തര്‍ജ്ജനി

കവിത

നിരാസം

നിരാസങ്ങളുടെ
ഇരുണ്ട തടവുമുറിയിലേക്ക്‌
ഇടക്ക്‌ നീ കടന്നു വരാറുണ്ട്‌.
നിന്റെ വെളുത്ത മുടിശീലകൊണ്ട്‌
റോസാപ്പൂവുണ്ടാക്കി എനിക്ക്‌ തരാറുണ്ട്‌.
നിന്റെ ചുവന്ന മൂക്കുത്തിക്കല്ലില്‍
വിയര്‍പ്പു്‌ പൊടിയും വരെ
നമ്മള്‍ വാതോരാതെ സംസാരിക്കാറുണ്ട്‌.
ഓര്‍മ്മയുടെ മള്‍ബറിയിലകള്‍
കരിഞ്ഞുപോയ ഹൃദയത്തില്‍
നീയൊരു പട്ടുനൂല്‍പ്പുഴു പോലെ
ഇഴഞ്ഞു നടക്കാറുണ്ട്‌.
സ്വപ്നങ്ങളുടെ അധിനിവേശങ്ങളെക്കുറിച്ചു പറയാന്‍
നമുക്കു മഴയുടെ പര്യായങ്ങള്‍ ആവശ്യമില്ല.
സ്നേഹത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ചു പറയാന്‍
നമുക്കിനി വാക്കുകള്‍ കടമെടുക്കണ്ട.
നമുക്കു പരസ്പരം വായിച്ചു തീര്‍ക്കാന്‍
വാക്കുകള്‍ ആവശ്യമില്ലല്ലോ...

എങ്കിലും,
കാറ്റ്‌ ഒരിക്കല്‍ എന്റെ സ്വപ്നങ്ങളുടെ
ചിറകുകള്‍ മുറിച്ചു വീഴ്ത്തും...
ഒരിക്കല്‍,
വെയില്‍ എന്റെ സ്നേഹത്തിന്റെ
പട്ടുനൂല്‍പ്പുഴുക്കളെ കരിച്ചു കളയും
നിനക്കു പറക്കുവാനാകാശമില്ലാത്ത ഹൃദയത്തില്‍
ഏതു വാതായനങ്ങള്‍
നിനക്കു വേണ്ടി ഞാന്‍ തുറന്നുവെക്കും?
വാക്കുകളുടെ വേനല്‍ക്കാലങ്ങളെക്കുറിച്ച്‌
അന്ന് നിന്നോട്‌ ഞാന്‍ എന്തു പറയും?

ചുവന്ന കല്ലിന്റെ മൂക്കൂത്തിയിട്ട പെണ്‍കുട്ടീ
നിരാസങ്ങളുടെ പനിപിടിച്ച ഈ മുറിയിലേക്ക്‌
ഇനി നീ കടന്നു വരരുത്‌
എന്റെ അലമാരയിലെ പുസ്തകങ്ങള്‍
നീ വലിച്ചു വാരിയിടരുത്‌
പകരം,
മൂലപൊട്ടിയ നിന്റെ പഴയ കല്ലുസ്ലേറ്റില്‍
എന്നോട്‌ സുല്ലെന്ന് നീ എഴുതിവെക്കുക
പിന്നെ,
ഓര്‍മ്മയുടെ പടവുകളിറങ്ങുമ്പോള്‍
നീ
എന്നോട്‌ ചോദിയ്ക്കരുത്‌
എന്തിനാണ്‌ നീ പിണങ്ങിയതെന്ന്.

ഡോ. രണ്‍ജി. പി. ആനന്ദ്‌, പാലക്കാട്‌
Subscribe Tharjani |