ കളിപ്പാട്ടമായി മാറി എന്ന വൈരുദ്ധ്യമാണു് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിക്കുന്നതു്.

കേരളത്തിലെ സാംസ്കാരികവകുപ്പു് മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ആചാരവെടിയോടെ ചരമശുശ്രൂഷ ചെയ്യുന്ന വകുപ്പായി മാറിയിരിക്കുന്നു. ആരെങ്കിലും ഒരാള്‍ മരിച്ചുകിട്ടാന്‍ കാത്തിരിക്കുന്നതുപോലെയാണു് വകുപ്പിന്റെ നടപടി. തിരിച്ചറിയപ്പെടാത്ത മൃതശരീരമായി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കിടന്ന അയ്യപ്പനെ തിരിച്ചറിയുകയും വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ സാംസ്കാരികവകുപ്പു് ശവസംസ്കാരവകുപ്പായി രംഗത്തെത്തി. സംസ്ഥാനബഹുമതികളോടെ ഒക്ടോബര്‍ 25നു് തിങ്കളാഴ്ച ശവസംസ്കാരം നടത്തുമെന്നു് പ്രഖ്യാപനമുണ്ടായി. പക്ഷെ ആരുടെയോ അസൌകര്യം കണക്കിലെടുത്തു് അതു് അടുത്ത ദിവസത്തേക്കു് മാറ്റി. ഇതിനിടയില്‍ സാംസ്കാരികവകുപ്പു് മന്ത്രി ദില്ലിയിലും ഉദ്യോഗസ്ഥരായ സാംസ്കാരികനായകര്‍ ഇലക്‍ഷന്‍ ഡ്യൂട്ടിയിലുമായി. എല്ലാ തിരക്കുകളും കഴിയുന്നതുവരെ ശീതീകരിച്ച മോര്‍ച്ചറിയില്‍ അയ്യപ്പന്‍ കാത്തിരുന്നു. ജീവിച്ചിരുന്ന കാലത്തു് ആര്‍ക്കും അയ്യപ്പനെ ഇങ്ങനെ എവിടെയെങ്കിലും കാത്തുനില്പിക്കുവാന്‍ സാധിക്കുമായിരുന്നില്ല.

ചില കവിസൂഹൃത്തുക്കള്‍ എസ്.എം.എസ് വഴി തങ്ങളുടെ അസൌകര്യം അറിയിച്ചു് മാറ്റിവെക്കാന്‍ അഭ്യര്‍ത്ഥിച്ചതിനാലാണു് ശവസംസ്കാരം മാറ്റിവെച്ചതെന്നു് സാംസ്കാരികവകുപ്പു്. അയ്യപ്പന്റെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണു് തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരേതനോടുള്ള അനാദരമാണു് സാംസ്കാരരികുപ്പിന്റെ ഈ നടപടിയെന്നു് രോഷം പ്രകടിപ്പിച്ചതു് സുകുമാര്‍ അഴീക്കോടാണു്. ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയോടു ചെയ്യേണ്ട ഏറ്റവും വലിയ ബഹുമാനം ശവശരീരം എത്രയും വേഗം മണ്ണിനോടു ചേര്‍ക്കുക എന്നതാണെന്നും അഴീക്കോട് പറഞ്ഞു. അയ്യപ്പന്റെ സുഹൃത്തുക്കളായി നടിച്ചു് എസ്.എം.എസ് അയച്ച കവികളാരും അയ്യപ്പന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വരാന്‍ കൂട്ടാക്കത്തവരായിരുന്നുവെന്നതു് ഇതിനിടയില്‍ പറഞ്ഞു കേട്ട കാര്യങ്ങളിലൊന്നു്. അയ്യപ്പനു് ആശാന്‍ പുരസ്കാരം നല്കുന്നതിനെ ചിലര്‍ എതിര്‍ത്തുവെന്നതു് വേറൊരു കാര്യം. ഇതിലേറെ വിശേഷപ്പെട്ട ഉപശാലാവാര്‍ത്തകളീലൊന്നു് ഇതിനിടെ സാംസ്കാരികവകുപ്പുമന്ത്രി ദില്ലിയില്‍ എന്തു ചെയ്യുകയായിരുന്നുവെന്നതാണു്. അദ്ദേഹം വിദേശത്തുനിന്നും വന്ന ഏതോ സൌഹൃദസംഘത്തിനു് വൈകിയ ഒരു ഓണസദ്യ നല്കുകയായിരുന്നുവത്രെ. ഇതു സത്യമെങ്കില്‍, ദു:ഖാചരണത്തിന്റെ മഹനീയമാതൃകതന്നെയാണു് കേരളത്തിലെ സാംസ്കാരികവകുപ്പു് അവതരിപ്പിക്കുന്നതെന്നു് പറയാതിരിക്കാനാവില്ല.

സിനിമാസംഘക്കാരുടെ ഊരുവിലക്കിനു് ഇരയായ നടന്‍ തിലകന്‍ സാംസ്കാരികവകുപ്പു് തന്റെ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നു് അഭ്യര്‍ത്ഥിക്കുകയുണ്ടായി. സാംസ്കാരികകൊമ്മീസാറാകാന്‍ മടിച്ച സാംസ്കാരികവകുപ്പു് അതിനു് കൂട്ടാക്കിയില്ല. രോഷാകുലനായ തിലകന്‍, താന്‍ മരിച്ചാല്‍ ആചാരവെടിവെക്കുവാന്‍ സാംസ്കാരികവകുപ്പു് വരേണ്ടതില്ല എന്നു് പ്രഖ്യാപിച്ചു. സാംസ്കാരികവകുപ്പിന്റെ ഉത്തരവാദിത്തമെന്തന്നറിയാതെ കോമാളിത്തം കാണിക്കുന്നവരോടുള്ള പ്രതിഷേധം തിലകന്‍ പ്രകടിപ്പിച്ചു. അയ്യപ്പന്റെ മൃതദേഹത്തോടു് കാണിക്കുന്ന അനാദരത്തില്‍ പ്രതിഷേധിച്ചു് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:

‘പ്രിയ സുഹൃത്തുക്കളേ,
ഞാന്‍ ചത്താല്‍ ശവം ഉടന്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം
എന്റെ ശവം പൊതുദര്‍ശനത്തിനു വെയ്ക്കരുത്
ചാനലുകളില്‍ ശവപ്രദര്‍ശനം നടത്തരുത്
ശവത്തില്‍ പൂക്കള്‍ വെച്ച് പൂക്കളെ അപമാനിക്കരുത്
സര്‍ക്കാര്‍ ബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്
ദയവായി ആരും അനുശോചിക്കരുത്, സ്തുതിക്കരുത്
എന്നെക്കാള്‍ നന്നായി കവിതയെഴുതുന്ന
ആയിരക്കണക്കിനു പുതുകവികള്‍ ഉണ്ട്
അതിനാല്‍, എന്‍റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓര്‍മ്മയെ അപമാനിക്കരുത്
എന്റെ ഭാര്യയുടെ ദു:ഖത്തില്‍ മറ്റാരും പങ്കുചേരരുത്
അത് അവള്‍ക്കുള്ള എന്റെ തിരുശേഷിപ്പാണ്
എന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തരുത്
സാഹിത്യ അക്കാദമിയുടെ ചുമരില്‍ എന്റെ പടം തൂക്കരുത്
എനിക്കു സ്മാരകം ഉണ്ടാക്കരുത്
എന്റെ കവിതയ്ക്ക് എന്റെ സ്മരണം നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍
എന്നേക്കുമായി എല്ലാവരാലും വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം’

അയ്യപ്പേട്ടനു് അവാര്‍ഡുണ്ടു് എന്നു് പറഞ്ഞാല്‍ എത്ര കാശ്കിട്ടുമെന്നായിരുന്നു അദ്ദേഹം ചോദിക്കുക. ആരുടെ അവാര്‍ഡ്, ഏത് അവാര്‍ഡ് എന്നതിലൊന്നും ഒരു കാര്യവുമില്ലെന്ന മട്ടു്. അംഗീകരണങ്ങളില്‍ അഭിരമിക്കാതിരുന്ന ഒരാളുടെ ജഡത്തെ, ജീവിതകാലത്തൊരിക്കലും ആലോചിച്ചിരിക്കാന്‍പോലും ഇടയില്ലാത്ത സംസ്ഥാനബഹുമതിയുടെ പേരില്‍ ഹൈജാക്ക് ചെയ്യാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. ഈ കോലാഹലങ്ങള്‍ക്കിടയില്‍ അയ്യപ്പന്റെയും സാംസ്കാരികുപ്പു് മന്ത്രിയുടെ മുഖം എങ്ങനെയിരിക്കും എന്നു് സങ്കല്പിക്കുക. എല്ലാം നിസ്സാരമാക്കുന്ന ചിരിയോടെ അയ്യപ്പന്‍, ഘനഗംഭീരനായി വിഷാദം മുഖത്തു് പ്രകടമാക്കി അനുശോചിക്കുന്ന മന്ത്രി!! കാഴ്ചകാണുന്ന ആരും ചിരിച്ചുപോകുന്ന, സഹതപിച്ചുപോകുന്ന സന്ദര്‍ഭം.

ഭരണം അവസാനിക്കാന്‍ നാളുകള്‍ ഏറെയില്ല. തങ്ങളുടെ സില്‍ബന്ധികളില്‍ ആരൊക്കെ മരിച്ചാല്‍ ശവസംസ്കാരവകുപ്പു് ആചാരവെടി നടത്തണമെന്നു് പട്ടികയുണ്ടാക്കി തിട്ടൂരമിറക്കുന്നതു് നന്നായിരിക്കും. ഇത്രത്തോളും ജാഗ്രത ഇനി വരാനിരിക്കുന്നവരില്‍നിന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.

Subscribe Tharjani |
Submitted by soman (not verified) on Mon, 2010-11-15 23:09.

ആചാരവെടികള്‍ പുനപ്പരിശോധിക്കുമെന്നും മാന്വല്‍ പരിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു സാസ്ക്കാരികമന്ത്രി പുതിയ വെടിപൊട്ടിച്ചിരിക്കുന്നു. ഇതുവരെ വെച്ച വെടിയെല്ലാം വെറും പുകയായിരുന്നോ എന്ന വകുപ്പിന്റെതന്നെ സംശയം പരേതരോടുള്ള ആദരവായിരിക്കുമോ?

Submitted by Anonymous (not verified) on Tue, 2010-11-16 22:17.

maranavum jeevithamanu

Submitted by Rajesh.P.P (not verified) on Mon, 2010-11-22 08:23.

അന്തരിച്ച നടി ശാന്താദേവിക്ക് സര്‍ക്കാര്‍ സംസ്ഥാനബഹുമതിയോടെ അന്ത്യോപചാരം അര്‍പ്പിച്ചുവെന്നും ആചാരവെടി ഉണ്ടായില്ല എന്നും മാതൃഭൂമിയില്‍ വാര്‍ത്ത.

മരണം നടന്നാല്‍ ഉടന്‍ തോക്കും കോപ്പുമൊക്കെയായി സര്‍ക്കാര്‍ ചാടിപ്പുറപ്പെടുന്നതു് അവസാനിച്ചുവെന്നാല്‍ നല്ലതു്. എല്ലാതരം നെറികേടുകളും കാണിക്കുന്ന സര്‍ക്കാര്‍, പൊതുജീവിതത്തില്‍ എന്തെങ്കിലും നന്മചെയ്ത വ്യക്തികളെ മരണാനന്തരം ഏറ്റെടുത്തു് സ്വയം വെളുപ്പിക്കാന്‍ ശ്രമിക്കരുത്.

അയ്യപ്പനെപ്പോലും വിടാതെ ആക്രാന്ത-ആചാരവെടി മുഴക്കിയതിനെതിരെ തര്‍ജ്ജനി മുഖപ്രസംഗം എഴുതിയതു് നന്നായി. അതിനു് ഇങ്ങനെ ഒരു ഫലം ഉണ്ടായി എന്നത് അതിലും നന്നായി. അഭിനന്ദിക്കാതിരിക്കാനാവില്ല.

Submitted by Anonymous (not verified) on Sat, 2010-11-27 12:03.

നാലകത്ത് സൂപ്പി നല്ല വിദ്യാഭ്യാസമന്ത്രിയായിരുന്നുവെന്നു് സൂപ്പിസഹിബോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ പറയില്ല. പക്ഷെ അദ്ദേഹം എത്ര കേമനായിരുന്നുവെന്നു് ആളുകള്‍ പറഞ്ഞുതുടങ്ങിയത് ബേബിമന്ത്രി ഭരണം തുടങ്ങിയപ്പോഴാണു്.

ബേബിമന്ത്രിയുടെ ഭരണനേട്ടം മുഖ്യമായും ലഭിച്ചതു് ലീഗിന്റെ പഴയവിദ്യാഭ്യാസമന്ത്രിമാര്‍ക്കും പല പാര്‍ട്ടികളിലുള്ള മുന്‍ സാംസ്കാരികവകുപ്പുമന്ത്രിമാര്‍ക്കുമാണു്. അവരാരും തന്നെ ഇദ്ദേഹത്തെപ്പോലെ ബുദ്ധീജീവിയോ ബുദ്ധിജീവിനാട്യമോ ഇല്ലാത്തവരായിരുന്നു. വൈകിയെങ്കിലും വിവേകം ഉദിക്കും എന്നതുമാത്രമാണു് ഏക ആശ്വാസം.