തര്‍ജ്ജനി

വായന

പുതിയ പുസ്തകങ്ങള്‍

പ്രവാസം - എം. മുകുന്ദന്‍
പ്രസാധകര്‍: ഡി.സി.ബുക്‌സ്, കോട്ടയം.

എം. മുകുന്ദന്റെ പുതിയ നോവല്‍. പ്രവാസം എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള ഈ നോവല്‍ എഴുത്തു്, എഴുത്തുകാരന്‍ എന്നീ പ്രമേയങ്ങളും കൈകാര്യം ചെയ്യുന്നു. ശങ്കരന്‍കുട്ടി എന്ന എസ്.കെ. പൊറ്റെക്കാടിന്റെ ആഖ്യാനമായാണു് നോവല്‍ ആരംഭിക്കുന്നതു്. പൊറ്റെക്കാടിന്റെ മരണശേഷം ആഖ്യാനം എം. മുകുന്ദന്‍ ഏറ്റെടുക്കുന്നു. കൊറ്റിയത്തു കുമാരന്റെ പ്രവാസത്തിലാണു് നോവല്‍ ആരംഭിക്കുന്നതു്. സമ്പന്നനായ കുമാരനു് തൊഴില്‍തേടി അന്യരാജ്യത്തേക്കു് പോകേണ്ടതില്ലായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചു് അയാള്‍ ബര്‍മ്മയിലേക്കു് പുറപ്പെടുന്നു. അപ്രതീക്ഷികമായ സംഭവപരമ്പരകള്‍ക്കൊടുവില്‍ വെറുംകയ്യോടെ കുമാരന്‍ തിരിച്ചു വരുന്നു. നേട്ടം റങ്കൂണ്‍ കുമാരന്‍ എന്ന പേരു് മാത്രം. പ്രവാസികളായി ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മലയാളികള്‍ ജീവിതം നയിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രവാസിയിലാണു് നോവല്‍ പര്യവസാനിക്കുന്നതു്. കഥാപാത്രങ്ങളും യഥാര്‍ത്ഥവ്യക്തികളും എഴുത്തുകാരും ഉള്‍പ്പെടുന്ന ഒരു ആഖ്യാനഘടനയാണു് ഈ നോവലിനു് എം.മുകുന്ദന്‍ നല്കുന്നതു്.

അഞ്ചു കവര്‍ചിത്രങ്ങളോടെ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഓരോ പുറംതാളിലും കൈകൊണ്ടു് ഒട്ടിച്ചുവെച്ച വൈക്കോല്‍ചിത്രങ്ങളാണുള്ളതു്.

അനുരാഗികള്‍ പാപികള്‍ - പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്
പ്രസാധകര്‍ : സമയം പബ്ലിക്കേഷന്‍സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍.

ബഷീര്‍ ശതാബ്ദിയില്‍ മഹാനായ എഴുത്തുകാരനു് ആദരസമര്‍പ്പണം നടത്തുകയാണു് ഗ്രന്ഥകാരന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിനെ സാകലികമായി പരിഗണിക്കുന്ന ഒമ്പതു് ലേഖനങ്ങളുടെ സമാഹാരം.

ഭാഷ - അനുരാഗത്തിന്റെ സംഗീതം , മുസ്ലിം സമുദായം ബഷീര്‍കൃതികളില്‍ , പാപത്തിന്റെ വിത്തുകള്‍ , പച്ചമനുഷ്യരുടെ സ്നേഹാനുതാപങ്ങള്‍ , സ്വാതന്ത്ര്യത്തിന്റെ ഇടിമുഴക്കങ്ങള്‍ , ലോകകഥയാകുന്ന കുടുംബപുരാണം , സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങള്‍ , വെള്ളത്തില്‍ വരച്ച വര , പോയ്മറഞ്ഞ നിഷ്കളങ്കത എന്നിവയാണു്. ആസ്വാദകപക്ഷത്തു നിന്നുള്ള നിരൂപണങ്ങളാണു് ഈ ലേഖനങ്ങള്‍. ബഷീര്‍സാഹിത്യത്തില്‍ തല്പരരായ സാമാന്യവായനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമായ പുസ്തകം.

64 പുറം. രേഖാചിത്രങ്ങളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. വില: നാല്പതു രൂപ.

Subscribe Tharjani |