തര്‍ജ്ജനി

സുരേഷ്. എം. ജി

ഫോണ്‍: 9946915277
ഇ മെയില്‍‍: suresh_m_g@rediffmail.com

Visit Home Page ...

കഥ

സ്വാഗതം

നാട്‌ എന്നും ഒരാവേശമായിരുന്നു. മൂന്നു പതിറ്റാണ്ടത്തെ പ്രവാസജീവിതത്തിനു് അതിലൊരു മാറ്റവും വരുത്താനായില്ല.

ഒരു തൊഴിലിനായി മഹാനഗരത്തിലെത്തിയ നാളുകളില്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മ ഒരു ദുഃഖമായി തികട്ടിവരുമായിരുന്നു. പിന്നെപ്പിന്നെ ആ കനലില്‍ ചാരം മൂടുവാന്‍ തുടങ്ങി. നഗരത്തിന്റെ ഉഷ്ണത്തിലും വേഗതയിലും സ്വന്തം വയറെന്ന സത്യത്തെ തിരിച്ചറിയുവാനുള്ള ശ്രമത്തിന്റെ ചാരം. അപ്പോഴും വൈകിയെത്തുന്ന അച്ഛന്റെ കത്ത്‌ ആ ചാരത്തെ നീക്കുവാനും ഒട്ടൊന്നു് എരിയിക്കുവാനും സഹായിച്ചിരുന്നു. ആ കത്തില്‍ നാട്ടിലെ പൊടിമണ്ണുനിറഞ്ഞ വഴികള്‍ തെളിഞ്ഞിരുന്നു. തോട്ടിലെ വെള്ളം കുറയുന്നതും, മഴപെയ്തപ്പോള്‍ കുളത്തില്‍ വെള്ളത്തിനോടൊപ്പം പരല്‍മീനുകള്‍ കയറിയതും കാണാറുണ്ടായിരുന്നു. പൂരത്തിനു് ആരുടെ ആനയ്ക്കാണ്‌ തലപൊക്കമെന്ന തര്‍ക്കം മൂക്കുന്നത്‌ കാണാറുണ്ടായിരുന്നു. അവസാനം കണ്ടമ്പുള്ളി ബാലനാരായണനില്‍ തിടമ്പേറ്റിയെന്ന അച്ഛന്റെ വാചകത്തില്‍ സന്തോഷം സ്ഫുരിച്ചിരുന്നു.

അച്ഛന്റെ കത്തില്‍ പരാതികളോ പരിഭവങ്ങളോ ഉണ്ടാകാറില്ല. അച്ഛന്റെ കത്തില്‍ വീട്ടിലെല്ലാവര്‍ക്കും സുഖം. താഴാദികള്‍ ചേട്ടനെ അന്വേഷിക്കുന്നു. അമ്മയുടെ ശ്വാസം മുട്ടലിനു കുറവുണ്ട്‌. ഇപ്പോള്‍ മണ്ണാന്‍ രാവുണ്ണിവൈദ്യന്റെ തന്നെ ചികിത്സയാണ്‌. നല്ല ആശ്വാസം തോന്നുണ്ടത്രെ. രാവുണ്ണി കൈപ്പുണ്ണ്യമുള്ളവനാണ്‌. അച്ഛനും പ്രത്യേകാല്‍ വിശേഷങ്ങളൊന്നുമില്ല. തെങ്ങില്‍ കയറാനൊരാളെക്കിട്ടുവാനാണു് ബുദ്ധിമുട്ടു്. ഈ വേനലിലും കമുകിന്‌ അച്ഛന്‍ തന്നെ വെള്ളം തേവണം. വെറുതെയിരിക്കുവാന്‍ തോന്നുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നല്ലേ അച്ഛന്റെ ശിലം. നീയുണ്ടായിരുങ്കില് ഒരു സഹായമായിരുന്നു. അതാലോചിച്ച്‌ നീ വിഷമിക്കേണ്ട. നിന്റെ ആരോഗ്യം നല്ലവണ്ണം നോക്കണം. അന്യനാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാന്‍ ഒരു പക്ഷേ സമയമെടുക്കും. വെള്ളം ശ്രദ്ധിക്കണം. കുളി കഴിഞ്ഞാല്‍ തലയില്‍ രാസ്നാദി തിരുമ്മുവാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുവാന്‍ നിന്റെ അമ്മ പറഞ്ഞിരിക്കുന്നു.

അച്ഛന്റെ കത്തുവന്ന അന്നു് ഞാന്‍ മൂന്നു തവണയെങ്കിലും പങ്കജ്‌ ഉദ്ദാസിന്റെ ചിട്ടി ആയി ഹെ കേള്‍ക്കും. കണ്ണില്‍ വെള്ളം നിറയും.

പിന്നെപ്പിന്നെ അച്ഛനു പകരം മനോജായി കത്തെഴുതല്‍. അച്ഛന്റെ കയ്യിന്റെ തളര്‍ച്ച ഇന്നു് കുറച്ച്‌ കൂടുതലാണ്‌. അമ്മയ്ക്ക്‌ ശ്വാസം മുട്ടുണ്ടെങ്കിലും വേറെ വിശേഷങ്ങളൊന്നുമില്ല. ചേട്ടന്‍ വരുമ്പോള്‍ എനിക്ക്‌ ഒരു ജീന്‍സ്‌ കൊണ്ടുവരണം. ഇവിടെ നല്ലതൊന്നും കിട്ടില. കോളേജിലിപ്പോള്‍ എല്ലാവരും ജീന്‍സിട്ടാണു് വരുന്നത്‌.

കാലമേറേകഴിയും മുമ്പേ കത്തുകളുടെ പോക്കുവരവു നിലച്ചു. അച്ഛനോടും അമ്മയോടും നേരിട്ട് സംസാരിക്കുവാനുള്ള സൌകര്യങ്ങളായി. എത്ര ദിവസായി നെന്റെ ശബ്ദൊന്ന് കേട്ടിട്ടു്. നെണക്ക്‌ വല്ല അസുഖം ആവോ ന്ന്‌ പേടിച്ചു ഞാന്‍. നെന്റെ ശബ്ദം എടയ്ക്കൊക്കെ കേള്‍ക്കാന്‍ മാത്രല്ലെ നമ്മളീ കണക്ഷന്‍ അധികവെല കൊടുത്ത്‌ എട്ത്തത്‌. അപ്പൊ പിന്നെ സമയാസമയത്ത്‌ നീയ്യ് വിളിച്ചില്ല്യച്ചിങ്കി മനസ്സിന്‌ വല്യേ ഒരു അസ്കിത്യാ. അച്ഛന്‍ അത്‌ നെന്നോട്‌ നേരിട്ട്‌ പറയില്ല്യാന്നേള്ളൊ. അങ്ങേര്‍ടെ വെപ്രാളം ഞാനിവിടെ കാണണതല്ലേ. ഇനി സമയത്തിന് വിളിയ്ക്കണേ.

കാലത്തിന്റെ ഗതിവേഗം വാര്‍ത്താവിനിമയത്തെ കാത്തിരിപ്പിന്റെ അവസാനത്തിലെത്തുന്ന കത്തില്‍ നിന്നും മൊബെയില്‍ ഫോണിലേക്കെത്തിക്കുമ്പോഴേക്കും അച്ഛന്‍ യാത്രയായിരുന്നു. എന്നിട്ടും വീട്ടിലെ നമ്പര്‍ സ്ക്രീനില്‍ തെളിയുമ്പോള്‍, "അവന്‌ അസുകൊന്നുല്ല്യാലോ ന്ന് ചോദിയ്ക്ക്‌ ന്റെ ഭാന്വോ, ന്ന്ട്ടാവാം ബാക്കി വിശേഷം പറച്ചില്‌" എന്നൊരു ശബ്ദം പുറകില്‍ നിന്നും കേള്‍ക്കും പോലെ. അമ്മ നാട്‌ എന്ന ആവേശത്തെ അണയിക്കാതിരിക്കുവാന്‍ ആവതു ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. അന്യനാട്ടിലെത്തി, വിദേശിയെ വിവാഹം കഴിച്ച മകന്‍ നാടുമായുള്ള ബന്ധം പാടെ ഉപേക്ഷിക്കുമോ എന്നൊരു ശങ്ക അമ്മയ്ക്കുണ്ടായിരുന്നിരിക്കണം. വിവാഹിതനാകാനും അത്‌ സ്വന്തമിഷ്ടപ്രകാരമാകാനുമുള്ള തീരുമാനത്തെ അമ്മയെതിര്‍ത്തതുകൊണ്ടു മാത്രമായിരിക്കണം. എന്നാല്‍ "അവന്‌ സുഖാവണ പോലെ എന്താച്ചിങ്കി അവന്‍ ചെയ്യെട്ടെ ന്റെ ഭാന്വോ. വിവരോം പടിപ്പൂള്ള കുട്ടിയല്യേ അവന്‍" എന്നു് അച്ഛന്‍ അമ്മയെ ആശ്വസിപ്പിക്കുന്നത്‌ കേള്‍ക്കാമായിരുന്നു.

നാട്‌ എന്നും ഒരാവേശമായിരുന്നു. മുപ്പതു വര്‍ഷത്തെ അകല്‍ച്ച മനസ്സിലെ തീ കെടുത്തിയില്ല. അന്നു് പൊടിമണ്ണു നിറഞ്ഞു കിടന്നിരുന്ന വഴികളെ ടാറിന്റെ കറുത്ത ആവരണത്താല്‍ പുതപ്പിച്ചതും, പന്തുകളിക്കുവാനൂം, നാടകമഭിനയിക്കുവാനും സന്തോഷമരുളിയിരുന്ന ഒഴിഞ്ഞ ഇടങ്ങളില്‍ വര്‍ണ്ണമാളികള്‍ നിറഞ്ഞതും നാടിനെ നാടല്ലാതാക്കിയില്ല. വഴിയരികിലെ പാടശേഖരങ്ങള്‍ തെങ്ങിന്‍തോപ്പുകളായതും അവയ്ക്കിടയില്‍ ബഹളമയമായ സംഗീതം നിറയുന്ന വീടുകള്‍ മുളച്ചതും നാടിനെ നാടല്ലാതാക്കിയില്ല. നല്ല ചിറ്റിയേനിയുടേയും തവളക്കണ്ണന്റേയും ചോറുണ്ടു ശീലിച്ചിരുന്നിടത്ത്‌ ആന്ധ്ര അരിയുടെ ശുഭ്രത വയറു നിറയ്ക്കാതിരുന്നതും നാടിനെ നാടല്ലാതാക്കിയില്ല.

ഉദരം നിമിത്തമെന്ന മുഖാവരണത്താല്‍ ജീവിതം ദ്രുതതാളം കൊട്ടി കോമരം തുള്ളിച്ചപ്പോഴും നാട്‌ ഒരാവേശമായിരുന്നു. നാട്ടിലെ ഓണക്കാഴ്ചകള്‍ക്കും പള്ളിപ്പെരുന്നാളിനും ഒന്നുകൂടി സാക്ഷ്യം വഹിക്കുവാന്‍ പലപ്പോഴും മനം വെമ്പി. സാഹചര്യങ്ങളാല്‍ ബന്ധനസ്ഥനെന്നു് സ്വയം വിശ്വസിച്ച്‌ സ്വദേശമുപേക്ഷിച്ച്‌ അന്യദേശത്തെത്തി, മനസ്സിന്നിണങ്ങിയ വധുവിനെ കണ്ടപ്പോഴും ആദ്യം പറഞ്ഞത്‌ നാടിനെക്കുറിച്ചായിരുന്നു. അവര്‍ക്കും ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച്‌ ആവേശമായിരുന്നു.

നാട്ടിലേക്കുള്ള യാത്രകള്‍ തമ്മിലുള്ള ദൈര്‍ഘ്യം വര്‍ദ്ധിച്ചത്‌ ബോധപൂര്‍വ്വമായിരുന്നില്ലല്ലോ. നാട്ടില്‍ നിന്നുമുള്ള ദൂരം ആദ്യം വാളയാര്‍ ചുരം കടന്നു് ദേശത്തെ തൊട്ട മഹാനഗരങ്ങളിലൊന്നില്‍ എത്തീപ്പെടുവാനായെടുത്തിരുന്നത്‌ നാല്പതില്‍പരം മണിക്കൂറുകളായിരുന്നെങ്കില്‍, ഭൂമിയുടെ മറുഭാഗത്തായിട്ടും ഇത്‌ ഇരുപത്തിനാലു മണിക്കൂറായി ചുരുങ്ങിയത്‌ ശാസ്ത്രത്തിന്റെ വിജയങ്ങളില്‍ ഒന്നുമാത്രമാണെന്നും, അങ്ങിനെയങ്ങിനെ വിജയിച്ചു മുര്‍ ശാസ്ത്രത്തിന്നു മുന്നില്‍ ഗതകാലസ്മൃതികള്‍ നനവുള്ള നൊമ്പരങ്ങളായി നിലനില്ക്കട്ടെയെന്നും തീരുമാനിച്ചതും ബോധപൂര്‍വ്വമായിരുന്നില്ല. ഉഷ്ണം നിറച്ച്‌ ഉറഞ്ഞു തുള്ളിയിരു ജീവിതം ശ്രുതി മീട്ടി മധുരം വിളമ്പുവാന്‍ തുടങ്ങിയപ്പോഴും ആ നനവുള്ള നൊമ്പരങ്ങള്‍ മനസ്സിന്റെ കോണില്‍ ഒളിച്ചു കിടന്നു. എപ്പോഴെങ്കിലും അതൊന്നു പുറത്തു വരുമ്പോള്‍ വീണ്ടും പങ്കജ്‌ ഉദ്ദാസില്‍ ശരണം പ്രാപിച്ചു. അതിനെക്കുറിച്ചു കേട്ട്‌, ഉദ്ദാസിന്റെ ഭാഷയറിയാത്ത മക്കള്‍ ഒട്ടൊന്നു് ചിരിച്ചു. തപാല്‍ എന്ന പഴഞ്ചന്‍ രീതിയെ പരിഹസിച്ചു. സ്കൂള്‍ ക്യാമ്പ്‌ എന്ന ദൂരയാത്രയില്‍ പോകുമ്പോഴും അമ്മയുടെ മുഖം കണ്ട്‌ സംസാരിക്കുന്ന ഇവരെ ഞാനെന്തിനു കുറ്റപ്പെടുത്തണം.

അയല്‍ വക്കത്തു താമസിക്കുന്നത്‌ മനുഷ്യനോ മൃഗമോ എന്നറിയുവാന്‍ വര്‍ഷങ്ങളെടുക്കുന്ന സംസ്കൃതിയുടെ ഭാഗമായ ഇവര്‍ക്കെന്ത്‌ അയല്‍ക്കൂട്ടം. പുതിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളില്‍ ബാല്യം ഹോമിക്കുവാന്‍ വിധിക്കപ്പെട്ട ഇവര്‍ക്കെന്ത്‌ തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍. ഇത്‌ മറ്റൊരു ലോകമല്ലേ?

അവര്‍ക്കിതൊക്കെ ഡാഡിയുടെ നൊസ്റ്റാള്‍ജിക്‌ മെമ്മറീസ്‌ മാത്രം. ഈ ഡാഡിയ്ക്കു മാത്രമെന്താണിത്ര നൊസ്റ്റാള്‍ജിയ എന്നവര്‍ അവരുടെ അമ്മയോട്‌ ചോദിക്കുന്നതും അതിനുത്തരമേകാനാകാതെ അമ്മ പകയ്ക്കുന്നതും പലവട്ടം കണ്ടിട്ടുള്ളതാണല്ലോ? ഒരു പക്ഷേ ഡാഡി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്നതുകൊണ്ടാകാം എന്നുവരെ അവരുടെ അമ്മയപ്പോള്‍ സാന്ത്വനിപ്പിക്കുമായിരുന്നു.

പിന്നെയെപ്പോഴോ അവരരവരുടെ മുത്തശ്ശിയെ, ക്ഷമിക്കണം, ഗ്രാനിയെ കാണുവാനെത്തിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ പച്ചപ്പ്‌ കണ്ടത്ഭുതപ്പെടുന്നതിന്നും ദൃക്‍സാക്ഷിയായി. അന്നു് നാട്‌ ഒരഭിമാനമായി മനസ്സില്‍ വീണ്ടും നിറഞ്ഞു. തിരിച്ചുപോകുമ്പോള്‍ നമുക്കിവിടേയ്ക്ക്‌ ഇനിയും പിക്‍നിക് വരണമെന്ന ഭാര്യയുടെ നിര്‍ദ്ദേശം മനസ്സില്‍ തട്ടിയോ? ഒരു ദിനം, ഒറ്റയ്ക്കിരുന്നു് ആ യാത്രയുടെ മധുരസ്മരണകള്‍ അയവിറക്കിയിരുന്ന തന്റെയടുത്തുവന്നു് കുട്ടികളുടെ പഠിപ്പു കഴിഞ്ഞാല്‍ നമുക്കവിടെ ഒരു കൊച്ചു വീടുവച്ച്‌ സുഖമായി ജീവിക്കണമെന്ന നിര്‍ദ്ദേശം വന്നതും അവളില്‍ നിന്നു തന്നെ. കുട്ടികള്‍ ആവേശപൂര്‍വ്വം അതിനെ ശരിവച്ചപ്പോള്‍ നിറഞ്ഞ കണ്ണു തുടയ്ക്കുവാന്‍ അവള്‍ ആഗ്യം കാണിച്ചതിന്നും ഓര്‍ക്കുന്നു.

വര്‍ഷങ്ങള്‍ പിന്നേയും കൊഴിഞ്ഞപ്പോള്‍ അമ്മയുടെ രൂപം കണ്മുന്നില്‍ കണ്ട്‌ സംസാരിക്കാമെന്നായി. അതമ്മയ്ക്കും സന്തോഷമായിരുന്നു. നെന്റെ കുട്ട്യോളെ കൊറച്ച്‌ മലയാളം പഠിപ്പിക്കടാ, അല്ലാതെ ഞാനെങ്ങന്യാ അവരോടൊന്നു് സംസാരിക്ക്യാ എന്ന അമ്മയുടെ പരിഭവങ്ങള്‍ക്ക്‌ ഞാന്‍ പരിഭാഷക്കാരനായി വിരാമമിട്ടു. അപ്പോഴും നീയ്യെന്നാടാ ഇനി വരുന്നേ എന്ന അമ്മയുടെ ചോദ്യത്തിന്നും നാട്ടുവിശേഷങ്ങള്‍ക്കും മാത്രം മാറ്റമുണ്ടായില്ല.

നാടിനേയും നാട്ടുവഴികളേയും ഒരു കനലായി മനസ്സിലെരിയിക്കുവാന്‍ അമ്മയുടെ സ്നേഹം, നാട്ടിലേക്കെന്നു് എന്ന അമ്മയുടെ വാക്കുകള്‍ സഹായിച്ചിരിക്കണം. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറത്തിരുന്നും ക്ഷേത്രത്തിലെ പൂരം കൊടികയറുമ്പോഴും പള്ളിപ്പെരുന്നാളിനു് അമ്പെഴുന്നള്ളിക്കുമ്പോഴും അവിടെയോടിയെത്തുവാന്‍ മനസ്സു വെമ്പി. ഒരു മകരക്കൊയ്ത്തിനു കൂടി കുമാരേട്ടന്റെ കാളവണ്ടിയില്‍ കയറി പാടത്തുനിന്നും കൊയ്ത കറ്റ കരയ്ക്കെത്തിക്കുവാന്‍ ഒരാഗ്രഹം മനസ്സില്‍ മുളപൊട്ടിനിന്നു. വര്‍ഷം തിമര്‍ക്കുമ്പോള്‍ അമ്പലക്കുളത്തിലൊന്നു് ചാടിക്കുളിക്കുവാന്‍ ശരീരം വിയര്‍ത്തു. നാട്‌ ഒരാവേശമായി മനസ്സിലെരിയുക തന്നെയായിരുന്നു.

വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍ അമ്മ രോഗിയായതും അമ്മയുടെ ഓര്‍മ്മകളില്‍ ചിതലരിച്ചതും കാലചക്രത്തിന്റെ ലീലാവിലാസങ്ങള്‍ മാത്രമെന്നു് മനസ്സു സമാധാനിപ്പിച്ചുവെങ്കിലും അമ്മയുടെ ഓരത്തിരുനു് കോട്ടിയ പ്ലാവിലയില്‍ ഒരിറക്ക്‌ കഞ്ഞി കുടിയ്ക്കുവാന്‍ മനസ്സു തേങ്ങി. ഓടിയെത്തിയപ്പോഴേക്കും തന്നെപ്പോലും തിരിച്ചറിയാത്ത നിലയിലേക്ക്‌ അമ്മയെത്തിയിരുന്നു. അമ്മയെ ആ അവസ്ഥയില്‍ അധികം കണ്ടു നില്‍ക്കാനായില്ല. ആകാമായിരുന്നെങ്കില്‍ തന്നെ തന്റെ ഉത്തരവാദിത്വങ്ങളെന്നു സ്വയം വിശ്വസിച്ചു വശായ ജീവിതചര്യകള്‍ അതിനുവദിക്കുമായിരുന്നില്ല. അമ്മയെ അങ്ങിനെയിട്ടു പോരുമ്പോഴും ഓര്‍മ്മകളില്‍ അമ്മയ്ക്ക്‌ നിത്യയൌവ്വനമായിരുന്നു. ശ്വാസം മുട്ട്‌ അധികമായിരിക്കുമ്പോഴും "യ്ക്ക്‌ ഒ ന്റെ ഗോപന്റെച്ഛാ, നിങ്ങള്‍ അതാലോചിച്ച്‌ മനസ്സ്‌ വെഷമിയ്ക്കണ്ട. ആ കുട്ട്യോള്‍ക്ക്‌ എന്തെങ്കിലും വെച്ച്ണ്ടാക്കി കൊട്ക്ക്‌. അവരെ പട്ടിണി കെടത്തണ്ടാ. ഇത്‌ കൊറച്ച്‌ കഴിയുമ്പോ അങ്ങട്‌ മാറും." എന്നു് അച്ഛനെ അമ്മ ആശ്വസിപ്പിക്കാറുള്ള ഓര്‍മ്മകള്‍ കവിഭാവനയില്‍ മാത്രം കണ്ടിട്ടുള്ള സ്നേഹത്തിന്റെ ഉത്തമോദാഹരണമായി മനസ്സിനെ ത്രസിപ്പിച്ചിരുന്നു.

പിന്നെയൊരു ദിനം മൊബെയിലില്‍ "അമ്മ പോയി ചേട്ടാ" എന്ന അനുജന്റെ സ്വരം കേട്ടപ്പോള്‍ ദുഃഖം തോന്നിയോ എന്നറിയില്ല. മനസ്സ്‌ പെട്ടെന്നു് ശാന്തമായി. മനസ്സ്‌ എവിയൊക്കെയോ ഓടിനടന്നു. നാടും നാട്ടുവഴികളും, കൊയ്ത കറ്റയുമായെത്തുന്ന കൊയ്ത്തുകാര്‍ക്ക്‌ സമ്പാരം നല്‍കുന്ന അച്ഛനുമമ്മയുമെല്ലാം മനസ്സില്‍ വീണ്ടും ചിത്രങ്ങള്‍ നെയ്തു. "നീയ്ന്നാടാ വരണേ" എന്ന അമ്മയുടെ ചോദ്യം കാതില്‍ മുഴങ്ങി. "ആദ്യം അവന്‌ അസുഖൊന്നുമല്ലാലോന്നു് ചോദിയ്ക്ക്‌ ന്റെ ഭാന്വോ നീയ്യ്‌" എന്ന അച്ഛന്റെ സ്വരം വീണ്ടും കേട്ടു.

അമ്മയുടെ സഞ്ചയനശേഷം മാത്രമേ വീണ്ടുമെത്തുവാനായുള്ളു. പടികയറിയപ്പോള്‍ ആദ്യം തോന്നിയതു് അമ്മയും അച്ഛനും കിടക്കുന്നിടം ഒന്നു കാണണമെന്നതു തന്നെ. അവിടം നമസ്കരിച്ച്‌ പൂമുഖത്തെ ചാരുകസേരയിലിരുന്നു് ആരോടെന്തു ചോദിക്കേണ്ടു, എന്തു പറയേണ്ടു എന്നറിയാതിരുന്ന നിമിഷം. എല്ലാവരുടേയും ദ്യഷ്ടി എന്നിലായിരുന്ന നിമിഷം.

മരണവീട്ടില്‍ ഒരാഘോഷം നടക്കുന്ന പ്രതീതിയുണ്ടായിരുന്നു. പത്ത്‌ പതിഞ്ച്‌ ദിവസായി കുറേയാളുകള്‍ക്കു് എന്തെങ്കിലും ഉണ്ടാക്കിക്കൊടുത്തിേ‍' എ്‌ അകത്താരോ പരിഭവം പറയുന്നുണ്ടായിരുന്നു.

ചുറ്റിലും ദുഃഖത്തിന്റെ ആവരണം പൊതിയുമെ്‌ ഭയായിരിക്കണം തോടായി ആദ്യ ചോദ്യം വന്നു. സ്വരം അനുജന്റേതായിരുന്നു. "പത്ത്‌ പതിനഞ്ചൂസായി കുേ‍'്യ‍ാളൊക്കെ ഇത്ന്റകത്തെ‍ അടച്ചു പൂ'ി‍ ഇരിക്ക്യല്ലെ. അവര്‍ക്ക്‌ വല്ലാതെ ബോറടിച്ചൂത്രെ. അതോണ്ട്‌ കുേ‍'്യ‍ാളെം കൂ'ി‍ ഒ്‌ കറങ്ങി വാലോ ്‌ ആലോചിക്ക്യായിരുി‍. ചേ'നിനി വരൂ്‌ കരുതീല്ല്യ". ശബ്ദമൊന്നു നിന്നു. ഒന്നും മറുപടി പറയുവനോ ശബ്ദം വരുി‍ടത്തേയ്ക്ക്‌ തലപൊക്കി നോക്കുവാനോ തോി‍യില്ല. ഉത്തരമൊന്നും വരാതിരുതിനാലായിരിക്കണം അവന്‍ വീണ്ടും തുടര്‍ന്നു. "ചേ'നൊ പോണേ?"

ഞാന്‍ കേ'ത്‌ തെറ്റിയിരിക്കുമോ? ആയിരിക്കയില്ല. ഈ സ്വാഗതവാക്യം കേള്‍ക്കാതെ പ്രവാസിക്ക്‌ തന്റെ നാ'ു‍വഴികളിലൂടെ സഞ്ചരിക്കുവാനാകില്ലല്ലോ?

Subscribe Tharjani |
Submitted by Sreejith PS (not verified) on Sat, 2010-11-20 20:54.

Nostalgia is no more a good subject to write about.

Submitted by anish (not verified) on Sun, 2010-11-28 01:06.

ചതഞ്ഞ ഗൃഹാതുരതകൊണ്ട് പൂരിപ്പിക്കാനുള്ളതല്ല പ്രവാസിജീവിതം. എത്തിപ്പെട്ട പുതിയ ആകാശവും ഭൂമിയും നല്കുന്ന നിലയില്ലാത്ത അനുഭവങ്ങള്‍ തിരസ്കരിക്കുന്നവര്‍ക്ക് ഇതുപോലെ പൊള്ളയായ ഭാവനകള്‍ താലോലിക്കുകയേ വഴിയുള്ളൂ.

അനീഷ്