തര്‍ജ്ജനി

രമാദേവി പി.

നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,
വാകയാട്‌, കോഴിക്കോട്‌

Visit Home Page ...

ലേഖനം

സ്ത്രീവിചാരങ്ങള്‍

സ്ത്രീകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്തിയ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നു കഴിഞ്ഞു. വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലും എന്ന പോലെ ഭരണമേഖലയിലും അങ്ങനെ സ്ത്രീകള്‍ പുരുഷനൊപ്പം എത്തിയിരിക്കുന്നു. ആശ്ചര്യമാശ്ചര്യമെന്നു കരുതിയിരിക്കേ ഒരു *ലേഖനത്തിന്റെ വാല്‍ക്കഷണം ശ്രദ്ധയില്‍പ്പെട്ടു. അതിങ്ങനെയാണ് ``ഉദ്യോഗസ്ഥയായ ഭാര്യ സ്ഥലംമാറ്റം കിട്ടി ദൂരദിക്കിലേക്ക് പോയാല്‍ എന്തു ചെയ്യുമെന്ന് അടുത്തയിടെ ഒരു സുഹൃദ്‌സദസ്സില്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ മിക്ക പുരുഷന്മാര്‍ക്കും ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല. ഒരു ജോലിക്കാരിയെ അന്വേഷിക്കും. ഇതേ ചോദ്യം സ്ത്രീകളോട് ചോദിച്ചപ്പോള്‍ ഒരാള്‍പോലും ഒരു വേലക്കാരനെ വയ്ക്കും എന്നു പറഞ്ഞില്ല. ഭര്‍ത്താവ് ചെയ്തിരുന്ന പണികളും കൂടി (കടയില്‍ പോകുക, ബാങ്കില്‍ പോകുക, കറന്റ് ബില്ല് അടയ്ക്കുക...) തന്നത്താനെ ചെയ്യും എന്നായിരുന്നു ഭൂരിഭാഗംപേരുടെയും മറുപടി.'' ഇതില്‍നിന്നു മനസ്സിലാവുന്ന കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാവാം.
1. സ്ത്രീകള്‍ക്ക് അവസരത്തിനൊത്ത് ഉയരാനുള്ള കാര്യപ്രാപ്തി ഉണ്ട്.
2. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉദ്യോഗസ്ഥകളായ ഭാര്യമാര്‍ വീട്ടുജോലിയുടെ അധികഭാരം വഹിക്കുന്നവരാണ്.
3. സ്ഥലംമാറ്റം കിട്ടി ദൂരദിക്കിലേക്ക് പോയാല്‍ വീട്ടുജോലി ഒഴിവായിക്കിട്ടും.
4. ഭാര്യയ്ക്ക് പകരം നില്ക്കാന്‍ ഒരു ജോലിക്കാരി മതി.
5.വീട്ടുജോലി പെണ്ണിനും പുറംജോലി ആണിനും എന്നത് ഇപ്പഴും നാട്ടുനടപ്പാണ്.
ഇത്തരം ചിന്താക്കുടുക്കുകളില്‍പ്പെട്ടുഴലവേ വായിക്കാനൊരു പുസ്തകം കിട്ടി. ജെ. ദേവികയുടെ `കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?' ഇനി അല്പം പുസ്തകവിചാരം.

ആധുനികമലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖമായ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് സ്ത്രീചരിത്രരചനകളുടെ ഉള്‍ക്കാഴ്ചകളെ വായനക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സൈദ്ധാന്തികമായ വിശകലനത്തിലൂടെ ചരിത്രം, ചരിത്രരചനാരീതികള്‍, ചരിത്രരചനയുടെ ചരിത്രം (ഹിസ്റ്റോറിയോഗ്രഫി) എന്നീ കാര്യങ്ങള്‍ സാമാന്യമായി ഇതില്‍ പരിചയപ്പെടുത്തുന്നു. ചരിത്രം ഭൂതകാലമാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഗവേഷണത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന അറിവും ചരിത്രമാണ്. പണ്ടുകാലത്തുള്ളവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ശിലാലിഖിതങ്ങള്‍, താളിയോലഗ്രന്ഥങ്ങള്‍ എന്നിങ്ങനെ കണ്ടുകിട്ടിയ രേഖകളും അടയാളങ്ങളും മാത്രം ആധാരമാക്കിയാണ് രചന നിര്‍വഹിക്കുന്നത് എന്നതിനാല്‍ ഈ വിജ്ഞാനം സമഗ്രമായിരിക്കില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിവരെ ചരിത്രപഠനം ഇത്തരം ഔദ്യോഗികരേഖകളെ ആസ്പദമാക്കുന്ന ചരിത്രത്തില്‍ ഒതുങ്ങിനിന്നു. ഇന്ത്യാചരിത്രം, കേരളചരിത്രം എന്നൊക്കെയുള്ള തലക്കെട്ടുകളില്‍ നിഷ്പപക്ഷചരിത്രം എന്ന വിശേഷണവുമായി രചിക്കപ്പെട്ടിട്ടുള്ള കൃതികള്‍ പക്ഷെ പ്രതിപാദിക്കുന്നത് മേലാളരുടെ ചരിത്രം മാത്രമാണ്. അതില്‍നിന്നു വ്യത്യസ്തമായി സാധാരണ ജനങ്ങളുടെ ജീവിതചരിത്രത്തെക്കുറിച്ചുള്ള ചിന്ത വരുന്നത് അടുത്ത കാലത്ത് മാത്രമാണ്. കീഴാളര്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ ഇവരെക്കുറിച്ചൊക്കെ പഠിക്കാന്‍ തുടങ്ങിയതോടെ ചരിത്രപഠനത്തിന്റെ മുഖം മാറ്റിയെഴുതപ്പെട്ടു. സാമൂഹിക- രാഷ്ട്രീയ-സാംസ്ക്കാരികമണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ ചരിത്രരചനയെക്കുറിച്ചുള്ള ആശയങ്ങളെയും ചരിത്രപഠനരീതികളെയും സ്വാധീനിക്കുന്നു. മാര്‍ക്സിയന്‍ ചരിത്രം, കീഴാളചരിത്രം, അധിനിവേശാനന്തരചരിത്രം, സ്ത്രീചരിത്രം മുതലായവ ഈ കാഴ്ചപ്പാടില്‍ രൂപം കൊള്ളുന്ന ചരിത്രപദ്ധതികളാണ്.

സ്ത്രീകളുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനുള്ള മുഖ്യമാര്‍ഗങ്ങളിലൊന്നായി സ്ത്രീചരിത്രരചന കണക്കാക്കപ്പെട്ടു. 1960കള്‍ക്കുശേഷം ലോകത്തുയര്‍ന്നുവന്ന ചിന്താപദ്ധതികളുടെ വെളിച്ചത്തില്‍ ആണ് ഈ രചനാപദ്ധതി രൂപംകൊണ്ടത്. സമൂഹത്തില്‍ സ്ത്രീകളുടെ നില എങ്ങനെയാണ്? കുടുംബം, തൊഴിലിടം, പൊതുരംഗം തുടങ്ങിയവയില്‍ ഉണ്ടായ മാറ്റങ്ങള്‍ സമൂഹത്തിലെ പല തട്ടുകളിലുള്ള സ്ത്രീകളെ എങ്ങനെയെല്ലാം ബാധിച്ചു? അവര്‍ നടത്തിയ സമരങ്ങളും ചെറുത്തുനില്പും ഏതു വിധത്തിലായിരുന്നു? ആണ്‍പെണ്‍വ്യത്യാസത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണകള്‍ എങ്ങിനെ രൂപപ്പെട്ടു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് സ്ത്രീചരിത്രഗവേഷണത്തില്‍ പുതുവഴികള്‍ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ പുതുവഴികളിലെ ചരിത്രമെന്നാല്‍ കഴിഞ്ഞകാലത്തിലെ കാര്യങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവയ്ക്കലല്ല. അത് ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാന്‍ ഭൂതകാലത്തിലൂടെ നടത്തുന്ന യാത്രയാണ്; ദൈനംദിനജീവിതത്തില്‍ സ്ത്രീ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ ഉടലെടുത്തു എന്ന അറിവു തരുന്ന പഠനമാണ്.


ജെ. ദേവിക

കേരളത്തിലെ സ്ത്രീകളുടെ നില മെച്ചപ്പെട്ടതാണ് എന്ന് ഒഴുക്കന്‍ പ്രസ്താവനകള്‍ പഴയ ചരിത്രപഠനങ്ങളില്‍ കാണാം. ഉണ്ണിയാര്‍ച്ചയുടെ കഥയും ഉണ്ടാകും ഉദാഹരണമായി. എന്നാല്‍ ഈ ഉദാഹരണം എല്ലാ മലയാളിസ്ത്രീകളുടെയും അവസ്ഥയെ പ്രതിനിധീകരിക്കുന്നില്ല. അന്നത്തെ സമൂഹത്തില്‍ വ്യത്യസ്ത തട്ടുകളില്‍ ജീവിച്ച സ്ത്രീകളെപ്പറ്റിയുളള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള ചരിത്രരചനയിലൂടെ മാത്രമേ വ്യത്യസ്ത പ്രതിനിധാനങ്ങളെ കണ്ടെത്താന്‍ കഴിയൂ.

വിവിധ കാലഘട്ടങ്ങളിലെ സാമൂഹികാവസ്ഥ വിലയിരുത്താന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം ഇവയെക്കുറിച്ചുള്ള കണക്കുകള്‍ പഴയചരിത്രപഠനങ്ങളില്‍ അവതരിപ്പിച്ചു കാണാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം, അവര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന വില ഇതിനൊന്നും ഇത്തരം പഠനങ്ങളില്‍ പ്രാധാന്യം കൊടുക്കാറില്ല. അതുകൊണ്ടുതന്നെ പുതിയ ചരിത്രരചനയ്ക്കേ സ്ത്രീയെ വിലയിരുത്താനാവൂ. ഇങ്ങിനെ സ്ത്രീചരിത്രരചനയുടെ പ്രസക്തി വിശദമായിത്തന്നെ ഈ കൃതി പരിശോധിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുള്ള സ്ത്രീയവസ്ഥയും അതിനെക്കുറിച്ചുണ്ടായ ചരിത്രങ്ങളെയും ദേവിക വിശകലനം ചെയ്യുന്നു. പെണ്ണരശുനാട് എന്നാണ് പഴയചരിത്രത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം താവഴിയിലാണ് എന്നതിനാല്‍ മരുമക്കത്തായത്തില്‍ പുരുഷനേക്കാള്‍ അധികാരം സ്ത്രീകള്‍ക്കാണ് എന്ന നിലപാടിലാണ് ഈ വിശേഷണം നല്കിയിരിക്കുന്നത്. ഈ വിശേഷണത്തിന്റെ ചരിത്രപരതയെ വിശകലനം ചെയ്തിട്ടുണ്ട് ഈ പുസ്തകത്തില്‍. മരുമക്കത്തായം കേരളത്തിലെ എല്ലാ വിഭാഗക്കാര്‍ക്കിടയിലും നിലവിലിരുന്നില്ല. ഏതാനും സമുദായത്തില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ മുന്‍നിര്‍ത്തി മുഴുവന്‍ സ്ത്രീകളെയും വിലയിരുത്തുന്നത് വസ്തുതാപരമല്ല. മരുമക്കത്തായം നിലനിന്നവിഭാഗങ്ങളിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിശേഷാധികാരം ഉണ്ടായിരുന്നു. എന്നാല്‍ അധികാരം കയ്യാളുന്നവര്‍ എന്ന നില അവര്‍ക്കും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പഴയചരിത്രത്തിലെ പല പരാമര്‍ശങ്ങളും വിശകലനവിധേയമാക്കുന്നുണ്ട്. സ്വാതന്ത്ര്യമെന്തെന്ന് അറിയാത്തവരും അടുക്കളയ്ക്കുള്ളില്‍ തളയ്ക്കപ്പെട്ടവരുമായ അന്തര്‍ജനങ്ങളും അതിസ്വാതന്ത്ര്യം അനുഭവിച്ച നായര്‍സ്ത്രീകളും ചരിത്രത്തിലെ അതിശയോക്തികളാണ് എന്നാണ് ലേഖിക നിരീക്ഷിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലെ ചില പത്രവാര്‍ത്തകളാണ് ഇതിനുള്ള തെളിവുകളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്രൂരനായ ഭര്‍ത്താവിന് വിഷം ചേര്‍ത്ത പാല്‍ നല്കാന്‍ ശ്രമിച്ച അന്തര്‍ജനം, വേഷപ്രച്ഛന്നരായി രാത്രി വീട്ടില്‍നിന്ന് പുറത്തുകടന്ന് ഉത്സവത്തിനു പോയ അന്തര്‍ജനങ്ങള്‍ ഇങ്ങിനെ ഏതാനും ചിലരെക്കുറിച്ചുള്ള വാര്‍ത്തകള്‍. പക്ഷെ ഇവ അന്തര്‍ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിക്കുന്നത് എങ്ങനെയാണെന്ന് വായനക്കാര്‍ക്ക് പിടികിട്ടില്ലെന്നു മാത്രം.

കേരളത്തിലെ ആദ്യത്തെ സ്ത്രീവിമോചനസമരമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള മാറുമറയ്ക്കല്‍ സമരത്തെ ലേഖിക പരിശോധിക്കുന്നുണ്ട്. മാറുമറയ്ക്കല്‍ സമരം സ്ത്രീ വിമോചനപരമാണെന്ന ധാരണയെത്തന്നെ അവര്‍ പൊളിച്ചെഴുതുന്നു. മാറുമറയ്ക്കല്‍ സമരവും തുടര്‍ന്നു രൂപപ്പെട്ടു വന്ന ശരീരം മൂടുന്ന വസ്ത്രധാരണരീതിയെക്കുറിച്ചുള്ള മാന്യതാസങ്കല്പവും സ്ത്രീശരീരത്തെ പുരുഷാധികാരത്തിന്റെ വരുതിയിലാക്കാനുള്ള തന്ത്രമാണ് എന്നത്രെ ലേഖികയുടെ വിലയിരുത്തല്‍. ഈ മാറ്റങ്ങളൊന്നും സ്ത്രീയ്ക്കു വേണ്ടിയല്ല എന്നും സ്ത്രീകളുടെ വസ്ത്രധാരണത്തക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന അമിതമായ ഉത്ക്കണ്ഠകള്‍ അതിന്റെ തുടര്‍ച്ചയാണ് എന്നുമാണ് വാദം. വസ്ത്രധാരണരീതിയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സ്ത്രീശരീരത്തെ പുരുഷാധികാരത്തിന്റെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്ന തരത്തിലേക്ക് വഴുതുന്നതാണ് ഈ വാദഗതികള്‍ എന്നു പറയാതെവയ്യ.

ഇരുപതാം നൂറ്റാണ്ടിലെ സാമുദായികപരിഷ്ക്കരണപ്രസ്ഥാനങ്ങള്‍ സ്ത്രീയവസ്ഥ മെച്ചപ്പെടുത്തി എന്ന നിരീക്ഷണത്തെയും അവര്‍ പുനര്‍വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. പരമ്പരാഗതകുടുംബത്തിലെ പുരുഷന്റെ അടിച്ചമര്‍ത്തലിന്റെ രീതിയിലുള്ള അധികാരത്തിന് പകരം പരിഷ്ക്കര്‍ത്താക്കള്‍ സ്ത്രീയ്ക്കുമേല്‍ ധാര്‍മ്മികാധികാരം ഉപയോഗിച്ചുവെന്നും രണ്ടും തമ്മില്‍ വലിയ ഭേദമില്ലെന്നുമാണ് വാദം. പരിഷ്ക്കരണത്തെത്തന്നെ നിരാകരിക്കുന്നഈ വാദഗതികള്‍ പെണ്‍പക്ഷപാതത്താലുള്ള അതിവാദമായി തോന്നുന്നു. പരിഷ്ക്കര്‍ത്താക്കള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കുടുംബത്തിന്റെ അതിരുകള്‍ കല്പിച്ചു എന്നത് നേരാണെങ്കിലും പരിഷ്ക്കരണപ്രസ്ഥാനങ്ങള്‍ സ്ത്രീയവസ്ഥയെ മെച്ചപ്പെടുത്തുകതന്നെ ചെയ്തിട്ടുണ്ട് എന്നതില്‍ സംശയത്തിനിടയില്ല.

കേരളത്തിലെ സ്ത്രീപ്രസ്ഥാനത്തിന്റെ ചരിത്രം വിശദമായിതന്നെ ഇതില്‍ പ്രതിപാദിക്കുന്നു. 1960ല്‍ കേരളത്തിലെ സ്ത്രീപ്രസ്ഥാനം ആരംഭിച്ചു എന്ന വാദം ശരിയല്ലെന്നാണ് ദേവികയുടെ അഭിപ്രായം. 1920 മുതല്‍ 1940 വരെ പൊതുരംഗത്ത് സജീവസാന്നിധ്യമായിരുന്ന സ്ത്രീകളാണ് കേരളത്തിലെ സ്ത്രീപ്രസ്ഥാനത്തിന്റെ തുടക്കക്കാര്‍. വിദ്യാഭ്യാസം നേടിയതിന്റെ ഫലമായി ഉണ്ടാകുന്ന സ്വതന്ത്രചിന്തയാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. പുരുഷാധിപത്യമൂല്യങ്ങളെ അവര്‍ വെല്ലുവിളിക്കുകയും തങ്ങളുടെ നിലപാടുകള്‍ സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. രൂക്ഷമായ വിമര്‍ശനത്തിന് ഇരയാകുമ്പോഴും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ ഭാഷയില്‍ വാദിച്ചിരുന്ന ഇവര്‍ക്ക് പിന്‍ഗാമികള്‍ ഇല്ലാതായതെന്തുകൊണ്ട് എന്ന അന്വേഷണവും നടത്തുന്നുണ്ട്. നവവരേണ്യതയുടെ ലിംഗമൂല്യങ്ങള്‍ ആണ് സ്വതന്ത്രചിന്തകരായ സ്ത്രീകളുടെ വംശത്തിന് അന്ത്യം കുറിച്ചത് എന്നതാണ് ലേഖിക എത്തിച്ചേരുന്ന നിഗമനം. ചരിത്രത്തില്‍ പരിഗണിക്കപ്പെടാതെപോയ അവരെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിന്റെ ശ്രദ്ധേയമായ സംഭാവന.

നവവരേണ്യതയുടെ ലിംഗമൂല്യങ്ങള്‍ സ്ത്രീയെ തറവാട്ടില്‍ പിറന്നവളെന്നും ചന്തപ്പെണ്ണെന്നും തരംതിരിച്ചു. മിഷനറിമാരും പുതുവിദ്യാഭ്യാസം നേടിയവരും ആണ്‍പെണ്‍ വ്യത്യാസത്തിന് ഊന്നല്‍ നല്‍കുകയും കുടുംബകേന്ദ്രിതമായ സ്ത്രീസങ്കല്പത്തിന് പ്രോത്സാഹനം നല്കുകയും അമ്മ എന്ന ആദര്‍ശസങ്കല്പം വളര്‍ത്തിയെടുക്കുകയും ചെയ്തു. ഇതിനെ മറികടക്കുന്ന സ്ത്രീകളെ പരിഷ്ക്കരണവാദികള്‍പോലും തള്ളിപ്പറഞ്ഞു. ആധുനികകുടുംബത്തിന്റെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട സ്ത്രീകള്‍ക്ക് ഈ ആദര്‍ശസങ്കല്പത്തെ പിന്‍തുടരാനല്ലാതെ മറികടക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് ഇന്നും സ്ത്രീ വിധേയത്വമുള്ളവളായി കഴിയുന്നതും. വളരെ ആസൂത്രിതമായി രൂപപ്പെടുത്തിയെടുത്ത ആദര്‍ശപരിവേഷം സ്ത്രീകളെ കുടുക്കില്‍പ്പെടുത്തിയതിന്റെ ചരിത്രവഴികളാണ് ഈ രചനയില്‍ തെളിഞ്ഞുവരുന്നത്. കേരളീയ സാമൂഹികാവസ്ഥ സ്ത്രീയെ രണ്ടാംകിട പൗരയായി കണക്കാക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് സ്ത്രീചരിത്രരചനയിലൂടെ ഉത്തരം കണ്ടെത്താന്‍ ഈ കൃതി നടത്തുന്ന ശ്രമം വായനക്കാരെ പുനര്‍വിചിന്തനത്തിനും തുടര്‍പഠനത്തിനും പ്രേരിപ്പിക്കുന്നു. പുതിയ ചരിത്രകാരികളെയും ഈ കൃതി പരിചയപ്പെടുത്തുന്നു. വൈജ്ഞാനികഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന മലയാളത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ കൃതി സ്ത്രീ തയ്യാറാക്കുന്ന സ്ത്രീചരിത്രം എന്ന നിലയിലും പ്രസക്തമാണ്. വൈജ്ഞാനികമേഖലകളിലെ ആധികാരികശബ്ദമായി സ്ത്രീ പ്രത്യക്ഷപ്പെടുന്നത് ഇന്നും കേരളത്തില്‍ സാധാരണ സംഭവമായിക്കഴിഞ്ഞിട്ടില്ല എന്നതിനാല്‍ പ്രത്യേകിച്ചും.

പുസ്തകസംവിധാനവും കലാപരമായ മികവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. എഴുത്തിനോളംതന്നെ മൂല്യമുള്ള ചിത്രങ്ങള്‍ ഉള്ളടക്കത്തിന്റെ ആകര്‍ഷകത വര്‍ദ്ധിപ്പിക്കുന്നു. അധികവായനയ്ക്കുള്ള പുസ്തകങ്ങളെക്കുറിച്ചുളള വിവരണം സ്ത്രീചരിത്രപഠിതാക്കള്‍ക്ക് സഹായമാവും. ആകപ്പാടെ നല്ലൊരു വായനാനുഭവം.

* മാറുന്ന ലോകം മാറേണ്ട മനസ്സ് എന്‍.സുസ്മിത

Subscribe Tharjani |
Submitted by J Devika (not verified) on Thu, 2010-11-11 12:28.

Dear Rema

Thank you for your generous reading of the book -- I am really glad that many readers have found it useful, in many ways. Would like to merely offer a few clarificatory comments about some of your observations:

(1) In highlighting the news reports about antarjanams in early 20th century Kerala, I'm not trying to produce evidence of their 'liberated status'. I'm quite sceptical of such claims irrespective of the time and space they are made in. Rather my point was to establish that despite subject to draconian regulation, antharjanams were not passive, devoid of all agency (the concept of agency does not imply the kinds of action we mat approve of). An individual endowed with agency need not necessary be engaged in actions that we recognize as liberatory; indeed, all that is implied is the possibility of engaging in action with a degree of strategic calculation. This is also why I am quite wary of romanticising women's 'hidden agency' or 'informal power', because it most often stays within the terms set by dominant patriarchy.

(2) My point about criticising community reformism centred on Reformer-Man is not to say that reform was 'useless' to women. I'm making a more nuanced point here. Certainly reform opens up many possibilities of action for women, yet it is framed within a larger, refurbished patriarchy that the Reformer-Man represents. The effects of such patriarchy are still with us, as are the transformations it sponsored in family and marriage that continue to affect women and their families most grievously -- for example, the institution of 'groom-price'. There is good evidence to show that it is dowry that drags down poor families below the poverty line in Kerala, along with serious illness that costs a lot. These deleterious effects of reformism are very much with us; highlighting them -- and the way in which major reform movements perpetuated them -- do not constitute an 'exaggeration'.

(3) About dress-reform -- I do feel that you have read too much into that chapter. The point of the chapter is not to set up dress reform as the sole major instrument of reformist patriarchy - indeed, each of the chapters focus on different instruments that were all of major importance, like modern form of marriage, modern motherhood, the new education and so on. It is indeed one of the instruments of patriarchy, however. it brings the body into ostensibly mind-centred reform in surreptitious ways and that it why it is important. The central feature of modern patriarchy -- that it is not based on blatant coercion but on consent -- is what is being highlighted. each of these instruments brings new possibilities of action, new forms of pleasure -- but this does not mean that women are therefore 'liberated' -- rather, they are subject to subtler forms of patriarchal controls. That is, I believe, the reason why it is so difficult to criticize patriarchy in Kerala. The aim of the book, ultimately, is to highlight this fact.

Much thanks, again, for the exhaustive review,

Warmly

Devika

Submitted by Priya Dileep (not verified) on Thu, 2010-11-11 21:18.

Thanks Rema for your detailed review of Dr.Devika's latest book. As a research student dabbling with Kerala history for a while now, I must say that this book just like her earlier work 'En-gendering Individuals',scrapes away the Palimpsest of mainstream history. It brings to the centre faces forgotten in the margins,and traces out the formation of our current double standards regarding anything physical when it pertains to women. Re-configuration of woman's identity was part of the nationalist agenda, just that reformism also implied a renewed patriarchy to suit its needs.As Uma Chakravarti has aptly put it, woman's perpetuation within patriarchy was achieved partly by 'rewarding' her within the limits etched out for her, all the anxiety displayed by early texts to monitor the upper caste women’s sexuality, to maintain her purity would become somewhat unnecessary once women became complicit in the larger structure in which their own subordination was embedded. So its not a question of reformism being useful or useless, rather its about, how systems of power continually renews itself to maintain its position.

Submitted by Remadevi (not verified) on Mon, 2010-11-15 22:43.

പ്രതികരണത്തിനു നന്ദി.
ഈ പുസ്തകത്തോടു കൂട്ടിവായിക്കാവുന്ന ഒരു സംഭാഷണശകലം-
ദേവകി നിലയങ്ങോട് : കാലങ്ങളായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്കൃതസമൂഹത്തിന്റെ ഭാഗമായിത്തീരാനായി ഞങ്ങളുടെ തലമുറ ഉപേക്ഷിച്ചു. എന്നാല്‍ കാലം മാറിയിരിക്കുന്നു. പുതുതലമുറയിലെ വിദ്യാസമ്പന്നകളും ഉദ്യോഗസ്ഥകളുമായ സ്ത്രീകള്‍ അന്തര്‍ജ്ജനങ്ങള്‍ പണ്ട് അനുഷ്ഠിച്ചിരുന്ന പൂജാദികര്‍മ്മങ്ങള്‍ ചെയ്ത്, വീട്ടുജോലികള്‍ ചെയ്ത് ജോലിക്കു പോകുന്നു. (മാറ്റം പുരുഷന്മാര്‍ക്കുമുണ്ട്, ഒരിക്കല്‍ പൊട്ടിച്ചെറിഞ്ഞ പൂണൂല്‍ അവര്‍ വീണ്ടെടുത്തിരിക്കുന്നു.)