തര്‍ജ്ജനി

കവിത

വാതിലടച്ച വീട്ടില്‍ നിന്ന്....

പൊയ്പോയകാലം കനലുപോല്‍
പൊള്ളിച്ച പൊയ്ക്കോലമല്ലയോ ഞാനുമീ നിങ്ങളും
എന്നിട്ടുമിപ്പോഴും ഇത്തിള്‍കേറിപ്പടര്‍ന്നിത്തിരി
പച്ചപ്പു മാത്രം ബാക്കി നില്‍പ്പില്ലയോ

പാതയോരത്തെ ചിതറിയ ദൈന്യത്തെ
പാടേ മറന്നു, നടന്നു ഞാനെങ്കിലും
അന്തിയുറങ്ങാന്‍ കടത്തിണ്ണ തേടിയെന്‍
ചിന്തയും യുക്തിയും യാത്രയായെങ്കിലും
തീരാത്ത വേനലിനെ നെഞ്ചിലിട്ടെന്നമ്മ
തോരാത്ത കണ്ണുനീര്‍ മഴയായിയെങ്കിലും
കാണിക്കയിട്ടു കൈകൂപ്പി കണ്മുന്നില്‍
ഓര്‍മ്മകള്‍ എന്തിനോ നില്‍ക്കയാണിപ്പോഴും

ഇല്ല, തുറക്കില്ല വാതില്‍; വെയില്‍ചീളുകള്‍
വന്നുടഞ്ഞു ചിതറട്ടെ ചില്ലു ജനാലകള്‍!
കാഴ്ചകള്‍ വെയിലേറ്റു വേവട്ടെ
കേള്‍വികള്‍, ആവിയായ് പോവട്ടെ
ഇല്ല നേരമെനിക്കും, നിങ്ങള്‍ക്കു-
മില്ലേ തിരക്കിട്ട വാസരം...?

നിറങ്ങളുടെ നൃത്തം നിലാവിന്‍ നിലവിളി
ഇത്തിരി ചെമ്പരത്തിച്ചിരി, വാവുന്നാളിലാ-
ചെമ്പകച്ചോട്ടിലെ പച്ചരിച്ചോറിനായി
എത്തുമാത്മാക്കളെ കാത്തുള്ള ഉള്‍വിളി
അപ്പൂപ്പന്‍ താടിപോല്‍ അച്ഛന്റെ പുഞ്ചിരി !

അകകാമ്പുള്ളൊരോര്‍മ്മകള്‍ മാത്രമാണുത്തമം.
പഴമയുടെ പെരുമകള്‍ പറയട്ടെയോര്‍മ്മകള്‍
ഇല്ലില്ല വാതില്‍ തുറക്കുകയില്ല നാം
പാടവരമ്പത്തെ പനമ്പഴച്ചാറീമ്പിക്കുടിച്ചിങ്ങനെ
ഇരിക്കട്ടെ ഓര്‍മ്മകള്‍ കോലായില്‍..!

തുറക്കാതിരിക്കാന്‍ തഴുതിട്ട വാതില്‍ ചിലമ്പിയോ ?
ബുദ്ധനായ് തീരുവാന്‍ ബോധിവൃക്ഷം
തിരഞ്ഞാങ്ങള പോയതാണിത്രയും
നാള്‍ക്കഴിഞ്ഞപ്പൊഴൊരു വിറയാര്‍ന്ന
വിരലായി വാതിലില്‍ മുട്ടിയോ

അറിയില്ല,
അറിവുകള്‍ പൊടിയായ്
പറന്നെന്റെ കണ്ണില്‍ വീഴുന്നു
കഴുകേണ്ട കണ്ണുകള്‍
അതിനില്ല നേരം
കിടപ്പറതേടാം
ചിത്രവിരിയിട്ട മെത്തകള്‍ നിവര്‍ത്താം
നേര്‍ത്തവെളിച്ചം വിതറിച്ചുറങ്ങാന്‍
കിടക്കാം പതുക്കെ ചിരിക്കാം
പിറുപിറുക്കാം
എത്രസുഖമാണു ജീവിതം !

അപ്പോഴും
വേരറ്റുപോകുന്നമരമായി
ഉണങ്ങുന്നതാരെന്ന് എനിക്കറിയാം
ഉയിരറ്റു പോകുന്ന ഉടലായി
ഉറങ്ങുന്നതാരെന്ന് നിനക്കുമറിയാം

പറയേണ്ടതില്ല നാം ഒരു വാക്കുമാരോടും
പേടിയില്ലാ,രുമേ ചോദിക്കയില്ലൊന്നും.
പടിവാതില്‍ നന്നായി അടച്ചതല്ലേ
പിന്നെ തഴുതിട്ടു നല്ല ഉറക്കമല്ലേ...

ര‌മ്യാകൃഷ്ണാ കെ
Subscribe Tharjani |