തര്‍ജ്ജനി

ശശികുമാര്‍. കെ

Visit Home Page ...

കവിത

കുരിശിനു ശേഷം

ക്രൂശിതനായവന്‍

ഇടതു നോക്കി ഇപ്രകാരം അരുളി ചെയ്തു;

ഇവന്‍ വലിയ കള്ളങ്ങള്‍ ചെയ്യുന്നവന്‍

നിന്ദിതനും പീഡിതനുമായവന്‍.

വലതു നോക്കി ഇപ്രകാരം അരുളി ചെയ്തു

ഇവന്‍ ചെറിയ കള്ളങ്ങള്‍ ചെയ്യുന്നവന്‍.

അപ്പോള്‍ ആകാശം കറുത്തിരുണ്ടു

മിന്നലുകള്‍ മുരണ്ടു

പേമാരി കൊഴുത്തു ഭൂമികൈയാളി

രക്തച്ചാലുകള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി

തീപിടിച്ച പാഠപുസ്തകങ്ങളില്‍

അന്ധാളിച്ച കുഞ്ഞുകണ്ണുകള്‍ പിടഞ്ഞു വീണു

രാത്രികളില്‍ വിദ്വേഷത്തിന്റെ തീപ്പന്തങ്ങള്‍

സ്നേഹനഷ്ടങ്ങളുടെ കയ്പ് ആവോളം മോന്തി

വിശപ്പ് തിന്ന് കൊതിതീര്‍ത്ത ശരീരങ്ങളില്‍
വീണ്ടും വീണ്ടും ആണികള്‍ തറയ്ക്കപ്പെട്ടു

പാപികളുടെ പാഴ്‍ക്കൂട്ടങ്ങളില്‍
നോഹയുടെ പേടകം പലതവണ മുങ്ങിത്താണു

വിപത്തിന്റെ പൂത്തിരികള്‍

കുരിശില്‍ അഭയം പ്രാപിച്ചവര്‍

വലിയകള്ളമോ ചെറിയ കള്ളമോ

എന്ന ചോദ്യമുരുവിട്ട്

ഭൂമി അനാഥയായി.

Subscribe Tharjani |