തര്‍ജ്ജനി

കൃഷ്ണകുമാര്‍ മാരാര്‍

ഫോണ്‍:9947683171

ഇ-മെയില്‍:krishnakumarmarar@gmail.com

Visit Home Page ...

കഥ

ഉമയും അനന്തനും

അനന്തന്‍ ഭിക്ഷകൊടുക്കുന്ന തുക വളരെ കൂടുതലാണെന്ന്‌ ഉമക്ക്‌ ആക്ഷേപമുണ്ടായിരുന്നു. ഒരിക്കല്‍ കര്‍ശനമായി പറയുകയും ചെയ്തു.

അഞ്ചുരൂപയോ, എന്താ അനന്തേട്ടാ ഇത്‌. നിങ്ങള്‍ക്ക്‌ പണത്തിന്റെ വിലയറിയില്ല. അവര്‍ പിരിവിനൊന്നും വന്നതല്ലല്ലോ, ഭിക്ഷക്ക്‌ വന്നതല്ലേ.

ഗേറ്റു കടന്നിട്ടില്ലാത്ത ആ വൃദ്ധദമ്പതികള്‍ കേട്ടിട്ടുണ്ടാവും അത്‌. അനന്തന്‍ വിയര്‍ത്തുപോയി. ചില്ലറയുണ്ടായിരുന്നില്ല......... അല്‍പ്പം പതറിയിരുന്നു അയാളുടെ ഒച്ച.

അവരുടെ കൈയില്‍ ഉണ്ടായിരുന്നല്ലോ, മറ്റുള്ളവര്‍ നിങ്ങളെപ്പോലെ മണ്ടന്‍മാരൊന്നുമല്ല. നിങ്ങള്‍ക്ക്‌ പണമുണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടറിയില്ല. ഉമ ശബ്ദമുയര്‍ത്തി. താന്‍മാത്രം കേട്ടാല്‍ പോരാ, അവരും കേള്‍ക്കണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു ഉമക്ക്‌. ആ വൃദ്ധന്‍ ഗേറ്റു കടക്കുമ്പോള്‍ തിരിഞ്ഞ്‌ അന്തനെ നോക്കി. വിവസ്ത്രനാവുംപോലെ തോന്നി അനന്തന്‌.

ഉമ ചവിട്ടിത്തള്ളി അകത്തേക്ക്‌ പോയി. അനന്തന്‍ ഡൈനിംഗ്‌ ടേബിളിലിരുന്ന വെള്ളമെടുത്ത്‌ കുടിച്ച്‌ ബെഡ്‌റൂമില്‍ പോയി കമിഴ്‌ന്നു കിടന്നുറങ്ങുന്ന കുട്ടിയുടെ അരികില്‍ക്കിടന്നു.

ഭിക്ഷക്കാരോട്‌ എന്നും കരുണാമയമായ മനസ്സാണ്‌ അനന്തനുള്ളത്‌. പണ്ട്‌ പത്താം തരം പരീക്ഷയെഴുതാനാവാതെ അയാള്‍ ടൈഫോയ്ഡ്‌ പിടിച്ചു കിടന്നപ്പോള്‍ അമ്മക്ക്‌ ഇങ്ങനെ ചെയ്യേണ്ടി വന്നു. എണ്ണാതെ ഒരു പിടിപണം എന്ന ജ്യോത്സ്യ പ്രവചനം പോലെ പോക്കറ്റില്‍ തപ്പി കൈയില്‍ തടയുന്ന ചില്ലറകള്‍ മൊത്തം അയാള്‍ ഭിക്ഷ കൊടുത്തിട്ടുണ്ട്‌. പക്ഷെ ഇന്നത്തെ അഞ്ചുരൂപ സത്യമായും അയാളുടേതായിരുന്നില്ല.

പ്രണയം ശരീരംകൊണ്ടും മനസ്സുകൊണ്ടും പിരിയാന്‍ പറ്റാത്ത ഒരു കുരുക്കായപ്പോഴാണ്‌ ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്‌. രണ്ടുപേര്‍ക്കും ജോലിയില്ലാത്തതുകൊണ്ട്‌ അനന്തന്‌ ഭീതിതോന്നിയിരുന്നു.

ഈ അനന്തേട്ടനെപ്പോഴും നെഗേറ്റെവ്‌ മൈന്‍ഡാണ്‌. ഉമ പറയും.

ശമ്പളം കുറഞ്ഞ ഒരു ക്ലാര്‍ക്ക്‌ പണിയില്‍ പയറ്റി ജിവിതം ബലന്‍സ്‌ ചെയ്യുമ്പോഴാണ്‌ ഉമക്ക്‌ ജോലി ലഭിക്കുന്നത്‌. #്തും സെയില്‍സ്‌ ടാക്സ്‌ വകുപ്പില്‍

ഇനി നിനക്ക്‌ കിമ്പളവും കിട്ടും....... അനന്തന്‍ പറഞ്ഞു.

പിന്നെ ഞാനതൊന്നും വാങ്ങില്ല. ഇപ്പഴേ അനന്തേട്ടന്റെ ചെറിശമ്പളം കൊണ്ട്‌ നമ്മള്‍ ജീവിക്കുന്നില്ലേ.. നമുക്കത്‌ മതി. സംഖ്യകളേക്കാള്‍ സ്നഹം മുഴച്ചുനിന്നിരുന്നു അവളുടെ വാക്കുകളില്‍.

പിന്നെ ഉമതന്നെ തിരുത്തി പറഞ്ഞു. ഞാന്‍ മാത്രം വാങ്ങാതിരുന്നതുകൊണ്ടെന്താ. ആപ്പിസില്‍ ഇതൊരു പതിവാ. വാങ്ങാതിരുക്കുന്നതാ കുറ്റം....... അനന്തന്‍ ഒന്നും പറഞ്ഞില്ല. ഉമയുടെ പേഴ്സില്‍ പണമുണ്ടായിത്തുടങ്ങി. അനന്തന്റെ ശമ്പളത്തെക്കാളേറെയുണ്ടാവും അവളുടെ കൈയിലെപ്പോഴും.

സൗകര്യംപോലെ ഒരു വീട്‌ വാടകക്കെടുക്കുന്നതിനും, അനുവാദം പോലും ചോദിക്കാതെ അഡ്വാന്‍സ്‌ കൊടുക്കുന്നതിനും ഉമ മുന്‍കൈയെടുത്തു. വീട്‌ വിട്ടുപോരുമ്പോള്‍ അമ്മ കാഴ്ചക്കാരിയായിരുന്നു. ഒന്നും എടുക്കാന്‍ മറക്കണ്ട എന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌.......

അനന്തന്‍ ജോലി ഉപേക്ഷിച്ചു. വീട്കഴിഞ്ഞുപോകുന്നതിനും ആഡംബരം കൂട്ടുന്നതിനും അനന്തന്റെ ശമ്പളം വലിയ പ്രയോജനമൊന്നും ചെയ്തിരുന്നില്ല. ഉമയുടെ തീരുമാനം പോലെ സ്വസ്ഥമായപ്പോള്‍ അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പ്രസവശുശ്രൂഷക്ക്‌ അമ്മ വന്നു നിന്നെങ്കിലും തിരിച്ചുപോകാന്‍ തിടുക്കം കാണിച്ചു. വിശ്വാസ്യമായ കാരണങ്ങളൊന്നുമല്ല അമ്മ പറഞ്ഞത്‌.

കുഞ്ഞ്‌ ഉണരാനുള്ള ഇളക്കം കാണിച്ചപ്പോള്‍ അയാള്‍ ചന്തിയില്‍ തട്ടി ഉറക്കി. ഉമ ഹാളിലെ വെറും തറയില്‍ കിടക്കുകയാണ്‌. അര്‍ഹതപ്പെട്ട ലീവുകള്‍ പോലും എടുക്കാന്‍ അവള്‍ കൂട്ടാക്കുന്നില്ല. ഞായറാഴ്ചകളില്‍ അവള്‍ വല്ലാതെ അസ്വസ്ഥതപ്പെടുന്നു... അശ്രദ്ധമായ ആ കിടപ്പ്‌ അനന്തന്‍ നോക്കി. ആ ശരീരവടിവ്‌ ഒരു പ്രലോഭനം തന്നെയാണ്‌. പകല്‍ വെളിച്ചത്തിലാണ്‌ അനന്തന്‌ കൂടുതല്‍ കരുത്തെന്ന്‌ ഉമ ഒരിക്കല്‍ പറയുകയുണ്ടായി.

അനന്തന്‍ കണ്ണുകളടച്ചു. ആഭിക്ഷക്കാര്‍ ഇനി വരില്ലായിരിക്കും. രണ്ടാഴ്ചകൂടുമ്പോള്‍ വരാറുള്ള ആ വൃദ്ധദമ്പതികളോട്‌ അയാള്‍ക്ക്‌ നല്ല ചങ്ങാത്തമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരാണവര്‍. ഏതോ കുഗ്രാമത്തിലെ കോളനിയിലാണ്‌ വീട്‌. ഒരു മകനുള്ളത്‌ അവരെ ഉപേക്ഷിച്ചുപോയി. ആയകാലത്ത്‌ അയാള്‍ നന്നായിട്ടദ്ധ്വാനിച്ചിട്ടുണ്ടാവണം. ശരീരം കണ്ടാലറിയാം. നീണ്ടിറങ്ങിയ താടി. കഴുത്ത്‌ കവിഞ്ഞു കിടക്കുന്ന തലമുടി. രണ്ടിലും വെള്ളിവരകളുടെ നിറവ്‌. സമ്പാദ്യമെല്ലാം മകനെ അന്വേഷിക്കുവാന്‍ ഒഴുക്കിക്കളഞ്ഞു. ലക്ഷ്യെ കാണാതെ വന്നപ്പോള്‍ മനസ്സു തളര്‍ന്നു. പിന്ന ഭക്ഷണത്തിന്‌ ഭിക്ഷയെടുക്കുകയായി........

പുതിയ താമസക്കാരാ അല്ലേ........ ആദ്യമായിക്കണ്ടപ്പോള്‍ അവര്‍ ചോദിച്ചു. ഞങ്ങള്‍ക്കറിയാമായിരുന്നു ആരെങ്കിലും വരുമെന്ന്‌. പക്ഷെ മറ്റവര്‍ പോയപ്പോള്‍ ഇത്‌ കുറെ നാള്‍ പൂട്ടിക്കിടന്നു. അനന്തന്‍ എല്ലാം ശരിവക്കും പോലെ നിന്നു.

ഞങ്ങളിവിടെയിരുന്ന്‌ അല്‍പം ആഹാരം കഴിച്ചോട്ടെ.. അനന്തന്‍ സമ്മതിച്ചു.

അവര്‍ ഭാണ്ഡം നിലത്തിറക്കി. പൈപ്പില്‍ നിന്നും വെള്ളമെടുത്ത്‌ കൈയും കാലും മുഖവും കഴുകി. കുപ്പിയില്‍ വെള്ളമെടുത്ത്‌ മുറ്റത്തെ മരത്തമലില്‍ ഇരുന്നു. പൊതിഞ്ഞ്‌ കൊണ്ടുവന്ന ഒരു പൊതിച്ചോറെടുത്ത്‌ വിടര്‍ത്തി. രണ്ടുപേരും ഒന്നിച്ച്‌ കഴിക്കാന്‍ തുടങ്ങി. സാവധാനത്തിലുള്ള അവരുടെ ഭക്ഷണരീതി അനന്തന്‍ കാണുന്നുണ്ടായിരുന്നു. വൃദ്ധന്റെ താടിരോമത്തില്‍ പററിയിരുന്ന വറ്റുകള്‍ അവര്‍ തട്ടിക്കളയുകയും അയാളെ കൂടുതല്‍ കഴിക്കുവാന്‍ പ്രേരിപ്പിരക്കുകയും ചെയ്തു. രണ്ടുപേരും കഴിച്ചിട്ടും ഒരുപാട്‌ ചോറ്‌ ബാക്കിയായത്‌ അയാളെ അത്ഭുതപ്പെടുത്തി.

സാറിന്‌ മംഗലം കഴിഞ്ഞതാ........... മുഖം കഴുകി മീശമിനുക്കി നിന്നപ്പോള്‍ വൃദ്ധന്‍ ചോദിച്ചു.

അതെ.

ആളെവിടെ

ജോലിക്കുപോയി.

സാറിനു ജോലീല്ലേ......

ഇല്ല....

അവര്‍ മുറ്റത്തിരുന്ന്‌ സമൃദ്ധമായി മുറുക്കി. അനന്തന്‍ നോക്കിയിരുന്നു. അയാള്‍ ചോദിക്കാതെ അവര്‍ ഒരുപാട്‌ വിശേഷങ്ങള്‍ പറഞ്ഞു. നടക്കുന്ന വഴിക്കെവിടെയെങ്കിലും മകനെ കണ്ടുമുട്ടുമെന്നും, അന്നീ പണി നിര്‍ത്തുമെന്നും പറഞ്ഞു.

ഒരുപാട്‌ സംസാരിക്കുന്ന വൃദ്ധനെക്കാള്‍ ഒന്നും സംസാരിക്കാത്ത ആസ്ത്രീയേയാണ്‌ അനന്തനിഷ്ടപ്പെട്ടത്‌. എപ്പോഴും, കാണാതെ പോയ മകനെ തേടുന്ന കണ്ണുകള്‍. ഭര്‍ത്താവിന്റെ കൈയും പിടിച്ച്‌ ഗേറ്റു കടന്നു പോകുന്ന അവരുടെ സ്നേഹത്തില്‍ അനന്തന്‌ വല്ലാതെ കൊതിതോന്നിപ്പോയി.

ഞാന്‍ നാട്ടിലേക്കൊന്ന്‌ പോവ്വ. അമ്മയെക്കാണണം. പിറ്റേന്ന്‌ രാവിലെ അനന്തന്‍ ഉമയോട്‌ പറഞ്ഞു. അവള്‍ ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലായിരുന്നു. കുഞ്ഞിനേം കൊണ്ട്‌ പോവ്വ. രണ്ടുദിവസം കഴിയും വരാന്‍. ഉമ മറുപടി പറഞ്ഞില്ല. അവള്‍ ഒറ്റക്കാവും എന്ന ഭീതിയൊന്നും അയാളെ അലട്ടിയതേയില്ല.

വീടും പരിസരവും വൃത്തിയായിത്തന്നെ കിടന്നിരുന്നു. വാതിലുകള്‍ അടഞ്ഞും. അയാള്‍ കുഞ്ഞിനെ ഒതുക്കിപ്പിടിച്ച്‌ അമ്മയെ വിളിച്ചു. ആരും വിളികേട്ടില്ല. അയല്‍പക്കത്ത്‌ അന്വേഷിച്ചപ്പോഴാണറിയുന്നത്‌ അമ്മ ഒരു തീര്‍ത്ഥാടനത്തിനു പോയി. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും ഒരു ബസ്സ്‌ പോകുന്നുണ്ടായിരുന്നുവത്രെ.

ഒന്ന്‌ വിളിച്ചുപറയാമായിരുന്നു അമ്മക്ക്‌. അയാള്‍ക്ക്‌ ദേഷ്യവും നിരാശയും തോന്നി. ഏറെ നേരം കുഞ്ഞിനേയുംകൊണ്ട്‌ അയാള്‍ ഇറയത്തിരുന്നു.

തിരിച്ചെത്തുമ്പോള്‍ പോര്‍ച്ചില്‍ ഒരു ബൈക്ക്‌. ഒരു പുരുഷന്റേയും ഉമയുടേയും പാദുകങ്ങള്‍........

ഉമ കൂടുതല്‍ സ്വതന്ത്രയാവുകയാണ്‌. പരിഭവമൊന്നുമില്ലെന്ന്‌ അനന്തന്‍ തന്നത്താന്‍ വിശ്വസിപ്പിച്ചു. പിന്നെ കുഞ്ഞിനെ കൂടുതല്‍ ചേര്‍ത്ത്‌ പിടിച്ച്‌ അടഞ്ഞുകിടക്കുന്ന ചിത്രപ്പണികളുള്ള വാതിലിലേക്ക്‌ നോക്കി.

Subscribe Tharjani |