തര്‍ജ്ജനി

സി . ശകുന്തള

Visit Home Page ...

കഥ

രംഗം അതേ രാത്രി തന്നെ

``ഇക്കാണുന്നതൊന്നും സ്വപ്‌നമല്ലല്ലോ, അല്ലേ ? '' അഴിഞ്ഞുലഞ്ഞ മുടി ഒന്നു കുടഞ്ഞു് ഉയര്‍ത്തിക്കെട്ടുന്നതിനിടയില്‍ അവള്‍ ചോദിച്ചു. സോപ്പിന്റെയോ ഷാമ്പൂവിെയോ കളര്‍പ്പില്ലാത്ത, വിയര്‍പ്പിന്റേതോ ദേഹത്തിന്റേതോ എന്നു് തിരി്ചറിയാനാകാത്ത കൊതിപിടിപ്പിക്കുന്ന ഒരു ഗന്ധം അയാളുടെ സകലകോശങ്ങളിലേക്കും അരിച്ചു കയറി. സ്വപ്‌നമോ വിഭ്രാന്തിയോ എന്നു വേര്‍പെടുത്തിയെടുക്കാനാവാത്ത വിധത്തില്‍ നിസ്സഹായ അയാളെ ചൂഴ്ന്നുനിന്നു.

അതു് അയാളുടെ കിടപ്പുമുറി തന്നെയായിരുന്നു ചുവരില്‍ അയാളുടെ മൂത്തമകന്‍ കുട്ടിയായിരുന്നപ്പോള്‍ ഭാര്യയുടെ കൂടെയെടുത്ത ചെറിയഫോട്ടോ ഫ്രെയിം ചെയ്തു് തൂക്കിയിരുന്നു. മകന്റെ കണ്ണുകളിലെ വിസ്മയവും ഭാര്യയുടെ കണ്ണുകളിലെ സന്തോഷവും വര്‍ഷങ്ങള്‍ക്കു പിന്നിലെ ആ രാത്രിയിലേക്കു് അയാളെ വലിച്ചുകൊണ്ടുപോയി. പ്രസവം കഴിഞ്ഞു് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ ഡല്‍ഹിയില്‍ നിന്നു് ഒരാഴ്ചത്തെ ലീവില്‍ അയാള്‍ നാട്ടിലെത്തിയതിനു് തൊട്ടു പിറ്റേന്നായിരുന്നു അതു്. പോകുന്നതിനു് മുമ്പു് അമ്മയുടെ തറവാട്ടിലൊന്നു പോകണം എന്നുള്ള അവളുടെ ആഗ്രഹം സാധിപ്പിക്കാന്‍ യാത്ര മടുപ്പായിട്ടും ആല്പതുനാഴിക കാറോടിച്ചു് തറവാട്ടിലും വല്യമ്മയുടേയും അമ്മായിയുടേയും വീടുകളില്‍ പോയി തിരിച്ചുവരുന്ന വഴിയാണു് സ്റ്റുഡിയോയില്‍ കയറിയതു്. ദാമു എന്നു് വിളിക്കാന്‍ അയാള്‍ക്കുമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന ദാമോദരന്‍ എന്ന അയാളുടെ ഉറ്റസുഹൃത്തിന്റെ ഛായ എന്നു പേരുള്ള ആ സ്റ്റുഡിയോ അക്കാലത്തു് വളരെ പ്രശസ്തമായിരുന്നു. വെറുതേ ഒന്നു കാണാം, ഇത്തിരി നേരം വര്‍ത്തമാനം പറഞ്ഞിരിക്കാം എന്നൊക്കെ വിചാരിച്ചാണു് കയറിയതു്. ദാമോദരന്റെ നിര്‍ബ്ബന്ധം കൊണ്ടു് ഫോട്ടോ എടുക്കാമെന്നു തീരുമാനിച്ചു് മുഖമൊന്നു മിനുക്കി മൂടിചീകിവരാമെന്നു കരുതി ഡ്രസ്സിംഗ് റൂമില്‍ കയറിയതാണു്. ഇത്തിരിപ്പോന്ന സ്ഥലത്തു് അടുത്തടുത്തു് നില്ക്കുമ്പോള്‍ - അവളുടെ മണം - അതാണു് പറ്റിച്ചതു്. എന്തൊരു സന്തോഷമായിരുന്നു - എന്തൊരാവേശത്തിലാന്നന്നു് കെട്ടിപ്പിച്ചു് അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചതു് ! നെറ്റിയിലെ സിന്ദൂരം മുഴുവനും ഷര്‍ട്ടിലായി. ദാമുവില്‍ നിന്നു് അതു് ഒളിപ്പിക്കുവാന്‍ പെട്ടപാടു് ! എന്നിട്ടും അവനതു് കണ്ടുപിടിച്ചപ്പോള്‍ തോന്നിയ ജാള്യം !

`എന്താണോലോചിക്കുന്നതു്?' സാരിയുടെ മുന്താണി കൊണ്ടു് മുഖം അമര്‍ത്തിത്തുടച്ചു് അവള്‍ അടുത്തു വന്നിരുന്നു. പെട്ടെന്നു് ഒരാന്തലാണുണ്ടായതു് ? ആരാണീ സ്ത്രീ ? എന്നോടിത്ര സേ്‌നഹത്തില്‍ സംസാരിക്കാന്‍ ? ഇത്രയടുത്തു വന്നിരിക്കാന്‍ ?

ഇല്ല - ഞാനിതൊന്നും വിശ്വസിക്കുന്നില്ല. ഇവള്‍ പറഞ്ഞതൊന്നും വാസ്തവമല്ല. ഒരാള്‍ക്കും ഒരാളേയും ഈയളവില്‍ സ്നേഹിക്കാന്‍ കഴിയുമെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. എന്താണു് സ്നേഹം ? ` നിങ്ങളെക്കൂടാതെ ....... വയ്യ ........ ഇതൊന്നും മനസ്സിലടക്കിപ്പിടിക്കാന്‍ എനിക്കിനി വയ്യ' എന്നു പ്രഖ്യാപിക്കാന്‍ എവിടെ നിന്നാണിവള്‍ക്കിപ്പോള്‍ ധൈര്യം കിട്ടിയതു് ? മൗനമായി ഇത്രയും വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയൊരാള്‍ക്കു് ഇപ്പോഴിങ്ങനെയൊരു വെളിപാടുണ്ടായതെന്താണു്?

`` എനിക്കറിയില്ല ....... എന്റെ മനസ്സു് നിങ്ങളില്‍ പറ്റിച്ചേര്‍ന്നുപോയിരുന്നു ...... അതുകൊണ്ടാവാം ഒരിക്കലും എനിക്കയാളെ സേ്‌നഹിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഇത്ര വര്‍ഷങ്ങള്‍ .......... ഞാനൊരു പാവയായിരുന്നു താക്കോല്‍ കൊടുത്താല്‍ കൈകൊട്ടുകയും ആടുകയും പാടുകയും ചെയ്യുന്ന പാവ ........ ഒരു നാടകം അഭിനയിക്കുന്നതുപോലെ ........ അതെ ..... അങ്ങനെയാണു് ഞാന്‍ ജീവിച്ചതു്. ഭാര്യയായതും അമ്മയായതും എല്ലാം മൂടല്‍മഞ്ഞിലൂടെ വെളിവാകുന്ന അവ്യക്തചിത്ര പോലെയാണെനിക്കു് - മക്കള്‍ ഇടയ്ക്കു് ഓടിവന്നു് അമ്മേ എന്നു വിളിക്കുമ്പോള്‍ എനിക്കു് വിശ്വാസം തോന്നില്ല - ഏതമ്മ ? ആരുടെയമ്മ ?'' അവളുടെ തൊണ്ടയിടറുകയും കണ്ണില്‍ വെള്ളം നിറയുകയും ചെയ്തു.

അമ്പരന്നിരുന്നു പോയി. ആദ്യം ഒരു കെട്ടുകഥപോലെയാണു് തോന്നിയതു്. പിന്നെ, ശബ്ദത്തിലെ ഇടര്‍ച്ചയും വാക്കുകളിലെ ആത്മാര്‍ത്ഥതയും ........... പിടിച്ചുലയ്ക്കുന്നതുപോലെയുണ്ടായിരുന്നു. ഇങ്ങനെ സ്നേഹം തോന്നാന്‍ ........ ഇല്ല .... ഒരു പ്രത്യേകതയും ഇല്ലാത്ത വെറും സാധാരണക്കാരനായ ഒരാള്‍ ...... ഇത്ര വര്‍ഷവും ഇത്ര തീവ്രമായി സേ്‌നഹിക്കാന്‍ ........ സദാ ഓര്‍മ്മിച്ചുകൊണ്ടുനടക്കാന്‍ ..... മറ്റെല്ലാം അപ്രധാനമായിക്കാണാന്‍.

`` ഞാനൊരു വിഡ്ഢിയായിരുന്നു .......... നിങ്ങളെ എനിക്കു തന്നെ തരും ദൈവം എന്നുറച്ചുവിശ്വസിച്ചു് ........... തുരുതുരെ വന്ന കല്യാണാലോചനകള്‍ക്കുനേരെ മുഖം തിരിച്ചു് കാത്തിരിക്കുകയായിരുന്നു ഞാന്‍ ...... ഒടുവിലാണറിഞ്ഞതു് .......'' അവള്‍ നെടുവീര്‍പ്പിട്ടു.

അവളോടൊരിഷ്ടം തോന്നിയിരുന്നു എന്നതു് സത്യമാണു്. പക്ഷെ, രണ്ടോ മുന്നോ ആഴ്ചയ്ക്കപ്പുറം അതിനു് ആയുസ്സുണ്ടായിട്ടില്ല. കുടുംബത്തിന്റെ, ജോലിയുടെ, പദവിയുടെ ഉത്തരവാദിത്തങ്ങളില്‍ സ്വയം തളച്ചിടുകയായിരുന്നു. വിവാഹം കഴിക്കണമെന്നോ സൗഹൃദം കൊണ്ടു നടക്കണമെന്നോ വിചാരിച്ചാലും അന്നതു് നടക്കുമായിരുന്നോ എന്ന കാര്യം സംശയമാണു്. അമ്മയ്ക്കു് വേദനയുണ്ടാക്കുന്നതൊന്നും ചെയ്യില്ല എന്ന നിര്‍ബ്ബന്ധബുദ്ധി കൊണ്ടാണു് ആ താല്പര്യത്തെ വേരോടെ പറിച്ചു് ദൂരെക്കളഞ്ഞതു്. എന്നിട്ടും, വര്‍ഷങ്ങള്‍ക്കു ശേഷം ................ എന്തൊരത്ഭൂതമാണു്?

കണ്ട നാലോ അഞ്ചോ അവസരങ്ങള്‍ ....... സ്വയം മറന്നു് അവളെ നോക്കിനിന്നതോര്‍മ്മയുണ്ടു്. എങ്കിലും അവള്‍ പറഞ്ഞ ആ നോട്ടം ........... ബസ് സ്റ്റാന്റിനടുത്തു്, സ്കൂള്‍ മതിലിനോടു ചേര്‍ന്നുള്ള ഇലട്രിക്ക് പോസ്റ്റിനടുത്തുനിന്നുള്ള ........... എന്നായിരുന്നു അതു് ? എത്ര ശ്രമിച്ചിട്ടും ഓര്‍മ്മയിലതു് തെളിഞ്ഞുവരുന്നില്ല -

`നിങ്ങളെ കല്യാണം കഴിച്ചതാണെന്റെ വിഡ്ഢിത്തം' - മുറുമുറുപ്പു് - പരാതി - കരച്ചില്‍ - എങ്ങനെയാണിത്ര വര്‍ഷങ്ങള്‍ ഒന്നിച്ചു ജീവിച്ചതു് ?

`` എന്താണാലോചിക്കുന്നതു് ? ഇത്ര സങ്കടത്തില്‍ ............... കണ്ണുകളുടെ ആ പഴയ തീക്ഷ്ണത ......... ചിരിയുടെ തിളക്കം ....... എവിടെപ്പോയി അതൊക്കെ ? '' അവള്‍ കൈനീട്ടി കഴുത്തിലൂടെയിട്ടു് മുഖം തോളിലേക്കടുപ്പിച്ചു - പിന്നെ ഒരു ചെറിയ കുട്ടിയെയെന്ന പോലെ കവിളുകളിലും കണ്ണുകളിലും നെറ്റിയിലും മുടിയിഴകളിലും ഉമ്മ വെച്ചു. സുഖകരമായ ഇളംചൂടു് ............

ചെറിയ കുട്ടിയായിരുന്നപ്പോള്‍ നെഞ്ചോടു് ചേര്‍ത്തുപിടിച്ചു് അമ്മ ഉമ്മവെയ്ക്കുമ്പോള്‍ കണ്ണുകളടച്ചു കിടക്കും. എത്രയെണ്ണം കിട്ടിയാലും പോര എന്ന തോന്നലാണു്. അനിയനു് അതു് കാണുമ്പോള്‍ കുശൂമ്പുവരും. അമ്മയങ്ങനെ പക്ഷഭേദമൊന്നും കാണിച്ചിട്ടല്ല. എന്നാലും അവനെപ്പോഴും പരാതിയായിരുന്നു. അമ്മയ്ക്കു് ഏട്ടനെയാണിഷ്ടം എന്നു പറയാനുള്ള ഒരു അവസരവും പാഴാക്കില്ല. അപ്പോഴൊക്കെ അമ്മ ചിരിക്കും. അവന്റെ പരിഭവം തീര്‍ക്കാന്‍ ചേര്‍ത്തുപിടിച്ചു് ഉമ്മവെയ്ക്കും. എത്രയുമ്മകള്‍ കിട്ടി എന്നു എണ്ണുന്നതിലായിരുന്നു അവനു് ശ്രദ്ധ. അതുകൊണ്ടു് അതിന്റെ സുഖമോ സംതൃപ്തിയോ ഒന്നും അവന്റെ മുഖത്തു് കാണില്ല. ഇപ്പോവും അതേ സ്ഥിതിയില്‍ തന്നെയാണവന്‍. വാരിപ്പിടിച്ചുണ്ടാക്കിയതൊന്നും അനുഭവിച്ചു സന്തോഷിക്കുകയല്ല, ഏട്ടന്റെയത്രയായോ എന്നുള്ള കിടയിലടി ! അവളും അതു പോലെ തന്നെ. സേ്‌നഹത്തിന്റെ വില പണത്തിനോടു് ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്നവള്‍. ആഭരണങ്ങളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തില്‍ സുഖത്തെ നിര്‍വ്വചിച്ചെടുക്കുന്ന തരത്തില്‍ അവളെങ്ങനെയാണു് മാറിപ്പോയതു് ? മക്കള്‍ ഒരിക്കലും അങ്ങിനെയാവില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. കാരണം അവര്‍ക്കു പകുതിയല്ലേ അവളുടെ അംശമുള്ളൂ - എന്നിട്ടെന്തായി ? അച്ഛനുണ്ടാക്കിക്കൊടുത്ത സാമ്പത്തികഭദ്രത മാത്രം മതി അവര്‍ക്കും - പണത്തിനു് ആവശ്യം വരുമ്പോള്‍ ഓര്‍മ്മിക്കുന്ന ആദ്യത്തെയാള്‍ -

`` എനിക്കറിയില്ല - ഇത്ര സേ്‌നഹം തോന്നാന്‍ - ഈ വര്‍ഷങ്ങളത്രയും ആ സേ്‌നഹത്തില്‍ നീറാന്‍ - എന്താണതിനു കാരണമെന്നു് - ഒരു യുക്തിയുമില്ല - വിശദീകരിക്കാനും വയ്യ. സേ്‌നഹിച്ചിരുന്നു - എന്നെങ്കിലും ഒരിക്കല്‍ ഇങ്ങനെ ഒന്നിക്കാന്‍ - ഇല്ല - ഇങ്ങനെയാകുമെന്നു് - ഇല്ല, തീരെ വിചാരിച്ചിട്ടില്ല. അല്ല - അങ്ങനെ വിചാരിക്കാന്‍ നമ്മള്‍ തമ്മില്‍ .............. ''

ശരിയാണു് പരസ്പരം ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. നാലോ അഞ്ചോ തവണയിലെ നോട്ടം - തിരിച്ചു കിട്ടാത്ത ചിരി .........

`` ചിരിച്ചില്ല എന്നതു ശരിയാവാം. ചിരിയും സന്തോഷവും പുറത്തേയ്ക്കു കാണിച്ചില്ല എന്നേയുള്ളൂ. .......... അതു് മനസ്സിലാക്കാന്‍ - തിരിച്ചറിയാന്‍ ശ്രമിച്ചില്ല എന്നു പറഞ്ഞാലോ ? '' കുസൃതിച്ചിരി കണ്ണുകളില്‍ വിടരുമ്പോഴോര്‍ത്തു, എന്തൊരു ഭംഗിയാണീ ചിരിയ്ക്കു് ?

പൊടുന്നനെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഉത്സവരാത്രി ഓര്‍മ്മ വന്നു. എഴുന്നള്ളിപ്പു കഴിഞ്ഞു്, വീട്ടില്‍പ്പോയി ഊണുകഴിച്ചു വരാം എന്നു കരുതി അനിയനും അനിയത്തിയും വരുന്നതു് കാത്തു് ഇടവഴി തിരിയുന്നിടത്തു് നില്ക്കുകയായിരുന്നു. ഓടക്കുറ്റിയില്‍ മണ്ണെണ്ണയൊഴിച്ചു് തിരിയിട്ടു് കത്തിക്കുന്നതിന്റെ ഇത്തിരിവെളിച്ചത്തില്‍ പെട്ടിക്കാരുടേയും വളക്കാരുടേയും കച്ചവടം - തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ തിളങ്ങുന്ന ചിരിയുമായി അവളും അനിയനും. ആരോടുമല്ലെന്ന ഭാവത്തില്‍ ഒന്നു രണ്ടു തവണ നോക്കുന്നതു് കണ്ടു - അന്നു് രാത്രി മുഴുവനും അവളൊപ്പമുണ്ടായിരുന്നു .......... വടക്കിനിയിലെ ഇരുട്ടില്‍ .......... കണ്ണടച്ചാലും തുറന്നാലും കാണുന്നതു് ആ തിളക്കം മാത്രം .......... ഉറങ്ങാനേ കഴിഞ്ഞില്ല ........ എന്തൊരു വിഡ്ഢിയായിരുന്നു താനന്നു്. അതു് തന്നോടു തന്നെയാണോ എന്നാദ്യത്തെ സംശയം. ആണെന്ന തോന്നലുണ്ടായപ്പോള്‍ അതമ്മയ്ക്കിഷ്ടപ്പെടുമോ എന്ന തോന്നല്‍ ........ എല്ലാം തിരിച്ചറിഞ്ഞിട്ടും ഒന്നും അറിയില്ലെന്ന നാട്യത്തില്‍ നടന്നു - അതല്ലേ വാസ്തവം ?

``എന്തിനാണീ മുറിയിലിങ്ങനെ വിങ്ങിയിരിക്കുന്നതു് ? ഷര്‍ട്ടും ബനിയനുമഴിച്ചിട്ടാലൊരാശ്വാസമുണ്ടാവും.'' പറയുന്നതിനിടയില്‍ത്തന്നെ അവള്‍ ഷര്‍ട്ടിന്റെ കുടുക്കുകളഴിച്ചു. വളരെ ശ്രദ്ധയില്‍ ഹാംഗറില്‍ തൂക്കിയിട്ടു. ബനിയനഴിച്ചെടുത്തു് അയയില്‍ നിവര്‍ത്തിയിട്ടു് ഫാനിട്ടു. വീണ്ടും അടുത്തു വന്നിരുന്നു. പിന്നെ പൊടുന്നനെ കവിളുകള്‍ കൈകളില്‍ ചേര്‍ത്തു നെറുകയില്‍ ഉമ്മവെച്ചു. പെട്ടെന്നു് വിറച്ചു പോയി - സുഖകരമായ ഒരു വല്ലായ്മ .......... ചരടറ്റുപോയ പട്ടം പോലെയൊരവസ്ഥ .........

`` ഇതെന്റെ സ്വപ്‌നമായിരുന്നു. എത്രയോ തവണ ........ എത്രയോ രാത്രികളില്‍ ഞാനിതു കൊതിച്ചുകിടന്നിട്ടുണ്ടു്.'' മടയില്‍ തലവെച്ചു് മുഖത്തേക്കുറ്റുനോക്കി കിടക്കുന്നതു് ആ പഴയ പെണ്‍കുട്ടിയാണു്. മുഖത്തു് പ്രായത്തിന്റെ ചുളിവുകളോ, ചെന്നിയിലെ നരയോ ഇല്ലാത്ത ആ പഴയ പാവാടക്കാരി - ഏറെ നേരം അചു കണ്ടിരിക്കാനായില്ല - കുനിഞ്ഞു്, മുഖം താഴ്ത്തി നെറുകയിലും കവിളുകളിലും ഉമ്മവെച്ചു. അവള്‍ കഴുത്തിലൂടെ കൈകളിട്ടു ചുറ്റിപ്പിടിച്ചു - കണ്ണുകളില്‍ ഉമ്മവെയ്ക്കുമ്പോളാണറിഅഞതു് ........ അവള്‍ കരയുകയാണു് ................

``ഈശ്വരാ ...... സത്യമാണോ ഇതെല്ലാം .................. എനിക്കു വിശ്വസിക്കാാവുന്നില്ല ........... ഈ രാത്രി............ ഇങ്ങനെയൊരു രാത്രി .........'' കണ്ണുകള്‍ നിറഞ്ഞു വരുന്നതറിഞ്ഞു. മങ്ങിയ, വോള്‍ട്ടജു് കുറഞ്ഞ ബള്‍ബു് തന്നെയാണു് കിടപ്പുമുറിയ്ക്കു് നല്ലതെന്നു് അപ്പോഴാണു് തോന്നിയതു്. മറകളഴിഞ്ഞു വീഴുന്നതമു് മറ്റേയാള്‍ക്കു് മുഴുവനായി മനസ്സിലാക്കാനാകരുതു്. മനസ്സിലുള്ളതെല്ലാം മനസ്സിലാക്കിയെടുത്തതു കൊണ്ടാണു് അവളും മക്കളും വിട്ടുപോയതു്. ഒരാള്‍ ഇത്രയേ ഉള്ളൂ എന്നു് അളന്നു തൂക്കിക്കഴിഞ്ഞാല്‍ പിന്നെ എന്തു വില ? അതാണല്ലോ അമേരിക്കയില്‍ അവരുടെ താമസസ്ഥലവും സൗകര്യങ്ങളും ഒക്കെയൊന്നു കണ്ടുവരാം എന്നു പറഞ്ഞു പോയവള്‍ `വേണമെങ്കില്‍ ഇങ്ങോട്ടു വരാം, ഞാനിനി അങ്ങോട്ടില്ല' എന്നു പറഞ്ഞതു്. `വരൂ' എന്നല്ല എന്നതു് പ്രത്യേകം ശ്രദ്ധിച്ചു.

പുലര്‍ച്ചയ്ക്കുള്ള ഫ്ലൈറ്റിനു് അര്‍ദ്ധരാത്രി വീട്ടില്‍ നിന്നു് ഇറങ്ങിപ്പോകുമ്പോഴുള്ള രംഗങ്ങളൊക്കെ ഓര്‍മ്മ വന്നു. ` ഷുഗറുള്ളതാണു്, ശ്രദ്ധിക്കണം. അവിടെപ്പോയി കിട്ടുന്ന ചോക്ലേറ്റുകളൊക്കെ വലിച്ചുവാരി ............' വാചകം മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അമര്‍ത്തിയൊരു മൂളലില്‍ മറുപടി. മക്കളടുത്തില്ലാത്ത ഒരിത്തിരി സമയത്തു്, തിക്കും പക്കും നോക്കി അരയില്‍ ചുറ്റിപ്പിടിച്ചു് ദേഹത്തോടു് അടുപ്പിക്കുമ്പോള്‍ കുതറി തല വെട്ടിച്ചുള്ള പോക്കു് ........ ചുണ്ടിലെ പുച്ഛം ......... സഹിക്കാവുന്നതിലപ്പുറമായിരുന്നു അതു് -

രാത്രികളോടു് വെറുപ്പു് തോൊന്‍ തുടങ്ങിയതെന്നാണു് ? സേ്‌നഹത്തിന്റേയും കരുതലിന്റേയും ഇത്തിരിവെട്ടം പുച്ഛത്തിന്റെ കരിമ്പടം കൊണ്ടു് മൂടിക്കളയുന്ന രാത്രികള്‍ -

വിശ്രമിക്കാനൊരു താവളം എന്നു കരുതി മനം മടുപ്പിക്കുന്ന കണക്കുകളുടെയും തിരക്കുകളുടേയും ലോകത്തു നിന്നു് മുഷിഞ്ഞു് ക്ഷീണിച്ചു്, പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുമ്പോള്‍ വെറുപ്പു് കുമിയുന്ന വാക്കുകള്‍ ...... അവഗണന ........ ദേഷ്യം ..........

ഏതെങ്കിലുമൊരു മൂലയില്‍ ചുരുണ്ടുകിടന്നുറങ്ങാന്‍ കൊതിച്ചെത്തുന്ന തളര്‍ന്ന പട്ടിക്കു നേരെയുള്ള കല്ലേറു പോലെ, മൂര്‍ച്ചയുള്ള, നെഞ്ചു പിളര്‍ക്കുന്ന വാക്കുകള്‍ ........ വയ്യ .......... ഒന്നും ഓര്‍ക്കാന്‍ വയ്യ ................

കൈയുയര്‍ത്തി നെറ്റിയിലും കണ്ണുകളിലും വിരല്‍കൊണ്ടു് തപ്പിനോക്കി അവള്‍ പെട്ടെന്നു കൈ പിന്‍വലിച്ചു - പിന്നെ എഴുന്നേറ്റിരുന്നു. ഇടതുകൈകൊണ്ടു് ചേര്‍ത്തുപിടിച്ചു് കണ്ണുകളില്‍ വീണ്ടും വീണ്ടും ഉമ്മവെച്ചു. പുറത്തു് മൃദുവായി തട്ടിക്കൊണ്ടു് പതിഞ്ഞ ശബ്ദത്തില്‍ `കരയരുതു് ' എന്നു മാത്രം പറഞ്ഞു. അപ്പോള്‍ വീണ്ടും അമ്മയെ ഓര്‍മ്മ വന്നു. ആ രൂപം മാത്രമല്ല, വടക്കിനിയിലെ ഇരുട്ടു നിറഞ്ഞ മൂലയില്‍ അമ്മയുടെ മുണ്ടും കുപ്പായങ്ങളും മടക്കിവെക്കുന്ന വലിയ മരപ്പെട്ടി തുറക്കുമ്പോഴുയരുന്ന കൈതപ്പൂവിന്റെ മണവും .................. ചൂണ്ടു വിരലില്‍ തോണ്ടിയെടുത്തു് നല്ല വട്ടത്തില്‍ അമ്മ നെറ്റിയില്‍ തൊടുന്ന സിന്ദൂരത്തിന്റെ നിറവും ....... ഞൊറി വീണ വയറിന്റെ മിനുസവും ............

അമ്മയുടെ തോളിലാണു് തല ചായ്ചിരിക്കുന്നതു് എന്നാണു് തോന്നിയതു്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ വിരലുകള്‍ കൊണ്ടു് വയറും പുറവുമൊക്കെ തടവിനോക്കി. വിരലുകളുടെ അറ്റത്തു് മിനുസം പറ്റിനില്ക്കുന്നതുപോലെ ............

മങ്ങിയവെളിച്ചത്തില്‍ അവളുടെ മുഖം അത്ര വ്യക്തമല്ല. നെറ്റിയിലെ സ്റ്റിക്കര്‍പൊട്ടു് കൈയെത്തിച്ചു് അടര്‍ത്തിയെടുത്തു.

``എനിക്കോര്‍മ്മയുണ്ടു് ............... അന്നു് നീ വട്ടമൊപ്പിച്ചു് സിന്ദൂരമായിരുന്നു തൊടാറു് ......... കണ്ണുകള്‍ക്കു് കണ്‍മഷിയുടെ തിളക്കമുണ്ടായിരുന്നു .......... നല്ല ഭംഗിയായിരുന്നു കാണാന്‍ ...... വര്‍ത്തമാനം പറയുമ്പൊള്‍ ഇടയ്ക്കു് ചുണ്ടു് കൂര്‍ത്തുവരുമായിരുന്നു .... അപ്പോഴെനിക്കെന്താണു് തോന്നാറെന്നറിയുമോ ? ''

അവള്‍ ആകാംക്ഷ നിറഞ്ഞ ഒരു നോട്ടം നോക്കി -
`` ദാ, ഇങ്ങനെ - കെട്ടിപ്പിച്ചൊരുമ്മ വെയ്ക്കാന്‍ -'' അവളതു പ്രതീക്ഷിച്ചിരുന്നില്ലന്നു തോന്നി. കണ്ണുകളില്‍ പകപ്പു് ............

``നിങ്ങളെന്നും എന്റെ കൂടെയുണ്ടായിരുന്നു ............... നിങ്ങളെപ്പറ്റി ചിന്തിക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലുണ്ടായിരുന്നില്ല ................ നിങ്ങള്‍ക്കു് വിശ്വാസം തോന്നില്ല, എന്റെ വിവാഹസമയത്തുപോലും ഞാന്‍ നിങ്ങളെപ്പറ്റിയായിരുന്നു ചിന്തിച്ചതു് ........... അങ്ങനെയോരോ സമയത്തും ..... പിന്നെ മക്കളുണ്ടായപ്പോള്‍ ........ അവരുടെ അച്ഛന്റെ ട്രാന്‍സ്ഫര്‍ കാരണം പൂനയിലും ഡന്‍ഹിയിലും മാറിമാറി താമസിച്ചപ്പോള്‍ ............. നാട്ടില്‍ വരുമ്പോള്‍ പലപ്പോഴും വിചാരിച്ചിരുന്നു, നിങ്ങളുടെ അടുത്തു വരണം .... എല്ലാം പറയണം ...... പക്ഷെ, ഒന്നും നടന്നില്ല ........ ധൈര്യമുണ്ടായില്ല എന്നു പറയുന്നതാവും ശരി - '' അവള്‍ നെടുവീര്‍പ്പിട്ടു.

``രാത്രികളില്‍ ഞങ്ങളുടെ കിടപ്പുമുറിയില്‍ നിന്നു് പുരത്തേക്കു നോക്കിയാല്‍ കാണുക നമ്മുടെ ആ പഴയ മരമാണു്. അതിനടുത്തു് തന്നെ സ്ഥലം വാങ്ങി വീടുവെക്കണത്ത എന്നതു് എന്റെ നിര്‍ഭ്ഭന്ധമായിരുന്നു. ഞാന്‍ സ്കൂളിലേക്കു പോകുമ്പോഴൊക്കെ അവിടെയായിരുന്നല്ലോ നില്പ് -'' ഇത്തിരി കുസൃതിയില്‍ തല ചെരിച്ചു് അവളെന്നെ നോക്കി; ആ പഴയ പെണ്‍കുട്ടി അവളില്‍ നിന്നിറങ്ങി മുന്നില്‍ വന്നിരുന്നു.

``ഇതൊന്നും ന്യായീകരിക്കാന്‍ പറ്റില്ല ആരുടെ മുമ്പിലും എന്നറിയാഞ്ഞിട്ടല്ല. പക്ഷെ, വയ്യ ........ ഈ വിങ്ങലിനി സഹിക്കാന്‍ വയ്യ. ഒന്നും വേണ്ട ........ ഞാനൊരുപാടു് സ്നേഹിച്ചിരുന്നു, ഇപ്പോഴും സ്നേഹിക്കുന്നു എന്നു് ഒന്നറിഞ്ഞാല്‍ മതി ......... അതിനാണു് ഉള്ള ധൈര്യമൊക്കെ ചേര്‍ത്തു്പിടിച്ചു് അന്നു നിങ്ങളെക്കാണാനായി ഞാനിവിടെ വന്നതു് .......... വളരെദൂരം ഓടിത്തളര്‍ന്ന ഒരാളെപ്പോലെ അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തു് വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞുവന്നു.

``എനിക്കിഷ്ടമില്ലാഞ്ഞിട്ടായിരുന്നില്ല - ''
``മതി, ഇനി പറയേണ്ട ............ എനിക്കറിയാം ....... എല്ലാം പറയണമെന്നില്ലല്ലോ മനസ്സിലാക്കാന്‍. '' അവള്‍ വിരലുകള്‍ കൊണ്ടു് ചുണ്ടമര്‍ത്തിപ്പിടിച്ചു.

പുറത്തു് രാത്രി കനത്തു, പിന്നെ വൈകിയുദിച്ച നിലാവില്‍ വിളറി, പുലരിയുടെ തണുപ്പെത്തുതിനു മുമ്പുതന്നെ സുഖകരമായ ആലസ്യത്തിലാണ്ടു.

മൗനത്തിനു് ഇത്ര ഭംഗിയുണ്ടന്നു് ............

ഒരു നോട്ടം കൊണ്ടുമാത്രം ഒരു പാടു് കാര്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ പറയാനാകുമെന്നു് .................

ശരീരങ്ങള്‍ക്കു് ഇത്ര മനോഹരമായി പരസ്പരമറിയാനാകുമെന്നു് ...................

രാത്രിയ്ക്കു് ഇത്ര വശ്യതയുണ്ടെന്നു് ....................

ഇല്ല ................

ഇതു വരെ അറിഞ്ഞിരുന്നില്ല.

Subscribe Tharjani |
Submitted by simy (not verified) on Sun, 2008-09-07 15:47.

excellent! beautifully said.