തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

നിരൂപണം

മലയാളനാടകചരിത്രത്തിലെ പുതിയ വായനകള്‍

മലയാളനാടകത്തിന്റെ ചരിത്രമെഴുതുവാനുള്ള പരിശ്രമത്തിനു് കാട്ടുമാടം നാരായണന്റെ മലയാളനാടകങ്ങളിലൂടെ എന്ന പുസ്തകം വരെ പഴക്കം കാണാവുന്നതാണു്. മുഖ്യധാരാപ്രസാധകാരാരുമല്ല ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നതു് എന്നതിനാല്‍ ഇന്നു് നാടകഗവേഷകര്‍ പോലും കാട്ടുമാടത്തിന്റെ ആ സാഹസികശ്രമം കണ്ടിരിക്കാനിടയില്ല. പിന്നീട് കേരളസാഹിത്യ അക്കാദമി സാഹിത്യശാഖകളുടെയെല്ലാം ചരിത്രമെഴുതിക്കുവാന്‍ നിശ്ചയിച്ചപ്പോള്‍ നാടകചരിത്രമെഴുതുവാന്‍‌ നിയോഗിക്കപ്പെട്ടതു് പ്രൊഫ. ജി. ശങ്കരപിള്ളയാണു്. ഇന്നും മലയാളനാടകത്തിന്റെ ആധികാരികചരിത്രം ശങ്കരപിള്ളയുടെ നാടകചരിത്രമാണു്. പിന്നീട് കാട്ടുമാടം നാരായണന്‍ സാഹിത്യ അക്കാദമിയില്‍ നിന്നും നേടിയ ഗവേഷണഗ്രാന്റിന്റെ ഭാഗമായി മലയാളനാടകപ്രസ്ഥാനം എന്ന പുസ്തകം എഴുതുകയുണ്ടായി. ഇവയ്ക്കു പുറമെ, മടവൂര്‍ ഭാസിയുടേയും മറ്റും പുസ്കങ്ങളുണ്ടെങ്കിലും അവയിലെ വിഭാഗീയമായ വിഷയപരിചരണത്താലും മറ്റും അവയെ ആരും സമഗ്രചരിത്രമായി പരിഗണിക്കാറില്ല. നാടകചരിത്രതചനയിലെ വലിയ വെല്ലുവിളി, എഴുതേണ്ടതു് നാടകസാഹിത്യത്തിന്റെ ചരിത്രമോ, അതോ നാടകവേദിയുടെ ചരിത്രമോ നാടകചരിത്രം എന്ന ചോദ്യമാണു്. കേരളത്തിലെന്നല്ല, ഒട്ടുമിക്കയിടങ്ങളിലും നാടകാവതരണത്തിന്റെ ഡോക്യുമെന്റേഷന്‍ നടത്താറില്ല എന്നതിനാല്‍ ലിഖിതപാഠത്തെ, നാടകസാഹിത്യത്തെ, ആധാരമാക്കി ചരിത്രരചനനടത്തുകയാണു് പതിവു്. രംഗാവതരണം ഈ പ്രക്രിയയില്‍ പിറകിലെവിടെങ്കിലും ഒതുങ്ങിപ്പോകുന്ന കാര്യമാണു്. രംഗാവതരണത്തിന്റെ ചരിത്രമെഴുതുവാനുള്ള മലയാളത്തിലെ ശ്രദ്ധേയമായ ശ്രമമാണു് ഡോ. കെ.ശ്രീകുമാറിന്റെ സംഗീതനാടകചരിത്രം. ഇക്കൂട്ടത്തില്‍ പരിഗണിക്കേണ്ട സാഹസികശ്രമത്തിന്റെ ഫലമാണു് എന്റെ മുന്നിലിരിക്കുന്ന സജിത മഠത്തിലിന്റെ മലയാളനാടകസ്ത്രീചരിത്രം.

അഭിനേത്രിയും നാടകസംവിധായികയും നാടകകൃത്തും ഗവേഷകയുമാണു് ഈ പുസ്തകത്തിന്റെ കര്‍ത്താവു്. തന്റെ അനുഭവസമ്പത്തിന്റെ പിന്‍ബലം ഗ്രന്ഥരചനയില്‍ എഴുത്തുകാരിയെ തുണച്ചിട്ടുണ്ടു്. കേരളത്തിലെ പരമ്പരാഗതകലാരൂപങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തില്‍ നിന്നും ആരംഭിക്കുന്ന ഈ കൃതി നാടകവേദിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ സ്ത്രീസാന്നിദ്ധ്യത്തെ ആകാവുന്നിടത്തോളം സമഗ്രമായി രേഖപ്പെടുത്തുക എന്ന ദൌത്യമാണു് നിര്‍വ്വഹിച്ചിട്ടുള്ളതു്. പുസ്തകത്തിന്റെ അനുബന്ധമായി നല്കിയിട്ടുള്ള പട്ടികകള്‍, ശ്രീചിത്തിരതിരുനാള്‍ ലൈബ്രറിയുടെ നാടകാവതരണത്തില്‍ പങ്കെടുത്ത നടികള്‍, കെ.പി.എ.സി നാടകങ്ങളില്‍ ഗായികമാരായും അഭിനേത്രികളായും പ്രവര്‍ത്തിച്ചവരുടെ പട്ടിക (അപൂര്‍ണ്ണം), സ്തീനാടകരചനകളും നാടകപഠനങ്ങളും, നാടകരംഗത്തെ സ്ത്രീകള്‍ക്കു ലഭിച്ച സര്‍ക്കാര്‍ പുരസ്കാരങ്ങള്‍, ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആദ്യവനിതാകലാജാഥയില്‍ പങ്കെടുത്തവര്‍ എന്നീ പട്ടികകള്‍ നാടകചരിത്രത്തിലെ എഴുതപ്പെടാതെപോയ ഒരു ഭാഗം എടുത്തുകാണിക്കുന്നു.

മലയാളത്തിലെ ഇതര സാഹിത്യശാഖകളുടെ ചരിത്രരചനയില്‍ അവലംബിക്കുന്ന ഘട്ടവിഭജനമല്ല നാടകചരിത്രരചനയില്‍ പിന്തുടരുന്നതു്. നവക്ലാസ്സിക്കല്‍ ഭാവുകത്വത്തില്‍ നിന്നും കാല്പനികയിലേക്കുള്ള പരിവര്‍ത്തനഘട്ടത്തിലാണു് ആധുനികമലയാളസാഹിത്യം ആരംഭിക്കുന്നതു്. കാല്പനികതയുടെ പലതരം പകര്‍ച്ചകള്‍, റിയലിസം എന്നിവ കടന്നു് വ്യക്തിമനസ്സിലേക്കു് കേന്ദ്രീകരിക്കുന്ന രചനാഘട്ടം, എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ സ്വാധീനഘട്ടം, ഉത്തരാധുനികത എന്നിങ്ങനെയുള്ള ഘട്ടവിഭജനം നാടകചരിത്രത്തില്‍ കാണാറില്ല. പരമ്പരാഗതവും ക്ലാസ്സിക്കലുമായ കലാരൂപങ്ങളില്‍ നിന്നും വ്യതിരിക്തമായ ധാരയായി നാടകം രൂപപ്പെടുന്നതു് സംഗീതനാടങ്ങളിലൂടെയാണു് എന്നതിനാല്‍ സംഗീതനാടകപ്രസ്ഥാനത്തില്‍ നിന്നും നാടകചരിത്രം ആരംഭിക്കുന്നു. സംസ്കൃതത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നുമുള്ള നാടകവിവര്‍ത്തനങ്ങള്‍, അവയെ അനുകരിച്ചുള്ള രചനകള്‍, ചരിത്രനാടകങ്ങളുടേയും പ്രഹസനങ്ങളുടേയും അവതരണം എന്നിങ്ങനെ ആരംഭിക്കുന്ന മലയാളനാടകചരിത്രം സാമൂഹികനാടകങ്ങള്‍ എന്ന സംവര്‍ഗ്ഗത്തിലെത്തുകയും ഇബ്സന്റെ സ്വാധീനഘട്ടത്തിലേക്കു് കടക്കുകയും ചെയ്യും. അറുപതുകള്‍ വരെ ഈ സ്വാധീനഘട്ടം പലരൂപത്തില്‍ നിലനിന്നുവെന്നു് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ആധുനികതയും തനതുനാടകവേദിയുമാണു് ഇതിനെ പിന്തുടര്‍ന്നു വരുന്നതു്. അവിടെ നാടകചരിത്രം വര്‍ത്തമാനകാലത്തിലെത്തി പരിസമാപ്തിയിലെത്തുന്നു. നാടകചരിത്രത്തിലെ വലിയ കുതിപ്പുകള്‍ പലതും ഇതിനിടയില്‍ സാമാന്യത്തില്‍ നിന്നും വേറിട്ടുനിന്ന അപവാദങ്ങളായി ഒതുങ്ങിപ്പോവും. പുളിമാന പരമേശ്വരന്‍പിള്ള, സി.ജെ. തോമസ് എന്നിവരെ നേരത്തെ പറഞ്ഞ കള്ളികളില്‍ ഒതുക്കിനിറുത്താനാവില്ല എന്നതിനാല്‍ അവരെ മുഖ്യധാരയില്‍നിന്നും വേറിട്ടവര്‍ എന്നനിലയില്‍ പരിഗണിക്കുന്നു. മലയാളനാടകവേദിയുടെ ഈ രീതിയിലുള്ള ചരിത്രം ഭാവഗൌരവമില്ലാത്ത കലാവിഷ്കാരമായിരുന്നു നാടകമെന്ന പേരില്‍ നടന്നുപോന്നതു് എന്നു് തെറ്റിദ്ധരിപ്പിക്കുന്നു. അതിനാല്‍ ഗൌരവമുള്ള കലാവിഷ്കാരം എന്ന നിലയില്‍ നാടകത്തെ കൈകാര്യം ചെയ്ത രചയിതാക്കളിലും രംഗവ്യാഖ്യാതാക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നാടകചരിത്രം ഉണ്ടാവേണ്ടിയിരിക്കുന്നു. അത്തരം ഒരു ചരിത്രരചനയ്ക്കു് വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ നാടകചരിത്രത്തെ വീക്ഷിക്കുന്ന ഗവേഷണപരിശ്രമങ്ങള്‍ ആവശ്യമാണു്. ഡോ.കെ.ശ്രീകുമാറിന്റെയും സജിത മഠത്തിലിന്റെയും പഠനങ്ങള്‍ ഈ ദിശയിലുള്ള അന്വേഷണങ്ങള്‍ക്കു് സഹായകമാവും.

മലയാളനാടകചരിത്രരചന കാലാനുക്രമമായ വിവരണത്തിനുള്ള ശ്രമത്തിനപ്പുറം വിശകലനാത്മകമായ തലത്തില്‍ ഇനിയും എത്തിയിട്ടില്ല. കാലാനുക്രമം ദീക്ഷിച്ചുള്ള വിവരണങ്ങള്‍ തന്നെ അപൂര്‍ണ്ണവും വികലവുമാണെന്ന വസ്തുതയിലേക്കു് വിരല്‍ ചൂണ്ടുന്നതാണു് മലയാളനാടകചരിത്രം: സ്ത്രീപക്ഷവായന എന്ന അദ്ധ്യായം. കുട്ടിക്കുഞ്ഞു തങ്കച്ചി, തോട്ടയ്ക്കാട്ട് ഇക്കാവമ്മ എന്നീ ആദ്യകാലനാടകരചയിതാക്കളെ ചരിത്രവിവരണത്തില്‍ തമസ്കരിക്കപ്പെട്ടുവെന്ന സജിതയുടെ നിരീക്ഷണം ശ്രദ്ധേയമാണു്.1892ല്‍ തൃശ്ശൂരില്‍ നടന്ന സംഗീതനൈഷധത്തിന്റെ അവതരണത്തില്‍ നളനായി അഭിനയിക്കുകകൂടി ചെയ്തിരുന്നു ഇക്കാവമ്മ. നാടകരചനയില്‍ മാത്രമല്ല, രംഗാവതരണത്തിലും സക്രിയമായിരുന്ന ഇക്കാവമ്മയുടെ തമസ്കരണം നാടകചരിത്രത്തിന്റെ പെണ്‍പരിപ്രേക്ഷ്യത്തിന്റെ ആവശ്യകത അടിവരയിടുന്നു.

സംഗീതനാടകങ്ങളിലെ സ്ത്രീപങ്കാളിത്തം, ചിത്തിരതിരുനാള്‍ ഗ്രന്ഥാലത്തിന്റെ നാടകാവതരണങ്ങളിലെ സ്ത്രീകള്‍, സാമൂഹ്യനാടകങ്ങളിലെ അഭിനേത്രിമാര്‍ എന്നിങ്ങനെ വിവിധ കാലഘട്ടത്തിലും പ്രസ്ഥാനങ്ങളിലുമുള്ള നാടകാവതരണത്തിലെ സ്ത്രീപങ്കാളിത്തം ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. നമ്പൂതിരിനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ നാടകങ്ങളിലും രാഷ്ട്രീയനാടകങ്ങളിലും സ്ത്രീ എപ്രകാരമാണു് പ്രതിനിധാനം ചെയ്യപ്പെട്ടതു് എന്നും പരിശോധിക്കപ്പെട്ടിട്ടുണ്ടു്. പ്രൊഫഷനല്‍ നാടകത്തിലെ സ്ത്രീ ഈ പഠനത്തില്‍ വിശദമായ പര്യാലോചനയ്ക്കു വിധേയമാകുന്ന വിഷയമാണു്. തൊഴിലിടം എന്ന നിലയില്‍ സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ ഇവിടെ ആലോചനാവിധേയമാകുന്നു.

നാടകചരിത്രം വ്യത്യസ്തകോണുകളിലൂടെ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു് വിരല്‍ചൂണ്ടുന്ന കൃതി എന്ന നിലയില്‍ സജിത മഠത്തിലിന്റെ ഈ പുസ്തകം പ്രാധാന്യമര്‍ഹിക്കുന്നു. നാടകാവതരണത്തെക്കുറിച്ചുള്ള ഡോക്യുമെന്റേഷന്‍ രീതിയില്ലാത്ത കേരളത്തിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ പഠനം സ്വന്തം ഗവേഷണത്തിലൂടെ പൂര്‍ത്തിയാക്കിയ എഴുത്തുകാരി പ്രശംസയര്‍ഹിക്കുന്നു. 215 പുറങ്ങളില്‍, ധാരാളം അടിക്കുറിപ്പുകളോടെ, ആധികാരികമായ പഠനമാണു് മലയാളനാടക സ്ത്രീചരിത്രം.

മലയാളനാടക സ്ത്രീചരിത്രം,
സജിത മഠത്തില്‍,
മാതൃഭൂമി ബുക്സ്, കോഴിക്കോട്.
215 പുറങ്ങള്‍
വില: 150 രൂപ

Subscribe Tharjani |
Submitted by sabu jacob (not verified) on Sun, 2010-11-21 00:09.

The review is oblivious of a very good book on the literary history of malayalam drama.;published by the kerala sahithya academy.MALAYALA NATAKA SAHITHYA CHARITHRAM 2005. by DR.VAYALA VASUDEVAN PILLAI.