തര്‍ജ്ജനി

സന്തോഷ് പാലാ

284 പാര്‍ക്കര്‍ അവെന്യൂ
വെസ്റ്റ് ഹെംസ്റ്റഡ്
ന്യൂയോര്‍ക്ക് 11552
യു. എസ്സ്. എ

ഇ-മെയില്‍: mcsanthosh@yahoo.com

Visit Home Page ...

കവിത

ഓര്‍മ്മിച്ചെടുത്തത്

ടെലിവിഷനില്‍
പാതിരാപ്പടം
ഉറക്കമൊഴിച്ച് കണ്ടത്
ഉര്‍വ്വശി അവാര്‍ഡു നേടിയ
തമ്പുരാട്ടിമാരുടെ
അഭിനയം
വിലയിരുത്താനല്ല

കിടക്കവിരിയ്ക്കിടയില്‍
ഭദ്രമായി
ഒളിപ്പിച്ചിരുന്ന
‘കൊച്ചുപുസ്തകം‘
രാജീവന്‍ കൊണ്ടുപോയത്
പിറ്റേന്നത്തെ
പരീക്ഷയ്ക്ക്
പഠിച്ച്
ജയിക്കാനല്ല.

ക്രിസ്സ്മസ്
കരോളിനിറങി
ലേഡീസ്സ് ഹോസ്റ്റലില്‍
താളമടിച്ചു നിന്നത്
ശാലിനിയും മാലിനിയും
ഉറങ്ങുന്ന
നേരമറിയാനല്ല.

മാര്‍ക്സ്സും നെരൂദയും
ജോണും ചുള്ളിക്കാടും
ഇഎംസ്സും ഗാന്ധിയും
ഒരുമിച്ചുറങിയവര്‍
അല്ലെന്ന്
മാടനോ ചാത്തനോ
സമ്മതിക്കില്ല

പുലരികള്‍
പുലഭ്യം പുലമ്പുന്ന
കുളിക്കടവുകളും
പകലുകള്‍
പറ്റുപടി പറയുന്ന
പെട്ടിക്കടകളും
ചീട്ടുകള്‍
ചിന്തിച്ചു കൊന്ന
ബീഡിക്കുറ്റികളും
കണ്ടിട്ടില്ലെന്നോ
മറന്നു പോയെന്നോ
പറയാനുള്ള
ധൈര്യം
ഒരുത്തനുമില്ല.

ഹണിബ്ബീയുടെ വാളും
ഓള്‍ഡ് കാസ്ക് വാളുമായി
കൂട്ടുകാര്‍ പടവെട്ടിയപ്പോള്‍
ഒതുക്കത്തില്‍
സാമ്രാജ്യം
ഒറ്റയ്ക്ക്
കീഴ്പെടുത്തിയതിന്
മൂന്ന് മിനിട്ടേ
ആയുസ്സുണ്ടായിരുന്നുള്ളൂ
എന്നത് തെറ്റാണെന്ന്
പറയുന്നില്ല.

മറന്നു പോയ
മാട്ടക്കള്ളിന്റെ രുചി
മണം പിടിച്ചിന്നെന്റെ
മനം മയക്കിയതിനും
മുറിഞ്ഞു പോയ
മധുര കാലത്തിന്റെ ഗതി
മിഴി വിടര്‍ത്തിയിന്നെന്റെ
മുന്നില്‍ വന്നതിനും
കാരണം
കല്യാണം
ക്ഷണിയ്ക്കാനെത്തിയ
എന്റെ
പഴയ
ഹോസ്റ്റല്‍ കൂടപ്പിറപ്പ്
പത്രോസാണ്

Subscribe Tharjani |
Submitted by Shailan (not verified) on Tue, 2008-09-09 02:56.

kavitha nannayittuntu