തര്‍ജ്ജനി

കഥ

ഭയം

ഡേവിഡിനെ സിദ്ധാര്‍ത്ഥിനു ഭയമായിരുന്നു; എങ്കിലും അവന്റെ തോളില്‍ വലതുകരം ചുറ്റിപ്പിടിച്ച്‌ പല്ലിളിച്ചു നടക്കാന്‍ അയ്യാള്‍ മടിച്ചിരുന്നില്ല. എന്നിട്ടും, തീവണ്ടിയുടെ അകന്നുപോകുന്ന ചൂളമടി കേട്ടുകൊണ്ട്‌ പ്ലാറ്റ്ഫോമിലെ ഒരു ഒഴിഞ്ഞ കോണില്‍ നില്‍ക്കുമ്പോള്‍, അവനേക്കുറിച്ചുള്ള ഭയം പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത രീതിയില്‍ തന്റെ അസ്ഥികളെ ആക്രമിക്കുന്നത്‌ സിദ്ധാര്‍ത്ഥ്‌ തിരിച്ചറിഞ്ഞു.

അന്നു വൈകുന്നേരമാണ്‌, ഓഫീസിലെ ടെലഫോണിന്റെ മറുതലയ്ക്കല്‍ ഡേവിഡിന്റെ സ്വരം അയ്യാള്‍ ശ്രവിച്ചത്‌. അവനോടു സംസാരിച്ചിട്ട്‌ കുറെനാള്‍ ആയെങ്കിലും, അവന്റെ ചിരിയുടെ മുഴക്കം തിരിച്ചറിയാതിരിക്കാന്‍ അയ്യാള്‍ക്കു കഴിയുമായിരുന്നില്ല.

"സിദ്ധാര്‍ത്ഥ്‌, നീ എനിക്കൊരുപകാരം ചെയ്യണം." വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പരീക്ഷാഹാളിലിരുന്ന്‌ ചോദ്യക്കടലാസ്സ്‌ അലസ്സമായി വായിച്ചുനോക്കിയിട്ട്‌, ആംഗ്യഭാഷയില്‍ തന്നോട്‌ ഉത്തരമാരാഞ്ഞപ്പോഴത്തെ അവന്റെ മുഖം സിദ്ധാര്‍ത്ഥിന്റെ മനസ്സില്‍ തെളിഞ്ഞു. ആ മുഖത്ത്‌, അന്നു സിദ്ധാര്‍ത്ഥ്‌ കണ്ടത്‌ സഹായം തേടുന്നയൊരു മനുഷ്യന്റെ
ദൈന്യതയായിരുന്നില്ല, മറിച്ച്‌ സഹായം നേടും എന്നുറപ്പുള്ളയൊരു ഗര്‍വ്വിന്റെ മൂര്‍ത്തീഭാവമായിരുന്നു.

"ഞാന്‍ അടിയന്തിരമായി ഒരിടം വരെ പോകുന്നു. എനിക്കു നിന്നോടു ഒരു കാര്യം പറയുവാനുണ്ട്‌. ഓഫീസ്‌ കഴിഞ്ഞാലുടന്‍ റെയില്‍വേ സ്റ്റേഷനിലേക്കു വാ."

റിസീവര്‍ താഴെ വച്ചപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ കൈതട്ടി മേശപ്പുറത്തിരുന്ന ഒരു കപ്പ്‌ ചായ മറിഞ്ഞുവീണു. തന്റെ വസ്ര്തങ്ങളില്‍ തെറിച്ചുവീണ ചായക്കറ പച്ചവെള്ളവും കൈലേസ്സുമുപയോഗിച്ചു തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, അശ്രീകരമായ ആ സംഭവത്തെ ഡേവിഡിന്റെ ഫോണ്‍വിളിയോടു ബന്ധപ്പെടുത്താതിരിക്കാന്‍ അയ്യാള്‍ പരിശ്രമിച്ചു; പക്ഷെ,പരാജയപ്പെട്ടു.

നേരിയ മഴ ചാറുന്ന സായാഹ്നത്തിന്റെ തണുത്ത മാറിലൂടെ, തന്റെ കാല്‍പ്പാദങ്ങളില്‍ അഴുക്കുവെള്ളം പുരളാതെ സമര്‍ത്ഥമായി നടന്നു നീങ്ങുമ്പോള്‍ സിദ്ധാര്‍ഥ്‌ ഡേവിഡിനെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. വിദ്യാലയ കാലഘട്ടത്തിനൊടുവില്‍ വഴികള്‍ പിരിഞ്ഞുപോയതിനു ശേഷം അവനുമായുള്ള ചങ്ങാത്തം തീരെ കുറഞ്ഞിരുന്നു. മാന്യമായ ഒരുദ്യോഗവും സുന്ദരിയായ ഒരു ഭാര്യയും അച്ചടക്കമുള്ള മക്കളും മാത്രം ഉള്‍പ്പെടുന്ന വ്യാസം കുറവായ തന്റെ ജീവിതസങ്കല്‍പ്പവും, ചുറ്റുമുള്ള ജീവിതങ്ങളുടെ ചരടുകള്‍ തന്റെ കൈവിരലുകളാല്‍ നിയന്ത്രിക്കണമെന്ന ഡേവിഡിന്റെ നിരന്തരം വളരുന്ന സ്വപ്നവും റെയില്‍പ്പാളങ്ങള്‍ പോലെ സമാന്തരങ്ങളായിരുന്നു. തന്മൂലം, ഇടക്കിടെ കാണുന്ന അവസരങ്ങളില്‍ ദീര്‍ഘമായി സംസാരിക്കുവാന്‍ അവരുടെയിടയില്‍ പൊതുവായ താല്‍പ്പര്യങ്ങളും വിഷയങ്ങളും കുറവായിരുന്നു. എങ്കിലും, ബാല്യകാലസൌഹൃദത്തോടുള്ള കൂറ്‌ പുലര്‍ന്നുപോകുവാന്‍ ഉപചാരങ്ങള്‍ കൈമാറുന്നതില്‍ ഇരുവരും ശ്രദ്ധിച്ചു.

റെയില്‍വേ സ്റ്റേഷനിലെ അന്തികാക്കകളുടെ കരച്ചില്‍മൂലം, തന്നെ കണ്ടമാത്രയില്‍ വലിയൊരു ചിരിയോടൊപ്പം ഡേവിഡ്‌ പറഞ്ഞതെന്താണെന്ന്‌ സിദ്ധാര്‍ത്ഥിനു മനസ്സിലായില്ല. എന്തെങ്കിലും ഉപചാരവാക്കുകളാണെന്ന്‌ ഊഹിക്കാന്‍, പക്ഷെ, അയ്യാള്‍ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഡേവിഡ്‌ വളരെ ധൃതിയിലാണെന്ന്‌ തോന്നി. അവന്റെ നെറ്റിയിലേക്ക്‌ ഊര്‍ന്നുകിടക്കുന്ന മുടിയിഴകളില്‍ നിന്ന്‌ വെള്ളത്തുള്ളികള്‍ ഇടക്കിടെ ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു. അവന്റെ സോക്സ്‌ നനഞ്ഞതിനാലാവാം, ഇടക്കിടെ ഇരുകാലുകളും മാറിമാറി കുടഞ്ഞ്‌ അവന്‍ അസഹ്യതപ്രകടിപ്പിച്ചു. അവന്റെ മിഴികള്‍, കുഞ്ഞുങ്ങളുമായി ഇരതേടാനിറങ്ങിയ പിടച്ചിക്കോഴിയുടെ
ജാഗ്രവത്തായ കണ്ണുകള്‍ പോലെ ഉഴറിനടന്നു.

"സിദ്ധാര്‍ത്ഥ്‌, നീ ഇങ്ങോട്ടു വന്നതു ആരെങ്കിലും പരിചയക്കാര്‍ കണ്ടോ?"

"ഇല്ല", മറുപടി പറഞ്ഞുകഴിഞ്ഞാണ്‌, അതു പറയേണ്ടിയിരുന്നില്ല എന്നു സിദ്ധാര്‍ത്ഥിനു തോന്നിയത്‌. ചുരുങ്ങിയപക്ഷം, ഈ ചോദ്യത്തിനുള്ള മറുപടി ഡേവിഡ്‌ എന്തിനാണു തന്നില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നെങ്കിലും അറിയേണ്ടതായിരുന്നു, അയ്യാള്‍ ചിന്തിച്ചു.

"അതു നന്നായി." ഡേവിഡിന്റെ കണ്ണുകള്‍ മഴത്തുള്ളികളുടെ ഈറനിലൂടെ തിളങ്ങിക്കണ്ടു.

"എനിക്കു അധികം സമയമില്ല. നീ ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്കണം."

"എന്താ നീ..."

സിദ്ധാര്‍ത്ഥിന്റെ ജിജ്ഞാസയെ ഖണ്ഡിച്ചുകൊണ്ട്‌ ഡേവിഡ്‌ തുടര്‍ന്നു,

"ഞാന്‍ ഒരു ദൂരയാത്രക്കു പോകുന്നു. തിരിച്ചു വരാന്‍ ചിലപ്പോള്‍ ഏതാനും ആഴ്ചകള്‍ തന്നെ ആയെന്നു വരും. മറ്റൊരാള്‍ക്ക്‌ കൊടുക്കാനായി ഞാന്‍ ഒരു സാധനം സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. അതു അവന്‌ വളരെ അത്യാവശ്യമുള്ളതാണ്‌, പക്ഷെ അവന്‍ ഇവിടെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ വരൂ. ഞാന്‍ ഇവിടെ ഇല്ലാത്തതിനാല്‍ അത്‌ അവനു കൈമാറാന്‍ എനിക്കു സാധിക്കില്ല. അതുകൊണ്ട്‌, നീ എനിക്കുവേണ്ടി അത്‌ അവനു കൈമാറണം."

"എന്താണ്‌ ഈ..."

സിദ്ധാര്‍ത്ഥിന്റെ വിളറുന്ന മുഖം ശ്രദ്ധിക്കാതെ അവന്‍ തുടര്‍ന്നു, "നീ ആലോചിക്കുന്നുണ്ടാവാം, ഈ പണി ഞാന്‍ എന്റെ മറ്റുള്ള അടുത്ത കൂട്ടുകാരെ ഏല്‍പ്പിക്കാത്തതെന്താണെന്ന്‌. പറയാം, ഇതു ശകലം വില പിടിച്ച സാധനമാണ്‌. എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നതല്ലേ? എനിക്ക്‌ അവരെ അറിയാം. അതുകൊണ്ട്‌, വിശ്വസ്സിക്കാവുന്ന ഒരാളെ ഇതേല്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു."

"അയ്യോ, വിലപിടിച്ച...."

സിദ്ധാര്‍ത്ഥിന്റെ പരിഭ്രമം നിറഞ്ഞ വാക്കുകളെ ഗൌനിക്കാതെ, ഡേവിഡ്‌ തന്റെ കാല്‍ക്കീഴില്‍ ലംബമായി വച്ചിരുന്ന ഒരു ചെറിയ സ്യൂട്ട്കേസ്‌ കുനിഞ്ഞെടുത്തു. അപ്പോള്‍ മാത്രമാണ്‌ സിദ്ധാര്‍ത്ഥ്‌ അങ്ങനെയൊരു പെട്ടിയുടെ സാന്നിധ്യം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നതായി ശ്രദ്ധിച്ചത്‌.

സ്യൂട്ട്കേസ്‌ സിദ്ധാര്‍ത്ഥിനു നേരെ നീട്ടിക്കൊണ്ട്‌ ഡേവിഡ്‌ തുടര്‍ന്നു.

"സണ്ണി എന്നൊരാള്‍ നിന്റെ വീട്ടില്‍ വരും. ചെറുപ്പക്കാരനായിരിക്കും, നല്ല കട്ടിത്താടിയും, കട്ടിപ്പുരികങ്ങളും, പൊക്കവുമുള്ള മെലിഞ്ഞ ഒരാള്‍. ഒരു കണ്ണടയും വച്ചിട്ടുണ്ടായിരിക്കും. നിന്റെ വിവരങ്ങള്‍ മുഴുവന്‍ അയ്യാള്‍ക്കറിയാം."

ഇതു പറഞ്ഞിട്ട്‌, അര്‍ത്ഥഗംഭീരമായിട്ട്‌ ഡേവിഡ്‌ സിദ്ധാര്‍ത്ഥിനെ ഒന്ന്‌ ഇരുത്തി നോക്കി. പിന്നീട്‌ അവന്‍ തുടര്‍ന്നു, "അയ്യാള്‍ക്കു മാത്രമേ നീ ഈ പെട്ടി കൊടുക്കാവൂ, അയ്യാള്‍ക്കു മാത്രം."

സിദ്ധാര്‍ത്ഥ്‌ തന്റെ നേരെ നീട്ടപ്പെട്ടിരിക്കുന്ന ആ കറുത്ത പെട്ടിയെ, ഒരു പാമ്പിന്‍പുറ്റിനെയെന്ന രീതിയില്‍ ഭീതിയോടെ നോക്കി. അതിന്റെ പൂട്ടില്‍നിന്ന്‌, വിഷപ്പല്ലുകള്‍ തെളിച്ച്‌ ഒരു കരിനാഗം ഇറങ്ങി വരുമെന്നു ഭയന്നതുപോലെ അയ്യാള്‍ ഒരടി പിന്നോട്ടു മാറി.

"ഇതില്‍ എന്താ...."

സിദ്ധാര്‍ത്ഥിന്റെ പകപ്പും ഗൌനിക്കാതെ ഡേവിഡ്‌ പറഞ്ഞു, "ഏറിയാല്‍ മൂന്നു ദിവസം. അത്രനാള്‍ മതി. അതിനകം അവന്‍ വരും. ഇതിന്റെ താക്കോല്‍ അവന്റെ കൈയില്‍ത്തന്നെയുണ്ട്‌. നീ ഈ പെട്ടി എടുക്കുക്ക, വീട്ടില്‍ പോകുക, ഏതെങ്കിലും മൂലയില്‍ വയ്ക്കുക. അവന്‍ വരുമ്പോള്‍ എടുത്തുകൊടുക്കുക. നീ ചെയ്യേണ്ടത്‌ ഇത്രമാത്രം. ഞാന്‍ തിരിച്ചുവരുമ്പോള്‍, വേണ്ട രീതിയില്‍ ഞാന്‍ നിന്നോട്‌ നന്ദി പറയാം."

ട്രെയിനിന്റെ ചൂളം വിളി അകലെനിന്നു കേട്ടു. ഡേവിഡ്‌, തന്റെ വാച്ചിലെ മഴത്തുള്ളി തുടച്ചുകളഞ്ഞ്‌, ഞെട്ടിക്കുന്നാരു ചരിത്രസത്യം അതിന്റെ സൂചികളില്‍ നിന്നു വായിച്ചെടുത്തതു പോലെ നെറ്റിയില്‍ തന്റെ വലതുകൈ വച്ചു. പിന്നെ, ഒരടി മുന്‍പോട്ടു നീങ്ങി ആ പെട്ടി സിദ്ധാര്‍ത്ഥിന്റെ മൂക്കിനു കീഴെ പിടിച്ചു.

"എനിക്ക്‌ പോകാന്‍ തിടുക്കമുണ്ട്‌. അപ്പോള്‍, എല്ലാം പറഞ്ഞതുപോലെ. ഇതാ പെട്ടി പിടിക്കൂ."

"വേണ്ട...ഇല്ല...എനിക്കു...മറ്റാരെയെങ്കിലും...", ഡേവിഡിനോട്‌ നിഷേധാര്‍ത്ഥത്തില്‍ സംസാരിക്കുവാന്‍ കഴിയാത്തതുമൂലം വ്യാകരണബദ്ധമല്ലാത്ത ഏതാനും വാക്കുകള്‍ മാത്രമാണ്‌ സിദ്ധാര്‍ത്ഥിന്‌ ഉച്ചരിക്കാന്‍ കഴിഞ്ഞത്‌.

ട്രെയിനിന്റെ അയയുന്ന താളത്തിനൊപ്പം ഡേവിഡിന്റെ മുഖത്തെ പേശികള്‍ മുറുകുന്നുണ്ടോ എന്ന്‌ സിദ്ധാര്‍ത്ഥ്‌ ഭയന്നു. ഡേവിഡ്‌ അയ്യാളെ നോക്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സഹപാഠിയുടെ സഞ്ചിയില്‍ നിന്നു കട്ടെടുത്ത പണത്തിനു വാങ്ങിയ മിഠായി കഴിക്കാന്‍ വിസമ്മതിച്ച തന്നെ
തുറിച്ചുനോക്കിയ കണ്ണുകളെ സിദ്ധാര്‍ത്ഥ്‌ തിരിച്ചറിഞ്ഞു, ആ മിഠായി അവന്റെ കൈകളില്‍നിന്ന്‌ സ്വയമറിയാതെ വാങ്ങാന്‍ തന്നെ അന്നു
പ്രേരിപ്പിച്ച ഭീഷണശക്തിയേയും.

"ഡേവിഡ്‌, ഞാന്‍ എങ്ങനെ..."

സിദ്ധാര്‍ത്ഥിന്റെ ചിന്താക്കുഴപ്പത്തിന്റെ അവസാനം കാണുന്നതു വരെ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഡേവിഡ്‌ പറഞ്ഞു, "സിദ്ധാര്‍ത്ഥ്‌, ദയവായി എനിക്കു വേണ്ടി ഇതു ചെയ്യണം. ഇനി എനിക്കു മറ്റൊരാളെ തേടിപ്പോകാന്‍ സമയമില്ല. ഇതാ ഈ പെട്ടി ഞാന്‍ ഇവിടെ വെയ്ക്കുകയാണ്‌, നിന്നെ വിശ്വസ്സിച്ച്‌, നീ എനിക്കു വേണ്ടി ഇതു ചെയ്യുമെന്ന പ്രതീക്ഷയില്‍."

ഡേവിഡ്‌ ആ പെട്ടി നിലത്തു വെച്ചു, ഇരുവരുടേയുമിടയില്‍. സിദ്ധാര്‍ത്ഥിന്റെ കൈകളും തലയും നിഷേധാത്മകമായി ചലിച്ചു. പക്ഷെ, ഡേവിഡ്‌ പിന്നോട്ടു
നടന്നുതുടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ കണ്ണുകളില്‍ നോക്കി പുറകോട്ട്‌ അടിവച്ചുകൊണ്ടു ഡേവിഡ്‌ വിളിച്ചുപറഞ്ഞു, "സിദ്ധാര്‍ഥ്‌, ദയവായി... എനിക്കു വേണ്ടി...ഒന്നുരണ്ടാഴ്ചക്കകം ഞാന്‍ മടങ്ങിയെത്തും."

അവന്‍ പൊടുന്നനേ വെട്ടിത്തിരിഞ്ഞ്‌ അതിവേഗതയില്‍ ജനക്കൂട്ടത്തിനിടയില്‍ അപ്രത്യക്ഷനായി. അവര്‍ക്കിടയില്‍ കടന്നുപോയ ഏതാനും നിമിഷങ്ങളുടെ
സ്മാരകം പോലെ ആ കറുത്ത പെട്ടി, ഇരുട്ടിന്റെ ഖരരൂപമായി ആ പ്ലാറ്റ്ഫോമില്‍ തിരശ്ചീനമായി കിടന്നു.

തനിക്കും ആ പെട്ടിക്കുമിടയിലെ ഏതാനും അടി ദൂരത്തില്‍, ജീവിതത്തില്‍ താന്‍ ഇന്നോളം വരെ ചവിട്ടിയരച്ച മണല്‍ത്തരികളുടെ പിടപ്പ്‌ കണ്ടെത്തിയ ആ
നിമിഷത്തിലാണ്‌ താന്‍ ഡേവിഡിനെ ഭയപ്പെട്ടിരുന്നുവെന്ന്‌ സിദ്ധാര്‍ത്ഥ്‌ തിരിച്ചറിഞ്ഞത്‌.

താന്‍ എന്തിനു വേണ്ടി ആ പെട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്‌ സിദ്ധാര്‍ത്ഥ്‌ ആലോചിച്ചു. ഒരു സുഹൃത്തിനോടുള്ള കടപ്പാടിന്റെ പേരിലോ? ഭൂതകാലത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍, താനും ഡേവിഡും ഒരുമിച്ചു നടക്കുകയും സല്ലപിക്കുകയും ചെയ്തിരുന്ന വേളകളില്‍ ഒന്നില്‍ പോലും, ഹൃദയങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ ഉരുവാകുന്ന പ്രകാശകിരണങ്ങളുടെ വെളിച്ചം സിദ്ധാര്‍ത്ഥിനു കണ്ടെടുക്കുവാന്‍ സാധിച്ചില്ല.

ഒരു പേനയുടെ ഉടമസ്ഥാവകാശത്തേക്കുറിച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍, തന്നോടു കയര്‍ത്തു സംസാരിച്ച മുതിര്‍ന്ന ക്ലാസ്സിലെ ഒരു കുട്ടിയെ എല്ലാവരും കാണ്‍കേ ഡേവിഡ്‌ മലര്‍ത്തിയടിച്ച നിമിഷത്തിലാണ്‌ അവന്റെ തോളില്‍ കൈകളിട്ടു നടക്കുന്നത്‌ ഒരു സൌകര്യമായി, ഒരഭിമാനമായി സിദ്ധാര്‍ത്ഥ്‌ കണക്കാക്കുവാന്‍ തുടങ്ങിയത്‌. വര്‍ഷങ്ങളുടെ ചിറകടികള്‍ പക്വതയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്‌ അയ്യാളെ നയിച്ചെങ്കിലും, ബാല്യത്തിന്റെ ആ ചങ്ങാത്തം ഒരു കുരുക്കുപോലെ അയ്യാളെ ഇടയ്ക്കിടെ
പിന്നോട്ടു വലിച്ചുകൊണ്ടിരുന്നു.

ഡേവിഡിനെ അവസാനമായി കണ്ട രംഗം സിദ്ധാര്‍ത്ഥിന്റെ മനസ്സില്‍ നിന്നു മാഞ്ഞുപോയിരുന്നില്ല- നഗരത്തിലെ ഏതോ നിഗൂഢാധോലോകങ്ങളുമായി
ബന്ധപ്പെടുത്തി തന്നെ ചോദ്യം ചെയ്യുവാന്‍ വന്ന പോലീസുകാരുടെ മധ്യത്തിലൂടെ കൂസലെന്യേ നീങ്ങുമ്പോള്‍ അവന്റെ കോടിയ ചുണ്ടിലുണ്ടായിരുന്ന പുച്ഛച്ചിരി ആര്‍ക്കും തന്നെ മറക്കുവാന്‍ സാധിക്കുമായിരുന്നില്ല, ഒരുപക്ഷേ, ആ പോലീസുകാര്‍ക്കുപോലും. ഊഹാപോഹങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അന്ത്യംനല്‍കാതെ, അവന്‍ വീണ്ടും ഏവരുടേയുമിടയിലൂടെ നടന്നുതുടങ്ങിയെന്ന്‌ സിദ്ധാര്‍ത്ഥ്‌ അറിഞ്ഞു. അമ്പരപ്പെടാന്‍ മാത്രമേ സിദ്ധാര്‍ഥിനു കഴിഞ്ഞുള്ളൂ.

അജ്ഞാതമായ പല ശക്തികളും ഡേവിഡിനു പിന്‍ബലമേകുന്നുണ്ടെന്നു മാത്രം മറ്റെല്ലാവരേയും പോലെ സിദ്ധാര്‍ത്ഥും കരുതി.

ആ ശക്തികളോടുള്ള ബഹുമാനമോ ഭയമോ മൂലമാകാം, തന്റെ മുന്‍പില്‍ ഒരു പ്രഹേളിക പോലെ കിടക്കുന്ന ആ പെട്ടി ഉപേക്ഷിക്കുവാന്‍ സിദ്ധാര്‍ത്ഥിനു
കഴിയാതിരുന്നത്‌.

പ്ലാറ്റ്ഫോമിലെ തിരക്കു കുറഞ്ഞെന്ന്‌ രണ്ടുമൂന്നുവട്ടം ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം തന്റെ നനഞ്ഞ കുടയുടെ കീഴെ ആ പെട്ടി ഒതുക്കിപ്പിടിച്ചുകൊണ്ട്‌ സിദ്ധാര്‍ത്ഥ്‌ നടന്നുതുടങ്ങി. പ്ലാറ്റ്ഫോമില്‍നിയമപാലകരുടെ എണ്ണം വളരെ കൂടുതലാണെന്ന്‌ സിദ്ധാര്‍ത്ഥിനു തോന്നി. പക്ഷെ, അയ്യാള്‍ക്ക്‌ അതില്‍ അമ്പരപ്പുണ്ടായില്ല. നഗരത്തിലെ ക്രമസമാധാനത്തില്‍ പൊടുന്നനെയുണ്ടായ തകര്‍ച്ച മാധ്യമങ്ങളില്‍ നിന്ന്‌ അയ്യാള്‍ അറിഞ്ഞിരുന്നു, നഗരത്തിലെ ജീവിതരീതികളില്‍ കാര്യമായ ഒരു വ്യത്യാസവും കണ്ടുപിടിക്കാന്‍ അയ്യാള്‍ക്കു സാധിച്ചിരുന്നെങ്കിലും, മാധ്യമങ്ങളുടേയും ഭരണകൂടത്തിന്റേയും മുന്നറിയിപ്പുകളെ അയ്യാള്‍ വിശ്വസ്സിച്ചുപോന്നു.

പൊതുവേ അലസഗമനം ശീലിച്ചിരുന്ന അയ്യാളുടെ പാദങ്ങള്‍ക്ക്‌, ആ സായാഹ്നത്തിന്റെ ശരവേഗം യാതൊരു മടുപ്പും സമ്മാനിച്ചില്ല. ഒരു പരിചയക്കാരന്‍ അയ്യാളുടെ എതിരെ നടന്നുവന്ന്‌ സിദ്ധാര്‍ത്ഥിനെ നോക്കി ചിരിച്ചു. അയ്യാളാകട്ടെ, അതൊന്നും കണ്ടില്ല. തെല്ലൊരമ്പരപ്പു പടര്‍ന്ന മിഴികളുമായി തന്നെ തിരിഞ്ഞുനോക്കുന്ന ആ മുഖത്തെ
അയ്യാള്‍ ഗൌനിച്ചതേയില്ല.

മഴ നനഞ്ഞ് വന്ന ഭര്‍ത്താവിന്റെ അടുക്കല്‍ ഒരു തോര്‍ത്തുമായി യശോധര എത്തിയപ്പോള്‍, അവളുടെ കൈകള്‍ മെല്ലെ തട്ടിമാറ്റി സിദ്ധാര്‍ത്ഥ്‌ കിടപ്പുമുറിയിലേക്കു തിടുക്കത്തില്‍ നടന്നുകയറി. പാതി ചാരിയ വാതിലിനു പിന്നില്‍ നിന്നുകൊണ്ട്‌, പുത്തനൊരു മുറി കാണുന്ന രീതിയില്‍ അയ്യാള്‍ ചുറ്റും നോക്കി. അലമാരി തുറന്ന്‌, അതിന്റെ ഒരു കള്ളിയില്‍ ആ പെട്ടി നിക്ഷേപിക്കാനാണ്‌ ആദ്യം അയ്യാള്‍ തുനിഞ്ഞത്‌. പിന്നീട്‌, കള്ളിയില്‍ നിന്നും ആ പെട്ടി പുറത്തെടുത്ത്‌, കട്ടിലിനും
അലമാരിക്കും ഇടയിലുള്ള, വെളിച്ചം അധികം കടന്നു ചെല്ലാത്ത ഒരു മൂലയില്‍ അതിനെ പ്രതിഷ്ഠിച്ചു. തന്റെ വലതുകരത്തിലെ വെള്ളം ഇടതുകരം കൊണ്ട്‌ ശക്തിയില്‍ തുടച്ചുകൊണ്ട്‌, അയ്യാള്‍ ആ ഇരുണ്ടമൂലയിലേക്കു തുറിച്ചുനോക്കി നിന്നു, ഏതാനും നിമിഷം. പിന്നെ, വീണ്ടും ആ പെട്ടി കൈകളിലെടുത്ത്‌, അതിനെ ഒന്നു നോക്കിയിട്ട്‌,
വീണ്ടും അലമാരി തുറന്ന്‌, അതിന്റെ ഒരു കള്ളിയില്‍, ഏതാനും തുണികളുടെയടിയില്‍ അതിനെ ഒളിപ്പിച്ചുവെച്ചു.

"എന്താ അത്‌?", പിന്നില്‍നിന്നു യശോധര ചോദിച്ചു.

"ഒന്നുമില്ല".

"ഒന്നുമില്ലേ?"

"നീ ആ തോര്‍ത്ത്‌ ഇങ്ങോട്ടു താ. എന്തൊരു മഴ."

യശോധര തന്റെ കൈയിലെ തോര്‍ത്ത്‌ അയ്യാളെ ലക്ഷ്യമാക്കി എറിയുന്നതിനൊപ്പം മുറിയുടെ ഉള്ളിലേക്കു കയറി. വീണ്ടും അവള്‍ ചോദിച്ചു,"എന്താ അത്‌?"

അയ്യാള്‍ തല തുവര്‍ത്തുന്ന തിടുക്കത്തിലായിരുന്നു.

"ആ അലമാരിക്കുള്ളില്‍ എന്തു വെച്ചാലും എനിക്കു കാണാന്‍ പറ്റുമെന്ന്‌ അറിയില്ലേ? എന്നോട്‌ ഒളിക്കാന്‍ നോക്കുന്നത്‌ വിഡ്ഢിത്തമല്ലേ?"

സിദ്ധാര്‍ത്ഥ്‌ തന്റെ തലയില്‍ നിന്ന്‌ തോര്‍ത്ത്‌ മാറ്റി. അവള്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ അപ്പോള്‍ മാത്രമാണ്‌ അയ്യാള്‍ മനസ്സിലാക്കിയത്‌.

"എന്റെ ഒരു സുഹൃത്ത്‌ മറ്റൊരു സുഹൃത്തിനു നല്‍കാന്‍ വേണ്ടി തന്ന എന്തോ ഒരു സാധനമാണ്‌. ഒന്നുരണ്ടും ദിവസം സൂക്ഷിക്കേണ്ടി വരും. അത്രേ ഉള്ളൂ."

"ഏതു സുഹൃത്ത്‌?"

"ഡേവിഡ്‌".

"ഡേവിഡ്‌? ആ റൌഡിയോ? അയ്യാളുമായി പിന്നേയും ചങ്ങാത്തം കൂടാന്‍ തുടങ്ങിയോ? എന്തു സാധനമാണ്‌ അയ്യാള്‍ തന്നത്‌?"

"അറിയില്ല."

"അറിയില്ലേ? ഏതു സുഹൃത്തിനു കൊടുക്കാനാണ്‌?"

"സണ്ണി."

"ഏതു സണ്ണി?"

"അറിയില്ല."

യശോധര സിദ്ധാര്‍ത്ഥിനെ തറപ്പിച്ചു നോക്കി. പിന്നെ പതിഞ്ഞ ശബഃത്തില്‍ ചോദിച്ചു, "നിങ്ങള്‍ക്കെന്തു പറ്റി?"

തനിക്ക്‌ ഒന്നും പറ്റിയില്ലെന്ന്‌ സിദ്ധാര്‍ത്ഥ്‌ ചിന്തിച്ചു, പക്ഷെ, അയ്യാള്‍ ഒന്നും മിണ്ടിയില്ല.

യശോധര പതിയെ നടന്ന്‌, ആ അലമാരി തുറന്നു. സിദ്ധാര്‍ത്ഥ്‌ പൊടുന്നനെ അവളുടെ കൈയില്‍ കയറിപ്പിടിച്ചു, എന്നിട്ടു പറഞ്ഞു, "വേണ്ട. അതു തുറക്കേണ്ട. അതിന്റെ താക്കോല്‍ എന്റെ കൈയ്യിലില്ല."

സിദ്ധാര്‍ത്ഥിന്റെ കണ്ണുകളില്‍, മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തിളക്കം, ഭീതിയുടെ ഒരു മിന്നല്‍, അവള്‍ കണ്ടു.

"എന്താണെന്നറിയാതെ എന്തിനാണ്‌ ഈ പെട്ടി വാങ്ങിച്ചത്‌?"

"വാങ്ങേണ്ടി വന്നു. നീ അധികമൊന്നും ചോദിക്കരുത്‌. ഒന്നിനും എനിക്കു മറുപടികളില്ല." പുരികങ്ങളുയര്‍ത്തി, തല കുലുക്കി, കൈകള്‍
ചോദ്യഭാവത്തില്‍ മലര്‍ത്തി യശോധര നടന്നു.

അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു, "എന്താണെന്നാര്‍ക്കറിയാം? ആ ഡേവിഡ്‌ തീരെ ശരിയല്ല. വല്ല കളവുമുതലോ മറ്റോ? വല്ല ആയുധം വല്ലതുമാണെങ്കില്‍? വല്ല കുറ്റകൃത്യവും ചെയ്തിട്ട്‌...“

യശോധര അപ്രത്യക്ഷയായിട്ടും, സിദ്ധാര്‍ത്ഥ്‌ ഏറെനേരം അടച്ചിട്ട അലമാരക്കതകില്‍ നോക്കി മിഴിച്ചു നിന്നു. അങ്ങനെ നോക്കിനില്‍ക്കവേ അയ്യാള്‍ക്കു തോന്നി, സംശയത്തിന്റെ ആയിരം കാലുകളുള്ള കറുത്ത അട്ടകള്‍ തന്റെ മനസ്സിന്റെ ചുവരുകളിലൂടെ മെല്ലെ

അരിച്ചരിച്ചരിച്ചരിച്ച്‌...

ഭീതിയാല്‍ അയ്യാളുടെ രോമങ്ങള്‍ എഴുന്നുവന്നു.

കിടക്ക എന്നും സിദ്ധാര്‍ത്ഥിനു സുഖകരമായ ജീവനാനുഭവത്തിന്റെ നിദാനമായിരുന്നു. പക്ഷെ, അന്നുരാത്രി, റെയില്‍വേസ്റ്റേഷനിലെ പാലമരക്കൊമ്പുകളില്‍ ഊയലാടുന്ന വവ്വാലുകളുടെയൊപ്പം തന്റെ ഉറക്കവും കുടുങ്ങിപ്പോയതായി അയ്യാള്‍ക്കു തോന്നി. പുറത്ത്‌, മരക്കൊമ്പിലെ ഇലകളില്‍ നിന്നു വീഴുന്ന വെള്ളത്തുള്ളികള്‍ നിലത്തുകിടക്കുന്ന പഴുത്ത ഇലകളില്‍ പതിക്കുന്ന ശബഃം അയ്യാളുടെ അസഹ്യത വര്‍ദ്ധിപ്പിച്ചു. തന്റെ വീടിനു ചുറ്റും പോലീസുകാരുടെ കാല്‍പ്പെരുമാറ്റം പ്രതീക്ഷിച്ച്‌, അല്ലെങ്കില്‍ വാതില്‍പ്പാളികളില്‍ സണ്ണിയുടെ കൈവിരലുകള്‍ മുട്ടുന്നതു കേള്‍ക്കുവാന്‍ കാത്ത്‌ അയ്യാള്‍ കിടന്നു. അയ്യാളുടെ ഒരു കൈത്തലം തലയണക്കീഴിലെ ടോര്‍ച്ചില്‍ അമര്‍ന്നിരുന്നു.

തനിക്കു പുറം തിരിഞ്ഞു ഗാഢമായുറങ്ങുന്ന യശോധരയുടെ ചുമലിനു മുകളിലൂടെ ഇടക്കിടെ അയ്യാള്‍ അലമാരിയുടെ ഇരുണ്ട ചതുരാകൃതിയിലേക്കു ഉറ്റുനോക്കുവാനും മറന്നില്ല.

രാവിലെയുടെ കോപമുണര്‍ത്തുന്ന ഉറക്കച്ചടവിലും, ഓഫീസിലേക്കുള്ള യാത്രയുടെ മടുപ്പിക്കുന്ന വിരസതയിലും, സമയസൂചികളുടെ ലഘുതാളത്തോടുള്ള അമര്‍ഷത്തിലും, നിലനില്‍പ്പിന്റെ ഓരോ കോശത്തിലും ഒരു പശ്ചാത്തലസംഗീതം പോലെ ആ കറുത്ത പെട്ടി അയ്യാളെ മഥിച്ചുകൊണ്ടിരുന്നു. വൈകുന്നേരമായപ്പോള്‍, തന്റെ വാടകവീടിന്റെ പൂമുഖത്ത്‌ കണ്ണടയും കട്ടിപ്പുരികങ്ങളുമായി ഒരു പുഞ്ചിരിയോടെ കയറിവരുന്ന നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരനേയും കത്ത്‌ അയ്യാള്‍ ഇരുന്നു.

വഴിയില്‍ ഒരു പോലീസുകാരന്റെ യൂണിഫോം തെളിഞ്ഞു തെളിഞ്ഞു വന്നു. സിദ്ധാര്‍ത്ഥിന്റെ തലച്ചോറില്‍ ധൂമപാളികളുടെ അവ്യക്തത നിറഞ്ഞു. ഉള്ളിലേക്കോടിക്കയറി, ആ പെട്ടി അലമാരിയില്‍ നിന്നെടുത്ത്‌ പിന്നാമ്പുറത്തുള്ള കിണറ്റിലേക്കു വലിച്ചെറിയാന്‍ അയ്യാള്‍ തരിച്ചു. പക്ഷെ, പോലീസുകാരന്‍ തൊട്ടടുത്തെത്തിയിരുന്നു. വിറക്കുന്ന കാല്‍മുട്ടുകളോടെ സിദ്ധാര്‍ത്ഥ്‌ മെല്ലെ എഴുന്നേറ്റു. പോലീസുകാരനെ നോക്കി ചിരിക്കുവാന്‍ ശ്രമിച്ചെങ്കിലും അയ്യാള്‍ക്കതിനു കഴിഞ്ഞില്ല.

"സിദ്ധാര്‍ത്ഥ്‌?"
"അതെ"

സിദ്ധാര്‍ത്ഥിന്റെ കൈവിരല്‍ കാണിച്ചുകൊടുത്ത കസേരയില്‍ നിവര്‍ന്നിരുന്ന്‌, കൈകളും കാലുകളും കുടഞ്ഞ്‌, അകാലത്തിലുള്ള മഴ സൃഷിക്കുന്ന അസൌകര്യങ്ങളെപ്പറ്റി വാചാലനായി, യശോധര കൊണ്ടുവന്ന കാപ്പി ഊതിക്കുടിച്ച്‌ ആ പോലീസുകാരന്‍ സമയം കളഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ നെഞ്ചില്‍ ഒരു പടഹധ്വനി മുറുകുകയായിരുന്നു. തന്റെ അടുക്കല്‍ നിന്ന യശോധരയോട്‌, അംഗവിക്ഷേപങ്ങള്‍ വഴി, ആ പെട്ടിയെടുത്ത്‌ കിണറ്റില്‍ എറിയാനുള്ള നിര്‍ദ്ദേശം കൊടുക്കാന്‍ തനിക്കു കഴിഞ്ഞിരുന്നെങ്കിലെന്ന്‌ അയ്യാള്‍ ആശിച്ചു.

"ഡേവിഡ്‌ എന്നൊരാളെ അറിയുമോ?"
"അറിയും"
"എങ്ങനെ?"
"പഴയ ഒരു സുഹൃത്താണ്‌". തന്റെ സ്വരത്തിലെ വിറ അയ്യാള്‍ ശ്രദ്ധിക്കരുതേ എന്നു സിദ്ധാര്‍ത്ഥ്‌ പ്രാര്‍ത്ഥിച്ചു.

"എന്താണ്‌ സാര്‍ കാര്യം?" യശോധരയുടെ ചോദ്യം കേട്ടപ്പോള്‍ സിദ്ധാര്‍ത്ഥിനു തോന്നി, താനായിരുന്നു ആ ചോദ്യം ചോദിക്കേണ്ടിയിരുന്നതെന്ന്‌.

"ഡേവിഡ്‌ മരിച്ചു".

ആ പോലീസുകാരന്‍ പറഞ്ഞ വാക്കുകളുടെ പൊരുള്‍ പരിപൂര്‍ണ്ണമായും സിദ്ധാര്‍ത്ഥിന്റെ മനസ്സിലേക്കിറങ്ങിച്ചെല്ലാന്‍ ഏതാനും നിമിഷങ്ങളെടുത്തു.
ഒരു പാറക്കല്ല്‌ വെടിവെച്ചുതകര്‍ക്കുന്നതുപോലെയാണ്‌ ആ വാര്‍ത്ത അയ്യാളില്‍ ഇറങ്ങിച്ചെന്നത്‌; തിരിക്കു തീ കൊളുത്തി, ആ തീ സീല്‍ക്കാരത്തോടെ കത്തിക്കത്തിക്കയറി, പുകയോടെ ഒരു കുഴിയിലേക്കിറങ്ങി, ഒടുവില്‍ ഹുങ്കാരത്തോടെ ഒരുഗ്രസ്ഫോടനം...

"ട്രെയിനിലാണ്‌ ജഡം കാണപ്പെട്ടത്‌. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു വ്യക്തമല്ല. എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയുവാന്‍ ഇപ്പോള്‍
ഞങ്ങള്‍ പരതി നടക്കുന്നു. നിങ്ങളുടെ വിലാസം അയ്യാളുടെ ഡയറിയില്‍ കണ്ടു."

ഒരു അക്ഷമയോടെയാണ്‌ ആ പോലീസുകാരന്‍ അങ്ങനെ പറഞ്ഞത്‌, സുഖസുഷുപ്തിയില്‍ നിന്ന്‌ ആരോ പിടിച്ചുലച്ചെഴുന്നേല്‍പ്പിച്ചെന്ന മട്ടിലുള്ള അനിഷത്തോടെ. പക്ഷെ, അതൊന്നും ശ്രദ്ധിക്കുവാന്‍ സിദ്ധാര്‍ത്ഥിനു കഴിയുമായിരുന്നില്ല. തലച്ചോറിലെ ധൂമപാളികള്‍ക്കു കനം കൂടിയതുപോലെ അയ്യാള്‍ക്കു തോന്നി. നെഞ്ചിടിപ്പിന്റെ
വേഗത വര്‍ദ്ധിച്ച്‌ ഞരമ്പുകള്‍ പൊട്ടി ചുടുചോര തന്റെ ഹൃദയപേശികള്‍ക്കിടയിലേക്ക്‌ ഇരച്ചിറങ്ങുമോ എന്ന്‌ അയ്യാള്‍ ഭയപ്പെട്ടു.

ഡേവിഡ്‌ മരിച്ചു എന്ന വസ്തുത അയ്യാളുടെ വികാരങ്ങളുടെ ഉപരിപ്രതലങ്ങളില്‍പ്പോലും യാതൊരു ചലനവും സൃഷിച്ചില്ല. മാനുഷികഭാവങ്ങള്‍ നശിച്ചുപോയ ഒരു മനുഷ്യയിരുന്നതുകൊണ്ടായിരുന്നില്ല അത്‌. മറിച്ച്‌, ഡേവിഡ്‌ തനിക്കു നല്‍കിയ നിഗൂഢത നിറഞ്ഞ ആ പെട്ടി തന്നോടൊപ്പമുണ്ടല്ലോ എന്ന ചിന്ത അയ്യാളുടെ പ്രജ്ഞയെ
ഞെരുക്കിക്കളഞ്ഞതുമൂലമാണ്‌.

പോലീസുകാരന്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു, സിദ്ധാര്‍ത്ഥ്‌ അവ്യക്തങ്ങളായ ഉത്തരങ്ങളും നല്‍കിക്കൊണ്ടിരുന്നു. പെട്ടിയുടെ കാര്യം പോലീസുകാരനെ അറിയിക്കണമെന്ന്‌ പലകുറി സിദ്ധാര്‍ത്ഥ്‌ വിചാരിച്ചെങ്കിലും, അപ്പോളൊക്കെ അയ്യാളുടെ മനസ്സില്‍ മുഴങ്ങിക്കേട്ടത്‌ ഡേവിഡിന്റെ അര്‍ത്ഥഗംഭീരമായ, ഭീഷണിയുടെ ചുവ പുരണ്ട വാക്കുകളാണ്‌, "നിന്റെ വിവരങ്ങള്‍ മുഴുവന്‍ അയ്യാള്‍ക്കറിയാം. അയ്യാള്‍ക്കു മാത്രമേ നീ ഈ പെട്ടി കൊടുക്കാവൂ, അയ്യാള്‍ക്കു മാത്രം."

ഡേവിഡ്‌...വഴക്ക്‌...ഒറ്റയടി...കൊഴിഞ്ഞുവീണ ഒരു കൊച്ചു പല്ല്‌...പുച്ഛച്ചിരി...

തീവണ്ടി...കട്ടിപ്പുരികം...കണ്ണട...ജഡം...പോലീസ്‌...പെട്ടി...സ്വര്‍ണ്ണം... പണം..ഠോക്ക്‌...പിച്ചാത്തി...മയക്കുമരുന്ന്‌...ബോംബ്‌...

ചിത്രങ്ങളുടെ ഒരു ശൃഖല തന്നെ സിദ്ധാര്‍ത്ഥിന്റെ മുന്‍പിലൂടെ ഇഴഞ്ഞുപോയി. അതിലെ ഓരോ കണ്ണിയും അര്‍ത്ഥം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ അയ്യാളുടെ
തളരുന്ന മനസ്സിന്റെ തിളക്കുന്ന മണ്ണില്‍ ഉപേക്ഷിച്ച്‌ അന്തരാളത്തിന്റെ ഇരുളുന്ന ചക്രവാളങ്ങളിലേക്കു കയറിപ്പോയി.

കൂടുതലൊന്നും സിദ്ധാര്‍ത്ഥില്‍നിന്നു ലഭിക്കില്ല എന്നുറപ്പിച്ച്‌, യശോധരയുടെ കാപ്പിക്കു നന്ദി പറഞ്ഞ്‌, അവളുടെ ആകാരവടിവിനെ പാളിയ നോട്ടത്താല്‍ ഒരു
നിമിഷം ഉഴിഞ്ഞ്‌ പോലീസുകാരന്‍ നടന്നുനീങ്ങി.

"ഇപ്പോല്‍ത്തന്നെ ആ സാധനം ഈ വീട്ടില്‍നിന്നു മാറ്റണം." പോലീസുകാരന്‍ കണ്‍വെട്ടത്തു നിന്നു മറഞ്ഞ ഉടനെ യശോധര ഉറക്കെ പറഞ്ഞു.

"സണ്ണിക്ക്‌ അറിയാം, അത്‌ ഇവിടെയുണ്ടെന്ന്‌..." ദയനീയമായിരുന്നു അയ്യാളുടെ മറുപടി.

"അതുകൊണ്ട്‌?"

"അതില്‍ എന്തെങ്കിലും വിലപിടിച്ച വസ്തുവാണെങ്കില്‍?"

യശോധര നിശബഃയായി. ഡേവിഡിനെ അവള്‍ക്കും ഭയമായിരുന്നു. ഡേവിഡിന്റെ അജ്ഞാതനായ കൂട്ടുകാരനെ ഡേവിഡിനേക്കാള്‍ ഭയക്കാതിരിക്കാന്‍ അവള്‍ക്കും കാരണമൊന്നും കണ്ടുപിടിക്കാനായില്ല.

അന്നു രാത്രി ഇരുവര്‍ക്കും ഉറക്കം വന്നില്ല. അനങ്ങാതെ കിടക്കുന്ന സിദ്ധാര്‍ത്ഥിനെ കുറെ സമയം നോക്കിയിട്ട്‌, അയ്യാള്‍ ഉറങ്ങിയെന്നു കരുതി യശോധര മെല്ലെ എഴുന്നേറ്റു. അലമാരിയുടെ പാളി മെല്ലെ അവള്‍ വലിച്ചുതുറന്നപ്പോള്‍ പുറപ്പെട്ട ചെറിയ സ്വരം കേട്ട്‌, ഒരു ദുസ്വപ്നത്തില്‍നിന്നെന്നവണ്ണം സിദ്ധാര്‍ത്ഥ്‌ ചാടി എഴുന്നേല്‍ക്കുകയും, ടോര്‍ച്ച്‌ തെളിച്ച്‌ അവളുടെ മുഖത്തിനു നേരെ തിരിക്കുകയും ചെയ്തു. ഭീദിതമായ നാലുകണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ
ആ വെളിച്ചം ഇരുവര്‍ക്കുമിടയില്‍ കുടുങ്ങിക്കിടന്നു.

സിദ്ധാര്‍ത്ഥിന്റെ കണ്ണില്‍ നോക്കി യശോധര ചിരിച്ചു. അവളുടെ കണ്ണില്‍ നോക്കി സിദ്ധാര്‍ത്ഥും. മണിക്കൂറുകളുടെ ഇടവേളക്കു ശേഷമാണ്‌ അയ്യാളുടെ മുഖത്ത്‌
ഒരു ചിരി പടര്‍ന്നത്‌. തന്നോടുതന്നെയുള്ള സഹതാപത്തില്‍ പൊതിഞ്ഞ ഒരു ചിരി.

യശോധര മെല്ലെ ആ പെട്ടി പുറത്തെടുത്തു. അതിനെ തിരിച്ചും മറിച്ചും പരിശോധിച്ചു. പിന്നെ, അതെടുത്ത്‌ നന്നായി കുലുക്കിനോക്കി. എന്തോ
കട്ടിയുള്ള വസ്തു ആ പെട്ടിയുടെ വശങ്ങളില്‍ ഇടിച്ചു ശബഃമുണ്ടാക്കി.

"നല്ല കട്ടിയുള്ള എന്തോ ഒന്നാണ്‌".
"അതെനിക്കും മനസ്സിലായി".
"വല്ല സ്വര്‍ണ്ണക്കട്ടിയോ മറ്റോ"?

സിദ്ധാര്‍ത്ഥ്‌ അജ്ഞതയോടെ തലയാട്ടി. അവള്‍ ആ പെട്ടി തിരികെ ഭദ്രമായി വെച്ചിട്ട്‌ പതിയെ പറഞ്ഞു, "ഒരുപക്ഷേ, ആ സണ്ണി കുറേനാള്‍ കഴിഞ്ഞിട്ടും വന്നില്ലെങ്കില്‍..."

യശോധരയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

പക്ഷേ, സിദ്ധാര്‍ത്ഥിന്‌ സണ്ണിക്കു വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും സാധിക്കുമായിരുന്നില്ല. യശോധരയുടെ വാക്കുകള്‍ കേട്ട്‌ അയ്യാള്‍ കുപിതനായി. "നീ അത്യാര്‍ത്തി ഒന്നും കാണിക്കേണ്ട.വന്നു കിടന്ന്‌ ഉറങ്ങാന്‍ നോക്ക്‌. ഇനി മേലാല്‍ ആ പെട്ടിയെപ്പറ്റി ഒരു സംസാരം വേണ്ട."

ചിറി കോട്ടിക്കൊണ്ട്‌ യശോധര കട്ടിലില്‍ കയറിക്കിടന്നു. സിദ്ധാര്‍ത്ഥിന്റെ കരങ്ങള്‍ അവളെ ചുറ്റിപ്പിടിച്ചപ്പോള്‍ അവള്‍ ആ കൈ തട്ടിമാറ്റി. പല്ലുകള്‍
കൂട്ടിയിറുമ്മിക്കൊണ്ട്‌ സിദ്ധാര്‍ത്ഥ്‌ തന്റെ കരങ്ങള്‍ പിന്‍വലിച്ചു.

ഇരുവരും പിന്നീട്‌ ആ പെട്ടിയെപ്പറ്റി ഒന്നും സംസാരിച്ചില്ല.

ദിവസങ്ങള്‍ കഴിയുന്തോറും തന്റെ മനസ്സിലെ ഭാരം വര്‍ദ്ധിക്കുന്നത്‌ സിദ്ധാര്‍ത്ഥ്‌ തിരിച്ചറിഞ്ഞു. ജോലിക്കിടയില്‍ അയ്യാളുടെ ചിന്തകള്‍ പലപ്പോഴും പല വഴിക്കു പതറിപ്പോയി. രാത്രികളില്‍, തന്റെ പെട്ടിയുടെ തിളക്കം ദൂരെനിന്നു തിരിച്ചറിഞ്ഞ്‌ മുഖം മൂടികളും ആയുധങ്ങളുമായി അടുത്തുവരുന്ന തസ്കരസംഘങ്ങളുടെ കാലൊച്ച കേള്‍ക്കുവാന്‍ അയ്യാള്‍ കാതു കൂര്‍പ്പിച്ചിരുന്നു. ആളൊഴിഞ്ഞ ആല്‍മരത്തണലുകളിലെ മണ്‍പുറ്റുകളില്‍ നിന്നും വിഷം ചീറ്റിയണയുന്ന വിഷസര്‍പ്പങ്ങളെ സ്വപ്നം കണ്ട്‌, ഉച്ചതിരിയുന്ന സമയത്ത്‌ ഓഫീസിലെ കസേരയില്‍ നിന്നും അയ്യാള്‍ ചാടിയെണീറ്റു.

അങ്ങനെ കുറെ ദിവസങ്ങള്‍ കഴിഞ്ഞ്‌, പട്ടണത്തില്‍ വീണ്ടും അക്രമമുണ്ടാകുമെന്ന്‌ ശ്രുതി പടര്‍ന്ന ഒരു ദിവസം, വീട്ടില്‍ പോകാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്‌, മേലധികാരി സിദ്ധാര്‍ത്ഥിനെ തന്റെ മുറിയിലേക്കു വിളിപ്പിച്ചു.

"ഈ ഫയല്‍ താന്‍ ഒന്നു വായിച്ചേ."

മേശപ്പുറത്ത്‌ മലര്‍ന്നുകിടന്ന കടലാസുതാളുകളില്‍ അലസമായി സിദ്ധാര്‍ത്ഥ്‌ നോക്കി. ആദ്യം അയ്യാള്‍ക്ക്‌ പ്രത്യേകിച്ചൊന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. പിന്നെ, പൊടുന്നനെ അയ്യാളുടെ കണ്ണുകള്‍ ആ ഫയലിന്റെ അവസാനത്തെ രണ്ടു വരികളില്‍ രണ്ടു തവണ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന ഒരു വാക്കില്‍ കുടുങ്ങി. "സണ്ണി".

"എന്താ ഇതിന്റെ അര്‍ത്ഥം?"

സിദ്ധാര്‍ത്ഥ്‌ തന്റെ ഉമിനീരിറക്കി.

"തനിക്കെന്തു പറ്റി? ഞാന്‍ കുറെ ദിവസങ്ങളായി ശ്രദ്ധിക്കുന്നു..."

സിദ്ധാര്‍ത്ഥ്‌ ഒന്നും മിണ്ടിയില്ല.

"തനിക്ക്‌ വീട്ടില്‍ ഉറക്കമൊന്നുമില്ലേ?"

സിദ്ധാര്‍ത്ഥ്‌ മറുപടി നല്‍കിയില്ല.

അയ്യാള്‍ പിന്നീട്‌ ഒന്നും ചോദിച്ചില്ല. കര്‍ക്കശമായ ഒരു വാചകം മാത്രം ആ നാവില്‍ നിന്ന്‌ പുറത്തുവന്നു, "ഇനിയും ഇതുപോലത്തെ അശ്രദ്ധ ഞാന്‍ സഹിച്ചെന്നു വരില്ല. ഇപ്പോള്‍ പൊയ്ക്കോ."

സിദ്ധാര്‍ത്ഥ്‌ പുറത്തിറങ്ങി. അയ്യാളുടെ മനസ്സ്‌ വേലിയേറ്റക്കടല്‍ പോലെ ഉലയുകയായിരുന്നു. മനസ്സിന്റെ സ്വാതന്ത്ര്യം തടുത്തു നിര്‍ത്തുന്ന കൂറ്റന്‍ കല്ലുകെട്ടുകളുടെ മീതെ ഇരമ്പിക്കയറി, കെട്ടുകള്‍ പൊട്ടിച്ച്‌ നിറഞ്ഞുപരന്നൊഴുകുവാന്‍ വെമ്പുന്ന സാഗരത്തിന്റെ കലുഷത അയ്യാളില്‍ നിറഞ്ഞു. വിജനമായ വഴിത്താരയിലെ പാലത്തിന്റെ അടിയിലൂടെ ശാന്തമായൊഴുകുന്ന നദിയുടെ കുഞ്ഞോളങ്ങളെ നോക്കി അയ്യാള്‍ അല്‍പ്പം ഉറക്കെ പുലമ്പി, "സണ്ണീ, നീ എവിടെ?"

വീട്ടിലെത്തി അധികം സമയമാകുന്നതിനു മുന്‍പ്‌ അയ്യാളെ കാണുവാന്‍ വീണ്ടും ആ പോലീസുകാരന്‍ എത്തി. ഇത്തവണ അയ്യാള്‍ പൂമുഖത്തേക്കു കയറിയില്ല. മുറ്റത്തു നിന്നുകൊണ്ടു തന്നെ അയ്യാള്‍ സിദ്ധാര്‍ത്ഥിനോട്‌ ചോദിച്ചു.

"ഡേവിഡിന്റെ മരണത്തിനെക്കുറിച്ച്‌ ഒരു കാര്യം കൂടി ഇപ്പോള്‍ താങ്കളോട്‌ ചോദിക്കാനുണ്ട്‌. സണ്ണി എന്നൊരാളെ അറിയുമോ?"

സിദ്ധാര്‍ത്ഥ്‌ പകച്ചുനിന്നു.

"ഇല്ല. അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടില്ല." അടുത്തുനിന്ന യശോധരയാണ്‌ അങ്ങനെ പറഞ്ഞത്‌.

"സിദ്ധാര്‍ത്ഥിന്റെ കൂട്ടുകാരനല്ലേ ഡേവിഡ്‌? താങ്കള്‍ പറയൂ. ഡേവിഡ്‌ എവിടെ വെച്ചെങ്കിലും എന്തെങ്കിലും സണ്ണി എന്നൊരാളെപ്പറ്റി നിങ്ങളോടു
പറഞ്ഞിട്ടുണ്ടോ?"

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും സിദ്ധാര്‍ത്ഥിന്റെ നാവു ചലിച്ചില്ല. യശോധരയാവട്ടെ, അരികില്‍ നിന്നുകൊണ്ട്‌ പോലീസുകാരന്‍
കാണാതെ അയ്യാളെ തോണ്ടി. ശരീരം ദുര്‍ബലമാകുന്നുവെന്നു തോന്നിയതിനാല്‍ സിദ്ധാര്‍ത്ഥ്‌ തന്റെ കൈ അവളുടെ ചുമലില്‍ സ്ഥാപിച്ചു.

സിദ്ധാര്‍ത്ഥിന്റെ തല നിഷേധാര്‍ത്ഥത്തില്‍ മെല്ലെ അനങ്ങി.

"എന്തെങ്കിലും ഓര്‍മ്മിക്കുകയോ, അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞ്‌ അറിയുകയോ ചെയ്താല്‍ പോലീസിനെ അറിയിക്കാന്‍ മറക്കരുത്‌. ഡേവിഡിന്റെ മരണം
കൊലപാതകമാണ്‌. സണ്ണി എന്നൊരാളെയാണ്‌ ഞങ്ങള്‍ക്ക്‌ സംശയം.അവര്‍ തമ്മില്‍ പണത്തിന്റെ എന്തോ തര്‍ക്കമുണ്ടായിരുന്നതായി അറിയുന്നു."

പോലീസുകാരന്‍ പോയിക്കഴിഞ്ഞിട്ടും സിദ്ധാര്‍ത്ഥ്‌ ഏറെനേരം മരവിച്ചുനിന്നു, കൂടെ യശോധരയും. തന്റെ ശ്വാസത്തിനു വല്ലാത്ത കനമുണ്ടെന്നു സിദ്ധാര്‍ത്ഥിന്‌ തോന്നി. തന്റെ ജീവിതവും ലോകവും സ്വപ്നങ്ങളും ഒരു കറുത്ത പെട്ടിയിലേക്കു ചുരുങ്ങിയതായി അയ്യാള്‍ തിരിച്ചറിഞ്ഞു. ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം കെട്ടിമറിഞ്ഞ്‌, കുഴഞ്ഞുചേര്‍ന്ന്‌, ഉരുണ്ടുകൂടി, ഒതുങ്ങി, ശ്വാസം മുട്ടി, കിതച്ച്‌, ഊര്‍ദ്ധശ്വാസം വലിച്ച്‌, തളര്‍ന്ന്‌, അനക്കമില്ലാതെ, ഒടുവില്‍...

സിദ്ധാര്‍ത്ഥ്‌ തളര്‍ച്ചയോടെ യശോധരയെ നോക്കി. അവളുടെ കണ്ണുകളിലും നിഴലിക്കുന്നത്‌ ഭയം മാത്രമാണെന്ന്‌ അയ്യാള്‍ തിരിച്ചറിഞ്ഞു. നിസ്സംഗതയോ
ആര്‍ത്തിയോ ഒട്ടുമില്ലാത്ത, പച്ചയായ ഭയത്തിന്റെ നഗ്നത മാത്രം.

ഭ്രാന്തമായ ഒരാവേശം സിദ്ധാര്‍ത്ഥിന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഇരമ്പിക്കയറുന്ന ഒരു സമുദ്രത്തിന്റെ കരുത്തോടെ, ആല്‍മരക്കൊമ്പുകള്‍ പിടിച്ചുലക്കുന്ന കാറ്റിന്റെ വേഗതയോടെ അയ്യാള്‍ കിടപ്പുമുറിയിലേക്കു പാഞ്ഞുകയറി, അലമാരിയുടെ പാളികള്‍ ഇരുകൈകളുംകൊണ്ട്‌ വലിച്ചുതുറന്നു, അടുക്കിവെച്ചിരുന്ന വസ്ര്തങ്ങള്‍ അന്തരീക്ഷത്തിലേക്കെടുത്തെറിഞ്ഞു, ആ കറുത്ത പെട്ടി പൊക്കിയെടുത്ത്‌ അയ്യാള്‍ നിലത്താഞ്ഞടിച്ചു...

ഒന്ന്‌,രണ്ട്‌,മൂന്ന്‌...

പെട്ടിയുടെ അടപ്പ്‌ ഇളകിത്തെറിച്ചു, അതിനുള്ളില്‍ നിന്നും ഏതാനും കരിങ്കല്ലുചീളുകള്‍ പുറത്തേക്കു ചിതറിവീണു, ഒപ്പം ഒരു കുറിപ്പും.
ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു, "സണ്ണീ, ഞാനെടുത്തനിന്റെ സ്വത്തുക്കള്‍ക്കു പകരമായി നീ ഇതു സ്വീകരിച്ചാലും".

കുറിപ്പ്‌ വലിച്ചെറിഞ്ഞ്‌ സിദ്ധാര്‍ത്ഥ്‌ ആ കരിങ്കല്‍ക്കഷണങ്ങളെ നോക്കി. ആ കല്ലുകളുടെ നിസ്സംഗമായ ചലനമില്ലായ്മയില്‍ ഒരു തലയോട്ടിയുടെ ചിരിയിലെ വികാരമില്ലായ്മ സിദ്ധാര്‍ത്ഥ്‌ തിരിച്ചറിഞ്ഞു.

ബിനു തോമസ്‌
കിഴക്കയില്‍
പഴയരിക്കണ്ടം
ഇടുക്കി - 685602
Subscribe Tharjani |