തര്‍ജ്ജനി

മുഖമൊഴി

കോരനു് കുമ്പിളില്‍ സെസ്സ്

ഓണം പിറന്നാലും കോരനു് കുമ്പിളില്‍ കഞ്ഞി എന്നതു് മലയാളത്തിലെ ഒരു പഴംചൊല്ലാണു്. കാണം വിറ്റും ഓണമുണ്ണണം എന്ന ഒരു നിര്‍ദ്ദേശവും ഓണത്തിന്റെ ഭാഗമായി മലയാളിസമൂഹം പരമ്പരാഗതമായി കൈമാറി വന്നിട്ടുണ്ടു്. ചൊല്ലുകള്‍ പഴയതായാലും പുതിയതായാലും അതൊന്നും അലംഘനീയപ്രമാണങ്ങളല്ല. പക്ഷെ, ഈ ഓണക്കാലത്തു്, ഈ ചൊല്ലുകള്‍ നമ്മുടെ ആലോചനയില്‍ കൊണ്ടുവരുന്നതു് പതിവുപോലെ ഓണത്തെക്കുറിച്ചുള്ള മഹനീയങ്ങളായ സ്വപ്നങ്ങളല്ല. ആഘോഷങ്ങളൊക്കെ സമ്പന്നരായ ഒരു ന്യൂനപക്ഷം ആഘോഷിക്കുകയും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യം കിനാവുകളില്‍ സമാശ്വാസം കൊള്ളേണ്ടിവരികയും ചെയ്യുന്നതിലുള്ള അമര്‍ഷം കാലാകാലങ്ങളിലായി പലതരം പ്രതിഷേധങ്ങളിലൂടെ നാം ആചരിച്ചുവന്നതാണു്. ഒടുവില്‍ ഇത്തരം ആചരണങ്ങള്‍, ആത്മാവു് നഷ്ടപ്പെട്ട വെറും അനുഷ്ടാനങ്ങളായി അധ:പതിച്ചുപോയി എന്നതും വാസ്തവം. ഗൃഹാതുരത്വവും സ്വപ്നങ്ങളും മൊത്തമായി വിപണനം ചെയ്യപ്പെടുന്ന ഓണക്കാലം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചില വസ്തുതകളാണു് ഇതു് കുറിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്നതു്.

ആഘോഷനാളുകളില്‍ പട്ടിണിസമരം നടത്തുന്ന ഒരു രീതി കേരളത്തിലുണ്ടു്. ഓണമാവണമെന്നില്ല, റിപ്പബ്ലിക്ക് ദിനമോ സ്വാതന്ത്ര്യദിനമോ ആയിരുന്നാലും മതി. അവകാശസമരങ്ങളില്‍ നീതിതേടുന്നവര്‍ പ്രതിഷേധത്തിനു് കണ്ടെത്തിയ ഒരു മാര്‍ഗ്ഗം. സമരം ചെയ്യുന്നവര്‍ നാള്‍ക്കു നാള്‍ കുറഞ്ഞു വരികയും സമരവിരുദ്ധരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിലാണു് നാമിന്നു് ജീവിക്കുന്നതു്. നീതിനിഷേധം അവസാനിച്ചതിനാലല്ല സമരങ്ങള്‍ കുറയുന്നതു്. എളുപ്പവഴിയില്‍ കാശുണ്ടാക്കാനുള്ള വിദ്യ പഠിച്ചു കഴിഞ്ഞ രാഷ്ട്രീയനേതൃത്വം ക്ലേശപൂര്‍വ്വമായ എല്ലാ പ്രവര്‍ത്തനപരിപാടികളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണു് സമരകാലഘട്ടം ദുര്‍ബ്ബലമായതു്. അതിനാല്‍ ആരെങ്കിലും സമരം ചെയ്യുന്നുവെങ്കില്‍ തന്നെ ഈ കൗശലം നിശ്ചയമില്ലാത്ത വിഡ്ഢികളുടെ കോപ്രായമായി അതു് കണക്കാക്കപ്പെടുകയും അതിനെ അവഗണിക്കുകയോ അതിനെതിരെ അസഹിഷ്ണുതയോടെ സംസാരിക്കുകയോ ചെയ്യുകയാണു് ഇന്നത്തെ രീതി. അന്യന്റെ ആവശ്യങ്ങള്‍ എന്റേതല്ലാതായിരിക്കുന്നേടത്തോളം അനാവശ്യങ്ങളായി മാറുന്ന ഒരു വീക്ഷണവിശേഷം സമകാലികകേരളത്തിന്റെ സാമൂഹികബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും അനുഷ്ഠാനാത്മകമായ സമരങ്ങള്‍ നടക്കാറില്ലെന്നല്ല. ടെലിവിഷന്‍ ക്യാമറകള്‍ക്കു ചിത്രീകരിക്കാന്‍ പാകത്തില്‍ നടക്കുന്ന ഇത്തരം സമരങ്ങള്‍ വമ്പിച്ച ദൃശ്യവിരുന്നുകളാക്കാന്‍ തീക്കളിയും തമാശക്കളികളുമായി മാറ്റിയെടുക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ഇത്തരം പ്രകടനാത്മകപരിപാടിയില്‍ അംഗുലീപരിമിതമായ ജനപങ്കാളിത്തമേയുള്ളൂ എന്നും നാം കാണുന്നു.

ഈ ഓണക്കാലത്തു് വിനോദത്തിനായി ഒരു പുതിയ വാട്ടര്‍തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടു്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മുന്‍കയ്യില്‍ നടത്തപ്പെടുന്ന സംരംഭം എന്നതാണു് ഇതിന്റെ സവിശേഷത. കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യുടെ പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായ ഉദ്ഘാടകന്‍, ഈ വാട്ടര്‍ തീം പാര്‍ക്കിനെതിനെതിരെ സംസാരിച്ചവര്‍ ഇനി പരസ്യമായി മാപ്പു പറയണം എന്നു പറഞ്ഞാണു് ഉദ്ഘാടനം നിര്‍വ്വഹിച്ചതു്. അതിനും കുറച്ചുനാള്‍ മുമ്പു്, കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന പ്രത്യേകസാമ്പത്തികമേഖലകളെക്കുറിച്ചു് വ്യവസായമന്ത്രി പറയുകയുണ്ടായി. സെസ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്പെഷല്‍ എക്കണോമിക്ക് സോണ്‍ എന്നതിന്റെ മലയാളമാണു് പ്രത്യേകസാമ്പത്തികമേഖല. അറിയാവുന്ന കാലത്തോളം ഇടതുപക്ഷം സെസ്സിന്റെ എതിരാളികളായിരുന്നു. സ്മാര്‍ട്ട്‌സിറ്റിയെപ്പറ്റി പുളകം കൊള്ളുമ്പോള്‍ അതു് സെസ്സാണോ എന്നു ആരും അന്വേഷിച്ചില്ല. വമ്പിച്ച വിജയമായി സ്മാര്‍ട്ട്‌സിറ്റിയെ കൊണ്ടാടിയപ്പോള്‍ മറ്റൊരു വശത്തുകൂടെ അത്രയും കാലം എതിര്‍ത്തുപോന്ന സെസ്സിന്റെ കടന്നുവരവിനെയാണു് ആഘോഷിച്ചത്. സെസ്സില്ലാതെ വികസനമോ വ്യവസായമോ പുരോഗതിയോ ഇല്ലെന്നും പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടു്. പക്ഷെ സെസ്സിനെ എതിര്‍ത്തു സംസാരിച്ചവര്‍ പരസ്യമായോ രഹസ്യമായോ മാപ്പു പറയണം എന്നു് ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. തൊഴിലാളിസംഘടനാപ്രവര്‍ത്തനമോ സമരമോ അതുപോലെ വികസനവിരുദ്ധമെന്നു കല്പിക്കപ്പെട്ട ഒരു അനാശാസ്യപ്രവര്‍ത്തനവും അനുവദനീയമല്ലാത്ത വികസനത്തിന്റെ ആദര്‍ശറിപ്പബ്ലിക്കാണു് സെസ്സ് !

വികസനത്തിന്റെ ഈ മഹാമേളകളുടെ മറുവശത്തു് ഒരു സമരം നടക്കുന്നുണ്ടു്. സമരം തുടങ്ങിയിട്ട് കാലം കുറച്ചായി. ഭൂമിക്കു വേണ്ടി സമരം നടത്തുകയാണു് ചെങ്ങറ എന്ന സ്ഥലത്തു് ആദിവാസികള്‍. ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ എന്ന കമ്പനി പാട്ടത്തിനെടുത്തു് കൈവശം വെച്ചിരുന്നതും ഇപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞതുമായ ഭൂമിയിലാണു് അവരുടെ സമരം. മാത്രമല്ല, ഒരു ഓര്‍ഡിനന്‍സ് മുഖേന തുണ്ടുഭൂമികളാക്കി മുറിച്ചു വില്ക്കാന്‍ അനുമതി നല്കപ്പെട്ടതാണു് ഈ ഭൂമി. ഓണക്കാലവിശേഷം ഈ സമരമല്ല, അതിനെതിരെ നടക്കുന്ന പ്രതിസമരമാണു്. ഭൂരഹിതരായ ആദിവാസികള്‍ക്കു് നല്കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്കിയ ഭൂമി നല്കണമെന്നു് ആവശ്യപ്പെട്ടു് മിച്ചഭൂമിയില്‍ സമരം ചെയ്യുന്ന രാഷ്ട്രീയനിരാലംബരായ ആദിവാസികള്‍ക്കെതിരെ വ്യവസ്ഥാപിതതൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി ഈയിടെ പ്രതിസമരം ആരംഭിച്ചിരിക്കുന്നു. അതില്‍ ഇടതു-വലതുപക്ഷഭേദമൊന്നുമില്ല. സമരം ചെയ്യുന്ന ആദിവാസികളെ ഉപരോധിച്ചുകൊണ്ടാണു് ഈ പ്രതിസമരം. ഭക്ഷണവും മനുഷ്യജീവിതത്തിനു് പ്രാഥമികമായതായി കണക്കാക്കപ്പെടുന്നതു് എല്ലാം നിരോധിച്ചുകൊണ്ടു നടത്തുന്ന ഈ പ്രതിസമരം അടുത്തകാലത്തു് കേരളത്തില്‍ നടന്ന ഏറ്റവും ആവേശഭരിതമായ സമരമാണു്. തങ്ങളുടെ തൊഴിലവസരത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണു് തൊഴിലാളിസംഘടനകള്‍ നടത്തുന്ന ഈ പ്രതിസമരം. വാര്‍ത്താപത്രങ്ങളും ആനുകാലികങ്ങളും ടെലിവിഷന്‍ വാര്‍ത്തകളും വിശ്വാസയോഗ്യമായതാണെങ്കില്‍ പ്രതിസമരത്തിന്റെ ഭാഗമായി, സമരപരിപാടിയുടെ ഭാഗമായി ആദിവാസി പെണ്‍കുട്ടികളെയും സ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്തുക പോലും സമരത്തിന്റെ ഭാഗമായി നടക്കുന്നുണ്ടു്.

സമരത്തെ പ്രതിസമരം കൊണ്ടു് നേരിടാമെന്നും അതില്‍ ചേരിഭേദമില്ലെന്നും തൊഴിലാളികള്‍ മേലില്‍ മുതലാളികളുടെ പക്ഷത്താണു് നില്ക്കേണ്ടതു് എന്നും നാം മനസ്സിലാക്കുന്നുവെന്നതാണു് ഈ ഓണക്കാലത്തിന്റെ പുത്തനറിവുകള്‍. കഴിഞ്ഞകാലത്തു് പറഞ്ഞുപോന്ന ആദര്‍ശത്തെക്കുറിച്ചു് ആരെങ്കിലും ഓര്‍മ്മിപ്പിക്കുകയാണെങ്കില്‍ അവര്‍ സ്വയം മാപ്പുപറഞ്ഞു കീഴടേങ്ങതാണെന്നും ഒരു ഓണക്കാലനിനവായി, മഹദ്വചനമായി നാം മനസ്സിലാക്കുന്നു. സ്വന്തം തെറ്റുകള്‍ക്കു് അപരന്‍ മാപ്പു പറയണം എന്ന പുത്തന്‍ന്യായവും ഈ ഓണക്കാലത്തിന്റെ വെളിപാടാണു്.

പട്ടിണിസമരത്തെക്കുറിച്ചു പറഞ്ഞാണല്ലോ തുടങ്ങിയതു്. ഓണം പിറന്നാലും എന്തു വിശേഷമുണ്ടായാലും കോരനു കഞ്ഞി കുമ്പിളില്‍ എന്ന ഒരു യാഥാര്‍ത്ഥ്യബോധം മലയാളികളുടെ ഒരു ചൊല്ല് ഉയര്‍ത്തിപ്പിടിക്കുന്നുണ്ടു്. ഈ ഓണക്കാലത്തു് കോരന്‍ അനുഭവിക്കുന്നതെന്തായിരിക്കാം ? വാട്ടര്‍തീം പാര്‍ക്കില്‍ ജലകേളിയില്‍ മദിച്ച് ഒരു സെസ്സിന്റെ ഭാഗമാവുകയാവാം പുത്തന്‍കോരന്‍. കോരനു് ഇക്കാലത്തു് കുമ്പിളില്‍ ഇനിയെന്തിനു് കഞ്ഞി? തൊഴിലാളികളില്ലാത്ത ഒരു മുതലാളിത്തഭൂവിലേക്കേു നാം കടക്കുകയാണു്. ഇനിമേല്‍ കോരനു് കുമ്പിളില്‍ സെസ്സ്.

Subscribe Tharjani |
Submitted by കിരണ്‍ തോമസ്‌ തോമ്പില്‍ (not verified) on Sun, 2008-09-07 17:38.

തര്‍ജിനി പ്രവര്‍ത്തകര്‍ മുന്‍വിധിയോടെ കാര്യങ്ങളെ കാണുന്നു എന്ന് ആദ്യം പറയട്ടേ. SEZ എന്നാല്‍ അത്രക്ക്‌ മോശം പദമാണ്‌ എന്ന അഭ്പ്രായം ഈ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്നറിയില്ല. IT സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആരെങ്കിലും ഈ സംഘത്തില്‍ ഉണ്ടോ എന്നും അറിയില്ല. എന്നാല്‍ ഒരു കാര്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്‌ പേര്‌ കേട്ട്‌ മാത്രം ഒരു വിഷ്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ ശരിയല്ല.

എന്താണ്‌ കേറളത്തില്‍ ഉയര്‍ന്ന് വന്ന SEZ വിവാദം. കേന്ദ്രം അനുവദിക്കുന്ന സാമ്പത്തീക ഇളവകള്‍ ലഭിക്കാം നല്‍കിയ SEZ അപേഷകള്‍ കേന്ദ്രത്തിലേക്ക്‌ അയക്കണമെന്ന് പറഞ്ഞതാണ്‌ നിങ്ങളെ പ്രകോപിപ്പിച്ചത്‌. SEZ എന്ന് കേട്ടാല്‍ നമ്മുടെ ചിന്തകളില്‍ ഓടിയെത്തുന്നത്‌ 1000 കണക്കിന്‌ ഏക്കര്‍ സ്ഥലത്ത്‌ നിന്നും അനേകം കര്‍ഷകരെ കുടിയൊഴിപ്പിച്ച്‌ അവിടെ സ്വതന്ത്ര വ്യവസായ മേഖലകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണ്‌ എന്ന് മുന്‍വിധിയാണ്‌. എന്നാല്‍ കേരളത്തില്‍ സ്ഥാപിക്കാനായി ശ്രമിക്കുന്ന SEZ ഇല്‍ 50 75 ഏക്കര്‍ സ്ഥലങ്ങള്‍ മാര്‍ക്കറ്റ്‌ വിലക്ക്‌ വാങ്ങി സ്വകാര്യ സംരംഭകര്‍ തുടങ്ങുന്ന IT Infrastruture സ്ഥാപനങ്ങളാണ്‌. ആരെയും കുടിയൊഴിപ്പിക്കാതെ 70% സ്ഥലത്തും വ്യവസായം വരണമെന്ന നിബന്ധനയോടേ നെല്‍പ്പാടം നികത്താത്ത സംരംഭകരാണ്‌ SEZ ന്‌ അപേക്ഷിച്ചിരിക്കുന്നത്‌. കേരളത്തിന്റ പ്രത്യേക സാഹചര്യത്തില്‍ യാതോരു പരിസര മലിനീകരണവും ഉണ്ടാക്കാത്ത ഇവിടെ ഉള്ള ആള്‍ക്കാര്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ കഴിയുന്ന വ്യവസായം IT- BPO മേഖലയാണ്‌. അതില്‍ നിക്ഷേപം വരുന്നതിനെ ഇത്രക്ക്‌ കാല്‍പനീകമായി എതിര്‍ക്കണോ എന്ന് അറിയാതെ ചോദിച്ച്‌ പോകുകയാണ്‌

ഇനി കേരളത്തിന്റ മൊത്തം ഭൂമിയുടെ 0.33% മാത്രമാണ്‌ വ്യവസായം ഉള്ളത്‌ എന്നോര്‍ക്കുക. 1% എങ്കിലും സ്ഥലത്ത്‌ വ്യവസാം കൊണ്ടുവരണം എന്നതാണ്‌ സര്‍ക്കാരിന്റ അജണ്ട. അത്‌ ഇത്ര വലിയ തെറ്റാണോ?

Submitted by pp.rajesh (not verified) on Wed, 2008-09-10 13:14.

സെസ്സിന്റെ ഗുണഭോക്താക്കളും അത്തരം ഗുണഭോക്തൃസംഘത്തിന്റെ രാഷ്ട്രീയം പങ്കിടുന്നവരുമാണു് സെസ്സിനെ അനുകൂലിക്കുന്നവര്‍. ലോകമെമ്പാടുമുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രത്യേകസാമ്പത്തികമേഖലാപദവി വികസനത്തിനു് എത്രത്തോളം പ്രതികൂലമാണു് എന്നു വ്യക്തമാക്കപ്പെട്ടതിനുശേഷവും സെസ്സിന്റെ ആരാധകര്‍ ഇവിടെ നിര്‍ല്ലജ്ജം ഞെളിഞ്ഞു നടക്കുന്നതു് മേല്പറഞ്ഞ രാഷ്ട്രീയം കേരളത്തില്‍ തുറന്നു കാണിക്കപ്പെട്ടിട്ടില്ല എന്നതിനാലാണു്.

പാര്‍ട്ടി മുന്‍കൈയ്യില്‍ വാട്ടര്‍തീം പാര്‍ക്കു് ആകുന്നതില്‍ എന്തു തെറ്റു് എന്നു നിര്‍ല്ലജ്ജം ചോദിക്കുന്നവരുണ്ടല്ലോ ഇക്കാലത്തു് നമ്മുടെ നാട്ടില്‍. വാട്ടര്‍തീംപാര്‍ക്കിനെതിരെ സംസാരിച്ചവര്‍ പരസ്യമായി മാപ്പു പറയണം എന്നു് ഉദ്ഘോഷിച്ച പുമാന്‍ സെസ്സിനെ പണ്ടെതിര്‍ത്തതിനും ഇപ്പോള്‍ നയം മാറ്റിയതിനും മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു വിശദീകരണമെങ്കിലും നല്കേണ്ടതല്ലേ?

ചെങ്ങറയില്‍ സമരം ചെയ്യുന്ന ആദിവാസികള്‍ക്കെതിരെ ഉപരോധം സൃഷ്ടിച്ചു് മുതലാളിപക്ഷത്തു നില്ക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടു് ശരിയോ എന്നു ചോദിക്കുന്ന ഒരൊറ്റ ബുദ്ധിജീവിയെപ്പോലും കണ്ടില്ലല്ലോ. അതിചിന്തവഹിക്കുന്ന അവരിപ്പോള്‍ വാട്ടര്‍തീം പാര്‍ക്കിനും സെസ്സിനും അനുകൂലമായ വ്യാഖ്യാനങ്ങള്‍ക്കൊപ്പം പാര്‍ട്ടി മുതലാളിത്തം നിര്‍മ്മിക്കാന്‍ പോകുന്ന പഞ്ചനക്ഷത്രഹോട്ടലിനുകൂടി ന്യായീകരണം തയ്യാറാക്കുകയായിരിക്കും. നിര്‍ല്ലജ്ജതയുടെ ആഘോഷകാലം കൂടിയാണു് ഈ ഓണക്കാലം.

Submitted by Subrahmanya Sharma (not verified) on Thu, 2008-09-11 13:49.

A partial discussion on this subject robs it of its importance in the national context.
Even if Kerala government bends backwards to attract IT , it will not succeed as it wishes.
The strong desire to jack up land prices drawn on real and imaginary glitter , tempts landowners of every class to rally around the banner , red or otherwise .
R.V.S.Sharma

Submitted by ARUN (not verified) on Fri, 2008-10-03 11:13.

ഇത് നമ്മുടെ മാധ്യമ ട്രെന്‍ഡല്ലെ...
ഇടതു പക്ഷത്തെ നന്നെ കരിവാരിത്തേക്കുക.....

വായനക്കാര്‍ കൂടും ......

ശ്രമം തുടരട്ടെ .....

പിന്നെ മാധ്യമങ്ങള്‍ പറയുന്നതെന്തും സത്യമാണ് എന്ന് വിശ്വസിച്ച് വായനക്കാരന്റെ മുഖത്തേയ്ക്ക് ഛര്‍ദ്ദിച്ചുവയ്ക്കരുത്. ചെങ്ങറയേയും ളാഹ ഗോപാലനേയും ഒന്നു കൂടി അടുത്തുകാണു.. എന്നിട്ടെ അഭിപ്രായം പറയാവൂ..