തര്‍ജ്ജനി

സംഗീതം

എത്ര മധുരമായ് പാടുന്നു നീ

നിസ അസീസിയുടെ മലയാളം ഗസല്‍ ആല്‍ബമാണു് എത്ര മധുരമായ് പാടുന്നു നീ. ജസ്ബ എ ദില്‍ എന്ന ഗസല്‍ ആല്‍ബവുമായി സംഗീതരംഗത്തു് എത്തിയ നിസ അസീസി, മലപ്പുറം ജില്ലയിലെ ഒരു സംഗീതകുടുബത്തില്‍ നിന്നും ഈ രംഗത്തു് എത്തിയ വനിതയാണു്. പിതാവു് എം. എ. അസീസ്ഭായിക്കൊപ്പം കുട്ടിക്കാലം മുതല്‍ മെഹ്ഫിലുകളില്‍ പാടിത്തുടങ്ങി. എ.ഇ. വിന്‍സന്റ് മാസ്റ്റര്‍, ശരത്ചന്ദ്ര മറാഠെ, നളിന്‍ മുള്‍ജി തുടങ്ങിയ കേരളീയഹിന്ദുസ്ഥാനിസംഗീതജ്ഞരുടെ ശിക്ഷണത്തില്‍ സംഗീതാഭ്യസനം ആരംഭിച്ച നിസ, തുടര്‍ന്നു് കിരാനാ ഖരാനയുടെ പാരമ്പര്യത്തില്‍ ഉസ്താദ് ഫയാസ് അഹമ്മദ് ഖാന്റെയും ഗ്വാളിയോര്‍ ഖരാനയിലെ ഉസ്താദ് റഫീക്ക് ഖാന്റെയും ശിഷ്യത്വം സ്വീകരിച്ചു. ആലാപനത്തിന്റെ വ്യത്യസ്തതയും ശബ്ദത്തിന്റെ വ്യതിരിക്തയുംകൊണ്ട് ശ്രദ്ധേയമാണു് നിസ അസീസിയുടെ സംഗീതം.

ഒമ്പതു് കവിതകളുടെ ഗസല്‍ ആവിഷ്കാരമാണു് എത്ര മധുരമായ് പാടുന്നു നീ. ആലങ്കോട് ലീലാകൃഷ്ണന്‍, ടി. പി. രാജീവന്‍, ഉഷ അഖേല/അനിത തമ്പി, ജമാല്‍ കൊച്ചങ്ങാടി, സോമനാഥ്, കാനേഷ് പൂനൂര്, എന്‍. പി. കോയ എന്നിവരുടേതാണു് വരികള്‍. കെ.ബാബുരാജ്, അക്‍ബര്‍ മുഹമ്മദ്, മുഹസിന്‍ കുരിക്കള്‍ എന്നിവരോടൊപ്പം ചില ഗാനങ്ങള്‍ക്കു് നിസ അസീസിയും സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നു.

ടി. പി.രാജീവന്റെ വരികള്‍ മിസ്റ്റിക്‍ പ്രണയത്തിന്റെ നിഗൂഢതകളില്‍ അലയുമ്പോള്‍, ആലങ്കോട് ലീലാകൃഷ്ണനും കാനേഷ് പൂനൂരും സ്നേഹത്തിന്റെ കേരളീയപരിസരം സൃഷ്ടിച്ചെടുക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ഗായകരുടേയും വഴികളിലൂടെ സഞ്ചരിച്ച ജമാല്‍ കൊച്ചങ്ങാടി പ്രണയത്തിന്റെ ഇലപൊഴിഞ്ഞ ശിശിരം പുനരാവിഷ്കരിക്കുന്നു. പ്രണയവിരഹത്തിന്റെ നിനവുകള്‍ അയവിറക്കുന്ന ജീവിതസായാഹ്നമാണു് എന്‍.പി.കോയയുടെ വരികളില്‍. ഗസലിനെ മലയാളത്തിന്റെ ഭൂമികയില്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളില്‍ നിസ അസീസിയുടെ ഈ ആല്‍ബം ഒരു നാഴികക്കല്ലാണു്.
എത്ര മധുരമായ് പാടുന്നു നീ
മലയാളം ഗസല്‍ ആല്‍ബം
ആലാപനം: നിസ അസീസി
പ്രസാധനം: മണ്‍സൂണ്‍ മ്യൂസിക്ക്, തിരൂര്‍. 676 101,
വില: 75 രൂപ

Subscribe Tharjani |