തര്‍ജ്ജനി

ഡോ. ടി.ബി.വേണുഗോപാലപ്പണിക്കര്‍

വാണി,
ഫാറൂക്ക് കോളേജ് പോസ്റ്റ്,
കോഴിക്കോട് 2.

Visit Home Page ...

ലേഖനം

മലയാളത്തിന്റെ പഴമകള്‍

മലയാളം എന്നതിന് ഇന്നത്തെ അര്‍ത്ഥമാണ്, മലയാളഭാഷ എന്ന അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മലയാളദേശം എന്ന അര്‍ത്ഥമല്ല. ആ അര്‍ത്ഥം ഇന്നൊരുപക്ഷേ ലക്ഷദ്വീപിലേ നിലവിലുള്ളൂ. തമിഴന്‍ പോലും മലയാളത്തുകാരന്‍ എന്നു പറയപന്നതിലും മലയാളി എന്നാണ് ഇന്ന് ഏറെയും ഉപയോഗിക്കുക. ഇവിടെ മലയാളസാഹിത്യമെന്ന അര്‍ത്ഥവും അല്ല. കിട്ടാവുന്ന മലയാളസാഹിത്യകൃതികള്‍ക്കൊന്നിനും ആയിരം വര്‍ഷം പോലും പഴക്കമില്ല. രേഖകളില്‍ പിന്നെയുള്ളത് ദാനപത്രങ്ങളും മറ്റുമാണ്. അതില്‍ ഏറ്റവും പഴക്കമുള്ളതായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് വാഴപ്പള്ളിശാസനമാണ്. അതിന്റെ കാലം ക്രിസ്തുവര്‍ഷം 9ാം നൂറ്റാണ്ടാണ്. ആയിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മലയാളഭാഷയില്‍ നിലനിറുത്തുന്ന പഴക്കം അത്രയല്ലയുള്ളൂ. അതാണ് നമ്മുടെ വിഷയം.

പറഞ്ഞുവരുന്നതിനര്‍ത്ഥം, നമ്മുടെ ഭാഷാസ്വത്വം അപ്പടി പഴക്കമാണെന്നല്ല. മാറ്റങ്ങള്‍, പുതുമകള്‍, അതും നമ്മുക്ക് വേണ്ടുവേളമുണ്ട്. അവ മതിയായ പ്രസിദ്ധിനേടിയതുമാണ്. മാവിന്റെ കായാണ് മാങ്ങ. ഇത് മാങ്കനി പോലെ, മാന്തളിര്‍ പോലെ മാമ്പൂ പോലെ മാങ്കായ് ആകേണ്ടതാണ് എന്നൂഹിക്കാന്‍ പ്രയാസമില്ല. അത് മാറി മാങ്ങയായത് മാറ്റമാണെന്ന് ഉള്‍ക്കൊള്ളാനും പ്രയാസമില്ല. പഴമകള്‍ ഇത്ര എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാനാവുന്നതല്ല. അതുകൊണ്ടാണ് അവയെക്കുറിച്ച് അന്വേഷിക്കേണ്ടിവരുന്നതും.

മലയാളത്തിന്റെ ഈ പഴമകള്‍ ആരും ഇതുവരെ കണ്ടെത്താത്തവയല്ല. മലയാളത്തിന് ഖിലം (അപ്രയുക്തം) ആയവയെ സംരക്ഷിക്കുന്ന ഏര്‍പ്പാടുണ്ടെന്ന് കേരളപാണിനിക്ക് തോന്നിയിരുന്നു. മലയാളഭാഷയുടെ വ്യാവര്‍ത്തകസ്വഭാവങ്ങളായ മാറ്റങ്ങള്‍ വിസ്തരിക്കുന്ന നയങ്ങള്‍ക്കൊപ്പം അദ്ദേഹം പീഠികയില്‍ ഖിലോപസംഗ്രഹത്തെപ്പറ്റിയും പരിഗണിക്കുന്നു. അനുനാസികാതിപ്രസരം തുടങ്ങിയ അഞ്ചുനയങ്ങള്‍ മാറ്റങ്ങളാണെങ്കില്‍ ഖിലോപസംഗ്രഹം പഴമയാണ്.

മലയാളഭാഷയുടെ പൂര്‍വ്വചരിത്രത്തെ ഇടത്തമിഴിന്റെ തുടക്കത്തോട് ബന്ധിപ്പിച്ച എല്‍. വി. രാമസ്വാമി അയ്യരും പഴമകള്‍ പലതുമുണ്ടെന്ന് `എവല്യൂഷന്‍ ഓഫ് മലയാളം മോര്‍ഫോളജി' എന്ന പുസ്തകത്തില്‍ (1936) അംഗീകരിക്കുന്നു. ഇടത്തമിഴിലും പഴക്കമുള്ള പലതും മലയാളത്തിലുണ്ടെന്നു വാദിക്കുന്ന ഗോവിന്ദന്‍കുട്ടിയും (1972) ഷണ്‍മുഖവും (1976) പഴമകള്‍ കാണാത്തവരല്ല. ഇവിടെ അവര്‍ പറഞ്ഞത് സംക്ഷിപ്തസമാഹരണം നടത്തുകയും പ്രതിസംസ്കരിക്കയും ചെയ്യുന്നു.

1. വാമൊഴിയില്‍ പരക്കെ നടപ്പായ മാറ്റങ്ങള്‍ മിക്കതും അംഗീകരിക്കയാണ് പൊതുവേ മലയാളത്തിന്റെ രീതി. വരും - വരാ എന്ന ക്രമം കണ്ടാല്‍ വേണം - വേണ്ടാ എന്ന ജോഡിയിലെ വേണം എന്നത്, വേണ്ടും എന്നായിരുന്നുവെന്ന് തെളിയും. ചെയ്യേണ്ടും കാര്യം, ഇറങ്ങേണ്ടും കടവ് എന്നൊക്കെ നോക്കിയാല്‍ ഇക്കാര്യം ഉറപ്പാകും. എന്നാലും വാമൊഴിയില്‍ പരക്കെ വരണം എന്നായാല്‍ വരേണം എന്നുപോലും എഴുതാതെ വരണം എന്നെഴുതാന്‍ നമ്മുക്ക് പ്രയാസമില്ല. തമിഴിലും വാമൊഴിയില്‍ വരണം എന്നാണ്. വരമൊഴിയില്‍ പക്ഷേ നിഷ്ഠയോടെ വരവേണ്ടും എന്നേ പാടുള്ളൂ. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ നമ്മുടെ പഴമ തിരിച്ചറിയാന്‍ പ്രയാസം ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ മാറ്റത്തെ പ്രതിരോധിക്കുന്ന ഒരു പ്രവണതയും നമ്മുക്കുണ്ട്, വന്ന മാറ്റത്തെ അംഗീകരിക്കായ്കയല്ല അത്.

1.1. പദാദിയില്‍ ഗജഡദബകളില്‍ ഒന്നു കണ്ടാല്‍ അത് കടംവാങ്ങിയ പദമാണെന്ന് നമ്മുക്ക് ഉറപ്പിക്കാനാകും. ഒരു കാലത്ത് കുണവും തേവരും വെലിയുമാക്കി ഗുണം, ദേവര്‍, ബലി ഇവയെ മാറ്റുന്ന ആരിയച്ചിതൈവ് നമ്മുക്ക് പരിചയമായിരുന്നു. ഇന്നും അവയൊക്കെ നമ്മുക്ക് പരിചയമില്ലാതെയല്ല. എന്നാല്‍ ഗുണവും ദേവനും ബലിയും ഒപ്പം നടപ്പാണ്. ഘനവും കനവും ഒപ്പം പ്രചാരത്തിലുണ്ട്. കട്ടികൂടുതല്‍ കനത്തിനാണെന്നും തോന്നുന്നു. എന്നാല്‍ തമിഴരെപ്പോലെ കട്ടിക്കാരനെ ഗട്ടിക്കാരനായും തടിയനെ ദഡിയനായും മാറ്റാന്‍ മലയാളികള്‍ ഒരിക്കലും തയ്യാറല്ല. അങ്ങനെയാണെങ്കില്‍ വാമൊഴിയില്‍ പഴന്തമിഴ്പ്രവണത നാമല്ലേ പിന്‍തുടരുന്നത്. നമ്മുടെ സ്വന്തം വാക്കുകളില്‍ ഗ, ജ, ഡ, ദ, ബ ഒന്നും പദാദിയില്‍ ഇല്ല എന്ന പ്രവണത?

1.2. പദാദിയില്‍ ഇന്നത്തെ തമിഴില്‍ ച എന്നുച്ചരിക്കുന്നത് തെക്കന്‍തമിഴ്‌നാട്ടിലെ കീഴാളര്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് സൂട്ടും(ചൂട്ട്), സിന്തനൈ(ചിന്തന) ഒക്കെയാണ്. അമാന്യമായ ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയില്‍ ഉള്ളത്. മലയാളികള്‍ക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ്. പാര്‍പ്പാന്‍ തമിഴിലെ ശൂടു പോലുമല്ല. അതു വല്ലേടത്തു ശീട്ടാക്കിയും മറ്റും കണ്ടേക്കാമെന്നുമാത്രം. അതും അത്യപൂര്‍വ്വം. സംസ്കൃതം സ്വീകരിക്കലും മാറ്റങ്ങള്‍ വരുത്തലും മാത്രമല്ല, പഴമ കാത്തുസൂക്ഷിക്കുകയും മലയാളത്തനിമയാണ്.

1.3.1. മലയാളത്തോട് പലനിലയ്ക്കും സാദൃശ്യമുള്ള യാഴ്പാണത്തമിഴിലും കുമരിത്തമിഴിലും മാത്രമേ റ്റ, ന്റ ഒട്ടെങ്കിലും ഉള്ളൂ. മറ്റെല്ലായിടത്തും റ്റ ത്ത ഇവ തമ്മില്‍ ലയിച്ചുപോയി. അറ്റവും അത്തവും ഒന്നായി. കുറ്റം കുത്തമായി. തറ്ക്കാലത്തമിഴകരാതി കറ്റുക്കുട്ടി എന്നവാക്ക് കത്തുക്കുട്ടി എന്നും എഴുതാന്‍ അനുവദിക്കുന്നു. ഈ പ്രവണതയ്ക്ക് തെളിവ് 6ആം നൂറ്റാണ്ടുമുതല്‍ കാണാമെന്ന് കമില്‍ സ്വെലബില്‍ ( 1970:97). കുറ്റം ഇന്നെഴുതി വായിക്കുന്നത് കുറ്റ്‌റം എന്നമട്ടില്‍ ആണ്. വാമൊഴിയില്‍ ഇല്ലായ്കയാലാണ് ഈ വിചിത്രമായ ഉച്ചാരണം നടപ്പായതും.

ന്റ എഴുതിവായിക്കുമ്പോള്‍ ന്‍ഡ്ര എന്നമട്ടില്‍ ആക്കാറുണ്ട്. വാമൊഴിയില്‍ തീരെ മറഞ്ഞതുകാരണം വന്നുകൂടിയ കൃത്രിമമായ ഉച്ചാരണപുന:സൃഷ്ടിയാണത്. ഈ മട്ടില്‍ നമ്മുടെ പഴയകൃതികള്‍ വായിക്കുമ്പോള്‍ ``എന്റെല്ലാം കേട്ടവനൊരു നുറങ്ങാശ്വസിക്കിന്റ നേരം'' എന്നതിലും മറ്റും ndr ഉച്ചരിക്കുന്നത് ആസുരമായ അനൗചിത്യമാണ്.

വാമൊഴിത്തമിഴില്‍ ഒണ്ണ്, കുണ്ണ്, കണ്ണ് എന്നാണ് വരമൊഴിയിലെ ഒന്‍റു, കുന്‍റു, കന്‍റു ഇവ ഉച്ചരിക്കുന്നത്. നാമാകട്ടെ ആ പദങ്ങള്‍ ഒന്നു, കുന്നു്, കന്നു് എന്ന് ദന്ത്യമായും. എന്നാല്‍ എന്റെ, നിന്റെ .... തരത്തില്‍ പിന്നെ ജനിച്ച ന്റ ഉണ്ട്. പഴയകൃതികളിലെ ന്റ മുഴുവന്‍ മാറ്റി ന്ന എന്നുച്ചരിക്കുന്നതിലും അനുചിതമാണ് ന്‍ഡ്ര ഉച്ചാരണം.

പഴയ ന്റയ്ക്കു പകരം ണ്ണ/ണ വരുന്ന പ്രവണത മലയാളവാമൊഴികളിലും അപരിചിതമല്ല. വരണു, കേ(ള്‍)ക്കണു .... എന്നൊക്കെ ഉണ്ട്. വര്ണ്, കേക്ക്ണ് ... എന്നും. ഈ വകയില്‍പ്പെട്ടതാണ് ആണു്. വരണ്, കേക്ക്ണ് അമാന്യമായി പരിഗണിച്ച് വരുന്നു, കേള്‍ക്കുന്നു എന്നു ശുദ്ധമാക്കുമെങ്കിലും ആണ് ആകുന്നുവെന്നതിനേക്കാള്‍ ആദരവും നേടി!

എന്തായാലും തമിഴരുടെ ന്റ ഉച്ചാരണത്തിലെ ഈ മാറ്റം പണിയഭാഷയിലോ ലക്ഷദ്വീപിലോ ഇല്ല. ഊരാളി, അടിയ, മുഡുഗ എന്നീ ആദിവാസികളും തമിഴന്‍ മാറ്റിക്കളഞ്ഞ ന്റ നിലനിറുത്തുന്നവരാണ്. ഒന്‍റു, കുന്‍റു ..... എന്നിങ്ങനെ. തമിഴരുടെ ദ്രാവിഡത്തനിമനാട്യം ഈ ആദിവാസികളേയും വിഗണിക്കുന്നു. മലയാളികളെ അകറ്റിനിറുത്തുന്നു.

1.4.1. തമിഴ്‌വ്യാകരണപാരമ്പര്യം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന, മ, ന(വര്‍ത്സ്യാനുനാസികം, ആനയിലെ ന) ഇവ തമ്മിലുള്ള വ്യാവര്‍ത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വര്‍ത്സ്യാനനാസികവും) ഇവ തമിഴില്‍ ഒന്നായിത്തീര്‍ന്നു. പദാദി ന (ദന്ത്യം) ആയതിനു ശേഷമാകാം ഇത്. ക്രമേണ പല വാമൊഴികളിലും പഴയ ഞ, ന, ന ഇവയുടെ സ്ഥാനത്തുള്ള ന എന്ന ഒറ്റയും ണ യും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാല്‍ മൂന്നെണ്ണം വേറുതിരിച്ച് കേള്‍ക്കാനും കേള്‍പ്പിക്കാനും മാത്രമേ മിക്ക തമിഴര്‍ക്കും കഴിയൂ. മലയാളികളാവട്ടെ ഈ ആറും തമ്മില്‍ കൃത്യമായി വ്യാവര്‍ത്തിപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നില്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികള്‍ ദീക്ഷിക്കുന്നു. നാന്‍ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴര്‍ ദീക്ഷിക്കുന്നുമില്ല.

1.5.1. ദന്ത്യവും വര്‍ത്സ്യവുമായ ന-കള്‍ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴര്‍ ദീക്ഷിക്കുന്നില്ല, ഒരു പക്ഷേ കുമരിത്തമിഴില്‍ ഒഴിച്ച്. ഇതേപോലെ ല, ള വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ്. മിക്ക തമിഴരും മല എന്നും മഴ എന്നും തമിഴില്‍ പറയുന്നത് മിക്കവാറും മളെ എന്നു പറയുന്നതായി നമുക്ക് അനുഭവപ്പെടും. ഈ വ്യത്യാസങ്ങളൊക്കെ പഴയതമിഴില്‍ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ്.

ലക്ഷദ്വീപില്‍ ഴ മുഴുവന്‍ ള യില്‍ ലയിച്ച് കോഴി കോളിയായി എന്ന വസ്തുതയോ കരയില്‍ പല സമുദായങ്ങളിലും പ്രദേശങ്ങളിലും അത് കോയി ആയിത്തീര്‍ന്നു എന്നതിനോ തര്‍ക്കമില്ല. മലപ്പുറത്ത് വീഴും/വിഴും എന്നത് ബിഗും ആയി. സാമാന്യസ്വീകൃതഭാഷയില്‍ അപ്പോഴ് അപ്പോള്‍ ആയി. പാലക്കാട്ട് ഈഴവരും റാവുത്തര്‍മാരും മഴയെ മഷയാക്കുമെന്ന് ഒ.വി.വിജയന്റെ കഥകളിലെ സംഭാഷണങ്ങളില്‍ നിന്നറിയാം. കാസര്‍ഗോട്ട് ചില വാമൊഴികളില്‍ മഴ മദയാകും. ഇതൊക്കെ ശരി എന്നാലും നിത്യസാധാരണഭാഷണത്തില്‍ ധാരാളമായും ഔപചാരികസന്ദര്‍ഭത്തില്‍ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടില്‍ പണ്ഡിതന്മാര്‍ക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ. ആകെ ശേഷിപ്പുള്ളത് തഞ്ചാവൂര്‍-കുംഭകോണം മേഖലയിലാണ്. അവിടെത്തന്നെയും ഴ-ള ലയനം നടന്നുകൊണ്ടിരിക്കുന്നു. മലയാളത്തോട് ചാര്‍ച്ചയുള്ള യാഴ്പ്പാണത്തമിഴിലും കുമരിത്തമിഴിലും ഴ മുഴുവന്‍ ള ആയി. ``തമിഴുക്ക് ഴ അഴകു'' എന്നു പാടാന്‍ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ്. ``ചെന്തമിഴും നാപ്പഴക്കം'' അതിപ്പോഴെവിടെയും ഇല്ല, ശീലിച്ചുണ്ടാക്കേണ്ടതാണ്.

1.5.2. തറ്കാലത്തമിഴരകരാതി നോക്കിയാല്‍ ഞ യില്‍ തുടങ്ങുന്ന ഒട്ടേറെ വാക്കുകള്‍ കാണുകയില്ല. ഉള്ളവയില്‍ ഞാനം ജ്ഞാനവും ഞാപകം ജ്ഞാപകവും ആണല്ലോ. അതു കഴിഞ്ഞാല്‍ തനിദേശ്യപദം ഞായിറോ മറ്റോ കാണാം. മലയാളത്തില്‍ എത്രയോ ഞാദിപദങ്ങള്‍ ഉണ്ട്. ഞണ്ട്, ഞെരിയുക, ഞാഞ്ഞൂള്‍, ഞാവല്‍, ഞേങ്ങോല്‍, ഞോടുക എന്നിങ്ങനെ. ഇവയില്‍ മിക്കതും തമിഴില്‍ ഉണ്ട്. പക്ഷേ ന എന്നതില്‍ നോക്കണമെന്ന് മാത്രം. ഉച്ചാരണം ന എന്ന് മാറിപ്പോവുകയും ചെയ്തു. ആ നിലയ്ക്ക് തമിഴര്‍ നാന്‍ എന്നെഴുതി നാന്‍ എന്നു വായിക്കുന്ന നമ്മുടെ ഞാന്‍ ഉണ്ടല്ലോ, അതിന്റെ കാര്യത്തില്‍ പഴക്കം നമ്മുടെ ഞാന്‍ അല്ലേ? ഈ സംശയം പലര്‍ക്കും തോന്നായ്കയല്ല. പക്ഷേ പഴയ രൂപം യാന്‍ ആയിരുന്നുവെന്ന് എന്നെ, എന്നോട് .... തുടങ്ങിയവയിലെ എന്‍, സൂചിപ്പിക്കുന്നു. ഞാന്‍, ഞാങ്ങള്‍ ( ഞങ്ങള്‍) ഇവയുടെ ചരിത്രം അത്ര സരളമല്ല. അവയ്ക്ക് പഴക്കം അവകാശപ്പെടാന്‍ മതിയായ തെളിവും ഇല്ല. എന്നാല്‍ തമിഴിലെ നാന്‍ എന്നതിന് അത്ര പഴക്കമില്ല.

2.1. മലയാളത്തിലെ അത്ഭുതം, ഉത്സവം, ഉത്പത്തി, സദ്ഗുരു ഇവയില്‍ ത്/ദ് നാം ലകാരമായി ഉച്ചരിക്കും. തമിഴര്‍ ഈ സ്ഥാനത്ത് റ് എന്നും. അറ്പുതം, ഉറ്ചവം, ഉറ്പത്തി, ചറ്കുരു. ശില്പവും കല്പനയും അവര്‍ക്ക് ചിറ്പവും കറ്പനയും ആയിരിക്കുന്നത് കാണുമ്പോള്‍ ആദ്യം മലയാളത്തിലെപ്പോലെ ള് ആയ ശേഷമാണ് റ് ആയത് എന്ന് ഊഹിക്കേണ്ടിവരും. പല്‌പൊടി, കല്-കുളം ഇവ അവര്‍ക്ക് പറ്‌പൊടിയും കറ്കുളവും ആണല്ലോ. സംസ്കൃതപദങ്ങളുടെ കേരളീയോച്ചാരണത്തിനാണ്, മാറ്റമുണ്ടെങ്കിലും, പഴക്കം എന്നു വരുന്നു.

3.1. നമ്മുടെ മുതുക്കന്‍, കുറുക്കന്‍ എന്നിവയിലെ ക്കന്‍ തമിഴില്‍ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ടു്. അതുകൊണ്ടു് ഈ പദങ്ങളിലെ പ്രത്യയത്തിനു് പഴക്കമുണ്ടു്. ചത്തു, ചക്ക്, ചക്ര എന്നിവയിലെ സ്വരങ്ങള്‍ മാറി ചെ എന്നാണു് തമിഴില്‍. ഇക്കാര്യത്തിലും പഴക്കം മലയാളത്തിനാണു്.

3.2. തമിഴിലെ നീങ്കള്‍ പഴക്കമുള്ളതാണു്. പഴന്തമിഴില്‍ ഇത് നീമ് ആയിരുന്നു. കള്‍ പ്രത്യയം ചേര്‍ന്നതാണു് നീങ്കള്‍. അതിനെ വിഭക്തിപ്രത്യയത്തിനുമുമ്പുള്ള കുറുകിയ രൂപത്തില്‍ നിന്നു് മാറിയതാണു് നമ്മുടെ നിങ്ങള്‍. എന്നാല്‍ പ്രത്യയത്തിനു് മുമ്പു് തമിഴില്‍ ഉങ്കള്‍ എന്നാണു്. ഇതിനെ അപേക്ഷിച്ചു് പഴമ നമ്മുടെ നിങ്ങള്‍ക്കാണെന്നു് പറയാം. പഴയ തമിഴില്‍ത്തന്നെ നിം മാറി നും ആയിത്തീര്‍ന്നു. ഇതേപോലെ നിന്‍ എന്നതു് വളരെപ്പഴയ തമിഴിലേ ഉള്ളൂ. അതു് മാറി ഉന്‍ ആയിപ്പോയി. ഇക്കാര്യത്തില്‍ പഴക്കം മലയാളത്തിനാണു്.

3.3. നമ്മുടെ ചെയ്‌വിന്‍, നടപ്പിന്‍, കാണ്മിന്‍ എന്നതിലെ വിന്‍/ പ്പിന്‍/ മിന്‍ എന്ന പ്രത്യയത്തിന്റെ സ്ഥാനത്തു് പഴന്തമിഴില്‍ വരുമിന്‍ എന്നു് മിന്‍ ആണു്. നമ്മുടെ പ്രത്യയം അതിന്റെ വിന്യാസവിശേഷങ്ങളോടെ കൂടുതല്‍ പഴക്കമാര്‍ന്നതാകണം.

3.4. മലയാളത്തിലും കന്നടത്തിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീര്‍ഘമുള്ള ചുട്ടെഴുത്തു് തമിഴില്‍ ഇല്ല. തൊല്‍കാപ്പിയം പറയുന്നതു് (എഴു. 210) ആ എന്നതു് കാവ്യഭാഷയില്‍ മാത്രമുള്ളതാണെന്നാണു്. അതായതു് കാവ്യഭാഷയില്‍ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അതു് എന്നര്‍ത്ഥം. ആ വീടു്, ഈ മരം ഇവയൊക്കെയാണു് പഴയതു്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തില്‍ പഴന്തമിഴിനേക്കാള്‍ പഴമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന വസ്തുത എല്‍. വി. രാമസ്വാമി അയ്യരും അംഗീകരിക്കുന്നു (1939,2004: 100 fn.1).

3.5. പനിയത്തു് (മഞ്ഞില്‍), വളിയത്തു് (കാറ്റില്‍) എന്നൊക്കെ പഴന്തമിഴില്‍ ഉണ്ടായിരുന്നുവെന്നു് തൊല്‍കാപ്പിയം സാക്ഷ്യപ്പെടുത്തുന്നു ( എഴു. 242, 243). അത്തരം അധികരണരൂപങ്ങള്‍ എന്നേ ആ ഭാഷയില്‍ പൊയ്‌പ്പോയി. മലയാളത്തില്‍ ആ പഴമ ഇന്നും സജീവമാണു്. ഇരുട്ടത്തു്, നിലാവത്തു്, കാറ്റത്തു്, വയറ്റത്തു്, കവിളത്തു്, വെയിലത്തു് ............. പഴന്തമിഴില്‍ മരത്തിലിരുന്തു പഴം പൊഴിന്തതു് എന്നതിന്റെ സ്ഥാനത്തു് മരത്തിനിന്‍റു .... എന്നുമാകാമായിരുന്നു. അതാണു് നമ്മുടെ മരത്തില്‍നിന്നു്. ചലനാരംഭസ്ഥാനത്തെ കുറിക്കുന്ന ഇല്‍നിന്നു് പഴക്കമുള്ള പ്രയോഗമാണു്.

3.6. നമ്മുടെ ചെയ്‌വാന്‍ ( ചെയ്യാന്‍), നടപ്പാന്‍ ( നടക്കാന്‍) എന്നീ വിനയെച്ചരൂപങ്ങള്‍ തമിഴിലിപ്പോള്‍ കാണാത്തതു് പഴന്തമിഴില്‍ ഇല്ലാത്തതിനാലല്ല, ഇടത്തമിഴില്‍ അവ വീണുപോയതുകാരണമാണു്.

3.7. പഴന്തമിഴില്‍ നിലനിന്ന തായ്-മാര്‍ എന്ന തരം ബഹുവചനപ്രത്യയരൂപം ഇടത്തമിഴില്‍ ഇല്ലാതായി. നമ്മുടെ മിടുക്കന്മാരും ചേച്ചിമാരും ആ പഴന്തമിഴ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണു്.

4.1. പഴന്തമിഴില്‍ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ടു്, തമിഴില്‍ ഇല്ല. ആശാന്‍ (ആചാര്യ), അച്ചന്‍ (അജ്ജ), അങ്ങാടി (സംഘാടി - വഴികള്‍ ചേരുന്ന സ്ഥലം), പീടിക (പീഠിക)

4.2. പഴന്തമിഴ് സാഹിത്യത്തില്‍ കണ്ടുമുട്ടുന്ന വേട്ടുവര്‍, പാണര്‍, പുള്ളുവര്‍, പരവര്‍ എന്നിവരെ പിന്നെ നാം മലയാളനാട്ടിലേ കണ്ടുമുട്ടുകയുള്ളൂ. തൊല്‍കാപ്പിയം പൊരുള്‍ 33 ല്‍ പറയുന്ന അന്തണരുടെയും അരചരുടെയും ഓത്തു് എന്ന വാക്കു് ഇന്നത്തെ തമിഴില്‍ ഇല്ല. വേദാഭ്യാസത്തിനു് മലയാളത്തില്‍ ഇന്നും ഓത്തു് എന്നുപറയും. ഓത്തുപള്ളി ഖുര്‍ ആന്‍ പഠിക്കാന്‍ മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നു. കേരളത്തിലെ ജൂതന്മാര്‍ ഓത്തുപുരയിലാണു് തോറ അഭ്യസിച്ചിരുന്നതു്.

സവിശേഷാര്‍ത്ഥത്തിലുള്ള പലപദപ്രയോഗങ്ങളും തൊല്‍കാപ്പിയം പൊരുളതികാരത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതൊക്കെ ഇന്നത്തെ മലയാളത്തിലോ പഴയ മലയാളസാഹിത്യത്തിലോ നമ്മുക്കു് കണ്ടെത്താനാകും. തമിഴര്‍ക്കു് നിഘണ്ടുകൊണ്ടറിയണം. നിഘണ്ടുവില്‍ ഉദ്ധരിച്ചതു് മിക്കതും തൊല്‍കാപ്പിയത്തില്‍ നിന്നുമായിരിക്കും. അതിലൊന്നാണു് പോത്തു്. തമിഴര്‍ പോത്തിനേയും എരുമയേയും വേറുതിരിക്കുന്നില്ല. തൊല്‍കാപ്പിയം പോത്തു് ആണും എരുമ പെണ്ണുമാണെന്നു് പറയുന്നു. കൊമ്പനാനയ്ക്കു് കളിറു എന്ന വാക്കു് നമ്മുടെ പഴയ പാട്ടുകൃതികളില്‍ ഉണ്ടു്. ഇതേപോലെ പേട മാനിന്റെയും പെട കോഴിയുടേയും പട്ടി നായിന്റേയും പെണ്‍ജാതിയാണെന്നു് മനസ്സിലാക്കാന്‍ മലയാളിക്കു് നിഘണ്ടു നോക്കേണ്ട. മറിമാന്‍ പെണ്‍മാനാണെന്നു് `മറിമാന്‍ മിഴിയെ' കവിതയില്‍ കണ്ട മലയാളിക്കറിയാം. തമിഴില്‍ അതു് എന്നോ മറഞ്ഞു. കുഴന്തൈ തമിഴര്‍ക്കു് കൊളന്തെ എന്നു മാറിയരൂപത്തില്‍ അറിയാമെങ്കിലും കുഴവി തമിഴില്‍ ഇല്ല. നമ്മുക്കു് (പ്രാദേശികമായെങ്കിലും) അമ്മിക്കുട്ടി, അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴ(വി) അറിയാം.

4.3. പഴന്തമിഴില്‍ ഉണ്ടായിരുന്ന പല സൂക്ഷ്മാര്‍ത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു്. തമിഴില്‍ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതില്‍ സര്‍വ്വസാധാരണമായ ഒന്നാണു് തരു -കൊടു വ്യാവര്‍ത്തനം. എനിക്കും നിനക്കും തരുമ്പോള്‍ അവള്‍ക്കു് കൊടുക്കും.

ഉത്തമ-മദ്ധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരല്‍, പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളതു് കൊടുക്കല്‍. എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം. എന്നാല്‍ നിനക്കു് കൊടുക്കല്‍ അത്യന്തവിരളം. ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിര്‍ബന്ധമാണു്.
അയാള്‍ നിനക്കു് വളരെ ഉപകാരങ്ങള്‍ ചെയ്തുതന്നിട്ടില്ലേ?
ഞാന്‍ കുഞ്ഞുണ്ണിക്കു് പാട്ടു് പഠിപ്പിച്ചുകൊടുത്തു.
നിനക്കു് ഇതു് ആരാണു് പറഞ്ഞുതന്നതു്?

ഈ തരു-കൊടു വ്യാവര്‍ത്തനത്തിന്റെ വേര് പഴന്തമിഴോളം ചെല്ലും. തമിഴര്‍ക്കു് ഇതു് എന്നേ അന്യമായിക്കഴിഞ്ഞു.

കണ്‍പീലി പോകട്ടെ, മയില്‍പ്പീലിയും തമിഴില്‍ ഇല്ല. മയില്‍ചിറകും ഇറകും കേട്ടാല്‍ നമ്മുക്കു് ചിരിവരാം. പീലിപെയ് ചാകാടും അച്ചിറും എന്നു് തിരുക്കുറല്‍.

5. മലയാളഭാഷയുടെ പഴമ പരിരക്ഷിക്കാനുള്ള പ്രവണതയെ്ക്കാപ്പം വമ്പിച്ച മാറ്റങ്ങളും ഈ ഭാഷയില്‍ സംഭവിച്ചു. ഒരു മാറ്റം പരക്കെയായാല്‍ പതുക്കെക്കണ്ടെങ്കിലും മലയാളം അതിനു് വരമൊഴിയിലും പ്രവേശമരുളും. മറിച്ചു് മാറ്റത്തെ പ്രതിരോധിക്കാനാണു് തമിഴ് ശ്രമിക്കുക. അതാണു് ചിലപ്പതികാരകാലത്തുതന്നെ നടപ്പായ ത്ത, ന്തകളുടെ ച്ച, ഞ്ച ആകുന്ന മാറ്റം ഇന്നും വരമൊഴിയില്‍ പ്രവേശിക്കുന്നില്ല. അടിത്താന്‍, ഐന്തു എന്നൊക്കെയുള്ള വരമൊഴി ഒരായിരത്താണ്ടുമുമ്പു് അതു് അടിച്ചാന്‍, അഞ്ച് എന്നാക്കിക്കഴിഞ്ഞു. വരമൊഴിയും വാമൊഴിയും ഇങ്ങനെ സമാന്തരമായി നില്ക്കുന്ന ഇരട്ടമൊഴിത്തം കൊണ്ടു് തമിഴിന്നു് ഒരു മാറ്റവും വന്നില്ലെന്ന പ്രതീതി ജനിക്കും. ഇതു ശരിയല്ല. ഈ ചിറക്കെട്ടെല്ലാമുണ്ടായിട്ടും നീരാകെ വാര്‍ന്നൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. ദ്രാവിഡപ്പഴമയുടെയും സിന്ധുതടസംസ്കാരത്തിന്റെയും എന്തെല്ലാം അവകാശവാദത്തോടെയാണു് ചെമ്മൊഴിപ്പുലമ വാഴുന്നതെങ്കിലും, വാസ്തവത്തില്‍ അതു മുഴുവന്‍ ദ്രാവിഡഭാഷകള്‍ക്കും അവകാശപ്പെട്ടതാണു്. തമിഴിന്റെ പഴമയുടെ പെരുമ ഏറെയും മലയാളം പങ്കുപറ്റുന്നതുമാണു്. തമിഴ്പ്പുലമയുടെ അവശ്യഭാഗമാണു് മലയാളപ്പഴമയെപ്പറ്റിയുള്ള അറിവു്. തമിഴറിഞ്ഞാല്‍ മലയാളം കൂടുതല്‍ നന്നായി അറിയാറാകും. മലയാളം അറിഞ്ഞാല്‍ തമിഴ് നന്നായി അറിയാറാകും എന്നതും അത്രമേല്‍ ശരിയാണു്. ഈ വര്‍ണ്ണങ്ങള്‍ എങ്ങനെ ഉച്ചരിക്കും, ഈ വ്യാകരണരൂപങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും, ഇതിനെങ്ങനെ അര്‍ത്ഥമാക്കാന്‍ കഴിയും - ഇതോക്കെ മലയാളിയോടു് ചോദിച്ചേ തമിഴന്നു് പഠിക്കാനാകൂ. പഴന്തമിഴിന്റെ നല്ല വ്യാഖ്യാതാവു് മലയാളിയായിരിക്കും എന്നു പോലും പറയാം.

പരാമര്‍ശങ്ങള്‍:

മുല്ലക്കോയ, എം. 1990. ലക്ഷദ്വീപുമലയാളത്തിന്റെ പദാവലിപരമായ പഠനം. (ഗവേഷണപ്രബന്ധം) കോഴിക്കോട് സര്‍വ്വകലാശാല.
ഷണ്‍മുഖം, എസ്.വി. 1976. മലയാളഭാഷയുടെ രൂപീകരണവും വളര്‍ച്ചയും. ദ്രാവിഡഭാഷാശാസ്ത്രപഠനങ്ങള്‍. അണ്ണാമല സര്‍വ്വകലാശാല.
സോമശേഖരന്‍നായര്‍, പി. 1977. പണിയഭാഷ, നാഷനല്‍ ബുസ്റ്റാള്‍.
Govindankutty,A.1972. From Proto Ta-Ma to West Coast Dialects. Indo Iranian Journal 14, The Hauge
Krishnamurthy,Bh. 1961. Telugu Verbal Bases. University of California
Ramaswamy Aiyar, L.V. 1936. The Evolution of Malayalam Morphology. Trichur: Rama Varma Research Institute.
Ramaswamy Aiyar, L.V.1944. Grammar in Lilatilakam. Trichur: The Saraswathi Printing and Publishing House.
Shanmugam,S.V. 1969. A Modern Evaluation of Viracoliyam. Journal of Annamalai University -26.
Shanmugam, S.V. 1971. Dravidain Nouns. Annamalai University.
Zvelebil,Kamil. 1970. Comparative Dravidian Phonology. The Hauge: Mouton.

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍.പി. (not verified) on Sat, 2010-10-16 20:05.

വിജ്ഞാനപ്രദവും രസകരവും ലളിതവും - ശ്രദ്ധേയമായിരിക്കുന്നു.

മനുഷ്യസംസ്ക്ര്തിയുടെ വികാസചരിത്രം കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാനും ഇത്തരം ലേഖനങ്ങള്‍ സഹായിക്കുന്നുണ്ട്.