തര്‍ജ്ജനി

പുസ്തകം

സാമ്യതയുടെ മണല്‍ മുഖങ്ങള്‍

അരനൂറ്റാണ്ടിലേറെ നീളുന്ന മലയാളിയുടെ ഗള്‍ഫ്‌ ജീവിതാനുഭവങ്ങള്‍ അവശേഷിപ്പിക്കാതെ പോയ അടയാളങ്ങളോര്‍ത്ത്‌ സ്വയം പിറുപിറുത്തും പരിതപിച്ചുമിരിക്കുകയും അതേസമയം പുറത്തുനിന്നുള്ളവര്‍ ഒന്നും സൃഷ്ടിക്കാന്‍ കഴിയാതെ എല്ലാം വ്യര്‍ത്ഥമാക്കിക്കളഞ്ഞവര്‍ എന്ന് കുറ്റപ്പെടുത്തി പരിഹസിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക അന്‌തരീക്ഷം ഗള്‍ഫ്‌ മേഖലയിലും പ്രത്യേകിച്ച്‌ കേരളത്തിലും നിലനില്‍ക്കുന്നുണ്ട്‌. ഗള്‍ഫ്‌ മേഖലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികകളിലും വിവിധ സംഘടനകളുടെ പതിവ്‌ സാഹിത്യ സല്ലാപങ്ങളിലും മറ്റും ഈ വിഷയം ഒരു സ്ഥിരം പംക്തിയോ അജണ്ടയോ ആണുതാനും. എന്നാല്‍ ചര്‍ച്ചകളോ സംവാദങ്ങളോ ഒരു കരയുമെത്താതെ പോവുക പതിവുപോലെ പതിവുമാണ്‌. ഇത്തരം കോലാഹലങ്ങളൊന്നും യഥാര്‍ത്ഥപ്രശ്നത്തിന്‌ മരുന്നും മറുപടിയുമല്ലെന്നും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഉദ്യമങ്ങള്‍ മാത്രമെ അതിന്‌ പകരം വെയ്ക്കാനുള്ളൂ എന്നും തിരിച്ചറിയുന്ന ഒരു പറ്റം എഴുത്തുകാര്‍ ഇന്ന്‌ ഗള്‍ഫ്‌ മേഖലയിലുണ്ട്‌. അക്കൂട്ടത്തില്‍ പെട്ട ഒരാളാണ്‌ വി.മുസഫര്‍ അഹമ്മദ്‌ എന്ന് കറണ്ട്‌ ബുക്സ്‌ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാപുസ്‌തകമായ "മരുഭൂമിയുടെ ആത്മകഥ" സാക്ഷ്യപ്പെടുത്തുന്നു.

എടുത്തുപറയത്തക്ക ഏറെ പ്രത്യേകതകള്‍ കൊണ്ട്‌ സമ്പന്നവും വിഭിന്നവുമാണ്‌ മുസഫറിന്റെ ഈ അനുഭവ-യാത്രാ രേഖകള്‍. ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ഉപരിതലത്തിലൂടെ ഒരാള്‍ നടത്തുന്ന ഓട്ടപ്രദക്ഷണങ്ങളുടെ കഥനങ്ങളെക്കാള്‍ സഹവാസം കൊണ്ടും സ്ഥിരപരിചയം കൊണ്ടും വ്യത്യസ്തമായ ഉള്‍ക്കാഴ്ചകളും അപരിചിതമായ വാതിലുകളും തുറന്നുതരാന്‍ കാമ്പുള്ളതാകുന്നു ഈ പുസ്തകം. മരുഭൂമി എന്നത്‌ വിവര്‍ത്തനം ചെയ്തുകാണിക്കേണ്ട വിജനതയോ പാഴ്മണല്‍ക്കെട്ടുകളോ അല്ല മുസഫറിന്‌. അത്യുക്തിയില്‍ സ്ഥൂലീകരിച്ച്‌ ഒന്നിനെയും ഭിന്നമാക്കാനല്ല; ഭിന്നമെന്നു തോന്നിക്കുന്നിടത്ത്‌ സമാനതകളാണ്‌ തൂവിക്കിടക്കുന്നത്‌ എന്ന് ഓര്‍മ്മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്‌ ഈ പുസ്തകം. ഏതു ജിവമണ്ഡലത്തിന്റെ താരതമ്യത്തിലും സമാനതകള്‍ ആഴത്തില്‍ ഗര്‍ഭംധരിച്ചിരിക്കുന്നു. പാഴ്മണല്‍ കൂനകളുടെ മാത്രം ലോകം എന്ന് നമ്മള്‍ ധരിച്ചു വച്ചിരുന്നിടത്തുനിന്ന് മുസഫര്‍ കണ്ടെത്തുന്ന ജലസാന്നിദ്ധ്യത്തിന്റെ വിസ്മയങ്ങള്‍ പുസ്തകം വായിച്ചു തീര്‍ന്നാലും ഒഴുകിത്തീരുന്നില്ല. മരുഭൂമിയിലെ പുരാതനമായ ഒരു കിണറിന്റെ ചിത്രം എടുത്തപ്പോള്‍ നാട്ടുവഴക്കിന്റെ ഭാഗമായി അപ്രതീക്ഷിതമായി ഗ്രന്ഥകാരന്‌ കിട്ടുന്ന മുഖമടച്ചുള്ള അടിയുടെ വിവരണത്തില്‍ തുടങ്ങുന്ന ആദ്യ അധ്യായം തൊട്ട്‌ ഒട്ടകത്തിന്റെ പ്രസവപരിസരത്തില്‍ എല്ലാ പ്രസവങ്ങളുടെയും നൊമ്പരമേല്‍ക്കുന്നതു തുടങ്ങി, അരയില്‍ ബല്‍ട്ട്‌ കെട്ടി നടുവില്‍ കത്തി പിടിപ്പിച്ച്‌ നടക്കുന്ന നജ്‌റാനികളില്‍ യമനി സംസ്കാരത്തിന്റെ ഭാഗമായി വന്ന പച്ച ബെല്‍ട്ടും ലുങ്കിലും കഠാരയും കെട്ടി നടന്നിരുന്ന മലബാറിലെ മാപ്പിളമാരെ കാണുന്ന അവസാന പേജുവരെയും ജീവലോകത്തിലെ വൈവിധ്യങ്ങളുടെ സമാനതകള്‍ ഈ പുസ്തകം തിരഞ്ഞുകൊണ്ടിരിക്കുന്നു.

ഏറെക്കാലത്തെ സൗദി അറേബ്യയിലെ ജീവിതം കൊണ്ട്‌ അദ്ഭുതവും അപരിചിതത്വവും ഒഴിവായിക്കിട്ടിയ മനോഘടനയും ജീവല്‍സമൂഹത്തോടും പ്രകൃതിയോടുമുള്ള മടുപ്പില്ലാത്ത ജാഗ്രതയുമാണ്‌ മുസഫറിനെ ഇത്തരമൊരു അന്വേഷണത്തിന്‌ ഒരുക്കിയെടുത്തത്‌. വെറും മണല്‍കൂനയെന്നു കണ്ട്‌ വിരക്തനാകാതെ മരുഭൂമിയെയും അതിന്റെ പ്രകൃതിയെയും അഗാധമായി പ്രണയിച്ച ഈ പശ്ചാത്തലമാവണം കേവലം ഒരു കാഴ്ചക്കാരന്റെ പരിധി വിട്ട്‌ മണലിലും കല്ലിലും ഫോസിലുകളിലും കുഴിമാടങ്ങളിലും തേഞ്ഞുതീര്‍ന്ന ജീവജാല ജീവിതത്തിന്റെ ഒച്ചയില്ലാത്ത സ്പന്ദനങ്ങള്‍ ഈ പുസ്തകത്തിലൂടെ കേള്‍പ്പിച്ചുതരുന്നതില്‍ അദ്ദേഹത്തെ വിജയത്തിലെത്തിക്കുന്നത്‌.

സുതാര്യമായ ഉള്‍വസ്ത്രം പോലെ ജലത്തെ മരുശരീരം ഉടുത്തിരിക്കുന്നു എന്ന് യാത്രികന്‍ നമ്മെ എപ്പോഴും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താന്‍ സന്ദര്‍ശിച്ച ഒാരോ സ്ഥലത്തും ജലത്തെയോ ജലശേഷിപ്പുകളെയോ കണ്ടെത്താതിരിക്കുന്നുമില്ല. അത്‌ സൗദിഅറേബ്യയുടെ വടക്കുപടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന താബുക്കിലായാലും കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലായാലും വറ്റിപ്പോയ ലൈലക്കുളമായാലും മരുഭൂമിയുടെ ജലപുടവ വിസ്‌തൃതവും ജലസ്രോതസ്സുകള്‍ മറ്റുപലയിടങ്ങളിലുമെന്നപോലെ ഇവിടെയും ആവാസവ്യവസ്ഥയെ പോഷിപ്പിച്ചിരുന്നു എന്ന് നിസ്സംശയം സമ്മതിക്കാവുന്നതാണ്‌. ഇത്തരം ആവാസവ്യവസ്ഥയിലെ ഭാവ-അഭാവങ്ങളെ മുസഫര്‍ സൂചിപ്പിക്കുന്നത്‌ സുന്ദരമായ തലക്കെട്ടുകളിലൂടെയും കാവ്യാത്മകമായ വിശേഷണങ്ങളിലൂടെയുമാണ്‌. "മരങ്ങളില്ലാത്തകാട്ടില്‍" "വെള്ളമില്ലാത്ത പുഴയില്‍" തുടങ്ങി പണ്ട്‌ കനത്തു നിന്നിരുന്ന ഭാവത്തിന്റെ ഇന്നത്തെ അഭാവത്തെ വാക്കുകള്‍കൊണ്ട്‌ അളന്നെടുക്കാന്‍ ശ്രമിക്കുന്നു. വായനക്കാരനിലേക്ക്‌ ഉദ്ദേശ്യത്തിന്റെ അര്‍ത്ഥവ്യാപ്തി വേഗത്തില്‍ കുറുക്കിയൊഴിക്കുന്ന ഈ വിദ്യ വായനയില്‍ തീര്‍ച്ചയായും രസം പകരുന്നുമുണ്ട്‌.

മരുഭൂമിയിലെ ജീവജാലത്തെയും ഭൂപ്രകൃതിയെയും മാത്രമല്ല അപ്രതീക്ഷിതവും അപകടകരവുമായി മാറിമറിയുന്ന ഋതുഭേദത്തിന്റെ നേരനുഭവങ്ങളും മുസഫര്‍ പങ്കുവെയ്ക്കാന്‍ മറക്കുന്നില്ല. ബദവികള്‍ക്ക്‌ മരുഭൂമിയോടുള്ള സമീപനത്തെ ഇങ്ങനെ കുറിച്ചു വെയ്ക്കുന്നുണ്ട്‌. "മരുഭൂമിയെ ചങ്ങാതിയാക്കിയാല്‍ അതിന്റെ ചിറകില്‍ സഞ്ചരിക്കാം; അല്ലെങ്കില്‍ അതിന്റെ കൊമ്പില്‍ കുരുങ്ങി മരിക്കാം" അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റത്തെത്തുടര്‍ന്ന് മരുഭൂമിയുടെ കൊമ്പില്‍ കുരുങ്ങി അനുനിമിഷം കുമിഞ്ഞു വരുന്ന ഭീതിയുടെ നിഴലില്‍ ദ്രവിച്ചു നിന്ന കഥ എട്ടാമധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌. എല്ലാം ശാന്‌തമെന്നു തോന്നിക്കുന്ന കടല്‍ നിമിഷാര്‍ധത്തില്‍ കലുഷിതമായി ചിഹ്നം വിളിക്കുന്ന അതേ ഭാവത്തോടെ മരുഭൂമിയും പൊടിക്കാറ്റിന്റെ തിരമാലകളഴിച്ചുവിട്ട്‌ എല്ലാത്തിനെയും തന്റെ ചുഴികളിലേക്കാവാഹിക്കും. റിയാദിനടുത്തുള്ള മുസൈഖിറയിലെ പാറച്ചെരിവുകളില്‍ ബി.സി. 1000-3000 നു മിടയില്‍ അന്നത്തെ മനുഷ്യര്‍ കൊത്തിയതെന്നു കരുതപ്പെടുന്ന ഒട്ടകപ്പക്ഷികുടുംബത്തിന്റെ ശിലാചിത്രങ്ങള്‍ കാണാനുള്ള യാത്രയിലാണ്‌ മരുഭൂമി പൊടുന്നനെ മുഖം മാറ്റിക്കാണിച്ചത്‌. ഈ മരുഭൂമിയില്‍ ഫോസില്‍ സമാനമായി മാറിക്കൊണ്ടിരിക്കുന്ന നായയുടെയും ഒട്ടകത്തിന്റെയും ജഡക്കാഴ്ചകളും വെള്ളം കിട്ടാതെ മരിച്ച മനുഷ്യന്റെ അസ്ഥികള്‍ കണ്ട വാര്‍ത്തയും മരുഭൂമിയിലെ മരണം എത്ര ഏകാന്‌തവും ഭീതിജനകവുമായിരിക്കുമെന്ന് അടിത്തട്ടില്‍ ആധികൊളുത്തി. 2005 ഫെബ്രുവരി മൂന്നിന്‌ വീശിയടിച്ച ആ കാറ്റ്‌ കരയിലും കടലിലും വിതച്ച നാശത്തിന്റെ വിവരങ്ങള്‍ മരുയാത്ര എത്ര കടുപ്പമേറിയ സാഹസികത കൂടിയാണ്‌ എന്ന മുന്നറിയിപ്പും നല്‍കുന്നു.

ഭഗ്നപ്രണയത്തിന്റെ നിത്യവിലാപമാണ്‌ ലൈല-മജ്നു പ്രണയകഥ.ലൈല-അഫ്‌ലാജില്‍ ഉടഞ്ഞുപോയ അവരുടെ പ്രണയത്തിന്റെ ചീളുകളില്‍ ലൈലയെ തിരഞ്ഞ്‌ നടക്കുന്നുണ്ട്‌ മുസഫര്‍. ലൈല കുളിക്കാനെത്തിയിരുന്നു എന്നു കരുതപ്പെടുന്ന ലൈലക്കുളത്തിലും താമസിച്ചിരുന്നു എന്നു പറയപ്പെടുന്ന വീടിന്റെ അവശിഷ്ടങ്ങളിലുമൊക്കെ വിരഹിണിയും മുഗ്‌ധയുമായ ലൈലയുടെ തേങ്ങല്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്നില്ലേ എന്ന് വായനക്കാരന്‍ വിങ്ങും. ഒടുവില്‍ ലൈലയെ തിരഞ്ഞ യാത്രികന്റെ വാക്കുകള്‍ ഇങ്ങനെ." താഴ്‌വരയില്‍ പഴയ ഖബറുകള്‍ കാണാനുണ്ട്‌. ഇവിടെ ആരെയാണ്‌ അടക്കിയിരിക്കുന്നത്‌ എന്ന് വ്യക്തമല്ല. അതില്‍ ഒന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ?" അല്ലെങ്കില്‍ മരുഭൂമിയിലെവിടെയോ മാഞ്ഞുപോയ തന്റെ മജ്‌നുവിനെക്കാത്ത്‌ ലൈല ഉറങ്ങാതിരിക്കുന്നുണ്ടാവുമോ?

ഉഷ്ണിച്ച്‌ ആവിയാകുമ്പോഴും വരണ്ട്‌ മലക്കുമ്പോഴും മരുഭൂമി കുളിക്കാന്‍ വരുന്ന ഒരിടമുണ്ട്‌. വെള്ളത്തിന്റെ വെള്ളിക്കൊലുസിട്ട, ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച എന്നു പറയപ്പെടുന്ന നൂറിലേറെ മരുപ്പച്ചകളുള്ള അപൂര്‍വമായ മരുഭൂ പ്രദേശം, അല്‍ഹസ.(അല്‍ഹസ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ജലവീചികള്‍ എന്നാണ്‌) മരുഭൂയുടെ അടുക്കളയാണ്‌ അല്‍ ഹസ എന്നുപറയാം. ലോകോത്തര നിലവാരമുള്ള കാര്‍ഷിക ഉത്‌പന്നങ്ങള്‍ കൊണ്ട്‌ പുകള്‍പെറ്റ നാടാണ്‌. ഗള്‍ഫിലെ അദ്ഭുതങ്ങളിലൊന്നായി ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌ ഈ ഭൂവിഭാഗം. അതിമധുരം കിനിയുന്ന ഈന്‌തപ്പഴം അല്‍ ഹസയുടെ മാത്രം പ്രത്യേകതയാണ്‌. ഉം സബഹ എന്ന വിശാലമായ മരുപ്പച്ചയില്‍ വിവാഹത്തലേന്ന് സമീപപ്രദേശങ്ങളിലെ വരന്മാര്‍ കുളിച്ച്‌ ദേഹശുദ്ധിവരുത്തി ആഹാരം പാചകം ചെയ്ത്‌ കഴിച്ച്‌ പുലര്‍ച്ചെ വിവാഹത്തിനു പോകുന്ന പതിവുണ്ടയിരുന്നു. ജലസമൃദ്ധി നല്‍കിയ ഈ വരദാനമാണ്‌ അറബിയിലെ ആദ്യത്തെ വാണിജ്യതുറമുഖമായ അല്‍ ഒഖേര്‍ ഇവിടെ സ്ഥപിക്കാന്‍ ഇടയാക്കിയത്‌. മുസഫര്‍ ഈ പ്രാധാന്യത്തെ അതിന്റെ പഴമയോടെ ഇങ്ങനെ തിരിച്ചറിയുന്നുണ്ട്‌."മരുപ്പച്ചകളുടെ അനുഗ്രഹത്താല്‍ ആയിരത്തിലേറെ വര്‍ഷത്തെ കാര്‍ഷിക സമൃദ്ധിയുടെ മഹിമപേറി പനമ്പട്ടകള്‍ തലയെടുപ്പോടെ നിന്ന് ചെവിയാട്ടുന്നത്‌ കാണുമ്പോള്‍ അവ വെള്ളം കുടിച്ച്ം മയങ്ങി സുഖമായി ഉറങ്ങുന്നതിനിടെ കൂര്‍ക്കം വലിക്കുകയാണെന്നുതന്നെ തോന്നും". ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണിയമായ മുഹൂര്‍ത്തങ്ങള്‍ക്കും അല്‍ ഹസ സാക്ഷ്യം വഹിച്ചതായി മുസഫര്‍ രേഖപ്പെടുത്തുന്നു. അതിലൊന്ന് രണ്ടാമത്തെ ജുമുഅ(വെള്ളിയാഴ്ചകളിലെ മധ്യാഹ്ന സംഘ നമസ്ക്കാരം) നടന്ന ജോആത്താ മോസ്ക്‌ ഇവിടയാണ്‌ എന്നതാണ്‌. പ്രവാചകന്‍ ആദ്യ ജുമുഅ മദീനയില്‍ നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം രണ്ടാമത്തെ ജുമുആ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികള്‍ അതിനെ പിന്‌തുടര്‍ന്നു നമസ്കരിച്ചത്‌ ജബല്‍ ഗാരയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയായുള്ള ഈ പള്ളിയിലായിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ഇത്തരം അടുത്തറിയലുകളും വിശാലമായ വിവിധ സാംസ്കാരിക അനുഭവങ്ങള്‍ കൊണ്ടും സമൃദ്ധമാണീ പുസ്തകം. മരുഭൂമിയെ അതിന്റെ നിയതമായ കൂട്ടുകളോടെ ഇതിനുമുമ്പാരും ശ്രമിച്ചിട്ടില്ലാത്ത രീതിയില്‍ നോക്കിക്കാണാന്‍ ഈ യാത്രികന്‍ തന്റെ കൈയില്‍ ഒരു സവിശേഷമായ ലെന്‍സ്‌ പിടിച്ചിരിക്കുന്നു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

മരുഭൂമിയിലെ പ്രകൃതി അതിന്റെ മക്കള്‍ക്കായി ഒരുക്കാത്തതെന്‌താണ്‌? മരുഭൂമിയില്‍ പ്രകൃതിയൊരുക്കിയ സുഖവാസകേന്ദ്രമാണ്‌ തായിഫ്‌. വേനലിന്റെ തീക്കട്ട മരുഭൂമിയില്‍ ആളുമ്പോള്‍ ഇവിടെ സുഖദമായ തണുപ്പാണ്‌ എ.സി പോലും വേണ്ട. ആകാശം മുട്ടെ നില്‍ക്കുന്ന ഗിരിശൃംഗങ്ങള്‍ ചൂടിനെ കടന്നു പോകാന്‍ അനുവദിക്കില്ല. പരാജയപ്പെടാത്ത കിണറുകളും മരങ്ങളും കുരങ്ങുകളുമുള്ള ഇവിടെ തണുപ്പകറ്റാന്‍ മനുഷ്യര്‍ തീ കായുന്നത്‌ കാണുമ്പോള്‍ ഇത്‌ മരുഭൂമിതന്നെയോ എന്ന് അതിശയിക്കും. അസീര്‍ മലനിരകളുടെ അടിത്തട്ടിലുള്ള അബഹയും ടൂറിസ്റ്റുകേന്ദ്രം തന്നെ. തായിഫിനെക്കാള്‍ തണുപ്പ്‌ അബഹയിലുണ്ട്‌. ചെവിയില്‍ പൂ ചൂടി തേന്‍ വില്‍പന നടത്തുന്ന അസീറിലെ ഗോത്രവര്‍ഗക്കാര്‍ ഒട്ടൊന്നുമല്ല കൗതുകമുണര്‍ത്തുന്നത്‌. അരക്കെട്ടില്‍ ഓലച്ചാലുണ്ടാക്കി ചെറിയ പൂക്കള്‍ അതില്‍ തിരുകി വെയ്ക്കുമത്രെ. ചിലപ്പോല്‍ പൂക്കളുടെ കൂട്ടത്തില്‍ ഒരു കഠാരയുമുണ്ടാകും. പ്രകൃതിദത്തമായ തേനുല്‍പാദനമാണ്‌ ഈ ഗോത്രവര്‍ഗക്കാരുടെ മുഖ്യതൊഴില്‍. ഈന്‌തപ്പഴത്തിന്റെ ഒറ്റ ചുളകൊണ്ട്‌ സര്‍വ്വാംഗം മധുരിപ്പിക്കുന്ന മരുഭൂമിയിലെ തേന്‍കൂടുകളുടെ സ്വാദ്‌ എന്‌തായിരിക്കും? മധുരം കൊണ്ട്‌ മരുഭൂമി എല്ലാത്തിനും പകരം വീട്ടുകയാണ്‌ എന്നു തോന്നും.

ക്യാമറകളിലെയും ഫ്രയിമുകളിലെയും സാങ്കേതികതയില്‍ ഒതുങ്ങാത്ത നൂറിലേറെവരുന്ന ഉഗ്രന്‍ ഷോട്ടുകളാണ്‌ ഈ പുസ്തകത്തിന്റെ മറ്റൊരു സജീവത. തബൂക്കിലെ മരച്ചീനിവില്‍പനക്കാരനും കൃഷിക്കാരനുമായ അറബിയും, ഇരുപതിലേറെ വര്‍ഷമായി നാട്ടില്‍ പോകാത്ത കോഴിക്കോട്ടുകാരനും, ആയിരക്കണക്കിന്‌ ആളുകളുടെ മുന്നില്‍ പാടിക്കൊണ്ട്‌ നില്‍ക്കുമ്പോഴുള്ള പ്രശസ്ത സൗദി ഗായകന്‍ ത്വലാല്‍ മദ്ദ്വാഹിന്റെ കുഴഞ്ഞുവീണുള്ള മരണവും, തന്റെ മാനത്തിന്‌ വിലപറഞ്ഞവന്റെ തലച്ചോറ്‌ തകര്‍ത്ത സമീറ അമലും,വൃഷണത്തില്‍ അര്‍ബുദം ബാധിച്ചിട്ടും വിട്ടുമാറാത്ത രോഗത്തോടും തന്റെ പ്രാരാബ്ധങ്ങളോടും വേദനാസംഹാരി ഗുളികകൊണ്ട്‌ ഏറ്റുമുട്ടുന്ന തിരുവനന്‌തപുരത്തുകാരന്‍ അബ്ദുള്‍ ഖാദറും, ആധുനിക നഗരത്തെ അറിയാന്‍ ആള്‍മാറാട്ടത്തിന്‌ മാത്രമേ കഴിയൂ എന്നു വിശ്വസിച്ച്‌ വേഷം മാറി മനുഷ്യാവസ്ഥകള്‍ പകര്‍ത്തുകയും പഠിക്കുകയും ചെയ്യുന്ന ജിദ്ദയിലെ ഇസാം അല്‍ഗാലിബും ഒക്കെ അവയില്‍ ചിലത്‌ മാത്രമാണ്‌.

ഒരു മഹാനഗരത്തിന്റെ എല്ലാ എടുപ്പുകളോടും കൂടിയാണ്‌ ജിദ്ദയെ അവതരിപ്പിക്കുന്നത്‌. "ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാര്‍ക്കുന്ന നഗരമാണ്‌ ജിദ്ദ. അഥവാ ലോകത്തിന്റെ ഞരമ്പോടിയ നഗരം. ഹജ്ജ്‌ സീസണില്‍ ജിദ്ദയിലെ ഹജ്ജ്‌ ടെര്‍മിനലിന്‌ സമീപം നിന്നാല്‍ ലോകം ജിദ്ദയിലേക്ക്‌ അടിവച്ചു നടന്നു വരുന്നതു കാണാം". സമ്പന്നമായ ചരിത്രകാലവും പൗരാണികതയും ആധുനികതതയും കൈകോര്‍ത്ത നഗരവിശേഷങ്ങളില്‍ നിറയെ ശില്‍പങ്ങള്‍ തൂവിക്കിടക്കുന്ന നഗര സൗന്ദര്യവും ദണ്ഡുകളായി സ്വര്‍ണ്ണം സൂക്ഷിക്കുന്ന സമ്പന്നതയും 20 വര്‍ഷം മുമ്പുവരെ കഴുതപ്പുറത്ത്‌ കുടിവെള്ളം വിറ്റിരുന്ന പഴമയും സമന്വയിക്കുന്നു.

വിശ്വാസികളുടെ സാഫല്യഭൂമിയായ മക്കയെയും മദീനയെയും വളരെ വിശദമായി അതിന്റെ ചരിത്രപ്രാധാന്യത്തോടുകൂടിത്തന്നെ മുസഫര്‍ പരിചയപ്പെടുത്തുന്നു.30 ലക്ഷത്തോളം വിശ്വാസികള്‍ വര്‍ഷം തോറും തീര്‍ത്ഥാടനത്തിനെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അതിന്റെ ചരിത്രസ്മൃതികളിലേക്കും വിശുദ്ധിയിലേക്കും വിശ്വാസികളെ സ്വീകരിച്ച്‌ അവരില്‍ പാപരാഹിത്യത്തിന്റെ ഉണ്മ നിറച്ച്‌ ദൈവത്തിലേക്ക്‌ പറന്നടുക്കാന്‍ വെമ്പുന്ന പറവകളാക്കി പതുക്കെ പതുക്കെ മാറ്റുന്നു. "കഅ`ബാലയം സ്ഥിതിചെയ്യുന്ന വിശുദ്ധ ഹറമിലെ ബാങ്കൊലി ദൈവമാര്‍ഗത്തിന്റെ ദിശയെ നിരന്‌തരം ഓര്‍മ്മിപ്പിക്കുന്നു. വിടവാങ്ങല്‍ പ്രദക്ഷിണവേളയില്‍ ഓരോ ആളും കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും അതിനാല്‍ വിടവാങ്ങിക്കൊണ്ട്‌ കഅ`ബാലയത്തെ പ്രദക്ഷിണം വെയ്ക്കുന്നവരെ അല്‍പം മാറിനിന്ന് വീക്ഷിച്ചാല്‍ അവര്‍ പലനിറത്തിലുള്ള പറവകളായി മാറിക്കൊണ്ടിരിക്കുന്നത്‌ കാണാം". കണ്ണുനീര്‍തടാകത്തിലെ പറവക്കൂട്ടങ്ങള്‍. മദീനയിലെ പ്രവാചന്റെ ഖബറിനടുത്തെത്തുമ്പോള്‍ വിശ്വസിയയുടെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നു. ആത്മശുദ്ധീകരണത്തിന്റെ പടവുകളില്‍ ചിറകുകള്‍ കുടയുന്നു. പ്രവാചക നഗരിയായ മദീന തിളങ്ങിക്കൊണ്ടിരിക്കുന നഗരമെന്നു മുസഫര്‍. അതിജീവനത്തിന്റെ തിളക്കമാണത്‌.എപ്പോള്‍ വേണമെങ്കിലും ഞെട്ടിയുണരാവുന്ന അഗ്നിപര്‍വതത്തെ മടിയിലുത്തിയാണ്‌ മദീന ജീവിക്കുന്നത്‌. മസ്ജിദുന്നബവി പലതവണ അഗ്നിക്കിരയായപ്പോഴും അതിനെ അതിജീവിച്ചിട്ടുണ്ട്‌. "പ്രവാചകന്‍ അതിജീവിച്ചപോലെ അദ്ദേഹത്തിന്റെ പള്ളിയും ഇതെല്ലാം അതിജീവിച്ചതായി ചരിത്രപുസ്തകങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു."

എടുത്തുപറയേണ്ട മറ്റൊരു മികവ്‌ ഈ പുസ്തകം എഴുതാനുപയോഗിച്ചിരിക്കുന്ന ഭാഷയുടെ ആകര്‍ഷണീയതയാണ്‌. സംസാരരീതിയോട്‌ വളരെ അടുത്തുനില്‍ക്കുന്ന വഴക്കമുള്ള ഭാഷയും ലാളിത്യമുള്ള ശൈലിയും സമൂഹത്തിലെ ഏതുതട്ടിലുമുള്ള സധാരണ വായനക്കാരനെപ്പോലും ത്വരിത വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌. വായനയുടെ അവസാനം നമ്മുടെ ചുണ്ടില്‍ തട്ടുക ഈര്‍പ്പത്തില്‍ കുതിര്‍ന്ന പുരാതനമണ്ണിന്റെ തണുത്ത നിശ്വാസമായിരിക്കും. മണല്‍തരികള്‍ അടുത്തടുത്തിരുന്ന്‌ കഥപറയുന്ന ഒച്ചയിലേക്ക്‌ നമ്മള്‍ കാത്‌ കൂര്‍പ്പിക്കും. മുസഫര്‍ പാകിയിട്ട വാക്കിന്റെ പന്‌തലിലേക്ക്‌ നമ്മുടെ ജിജ്ഞാസയുടെ വള്ളികള്‍ പടര്‍ന്നു കയറാന്‍ തുടങ്ങും. ഒരു യാത്രികന്റെ സാഫല്യമാണിത്‌,വായനക്കാരന്റെയും.

പുറം മോടികളുടെ പകര്‍ത്തിവെയ്പ്പുകളില്‍ മാത്രം അഭിരമിച്ച ഒരു യാത്രികനെ ഈ യാത്രാരേഖകളില്‍ കാണാനാകില്ല. മരുഭൂമിയുടെ അടരുകളിലും മടക്കുകളിലും അത്‌ പുറത്തേക്ക്‌ തുറന്നുവിട്ട വിജനത കുത്തിപ്പൊളിച്ച്‌ ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങളെ പുറത്തേക്ക്‌ വലിച്ചിടുകയാണ്‌ മുസഫര്‍ ചെയ്യുന്നത്‌. എല്ലാം മറന്നുകിടക്കുന്ന മനസ്സെന്ന് ആദ്യദര്‍ശനത്തില്‍ തോന്നുന്ന മരുഭൂമിയെ ഈ പുസ്തകം അതിന്റെ പൂര്‍വസ്മൃതികളിലേക്ക്‌ വിളിച്ചുണര്‍ത്തുന്നു. ആലസ്യത്തിന്റെ മണല്‍പ്പുതപ്പ്‌ വലിച്ചുമാറ്റി ചരിത്രത്തിന്റെ മിഴികള്‍ സുറുമയിട്ട്‌ തിളക്കുന്നു. വീണ്ടും എല്ലാം മറന്നുറങ്ങാന്‍ മലര്‍ന്നുകിടക്കുന്നു.

മരുഭൂമിയുടെ ആത്മകഥ-വി.മുസഫര്‍ അഹമ്മദ്‌
കറന്റ്‌ ബുക്സ്‌,പേജ്‌ 156, വില 80 രൂപ.

സുനില്‍ കൃഷ്ണന്‍

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2008-09-23 22:55.

Thanks to Sunil Krishnan for a very appropriate review of the very distinct writing of V.Muzafer Ahmed. Engaging reading. Muzafer Ahmed's travel writing is something new to Malayalam. The tenderness and the affection coupled with child-like innocence inherent to Muzafer Ahmed's travel writing has a class of its own. Unsatisfied and ever curious traveller in him makes his observations/writing soft like a feather and sharp like a razor's edge at the same time. It manages to penetrate into the very soul of every thing he tries to portray. Keep writing. You are carving a space of your own within Malayalee's writing and certainly destined to be immortal. Congratulations. - PJJ Antony