തര്‍ജ്ജനി

വി. കെ. ദീപന്‍

ഹരിതം, ആലംകോട് പി.ഒ
679 585

Visit Home Page ...

കവിത

അഭയം

മറവിയുടെ
മുപ്പത്തിമൂന്നാം
പടവിനപ്പുറം
നനയുന്ന നിശ്ശബ്ദതയാണു്.

മഴ
നിരക്ഷരമാം

വെള്ളെഴുത്തായ്

പെയ്യുന്നതിവിടെ.
വാക്കും ചരിത്രവും
ഇല്ലാത്തതിനാല്‍
ഇരുട്ടും വെളിച്ചവും
നിങ്ങള്‍ക്കിവിടെ
അലട്ടാവുന്നില്ല.

തഴുതിട്ടടിച്ച
ഹൃദയങ്ങളില്‍
ഒടുവിലത്തെ
അഭയസങ്കേതമെന്നപോലെ
വീണ്ടും വീണ്ടും
നിങ്ങള്‍ മുട്ടുന്നില്ല.

ഇലവറ്റിയ മരത്തെ
വെയില്‍കിണറുകോരി

തളിര്‍പ്പിക്കാന്‍
പിന്നെ നിങ്ങള്‍
തുനിയുന്നില്ല.

കായ്ക്കാത്ത കാഞ്ഞിരത്തേയും
അതില്‍
പനയോലെ
കൊത്തി
പതം വന്ന നാക്കാല്‍
ഫലമോതുമൊരു
ശുകത്തേയും
തേടുന്നില്ല.

ഇരുള്‍ നീലിമയിലൂടെ
ഉറുമ്പുകളേറ്റിപ്പോകും
ശലഭച്ചിറകില്‍ തെളിഞ്ഞ
പ്രണയലിപികളിലേക്കു്
ഞെട്ടിയുണരുന്നേയില്ല.

ഡോ. വി. കെ. ദീപന്‍

Subscribe Tharjani |