തര്‍ജ്ജനി

സുരേഷ് ഐക്കര

54,ഒന്നാം നില,
റവന്യൂ ടവര്‍,
തിരുവല്ല-689101
ഫോണ്‍: :9447595329
ബ്ലോഗ്:www.suresh-aykara.blogspot.com

Visit Home Page ...

സിനിമ

സായന്തനം

തിരക്കഥ

1
റോഡിലൂടെ നടന്നുവരുന്ന വൃദ്ധനായ അച്യുതന്‍നായരും യൂണിഫോമിട്ട കൊച്ചുകുട്ടി അമ്മുവും.അവളുടെ ഭാരമേറിയ സ്കൂള്‍ബാഗ് അയാള്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്.
വീടെത്താറായതിന്റെ സന്തോഷത്താല്‍ അമ്മു അയാളുടെ കൈ വിടുവിച്ച് ഓടുന്നു. സിറ്റ്‌ഔട്ടില്‍ കയറിനിന്ന് തിരിഞ്ഞുനോക്കി തുള്ളിച്ചാടിക്കൊണ്ട് അമ്മു:

അമ്മു: ഇന്നും അപ്പൂപ്പനെ തോപ്പിച്ചേ...........

അച്യുതന്‍നായര്‍ മന്ദഹസിക്കുന്നു.

അമ്മു: ഈ അപ്പൂപ്പനൊട്ടും സ്പീഡില്ല.

അയാള്‍ ബാഗ് താഴെ വെച്ച് പോക്കറ്റില്‍നിന്നും താക്കോലെടുത്ത് കതകു തുറക്കുന്നു. അമ്മു ആദ്യം അകത്തേക്ക്.

2
അടുക്കളയില്‍നിന്നും പലഹാരങ്ങളെടുത്ത് ഡൈനിംഗ്‌ടേബിളില്‍ കൊണ്ടുവന്നുവെയ്ക്കുന്ന അച്യുതന്‍നായര്‍.
ഒരു കോമിക് ബുക്കുമായി കഴിക്കാനിരിക്കുന്ന അമ്മു.
സമീപം മറ്റൊരു കസേരയില്‍ വന്നിരിക്കുന്ന അയാള്‍ അവളെ നോക്കുന്നു.

അച്യുതന്‍നായര്‍: കഴിക്കുമോളേ.അച്ഛനുമമ്മേം വരാറായി.
അമ്മു: (അലക്ഷ്യമായി) അവര് ഫൈവ് തേര്‍ട്ടിക്കല്ലേ വരൂ.

വീണ്ടും പുസ്തകത്തിലേക്കു ശ്രദ്ധിച്ച് യാന്ത്രികമായി ഭക്ഷണം കഴിക്കുന്ന അമ്മു.

3
വീട്ടിനകത്തേക്ക് കയറി വരുന്ന സുധാകരനും ശ്യാമളയും.ഓഫീസില്‍നിന്നും വരുന്ന വേഷവിധാനങ്ങള്‍.
ടി.വി.യിലെ കാര്‍ട്ടൂണ്‍ കണ്ടിരിക്കുന്ന അമ്മുവിന്റെ കയ്യില്‍നിന്നും ദേഷ്യത്തില്‍ റിമോട്ട് പിടിച്ചു വാങ്ങുന്ന ശ്യാമള.

ശ്യാമള: (ദേഷ്യത്തോടെ) ഹോംവര്‍ക്ക് ചെയ്യാനുള്ള നേരത്ത് ഓരോ കോപ്രായം കണ്ടോണ്ടിരുന്നോളും (തിരിഞ്ഞ് സെറ്റിയിലിരിക്കുന്ന അച്യുതന്‍‌നായരെ നോക്കി കുറ്റപ്പെടുത്തും മട്ടില്‍) അച്ഛനൊരു ശ്രദ്ധേമില്ല.
അച്യു.നായര്‍: അവളിച്ചിര വിശ്രമിക്കട്ടെ ശ്യാമളേ.
ശ്യാമള: നന്നായി. അച്ഛന്റെ കാലമൊന്നുമല്ല ഇത്, കളിച്ചു നടക്കാന്‍
അച്യുതന്‍നായര്‍ മുഖം താഴ്ത്തുന്നു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ സുധാകരന്‍ അകത്തേക്ക്.

4
ഡൈനിംഗ് ടേബിളിലിരിക്കുന്ന ഫ്ലാസ്കില്‍നിന്ന് കപ്പിലേക്ക് ചായ പകരുന്ന സുധാകരന്‍.സമീപം ശ്യാമളയുമുണ്ട്. ഇരുവരും വേഷം മാറിയിരിക്കുന്നു.
ചായ മൊത്തുന്ന സുധാകരന്റെ മുഖത്ത് ദേഷ്യഭാവം.

സുധാകരന്‍: കടുപ്പോമില്ല, മധുരോമില്ല.
ശ്യാമള: (നീരസത്തോടെ) എത്ര പറഞ്ഞാലും അച്ഛനു മനസിലാവില്ലെന്നുവെച്ചാല്‍ ....

നിസ്സഹായനായ അച്യുതന്‍നായരുടെ മുഖം.

5
രാത്രി.
സിറ്റ്‌ഔട്ടിലെ ചാരുകസേരയില്‍ കിടക്കുന്ന അച്യുതന്‍നായര്‍ കാലു തടവുന്നു. നല്ല വേദനയുണ്ടെന്ന മുഖഭാവം.
അവിടേക്കു വരുന്ന ശ്യാമള.

ശ്യാമള: അച്ഛനൊന്നു മെഡിക്കല്‍‌സ്റ്റോറുവരെ പോണം.സുധേട്ടന് വല്ലാത്ത തലവേദന. ടാബ്‌ലറ്റ്സ് മേടിക്കാന്‍ മറന്നു.

അച്യുതന്‍നായര്‍ വയ്യാതെ എണീക്കുന്നു.

ശ്യാമള: (മൂക്കുപൊത്തി അസഹ്യതയോടെ) ഇന്നും അച്ഛനിവിടെങ്ങും നോക്കിയില്ലേ? എത്ര ദിവസമായി ഞാന്‍ പറേന്നതാ. ഈ നാറ്റം സഹിക്കാന്‍ വയ്യാണ്ടായി.
അച്യു.നായര്‍: ഇന്നു ഞാനെല്ലാടോം അടിച്ചുവാരി നോക്കിയതാ. ഒന്നും കണ്ടില്ല.

അകത്തുനിന്നും അമ്മുവിന്റെ ശബ്ദം:
ശബ്ദം: എനിക്കു നാറ്റമൊന്നുമില്ലല്ലോ. അച്ഛനുമമ്മയ്ക്കും മാത്രമൊരു നാറ്റം!
ശ്യാമള: പടിക്കുമ്പളും മറ്റുള്ളോരു വായനക്കുന്നെടത്താ അവടെ ശ്രദ്ധ. മിണ്ടാതിരുന്നു പടിക്കെടീ.
അച്യു.നായര്‍: എനിക്കും ദുര്‍‌ഗന്ധമൊന്നും തോന്നുന്നില്ല മോളേ.
ശ്യാമള: ജലദോഷമല്ലേ, മൂക്കടച്ചതോണ്ടാരിക്കും.

കയ്യിലെ കുറിപ്പും പണവും ശ്യാമള അച്ഛനു കൊടുക്കുന്നു.അരമതിലില്‍ ഇരുന്ന ടോര്‍‌ച്ചെടുത്ത് അച്യുതന്‍നായര്‍ മുറ്റത്തേക്കിറങ്ങുന്നു.

6
ഇരുള്‍ വീണ വഴിത്താരയിലൂടെ അകന്നു പോകുന്ന ടോര്‍ച്ചുവെളിച്ചം. കത്തുകയും കെടുകയും ചെയ്യുന്ന വെട്ടം. ഇരുളും വെളിച്ചവും മാറി മാറി കാണാം.

7
അകത്തേക്കു കയറി വരുന്ന അച്യുതന്‍നായര്‍ മരുന്നും ബാക്കി ചില്ലറയും ശ്യാമളയെ ഏല്പിച്ച് തിരിഞ്ഞു നടക്കുന്നു.

അകത്തുനിന്ന് സുധാകരന്റെ ശബ്ദം:
ശബ്ദം: ദാ ഇപ്പം പിന്നേം തൊടങ്ങി ആ നാറ്റം.
ശ്യാമള: ശരിയാ.ഇത്രേം നേരമില്ലാരുന്നു. ഇതെന്തൊരു കൂത്താണോ എന്തോ!

അച്യുതന്‍നായരുടെ മുഖം.
പഠനമുറിയില്‍‌നിന്നും അമ്മു വിളിച്ചു പറയുന്നു:

ശബ്ദം: എനിക്കിപ്പളും തോന്നുന്നില്ലല്ലോ അമ്മേ.
ശ്യാമള: നിന്നോടാരെങ്കിലും ചോദിച്ചോ? അവിടിരുന്നു പടിക്കെടീ.

വിവര്‍ണ്ണമാകുന്ന അച്യുതന്‍നായരുടെ മുഖം. ആഴമേറിയ വിഷാദത്താല്‍ ആ മുഖം ദയനീയമാകുന്നു. ക്രമേണ എന്തോ തീരുമാനിച്ചുറച്ച ഭാവം കൈവരുന്നു.

അച്യു.നായര്‍: ശരിയാ മോളേ, എനിക്കും തോന്നുന്നുണ്ട് ആ നാറ്റം.. സാരമില്ല, ഞാനതു മാറ്റിത്തരാം.

8
രാത്രി.
ഇരുട്ടിന്റെ പ്രളയം.
അച്യുതന്‍നായര്‍ ശബ്ദമുണ്ടാക്കാതെ കിടക്കയില്‍ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് വാതില്‍ തുറന്ന് സിറ്റ്‌ഔട്ടിലേക്കിറങ്ങുന്നു.
ഒരു നിമിഷം തിരിച്ചുവന്ന് ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ച് വാതില്‍ പുറത്തുനിന്നും അടയ്ക്കുന്നു.
പിന്നെ, തിരിഞ്ഞുനോക്കാതെ കനത്ത ഇരുട്ടിലേക്ക് അയാള്‍ ഇറങ്ങുന്നു.
അയാളുടെ മുമ്പില്‍ ഇരുട്ടിന്റെ വഴിത്താര. രാപ്രാണികളുടെ നിലയ്ക്കാത്ത കലമ്പല്‍.
ഇരുളിന്റെ മഹാസമുദ്രത്തില്‍ ലയിക്കുന്ന അച്യുതന്‍നായര്‍............................................

Subscribe Tharjani |