തര്‍ജ്ജനി

മുഖമൊഴി

ജ്ഞാനപീഠം വീണ്ടും മലയാളത്തിനു്

ഒരിക്കല്‍ക്കൂടി ജ്ഞാനപീഠം മലയാളത്തിനു് ലഭിച്ചിരിക്കുന്നു. ഇത്തവണ കവിതയ്ക്കാണു്; ഒ. എന്‍. വി കുറുപ്പിന്റെ കവിതയ്ക്കു്. തനിക്കു് ലഭിച്ച ഈ പുരസ്കാരം മലയാളത്തിനും കവിതയ്ക്കുമാണു് എന്നു് വിനയാന്വിതനായി, ഒ. എന്‍. വി. 1965ല്‍ ആദ്യമായി ഈ പുരസ്കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ദേശീയതലത്തിലുള്ള ഈ പുരസ്കാരം മലയാള കവിതയ്ക്കായിരുന്നു, ജി.ശങ്കരക്കുറുപ്പിനു്. പിന്നീടു് ഒന്നര പതിറ്റാണ്ടിനു ശേഷമാണു് പുരസ്കാരം വീണ്ടും മലയാളത്തിനു് ലഭിക്കുന്നതു്, 1980ല്‍ എസ്. കെ പൊറ്റെക്കാട്ടിനു്. നാലു് വര്‍ഷത്തിനു് ശേഷം വീണ്ടും പുരസ്കാരം മലയാളത്തെ അനുഗ്രഹിച്ചു, 1984ല്‍ തകഴി ശിവശങ്കരപിള്ളയ്ക്കു്. പിന്നീട് ഈ പുരസ്കാരം തേടിയെത്തിയതു് എം.ടി. വാസുദേവന്‍നായരെയാണു്, 1995ല്‍. ഇപ്പോള്‍ ഒ. എന്‍.വിയ്ക്കു് ലഭിച്ചിട്ടുള്ളതു് 2007ലെ പുരസ്കാരമാണു്. ജി. ശങ്കരക്കുറുപ്പിനു് ശേഷം കവിതയ്ക്കു് ലഭിക്കുന്ന പുരസ്കാരം. ഇക്കാരണം കൊണ്ടാകാം പുരസ്കാരലബ്ധിയില്‍ തന്റെ പ്രതികരണം അറിയിക്കുമ്പോള്‍ ഇത് മലയാളത്തിനും കവിതയ്ക്കുമുള്ള പുരസ്കാരമാണെന്നു് ഒ. എന്‍. വി പറയുന്നതു്.

ദേശീയതലത്തില്‍ നല്കപ്പെടുന്ന പുരസ്കാരം എന്ന നിലയിലും വലിയ സമ്മാനത്തുകയുണ്ടെന്നതിനാലും ജ്ഞാനപീഠപുരസ്കാരത്തിനു് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തേക്കാളും പത്മപുരസ്കാരങ്ങളേക്കാളും നിറപ്പകിട്ടുണ്ടു്. ശ്രീ, ഭൂഷന്‍ എന്നെല്ലാമുള്ള പത്മപുരസ്കാരം പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറേപ്പേര്‍ക്കു് ഒരു വര്‍ഷം നല്കുമ്പോള്‍, ഒരു വര്‍ഷത്തില്‍ ഒരാള്‍ക്കുമാത്രം നല്കപ്പെടുന്നതിനാല്‍ പുരസ്കാരജേതാവില്‍ വെള്ളിവെളിച്ചം അതിന്റെ സമൃദ്ധിയില്‍ പതിയുന്നു. പക്ഷേ, പഴയ കാലത്തെ അപേക്ഷിച്ചു് ഇന്നു് ഈ പുരസ്കാരം അത്രത്തോളം തിളക്കമുള്ളതല്ല. സാഹിത്യത്തിനു് അന്തര്‍ദേശീയമായ പുരസ്കാരങ്ങള്‍ പലതും ഇന്ത്യന്‍ എഴുത്തുകാര്‍ക്കു് കിട്ടുന്നു. ബുക്കര്‍ പുരസ്കാരം മുതല്‍ നിരവധി അംഗീകാരങ്ങള്‍! അരുന്ധതി റോയിയും അരവിന്ദ് അഡിഗയും മറ്റും ഒരൊറ്റ പുരസ്കാരത്തിന്റെ തിളക്കത്തില്‍ തങ്ങളുടെ കാലത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരായി മാറുന്നു. ജ്ഞാനപീഠത്തിന്റെ വലുപ്പത്തിനു് കാരണമായിരുന്ന സമ്മാനത്തുകയാണെങ്കില്‍, ഇന്നു് ടി.വി ചാനലുകള്‍ നടത്തുന്ന സംഗീതമത്സരത്തിലെ സമ്മാനവുമായി താരതമ്യം ചെയ്യാന്‍ പോലും ആകാത്തവിധം ചെറുതുമായിക്കഴിഞ്ഞു. എങ്ങനെയായാലും ഇന്നും ഇന്ത്യന്‍ എഴുത്തുകാരെ മോഹിപ്പിക്കുന്ന പ്രഭാവലയം ജ്ഞാനപീഠത്തിനുണ്ടു്.

ജി. ശങ്കരക്കുറുപ്പിനു് ആദ്യപുരസ്കാരം നല്കിയതിനുശേഷം മലയാളകവിത വീണ്ടും സമ്മാനിതമാവുന്നതു് ഒ. എന്‍. വിയിലൂടെയാണു്. ഈ കാലയളവില്‍ പി. കുഞ്ഞിരാമന്‍നായര്‍, വൈലോപ്പിള്ളി എന്നിങ്ങനെ ഈ പുരസ്കാരത്തിനു് പരിഗണിക്കപ്പെടാതെപോയ കവികള്‍ മലയാളത്തിലുണ്ടു്. നോവലിസ്റ്റുകളായ എസ്. കെ. പൊറ്റെക്കാടിനും തകഴിക്കും എം.ടിക്കും ലഭിച്ച ഈ പുരസ്കാരം വൈക്കം മുഹമ്മദ് ബഷീറിനും മാധവിക്കുട്ടിക്കും ലഭിച്ചിട്ടില്ല. എഴുത്തുകാര്‍ എന്ന നിലയില്‍ അവരുടെ മഹത്വം തിരിച്ചറിയപ്പെടാതെപോയതിനാലാണു് ഇങ്ങനെ സംഭവിച്ചതു് എന്നു് പറയാനാവില്ല. പുരസ്കാരങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്ന ഈ ഒഴിവാക്കപ്പെടലിനു് ഏറ്റവും മികച്ച ഉദാഹരണം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണു്. മഹാത്മാഗാന്ധിക്കു് ലഭിച്ചിട്ടില്ലാത്ത ഈ സമ്മാനം നേടിയവരില്‍ എത്രയാളുകള്‍ ഗാന്ധിജിയെക്കാള്‍ മഹത്വപൂര്‍ണ്ണമായ സംഭാവന ലോകസമാധാനത്തിനു് നല്കിയവരാണു്? ആഗോളതലത്തില്‍ സമ്മാനിതരെ നിശ്ചയിക്കുമ്പോള്‍ സംഭവിക്കുന്ന വീഴ്ചയാണിതു്. പലതരം സമവാക്യങ്ങള്‍ പരിഗണിച്ചു നല്കപ്പെടുന്ന അംഗീകരണത്തില്‍ വിട്ടുപോയവര്‍ സമ്മാനിതരെ അപേക്ഷിച്ചു് ഒട്ടും ചെറിയവരല്ല. ഈ വിനയമാണു് തനിക്കു് ലഭിച്ച ഈ പുരസ്കാരം മലയാളകവിതയ്ക്കുള്ളതാണെന്നു് പറയാന്‍ ഒ. എന്‍. വിയെ പ്രേരിപ്പിക്കുന്നതു്.

ദേശീയതലത്തിലുള്ള ഇത്തരം പുരസ്കാരം മലയാളത്തിനു് ലഭിക്കുമ്പോള്‍ നമ്മുടെ സാഹിത്യം വായനാസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു. കൃതികള്‍ വിവര്‍ത്തനത്തിലൂടെ ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു് കടന്നുചെല്ലുന്നു. നിരൂപകശ്രദ്ധ നമ്മുടെ എഴുത്തുകാരില്‍ പതിയുന്നു. സ്വന്തം ഭാഷയിലെ സാഹിത്യവുമായി, പുതുതായി പരിചയപ്പെട്ട ഭാഷയിലെ സാഹിത്യം താരതമ്യം ചെയ്യാന്‍ വായനക്കാര്‍ക്കു് അവസരം ലഭിക്കുന്നു. സര്‍ഗ്ഗാവിഷ്കാരത്തിന്റെ മേഖലയിലെ വലുപ്പച്ചെറുപ്പങ്ങള്‍ തിരിച്ചറിയാന്‍ അതു് നമ്മെ സഹായിക്കാതിരിക്കില്ല.

Subscribe Tharjani |