തര്‍ജ്ജനി

കഥ

ദൈവത്തിന്റെ കത്തുകള്‍

കര്‍ക്കടകത്തിന്റെ കറുത്തദിനങ്ങള്‍ ഒരിക്കലും അവസാനിച്ചിരുന്നില്ല. ആകാശം പേരറിയാത്ത ഒരു രോഗമായി കരികെട്ടിക്കിടന്നു. പെടുമണം കെട്ടി നില്‍ക്കുന്ന ആകാശത്ത്‌ കിളികള്‍ പോലും, അപൂര്‍വ്വമായേ പുറത്തിറങ്ങുന്നുള്ളൂ. ചിറകു നനഞ്ഞൊട്ടിയ ഒറ്റയാന്‍ കാക്കകള്‍ ഇടയ്ക്കിടെ അപശകുനം പോലെ വികൃതശബ്ദത്തില്‍ ഒച്ചയിട്ടുകൊണ്ട്‌ ചെറുദൂരങ്ങളിലേക്കുമാത്രം പറന്നു.

അന്നത്തെ തപാലിലും രാധയ്ക്ക്‌ ഒരു കത്തുണ്ടായിരുന്നു. തുറക്കാതെ തന്നെ ആരുടെ കത്താണന്നവള്‍ക്കറിയാം അവയ്ക്കെല്ലാം ഒരേ മുഖച്ഛായയാണ്‌. ഒരുമാസം മുന്‍പാണ്‌ അവള്‍ക്കാദ്യമായി ദൈവത്തിന്റെ കത്ത്‌ കിട്ടിയത്‌. അവള്‍ക്കും മൂന്നുമക്കള്‍ക്കും, ഏക ആശ്രയമായിരുന്ന പ്രസ്സില്‍ അച്ചുനിരത്തുന്ന ജോലി നഷ്ടപ്പെട്ടിട്ട്‌ ദിവസങ്ങളായിരുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ ആശാരി ഗോവിന്ദന്‍ നാടുവിട്ടതില്‍ പിന്നെ അവളും കുഞ്ഞുങ്ങളും കഴിഞ്ഞത്‌ പ്രസ്സില്‍ നിന്നും മാസം തോറും കിട്ടിയ 250 രൂപ കൊണ്ടാണ്‌. പതിവുപോലെ ഒരുദിവസം ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ്‌ രാഘവന്‍ മുതലാളി പ്രസ്സ്‌ കുറെ നാളത്തേക്ക്‌ പൂട്ടിയിടാന്‍ പോകുന്ന വിവരം പറഞ്ഞത്‌. ഏറെക്കലമായി അതു നഷ്ടത്തിലായിരുന്നു. അടുത്തുള്ള പട്ടണത്തില്‍ പല നിറങ്ങള്‍ ഭംഗിയായി അച്ചടിക്കവുന്ന ഓഫ്‌ സെറ്റ്‌ പ്രസ്സ്‌ വന്നതോടെയാണ്‌ നളിനി പ്രിന്റേഴ്സില്‍ ജോലി കുറഞ്ഞത്‌.

രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിഷേധയോഗങ്ങളുടെയും ഒക്കെ നോട്ടീസും സര്‍ക്കാര്‍ പ്രസ്സുകളില്‍ തിരക്കേറുന്ന സമയത്ത്‌ ചില സര്‍ക്കാര്‍ ലഘുലേഖകളും രാഘവന്‍ മുതലാളി തരപ്പെടുത്തിയിരുന്നു. പണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തനം സജീവമായിട്ടുണ്ടായിരുന്ന ആളാണ്‌ രാഘവന്‍. കെടുതികള്‍ തുടങ്ങിയതോടെ അവയുടെ വരവും നിലച്ചു. പലപ്പോഴായി അഡ്വാസ്‌ വാങ്ങിയ വകയില്‍ ഒന്നരമാസത്തെ ശമ്പളം അവള്‍ക്ക്‌ കടമുണ്ടായിരുന്നു. എന്തായാലും അയാള്‍ തിരികെ ചോദിച്ചില്ല.

പഞ്ഞമാസമാണ്‌. പേരിട്ടിട്ടില്ലാത്ത ഒരു രോഗം എല്ലായിടത്തും പടരുന്നു. അതിനൊരു പേരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചിരുന്നു. രാധ അഞ്ചുവയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നപ്പോള്‍ കായലില്‍ വീശാന്‍ പോയ അവളുടെ അപ്പന്‌ വലയില്‍ കിട്ടിയ പേരറിയാത്ത വൃത്തികെട്ട ജന്തുവിന്റെ ഓര്‍മ്മയായിരുന്നു അവള്‍ക്ക്‌. അപ്പനും കരയിലെ മൂപന്മാരും ഒക്കെ ഓര്‍ത്തിട്ട്‌ ആ ജന്തുവിന്റെ പേര്‌
കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനു ദേഹം മുഴുവനും എഴുന്നുനില്‍ക്കുന്ന മുള്ളുകളും വാലില്‍ ചുറ്റികപോലൊരു അവയവും, കൂര്‍ത്തമുഖവും വൃത്തികെട്ട വഴുക്കലുള്ള കറുപ്പും ഉണ്ടെന്നറിയാമെങ്കിലും മൊത്തത്തിലുള്ള അതിനെ രൂപം ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. എല്ലാത്തിനും ഒരു പേരുണ്ടായിരിക്കണം എന്നവള്‍ കരുതി.

രണ്ടുദിവസം മുമ്പു വരെ, പുരയുടെ മഴവെള്ളം വിഴാത്ത കോണില്‍ പഴഞ്ചന്‍ റേഡിയോ വെള്ളപ്പൊക്കത്തിലും, പേരില്ലാത്തരോഗത്തിലും മരിച്ച ആളുകളുടെ എണ്ണവും ദുരിതാശ്വാസക്യാമ്പുകളുടെ വിവരങ്ങളും പിറുപിറുക്കുന്ന ശബ്ദത്തില്‍ പറഞ്ഞിരുന്നു. പിന്നെ അജ്ഞാതരോഗത്തിന്റെ ഉള്‍വ്രണത്തില്‍ നിന്നും റേഡിയോ പൊട്ടിയൊലിക്കാന്‍ തുടങ്ങി. അതോടെ അതിന്റെ ശബ്ദവും നിലച്ചു. ആശാരി ഗോവിന്ദന്‍ പണിസ്ഥലത്തു കൊണ്ടുപോയി പാട്ടുകേള്‍ക്കുന്നതായിരുന്നു ആ റേഡിയോ. ഗോവിന്ദന്‌ നാടകഗാനങ്ങളെന്നു വെച്ചാല്‍ ജീവനാണ്‌ അതുപോലെ നാടകങ്ങളും നാടകമുള്ള ഉത്സവപ്പറമ്പുകളിലെല്ലാം ഗോവിന്ദനുമുണ്ടാകും. ഉത്സവസമയത്തു മാത്രമെ ഗോവിന്ദന്‍ അമ്പലമുറ്റത്ത്‌ കാലുകുത്തൂ. "നമ്മളു പണിചെയ്താല്‍ നമുക്കുതിന്നാം അതീന്നു കയ്യിട്ടുവാരാന്‍ അവമ്മാര്‌ കെട്ടണ ഒരോ വേഷങ്ങളല്ലേ ഈ ദൈവം കളി." ഗോവിന്ദന്‍ പറയും. ഗോവിന്ദനുമായുള്ള കല്യാണം കഴിഞ്ഞതില്‍ പിന്നെ രാധയും അവനോടൊപ്പമേ അമ്പലത്തില്‍ പോയിട്ടൂള്ളൂ.

ഉത്സവപ്പറമ്പില്‍ നാടകം കാണാന്‍ ഇരിക്കുമ്പോഴാണ്‌ ആശാരി ഗോവിന്ദന്‍ സ്വത്വേയുള്ള അലക്ഷ്യഭാവത്തില്‍ നിന്ന്‌ പുറത്തു ചാടുന്നത്‌. അവനാകപ്പാടെ ഇളക്കം കയറും രംഗത്ത്‌ ഡയലോഗുകള്‍ മുറുകുമ്പോള്‍ ഗോവിന്ദന്‍ തുടയില്‍ ആഞ്ഞടിക്കും. അപ്പോള്‍ അവന്‍ വാങ്ങിക്കൊടുത്ത കപ്പലണ്ടി കൊറിച്ചുകൊണ്ട്‌ കൌതുകത്തോടെ അവന്റെ ആവേശങ്ങള്‍ കാണുകയാവും അവള്‍. ഗോവിന്ദനല്ല മറ്റാരോ ആണ്‌ തന്റെ അടുത്തിരിക്കുന്നത്‌ എന്നുപോലും ചില നേരം അവള്‍ക്കുതോന്നും. കല്യാണത്തിനും പണ്ട്‌ തെരുവുനാടകത്തില്‍ അഭിനയിച്ച ഗോവിന്ദനെക്കണ്ടപ്പോള്‍ അവള്‍ക്ക്‌ അങ്ങനെ തോന്നിയിരുന്നു. ഗോവിന്ദനോടൊപ്പം നാടകം കാണാന്‍ പോകുന്നത്‌ രാധയ്ക്ക്‌ ഏറെ പ്രിയമായിരുന്നു.

നാടകക്കമ്പം മൂത്തുവന്നപ്പോഴായിരുന്നു ഗോവിന്ദന്റെ ഗ്രാമത്തില്‍ പുതുതായി രൂപം കൊണ്ട നാടകസംഘത്തില്‍ ചേര്‍ന്നത്‌. പഴയ തെരുവുനാടകങ്ങളുടെ ലഹരി അവനില്‍ എന്നും ഒരു വീര്‍പ്പുമുട്ടലായി നിന്നിരുന്നു. പക്ഷേ ഉത്സവബുക്കിംഗുകള്‍ ലക്ഷ്യം വെച്ച്‌ പുരാണനാടകത്തിലായിരുന്നു സംഘത്തിന്റെ തുടക്കം. കാവിലെ ഉത്സവത്തിന്‌ അരങ്ങേറ്റം "കര്‍ണ്ണശപഥം" നാടകം. രാധയ്ക്കും കുട്ടികള്‍ക്കും ഗോവിന്ദന്‍ ഒന്നാം നിരയില്‍ തന്നെ ഇടം പിടിച്ചു കൊടുത്തു. ഇളയകുട്ടി ജയന്‍ ജനിച്ചിട്ട്‌ ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. ഗോവിന്ദനാണ്‌ കര്‍ണ്ണന്‍. ആദ്യമൊക്കെ അവന്‍ ഡയലോഗുകള്‍ പറയാന്‍ തപ്പിത്തടഞ്ഞപ്പോള്‍ രാധ പിടഞ്ഞു. പണ്ട്‌ തെരുവുനാടകങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അവന്‍ മഴ പെയ്യുന്നതുപോലെ ഡയലോഗുകള്‍ പറയുന്നത്‌ അവള്‍ കേട്ടിട്ടുള്ളതാണ്‌. ഇടനേരത്തിനു മുമ്പ്‌ രണ്ടിടത്ത്‌ ഗോവിന്ദന്‍ ഡയലോഗ്‌ തെറ്റിച്ചു. എന്നാല്‍ രണ്ടാം
പകുതിയില്‍ ഗോവിന്ദന്‍ അറഞ്ഞു കയറി. വീതുളികൊണ്ട്‌ വാക്കുകള്‍ നീളത്തില്‍ ചീന്തിയിട്ടു. ഓരോ ഡയലോഗിനും കയ്യടി. രാധ മതിമറന്നിരുന്നു. അവള്‍ ഉറക്കെക്കരഞ്ഞുപോയി.

നാടകം കഴിഞ്ഞതില്‍ പിന്നെ ഗോവിന്ദന്‌ പണിക്കുപോകാന്‍ വലിയ താത്പര്യം ഇല്ലായിരുന്നു. നാടകത്തിന്‌ പലയിടത്തും ബുക്കിംഗ്‌ കിട്ടിത്തുടങ്ങി. ആറുമാസം നാടകവുമായി നടന്നപ്പോള്‍ കര്‍ണ്ണന്‍ പാഞ്ചാലിയോടൊപ്പം നാടുവിട്ടു. പാഞ്ചാലിയായി അഭിനയിച്ച സത്യഭാമയെക്കുറിച്ച്‌ ഇടയ്ക്ക്‌ ഗോവിന്ദന്‍ പറഞ്ഞ അറിവേ രാധയ്ക്കുണ്ടായിരുന്നുള്ളൂ. എടുക്കാവുന്നതെല്ലാം എടുത്ത്‌ റിഹേഴ്സലിനെന്നു പറഞ്ഞ്‌ ഗോവിന്ദന്‍ പോയപ്പോള്‍ സാധാരണ നാടകത്തിനു പോകുമ്പോഴും അയാള്‍ കൂടെ കരുതുന്ന റേഡിയോ ഒരു ഓര്‍മ്മപ്പിശകുപോലെ അവിടെ ശേഷിച്ചു.

അയല്‍വക്കത്ത്‌ നാരായണിയുടെ രണ്ട്‌ കുട്ടികള്‍ മരിച്ചു. നാട്ടിലെല്ലായിടത്തും മരണമുണ്ടായിരുന്നു. എങ്കിലും രോഗത്തിനാരും ഒരുപേരുകണ്ടുപിടിച്ചില്ല. ആകാശം എപ്പോഴും മൂടിക്കെട്ടിനിന്നു.അങ്ങനെയൊരു ദിവസത്തിന്റെ ആരംഭത്തില്‍ താനും മൂന്നുകുഞ്ഞുങ്ങളും എങ്ങനെ മഴക്കാലം കഴിഞ്ഞുപോകും എന്ന് ഇറയത്തിരുന്ന്‌ വിഷാദിക്കുകയായിരുന്നു രാധ. ഇളയകുട്ടി ഒന്നരവയസുള്ള കുഞ്ഞുമോള്‍ അവളുടെ മടിയില്‍ ചുരുണ്ടുകൂടിക്കിടന്നു. രണ്ടിദിവസമായി അതിന്‌ വല്ലാത്തൊരു ദീനക്കോളാണ്‌. ഇത്തിരി മരുന്നു വാങ്ങാന്‍ എന്താണൊരു പാങ്ങ്‌ എന്നവള്‍ മനസ്സില്‍ നോക്കി.

പലിശക്കാരന്‍ പത്രോസിനടുത്തേക്ക്‌ മൂത്തകുട്ടിയെ വീണ്ടും പറഞ്ഞയച്ചാലോ എന്നവള്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു വെച്ചു. അവള്‍ തന്നെ പലതവണ പത്രോസിന്റെ വീടിരിക്കുന്ന കുന്നു കയറിയിട്ടുള്ളതാണ്‌.

രണ്ടു വയസ്സുള്ള ജയനും നാലുവയസ്സുകാരന്‍ രവിയും അവള്‍ക്കരികെ വെറും നിലത്ത്‌ ചടഞ്ഞിരിപ്പുണ്ട്‌. ഇന്നലെ കാലത്ത്‌ വീടിനുപിന്നാമ്പുറത്ത്‌ ശേഷിച്ച അവസാനത്തെ മരച്ചീനിയുടെ അഞ്ചാറുകിഴങ്ങുകള്‍ വേവിച്ചു തിന്നതാണ്‌. കുട്ടികളുടെ ഭാവം കാണുമ്പോള്‍ രധയ്ക്ക്‌ ഉള്ളിലൊരു നടുക്കം വരും. വിശപ്പിനോടുപോലും ഉദാസീനമായ പകപ്പുനിറഞ്ഞൊരു ജ്ഞാനഭാവം എന്തുകൊണ്ടാണ്‌ കുഞ്ഞുങ്ങള്‍ക്കൊക്കെ ഈ മുഖഭാവം എന്നവള്‍ ചിന്തിക്കുകയായിരുന്നു. നാട്ടിലെ കുഞ്ഞുങ്ങളുടെ മുഖങ്ങളിലും ഇതുപോലൊരു ഭാവം അവള്‍ കാണുന്നതാണ്‌. മുമ്പ്‌ പ്രസ്സില്‍ പ്രിന്റിംഗിനുവന്ന സര്‍ക്കാര്‍ ലഘുലേഖയിലും ഈ മുഖഭാവമുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു. "ഭരണ നേട്ടങ്ങള്‍ ഒരവലോകനം" എന്നോ മറ്റോ ആയിരുന്നു അതിന്റെ തലക്കെട്ട്‌ എന്നവളോര്‍ത്തു. വിശന്നിട്ടും കുഞ്ഞുങ്ങള്‍ നിശ്ശബ്ദമായിരിക്കുന്നതോര്‍ത്തവള്‍ ഭയന്നു. അവള്‍ ഒന്നു കരഞ്ഞെങ്കില്‍പോലും നന്നായിരുന്നു എന്നവളോര്‍ത്തു. അതേസമയം ഏതു നിമിഷവും അവന്‍ കരഞ്ഞു തുടങ്ങിയേക്കാമെന്നവള്‍ ഭയപ്പെട്ടു. വീണ്ടും രാധയുടെ മനസാകെ നിരാശനിറയുകയായിരുന്നു. പേരില്ലാത്ത രോഗം ഏതെങ്കിലും ഒരു രൂപം പ്രാപിച്ചു വന്ന് തന്നെയും ഈ കുഞ്ഞുങ്ങളെയും ഒരുനിമിഷം കൊണ്ട്‌ വിഴുങ്ങിയിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു.

പോസ്റ്റുമാന്‍ ഒരു കത്തുമായി കയറിവന്നപ്പോള്‍ രാധ അമ്പരന്നു. പണ്ട്‌ ആശാരി ഗോവിന്ദന്‍ നാടുവിടുന്നതിനു തൊട്ടുമുമ്പ്‌ ഏതോ ബാങ്കില്‍ നിന്നു വന്ന ഒരു നോട്ടീസായിരുന്നു അവള്‍ക്ക്‌ അതിനുമുമ്പ്‌ കിട്ടിയ തപാലുരുപ്പടി. ഗോവിന്ദന്റെ കത്താണന്നു തന്നെയാണ്‌ അവള്‍ ആദ്യം കരുതിയത്‌. രണ്ടു വരികളേ കത്തിനുള്ളിലുണ്ടായിരുന്നുള്ളൂ. "ഭയപ്പെടരുത്‌ നീ കരുതുന്നതുപോലെ നീ ആരുമില്ലാത്തവളല്ല. നിന്റെ ദൈവം നിന്നോടൊപ്പം തന്നെയുണ്ട്‌" നിന്നെ സ്നേഹിക്കുന്ന നിന്റെ ദൈവം എന്നീഴുതിയിരിക്കുന്നു.

ആദ്യം അവള്‍ക്ക്‌ നിരാശയാണ്‌ തോന്നിയത്‌. വാരികകളില്‍ കാണാറുള്ളത്‌ ഉശിരന്‍ പരിണാമഗിപ്തിയുള്ള തമാശക്കഥയുടെ തുടക്കം പോലെ തോന്നിച്ചു അത്‌. പിന്നെ പിന്നെ കുറേക്കൂടി ഗാഢമായ എന്തോ ഒന്നായി അവളിലേക്കു കടന്നു.

പുറം മനസ്സില്‍ ഗൌരവമില്ലാത്ത ഒന്നായി അതിനെ കരുതാന്‍ അവള്‍ ശ്രമിച്ചെങ്കിലും മനസ്സിന്റെ ഉള്‍ത്തട്ടിലേക്ക്‌ അതൊരു വിശ്വാസമായി അസാധാരണ വേഗത്തില്‍ പതിഞ്ഞിറങ്ങി.

രാധയ്ക്കു മാത്രമായിരുന്നില്ല. കെടുതികളില്‍പ്പെട്ട പലര്‍ക്കും അതു പോലെ കത്തുകള്‍ കിട്ടിയിരുന്നു. എന്നാല്‍ ദുരിതങ്ങളുടെ പെരുമഴയത്ത്‌ വെള്ളക്കടലാസ്സിലെ അക്ഷരങ്ങളായി മാത്രം പ്രത്യക്ഷപ്പെട്ട ദൈവത്തെ ഇഷ്ടപ്പെടന്‍ അവര്‍ക്കയില്ല. കണ്ണഞ്ചിക്കുന്ന അത്ഭുതവിദ്യകളായിരുന്നു എന്നും അവര്‍ക്ക്‌ ദൈവം.

എന്തുകൊണ്ട്‌ എന്ന് അവള്‍ക്കു പോലും അറിയാത്തവിധം ഒരു ശാന്തത കത്തുവായിച്ചുകഴിഞ്ഞപ്പോള്‍ രാധയുടെ മനസില്‍ നിറഞ്ഞു. ഏറെ നാളുകള്‍ക്ക്‌ ശേഷം കുമിളകള്‍ക്കിടയിലൂടെ താഴ്ന്നു വരുന്ന കറുത്ത പൊന്മാന്‍ അവളുടെ മനസ്സിലേക്ക്‌ വന്നു. രാധ പതിനെട്ട്‌ നിറഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നു. കുളക്കടവിലെ കലിന്റെ വഴുകിയ പായലിന്‍ മുകളിലൂടെ അവളുടെ പാദങ്ങള്‍ തെന്നിയിറങ്ങി. പിന്നെ പെട്ടെന്നു പെട്ടെന്ന് താഴേക്ക്‌ വെള്ളം അവള്‍ക്ക്‌ മീതെ വളരെ ഉയര്‍ന്നു പോയി. പ്രകാശം ചുങ്ങിയ വളയങ്ങളായി വെള്ളത്തിനിടയിലൂടെ ഇറങ്ങി വന്നു. കുമിള്‍കള്‍ വലിയ വലിയ ഇരകളായി വെള്ളത്തിനിടയിലൂടെ ഇറങ്ങി വന്നു. കുമിള്‍കള്‍ വലിയ വലിയ ഇരമ്പങ്ങളോടെ പ്രകശത്തിനു നേരെ കുതറി. നിലവിളി ഒരു വാതകഗോളമായി ഉയര്‍ന്ന് ശബ്ദമില്ലാതെ നിരവധിയായി പിരിഞ്ഞു. കാഴ്ചമറയുമ്പോള്‍ കുമിളകളെ തകര്‍ത്ത്‌ ഒരു കറുത്ത പൊന്മാന്‍ താഴ്ന്നു വന്നു. ബോധം തെളിയുമ്പോള്‍ ആശാരിഗോവിന്ദന്റെ കാല്‍മുട്ടില്‍ കമിഴ്ന്നു കിടക്കുകയാണ്‌. വെള്ളമെല്ലാം കക്കിക്കളഞ്ഞിട്ടും ആ കറുത്തിരുണ്ടകാലുകളില്‍ അങ്ങനെ കിടക്കാനാണ്‌ തോന്നിയത്‌. അതിനുമുമ്പനുഭവിക്കാത്ത ഒരു ലാഘവത്വം. ഗോവിന്ദനെ അന്നാണവള്‍ ആദ്യമായി കാണുന്നത്‌. അതിനുശേഷം ഏറെക്കാലം ഒരു കറുത്ത പൊന്മാന്‍ അവളുടെ സ്വപ്നങ്ങളിലേക്ക്‌ ഇറങ്ങിവരുമായിരുന്നു.

രാധയുടെ മനസ്സില്‍ നിന്ന ഏതൊക്കെയോ കെട്ടുകള്‍ അഴിഞ്ഞുപോയി. പനിച്ചു പൊള്ളുന്ന കുഞ്ഞിന്റെ നെറ്റിയില്‍ അവളൊരു ചുംബനം നല്‍കി. പനിക്കൊരു ശമനം വന്നിരിക്കുന്നു എന്നവളറിഞ്ഞു.
"എന്താ അമ്മേ ഇത്‌"? രവി തളര്‍ച്ചയുള്ള ശബ്ദത്തില്‍ ചോദിച്ചു. അച്ഛന്‍ വരുമോ?
കുട്ടികളില്‍ അവനു മാത്രമേ ഗോവിന്ദന്റെയോര്‍മ്മയുള്ളൂ.
"ഇത്‌ ദൈവത്തിന്റെ കത്താണ്‌ മോനെ.... നമ്മുടെ ദൈവത്തിന്റെ " അവള്‍ അത്‌ അവന്റെ കയ്യില്‍ കൊടുത്തു. "കളയരുത്‌ ദൈവത്തിന്റെയാ"

രാധ അവനെ നോക്കി ചിരിച്ചു. ഏറെ നാളികള്‍ക്ക്‌ ശ്ഷം അവളങ്ങനെ ചിരിക്കുന്നത്‌ കണ്ടിട്ട്‌ അവന്‍ ഭയപ്പെട്ടാതുപോലെ തോന്നി. കിട്ടികക്ക്‌ വിരശല്യത്തിന്‌ മരുന്നു വാങ്ങുന്ന കാര്യം ഓര്‍ക്കുകയായിരുന്നു അവള്‍.

രാധ വീണ്ടും പത്രോസിന്റെ കുന്നു കയറി. ഇളയകുഞ്ഞു അവളുടെ ഒക്കത്തിരുന്നു. പത്രോസ്‌ ചുണ്ട്‌ വക്രിച്ചൊരു ചിരി ചിരിച്ചു.
"നീയിനി എവിടുന്നെടുത്തു തരാനാ? ഉള്ള്‌ പണിം പോയില്ലെ പഴേ പലിശമുപ്പതുരൂപാ ഇങ്ങോട്ട്‌ വരാന്‍ കിടക്കുന്നു".

രാധ ഗോവിന്ദന്റെ റേഡിയോ പതോസിനു നേരേ നീീട്ടി. "പ്രസ്സു തൊറക്കും ... അല്ലെങ്കില്‍ രണ്ടു മൂന്നു മാസത്തിനകം കാശു തരാം .. അതുവരെ ഇതിവിടിരിക്കട്ടെ.." അവളുടെ ശബ്ദത്തില്‍ പതിവില്ലാതെ ഒരുറപ്പുണ്ടായിരുന്നു. പത്രോസ്‌ മുഖമനക്കനാവാതെ കണ്ണുകള്‍ മാത്രം വെട്ടിച്ച്‌ റേഡിയോ ഒന്ന് നോക്കിയ ശേഷം ചുണ്ടുകള്‍ ഒരു പ്രത്യേകരീതിയില്‍ വളച്ചു വെറുതെ നിന്നു. പിന്നെ നൂറുരൂപയുടെ പലിശകഴിച്ച്‌ എഴുപത്തഞ്ചുരൂപ അവള്‍ക്കുകൊടുത്തു.

"ഈ പഴഞ്ചടാക്ക്‌ എനിക്ക്‌ വേണ്ട നിന്റെ കയ്യില്‍ തന്നെ വച്ചാ മതി. കാശു സമയത്തു തന്നേക്കണം . ങാ.. ഗോവിന്ദന്റെ നാടകക്കമ്പം ഇതുവരെ തീര്‍ന്നില്ലേ? പതോസ്‌ പറഞ്ഞു.

രാധ മറുപടിയൊന്നും പറയാതെ റേഡിയോ പത്രോസിന്റെ ഇറയത്ത്‌ വച്ച്‌ കുന്നിറങ്ങി.

നാല്‍ക്കവലയിലെ കമ്പോണ്ടറുടെ അരികില്‍ നിന്നും അവള്‍ കുഞ്ഞിനു മരുന്നു വാങ്ങി. ജയനും രവിക്കുമുള്ള മരുന്നും. കമ്പോണ്ടറുടെ അടുത്തും ആള്‍ക്കാരുടെ തിരക്കാണ്‌ കൂടുതലും കുഞ്ഞുങ്ങളുള്ള അമ്മമാരാണ്‌. മിക്കവരും രാധയോട്‌ ഗോവിന്ദന്റെ കാര്യം ചോദിച്ചു.

അവള്‍ വെറുതെ തലയാട്ടി.

"വരും പെണ്ണേ.. വരാണ്ടക്കൊണ്ട്‌ എവിടെ പോകാണാനാ..? "
"ഈ കുഞ്ഞുങ്ങളുടേ ഓര്‍മ്മ പോലും ഇല്ലാണ്ട്‌ പോയല്ലോ അവന്‍.."
റാഹേലമ്മ പറഞ്ഞു. മകന്റെ കുട്ടിക്ക്‌ മരുന്നുവാങ്ങനായി വന്നതായിരുന്നു അവര്‍.

"വരുമ്പം വരട്ടെ റാഹേലമ്മേ" രാധ പറഞ്ഞു.

സ്ത്രീകള്‍ പലരും ദൈവത്തിന്റെ കത്തുകളെക്കുറിച്ച്‌ തമാശയായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. രാധയ്ക്ക്‌ അതൊന്നും ശ്രദ്ധിക്കാന്‍ തോന്നിയില്ല.

"രാധേ... നിനക്കും കിട്ടിയില്ലേ.. ദൈവത്തിന്റെ എഴുത്ത്‌ ..?"
"ദൈവത്തിനെഴുതാന്‍ കണ്ട ഒരു നേരം. വല്ലവരുടേയും പണിയായിരിക്കും"
കാര്‍ത്ത്യായനി വിളിച്ചുപറഞ്ഞത്‌ കേള്‍ക്കാതെ അവള്‍ കമ്പൌണ്ടറുടെ പടിയിറങ്ങി. ചെളിവെള്ളം കെട്ടിക്കിടന്ന റോഡിലൂടെ ഉച്ചഭാഷണിവെച്ച ഒരു ജീപ്പ്‌, മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ സ്കൂളും ദുരിതശ്വാസക്യാമ്പായി പ്രഖ്യാപിച്ചിരിക്കുന്നത്‌ അനൌണ്‍സ്‌ ചെയ്തുകൊണ്ടുപോയി.

രാധ കയറിച്ചെല്ലുമ്പോള്‍ തടിച്ചൊരു പുസ്തകത്തില്‍ നൊക്കി എന്തോ കണക്കുകൂട്ടുകയായിരുന്നു നമ്പീശന്‍. രാധയെ കണ്ടപ്പോള്‍ അയാളുടെ മുഖം സ്വതവേയുള്ള കോട്ടത്തിന്റെ മറുഭാഗത്തേക്കു കോടി. "ങാ... നിന്നെ കാണാന്‍ അങ്ങോട്ട്‌ വരാനിരിക്കുകയായിരുന്നു. നൂറ്റിയന്‍പതുരൂപ വരാനുണ്ട്‌. ജോലി പ്പ്യെന്നു കേട്ടത്‌ നേരല്ലേ.." കണക്കുപുസ്തകത്തിന്റെ അടയാളം വെച്ചിരുന്ന ഒരു ഭാഗം ബദ്ധപ്പെട്ടു തുറന്നു കൊണ്ട്‌ നമ്പീശന്‍ പറഞ്ഞു.

രാധ ഉറച്ച കണ്ണുകളോടെ അയാളെ നോക്കി.

അമ്പതു രൂപാ നീട്ടി."ബാക്കി തരാം .. ഇപ്പോള്‍ കുറേ സാധനം വേണം" നമ്പീശന്‍ ഒട്ടൊരു വിശ്വാസത്തോടെ നോട്ടിലേക്ക്‌ നോക്കി. പിന്നെ പെട്ടെന്നതു വാങ്ങി മേശയിലിട്ടു. പിന്നെ കുറെ അരിയും സാധനങ്ങളും കിലുങ്ങുന്ന ഒച്ചയുള്ള ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിലാക്കി കൊടുത്തു. "ബാക്കി വൈകണ്ട.."അയാള്‍ പറഞ്ഞു.

തിരികെയുള്ള വഴിയില്‍ വച്ച്‌ നരായണിയെ കണ്ടു. സര്‍ക്കാര്‍ ദുരിതാശ്വാസക്യാമ്പിലേക്ക്‌ പോകാനിറങ്ങുകയായിരുന്നു അവള്‍. കയ്യില്‍ പഴുന്തുണി കൊണ്ടുള്ള വലിയൊരുമാറാപ്പും , കാലുകള്‍ ബന്ധിച്ച്‌ രണ്ടു പിടക്കോഴികളും ഉണ്ടായിരുന്നു. രണ്ടു കുട്ടികളും അജ്ഞാതരോഗം വന്ന് മരിച്ചതിന്‌ ശേഷം അവള്‍ ഒറ്റയ്ക്കാണ്‌ . ഭര്‍ത്താവ്‌ നാണു നാലു വര്‍ഷം മുന്‍പ്‌ തെങ്ങില്‍ നിന്ന് വീണു മരിച്ചതാണ്‌. രാധ കയ്യിലുണ്ടായിരുന്ന അഞ്ചു രൂപ അവള്‍ക്ക്‌ കൊടുത്തു.

"എന്റെ കൊച്ചേ നീയും പോര്‌.. ഈ കുഞ്ഞുങ്ങളേയും കൊണ്ട്‌ നീ എന്തു ചെയ്യാനാ?
ഇന്നാണെങ്കില്‍ മഴയിത്തിരി വിട്ടുനില്‍പാ. അവനിനി തിരിച്ചു വരുമെന്ന് ഓര്‍ത്തിരുന്നിട്ടൊന്നും വിശേഷമില്ല.നാരായണി അഞ്ചുരൂപാനോട്ട്‌ മടിയില്‍ തിരുകിക്കൊണ്ട്‌ പറഞ്ഞു.
"ചേച്ചി പോക്കോ ഞാന്‍ വരണില്ലാ"
രാധ താഴ്ന്നശബ്ദത്തില്‍ പറഞ്ഞു അവളുടെ ഉറച്ച കണ്ണുകളിലേക്ക്‌ ഒരിടനോക്കി നിന്ന ശേഷം അവര്‍ യാത്ര പറഞ്ഞു. വീട്ടിലെത്തുമ്പോഴേക്കും രാധ കിതച്ചു തുടാങ്ങിയിരുന്നു. തോളില്‍ കിടക്കുന്ന കുഞ്ഞിന്റെ പനിയുടെ ചൂട്‌ ഒന്നു ശമിച്ചിട്ടുണ്ട്‌. ഇടയ്ക്ക്‌ അവള്‍ രാധയെ ഒന്നുനോക്കി ചിരിക്കുകപോലും ചെയ്തു. ഏറെ നാളായിരുന്നു രാധ അവളുടെ കൊച്ചു ചിരികണ്ടിട്ട്‌.

ജയനും, രവിയും തമ്മില്‍ ദൈവത്തിന്റെ കത്തിനായി വഴക്കിടുകയായിരുന്നു. അതാകെ നനഞ്ഞു ചുളുങ്ങി. ചെളിപിടിച്ച്‌ അക്ഷരങ്ങള്‍ മാഞ്ഞു പോയിരുന്നു. രാധ കത്തു വാങ്ങി ചുളിവു നീര്‍ത്ത്‌ കട്ടിളപ്പടിയുടെ മുകളില്‍ വച്ചു.

"അമ്മേ ഇവന്‍ ദൈവത്തിന്റെ എഴുത്ത്‌ തിന്നാന്‍ വായിലിട്ടതാ.. ഞാന്‍ വാങ്ങി വച്ചു" രവി മുതിര്‍ന്ന ഒരാളുടെ ശബ്ദത്തില്‍ പറഞ്ഞു.

രാധ മകളെ പായില്‍ കിടത്തിയ ശേഷം കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി.

മോളുടെ ദീനം ഒന്നു കുറഞ്ഞു വന്നതായിരുന്നു. എങ്കിലും ഒരു ദിവസം കാലത്ത്‌ ഉണരുമ്പോള്‍ അതിന്‌ ചലനമില്ലായിരുന്നു. ഒരു കരച്ചിലുപോലും കേള്‍പ്പിക്കാതെ അതുപോയി. രാധയുടെ വീട്ടില്‍ ആദ്യ മരണം.

അതിനു ശേഷം രണ്ടുദിവസം കഴിഞ്ഞ്‌ അവള്‍ക്ക്‌ ദൈവത്തിന്റെ രണ്ടാമത്തെ കത്തുകിട്ടി. ഒരു ദിവസം ഉച്ച നേരത്ത്‌ അത്‌ ഇറയത്ത്‌ വെറും നിലത്തിരിക്കുന്നുണ്ടായിരുന്നു. കാറ്റത്ത്‌ പറന്നുപോകാതെ ഒരു ചീളുകല്ലും അതിനു മുകളിലിരുന്നു. കല്ലിന്റെ നനവു കൊണ്ട്‌ കടലാസിലും വെള്ളം പിടിച്ചിരുന്നു. ആ കത്തും അവള്‍ക്ക്‌ ധൈര്യം പകര്‍ന്ന് കൊണ്ടുള്ളതായിരുന്നു.

ഇപ്പോള്‍ ഇത്‌ ദൈവത്തില്‍ നിന്നും കിട്ടുന്ന ആറാമത്തെ കത്താണ്‌ അതിനിടയില്‍ അജയനെ കൂടി അവള്‍ക്ക്‌ നഷ്ടപ്പെട്ടു.

ദുരിതങ്ങള്‍ക്കിടയിലും ദൈവത്തിന്റെ കത്തുകള്‍ നാട്ടിലൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. എല്ലാമതക്കാരും കത്ത്‌ തങ്ങളുടെ ദൈവത്തിന്റേതല്ലന്ന് പ്രസ്താവന ഇറക്കി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍വ്വമത സംഘവും രൂപീകരിക്കപ്പെട്ടു. മഴമാറി നില്‍ക്കുന്ന ദിവസങ്ങളില്‍ പള്ളിവികാരിയും അമ്പലത്തിലെ പൂജാരിയും മൊസലിയാരും ഒരുമിച്ചു വീടുകള്‍ കയറിയിറങ്ങി. ഒരു ദിവസം രാധയുടേ വീട്ടിലും അവര്‍ വന്നു. ദൈവം ഒരിക്കലും മനുഷ്യന്‍ നേരിട്ട്‌ കത്തയക്കുകയില്ല. ഇതുവരെ ഒരു മതത്തിലും അങ്ങനെ കത്തെഴുതുന്ന സ്വഭാവമുള്ള ദൈവം ഉണ്ടായിട്ടില്ല. പൂജാരി പറഞ്ഞു.

"അത്യാവശ്യം വന്നാല്‍ ദൈവദൂതരെ വിടുകയേ ഉള്ളൂ." പള്ളിയിലച്ചന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വമതക്കര്‍ പോയപ്പ്പ്പോഴും രാധയ്ക്ക്‌ വിശേഷിച്ചൊന്നും തോനിയില്ല. അയല്‍ക്കാര്‍ മിക്കവരും ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ പോയിക്കഴിഞ്ഞിരുന്നു. അവിടെ ചികിത്സയും ഭക്ഷണവും കിട്ടുമെന്ന് കള്‍ക്കുന്നു. ക്യാമ്പില്‍ നിന്നും വരുന്നത്‌ മരണത്തിന്റെ വാര്‍ത്തയാണ്‌. ഇടയ്ക്കിടയ്ക്ക്‌ മുമ്പിലുള്ള ഇടത്തോണ്ടിലൂടെ ആടും കോഴിയും കെട്ടുകളുമായി കുടുംബങ്ങള്‍ നടന്നുപോകും ചിലര്‍ വിളിച്ചു ചോദിക്കും
"രാധേ.. നീയും വരണേവാ.. ആ ഗോയിന്ദനെ നോക്കിയിരുന്നാല്‍ അവന്‍ വരില്യാ... എന്തോ രാധയ്ക്ക്‌ പോകണമെന്നു തോന്നിയില്ല ചിലപ്പോള്‍ അവള്‍ സ്വയം ചോദിക്കും താനാരെയാണ്‌ കാത്തിരിക്കുന്നത്‌.. ഗോവിന്ദനെയാണോ? അവള്‍ക്കുറപ്പില്ലായിരുന്നു.

അവള്‍ കയ്യിലിരുന്ന കത്തിലേക്ക്‌ നോക്കി. ഏറെ നേരമായി അത്‌ അവളുടെ കയ്യിലിരിക്കന്‍ തുടെങ്ങിയിട്ട്‌.

രാധ മെല്ലെ കത്ത്‌ തുറന്നു. പതിവുള്ള അക്ഷരങ്ങള്‍ എല്ലം അവസാനിക്കറായി. ഇനി ആകാശം തെളിയും ഞാന്‍ നിങ്ങളെ രക്ഷിക്കാനായി എത്തുന്ന ദിവസമടുക്കുന്നു ഭയപ്പെടരുത്‌-നിന്നെ സ്നേഹിക്കുന്ന ദൈവം. കത്ത്‌ വയിച്ച്‌ കഴിഞ്ഞപ്പോള്‍ അതുവരെ മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന അസ്വാസ്ഥ്യങ്ങളെല്ലാം പെട്ടെന്നൊഴിഞ്ഞു പോയി.

വിസിലടി പോലൊരു ശബ്ദത്തില്‍, ശ്വാസം പുറത്തേക്കു വിടുന്ന കുഞ്ഞിന്റെ നെറ്റിയില്‍ അവള്‍ മെല്ലെ തടവി. "ദൈവമേ ഇവനെയെങ്കിലും എനിക്കു തരണേ..." അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഏറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ പ്രാര്‍ത്ഥിക്കുന്നത്‌. പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും ദൈവം തരാനുള്ളത്‌ തരും എന്നവള്‍ വിശ്വസിച്ചിരുന്നു. പുകഴ്ത്തലുകളില്‍ പ്രസാദിക്കുന്ന ഒന്നായി അവള്‍ക്ക്‌ ദൈവത്തെ കാണാന്‍ കഴിഞ്ഞില്ല.

ഇടയ്ക്ക്‌ രവി ശ്വാസം വലിക്കുമ്പോള്‍ അവന്റെ ദേഹം മുഴുവന്‍ വിറച്ചു തുള്ളി. അപ്പോള്‍ അവാനെങ്ങാനും ഉണര്‍ന്നു കരഞ്ഞാല്‍ എന്തു കൊടുക്കും എന്നവള്‍ ഭയപ്പെടും. ഒരു മണിക്കൂര്‍ മുമ്പ്‌ രവി ഉണര്‍ന്ന് കരഞ്ഞപ്പോള്‍ വറ്റിയുണങ്ങിയ റബര്‍കഷണം പോലെയായ മുലയറ്റങ്ങള്‍ അവന്റെ വായിലേക്ക്‌ വെച്ച്‌ കൊടുക്കേണ്ടിവന്നു അവള്‍ക്ക്‌. ഉപ്പുരസമുള്ള ചോര തൊണ്ട നനച്ചുകഴിഞ്ഞാണന്നു തോന്നുന്നു അവന്‍ അനിഷ്ടത്തോടെ റബ്ബര്‍ കഷ്ണം തുപ്പിക്കളഞ്ഞു.

പിന്നെ ഒന്നു ഞരങ്ങി.
"ദൈവം വരുമോ അമ്മേ..?"
"വരും കുഞ്ഞേ"
ചൂടും തണുപ്പും മാറിമാറിക്കളിക്കുന്ന അവന്റെ ദേഹം ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞൊഴുകി.

മുറ്റത്തിനുമപ്പുറം, ഇടത്തൊണ്ടില്‍, ഉച്ചത്തിലുള്ള സം സാരം കേട്ടപ്പോള്‍ ഇറയത്തേക്ക്‌ തലനീട്ടി. ഇടത്തൊണ്ടിലൂടെ കൊച്ചൊരു സംഘം ആള്‍ക്കാര്‍ അവളുടെ പടിക്കു മുന്‍പില്‍ അവര്‍ നിന്നു. രണ്ടു പോലീസുകാര്‍ മന്തുകാലന്‍ കുഞ്ഞമ്പുവിനെ പിടിച്ചിരിക്കുന്നു. കരപ്രമാണികളും ഒപ്പമുണ്ട്‌. കുഞ്ഞമ്പു ഒരു പഴയ നക്സലൈറ്റാണെന്ന് അവള്‍ കേട്ടിരുന്നു. ജയിലില്‍ കൊടന്ന് പോലീസുകാരുടെ ഇടികൊണ്ട്‌ രോഗിയായി വീട്ടിലിരിപ്പാണ്‌. പോരാഞ്ഞ്‌ ചേര്‍ത്തലയില്‍ ഒളിവില്‍ താമസിച്ച വകയില്‍ കിട്ടിയ മന്തും ഒരു കാലിലുണ്ട്‌.

"നാട്ടുകാര്‍ക്കെല്ലാം ദൈവത്തിന്റെ പേരില്‍ ഊമക്കത്തയച്ചവനെ കാണണമെങ്കില്‍ കണ്ടോ? ഈ വറുതിയുടെ കാലത്താ അവന്റെ ദൈവം കളി"

കുഞ്ഞമ്പു മൂടല്‍ ബധിച്ച കണ്ണുകള്‍ നിസംഗമായി നീട്ടി. പണ്ട്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണ കേസില്‍ അറസ്റ്റുചെയ്തുകൊണ്ടു പോയപ്പോഴത്തെ അതേ ഭാവത്തോടെ വേച്ചു നടന്നു. ആരവം അകലുമ്പോള്‍ രാധയുടെ മനസ്സില്‍ നിന്നാണ്‌. കയ്യിലിരുന്ന കത്ത്‌ മെല്ലെ താഴേക്ക്‌ ഊര്‍ന്നുപോയി. പെട്ടെന്ന് വന്ന നിശ്ശബ്ദത അവളെ നടുക്കി രവി ശ്വാസംവിടുമ്പോള്‍ കേള്‍പ്പിക്കുന്ന കറകറപ്പ്‌ തീര്‍ന്നുപോയതായിരുന്നു. എന്തോ അവള്‍ക്ക്‌ കരച്ചില്‍ വന്നില്ല.

രാധ മെല്ലെ കുനിഞ്ഞ്‌ ചൂടുമാറാത്ത കുഞ്ഞുനെ കയ്യിലെടുത്തു. പിന്നേ ചിന്നംപിന്നം ചാറുന്ന മഴ വകവയ്ക്കാതെ പുറത്തേക്കിറങ്ങി.

ദൈവത്തിന്റെ പോലും സഹായം കൂടാതെ അവള്‍ക്കൊരു കുഴിയെടുക്കണമായിരുന്നു.

ജോസഫ്‌ തെരുവന്‍
Subscribe Tharjani |