തര്‍ജ്ജനി

ജയദേവ് കൃഷ്ണന്‍

പാഴിയോട്ട് മന
കുറുമ്പത്തൂര്‍.
വഴി തിരുനാവായ.

Visit Home Page ...

കവിത

സ്വകാര്യം

പത്താംക്ലാസ്സു് കഴിഞ്ഞതില്‍ പിന്നെ
അവളെക്കണ്ടതു് ഇന്നലെ -

പന്തീരാണ്ടിലായി
നാലു പെറ്റിട്ടുണ്ടാകും !

അവളൊരു സ്വകാര്യബസ്സില്‍
ഞാന്‍ സര്‍ക്കാര്‍ബസ്സിലും.

ഇരു ബസ്സുകളും ഇടഞ്ഞോടുമ്പോഴാണു്
ഞങ്ങളുടെ കണ്ണുകളിടഞ്ഞതു്;
മരണം മുഖാമുഖം കണ്ട
ആ നിമിഷത്തെപ്പറ്റി എന്തു് പറയാനാണു് ?

നിത്യനൈമിത്തികങ്ങള്‍
മുട്ടിമുട്ടിയില്ല എന്ന മട്ടില്‍
പലതവണ ഓവര്‍ടേക്ക് ചെയ്തു.

നിര്‍ത്തേണ്ടിടത്തൊക്കെ
ഒന്നു് പിന്നിലുള്ളതിനു്
വഴികൊടുക്കാതെ
പരസ്പരം പോരിനു് വിളിച്ചു.

കയറ്റിറക്കങ്ങള്‍ അത്ര
പ്രധാനമല്ലെന്നായി.

ഓട്ടത്തിന്റെ വേഗം
കൂടിക്കൂടിവരുമ്പോള്‍
തൊട്ടുപിന്നാലെയാണെങ്കിലും
ഏറെ അകലെയായിരുന്നു
ഞങ്ങള്‍.

തമ്മില്‍ കൂട്ടിമുട്ടിക്കാതെ
ലക്ഷ്യം കാണാതെ
ബസ്സുകള്‍
മരണത്തിലേക്കു് മത്സരിക്കുന്നു.

ഒരു ഓവര്‍ടേക്കിന്റെ
മിന്നല്‍ക്കാഴ്ചയില്‍
ശ്വാസമടക്കിപ്പിടിച്ചു്
അവളുടെ മുഖം പരതുമ്പോള്‍
സ്വകാര്യബസ്സു്
കാലിയായി ഓടുന്നതു കണ്ടു.

ഓര്‍മ്മകളെല്ലാം ഇറങ്ങിപ്പോയിരുന്നു
മറുകണ്ണറിയാതെ,
മറുചെവിയറിയാതെ !

Subscribe Tharjani |