തര്‍ജ്ജനി

സി.ശകുന്തള

Visit Home Page ...

കഥ

പുനര്‍ജ്ജനി

മുകളിലത്തെ രണ്ടാമത്തെ മുറിയില്‍ കിടന്നുറങ്ങാനായിരുന്നു ഇഷ്ടം. രണ്ടു് മുറികള്‍ രണ്ടു് ലോകങ്ങള്‍പോലെയാണു്. ആദ്യത്തെ മുറിയിലെ ജനാലകള്‍ മുന്‍ഭാഗത്തെ വഴിയിലേക്കും തെക്കുഭാഗത്തെ ചുടലയിലുമാണു് തുറക്കുന്നതു്. അതിനുള്ളിലേക്കു് കയറുമ്പോള്‍ത്തന്നെ വല്ലാത്ത വെപ്രാളം തോന്നും. നെഞ്ചു് പടപടാ മിടിക്കും. വല്യമ്മയുടെയും വല്യച്ഛന്റെയും കൂടെക്കഴിഞ്ഞ കുട്ടിക്കാലം മനസ്സിലേക്കു് തിക്കിത്തിരക്കിക്കയറിവരും. സ്നേഹിക്കുമ്പോള്‍തന്നെ വെറുക്കുകയയും വെറുക്കുന്നതിനോടൊപ്പം സ്നേഹിക്കുകയും ചെയ്യുന്ന അതിശയകരമായ കഴിവും മനസ്സിലുള്ളതിന്റെ നേരെ വിപരീതമായി കാര്യങ്ങള്‍ ചെയ്തു ഫലിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും ആദ്യം കണ്ടതു് വല്യമ്മയിലാണു്. ആദ്യമാദ്യം ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ, എല്ലാം തിരിച്ചറിയാമെന്നായി. പക്ഷെ, അപ്പോഴേയ്ക്കു് അതേ സ്വഭാവം ഉള്ളില്‍‍ വേരുപിടിച്ചുകഴിഞ്ഞിരുന്നു. വല്ലാത്തൊരു അത്ഭുതം തന്നെയാണതു് ! ഏറ്റവുമധികം വെറുത്ത കാര്യങ്ങള്‍ അവനവന്‍ തന്നെ ചെയ്യുക, അതിനെ ന്യായീകരിക്കുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാതിരിക്കുക ! കാലപ്രവാഹത്തില്‍ പുഴ വറ്റി, കരയും കരയിരുന്നേടം കടലുമാകുന്നില്ലേ? പിന്നെ ഇതിലെന്തത്ഭുതപ്പെടാനാണു്?

രണ്ടാമത്തെ മുറിയുടെ ജനലുകള്‍ പുറകിലെ വയലിലേക്കും വടക്കുഭാഗത്തെ വലിയ മൂവാണ്ടന്‍മാവിന്റെ ചില്ലകളിലേക്കുമാണു് തുറക്കുന്നതു്. വല്ലപ്പോഴും ലീവില്‍ വരുന്ന കുട്ടമ്മാവനെയോര്‍ക്കാതെ ആ മുറിയിലേക്കു് കയറാന്‍ പറ്റില്ല. ആരും സ്നേഹിക്കാനില്ലാത്ത ബാല്യം എന്ന സ്ഥിതിയുണ്ടാകാതിരുന്നതു് കുട്ടമ്മാവന്റെ മണിയാര്‍ഡറുകളുടെ പിന്‍ബലം കൊണ്ടാണെന്നു് നന്നായറിയാമായിരുന്നു. അകാലത്തില്‍ മരിച്ചുപോയ പെങ്ങളുടെ മകനുവേണ്ടി സ്വന്തം കാര്യങ്ങളൊക്കെ മാറ്റിവെക്കാന്‍ മടിക്കാതിരുന്ന കുട്ടമ്മാവനും വല്യമ്മയും ഒരേ വയറ്റില്‍ പിറന്നതെങ്ങനെയെന്നു് ആലോചിച്ചാല്‍ ഇന്നും ഉത്തരം കിട്ടില്ല. മണിയോര്‍ഡര്‍ ഫോമിന്റെ അടിയില്‍ ഇതില്‍ നൂറു് രൂപ അപ്പുവിന്റെ ചെലവിലേക്കാണു് എന്നതു് ദഹിക്കാതെ കുത്തുവാക്കുകളിലൂടെ കണക്കുപട്ടിക നിരത്തി "ങ്ഹൂം, അവനു് മാത്രൊന്ന്വല്ല അപ്പൂന്റെ കാര്യത്തില് ശ്രദ്ധ" എന്നു് സ്വയം ന്യായീകരിച്ചു് "എത്ര്യായാലും, ന്റ്യെ നിയത്തി തന്ന്യാ ഓളു്" എന്നു് ഉറക്കെ പറഞ്ഞു്, "മുട്ടിന്റെ വേദന ഇനീം മാറീട്ട്‍ല്ല്യ കൂട്ടീനെ കാലുമ്മലു് തലേണ വെച്ചു് കുലുക്കിക്കുലുക്കി ഒറക്കീട്ട്" എന്നു് പരിഭവിച്ചു് - പരിഭവങ്ങളും ന്യായീകരണങ്ങളും നിരത്തുന്നതിനിടയില്‍ അപ്പൂ എന്നു് വലിയ സ്നേഹത്തില്‍ വിളിക്കുകയും ചെയ്യും. അതോ സത്യം, ഇതോ സത്യം എന്നു് വേര്‍തിരിച്ചറിയാനാവാതെ അപ്പുവെന്ന നാലുവയസ്സുകാരന്‍.

കുട്ടമ്മാവന്‍ ലീവില്‍ വരുമ്പോള്‍ ഈ മുറിയിലാണു് ഉറക്കം. രാത്രി വടക്കുഭാഗത്തെ ജനലുകളും കിടയ്ക്കക്കടുത്തുള്ള പടിഞ്ഞാറുഭാഗത്തേയ്ക്കുള്ള ജനലുകളും തുറന്നിട്ടേ കിടക്കൂ. മൂവാണ്ടന്‍മാവിന്റെ കൊമ്പുകളില്‍ നിറയെ പലതരം പക്ഷികളുടെ കൂടാണു്. ഇടയ്ക്കുണരുമ്പോള്‍ ചിറകു് കുടയുന്നതിന്റെയും മൂങ്ങകളോ മറ്റോ വന്നാലുള്ള കലപിലയുടേയും ബഹളം കേള്‍ക്കാം. നേരം വെളുത്തു് മാവിന്‍ചുവട്ടില്‍ ചെന്നുനോക്കും, വല്ല കിളിക്കുഞ്ഞോ കൂടോ താഴെ വീണിട്ടുണ്ടാകണേ എന്നാണു് പ്രാര്‍ത്ഥന. പക്ഷേ, ഒന്നുമുണ്ടാവില്ല. പല നിറങ്ങളിലുമുള്ള, പല വലുപ്പത്തിലുള്ള ഒരുപാടു് തൂവലുകളുണ്ടാകും. അതൊക്കെ പെറുക്കിയെടുത്തു് കൊണ്ടുവന്നു് കുട്ടമ്മാവന്റെ കൈയില്‍ കൊടുക്കും. പഴയ നോട്ടുപുസ്തകത്തില്‍ എല്ലാം വൃത്തിയായി ഒട്ടിച്ചു് പേരെഴുതി നല്ല ഒരാല്‍ബമുണ്ടാക്കി കൂട്ടുകാരുടെ മുമ്പില്‍ ഞെളിഞ്ഞുനില്ക്കാന്‍ സഹായിച്ചതു് കുട്ടമ്മാവനാണു്. കുട്ടമ്മാവന്‍ എവിടെയാണു് മറഞ്ഞുപോയതു്? അതിര്‍ത്തിയില്‍ യുദ്ധംതുടങ്ങി മൂന്നാഴ്ചകഴിഞ്ഞു് ഒരു കത്തു് വന്നതോര്‍മ്മയുണ്ടു്. പിന്നെ ആളെ കാണാനില്ല എന്ന അറിയിപ്പിന്റെ വേദനയാണറിഞ്ഞതു്. പാകിസ്താന്‍ ജയിലിലാണെന്നും, അല്ല മരിച്ചുപോയിക്കാണുമെന്നും, അതല്ല യുദ്ധത്തില്‍ നിന്നോടിപ്പോയതാവുമെന്നും - പലരും പലതും പറഞ്ഞു. വലിയ ട്രങ്കുപെട്ടിയിലെ സാധനങ്ങള്‍ ഇടയ്ക്കെടുത്തുനോക്കും. നെഞ്ചോടുചേര്‍ത്തു് കെട്ടിപ്പിടിച്ചു് കിടക്കുമ്പോഴനുഭവിച്ച സുരക്ഷിതത്വം ഇന്നുമനുഭവിക്കാനാവുന്നുണ്ടു്- ഈ എഴുപത്തിരണ്ടാം വയസ്സിലും! ഇടിവെട്ടുമ്പോള്‍ കുട്ടമ്മാവന്‍ വീട്ടിലുണ്ടെങ്കില്‍ ഒരു പേടിയും തോന്നില്ല, തനിക്കു് ഒന്നും പറ്റില്ല എന്നായിരുന്നു വിശ്വാസം. തമാശതോന്നും- ഇടിവെട്ടുമ്പോള്‍ കുട്ടമ്മാവനുണ്ടായിരുന്നെങ്കില്‍ എന്നു് പലവട്ടം സരിതയോടു് പറഞ്ഞിട്ടുണ്ടു്. അവള്‍ക്കതു് മനസ്സിലാക്കാന്‍ കഴിയാറുള്ളതുകൊണ്ടു് ഒന്നും പറയില്ല, വെറുതെ ചിരിക്കും. അതു തന്നെ വലിയ ഭാഗ്യം. അവനവന്‍ പറയുന്നതു് മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ ഭാര്യയായി കിട്ടുമെന്നു് പ്രതീക്ഷിച്ചതല്ല. എന്നിട്ടും അങ്ങനെയൊരാനുകൂല്യം വിധി തന്നു. പിന്നീടനുഭവിച്ച തിരിച്ചടികളില്‍ ഇങ്ങനെയൊരാള്‍ക്കു് ആശ്വാസം തരാനാവുമെന്നു് ദൈവത്തിനു് തോന്നിക്കാണും.

എന്നിട്ടും ഈ കാര്യത്തില്‍ സരിത ഒപ്പം നില്ക്കുന്നില്ലല്ലോ എന്നു് വിഷമം തോന്നുന്നു. വീടു് വേറെയുണ്ടാക്കാം, അതിനു് വേണ്ടത്ര സ്ഥലം തൊടിയിലുണ്ടു്. ഈ മാവു് മുറിച്ചു് മുകളിലെ മുറികള്‍ പൊളിച്ചിറക്കി താഴത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നീട്ടി സൌകര്യപ്പെടുത്തണമെന്നാണു് നിതയ്ക്കു്. അതിനു് എതിരു നില്ക്കണമെന്നു് ഗോപനു് താല്പര്യമുണ്ടാവില്ല എന്നതറിയാം. പക്ഷേ സുദീപിനും അതിലൊരെതിര്‍പ്പും തോന്നാത്തതാണത്ഭുതം! മക്കളുടെ ഇഷ്ടം നടക്കട്ടെ എന്നാവും സരിതയ്ക്കും. “സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമല്ലേ, ആകെ പൊളിച്ചുകളയാനൊന്നും ഞങ്ങള്‍ പറഞ്ഞില്ലല്ലോ" എന്നിത്തിരി കനത്തിലാണോ മക്കള്‍ പറഞ്ഞതു്?

പൊളിക്കാന്‍ ആളെത്തുന്നതിനു് മുമ്പു് ഒന്നുകൂടി കയറിനോക്കിയതാണു്. മൂവാണ്ടന്‍മാവിന്റെ ചില്ലകളില്‍ അഞ്ചെട്ടു് കൂടുകളെങ്കിലുമുണ്ടാകും. കൂടു് താഴെ വീഴണേ എന്നു് കൊതിച്ച കുട്ടിക്കാലത്തുനിന്നു് എത്ര ദൂരത്തിലാണിപ്പോള്‍ ! വാര്‍ദ്ധക്യത്തിന്റെ അവശതകളില്‍, നിവര്‍ന്നു് നിന്നു് ഉറച്ചൊന്നും പറയാനാവാത്ത നിസ്സഹായതയില്‍ പണ്ടു് പ്രാര്‍ത്ഥിക്കാന്‍ മടിച്ചിരുന്ന ദേവന്മാരുടെ നേര്‍ക്കു് യാചനാപൂര്‍വ്വം മനസ്സു് പാഞ്ഞുചെല്ലുന്നു-

ജനലഴികളില്‍ നെറ്റിയമര്‍ത്തി കണ്ണടച്ചു് എത്രനേരം നിന്നുവെന്നറിയില്ല. കണ്ണു് നിറയുന്നതു് ആരെയും കാണിക്കാനിഷ്ടമില്ലാത്തതുകൊണ്ടു് വിങ്ങലമര്‍ത്തിപ്പിടിച്ചങ്ങനെ നില്ക്കുകയായിരുന്നു. വയറില്‍ ചെറിയൊരു കൊളുത്തിപ്പിടുത്തവുമായി തുടങ്ങിയ അസ്വസ്ഥത വലിയ വേദനയായി നെഞ്ചിനെ ഞെരുക്കുന്നതിനിടയില്‍ പെട്ടെന്നു് തൂവല്‍പോലെ കനം കുറഞ്ഞുവന്നതു് ഓര്‍മ്മയുണ്ടു്. കണ്ണുതുറക്കുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സരിതയും നിതയും- വേവലാതിയോടെ ആണ്‍മക്കള്‍- "മുത്തച്ഛാ, മുത്തച്ഛനു് വയ്യേ" എന്ന പരിഭ്രമത്തോടെ അച്ചുവും അമ്മുവും-

“അച്ഛന്റെ ഇഷ്ടം പോലെ മതി"- അടുത്തിരുന്നു് കൈയെടുത്തു് മടിയില്‍വെച്ചു് പതുക്കെ പറഞ്ഞതു് ഗോപനോ സുദീപോ? കണ്ണടഞ്ഞുപോകുന്നു- നിറയെ കായ്ചുനില്ക്കുന്ന മൂവാണ്ടന്‍മാവിന്റെ ചില്ലകളില്‍ എത്രകൂടുകളാണു് ! എങ്ങും കിളികളുടെ ചിലപ്പു് ! കാറ്റില്‍ പാറിവീഴുന്ന പലവര്‍ണ്ണത്തിലുള്ള തൂവലുകള്‍ ! ഇല്ല .......... ഒറ്റ കിളിക്കൂടും താഴെ വീണിട്ടില്ല ............

Subscribe Tharjani |
Submitted by Seema Menon (not verified) on Thu, 2010-10-14 01:06.

കിളിക്കൂടുകളൊന്നും താഴെ വീഴാതിരിക്കട്ടേ! നന്നായിരിക്കുന്നു കഥ, മുമ്പത്തെ കഥകളുടെ അത്ര ഇഷ്ടപ്പെട്ടില്ല എന്നതു എന്റെ മാത്രം അഭിപ്രായം .

Submitted by K.R.HARI (not verified) on Sat, 2010-10-23 12:16.

THARJANI YILE PUNARJANI VAYICHHU. KOLLAM. EXPECT MORE.

HARI