തര്‍ജ്ജനി

കെ. പി. പ്രേംകുമാര്‍

റീഡ്സ്,
ഇടപ്പാള്‍
പിന്‍ : 679576
ഇമെയില്‍ ‍: premkumarkp@gmail.com

Visit Home Page ...

സിനിമ

അരി; ഒരശ്ലീലപദം?

'ഹരിശ്രീ കുറിക്കുക' എന്നതിന്റെ വാമൊഴി വിവര്‍ത്തനം, 'അരിയിലെഴുതുക' എന്നാ‍ണ്‌. 'അരി തീരുമ്പോഴാണ്‌ പ്രാദേശിക ലേഖകന്‍ നിങ്ങളുടെ പഴയ പാസ്പോര്ട്ട്‌ സൈസ്‌ ഫോട്ടോ‍ തേടി വീട്ടി‍ലെത്തുന്നത്‌. 'അരിയിട്ടു‍വാഴിക്കുക', 'അരിയും പൂവുമെറിയുക', 'അരിയെറിഞ്ഞാല്‍ ആയിരം കാക്ക'.... അരിയെ ആദരിക്കുന്ന ചൊല്ലുകളെത്ര! ഏറ്റവുമൊടുവില്‍ അരിയെ 'അനാദരിക്കുന്ന' ഒരു പേരിതാ. 'അരി പ്രാഞ്ചി'.

അസീസിയിലെ ധനികനായ വ്യാപാരി പിയട്രോയുടെ മകനായി അഉ 1182 ലാണ്‌ ഫ്രാന്‍സിസ്‌ ജനിക്കുന്നത്‌. പിതാവില്‍നിന്നു് വിഭിന്നമായി, പണമുണ്ടാക്കാനുള്ള ആര്‍ത്തി അശേഷമുണ്ടായിരുന്നി‍ല്ല, കുഞ്ഞു ഫ്രാന്‍സിസിനു്. ദൈവവിളിയെ തുടര്‍ന്നാ‍ണത്രേ ദരിദ്രോപാസന ജീവിതവ്രതമായി തിരഞ്ഞെടുത്തതും ഒടുവില്‍ പുണ്യവാളനായതും. സെന്റ്‌ ഫ്രാന്‍സിസിന്റെ ഛായാചിത്രങ്ങളില്‍ കാണാവുന്നത്‌ ചുറ്റിലും നിറയെ ചെടികളും പക്ഷികളുമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍. തൃശൂരുകാരന്‍ നസ്രാണിയുടെ രൂപവും ഇതും തമ്മില്‍ അകലം അല്പമല്ല താനും. എന്നിട്ടും ചെറമ്മല്‍ ഈനാശു, മകന്‌ ഫ്രാന്‍സിസ്‌ എന്നു‍ പേരിട്ടത്‌ പുണ്യവാളന്റെ സദ്ഗുണങ്ങള്‍ കിട്ടു‍മാറാകട്ടെ എന്നു‍ കണക്കുകൂട്ടി‍യാവണം. കച്ചവടത്തില്‍ 'ഡബ്ല്‌, ഡബ്ല്‌' ലാഭം കൂടു‍മ്പോഴും പുണ്യവാളന്റെ ദീനാനുകമ്പ കൈവിട്ടി‍ല്ല, സി. ഇ. ഫ്രാന്‍സിസ്‌ എന്ന പ്രാഞ്ചിയേട്ടന്‍. മലയാളി പ്രേക്ഷകരെപ്പറ്റിയും തന്റെ കഴിവിനെപ്പറ്റിയുമുള്ള രഞ്ജിത്തിന്റെ കണക്കുകൂട്ടലുകളും തീരെ തെറ്റിയിട്ടി‍ല്ല. കണക്കു തെറ്റിച്ചുകളഞ്ഞത്‌ ആ രണ്ടക്ഷരങ്ങളാണ്‌: 'അരി'.

പ്രാഞ്ചിയേട്ടന്റെ പ്രശ്നം 'ഒരു പേരില്ല' എന്നതാണ്‌. അഥവാ, അധികമായി ഒരു പേര്‌ കൂട്ടി‍നുണ്ടെന്നതാണ്‌. ആ അശ്ലീലപദത്തിന്റെ അഭംഗി എങ്ങനെ കഴുകിക്കളയാം എന്ന അന്വേഷണമാണ്‌ ഒരര്‍ത്ഥത്തില്‍ ഈ സിനിമ. (ഇതിനിടയില്‍ മലയാളിയുടെ പല ശീലങ്ങളുടെയും അശ്ലീലം കാട്ടി‍ത്തരുന്നു‍ണ്ട്‌ വേണുവിന്റെ ക്യാമറ). നീലകണ്ഠന്‌ മംഗലശ്ശേരി എപോലെ, രമേശിന്‌ ചെന്നിത്തല എന്നപോലെ നമ്മുടെ പ്രാഞ്ചിക്കും വേണം നാലാളറിയുന്നൊരു പേര്‌. സ്വര്‍ണ്ണം കൊണ്ടൊരു ശ്രമം നടത്തിനോക്കി, സിനിമ തുടങ്ങും മുന്‍പെ; നടന്നില്ല.

''അരി'യുടെ അഭംഗി മറയ്ക്കാന്‍ പോന്ന അവതാരം 'പത്മശ്രീ' തന്നെയെന്ന ബുദ്ധിയുപദേശിക്കുന്നത്‌ ഇന്നസെന്റിന്റെ നായര്‍വേഷം. ഒരക്കോടി മറ്റൊരു നായര്‍ക്കുകൊടുത്തിട്ടും കിട്ടാ‍തെ പോയ 'പത്മശ്രീ' ഒരു പാതിരയ്ക്കാണ്‌ പ്രാഞ്ചിയുടെ വീട്ടി‍ലേക്ക്‌ കയറിവരുന്നത്‌. സമയം, ഇന്റര്‍വെലിന്‌ ഒരു മിനിറ്റു മുന്‍പ്‌. "വീട്ടി‍ല്‍ കയറിവരുന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട്‌ തൊഴിക്കരുത്‌" എന്ന ആപ്തവാക്യം അഴീക്കോട്‌ മാഷ്‌ പറഞ്ഞതറിയാത്തതുകൊണ്ടാണോ, ഒരു വട്ടമെങ്കിലും ഒന്നു‍ കാലുയര്‍ത്തി തൊഴിച്ചില്ലേല്‍ "എന്തു മമ്മൂട്ടി‍?" "എന്തു രഞ്ജിത്ത്‌" എന്ന്‌ നാട്ടു‍കാരും നായന്മാരും പറഞ്ഞെങ്കിലോ എന്ന്‌ പേടിച്ചാണോ എറിയില്ല, നടുപ്പുറത്തുതന്നെ‍ കിട്ടീ‍ പാവം പ്രിയാമണിക്ക്‌ ഒരൊന്നൊര ചവിട്ട്‌. (കീഴാളതീയ്യന്റെ നേരുയര്‍ന്ന മുരിക്കും കുന്നത്ത്‌ അഹമ്മദ്‌ ഹാജിയുടെ ഫ്യൂഡലിസ്റ്റ്‌ വലതുകാലും, ആധുനികോത്തര മുംബൈകാര്‍ പെണ്‍കൊടിയുടെ നവലിബറല്‍, പോസ്റ്റ്‌ വാന്‍ഗോഗിയന്‍ സ്വപ്നങ്ങളെ ചവിട്ടി‍വീഴ്ത്തുന്ന മദ്ധ്യകേരള, ആഗോളമുതലാളിത്തത്തിന്റെ ആക്രമണോത്സുകതയെയുംപ്പറ്റി പഠനമെഴുതി രാമചന്ദ്രന്മാര്‍ ഇക്കൊല്ലവും അവാര്‍ഡ്‌ വാങ്ങട്ടെ). ഇന്റീരിയര്‍
റീഡിസൈന്‍ ചെയ്യുന്നതിലാണ്‌ കാര്യം എന്നു‍ ചുമ്മാ പറയുകയല്ല, പ്രവര്‍ത്തിച്ചു കാണിക്കയാണ്‌ രഞ്ജിത്തിന്റെ പത്മശ്രീ ഇവിടുങ്ങോട്ട്‌. മുറിയിലെ കര്ട്ടനും, പെയിന്റും, പ്രാഞ്ചിയുടെ കുപ്പായവും എന്തിന്‌ കണ്ണടയടക്കം മാറ്റുന്നു‍ണ്ടിവള്‍. (ഡിറ്റക്ടീവ്‌ ഹരിദാസന്റെ കണ്ണട കളയാതെ കരുതി മമ്മൂട്ടി‍ മാതൃകയാവുകയാണോ?)

സാഹിതീയരൂപങ്ങളില്‍ പ്രഥമഗണനീയമാണ്‌ സറ്റയര്‍ എന്ന പൊതുതത്വം ഒരിക്കല്‍കൂടി തെളിയിക്കയാണ്‌ "പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയിന്റ് ‌". പ്രധാനകഥയുമായി നേരിട്ടു‍ബന്ധമില്ലെന്ന്‌ ശരാശരി മലയാളി പ്രേക്ഷകനു തോന്നി‍യേക്കാവുന്ന സ്പ്ളിറ്റ് ഷോട്ടു‍കളില്‍കൂടി നമ്മുടെ സഹജമായ കള്ളത്തരങ്ങള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കുമിട്ട്‌ നല്ല തട്ടു‍കൊടുക്കുന്നു‍ണ്ട്‌ രഞ്ജിത്ത്‌. "സംശയാസ്പദമായ സാഹചര്യത്തില്‍" വരുന്ന ഓമന ഡോക്ടറെപ്പറ്റി ഭര്‍ത്താവിന്‌ വിവരം നല്കുന്ന റിനിടോമിന്റെ ഡ്രൈവറും, രണ്ടു മൊബൈല്‍ ഫോണില്‍, രണ്ടുമുറിയില്‍ രണ്ടു പേരോടായി കിന്നാ‍രം പറഞ്ഞുടന്‍ത‍ന്നെ കെട്ടി‍പ്പിടിച്ച്‌ ഒരു കിടക്കയില്‍ ഒന്നായുറങ്ങുന്ന ഡോക്ടര്‍ ദമ്പതിമാരും, കാശുവാങ്ങി ഭൂതകാലം 'പ്രവചി'ക്കുന്ന വി. കെ. ശ്രീരാമന്റെ മാഷും . . . . ഇവരെയൊക്കെ കണ്ടുമുട്ടാ‍ന്‍ വിളക്കും കത്തിച്ച്‌ നട്ടു‍ച്ചയ്ക്ക്‌ അങ്ങാടിയിലിറങ്ങേണ്ടതില്ല എന്നി‍ടത്താണ്‌ ഈ സറ്റയറിന്റെ മൂര്‍ച്ച. സ്ഥായീവേഗത്തില്‍ നീങ്ങുന്ന, ആരോഹണാവരോഹണങ്ങളിലല്ലാത്ത കഥയുടെ ഒഴുക്ക്‌ ഈ "സൈഡ്‌ കിക്കുകള്‍" ക്ക്‌ കൃത്യത നല്കുന്നു‍മുണ്ട്‌.

നിയതമായൊരു കഥയില്ലാതെ, എണ്ണം പറഞ്ഞ നായകനും വില്ലനുമില്ലാതെ, അടിപിടി ബഹളങ്ങളില്ലാതെ, കൃത്രിമമായ പരിണാമഗുപ്തിയില്ലാതെ പ്രതിഭയുള്ളൊരു സംവിധായകന്‌, കഥാപാത്രമായി മാറാന്‍ മനസ്സുള്ളൊരു നല്ല നടന്‌ അയത്നസാദ്ധ്യമായ ഒന്നാണ്‌ നല്ല (മലയാള) സിനിമ എന്ന്‌ സെമിനാറിലല്ലാതെ സിനിമാഹാളിനകത്തുതന്നെ തെളിയിക്കുകയാണ്‌ രഞ്ജിത്തിന്റെ രണ്ടാം വരവിലെ അഞ്ചാം സിനിമ.

സെമിത്തേരിയിലെ തുടക്കവും ശവപ്പെട്ടി‍യിലെ കിടത്തവുമൊക്കെ Andre Koltzel സംവിധാനം ചെയ്ത Posthumous Memoirs എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്നു‍ണ്ടെന്നത്‌ സന്തോഷകരം തന്നെ ‍. നല്ല സിനിമകളെ ഓര്‍മ്മിപ്പിക്കട്ടെ, നല്ല സിനിമകള്‍.

'മെറ്റാസിനിമാസങ്കേതങ്ങളുടെ ഉപയോഗം മലയാളസിനിമയില്‍ മുന്‍പും ഉണ്ടായിട്ടു‍ണ്ട്‌. (ഇല്ലെന്ന് പറഞ്ഞാല്‍ ടി. വി. ചന്ദ്രന്‍ തല്ലാന്‍ വന്നാലോ) പാട്ടുസീനുകളില്‍ തുള്ളാന്‍ വരുന്ന സുന്ദരികളോട്‌ "വീട്ടീ‍പ്പോ" എന്നലറുന്നതുപോലുള്ള സീനുകള്‍ ചേര്‍ക്കുന്നത്‌ വായുവില്‍ 6 എന്നു് എഴുതുംപോലെ ലളിതം. സ്വാഭാവികമായ മെറ്റാസിനിമാറ്റിക്‌ സങ്കേതങ്ങളുടെ ഔചിത്യപൂര്‍ണമായ വിന്യാസം അത്ര എളുപ്പമല്ല. വലതുകാല്‍ വലത്തോട്ടു‍ കറക്കുമ്പോള്‍ വലതുകൈകൊണ്ട്‌  6 എന്നെഴുതാന്‍ കഥാപാത്രങ്ങള്‍ക്കൊന്നും പറ്റുന്നി‍ല്ലെങ്കിലും അത്രതന്നെ‍ ശ്രമകരമായ മെറ്റാസിനിമാറ്റിക്‌ ശ്രമത്തില്‍ വിജയിക്കുന്നു‍ണ്ട്‌, രഞ്ജിത്‌. ഫ്രാന്‍സിസ്‌ പുണ്യവാളന്‍ വലതുകാല്‍ കറക്കുമ്പോഴും, സ്ക്രീനില്‍നിന്ന് നേരത്തെ അപ്രത്യക്ഷരായ 'വിജയിച്ച' കഥാപാത്രങ്ങളുടെ പ്രസന്റ്‌ ടെന്‍സ്‌ പ്രസന്റ്‌ ചെയ്യുമ്പോഴും സംവിധായകന്‍ ചെന്നെത്തുന്നത് സ്വാഭാവികതയുടെ ഈ സുന്ദരശൃംഗങ്ങളിലാണ്‌.

മതവികാരങ്ങളെ വ്രണപ്പെടുത്താതെ, സ്വന്തം തടി വ്രണപ്പെടാതെ പൌരോഹിത്യത്തെ കളിയാക്കാമെന്ന് കാണിച്ചുതരുന്നു‍ണ്ട്‌ ഈ സിനിമ.ഒരിടത്തുമാത്രം ഇന്ദുചൂഡന്റെ പ്രേതം പ്രാഞ്ചിയുടെ ദേഹത്തുകൂടിയോ എന്നൊരു ശങ്ക പറയാതെ പോയാല്‍ എനിക്കുറക്കം വരില്ല. ടി. പി. രാജീവന്‍ ഈയിടെ സ്വന്തമാക്കിക്കളഞ്ഞ വാക്കുകള്‍ കടമെടുത്താല്‍, 'ഉറക്കത്തുകാണാ'നാവില്ല. പോളിയുടെ തോല്‍വിയറിഞ്ഞ്‌ പ്രാഞ്ചി 'ബെന്‍സേല്‍' കുതിക്കുന്നൊരു സീനാണത്‌. തുറന്നുപറയുന്നതുകൊണ്ട്‌ ഒന്നും വിചാരിക്കരുത്‌; അതിത്തിരി കൂടിപ്പോയി ട്ടോ. ഇതു മനസിലാക്കീട്ട്‌ തന്നെയാവണം ഇതേ കാറിന്റെ മുന്‍സീറ്റിലിരുന്നു് പോളി പിന്നീ‍ട്‌ വാവിട്ട്‌ കരയുന്നത്‌. അതല്ലാതെ ഈ സിനിമയില്‍, ഇങ്ങനെ വാവിട്ടു‍കരയാന്‍ ഒരു ന്യായവും കാണുന്നി‍ല്ല.

ടീനേജ്‌ നായികമാരെമാത്രം ഗ്രൂപ്പ്‌ ഫോട്ടോ‍ സെഷനില്‍ കല്യാണിക്കുന്ന സൂപ്പര്‍സ്റ്റാറുകളോട്‌ അരിശം മൂക്കുന്ന സകലനാട്ടു‍കാര്‍ക്കും ആശ്വസിക്കാന്‍ അല്പം വക നല്കുന്നു‍ണ്ട്‌ സംവിധായകന്‍. സിനിമ തീര്‍ന്നശേഷമാണെങ്കിലും നടക്കാന്‍ പോവുന്നത്‌ പ്രാഞ്ചിയുടെ ഒന്നാം കെട്ടുംപത്മശ്രീയുടെ രണ്ടാം കെട്ടു‍മാണ്‌. ഇത്രയുമൊക്കെയേ തല്‍ക്കാലം നമ്മളെക്കൊണ്ടാവൂ ട്ടാ‍.

മലയാളസിനിമയുടെ ദുര്‍ഗതിയില്‍ കണ്ണീരൊലിപ്പിക്കുന്നവര്‍ക്കും, നല്ല സിനിമകള്‍ ചെയ്യാനൊരുങ്ങുന്ന പ്രതിഭകള്‍ക്കുമൊക്കെ പ്രത്യാശാദായകമാണ്‌ രഞ്ജിത്തിന്റെ ഈ ഉദ്യമം; സമകാലിക മലയാളസിനിമയിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന സര്‍ഗപ്രതിഭയാണ്‌ രഞ്ജിത്‌ എന്നൊക്കെ എഴുതാന്‍ തുടങ്ങുമ്പോഴെക്കും മനസ്സില്‍ വരുന്നു‍ പ്രാഞ്ചിയുടെ വാണിങ്‌:
"ഡാ, വായീക്കൊള്ളാത്ത വര്‍ത്താനം പറയരുത്‌ ട്ടാ‍".

Subscribe Tharjani |