തര്‍ജ്ജനി

ടി. വി. സുനീത

മലയാളം ഡിപ്പാര്‍ട്ട്മെന്റ്,
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

വെബ്ബ്: ഇലകള്‍ പൊഴിയുന്ന വഴിയില്‍...

Visit Home Page ...

നിരീക്ഷണം

ചില അമ്മവിചാരങ്ങള്‍

"വളരെ കുട്ടിക്കാലത്തുതന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതുകൊണ്ടു് അമ്മയായിരുന്നു ഏകാശ്രയം. അമ്മ വളരെ പ്രയാസപ്പെട്ടാണു് എന്നെ വളര്‍ത്തിയതു്. വീട്ടില്‍ എന്നും ഏറ്റവും ഒടുവില്‍ ഭക്ഷണം കഴിക്കുന്നതു് അമ്മയായിരിക്കും - കഴിക്കാത്ത നേരവും ഉണ്ടായിട്ടുണ്ടു്. എത്ര പ്രയാസപ്പെട്ടാലും പക്ഷേ, അമ്മ ദു:ഖിച്ചിരിക്കുന്നതു് ഞാന്‍ കണ്ടിട്ടില്ല. സഹനത്തിന്റെ മൂര്‍ത്തിയായ ഈ അമ്മയാണു് എന്നെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ" - മലയാളസിനിമയെ അന്താരാഷ്ട്രനിലവാരത്തിലേക്കെത്തിച്ച പ്രശസ്തസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഈ അമ്മയുടെ പ്രതിരൂപങ്ങളാണു് പല രൂപത്തിലും ഭാവത്തിലും മാതൃഭാവമായി അടൂര്‍സിനിമകളില്‍ കാണുന്നതു്.

"സഹനമാണു് സ്ത്രീയുടെ ഏറ്റവും വലിയ ശക്തി. ഇത്ര മഹാസങ്കടങ്ങള്‍ അനുഭവിച്ചുകൊണ്ടുജീവിക്കാന്‍ സ്ത്രീയ്ക്കുമാത്രമേ കഴിയൂ. ആ അര്‍ത്ഥത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ എത്രയോ കൂടുതല്‍ ശക്തയാണു്" - പ്രശസ്തനോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ തന്റെ സ്ത്രീസങ്കല്പത്തെ ഇങ്ങനെ വിശദീകരിക്കുന്നു. "എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സ്ത്രീകളാണു്, ഏറ്റവും കൂടുതലുള്ളതും അവര്‍ തന്നെ. ഇവരൊക്കെ നിശ്ശബ്ദസഹനത്തിന്റെയും സ്നേഹത്തിന്റെയും മൂര്‍ത്തിയായ എന്റെ അമ്മയുടെ പ്രതിരൂപങ്ങള്‍ തന്നെ. എന്റെ അമ്മയില്‍ നിന്നുകിട്ടിയ സ്നേഹവും വാത്സല്യവും ഞാനെന്റെ സ്ത്രീകഥാപാത്രങ്ങള്‍ക്കു് പകുത്തുനല്കുകയാണു്. സ്ത്രീയുടെ സ്ഥായീഭാവം മാതൃത്വമാണു്"- അദ്ദേഹം തുടരുന്നു.

"കപ്പല്‍ച്ചേതത്തോടു് താരതമ്യപ്പെടുത്താവുന്ന ജീവിതാനുഭവങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ സ്നേഹമൂര്‍ത്തിയായ അമ്മയുടെ വാത്സല്യമാണെന്നെ ജീവിപ്പിച്ചതു്. ആ അമ്മ ഒരു നിരന്തരസാന്നിദ്ധ്യമായി എന്റെ ജീവിതത്തിലെപ്പോഴുമുണ്ടു്". അദ്ദേഹം പറഞ്ഞുനിര്‍ത്തുന്നു.

"എന്റെ അച്ഛന്‍ ഒരു കലാകാരനായിരുന്നു. വളരെച്ചെറിയ കാര്യങ്ങള്‍ക്കുപോലും പൊട്ടിത്തെറിക്കുകയും ഉടന്‍ തന്നെ അതെല്ലാം മറക്കുകയും ചെയ്യുന്ന സ്നേഹവാനായ ഒരച്ഛന്‍. ഈ കലാകാരന്റെ ജീവിതപങ്കാളിയായി , മക്കളെ ആഗ്രഹിച്ചപോലെ വളര്‍ത്താനാവാതെ വിഷമിച്ചു് കരയുന്ന എന്റെ അമ്മയുടെ മുഖം എന്നും എന്റെ ഉള്ളിലുണ്ടു്. ഒപ്പം 11 മക്കളെ ഒറ്റയ്ക്ക് വളര്‍ത്തിയ കരുത്തയായ അമ്മൂമ്മയുടെ മുഖവുമുണ്ടു്. ഈ രണ്ട് മുഖങ്ങളാണു് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം" പറയുന്നതു് സംവിധായകന്‍ രാജസേനന്‍.

തന്റെ സിനിമകളില്‍ ഒരു വിഭാഗം സ്ത്രീകളെ തമാശയ്ക്ക് വിഷയമാക്കിയതിനു കാരണവും ഇതേ സ്ത്രീസ്നേഹം തന്നെയാണു് എന്നു് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.”ജീവിതത്തില്‍ സ്ത്രീയോടു് ബഹുമാനം പുലര്‍ത്തുന്നയാളാണു് ഞാന്‍. പക്ഷേ, ഒരു കലാകാരന്റെ ജീവിതപങ്കാളിയായ അമ്മ ഒഴുക്കിയ കണ്ണീര്‍ എന്റെ ഭാര്യക്കുണ്ടാവരുതു് എന്ന ആഗ്രഹം മൂലം പ്രദര്‍ശനവിജയം നേടുന്ന ചിത്രങ്ങളെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി..അങ്ങനെയാണു് നിര്‍മ്മാ‍താവിനു് ലാഭമുണ്ടാവണം എന്ന തീരുമാനത്തോടെ ഞാന്‍ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതു്” രാജസേനന്‍ വിശദീകരിക്കുന്നു.

“ഏറ്റവും മധുരമായതിനേക്കാള്‍ മാധുര്യമുള്ളതാണു് അമ്മയുടെ ചിരി. ഏറ്റവും ആഴമുള്ളതിനേക്കാള്‍ ആഴമുള്ളതാണു് അമ്മയുടെ സ്നേഹം. ഏറ്റവും വിശാലമായതിനേക്കാള്‍ വിശാലമായതാണു് അവളുടെ മകനെക്കുറിച്ചുള്ള പ്രതീക്ഷ… . . . ഭാര്യയും മക്കളും നിങ്ങളെ ഉപേക്ഷിച്ചുപോയേക്കാം , പക്ഷേ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല.. . . ” സ്വാമി വിവേകാനന്ദന്‍ പറയുന്നു.

“അമ്മയായിരിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസമാണു്‍. അതു് അതീവമാനുഷികമായ ഒരു കാര്യമാണു്‍. ജന്തുത്വത്തെ അതിലംഘിക്കലാണു് …… മാതൃത്വം നിബന്ധനകളില്ലാത്ത ശുദ്ധമായ സ്നേഹമാണു്‍. അമ്മ നിരുപാധികം സ്നേഹിക്കുമ്പോള്‍ - അമ്മയ്ക്കു മാത്രമേ നിരുപാധികം സ്നേഹിക്കാന്‍ കഴിയൂ - ആ ഗുണം കുഞ്ഞിനും പകര്‍ന്നു കിട്ടുന്നു. കുഞ്ഞും നിരുപാധികം സ്നേഹിക്കാന്‍ പ്രാപ്തിയുള്ളവനാകുന്നു…… അമ്മയായിരിക്കുക എന്നാല്‍ നിരുപാധികമായി സ്നേഹിക്കാന്‍ കഴിവുള്ളവളാകുക എന്നര്‍ത്ഥം. സ്നേഹിക്കുന്നതിലെ ആനന്ദത്തിനുവേണ്ടിമാത്രം സ്നേഹിക്കുക.വളര്‍ന്നു കാണുന്നതിലെ ആഹ്ലാദത്തിനായിമാത്രം വ്യക്തിയെ വളരാന്‍ സഹായിക്കുക. സ്ത്രീയെ സംബന്ധിച്ചിടത്തോളം അതു് വളരെ ലളിതമായ കാര്യമാണു്‍. നൈസര്‍ഗ്ഗികമായി അവളതിനു സന്നദ്ധയാണു്‍ .അമ്മയാകുന്നതിലൂടെ ശരീരശാസ്ത്രത്തെത്തന്നെ അതിലംഘിക്കുന്നതിന്റെ വക്കത്താണവള്‍. പ്രസവിക്കാതെതന്നെ അമ്മയാകാം. ആര്‍ക്കും എന്തിന്റെയും അമ്മയാകാം. മൃഗത്തിന്റെയും മരത്തിന്റെയും അമ്മയാകാം. അതു് നിങ്ങളുടെ ഉള്ളിലുള്ള എന്തോ ആണു്..” ഓഷോ തന്റെ മാതൃസങ്കല്പം ഇങ്ങനെ അവതരിപ്പിക്കുന്നു.

നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ പറയാന്‍ ഒരുപടുണ്ടാകും, അമ്മമാരുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹത്വത്തിന്റെയും കഥകള്‍..മുലപ്പാലിന്റെ മണമായും , അങ്ങാടിയില്‍ തോറ്റവര്‍ക്കും മഹായുദ്ധങ്ങള്‍ ജയിച്ചവര്‍ക്കും മടങ്ങിയെത്താനുള്ള അഭയസ്ഥാ‍നമായും, അമ്മയുടെ ഹൃദയം ചൂഴ്ന്നെടുത്ത് കാമുകിയ്ക്ക് സമ്മാനിക്കാനായി ഓടുന്ന മകന്‍ തടഞ്ഞുവീണപ്പോള്‍ 'നിനക്ക് വേദനിച്ചോ?' എന്ന് ആധിപ്പെടുന്ന സ്നേഹമായും ഒക്കെ അമ്മയെ നാം അറിയുന്നു, വാഴ്ത്തുന്നു. എന്നാല്‍ ത്യാഗത്തെ, സഹനത്തെ ഉദാത്തീകരിക്കുന്ന നാം, എങ്ങനെയാണ് നമ്മുടെ അമ്മമാരോട് പെരുമാറുന്നതു്? മനുഷ്യാവകാശങ്ങളെപ്പറ്റിയും സ്ത്രീശാക്തീകരണത്തെപ്പറ്റിയും സ്നേഹത്തിന്റെ മഹത്വത്തെപ്പറ്റിയും ത്യാഗത്തിന്റെ വിശുദ്ധിയെപ്പറ്റിയും എല്ലാം ആധികാരികമായി പ്രസംഗിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്ന നാം [ഇതില്‍ ആണുങ്ങളും പെണ്ണുങ്ങളും പെടും] നമ്മുടെ അമ്മമാരോട് എന്താണ് ചെയ്യുന്നത്?

ഭാര്യാഭര്‍ത്തൃബന്ധങ്ങളിലെ ജനാധിപത്യമില്ലായ്മയെപ്പറ്റി ചിന്തിക്കുന്നവര്‍ പോലും പലപ്പോഴും അമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിലെ അനീതികളെപ്പറ്റി ശ്രദ്ധിക്കാറില്ല. താമസിക്കാനൊരിടവും ഭക്ഷണവും ഒക്കെ നല്കിയാല്‍ തീര്‍ന്നു നമ്മുടെ കടമ.[അതുപോലും നല്കാതെ ആട്ടിപ്പായിക്കുന്നവര്‍ എത്രയോ ഉണ്ട് എന്നത് വാസ്തവം]. പല വീടുകളിലും ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ കഷ്ടപ്പെട്ടു് മക്കളെ വളര്‍ത്തിവലുതാക്കി ഇനി ഒന്നു് ആശ്വസിക്കാം എന്നു കരുതുന്ന അമ്മയ്ക്ക് മക്കള്‍ തങ്ങളുടെ കുട്ടികളെ നോക്കുന്നതിന്റെയും വീട്ടുജോലികളുടെയും ഭാരം കൂടി ഏല്പിക്കുന്നു. അതു് അമ്മയ്ക്ക് ആനന്ദമാണെന്നാ‍വും നമ്മുടെ ധാരണ. അമ്മയ്ക്ക് അമ്മയുടേതായ എന്തെങ്കിലും ആവശ്യങ്ങളുണ്ടെന്നോ, അമ്മയ്ക്ക് ഒരു സാമൂഹ്യജീവിതം വേണമെന്നോ, അമ്മയ്ക്ക് സ്വകാര്യത വേണമെന്നോ, അമ്മയ്ക്കായി ഒരു മുറിയോ സമയമോ വേണമെന്നോ ഒന്നും നാം ഓര്‍ക്കാറില്ല, അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം മറക്കുന്നു.

ഹംഗേറിയന്‍ സംവിധായികയായ മാര്‍ത്താ മെസറോസിന്റെ ഒരു സിനിമ, ഉഗ്രശാസകനായ അച്ഛന്റെ മരണശേഷം അമ്മ സ്വല്പമെങ്കിലും തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതിനെപ്പറ്റിയാണു്‍. ഭര്‍ത്താവ് ഇടാന്‍ അനുവദിക്കാതിരുന്ന വസ്ത്രങ്ങള്‍ ധരിക്കാനും തന്റെ കൂട്ടുകാരെ കാണാനും തന്റെ ഇഷ്ടം പോലെ അണിഞ്ഞൊരുങ്ങാനും ഒക്കെ ശ്രമിക്കുന്നു, ആ അമ്മ. പക്ഷേ, അമ്മയെ നിയന്ത്രിക്കാനും ശാസിക്കാനുമായി മകന്‍ മുന്നോട്ടുവരുന്നു, ഒപ്പം മകന്റെ കൂട്ടുകാരിയും. അങ്ങനെ അച്ഛന്റെ സ്ഥാനത്തുനിന്ന് മകന്‍ അമ്മയെ നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കുന്നു.

വിവാഹമോചനം നേടിയ ശേഷം അന്നുവരെ ജീവിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായി സ്വന്തമായി വാഹനം വാങ്ങിയും സാംസ്കാരികപരിപാടികളില്‍ പങ്കെടുത്തും പഴയ ഹോബികള്‍ തിരിച്ചുകൊണ്ടുവന്നും പഴയ സുഹൃത്തുക്കളെ
തേടിപ്പിടിച്ചും എന്തിനു് തനിക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കഴിച്ചും ഒക്കെ ജീവിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട്.

വിവാഹമോചനം നേടിയ ശേഷം, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മരണശേഷം മാത്രമാണു് പല സ്ത്രീകള്‍ക്കും തന്റെ ഇഷ്ടപ്രകാരം കുറച്ചുകാലമെങ്കിലും ജീവിക്കാനായി പരിശ്രമിക്കാനെങ്കിലും സാധിക്കുന്നതു് എന്നതു് വളരെ വളരെ സങ്കടകരമായ കാര്യമാണു്‍. വിവാഹശേഷം ജനിച്ചുവളര്‍ന്ന വീടും കുടുംബപ്പേരും മാത്രമല്ല, മിക്ക സ്ത്രീകള്‍ക്കും തന്റേതായ ഇഷ്ടങ്ങളും രുചികളും സ്വന്തസമയങ്ങളും ശീലങ്ങളും ഒക്കെ ഉപേക്ഷിക്കേണ്ടിവരുന്നു. കളിമണ്ണുപോലെ എന്തും ആകാന്‍ പാകത്തില്‍ , വെള്ളം പോലെ ഒഴിക്കപ്പെടുന്ന പാത്രത്തിനനുസരിച്ച് രൂപം കൈക്കൊള്ളാന്‍ തക്കവണ്ണം ആണു് അവളെ ചെറുപ്പം തൊട്ടേ ശീലിപ്പിക്കുന്നതു്. കുട്ടികളും കൂടിയാവുമ്പോള്‍ അവളുടെ ത്യാഗങ്ങളുടെ പട്ടിക അനന്തമായി നീളുന്നു. ഇതില്‍നിന്നൊക്കെ ഒരു മോചനം ആണു് മുതിര്‍ന്ന മക്കളുള്ള അമ്മ ആഗ്രഹിക്കുക.

പക്ഷേ, മക്കളോ, അമ്മമാരുടെ ആവശ്യങ്ങളെയും പ്രതീക്ഷകളെയും ഒന്നുകില്‍ അറിയുന്നില്ല ,അല്ലെങ്കില്‍ അവഗണിക്കുന്നു. അങ്ങനെ ഒരു ജന്മം മുഴുവന്‍ ഒരിക്കലും തനിക്കുവേണ്ടി ജീവിക്കാനാവാതെ, അര്‍ഹിക്കുന്ന നന്ദിയോ സ്നേഹമോ ലഭിക്കാതെ
ഒടുങ്ങുന്നു. വി. എം ഗിരിജ കുറിച്ചതുപോലെ
“ഇവളുടെ വാഴ്വിന്‍ കഠിനമാം നോവും
ഇവളുടെയന്ത്യനിമിഷത്തിന്‍ കയ്പും
ആരറിവൂ……….?”

Subscribe Tharjani |
Submitted by Tom Mathews, New Jersey (not verified) on Sun, 2008-09-14 23:17.

Dear Paul:
Suneetha, t.v.'s articles always amaze me as she is
so profound and insightful in her observation on life and
the 'roles' humans play as they act out on life's stage.
As a clinical psychologist practising in the United States,
I have had occasions to observe mothers who are White,
Black, Asian, and Middle Eastern in clinic situations who exhibit a Universal
image of nurture, empathy, love, and caring regardless of their
race, culture, and orientation.
Suneetha, by writing about the Universal "Mother' may be
expressing her own tenderness and in-depth love in her role as
a 'mother'
I wish her success and I offer my respect.
Tom Mathews,
New Jersey
12th Sept. 2008.

Submitted by bindu krishnan (not verified) on Wed, 2008-10-22 14:53.

Excellent article.Its brings out the hypocrisy in many of os, who praise someone- in this case, a mother- but dont understand them or thier needs.Praise or adoration without understanding is meaningless. Sunitha says that strongly in a simple language.Congrats.