തര്‍ജ്ജനി

രാജേഷ് ആര്‍ വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

എലിക്കെണി

പൂജാരി എലിക്കെണി വെളിച്ചത്തിനെതിരെ ഉയര്‍ത്തിപ്പിടിച്ചുനോക്കി.
"എന്തൊക്കെ വേലത്തരങ്ങളാണു ഭഗവാനേ, ഇതിനകത്ത്‌!" പൂജാരിയുടെ ശബ്ദം ഇരുട്ടുനിറഞ്ഞ ശ്രീകോവിലില്‍നിന്നും ഇഴഞ്ഞു പുറത്തുകടന്നു.
"എലിയെപ്പിടിക്കുകാ, കൊല്ലുകാ - എന്തൊക്കെപ്പാപങ്ങളാ മഹാദേവാ! ഈ ബ്രാഹ്മണന്‍ ബ്രാഹ്മണന്‍ന്നു പറഞ്ഞാല്‌..." പൂജാരി എലിക്കെണിയുമായി ഇരുട്ടിലേക്കു നീങ്ങിയിരുന്നു.

തന്നെക്കാളും താനിഷ്ടപ്പെട്ടിരുന്ന ഭഗവാനുവേണ്ടി ഒരു പാപം ചെയ്യാന്‍തന്നെ പൂജാരി തീര്‍ച്ചയാക്കിയ രാത്രിയിലാണ്‌ അവര്‍ വന്നത്‌.

പൂജാരി ഉറങ്ങാന്‍ കിടന്ന ചാവടിയിലെ ജന്നലെടുത്തുമാറ്റിയാണവര്‍ അകത്തുകടന്നത്‌.

കറുത്തുകറുത്തു മൂന്നുപേര്‍. കറുത്താണെന്നു മാത്രമേ അറിഞ്ഞുള്ളൂ. എന്താണേതാണെന്നാലോചിക്കുമ്പോള്‍ത്തന്നെ അവര്‍ മൂന്നുപേരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങിപ്പിടിച്ച്‌ ജന്നലുവഴി പുറത്തു കടത്തി.

അമ്പലത്തിനകത്തവര്‍ കടന്നതെങ്ങനെയാണെന്തോ! മണ്ഡപത്തിലാണദ്ദേഹത്തെക്കൊണ്ടുക്കിടത്തിയത്‌. മണ്ഡപത്തിനു ചുറ്റും തൂക്കിയിരുന്ന വിളക്കുകളില്‍ ഒരൊറ്റയൊന്നായിരുന്നു അവശേഷിച്ചിരുന്നത്‌. തുരുമ്പും അഴുക്കും നിറഞ്ഞ്‌ വര്‍ഷങ്ങളായി കത്തിച്ചിട്ടില്ലാത്തത്‌. അതവര്‍ കത്തിച്ചുതൂക്കി. എന്നിട്ട്‌, വെളിച്ചത്തിനുചുറ്റും ഇരുന്നു. അപ്പോഴാണു പൂജാരി അവരെ ശരിക്കു കണ്ടത്‌.

യമദൂതന്മാരായിരുന്നു!

എണ്ണമയമില്ലാത്ത തലമുടി ചിതറിക്കിടന്നിരുന്നു. വിലകുറഞ്ഞ കറുത്ത തുണികൊണ്ടു തയ്ച്ചെടുത്ത നീളന്‍ കുപ്പായമാണു വേഷം. വെള്ളനിറം പൂശിയ രണ്ടു കൊമ്പുകള്‍ തലയുടെ പിന്‍വശത്തുയര്‍ന്നുനിന്നു. എല്ലാവരും കരിപോലെ കറുത്ത്‌. രണ്ടുപേര്‍ അരോഗദൃഢഗാത്രന്മാര്‍. ഒരാള്‍ കറുത്തുമെലിഞ്ഞ്‌. മൂന്നു ശൂലങ്ങള്‍ മണ്ഡപത്തിന്റെ തൂണില്‍ ചാരിവെച്ചിരുന്നു. അവയിലൊട്ടിച്ചിരുന്ന സ്വര്‍ണ്ണക്കടലാസ്‌ ചിലയിടത്തൊക്കെ ഇളകിനിന്നിരുന്നു.

അവര്‍ ബീഡിവലിക്കാന്‍ തുടങ്ങി.

ബീഡിപ്പുക പരന്നു.

തന്റെ മകന്‍ ഇല്ലത്തുണ്ടാകുന്ന സമയത്തൊക്കെ പൂജാരിയെ ശ്വാസംമുട്ടിച്ചിരുന്ന അതേ ഗന്ധം.

ബീഡിക്കുറ്റികള്‍ വലിച്ചേറിഞ്ഞു അവര്‍ ശ്രീകോവിലിന്റെ പൂട്ടു തല്ലിപ്പൊളിക്കാന്‍ തുടങ്ങി. പഴയ കോല്‍ത്താഴാണ്‌. കുറെ കടുപ്പമാണ്‌.

ശ്രീകോവിലിന്റെ ഇരുട്ടിലേക്കു രണ്ടുപേര്‍ കടന്നു. ഒരുത്തന്‍ ഒരു ഹിന്ദിപ്പാട്ടിന്റെ ഈണത്തില്‍ ചൂളം വിളിക്കാന്‍ തുടങ്ങി. മറ്റൊരുത്തന്‍ അതിനനുസരിച്ചു മൂളിപ്പാട്ടു പാടി. ആദ്യമായി അവര്‍ പുറപ്പെടുവിച്ച ശബ്ദമാണത്‌. ഇതു പൂജാരിയുടെ മകന്‍ പാടാറുണ്ടായിരുന്ന പാട്ടുകളിലൊന്നാണ്‌.

പെട്ടെന്ന്, പുറത്തു നിന്നിരുന്ന മൂന്നാമന്‍ പൂജാരിയെ കഴുത്തിനുപിടിച്ച്‌ ശ്രീകോവിലിനു നേര്‍ക്കു തള്ളി. ഈശ്വരനാമം പറഞ്ഞുകൊണ്ട്‌ കരിങ്കല്‍പ്പടികളില്‍ നെഞ്ചിടിച്ച്‌ അദ്ദേഹം വീണു. അദ്ദേഹം എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഗായത്രി ചൊല്ലുന്നതിനെക്കാള്‍ ഒട്ടും ഉറക്കെയല്ലാതെ അതേ ഈണത്തില്‍ പറഞ്ഞുതീര്‍ക്കാനുള്ള ത്വരയോടെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള വസ്തുതകള്‍ നിരത്തുകയായിരുന്നു അദ്ദേഹം. പറഞ്ഞു കഴിയും മുമ്പു ചോദ്യമുണ്ടായി:
"അതുകൊണ്ട്‌?"

"അതുകൊണ്ട്‌..." പൂജാരി നിശ്ശബ്ദനായി.

പുറത്തെ വിളക്കണഞ്ഞു. സര്‍വത്ര അന്ധകാരം. രണ്ടുമൂന്നു നിമിഷങ്ങള്‍ കടന്നുപോയി.

"വിധിന്യായം വായിക്കൂ." ഒരു ഗംഭീരശബ്ദം മുഴങ്ങി.

മറ്റൊരു ശബ്ദം വിധിന്യായം വായിക്കാന്‍ തുടങ്ങി. 'നീലകണ്ഠരു ശങ്കരര്‍ക്കു വിധിച്ചത്‌' എന്നാണതു തുടങ്ങിയത്‌. അതിവേഗത്തില്‍ വായിക്കപ്പെട്ട വിധിന്യായത്തിന്റെ മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ വേഗത്തിലോടാന്‍ നിര്‍ബന്ധിതനായ പൂജാരിക്കു തെളിഞ്ഞത്‌ 'എലി', 'എലിക്കെണി' എന്നീ വാക്കുകളും തന്റെ പേരും ശിക്ഷാനിയമത്തിലെ വകുപ്പുകളുടെ ഏതാനും സംഖ്യകളുമാണ്‌.

വിധിന്യായം വായിച്ചവസാനിപ്പിച്ചത്‌ എപ്പോഴാണെന്നദ്ദേഹം അറിഞ്ഞില്ല. അതൊരിക്കലും അവസാനിച്ചിരിക്കില്ല. ഇരുളിലൂടെ, പരുപരുത്തകൈകളാല്‍ അദ്ദേഹം എലിക്കെണിയിലേക്കു നയിക്കപ്പെട്ടു. പൂജാരിയെ എലിക്കെണിക്കുള്ളിലേക്കു തിരുകി. അകത്തെ തേങ്ങാപ്പൂളില്‍ അദ്ദേഹത്തിന്റെ മുഖം ചെന്നു തട്ടിയപ്പോള്‍ പിന്നില്‍ വാതില്‍ വീണടഞ്ഞു. പൂജാരി വീണ്ടും തന്റെ നിരപരാധിത്വം വെളിപ്പെടുത്താനുള്ള ശ്രമമാരംഭിച്ചു. അദ്ദേഹം മുമ്പു പറഞ്ഞതുതന്നെ പറഞ്ഞ്‌ അവസാനിപ്പിക്കാന്‍ തുനിയുമ്പോള്‍ വീണ്ടും ചോദ്യമുണ്ടായി:
"അതുകൊണ്ട്‌?"

"അതുകൊണ്ട്‌..." അദ്ദേഹം വീണ്ടും തന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ തുടങ്ങി.

രാജേഷ് ആര്‍ വര്‍മ്മ
Subscribe Tharjani |
Submitted by peringodan on Sun, 2006-07-02 01:08.

രാജേഷിന്റെ കഥകള്‍ വളരെ വ്യത്യസ്തമാണു്. പലപ്പോഴും ഞാനവ ആസ്വദിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടോ ഈ കഥവായിച്ചപ്പോള്‍ വി.ജെ.ജെയിംസിന്റെ “ചോരശാസ്ത്രം” എന്ന നോവല്‍ ഓര്‍ത്തുപോയി, ഈ കഥപോലെ ഹൃദ്യമായിരുന്നു ആ നോവലും. ആശംസകള്‍!