തര്‍ജ്ജനി

പുസ്തകം

മാര്‍കേസിന് ഒരു മുഖവുര

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍.വി.എം. ദിവാകരന്റെ പ്രിയപ്പെട്ട ഗാബോ: മാര്‍കേസിന്റെ ജീവിതകഥ എന്ന പുസ്തകത്തിന് എഴുതിയ എം. ടി. വാസുദേവന്‍നായര്‍ എഴുതിയ അവതാരിക.

സാമുവല്‍ റിച്ചാര്‍ഡ്‌സന്റെ പമേലയുടെ പ്രസിദ്ധീകരണം (1740) ഭാവനയുടെ വിപ്ലവത്തിന്റെ ആരംഭമായി സാഹിത്യചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ആദ്യത്തെ നോവല്‍ എന്ന സ്ഥാനം പമേലയ്ക്കാണ്. അതിനുമുന്‍പ് റൊമാന്‍സുകള്‍ പലതും വന്നുവെങ്കിലും നോവലിന്റെ തുടക്കം റിച്ചാര്‍ഡ്‌സണില്‍നിന്നാണ്. പമേലയും പിന്നീടു വന്ന ക്ലാരിസ്സയും വിഖ്യാതമായി. വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടു. പക്ഷേ, ഒരു നോവലിന്റെ പ്രസിദ്ധീകരണം ഒരു മഹാസംഭവമായി മാറുന്നത് 1761-ല്‍ റൂസ്സോയുടെ ജൂലിയ വന്നപ്പോഴാണ്. അതു വായിക്കാന്‍വേണ്ടി മാത്രം ഇംഗ്ലീഷുകാര്‍ ഫ്രഞ്ചു പഠിക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കു വാടക നിശ്ചയിച്ചാണ് വായനശാലകള്‍ പുസ്തകം കടംകൊടുത്തിരുന്നത്. ഇരുപതു വര്‍ഷത്തിനിടയ്ക്ക് ജൂലിയയുടെ എഴുപത്തിരണ്ടു പതിപ്പുകള്‍ വന്നു. അനധികൃതമായ പതിപ്പുകളിറക്കുന്ന വ്യാപാരവും അക്കാലത്താണ് തുടങ്ങിയതത്രെ.

ഒരു നോവല്‍ അദ്ഭുതപ്പിറവിയായിത്തീരുന്നത് പില്ക്കാലത്ത് 1970-ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കുമ്പോഴാണ്. കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് അതിനുമുന്‍പേ സ്പാനിഷ് സാഹിത്യത്തില്‍ ഇടംനേടിയിരുന്നുവെങ്കിലും അമേരിക്കയില്‍ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിച്ചപ്പോഴാണ് ലോകം മുഴുവന്‍ ആഹ്ലാദകരമായ ഒരു നടുക്കത്തോടെ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങുന്നത്. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഈ കാലഘട്ടത്തില്‍ ലാറ്റിനമേരിക്കയില്‍നിന്ന് വന്നു വലിയ സ്പാനിഷ് എഴുത്തുകാരാണ്. നോവലില്‍ മഹാസൗധങ്ങള്‍ തീര്‍ത്ത ബ്രസീലിന്റെ അമാദോവിന് പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയതുകൊണ്ടാവാം, സ്പാനിഷ് എഴുത്തുകാരോളം അംഗീകാരം കിട്ടിയില്ല. ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷയോടെ കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍കേസിന്റെ കൃതികളാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

തന്റെ കൃതികള്‍ കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് എന്നു മാര്‍കേസ് പറയുന്നുണ്ട്. കാര്‍ലോസ് ഫുവേന്തസ് അത് നേരത്തേ പറഞ്ഞതാണ്. വളരെ വിസ്തരിച്ചുതന്നെ. അവരുടെ രാജ്യങ്ങളിലെ ജീവിതത്തിലും ചരിത്രത്തിലും പല കൃതികളുടെ മുഖമുദ്രയായ മാജിക്കല്‍ റിയലിസത്തേക്കാള്‍ അദ്ഭുതകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഫുവേന്തസ് പറയുന്നു. അസ്തൂറിയാസും കാര്‍പ്പന്റിയറും മാര്‍കേസും എല്ലാം അവതരിപ്പിച്ച സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരാണ്. മെക്‌സിക്കോയിലെ മിലിറ്ററി ഡിക്‌റ്റേറ്ററായിരുന്ന സാന്‍താ ആന്നായ്ക്കു ഫ്രഞ്ചുകാരുമായുള്ള യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടമായി. അയാള്‍ അധികാരത്തിലെത്തിയപ്പോള്‍ എത്തിയപ്പോള്‍ വലിയ ആലഭാരത്തോടെ ആഘോഷപൂര്‍ണമായ പള്ളിച്ചടങ്ങുകളോടെ സൂക്ഷിച്ചുവെച്ചിരുന്ന കാല്‍ സെമിത്തേരിയില്‍ അടക്കംചെയ്തു. അധികാരം നഷ്ടപ്പെട്ടപ്പോള്‍ ജനങ്ങള്‍ പള്ളിവളപ്പില്‍നിന്ന് കാലെടുത്തു പുറത്തെറിഞ്ഞു. (ആശ്രിതരില്‍ ചിലര്‍ അത് സ്വകാര്യമായി സൂക്ഷിച്ചുവെച്ചു.) വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി കാലിന്റെ സംസ്‌കാരം നടത്തി.

വെനിസ്വേലയുടെ പ്രസിഡന്റ് വിന്‍സെന്റ് ഗോമസ് സ്വന്തം മരണം അഭിനയിച്ചു. സ്വേച്ഛാധിപതിയുടെ മരണത്തില്‍ ആഹ്ലാദിച്ച് ജനങ്ങള്‍ കൊട്ടാരപരിസരത്തില്‍ ആടുകയും പാടുകയും ചെയ്ത് ആഘോഷം നടത്തി. മരണം നടിച്ചുകിടന്ന പ്രസിഡണ്ട് എഴുന്നേറ്റുനിന്ന് അവരെയൊക്കെ വെടിവെച്ചുകൊല്ലാന്‍ കല്പിച്ചു. തന്റെ മരണത്തില്‍ ആരൊക്കെ ആഹ്ലാദിക്കുമെന്നറിയാനായിരുന്നു മരണനാടകം കളിച്ചത്. പിന്നീടയാള്‍ ശരിക്കും മരിച്ചപ്പോള്‍ ജനങ്ങള്‍ക്കു സംശയമായി. പതുക്കെപതുക്കെ കൊട്ടാരത്തില്‍ കയറി ചിലര്‍ പട്ടാളവേഷത്തില്‍ സിംഹാസനത്തിലിരുത്തിയ പ്രസിഡന്റിനെ തൊട്ടുനോക്കി, കുലുക്കിനോക്കി. മരണംതന്നെ എന്ന് ഉറപ്പു വരുത്തിയശേഷമാണ് അവര്‍ ആഘോഷം ആരംഭിച്ചത്. കെട്ടുകഥകളേക്കാള്‍ വിചിത്രമായ ചരിത്രസംഭവങ്ങള്‍. ഇതൊക്കെ പറഞ്ഞാല്‍ മറുനാട്ടുകാര്‍ക്ക് 'മാജിക്കല്‍ റിയലിസ'മാണെന്നു തോന്നാം, ഫുവേന്തസ് ഓര്‍മിപ്പിക്കുന്നു.

ഏണസ്റ്റ് ഹെമിങ്‌വേയ്ക്കു ശേഷം ഒരെഴുത്തുകാരന്‍ താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഇതിഹാസമായി മാറുന്നതു നാം കണ്ടത് മാര്‍കേസിന്റെ കാര്യത്തിലാണ്. പലപ്പോഴും അദ്ദേഹം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു. ലോസയുമായുള്ള വഴക്ക്, വീണ്ടും ലോഹ്യമാവല്‍ - ഒക്കെ വാര്‍ത്താപ്രാധാന്യം നേടി. അദ്ദേഹത്തിനു മഹാരോഗമാണെന്നും എഴുത്തു നിര്‍ത്തിയെന്നും ആരോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധകര്‍ ഒത്തുചേര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തി.

അത്രയൊന്നും ബുദ്ധിപരമായ അധ്വാനം ആവശ്യമില്ലാത്ത വിനോദങ്ങള്‍ ചുറ്റുപാടും പെരുകുമ്പോള്‍ എഴുത്തുകാര്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നു. പുതിയ മേഖലകളില്‍ സാഹസികയാത്രകള്‍ നടത്തുന്നു. സ്വന്തം ഭാവനാസമൃദ്ധിയും വിരുതുംകൊണ്ട് അവര്‍ വായനക്കാരെ അടുപ്പിക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്ക്കുന്നുവെന്ന് തെളിയിക്കുന്നു.

പക്ഷേ, സ്വന്തം വിരുതില്‍ അഭിരമിച്ച് അവര്‍ സ്വന്തം ഭവനങ്ങളില്‍ത്തന്നെ തടവുകാരാവുകയും ചെയ്‌തേക്കാം. സ്വന്തമായുണ്ടാക്കിയ രാവണന്‍കോട്ടയില്‍ (ലാബ്‌റിന്ത്) അതിവിദഗ്ധനായ ഗ്രീക്ക് വാസ്തുശില്പി ഡൈഡലസ് തടവുകാരനായതുപോലെ. ഇമ്മോര്‍ട്ടാലിറ്റിയില്‍ മിലന്‍ കുന്ദേരയുടെ ടെക്‌നിക് കണ്ട് അദ്ഭുതപ്പെട്ട നാം, സ്ലോനെസ്സില്‍ അതാവര്‍ത്തിച്ചു കണ്ടപ്പോള്‍ നിരാശപ്പെടുന്നു.

ഇത് മാര്‍കേസിന്റെ കാര്യത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. അദ്ദേഹം ഏതു വിഷയത്തെപ്പറ്റി എഴുതിയാലും നമുക്ക് ആഹ്ലാദകരമായ വായനയ്ക്കുള്ള അവസരമുണ്ടാക്കുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, കവി, ചലച്ചിത്രകാരന്‍, പത്രറിപ്പോര്‍ട്ടര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ഭുതകരമായി വിജയം വരിച്ച പ്രതിഭാശാലിയാണ് മാര്‍കേസ്.

1970-ല്‍ ആദ്യത്തെ അമേരിക്കന്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് ആദ്യം മാര്‍കേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ വൈദഗ്ധ്യമുള്ള ആന്‍തണി ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ സ്പാനിഷിലാണ് വായിച്ചത്. ഇംഗ്ലീഷ് വിവര്‍ത്തനം ഇറങ്ങിയ സമയമായിരുന്നു. എനിക്കൊരു കോപ്പി സമ്മാനിച്ച് ആന്‍തണി പറഞ്ഞു: 'ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന ഒരു മഹത്തായ കൃതി.'

സാഹിത്യപ്രണയിയായ ആന്‍തണി ബാണി പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് നാട്ടിലെത്തി പുസ്തകം സാവകാശത്തില്‍ വായിച്ചപ്പോള്‍ ബോധ്യമായി. രണ്ടു വര്‍ഷംമുന്‍പ് മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോര്‍സ് എന്ന ചെറുനോവല്‍ എന്റെ ഗ്രന്ഥശേഖരത്തിലെത്തിയപ്പോള്‍ അല്പം ആശങ്കയോടെയാണ് ഞാന്‍ വായിച്ചുതുടങ്ങിയത്. '70 തൊട്ട് എന്നെ അദ്ഭുതപ്പെടുത്തിയ കൈയടക്കവും മാസ്മരവിദ്യയും ഇപ്പോഴും അദ്ദേഹം ന്യൂനം വരാതെ നിലനിര്‍ത്തുന്നു എന്നു കണ്ട് ഞാന്‍ മനസാ ഈ വലിയ കഥാകാരനെ നമിച്ചു. മാര്‍കേസ് നമുക്കൊക്കെ സുപരിചിതനായ എഴുത്തുകാരനാണ്. ഒരു മറുനാടന്‍ എഴുത്തുകാരന് മുന്‍പൊരിക്കലും കിട്ടാത്ത ആദരവാണ് ഇവിടെ അദ്ദേഹത്തിനു കിട്ടിയത്. ഇവിടെ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും. അദ്ദേഹത്തിന്റെ ജീവിതകഥ മലയാളത്തില്‍ വരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ആര്‍.വി.എം. ദിവാകരന്‍ വേണ്ടത്ര വായനയും പഠനവും തയ്യാറെടുപ്പും നടത്തിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. മലയാളത്തില്‍ വരേണ്ട പുസ്തകംതന്നെയാണിത്. ദിവാകരന് അഭിനന്ദനങ്ങള്‍.

Subscribe Tharjani |