തര്‍ജ്ജനി

രാജു ഇരിങ്ങല്‍

ഫോണ്‍: 00973 36360845.
ഇമെയില്‍: komath.iringal@gmail.com

Visit Home Page ...

കവിത

വളക്കച്ചവടക്കാരന്റെ മകള്

ഇതൊരു തടാകമല്ലേ..
കടല്‍ പോലെ രൌദ്രമല്ലാത്ത
പുഴപോലെ ഓളമില്ലാത്ത
കര പോലെ വഴുക്കില്ലാത്ത
അപ്പുറത്തെ
വളക്കച്ചവടക്കാരന്റെ ജീവിതം പോലെ
നിറയെ പച്ചവളകള്‍
ചുവന്നവളകള്‍

കുഞ്ഞുന്നാളിലണിഞ്ഞ
കരിവളകള്‍
വെളുത്ത കൈത്തണ്ട നോക്കി
കുസൃതിയോടെ
വളക്കച്ചവക്കാരന്റെ മകളോട്
പറഞ്ഞതെന്തായിരിക്കും?

കുന്നിക്കുരു മണ്‍കലത്തിലിട്ട്
കൈവിരലുകള്‍ കൊണ്ട്
എണ്ണി നോക്കിയിരുന്നപ്പോള്‍
കുന്നിക്കുരുവിലൊന്നെങ്കിലും
വളക്കച്ചവക്കാരന്റെ മകളോട്
പറഞ്ഞതെന്തായിരിക്കും?

മയില്‍പ്പീലിത്തുണ്ട്
പെറ്റു പെരുകാന്‍
കണ്ണിലെണ്ണയൊഴിച്ച്
ദിവസവും പുസ്തകം
തുറന്നു നോക്കിയപ്പോള്‍
പുസ്തകത്താളുകള്‍
കണ്ണ് തുറന്ന്
വളക്കച്ചവടക്കാരന്റെ മകളോട്
മൊഴിഞ്ഞെന്തായിരിക്കും?

ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും:
തിരപോലെ
മലര്‍ പോലെ
വിരിഞ്ഞ് നീ ഒരു
പെണ്ണാകുമ്പോള്‍
തടാകത്തിലൊരു താമര വിരിയും
ഓളപ്പരപ്പിലൊരു കല്ല് വന്ന് വീഴും
ബ്ലും എന്ന് ശബ്ദം കേട്ട്
വളക്കച്ചവടക്കാരന്‍ തടാകത്തിലേക്ക് നോക്കും
പിന്നെ...
വേരറ്റ താമരകണ്ട്
ബോധം കെട്ട് മരിച്ചു വീഴും

Subscribe Tharjani |
Submitted by സണ്ണി ജേക്കബ് (not verified) on Mon, 2008-09-08 14:46.

ശ്രീ രാജു ഇരിങ്ങല്‍,

താങ്കളുടെ കവിത ആദ്യവായനയില്‍ തന്നെ ഘടനാ പരമായുള്ള മുഴച്ച് നില്‍ക്കലുകള്‍ കൊണ്ട് അലോസരപ്പെടുത്തുന്നു. താങ്കള്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന അവ്യക്തമായ ഒരു ചിന്ത മാത്രം ബാക്കിയായി. തീര്‍ത്തും ക്ലീഷേ ആയ പ്രയോഗങ്ങള്‍ കൊണ്ടും, ആവര്‍ത്തിച്ച് വരുന്ന പദ പ്രയോഗങ്ങളാലും താങ്കളുടെ ഈ കവിത എപ്പോഴത്തേയും പോലെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ.

Submitted by G. Manu (not verified) on Wed, 2008-09-10 10:22.

ഓളപ്പരപ്പിലൊരു കല്ല് വന്ന് വീഴും
ബ്ലും എന്ന് ശബ്ദം കേട്ട്
വളക്കച്ചവടക്കാരന്‍ തടാകത്തിലേക്ക് നോക്കും
പിന്നെ...
വേരറ്റ താമരകണ്ട്
ബോധം കെട്ട് മരിച്ചു വീഴും

ഇരിങ്ങല്‍ ടച്ചുള്ള മറ്റൊരു കവിത

Submitted by nazar koodaali (not verified) on Wed, 2008-09-10 18:27.

രാജുവിന്റെ തൂലികയില്‍ നിന്നു അടുത്തായി വായിച്ച നല്ല കവിത

Submitted by സപ്ന ജോര്‍ജ്ജ് (not verified) on Wed, 2008-09-10 18:48.

ശ്രീ സണ്ണി..........................‘താങ്കളുടെ ഈ കവിത എപ്പോഴത്തേയും പോലെ നിരാശപ്പെടുത്തി ‘ ...... .............
പ്രോത്സാഹിപ്പിക്കുവാനാണ്, ഈ നിരൂപണം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, ഇതല്ല അതിനുള്ള വാക്കുകള്‍.,ശ്രീ സണ്ണി.കവിത സാധാരണ ഗതിയിയില്‍ ഒരു മനുഷ്യന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്,ശ്രീ സണ്ണി. അതിനു മുഖവുരയും, ആവര്‍ത്തനവിരസമായ വാക്കൂകളോ ഒന്നും തന്നെ ഒരു തടസ്സമാവുന്നില്ല,, ശ്രീ.സണ്ണി.വായിക്കുന്നവരുര്‍ക്കു കൂടി രസിക്കണം എന്നതിനെക്കളുപരി, തന്റെ കവിതയില്‍,മനസ്സിന്റെ സാന്തോഷം വിങ്ങല്‍, വിമ്മിഷ്ടം ,എന്നിവ ആവര്‍ത്തിച്ചൂ വരുമ്പോള്‍, ഒരു തേങ്ങലീല്‍, സങ്കടം ഒഴുകിപ്പൊയില്ല എന്നു വരാം,ശ്രീ സണ്ണി...............കുറച്ചു ആവര്‍ത്തന വിരസതയില്ലെ എന്നൊരു തോന്നല്‍’..............അല്ലാതെ ‘നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ” എന്നു പറയേണ്ട ആവശ്യം ഇല്ല്ലാ,ശ്രീ സണ്ണി.ക്ലീഷെ പ്രയോഗങ്ങളും മറ്റും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു വമര്‍ശനം നടത്താന്‍ മാത്രം, ഉള്ള ആളിന്റെ പേരു പോലും 'verify' ചെയ്തിട്ടില്ലല്ലോ..........ഒരു സാധാരണക്കാരനോടു വേണോ ഈ ക്ലീഷെ പ്രയോഗം, ശ്രീ സണ്ണി. അതിനു പ്രതികരിക്കാന്‍ പറ്റുന്നവരോടു പോരെ ശ്ര്രീ സണ്ണീ.

Submitted by Anonymous (not verified) on Wed, 2008-09-10 23:41.

ബ്ലോഗിലൂടെ പരിചയപ്പെട്ട ഇരിങ്ങലിന്റെ കവിത മുഖ്യധാരയില്‍ കാണുന്നതു് സന്തോഷം. അതും തര്‍ജ്ജനിയില്‍.
ഈ കവിയില്‍ നിന്നും വളരെയധികം നമ്മുക്കു് പ്രതീക്ഷിക്കാം.

Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Thu, 2008-09-11 09:45.

നല്ല ഒതുക്കമുള്ള കവിത.
തടാകം പോലെ ശാന്തമായ ജീ‍വിതവും, പലനിറത്തിലുള്ള മോഹിപ്പിക്കുന്ന വളകളും,
കുന്നിക്കുരുവിന്റെ വര്‍ണ്ണങ്ങളും ജീവിതത്തിനു നിറം നല്‍കുന്ന സ്വപ്നങ്ങളുടെ,
ആഗ്രഹങ്ങളുടെ പ്രതിഫലനങ്ങളായിട്ടണ് തോന്നിയത്. മയില്‍പ്പിലിത്തുണ്ട് പ്രസവിക്കുമെന്ന
വിശ്വാസം ജീവിതത്തിലെ നിഷ്കളങ്കതയെ എടുത്തു കാട്ടുന്നുണ്ട്.
പിന്നെ വള (വര്‍ണ്ണ) ക്കച്ചവടക്കാരന്‍ പിതാവ് - എല്ലാ പിതാക്കന്മാരെയും
കുഞ്ഞുമക്കള്‍ കാണുന്നത് തങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ചു
തരാന്‍ കെല്‍പ്പുള്ള വ്യക്തിയായിട്ടാണല്ലോ. പെണ്‍കുട്ടി പ്രായമാകാന്‍ തുടങ്ങുമ്പോഴേക്കും
പിതാവിന്റെ വ്യാകുലതകള്‍ ആരംഭിക്കുകയായി. ഓളപ്പരപ്പില്‍ എവിടെനിന്നെന്നറിയാതെ
വന്നു വീഴുന്ന കല്ല് വര്‍ത്തമാനകാല ജീവിതത്തിന്റെ വിഹ്വലതകളെ തുറന്നു കാട്ടുന്നു.
പക്ഷെ മകളുടെ മരണമറിഞ്ഞു മരിച്ചുവീഴുന്ന പിതാവിനോട് മാത്രം വിയോജിപ്പു തോന്നി.
പിതാവ് സ്രഷ്ടാവ് ആണല്ലൊ. മരിക്കാതെ നിസ്സഹായനായ സാക്ഷിയായി നിന്നിരുന്നെങ്കില്‍
കവിതയ്ക്കു കുറെക്കൂടി കരുത്ത് കിട്ടിയേനെ എന്നു തോന്നി.