തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കഥ

മേല്‍ക്കൂരകളില്ലാത്ത ആകാശം.

അവന്റെ നീര്‍ച്ചുഴികളിലേയ്ക്ക്‌, വേനല്‍പ്പടര്‍പ്പുകളിലേയ്ക്ക്‌ എന്നും മാറിനിന്ന് കണ്ണോടിയ്ക്കുവാന്‍ മാത്രമെ അവള്‍ക്കായിരുന്നുള്ളൂ. അതിനേ കഴിയുമായിരുന്നുള്ളൂ. അവനിതൊന്നും ഇഷ്ടമല്ല എന്നവള്‍ക്കറിയാം; ഈ നിസ്സഹായതയുടെ ഭാഷ. പക്ഷെ, ഈ നിമിഷം നിസ്സഹായരിലും വച്ച്‌ നിസ്സഹായയായ ഒരു പെണ്ണായി മാറിയിരുന്നു, അവള്‍. ലോകത്തിലേയ്ക്കും വച്ച്‌ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണ്‍.

അതെ, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ പോയ-ഒരു പക്ഷെ അവള്‍ക്കു തന്നെയും-ജന്മാന്തര സ്നേഹത്തിന്റെ നൂലിഴകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും തകര്‍ച്ചകളില്‍ നിന്നും അവളെ രക്ഷിച്ചില്ല.

ഓര്‍മ്മകളിലേയ്ക്കു ചേക്കേറാന്‍ എന്നും ഭയപ്പെട്ടു; അവള്‍! ഇന്നാകട്ടെ, കൂട്ടിലങ്ങാടിപ്പുഴയുടെ കലക്കവെള്ളത്തിലൊഴുകി നടന്നിരുന്ന ഇളം വയലറ്റ്‌ പൂക്കളെച്ചൂണ്ടി "ദാ, ഇത്രയും നൈമിഷികമാണേതു ബന്ധവും, നമ്മുടേതും! ശാശ്വതമായൊന്നുമില്ലിന്ദൂ....ഒന്നുമില്ല. നമുക്കു പിരിയാം!!" എന്നവന്‍ പറഞ്ഞിടത്തെത്തി തടഞ്ഞു നില്‍ക്കുന്നു, എന്നും അവളുടെ ഓര്‍മ്മത്തുണ്ടുകള്‍.

എന്തുകൊണ്ടാണു പവിയന്ന് അങ്ങനെ പറഞ്ഞതെന്ന് ഈ നിമിഷം വരെയും ഇന്ദുവിനു മനസ്സിലായിട്ടില്ല. ഏങ്കിലും പവിയുടെ വാക്ക്‌ എന്നും ഇന്ദുവിനു അവസാനത്തേതായിരുന്നു. അതുകൊണ്ടാണല്ലോ, നൊന്തു പിടഞ്ഞിട്ടും അനക്കം വച്ചു തുടങ്ങിയ അടിവയറിന്റെ വേരറുക്കാന്‍പോലും ഇന്ദു തയ്യാറായത്‌.

നിമിഷയ്ക്ക്‌ പവിയെ മടുത്തുതുടങ്ങിയെന്ന് നിമിഷ തന്നെയാണു ഇന്ദുവിനോട്‌ പറഞ്ഞത്‌. അതുണ്ടാക്കിയ ഒരുതരം മൂന്നംകിട സഹതാപമാകണം ഇന്ദുവിനെ പവിയോടടുപ്പിച്ചത്‌. എന്നത്തെയും സിരിയില്‍ കവിഞ്ഞൊരു ദിവസം "സുഖമല്ലേ..?" യെന്ന ഒരൊറ്റ ചോദ്യത്തിനു മുമ്പില്‍, "അതേ... പരമ സുഖം! ഘടികാര സൂചികളെല്ലാം ഒരുമിച്ചുനിലച്ച സുഖം... എല്ലാ മഷിപ്പാടുകളും ഒരുമിച്ചു മാഞ്ഞതിന്റെ സുഖം... ഇത്രയും സുഖം എനിയ്ക്കു വേണമെന്നില്ല കുട്ടീ...;കുറച്ചു വേണമെങ്കിലെടുത്തു കൊള്ളൂ" എന്നണപൊട്ടിയപ്പോള്‍ ചിരിയ്ക്കാനും കരയാനും മറന്നു മിഴിച്ചുനിന്ന ഇന്ദുവിനെ നിമിഷ തന്നെയാണു പിടിച്ചുവലിച്ചു കൊണ്ടുപോയത്‌;"ഒന്നു വരണുണ്ടോ, ഈ പ്രാന്തു കേള്‍ക്കാന്‍ നില്‍ക്കാതെ."

പിന്നീട്‌, ഇന്ദുവിന്റെ നെഞ്ചില്‍ തലചായ്ച്ച്‌, ആ മുടിച്ചുരുളുകള്‍ക്കിടയിലേയ്ക്കു മുഖം പൂഴ്ത്തിക്കൊണ്ടയാള്‍ പറഞ്ഞു; നിമിഷ അവന്റെ ആദ്യത്തെ പെണ്ണായിരുന്നില്ലെന്ന്. അവളുടെ ഭാവഭേദമില്ലാത്ത മുഖത്തു നോക്കി "നിനക്കെന്നോടു വെറുപ്പു തോന്നുന്നില്ലേ..,ദേഷ്യമെങ്കിലും?" എന്നവന്‍ അത്ഭുതപ്പെട്ടപ്പോള്‍ "പാവം, എന്റെ കുട്ടി..!!" എന്നൊരു ചിരിയില്‍ അവനെ ആകെ തളര്‍ത്തിക്കളഞ്ഞു, അവള്‍.

'നഷ്ടപ്പെട്ടതിന്റെയൊക്കെ കണക്കുകള്‍ സൂക്ഷിച്ചിരുന്നെങ്കില്‍ ഞാനെത്ര വലിയ സമ്പന്നനാകുമായിരുന്നെന്നോ...' യെന്ന് അവനൊരിയ്ക്കലും ഇന്ദുവിനോടു പറഞ്ഞില്ല. മറിച്ച്‌, ഇന്ദുവില്ലാത്ത വീട്ടില്‍, വീണുകിടക്കുന്ന അമ്മയുടെ കട്ടിലിനരികില്‍ അവനുണ്ടാക്കിയ കാപ്പിയും പലഹാരങ്ങളും ആഴ്ചയിലൊരു ദിവസം മുടങ്ങാതെ ചിരിച്ചു.

അതേ സമയം "ഒന്നുമില്ലാത്തവന്റെ നെഞ്ചിലെ തീ കണ്ടുവോ.....*" യെന്ന് അവനലറി വിളിയ്ക്കുമ്പോള്‍ അറിയാതെ, എങ്ങനെയെന്ന് അവള്‍ക്കുപോലുമറിയാതെ അവളോടിച്ചെന്നു. അവന്റെ ആവി പാറുന്ന നെഞ്ചില്‍ നീണ്ട വലതു കൈവിരലുകള്‍കൊണ്ടു തടവി ഉമ്മ വച്ചു. അവന്റെ പൊള്ളല്‍ത്തിണര്‍പ്പുകളെ സ്വന്തം ശരീരം കൊണ്ടു നനച്ചു തുടച്ചു..പുതപ്പിച്ചു.

എന്നിട്ടും അവന്‍ പോയി. അരുതെന്ന് അവള്‍ പറഞ്ഞില്ല. അവന്‍ പോയി. ഏപ്രിലിലെ വേനല്‍ വസന്തത്തില്‍, നിമിഷയുടെ കല്യാണത്തലേന്ന്, കൂട്ടിലങ്ങാടിപ്പുഴയുടെ പൊട്ടിത്തുടങ്ങിയ കൈവരികളില്‍ പിടിച്ചുകൊണ്ട്‌ അവള്‍ കൊഴിഞ്ഞുവീണ വയലറ്റ്‌ പൂക്കളെയോര്‍ത്തു. "ഏതൊരു ബന്ധവും ഒരു വിശ്വാസമാണു; വെറും വിശ്വാസം. ബോധത്തിനും അബോധത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിയ്ക്കുന്ന ഏതൊരു മനുഷ്യനും ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ മാത്രം നിലനില്‍ക്കയും ഇല്ലെന്നു വിശ്വസിക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒന്ന്!" എന്ന അവന്റെ വാക്കുകളോര്‍ത്തു.

'ഈയൊരു നിമിഷം സ്വന്തമാക്കി, ലോകത്തിന്റെ അങ്ങേയറ്റം വരെ സഞ്ചരിക്കാനൊരുക്കമെ'ന്നു വെല്ലു വിളിച്ച്‌, കൈകള്‍ കോര്‍ത്തുപിടിച്ച്‌, വാകമരങ്ങള്‍ക്കിടയിലൂടെ ഏറ്റുവാങ്ങാറുള്ള മഴയെക്കുറിച്ചോര്‍ത്തു. ഇനി എല്ലാ മഴച്ചാറ്റലും ഏതു വെയില്‍പ്പെയ്ത്തുകളും ഏറ്റുവാങ്ങേണ്ടത്‌ തനിച്ചാണല്ലോയെന്നോര്‍ത്തപ്പോള്‍ അവള്‍ക്കറിയാതെ കാഴ്ച മറഞ്ഞു. വരണ്ട പുഴയുടെ അരികുകളില്‍ പതിയിരിക്കുന്ന വയലറ്റ്‌ പൂക്കളിലേയ്ക്കാണു-അവനേറ്റവുമൊടുവില്‍ ചൂണ്ടിക്കാണിച്ച്‌ വയലറ്റ്‌ പൂക്കള്‍- ചോരപ്പൂക്കള്‍ ചിതറിത്തെറിച്ചത്‌.

'നിലച്ചത്‌ ഘടികാര സൂചികളല്ല പവീ....,എന്റെ ജീവിതത്തിന്റെ സ്പന്ദനങ്ങളായിരുന്നു.'

വീല്‍ചെയര്‍ തന്നെത്താനുരുട്ടി ഇന്ദു പിറുപിറുത്തു. രണ്ടു വര്‍ഷം.... മഴ പെയ്യാതിരുന്നില്ല....വെയില്‍ ചായാതിരുന്നില്ല... മുളങ്കാടുകള്‍ പൂക്കുന്നതും മരിയ്ക്കുന്നതും അനിവാര്യത തന്നെയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എന്നിട്ടും, പെട്ടെന്നൊരപരാഹ്നത്തില്‍ "പ്രണയം മരിയ്ക്കുമ്പോളിന്ദൂ...സത്യത്തിലെന്താണു സംഭവിയ്ക്കുന്നത്‌?" എന്നൊരു ചോദ്യത്തെ നടുക്കത്തോടെയല്ലാതെ നേരിടാന്‍ അവള്‍ക്കായില്ല.

"നിനക്കറിയാമോ, ജീവിതത്തിന്റെ ലക്ഷ്യം പ്രണയമാണെന്ന് ഒരിയ്ക്കല്‍ ഞാന്‍ കരുതിയിരുന്നു. പ്രണയം മരിയ്ക്കുന്നിടത്തു നിന്നാണു ജീവിതം തുടങ്ങുന്നതെന്നു പിന്നെ തിരുത്തി. പക്ഷെയിപ്പോള്‍,........എനിയ്ക്കറിയില്ല....നീ പറയ്‌.....നീ തന്നെ പറയ്‌..." 'പവീ.....'യെന്നു വിളിയ്ക്കാനാഞ്ഞ ഇന്ദുവിന്റെ മുമ്പില്‍ കുനിഞ്ഞിരുന്ന് ആ മടിയില്‍ തലവച്ച്‌ അയാള്‍ രണ്ടുകൈകള്‍ കൊണ്ടും അവളെ ചേര്‍ത്തുപിടിച്ചു. അയാളുടെ പൊതുവേ ചൂടാര്‍ന്ന നെറുക്‌ അവളുടെ കണ്ണീര്‍ വീണു പൊള്ളി.

കൂടുതലൊന്നും പറയാതെ, തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയവന്‍ രണ്ടാഴ്ചകള്‍ക്കു ശേഷം വന്നത്‌, തനിച്ചായിരുന്നില്ല. "രാജീ,...ഇന്ദു; ഒരേ സമയം എന്റെ ശക്തിയും ദൗര്‍ബല്യവുമായവള്‍! ഇന്ദൂ,...എന്റെ ഭാര്യ; രാജി!" പരിചയപ്പെടുത്തുമ്പോള്‍, നേരിയ ഇടര്‍ച്ച പോലും അവന്റെ ശബ്ദത്തിനുണ്ടായിരുന്നില്ലെന്ന് ഇന്ദു പ്രത്യേകം ശ്രദ്ധിച്ചു.
പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു....പെയ്യുന്നുണ്ടായിരുന്നു....പെയ്യുന്നുണ്ടായിരുന്നു. ഓടുകള്‍ മഴത്തുള്ളികളെ തട്ടിത്തെറിപ്പിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഇന്ദുവിനു ദേഷ്യം വന്നു. അവള്‍ മേല്‍ക്കൂരകളില്ലാത്ത ആകാശത്തെ സ്വപ്നം കണ്ടു. ഓരോ മഴയുടെ മറവിലും ആകാശത്ത്‌ നക്ഷത്രക്കുഞ്ഞുങ്ങള്‍ പെറ്റുപെരുകുന്നത്‌ അവള്‍ സ്വപ്നം കണ്ടു. എന്നോ പൊലിഞ്ഞ തന്റെ കുഞ്ഞു നക്ഷത്രം ആണായിരുന്നോ അതോ പെണ്ണായിരുന്നോ എന്ന് ആദ്യമായി ആവളലോചിച്ചു.

രാജിയുടെ കണ്ണുകള്‍ക്ക്‌ നക്ഷത്രത്തിളക്കമുണ്ടായിരുന്നു; മനസ്സിനും! എന്നിട്ടും, മഴയും മിന്നലും പൂത്തിറങ്ങിയ ഒരു രാത്രിയില്‍ വാടകവീടിന്റെ ചുമരുകള്‍ക്കുള്ളിലേയ്ക്ക്‌ രാജിയെ തള്ളിയിട്ട്‌ അവനിറങ്ങിപ്പോയി. ആ രാത്രി കൂട്ടിലങ്ങാടിപ്പുഴയുടെ കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളപ്പാച്ചിലിലേയ്ക്ക്‌ പാലത്തിന്റെ കൈവരി മറിഞ്ഞു വീണു. പൊന്തക്കാടുകള്‍ക്കിടയിലെ ഇളം വയലറ്റ്‌ പൂക്കള്‍ മുഴുവന്‍ അവന്റെ ഓര്‍മ്മകള്‍ക്കൊപ്പം പുഴവെള്ളത്തിലൊഴുകി നടന്നു. ഇളം നീലനിറത്തിലുള്ള കടലാസു കഷണത്തില്‍, കറുത്ത മഷിപ്പാടുകള്‍ ഇന്ദുവിന്റെ കയ്യിലിരുന്നു വിറച്ചു. "നിനക്ക്‌ മേല്‍ക്കൂരകളും ചുമരുകളുമില്ലാത്ത ഒരു ജീവിതം സ്വന്തമായി തരാനാണു ഞാനിറങ്ങിത്തിരിച്ചത്‌. പക്ഷെ......................!"
പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു.....പെയ്യുന്നുണ്ടായിരുന്നു.....പെയ്തു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

*-എ.അയ്യപ്പന്റെ വരികള്‍.

Subscribe Tharjani |