തര്‍ജ്ജനി

സിനിമയുടെ ആരൂഢം

അശ്വാരൂഢന്‍ റിലീസായത് 2006 ജൂണ്‍ 30നാണ്..കഴിഞ്ഞ പത്തുവര്‍ഷമായി മലയാളചലച്ചിത്ര രംഗത്തുള്ള, പരീക്ഷനങ്ങള്‍ ഒരുപാട് നടത്തിയിട്ടുള്ള ജയരാജാണ് സംവിധായകന്‍. എന്നിട്ടും കെട്ടിവച്ച് ആധാരം ബലമായി ഒപ്പിടുവിക്കുന്നതിലാണ് സിനിമയുടെ മര്‍മ്മം-പഴയ സങ്കേതമുപയോഗിച്ചാല്‍ ഗര്‍ഭസന്ധി- കുടികൊള്ളുന്നത്. അതു തന്നെ പഴയ ജയന്‍ സിനിമകളില്‍ വില്ലന്മാര്‍ ചെയ്തിരുന്ന അതേ പരിപാടി..അപ്പോള്‍ നമ്മള്‍ ബലമായി സംശയിക്കും. ഇതേതു നൂറ്റാണ്ട്? നമ്മളിപ്പോള്‍ ഏതു കാലത്താണ്? ഇതു മാത്രമല്ല, നമ്മളെ ഇങ്ങനെ കാലദിഗ്ഭ്രമങ്ങളില്‍ അകപ്പെടുത്താന്‍ ഒരു പാട് സൂത്രവേലകള്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. അടികൊള്ളുന്നതോടു കൂടി കോടതിയില്‍ വന്നു ഞാന്‍ സത്യം ബോധിപ്പിച്ചുകൊള്ളാം എന്നു ഒരു ഇടിയന്‍ പോലീസുകാരന്‍ ഉള്‍പ്പടെ നായകനോട് ഉണര്‍ത്തിക്കുന്നത് മറ്റൊന്ന്. സ്നേഹമയിയായ അമ്മ മകനെ തെറ്റിധാരനകൊണ്ട് തള്ളിപ്പറയുന്ന മലയാള സിനിമയിലെ പതിവു കാഴ്ച കൃത്യം മസാലച്ചേര്‍ത്ത് ഇതിലും പൊരിക്കുന്നുണ്ട്. നായിക സമരനായികയാണ്. പക്ഷേ കെട്ടുക്കഴിഞ്ഞതിനു ശേഷം, പതിവുപോലെ സുന്ദരിയായ പദ്മപ്രിയയ്ക്ക് സുരേഷ്ഗോപിയുടെ മുറിവ് സാരിത്തലപ്പു കൊണ്ടു തുടയ്ക്കുകയാണ് ജോലി. നാടുവാഴിപ്രഭുത്വം തിരിച്ചുവരുന്നതിനുള്ള സഹായസഹകരണങ്ങള്‍ നമ്മുടെ സിനിമാക്കാര്‍ ഏറ്റെടുത്തതു പോലെയുണ്ട്.. നരന്‍, പ്രജാപതി, ഇപ്പോള്‍ തെറ്റും ശരിയും നോക്കാത്ത അശ്വാരൂഢനും..ജനം കൂവുന്നതില്‍ കുറ്റം പറയാനാവില്ല, പേരിനെ സാര്‍ത്ഥകമാക്കാന്‍ പാവന്‍ നായകനെ കേറ്റിയിരുത്തിയ കുതിര അത്രയ്ക്ക് പൊയ്ക്കാലാണ്. തറയില്‍ വീണു തകരുന്നത് മലയാള സിനിമയുടെ ആരൂഢവും..എങ്കിലും ഒരു സംഭാഷണശകലം എനിക്കിഷ്ടപ്പെട്ടു..
“കണ്ണടച്ചുകൊണ്ട് ഇരുട്ടിലേയ്ക്കു പോകുന്നതെന്തിനാണു മാര്‍ത്താണ്ഡാ.. നീ തന്നെ ഇരുട്ടല്ലേ...”