തര്‍ജ്ജനി

കവിത

വിത്തോ വിളയോ ?

വിത്താണോ വിളയാണോ ആദ്യമുണ്ടായത്‌ ?
ഇതൊരു പ്രത്യയശാസ്ത്ര ചോദ്യമായത്‌ ഈയിടെയാണ്‌.

ഒന്നാം ലോകത്തില്‍ വസിക്കുന്നവന്‍ പറഞ്ഞു:
വിത്തില്‍ നിന്നായാലും, വിളയില്‍ നിന്നായാലും
നമുക്ക്‌ വിളയണം കൂടുതല്‍ ഡോളര്‍.
പ്രത്യാശ മാത്രം കൊടുക്കുന്ന പ്രത്യയശാസ്ത്രങ്ങളെ
അവന്‌ പണ്ടേ പുച്ഛമായിരുന്നു.

രണ്ടാം ലോകത്തിന്റെ വെബ്‌ സൈറ്റില്‍
വിത്തില്‍ നിന്ന്‌ വിളയിലേക്കുള്ള ദൂരം കുറയ്ക്കുന്ന
സാങ്കേതിക വിദ്യ അപ്‌ലോഡ്‌ ചെയ്യപ്പെട്ടു.

മൂന്നാം ലോകക്കാരനറിയാം,
വിളയിക്കുന്നതവനാണെങ്കിലും, വിത്തിന്റെ പേറ്റന്റ്‌
ഒന്നാമനും രണ്ടാമനും സ്വന്തം.

നാലാം ലോകത്തിന്‍ പുതിയ 'പാഠ'ങ്ങള്‍
വിത്തില്‍ നിന്ന്‌ വിളയും, വിളയില്‍ നിന്ന്‌
വിത്തും വരുമെന്ന സാമാന്യ ശാസ്ത്രം മാത്രം.

ലോകങ്ങളില്‍ വിശ്വാസം നഷ്ടപ്പെവന്‍ ചിരിക്കുന്നു,
ഭഗവാനെ വിളിക്കുന്നു വിത്തിറക്കാന്‍.
ലോകങ്ങള്‍ നഷ്ടമാകുന്നിടത്ത്‌ വിത്തിട്ടാല്‍,
പുതിയ ലോകത്തിന്‍ വിള കൊയ്യാമെന്ന്‌ അവനറിയാം.


ഡോ.ജെ.കെ.വിജയകുമാര്‍
Subscribe Tharjani |